‘ജനങ്ങളെല്ലാം ഇന്ന് പന്നികളെപ്പോലെ ആയി മാറിയിരിക്കുന്നു. നിങ്ങളൊരു നായയെ കാണുകയാണെങ്കില്‍ അതിനെ ചേർത്ത് നിർത്തുക. കാരണം നമ്മുടെ കാലത്തെ ജനങ്ങളെക്കാള്‍ നല്ലവര്‍ ഇവരാണ്’.

ഇബ്നു അല്‍ മര്‍സുബാന്‍ –كتاب فضل الكلاب على كثير ممن لبس الثياب
(The Book of the Superiority of Dogs over Many of Those Who Wear Clothes)

“ചിത്രങ്ങളോ നായകളോ ഉള്ള വീട്ടിലേക്ക് ജിബ്രീല്‍ (അ) കടക്കുകയില്ല” എന്ന ഒരു പ്രശസ്തമായ ഹദീസുണ്ട് (പ്രവാചക വചനം). ഹൃസ്വമെങ്കിലും എന്ത്കൊണ്ട് മധ്യകാല ഇസ്‌ലാമിക ലോകത്ത് നായകളെക്കുറിച്ചുള്ള വര്‍ണ്ണനകൾ അപൂർവ്വമായി മാത്രം കാണപ്പെടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകാൻ ഒരുപരിധി വരെ ഈ വാചകങ്ങൾക്കാവും. നായകള്‍ക്ക് പൊതുവെ സാംസ്കാരികമായി നല്ല മതിപ്പല്ല ഉണ്ടായിരുന്നത് എന്നതും, അത്തരം വിഷയങ്ങള്‍ സമയവും അധ്വാനവും ചിലവഴിച്ച് വിശദമായ വിവരണങ്ങൾ രൂപപ്പെടുത്തിയ മുസ്‌ലിം പണ്ഡിതർ വിരളമായിരുന്നു എന്നതും നായകളെക്കുറിച്ചുള്ള മധ്യകാല മുസ്‌ലിം വ്യവഹാരങ്ങളെക്കുറിച്ചുള്ള അന്വേഷണം ബുദ്ധിമുട്ടുള്ളതാക്കി മാറ്റുന്നുണ്ട്. ഇതിനൊരു അപവാദമായി നിൽക്കുന്നത് നായകളുടെ മതപരമായ ശുദ്ധി അശുദ്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന കർമശാസ്ത്ര പഠനങ്ങളും, മൃഗങ്ങളെ വിശാലാര്‍ത്ഥത്തില്‍ കൈകാര്യം ചെയ്യുന്ന ജന്തുശാസ്ത്ര പഠനങ്ങളുമാണ്.

