ഇസ്‌ലാമും ആതിഥേയത്വവും, അധ്യായം ആറ്
ആതിഥേയത്വത്തെക്കുറിച്ചുള്ള ക്രിസ്ത്യൻ ആലോചനകൾ ദൈവത്തെ ആതിഥേയത്വത്തിന്റെ ആത്യന്തിക ഭാവമായാണ് കാണുന്നത്. സൃഷ്ടിപ്പ് നടത്തുകയും, വിഭവങ്ങൾ ഒരുക്കി നൽകുകയും, ആലിംഗനം ചെയ്യുകയും, ഒപ്പം സ്നേഹം കൈമാറുകയും ചെയ്യുന്ന ദൈവം എന്ന ചിത്രമാണ് അത് നൽകുന്നത്. ലൂസിയന്‍ റിച്ചാര്‍ഡ് എഴുതുന്നു: “ക്രൈസ്തവ മതത്തെ സംബന്ധിച്ചിടത്തോളം, അപരിചിതനോടുള്ള ആതിഥേയത്വം എന്ന ആശയം രൂപപ്പെടുന്നത് ദൈവരാജ്യത്തെ കുറിച്ചുള്ള ചിത്രങ്ങളെ കേന്ദ്രീകരിച്ചാണ്”. ദൈവത്തിന്റെ ആതിഥേയത്വത്തെ കുറിച്ചും, ഈ ലോകത്തിലെ നമ്മുടെ ബന്ധങ്ങളിലുള്ള അതിന്റെ അര്‍ത്ഥത്തെ കുറിച്ചുമൊക്കെയുള്ള ചിന്തകൾ വൈവിധ്യം നിറഞ്ഞ സാധ്യതകൾ തുറക്കുന്നുണ്ട്. അപരിചിതരെ കണ്ടുമുട്ടുന്നതിലും, അവരോട് സംവദിക്കുന്നതിലുമുള്ള വ്യത്യസ്ഥങ്ങളായ ദൈവശാസ്ത്ര വീക്ഷണങ്ങള്‍ക്ക് ബൈബിള്‍ അടിത്തറ പാകുന്നുണ്ട്.
ജോൺ നവോൺ എഴുതുന്നു: “നാമെല്ലാം ദൈവത്തിന്റെ അതിഥികളാണ്. നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകം പൂര്‍ണ്ണമായും അവന്റെ ഉപഹാരമാണ്. നമ്മുടെ അസ്ഥിത്വവും, മനുഷ്യ പ്രകൃതിയും, സഹജാവബോധവും, ബുദ്ധിയും സര്‍ഗ്ഗാത്മകതയുമെല്ലാം ദൈവത്തിന്റെ ഉപഹാരങ്ങളാണ്. നമ്മെപ്പോലുള്ള മറ്റ് മനുഷ്യരുടെ സഹവര്‍ത്തിത്വവും ഒരു ഉപഹാരമാണ്. അതുപോലെ തന്നെയാണ് ഭൂമിയിലെ സസ്യങ്ങളും, മൃഗങ്ങളും, വെള്ളവും വായുവും ധാതു സമ്പത്തും, വെളിച്ചവും, കാല്‍ച്ചുവട്ടിലെ ഉറച്ച ഭൂമിയും, തലക്ക് മീതെയുള്ള നീലാകാശവും. ഇവയെല്ലാം ഉണ്ടാക്കിയതോ, ഉണ്ടാവാന്‍ ഇടയാക്കിയതോ നമ്മളല്ല. മാത്രമല്ല, നമുക്ക് ചുറ്റും ഇവയൊന്നും ഉണ്ടായിരുന്നില്ല എങ്കില്‍ ഒരു നിമിഷത്തേക്ക് പോലും നമ്മുടെ നിലനില്‍പ്പ് സാധ്യമാകില്ലായിരുന്നു. ദൈവമാണ് അവന്റെ എല്ലാ അതിഥികളുടെയും മാതൃകാ യോഗ്യനായ ആതിഥേയന്‍. സൃഷ്ടിപ്പ് തന്നെ ദൈവത്തിന്റെ ആതിഥേയത്വം പ്രകടമാക്കുന്നു.”
