കാന്റിന്റെ Critique of Pure Reason-ഉം, ഖുർആനും എനിക്ക് അയച്ചുതരിക, രഹസ്യമായാണ് അയയ്ക്കുന്നത് എങ്കിൽ ഹെഗലിന്റെ എഴുത്തുകളും അയക്കണം, പ്രത്യേകിച്ച് History of Philosophy.” 1854 ഫെബ്രുവരി 22-ന് ജയിലിൽ നിന്ന് മോചിതനായതിന്റെ ഒരാഴ്ച ശേഷം ഓംസ്കിൽ വെച്ച് ദസ്തയേവ്സ്കി തന്റെ സഹോദരൻ മിഖായേലിന് അയച്ച കത്തിൽ നിന്നാണ് ഈ വാചകം.

ഒരു വർഷത്തിനുശേഷം, അത്രയും കാലം എഴുതപ്പെടാതിരുന്ന സൈബീരിയയിലെ തടവുകാരുടെ ദുരിതാവസ്ഥകളെക്കുറിച്ച് ദസ്തയേവ്‌സ്‌കി Memoirs from the House of the Dead-ൽ എഴുതി. അതിൽ ദസ്തയേവ്‌സ്‌കി അലി എന്ന പേരുള്ള ഒരു താത്താർ തടവുകാരനുമായുള്ള കൂടിക്കാഴ്ച്ച വിവരിക്കുന്നുണ്ട്. അയാൾക്ക് റഷ്യൻ ഭാഷ പഠിപ്പിച്ചത് ദസ്തയേവ്‌സ്‌കി ആയിരുന്നു. അവർക്കിടയിലുള്ള ആ കൂടിക്കാഴ്ച്ചകളിലൂടെയാണ് റഷ്യക്കാർ ഇസ്‌ലാമിനെ പരിചയപ്പെടുന്നത്

1840-കളിൽ ദസ്തയേവ്സ്കി റഷ്യൻ ഭാഷയിലോ ഫ്രഞ്ച് വിവർത്തനത്തിലോ ഖുർആൻ വായിച്ചിരിക്കാം. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ചിൽ നിന്ന് റഷ്യൻ ഭാഷയിലേക്ക് നിരവധി തവണ ഖുർആൻ വിവർത്തനം ചെയ്യപ്പെടുന്നുണ്ട്. House of the Dead-ൽ ദസ്തയേവ്‌സ്‌കി എഴുതുന്നു: ” മിക്കവാറും എല്ലാവരും കവർച്ചയ്ക്ക് ശിക്ഷിക്കപ്പെട്ട ഒരു കൂട്ടം കൊക്കേഷ്യൻ പർവതാരോഹകർ – രണ്ട് ലെസ്ഗിയക്കാർ, ഒരു ചെചെൻ, ഡാഗെസ്താനിൽ നിന്നുള്ള മൂന്ന് താത്താറുകൾ- [ജയിൽ ബാരക്കിന്റെ] ഇടതുവശം കൈവശപ്പെടുത്തി”. നൗറ എന്നു പേരുള്ള ചെച്ചൻ വംശജന്റെ ഭക്തിനിർഭരമായ ഇസ്‌ലാമിക പെരുമാറ്റത്തിൽ ദസ്തയേവ്‌സ്‌കി താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്: “തന്റെ തടവുകാലം മുഴുവൻ, അയാൾ ഒന്നും മോഷ്ടിക്കുകയോ, ഒരു ദുഷ്‌പ്രവൃത്തിയും ചെയ്യുകയോ ചെയ്‌തിരുന്നില്ല. കടുത്ത വിശ്വാസിയായ അയാൾ തന്റെ ആരാധനകൾ കൃത്യമായി നിർവഹിക്കുകയും, മുഹമ്മദൻ ആഘോഷത്തിന് മുമ്പുള്ള ഉപവാസങ്ങൾ ആചരിക്കുകയും, രാത്രി മുഴുവൻ പ്രാർത്ഥനയിൽ ചെലവഴിക്കുകയും ചെയ്തു. മതപരമായ വ്യത്യാസം ബാരക്കിലെ തടവുകാർ തമ്മിലുള്ള സംഘർഷത്തിന്റെ ഉറവിടമായിരുന്നില്ല”.