വളരെ ചുരുക്കം കൃതികൾ മാത്രമേ നായകളെ പ്രത്യേകമായി പരാമർശിക്കുന്നതായി കണ്ടെടുക്കപ്പെട്ടിട്ടുള്ളൂ. ഹദീസില്‍ ജീവജാലങ്ങളുടെ ചിത്രീകരണത്തിന് പൊതുവായുള്ള നിരോധനം ഇത്തരം കൃതികളിൽ ചിത്രങ്ങൾ ഇല്ലാതിരിക്കാൻ കാരണമായിരിക്കാം. പേര്‍ഷ്യന്‍, തുര്‍ക്കി കയ്യെഴുത്ത് പാരമ്പര്യങ്ങളില്‍ ചിത്രീകരണങ്ങൾ കാണാനാവുമെങ്കിലും മധ്യകാല അറബി കയ്യെഴുത്ത് പ്രതികളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ വിരളമാണ് എന്ന് കാണാം. അറബി കയ്യെഴുത്ത് പ്രതികളില്‍ നായകളുടെ ചിത്രം തീരെ ഇല്ല എന്ന് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നില്ല. ജന്തുശാസ്ത്ര പുസ്തകങ്ങളിലും, ചില സാഹിത്യ ഗ്രന്ഥങ്ങളിലും ചിത്രങ്ങള്‍ കാണാനാവും. പൊതുവായി, മധ്യകാല അറബി ലോകത്ത് നായകളെ എങ്ങനെ ചിത്രീകരിക്കപ്പെട്ടു എന്ന് മനസ്സിലാക്കാൻ പ്രധാനമായും എഴുത്തുകൾ പരിശോധിക്കേണ്ടതുണ്ട്. അറബി രചനകളിൽ സൂഫീ സാഹിത്യത്തിലാണ് ഇത്തരം രൂപങ്ങള്‍/വര്‍ണ്ണനകള്‍ കൂടുതലായും കാണാന്‍ സാധിക്കുന്നത്. ഇസ്‌ലാമിലെ മിസ്റ്റിക് പാരമ്പര്യത്തിന്റെ വാക്താക്കൾ എന്ന പേരിൽ അറിയപ്പെടുന്ന സൂഫികള്‍ അവരുടെ വ്യത്യസ്തങ്ങളായ ആശയങ്ങളും സിദ്ധാന്തങ്ങളുമെല്ലാം എഴുത്തുകളില്‍ വ്യാഖ്യാനിക്കാനായി നായകളുടെ രൂപകങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ പ്രത്യേകം താൽപര്യപ്പെട്ടിരുന്നതായി കാണാം. ഇസ്‌ലാമിക പരിസരത്ത് സൂഫീ ആശയങ്ങളെ വിശദീകരിക്കുന്നതിന് വേണ്ടി ആചാരപരമായും സാമൂഹികപരമായും നായകളുടെ പ്രത്യേക സ്ഥാനം സൂഫികള്‍ ആലങ്കാരികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഖുര്‍ആന്‍ യഥാർത്ഥത്തിൽ നായകളോട് അനുകൂലമായ നിലപാടാണ് എടുത്തത് എങ്കിലും പിൽക്കാല ഇസ്‌ലാമിക പാരമ്പര്യത്തിൽ നായകൾക്ക് പ്രതികൂലമായ കീർത്തിയാണ് ഉള്ളത് എന്നത് ആശ്ചര്യമാകാരമായ വസ്തുതയാണ്. മൂന്ന് ഇടങ്ങളിലായി ഖുര്‍ആന്‍ നായയെ പരാമർശിക്കുന്നുണ്ട്. കാലഗണനാ ക്രമത്തിൽ നോക്കുകയാണെങ്കില്‍ സൂറ 18 അൽ കഹ്ഫ് ആണ് ആദ്യത്തെത്. അതിലെ 9- 26 ആയത്തുകള്‍ വളരെ വ്യാപകമായി അറിയപ്പെട്ട ഗുഹാവാസികളെക്കുറിച്ചുള്ള കഥയാണ് വിവരിക്കപ്പെടുന്നത് (the seven sleepers of Ephesus).

وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ ۖ وَكَلْبُهُمْ بَاسِطٌ ذِرَاعَيْهِ بِالْوَصِيدِ ۚ لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا

Quran 18:18

ഇവിടെ കാണുന്നത് ഗുഹാവാസികൾ ഉറക്കത്തിലായിരിക്കുമ്പോൾ അവരുടെ നായ ഗുഹയുടെ കവാടത്തിൽ കാവലിരുന്നു എന്നാണ്. അക്രമികളിൽ നിന്ന് അവരെ (ഉറങ്ങുന്നവരെ) സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു ഇത്. ഈ ആയത്തിനെ ഖുർആൻ വ്യാഖ്യാതാക്കൾ വിശാലമായി ചർച്ച ചെയ്യുന്നുണ്ട്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന മൂന്ന് മൃഗങ്ങളില്‍ ഒന്നാണ് ആ നായയെന്നും, നായയുടെ വേശത്തില്‍ വന്ന മനുഷ്യനാണ് അതെന്നും വരെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചില വ്യാഖ്യാതാക്കൾ ആ നായയുടെ പേരു മതവും വരെ കണ്ടെത്താൻ ശ്രമിച്ചതായി കാണാം.

സൂറ അല്‍ അഅ്‌റാഫിലാണ് അടുത്തതായി നായയെ പ്രതിപാദിക്കുന്നത്.

فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث

Quran 7 :176

“അതിനെ നീ അക്രമിച്ചാല്‍ അത്‌ നാക്ക്‌ പുറത്തേക്ക്‌ നീട്ടിയിടും; അതിനെ നീ ഒന്നും ചെയ്യാതിരുന്നാലും നാക്കു പുറത്തേക്കു നീട്ടിയിടും”. ഇവിടെ നായ പ്രശ്നക്കാരനാണ് എന്നോ ശത്രുവാണ് എന്നോ അർത്ഥമാക്കുന്നില്ല, മറിച്ച് അവർ ബൗദ്ധികമായും, വൈകാരികമായും മനുഷ്യന്റെ പെരുമാറ്റങ്ങൾ ബാധിക്കാത്തവരാണ് എന്ന് സൂചിപ്പിക്കുകയാണ്. സമാനമായ രീതിയിൽ ഖുര്‍ആനിക ആശയങ്ങളിലെ ശ്രേഷ്ഠതയും യാഥാര്‍ത്ഥ്യവും അവിശ്വാസികളെ ബാധിക്കുകയോ അവരിൽ മാറ്റമുണ്ടാക്കുകയോ ചെയ്യുന്നില്ല എന്ന് സൂചിപ്പിക്കുകയാണിവിടെ ഖുർആൻ. അവസാനത്തേത്, നമ്മുടെ വിഷയത്തിന് നിയമപരമായി പ്രാധാന്യം നല്‍കുന്ന സൂറ അല്‍ മാഇദയിലെ ആയത്താണ്.

يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ وَمَا عَلَّمْتُم مِّنَ الْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمُ اللَّهُ فَكُلُوا مِمَّا أَمْسَكْنَ عَلَيْكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِ وَاتَّقُوا اللَّهَ إِنَّ اللَّهَ سَرِيعُ الْحِسَابِ

Quran 5:4

“തങ്ങള്‍ക്ക് അനുവദനീയമായ ഭക്ഷ്യവസ്തുക്കള്‍ എന്തൊക്കെയാണെന്ന് താങ്കളോടവര്‍ ചോദിക്കുന്നു. ഇങ്ങനെ മറുപടി നല്‍കുക: ഉത്തമവസ്തുക്കളെല്ലാം നിങ്ങള്‍ക്കനുവദനീയമാണ്. അല്ലാഹു അഭ്യസിപ്പിച്ചതനുസരിച്ച് നിങ്ങള്‍ പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങള്‍ പിടിച്ചു തരുന്നതും തിന്നുക; അതിന്മേല്‍ ബിസ്മി ചൊല്ലുകയും വേണം”. സ്വഹീഹായ ഒരു ഹദീസിലും ഈ നിയമപരമായ സാധ്യതകള്‍ പരാമർശിക്കുന്നതായി കാണാം. പ്രവാചകന്‍ (സ) പറയുന്നു: ‘നിങ്ങള്‍ അഭ്യാസം പഠിപ്പിച്ച നായയെ നിങ്ങള്‍ വേട്ടയാടാന്‍ പാഞ്ഞയക്കുകയും അത് വേട്ടയാടി വരികയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഭക്ഷിക്കല്‍ അനുവദനീയമാണ്. പക്ഷേ, അത് വേട്ടയാടിയതിൽ നിന്നും കഴിച്ചാൽ അതിൽ നിന്നും നിങ്ങൾ ഭക്ഷിക്കരുത്. കാരണം അത് വേട്ടയാടിപ്പിടിച്ചത് സ്വന്തം ഭക്ഷണത്തിന് വേണ്ടിയാണ്. അതുപോലെ ഒരിക്കൽ പ്രവാചകൻ മദീനയിലെ വേട്ടയാടാനും, കാലികളെ മേയ്ക്കുന്നതിനും ഉപയോഗിക്കുന്നത് അല്ലാത്ത നായകളെ കൊല്ലണമെന്ന് ഉത്തരവിട്ടതായി കാണാം.

നായയെ കുറിച്ചുള്ള മധ്യകാല ഇസ്‌ലാമിക പണ്ഡിതന്മാരുടെ അന്വേഷണങ്ങളിലെല്ലാം അവസാനം ഉദ്ധരിച്ച പ്രസ്താവനകൾ കേന്ദ്ര സ്ഥാനത്ത് വരുന്നതായി കാണാനാവും. എന്താണ് നായയുടെ ആചാരപരമായ പദവി?, അഭ്യാസം പഠിച്ച നായകള്‍ പിടിച്ച ഭക്ഷണം അനുവദനീയവും പക്ഷെ അല്ലാത്തത് നിരോധിതവും ആകാനുള്ള കാരണത്തെ എന്താണ്? തുടങ്ങിയ ചോദ്യങ്ങൾ ഇതിന്റെ ഭാഗമായി ഉയർന്നു വന്നു. ദിനേനയുള്ള നമസ്കാരത്തിന് വേണ്ടി ശുദ്ധിയാവല്‍ മതപരമായി നിര്‍ബന്ധമായിരിക്കെ മലിനീകരിക്കുന്ന ജീവി/വസ്തുക്കള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനെ ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ മുസ്‌ലിം ജീവിത പരിസരത്ത് വളരെ പ്രധാനപ്പെട്ടതാണ്. ഈ ചോദ്യങ്ങളെ ഹദീസുകൾ അഭിമുഖീകരിക്കുകയും പൊതുവായി അശുദ്ധമായി നായയില്‍ നിന്ന് ഗണിക്കുന്നത് അതിന്റെ വായയില്‍ നിന്ന് വരുന്നു ഉമിനീരാണ് എന്ന് പലരും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം ഒരിക്കല്‍ വിശന്ന് അവശനായി നില്‍ക്കുന്ന ഒരു നായക്ക് വിശപ്പടക്കാന്‍ അല്‍പം ദാഹജലം നല്‍കിയതിന്‍റെ പേരില്‍ ആ വ്യക്തി സ്വര്‍ഗ്ഗത്തിലാണെന്നും പ്രവാചകന്‍ പറഞ്ഞതായി കാണാം.