‘ആതിഥേയനായ ദൈവം’ എന്ന പദാവലി ഇസ്‌ലാമിക ചിന്തകളിൽ വ്യാപകമായി പ്രകടമല്ല എന്ന് കാണാം. മാത്രവുമല്ല ദൈവം തന്റെ പുത്രനെയും പരിശുദ്ധാത്മാവിനെയും അയച്ച് പ്രകടമാക്കുന്ന അവന്റെ സ്വയം ദാനത്തിന് സമാനമായ ഒരു ക്രിസ്റ്റോളജി ഇസ്‌ലാമിൽ ഇല്ലതാനും. ഖുര്‍ആനിക ആഖ്യാന പ്രകാരം ദൈവം അവന്റെ സൃഷ്ടികള്‍ക്ക് പല വഴികളിലൂടെ അവരുടെ നിലനിൽപ്പിനുതകുന്ന സജ്ജീകരണങ്ങൾ ഒരുക്കിനൽകിയിട്ടുണ്ട്. ദാതാവ് എന്നർത്ഥം വരുന്ന ‘അല്‍-റസ്സാക്’ എന്ന നാമം ദൈവത്തിന്റെ മഹത്തായ വിശേഷണമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത്.
- മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? – ഖുര്‍ആന്‍ 35:3
- ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റടുത്തതായല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു – ഖുര്‍ആന്‍ 11:6
ഖുര്‍ആനിലെ അഞ്ചാമത്തെ അദ്ധ്യായമായ ‘അല്‍ മാഇദ’യിൽ ദൈവം നല്‍കിയ നല്ലവ ഭക്ഷിക്കാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും, അവന്‍ അനുവദനീയമാക്കിയ വസ്തുക്കൾ സ്വയം നിരോധിക്കരുത് എന്ന് താക്കീത് നൽകുകയും ചെയ്യുന്നുണ്ട് (ഖുര്‍ആന്‍ 5:87). “ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കിൽ എല്ലാ മനുഷ്യരെയും ഒരൊറ്റ സമൂഹമായി സൃഷ്ടിക്കാമായിരുന്നു”വെന്ന് ഖുർആനിലെ ഒരു ഭാഗത്ത് പറയുന്നുണ്ട് (5:48). എന്നാല്‍, ഓരോ സമൂഹത്തിനും അവന്‍ പ്രത്യേക നിയമങ്ങളും വഴികളും നല്‍കിയത് മനുഷ്യരാശിയെ പരീക്ഷിക്കുവാന്‍ വേണ്ടിയാണ്. പരീക്ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനം എന്നത് പരസ്പരമുള്ള നന്മയും ആതിഥേയത്വവും ദൈവത്തിനോടുള്ള അനുസരണവും ആകാമെന്നുള്ളത് ഒരു പ്രധാന സാധ്യതയാണ്.