തന്റെ സഹ തടവുകാരുടെ, പ്രത്യേകിച്ചും ഡാഗെസ്താനിൽ നിന്നുള്ളവരുടെ സഹതാപവും സംരക്ഷണവും ദസ്തയേവ്‌സ്‌കിക്ക് പ്രയോജനകരമായി മാറി. “ഡാഗെസ്താനിലെ മൂന്ന് താത്താരികളും സഹോദരന്മാരായിരുന്നു. രണ്ട് പേർ മധ്യവയസ്കരായിരുന്നു എങ്കിലും മൂന്നാമൻ അലിക്ക് ഇരുപത്തിരണ്ടിൽ കൂടുതൽ പ്രായമുണ്ടായിരുന്നില്ല, അതിലും ചെറുപ്പമായാണ് അവൻ കാണപ്പെട്ടത്.” ദസ്തയേവ്സ്കി അലിയെ റഷ്യൻ പഠിപ്പിച്ചു. പകരമായി, അദ്ദേഹം അവരുടെ രണ്ട് മതങ്ങൾ – ക്രിസ്തുമതവും ഇസ്‍ലാമും – തമ്മിലുള്ള നിരവധി സാമ്യതകൾ പങ്കുവെക്കുന്നതായി കണ്ടെത്തി, പ്രത്യേകിച്ചും അവരുടെ യേശുവിനോടുള്ള ബഹുമാനം.

“കേൾക്കണേ അലി,” ഒരു വൈകുന്നേരം ഞാൻ അവനോട് പറഞ്ഞു, എന്തുകൊണ്ടാണ് നിങ്ങൾ റഷ്യൻ ഭാഷയിൽ എഴുതാനും വായിക്കാനും പഠിക്കാത്തത്? പിന്നീട് സൈബീരിയയിൽ നിങ്ങൾക്കത് വളരെ ഉപയോഗപ്രദമാകും”.
“എനിക്ക് ആഗ്രഹമുണ്ട്, പക്ഷേ ആരുടെ അടുത്തുനിന്ന് പഠിക്കും?”
“വിദ്യാസമ്പന്നരാൽ സമൃദ്ധമാണ് ഇവിടം. നിനക്ക് വേണമെങ്കിൽ ഞാൻ പഠിപ്പിക്കാം”.
“ഓ! അങ്ങനെയെങ്കിൽ നമുക്ക് പഠനം തുടങ്ങാം”

ദസ്തയേവ്സ്കിയെ അമ്പരപ്പിക്കുന്ന വേഗത്തിലാണ് അലി റഷ്യൻ ഭാഷ പഠിച്ചത്. മൂന്ന് മാസത്തിനുള്ളിൽ, ആ താത്താരി യുവാവ് വായിക്കാനും എഴുതാനും പഠിച്ചു. എന്നാൽ പുതിയ നിയമത്തിലെ ഗിരിപ്രഭാഷണത്തിന്റെ വായനയാണ് അവരുടെ ബന്ധം കൂടുതൽ ആഴത്തിലാക്കിയത്:
“അവൻ ചില ഭാഗങ്ങൾ ഹൃദയത്തോട് ചേർത്തത് ഞാൻ ശ്രദ്ധിച്ചു. ഇപ്പോൾ വായിച്ചത് ഇഷ്ടപ്പെട്ടോ എന്ന് ഞാൻ അവനോട് ചോദിച്ചു. അവൻ ഒരു നാണത്തോടെ എന്നെ രൂക്ഷമായി നോക്കി.
ഓ! അതെ, അവൻ മറുപടി പറഞ്ഞു. അതെ, ഈസാ [യേശു] ഒരു വിശുദ്ധ പ്രവാചകനാണ്, ഈസാ സംസാരിക്കുന്നത് ദൈവത്തിന്റെ ഭാഷയാണ്. ഇത് വളരെ മനോഹരമാണ്.
അതിൽ ഏറ്റവും ഇഷ്ടമായത് എന്താണ്?
“ക്ഷമിക്കുക, സ്നേഹിക്കുക, വ്രണപ്പെടുത്തരുത്, നിങ്ങളുടെ ശത്രുവിനെ സ്നേഹിക്കുക. ഓ, എത്ര മനോഹരമാണ് ആ വചനം!”