നായകളെ സംബന്ധിക്കുന്ന ഹദീസുകളുടെ ചരിത്രപരമായ സാധുത അവ അഭിമുഖീകരിക്കുന്ന നിയമപരമായ ചോദ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ വിഷയമാണ് എങ്കിലും ആദ്യാകാലങ്ങളിലെ രചനകളില്‍ നായയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സാരമായ വൈരുദ്ധ്യങ്ങൾ കാണാനാവും. ശേഷം വന്ന മധ്യകാല രചനകൾ വീട്ടിൽ വളർത്തുന്നതും അല്ലാത്തതുമായ നായയുമായി സമ്പര്‍ക്കം പുലര്‍ത്തല്‍, അതിന്റെ ഉടമാവകാശം, നിയമപരമായ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായി കൂടുതൽ പേജുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചില അപവാദങ്ങൾ മാറ്റിനിര്‍ത്തിയാല്‍ പൊതുവെ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ വേട്ടയാടൽ, കാവല്‍ നിര്‍ത്തൽ, മേയ്ക്കൽ തുടങ്ങിയ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നായകളെ വളർത്താമെന്നും, അതുമായുള്ള ശാരീരിക സമ്പർക്കം, പ്രത്യകിച്ചും അതിന്റെ ഉമിനീര്‍, അനുഷ്ഠാനപരാമായി അശുദ്ധിയുടെ കാരണമാണ് എന്നും അഭിപ്രായ ഐക്യം രൂപപ്പെട്ടു. (നമ്മള്‍ സാധാരണ ചെയ്യുന്ന ഉറക്കം പോലും അനുഷ്ഠാനപരമായ അശുദ്ധിക്ക് കാരണമാണ് എന്നോർക്കണം).

ഇസ്‌ലാമിക നിയമ പണ്ഡിതനായ അഹ്മദ് ബ്നു തൈമിയുടെ (മ : 1828) നായയുടെ വിഷയത്തില്‍ വ്യത്യസ്ത പണ്ഡിതന്മാരുടെ ഫത്വകളിലെ അഭിപ്രായ വ്യത്യാസങ്ങൾ സൂചിപ്പിച്ചുകൊണ്ട് പറയുന്നു :

നായകളുടെ വിഷയത്തിൽ പണ്ഡിതന്മാര്‍ മൂന്ന് അഭിപ്രായക്കാരാണ്. ആദ്യ വിഭാഗം പറയുന്നത് നായ പൂർണ്ണമായും, ഉമിനീര്‍ അടക്കം, ശുദ്ധമാണ് എന്നാണ്. മാലികീ മദ്ഹബിനാണ് ഈ അഭിപ്രായമുള്ളത്. രണ്ടാം വിഭാഗക്കാര്‍ പറയുന്നത് നായ അതിന്റെ രോമമടക്കം അനുഷ്ഠാനപരമായി അശുദ്ധമാണ് എന്നാണ്. ശാഫിഈ മദ്ഹബ് ആണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഒരു അഭിപ്രായ പ്രകാരം ഹമ്പലീ മദ്ഹബും ഇതിനെ പിന്‍താങ്ങുന്നുണ്ട്. അവസാന വിഭാഗക്കാര്‍ പറയുന്നത് നായയുടെ മുടി പോലോത്തത് ശുദ്ധവും ഉമിനീര്‍ പോലോത്തത് അശുദ്ധവും എന്നതാണ്. ഹനഫി മദ്ഹബ് അഭിപ്രായത്തിലാണ്. ഹമ്പലീ ഇമാമിന്റെ മറ്റൊരു അഭിപ്രായം ഈ നിലപാടിനെ പിന്തുണക്കുന്നുണ്ട്. ഇതാണ് കൂടുതൽ ശരി ആയ അഭിപ്രായം.