ദൈവവുമായി ചേർത്ത് ദാനധര്‍മ്മം, ഉദാരത, കരുണ, അനുകമ്പ തുടങ്ങിയ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങളാൽ സമ്പന്നമാണ് ഖുര്‍ആൻ. പ്രവാചക വചനങ്ങളിലും ഇത്തരം ആശയങ്ങൾ ധാരാളമായി കാണാനാവും. ഒരു ഉദാഹരണം താഴെ വിവരിക്കുന്നു:
പ്രവാചകന്‍ പറഞ്ഞു: ”അന്ത്യദിനത്തില്‍ അല്ലാഹു പറയും- ‘മനുഷ്യാ, ഞാന്‍ രോഗിയായി; പക്ഷേ, നീയെന്നെ സന്ദര്‍ശിച്ചില്ല. ‘അപ്പോള്‍ മനുഷ്യൻ ചോദിക്കും: ‘ഞാനെങ്ങനെയാണ് നിന്നെ സന്ദർശിക്കുക… നീ സര്‍വ്വ സംരക്ഷകനല്ലേ?’ അല്ലാഹു പ്രതിവചിക്കും: ‘എന്റെ ഇന്നാലിന്ന അടിമ രോഗിയായത് നീ അറിഞ്ഞില്ലേ? നീയവനെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ നിനക്ക് എന്നെ അവിടെ ദര്‍ശിക്കാമായിരുന്നു’. അല്ലാഹു വീണ്ടും പറയും: ‘മനുഷ്യാ, ഞാന്‍ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ നീയെന്നെ ഭക്ഷിപ്പിച്ചില്ല…’. മനുഷ്യന്‍: ‘പ്രപഞ്ച സംരക്ഷകനായ നിന്നെ ഞാനെങ്ങനെ ഭക്ഷിപ്പിക്കും?’. അല്ലാഹു: ‘എന്റെ ദാസന്‍ നിന്റെ മുമ്പില്‍ വന്ന് ഭക്ഷണം ചോദിച്ച സമയത്ത് നീയവന് ഭക്ഷണം നല്‍കിയിരുന്നുവെങ്കില്‍ നിനക്ക് എന്നെ അവന്റെ സമീപം കണ്ടെത്താമായിരുന്നു.’ അല്ലാഹു വീണ്ടും പറയുന്നു: ‘മനുഷ്യാ, ഞാന്‍ നിന്നോട് വെള്ളം ആവശ്യപ്പെട്ടപ്പോള്‍ നീയെന്നെ കുടിപ്പിച്ചില്ല.’ മനുഷ്യന്‍: ‘റബ്ബേ, നിനക്ക് ഞാനെങ്ങനെ പാനീയം നല്‍കും..?’ അല്ലാഹു: ‘എന്റെ അടിമ നിന്നോട് കുടിവെള്ളം ആവശ്യപ്പെട്ടപ്പോള്‍ നീ അവന്റെ ദാഹം ശമിപ്പിച്ചിരുന്നെങ്കില്‍ അവന്റെയരികില്‍ നിനക്കെന്നെ കാണാമായിരുന്നു.”
അനുകമ്പയെയും കരുണയെയും (റഹ്മ), ദാനത്തെയും സംബന്ധിക്കുന്ന ഖുര്‍ആനിക പദാവലികള്‍ ദൈവത്തിന്റെ അടിസ്ഥാനപരമായ ഗുണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മനുഷ്യ ബന്ധങ്ങളിലെ പ്രത്യേക അവസ്ഥകളെ കുറിച്ചുള്ള വീക്ഷണമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. ഇതനുസരിച്ച് മനുഷ്യർ എല്ലാ സമയവും ദൈവത്തിന്റെ സാന്നിദ്ധ്യത്തിലാണ്. മനുഷ്യർ തമ്മിൽ നടത്തുന്ന പരസ്പര ഇടപാടുകൾ ദൈവികമാണ്. മറ്റൊരാളോട് നാം ഉദാരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, ദൈവ ഹിതപ്രകാരമാണ് നാം പ്രവര്‍ത്തിക്കുന്നത്. ദൈവം മനുഷ്യനോട് ഇത്തരത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. ദാനത്തെയും ഉദാരതയെയും പറ്റിയുള്ള സമൃദ്ധമായ ഖുര്‍ആനിക പദാവലികള്‍ ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കുന്ന ഗുണങ്ങളായിട്ടാണ് കണക്കാക്കുന്നത്. അത് ദൈവ സന്നിധിയിലേക്കുള്ള മനുഷ്യന്റെ ആഗമനത്തെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്.