യേശുവിനോടുള്ള അലിയുടെ ബഹുമാനത്തിൽ അതിശയിക്കാൻ അധികമുണ്ടായിരുന്നില്ല. പ്രവാചകൻ ഈസാ (അ) ഖുർആനിൽ ‘ദിവ്യവചനം’, ‘ദൈവത്തിൽ നിന്നുള്ള ആത്മാവ്’ അല്ലെങ്കിൽ ‘വിശുദ്ധാത്മാവ്’ എന്നെല്ലാം ആവർത്തിച്ച് പരാമർശിക്കപ്പെടുന്നുണ്ട്.

“അവർ [അലിയും സഹോദരന്മാരും] വളരെ നേരം, ഗൗരവത്തോടെ, തലകുനിച്ചുകൊണ്ട് സംസാരിച്ചു. പിന്നെ, ഗൗരവവും ദയയും ഇടകലർന്ന ഭാവത്തിൽ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഈസാ (അ) വലിയ അത്ഭുതങ്ങൾ പ്രവർത്തിച്ച ദൈവത്തിന്റെ പ്രവാചകനാണെന്ന് സ്ഥിരീകരിച്ചു. കളിമണ്ണ് കുഴച്ച് പക്ഷിയുണ്ടാക്കി അതിൽ ഊതിയപ്പോൾ ആ പക്ഷി പറന്നുപോയി, അവരുടെ പുസ്തകത്തിൽ അതെല്ലാം എഴുതപ്പെട്ടിട്ടുണ്ട്”.

മുഹമ്മദ് നബിയും ദസ്തയേവ്സ്കിയും

താത്താറുകളുമായുള്ള ഈ കൂടിക്കാഴ്ച ദസ്തയേവ്‌സ്‌കിക്ക് മുസ്‌ലിം ലോകവുമായുള്ള നേരിട്ടുള്ള ആദ്യ ബന്ധമായിരുന്നില്ല. തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹം മുഹമ്മദ് നബി(സ)യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പലപ്പോഴും ചിത്രീകരിക്കപ്പെട്ട പിന്തിരിപ്പൻ, ദേശീയവാദി നോവലിസ്റ്റ് എന്നതിൽ നിന്ന് വ്യത്യസ്തമായി, ദസ്തയേവ്സ്കി അപരത്വത്തെ മനസ്സിലാക്കുന്നതിൽ ശ്രദ്ധ കാണിച്ചിരുന്നു. “തുർക്കിഷ് പ്രവാചകൻ മുഹമ്മദ്” എന്നാണ് അദ്ദേഹം ആദ്യമായി പ്രവാചകനെ The Double എന്ന നോവലിൽ പരാമർശിക്കുന്നത്. നോവലിലെ മിസ്റ്റർ ഗോലിയാഡ്കൈൻ എന്ന പ്രധാന കഥാപാത്രം ഒരു മഹാനായ രാഷ്ട്രീയക്കാരനായി അദ്ദേഹം കണക്കാക്കുന്ന “തുർക്കിഷ് പ്രവാചകനായ മുഹമ്മദ് നബിക്കെതിരെയുള്ള അപവാദത്തെക്കുറിച്ച് ചില പണ്ഡിതന്മാരുമായി വിയോജിപ്പിലാണ്”. “നമ്മുടെ സുഹൃത്തായ തുർക്കിഷ് പ്രവാചകനായ മുഹമ്മദിനെ ജർമ്മൻ എഴുത്തുകാർ മലിനമാക്കിയ സൽപ്പേര്‌ പുനഃസ്ഥാപിക്കേണ്ടതിന്റെ” ആവശ്യകതയും നോവൽ പരാമർശിക്കുന്നുണ്ട്.