മജ്മഉൽ ഫതവാ

ഇബ്നു തൈമിയ്യ ഒരു ഹമ്പലീ മദ്ഹബുകാരനാണ് എന്നത് വ്യക്തമാണ്. ശീഈ കര്‍മ്മ ശാസ്ത്ര പണ്ഡിതനായ അല്ലാമാ അല്‍ ഹില്ലി (മ : 1325) തന്റെ ശീഈ കര്‍മ്മശാസ്ത്ര ഗ്രന്ഥത്തില്‍ എഴുതുന്നത് “നായയുടെയും പന്നിയുടെയും ശരീരവും ഉമിനീരും അശുദ്ധമാണ്. നമ്മുടെ (ശീഈ) എല്ലാ പണ്ഡിതന്മാരും ഇത് അംഗീകരിക്കുന്നുണ്ട്” എന്നാണ്.

ഈ വിഷയത്തില്‍ ഇസ്‌ലാമിക നിയമം വളരെ അയവുള്ളതാണ് എന്ന് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. മധ്യകാല ഇസ്‌ലാമിക ലോകത്തുടനീളം നഗര, ഗ്രാമീണ ജീവിതത്തിൽ നായകൾക്ക് വളരെ ദൃശ്യമായ ഇടമുണ്ടായിരുന്നു എന്നതില്‍ സംശയമില്ല. ചപ്പ് ചവറുകള്‍ പെറുക്കിയെടുക്കാന്‍ വേണ്ടി തെരുവ് ശുചീകരണക്കാരായിരിക്കാം നഗരങ്ങളിൽ നായകളെ പ്രധാനമായും ഉപയോഗപെടുത്തിയത്. ഇത്തരം നായകൾ പലപ്പോഴും കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. 1924ൽ ഡമസ്കസിലെ ഭരണാധികാരി എല്ലാ നായകളേയും നാട് കടത്താനും അവ തിരിച്ച് വരാതിരിക്കാന്‍ പ്രവേശന കവാടത്തില്‍ സന്നദ്ധരായ കാവല്‍ ഭടന്മാരെ ഏര്‍പ്പെടുത്താനും ഉത്തരവിട്ടിരുന്നു. ആ കാലത്ത് പേപ്പട്ടി വിഷബാധ വ്യാപകമായത് കാരണത്താലാണ് ഗവര്‍ണര്‍ ഇങ്ങനെ ഉത്തരവിട്ടത് എന്ന് പറയപ്പെടുന്നു. മധ്യകാല മുസ്‌ലിം ജീവിതത്തിൽ നായ എന്നത് പലപ്പോഴും ആരോഗ്യപരവും, അനുഷ്ഠാനപരവുമായ ആശങ്ക ആയിരുന്നു എന്ന് കാണാം. എന്നിരുന്നാലും, ഗ്രാമങ്ങളില്‍ വേട്ടകളിൽ വിശ്വസ്‌തനായ പങ്കാളി ആയും, നഗരങ്ങളിൽ മാലിന്യം പെറുക്കിയെടുക്കാന്‍ വേണ്ടിയും മറ്റും നായയെ ഉപയോഗപ്പെടുത്തിയിരുന്നു. അല്‍ ദാരിമിയുടെ അഭിപ്രായം പരിഗണിച്ചാൽ (Ḥayāt al-ḥayawān al-kubrā) പ്രാദേശിക ചികിത്സാ സമ്പ്രദായങ്ങളിൽ നായയുടെ ശരീര ഭാഗങ്ങൾ പ്രധാന ചേരുവ ആയിരുന്നു എന്നും മനസ്സിലാക്കാം.


[മാലികി മദ്ഹബിൽ നായകൾ നജസായി പരിഗണിക്കപ്പെടുന്നില്ല എങ്കിലും കഴുകൽ മറ്റു മദ്ഹബുകളെപ്പോലെ തന്നെ നിർബന്ധമാണ്- Editor]

തുടർന്ന് വായിക്കുക: നായകളെക്കുറിച്ചുള്ള മുസ്‌ലിം വ്യവഹാരങ്ങൾ -2

വിവർത്തനം: Jurais Poothanari
Featured Image by andrew welch

Comments are closed.