ദൈവത്തിന്റെ അടിസ്ഥാന സത്തയായി അനുകമ്പയെ ഖുര്‍ആന്‍ എണ്ണുന്നത് കാണാം:
- പരമകാരുണികന്‍ [അല്‍-റഹ്മാന്‍] അവന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു; അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. അവനെ സംസാരം അഭ്യസിപ്പിച്ചു – ഖുര്‍ആന്‍ 55:1-4
- “പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത് [റഹ്-മല്ലാഹ്]. സംശയംവേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും [ഗഫൂറു റഹീം] – ഖുര്‍ആന്‍ 39:53
ഖുര്‍ആനിലെ മൂന്നിലൊരു ഭാഗം മരണാനന്തര ജീവിത സംബന്ധിയാണ് എന്ന് പറയപ്പെടാറുണ്ട്. അന്ത്യനാളിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസം ഇസ്‌ലാമിന്റെ മൗലിക വിശ്വാസ സംഹിതയുടെ ഭാഗമാണ്. മരണാന്തര ജീവിതം, മരണത്തിന്റെയും പുനരുത്ഥാന ദിവസത്തിന്റെയും ഇടയിലുള്ള കാലഘട്ടം, ലോകാവസാനത്തിന്റെ അടയാളങ്ങൾ, മരണാനന്തരമുള്ള വിവിധ വാസസ്ഥലങ്ങൾ എന്നിവയെല്ലാം ഖുര്‍ആന്‍ വിശാലമായി പരാമർശിക്കുന്നുണ്ട്. ദൈവത്തിനടുക്കൽ മനുഷ്യന്‍ അവന്റെ ചെയ്തികളുടെ കണക്ക് ബോധിപ്പിക്കേണ്ടി വരും എന്ന വിശ്വാസമാണ് ഖുര്‍ആണ് മുന്നോട്ട് വെക്കുന്ന മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട എസ്ക്കറ്റോളജിയുടെ ഹൃദയ ഭാഗം എന്ന് പറയാം. ഇവിടെ നന്മ ചെയ്തവർക്കായി ദൈവമൊരുക്കുന്ന സ്വർഗ്ഗത്തെക്കുറിച്ചുള്ള വിവരണങ്ങൾ ദൈവിക ആതിഥേയത്വത്തെക്കുറിച്ചുള്ള ആലോചനക്കുള്ള സാധ്യതകൾ മുന്നോട്ട് വെക്കുന്നുണ്ട്.
നെറിന റുസ്തംജി മരണാന്തര ജീവിതത്തെക്കുറിച്ചുള്ള ക്രിസ്ത്യൻ, മുസ്‌ലിം സങ്കൽപ്പങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ വിശകലനം ചെയ്‌തുകൊണ്ട് എഴുതുന്നു: “ഇസ്‌ലാമിക എസ്കറ്റോളജി മരണാനന്തര ‘ലോകത്തെ’ക്കുറിച്ച് സംസാരിക്കുമ്പോള്‍, ക്രിസ്ത്യൻ എസ്കറ്റോളജി ശ്രദ്ധ ചെലുത്തുന്നത് മരണാനന്തര ‘ജീവിത’ത്തിലാണ്. ചില കിഴക്കന്‍ ക്രൈസ്തവ ഗ്രന്ഥങ്ങള്‍ ഭൗതിക ലോകത്തിന്റെ രൂപകങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും പൊതുവേ ക്രൈസ്തവ ഗ്രന്ഥങ്ങള്‍ മനുഷ്യരുടെയും, മാലഖമാരുടെയും, ദൈവത്തിന്റെയും ബന്ധത്തിലൂന്നിയാണ് ഭാവി ജീവിതത്തെ അടയാളപ്പെടുത്തുന്നത്. നേരെ മറിച്ച്, മുസ്‌ലിംകൾ ആസ്വദിക്കുന്ന മരണാനന്തര ജീവിതം, ഭൗതികമായ പരിധികളില്‍ നിന്നുകൊണ്ട് തന്നെ വര്‍ണ്ണിക്കപ്പെടുന്ന ഒരു ലോകത്തെ സംബന്ധിച്ചാണ്. ‘പൂന്തോട്ടം’, ‘തീ’ പോലെയുള്ള പ്രയോഗങ്ങള്‍ ഒരു അവസ്ഥ എന്നതിനേക്കാൾ (state of being) കൂടുതല്‍ വസ്തുക്കളെയും (objects) ഇടങ്ങളെയുമാണ് (spaces) സൂചിപ്പിക്കുന്നത്”.