ദസ്തയേവ്സ്കിയെപ്പോലെ, അക്കാലത്തെ യൂറോപ്യൻ തത്ത്വചിന്തകരിൽ നിരവധി പേർ പ്രവാചകനെക്കുറിച്ച് എഴുത്തിയിട്ടുണ്ട്. തോമസ് കാർലൈൽ 1841 ഹീറോസ് ആൻഡ് കൾട്ട് ഓഫ് ഹീറോസിൽ പ്രവാചകനെ വിമർശിച്ചുകൊണ്ട് എഴുതുമ്പോൾ മറുവശത്ത്, സർ ജോർജ്ജ് ബെർണാഡ് ഷാ പ്രവാചകനെ മനുഷ്യരാശിയുടെ രക്ഷകനായി കണ്ടു. വിക്ടർ ഹ്യൂഗോ Year Nine of the Hegira പ്രവാചകന് സമർപ്പിച്ചു.

ദസ്തയേവ്‌സ്‌കിയുടെ പ്രവാചകനിലുള്ള താൽപര്യം മറ്റ് രചനകളിലും കടന്നുവരുന്നത് കാണാം. കുറ്റവും ശിക്ഷയും എന്ന നോവലിൽ പ്രധാന കഥാപാത്രമായ റാസ്കോൾനിക്കോവ് പ്രവാചകനെ സീസറിനും നെപ്പോളിയനും തുല്യമായി മനുഷ്യരാശിയുടെ സുപ്രധാന നിയമനിർമ്മാതാക്കളായും ഗുരുവര്യന്മാരിലുമൊരാളായി കണക്കാക്കുന്നുണ്ട്.

‘കുറ്റവും ശിക്ഷ’യിലും ആധിപത്യം പുലർത്തുന്ന നിഹിലിസത്തേക്കാൾ നീഷേയുടെ സൂപ്പർമാൻ എന്ന ആശയത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്ന ചിത്രമാണ് ദസ്തയേവ്സ്കിയുടെ കൃതികളിലെ പ്രവാചകന്റേതായി കാണാനാവുക. ദസ്തയേവ്‌സ്‌കിയെ സംബന്ധിച്ചിടത്തോളം പ്രവാചകൻ, പഴയ ദർശനങ്ങളെ കടന്ന് ഒരു പുതിയ മൂല്യവ്യവസ്ഥ കണ്ടെത്തിയ മഹാനായ വ്യക്തിയാണ്. പുതിയതിനെ കണ്ടെത്താൻ മറ്റുള്ളവരെ “ചലിപ്പിക്കുന്ന” വ്യക്തിയായാണ് പ്രവാചകനെ അദ്ദേഹം കാണുന്നത്.

ദസ്തയേവ്‌സ്‌കിയിലെ പ്രവാചകൻ ഒരു ‘മിസ്റ്റിക്കൽ’ വ്യക്തിയാണ്. ദ ഇഡിയറ്റിൽ, ദസ്തയേവ്‌സ്‌കി പ്രവാചകന്റെ, ആകാശാരോഹണം (ഇസ്‌റാ , മിറാജ്) – സ്വന്തം ഉന്മാദാവസ്ഥയുമായി ചേർത്ത് ചിത്രീകരിക്കുന്നുണ്ട്: “Remember the pitcher of Muhammad: while being emptied the Prophet rode off into paradise. The pitcher is five seconds; Paradise is your harmony, and Mohammed was epileptic. Be aware of becoming one too, Kiriloff !”


കടപ്പാട്: newarab.com

Comments are closed.