ഇസ്‌ലാമിക സ്വര്‍ഗ സങ്കൽപ്പങ്ങളെകുറിച്ചുള്ള പ്രധാന വിമർശനങ്ങളിലൊന്ന് മനുഷ്യന്റെ ശാരീരികമായ ആനന്ദങ്ങളോടുള്ള അടങ്ങാത്ത അഭിനിവേഷത്തെയാണ് അത് സൂചിപ്പിക്കുന്നത് എന്നതാണ്. അത്തരം ശാരീരിക ആനന്ദങ്ങൾ പ്രസക്തമല്ലാത്ത ദൈവത്തിന്റെ മക്കൾക്ക് വേണ്ടിയുള്ളതാണ് ക്രിസ്ത്യൻ സ്വർഗ സങ്കൽപം എന്ന് കാണാം
ഫ്രിത്യോഫ് ശുഓണ്‍ തന്റെ ക്ലാസ്സിക് കൃതിയായ ‘Islam and the Perennial Philosophy’യില്‍ എഴുതുന്നു: “ക്രൈസ്തവ ചിന്ത ശാരീരികതയും (carnal) ആത്മീയതയും (spiritual) തമ്മിൽ വേര്‍തിരിക്കുന്നുണ്ട്. അത് കൊണ്ട് ഈ വിഭജന യുക്തി പരലോകത്തെ കുറിച്ചുള്ള സങ്കൽപങ്ങളിലും തുടരുക എന്നത് സ്വാഭാവികമാണ്. സ്വര്‍ഗം എന്നത് നിര്‍വചനം കൊണ്ട് തന്നെ ആത്മീയമാണ് എന്നതിനാല്‍ ശാരീരികമായ ആനന്ദങ്ങളെ അത് പുറം തള്ളുന്നുണ്ട്. അതേസമയം ഇസ്‌ലാമിക ചിന്തകളിൽ ശാരീരിക ആനന്ദങ്ങളെ അനുവദനീയവും, വിശുദ്ധവുമായതും, അല്ലാത്തതും എന്നിങ്ങനെയാണ് വേർതിരിക്കുന്നത്. അതിനാൽ ഇത്തരം ആനന്ദങ്ങളുടെ അനുവദനീയമായ ആസ്വാദനത്തെ സ്വർഗത്തിൽ അനുവദിക്കുക എന്നത് ഈ യുക്തിയുടെ സ്വാഭാവിക തുടർച്ചയാണ്.”
സ്വര്‍ഗത്തിന്റെ ആനന്ദങ്ങൾ എന്നത് ഇസ്‌ലാമിക ചിന്തകളിൽ ആവര്‍ത്തിച്ചു വരുന്ന ഒരു പ്രമേയമാണ്. ദൈവത്തിന്റെ ആതിഥേയത്വം അറിയിക്കുന്നതിനുള്ള ഒരു സുപ്രധാന മാര്‍ഗമായിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. ദൈവം സദ്‌വൃത്തരായ തന്റെ ദാസന്മാരെ കാത്തിരിക്കുന്നുണ്ടെന്ന് മാത്രമല്ല, അവര്‍ക്ക് വാഗ്‌ദാനം ചെയുന്ന പ്രതിഫലം എല്ലാ അര്‍ത്ഥത്തിലും മനോഹരവുമാണ്. ഇസ്റാഇനെയും മിഅറാജിനെയും (പ്രവാചകന്റെ ആകാശാരോഹണം) പറ്റിയുള്ള ആഖ്യാനങ്ങൾ ഇത്തരം ചിത്രങ്ങളും അവയിലെ ധാര്‍മ്മിക സന്ദേശങ്ങളും ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ദൈവകൽപ്പനകൾക്ക് എതിരായി പ്രവർത്തിച്ചവരുടെ ദുരവസ്ഥ അറിയിക്കുന്നതിനായി ഭക്ഷണത്തെ ഒരു ബിംബമായി ഉപയോഗിക്കുന്നത് കാണാം. നല്ല മാംസം ഉണ്ടായിട്ടും ചീഞ്ഞ മാംസം ഭക്ഷിക്കുന്നവരെ കാണുന്ന പ്രവാചകന് ലഭിക്കുന്ന വിശദീകരണം ഭൂമിയില്‍ വെച്ച് അനുവദനീയമായത് ഉപേക്ഷിക്കുകയും നിയമവിരുദ്ധമായത് എടുക്കുകയും ചെയ്തതിന്റെ ശിക്ഷയാണ് അത് എന്നാണ്. ദാഹിക്കുമ്പോള്‍ ജിബ്രീല്‍ പ്രവാചകന് ഓരോ പാത്രം വീഞ്ഞും പാലും നല്‍കുകയും, സ്വര്‍ഗീയ വീഞ്ഞ് അനുവദനീയമാണെങ്കിലും, പ്രവാചകൻ പാൽ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ ജിബ്രീല്‍ സന്തോഷിക്കുന്നു, കാരണം അതാകുന്നു ‘ശരിയായ വഴി’. വ്യത്യസ്ഥമായ പ്രവേശന കവാടങ്ങളും മേശകളിലെ പല തരം ഭക്ഷങ്ങളുമൊക്കെ ദൈവത്തിന്റെ മനുഷ്യരോടുള്ള ആതിഥേയത്വവും സദ്‌ഭാവനയുമാണ് പ്രകടിപ്പിക്കുന്നത്.
ആതിഥേയനായ ദൈവത്തിന്റെ ബൈബിൾ വിവരണങ്ങൾ ആതിഥേയനായ മനുഷ്യന് സമാനമാണ്. കഴിഞ്ഞ ലോകത്ത്, മനുഷ്യരായ ആതിഥേയര്‍ അവരുടെ അതിഥികള്‍ക്ക് താമസവും, ഭക്ഷണവും, സംരക്ഷണവും നല്‍കിയിരുന്നത് പോലെ ഭക്ഷണം നല്‍കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളും സമാനമാണ്. ഭൂമിയിലെ ദൈവത്തിന്റെ വിഭവങ്ങളെന്ന നിലയില്‍ ഭക്ഷണത്തെപ്പറ്റിയും വെള്ളത്തെപ്പറ്റിയും, അത് പോലെ തന്നെ നമ്മെ കാത്തിരിക്കുന്ന ദൈവത്തിന്റെ വിരുന്നിലെ വിഭവങ്ങളെപ്പറ്റിയുമൊക്കെ ബൈബിൾ പരാമര്‍ശങ്ങളുണ്ട്. ദൈവം ആതിഥേയൻ എന്നതോടൊപ്പം ദാതാവ് എന്ന നിലയിലും കടന്നുവരുന്നത് കാണാം. ബൈബിൾ പുറപ്പാട് പുസ്തകത്തിൽ ഇസ്രായേല്‍ ജനത അതിജീവനത്തിനായി ദൈവത്തെ ആശ്രയിക്കുകയും, തങ്ങളെ ഈജിപ്തില്‍ നിന്ന് ഇത്തരമൊരു അനാഥത്വത്തിലേക്ക് കൊണ്ടുവന്ന മോശക്കെതിരെ നിരവധി തവണ പരാതിപ്പെടുകയും ചെയ്യുന്നുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനുമായി അവര്‍ നിലവിളി ദൈവം കേൾക്കുന്നത് ബൈബിളിൽ പരാമർശിക്കുന്നത് കാണാം. ‘ആകാശങ്ങളില്‍ നിന്ന് അപ്പം പെയ്യുന്നു’ (16:4), ‘കാടപ്പക്ഷികൾ വന്ന് പാളയം മൂടി’ (16:13), അവര്‍ക്ക് ‘മന്ന’യും നൽകപ്പെട്ടു, ‘അതു കൊത്തമല്ലിയുടെ അരിപോലെ വെളുത്തതും തേൻ ചേർത്ത അടയുടെ സ്വാദുള്ളതും ആയിരുന്നു’ (16:30–32). പുറപ്പാട് 17:1–7ല്‍, അവര്‍ വെള്ളത്തിനായി കരഞ്ഞപ്പോള്‍, പാറയില്‍നിന്നും മധുരമുള്ള വെള്ളം നല്‍കുകയും ചെയ്യുന്നുണ്ട്. സങ്കീർത്തനം 105: 39–41 നമ്മോട് പറയുന്നു, ‘അവൻ തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി. അവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വര്‍ഗീയ ഭോജനം കൊണ്ട് അവർക്ക് തൃപ്തിവരുത്തി. അവൻ പാറ പിളർത്തു, വെള്ളം ചാടി പുറപ്പെട്ടു; അത് മരുഭൂമിയിലൂടെ ഒരു നദിയായി ഒഴുകി’.
സുവിശേഷങ്ങളില്‍ യേശു ഭക്ഷണം കഴിക്കുകയും, അത്ഭുതങ്ങള്‍ പ്രവര്‍ത്തനങ്ങളിൽ അന്ന പാനീയങ്ങൾ ഉള്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഗന്നേസരത്ത് തടാകത്തില്‍നിന്നും പിടിക്കപ്പെട്ട ധാരാളം മത്സ്യങ്ങളുടെ കഥ അവയിലൊന്നാണ് (ലൂക്കോസ് 5: 1–11). അതുപോലെ കനായിലെ വിവാഹത്തിലെ ഉത്സവങ്ങള്‍ നടന്ന് പോകുന്നതിനായി ആറു കല്ല് വെള്ളപ്പാത്രങ്ങൾ വീഞ്ഞാക്കി മാറ്റിയത് (യോഹന്നാൻ 2: 1–11), അദ്ദേഹം ആദ്യം അനുഗ്രഹിച്ച രണ്ട് മീനും അഞ്ച് അപ്പവും മാത്രം കൊണ്ട് അയ്യായിരം പേരെ ഊട്ടിയത് (മത്തായി 14; മത്തായി 15; മർക്കോസ് 6; ലൂക്കോസ് 9). ഈ സംഭവങ്ങൾ ഭക്ഷണം കഴിക്കുന്നതിലും അത് മറ്റുള്ളവരുമായി പങ്കിടുന്നതിലുമുള്ള സന്തോഷം പ്രകടമാക്കുന്നു എന്ന് മാത്രമല്ല, ഏറ്റവും പ്രധാനമായി, അത് വരാനിരിക്കുന്ന പരലോകത്തിന്റെ സൂചനകളും നല്‍കുന്നുണ്ട്. ആളുകളെ ഒരുമിച്ച് കൂട്ടാനായി ബൈബിൾ കഥകളില്‍ ഭക്ഷണം എപ്പോഴും കടന്ന് വരുന്നുണ്ട്. അത്തരം ആഖ്യാനങ്ങളിൽ പലപ്പോഴും ദരിദ്രരും വികലാംഗരും അന്ധരുമെല്ലാം ക്ഷണിക്കപ്പെട്ട വിരുന്ന് പോലെ നടപ്പ് രീതികളെ തലകീഴായി മറിക്കപ്പെടുന്നതും പലപ്പോഴും കാണാം (മത്തായി 22: 1–14; ലൂക്കോസ് 14: 15-24). ദൈവിക ആതിഥേയത്തിന്റെ മാതൃകകളാണ് അവിടെ പ്രകടമാകുന്നത്.
നമ്മുടെ മുന്നിലുള്ളവ വെച്ചാണ് വരാനിരിക്കുന്ന സ്വര്‍ഗീയ ആതിഥേയത്വത്തെ കുറിച്ച് നാം നമ്മുടെ ഇന്ദ്രിയങ്ങള്‍ വഴി ധാരണകൾ രൂപപ്പെടുത്തതാൻ ശ്രമിക്കുന്നത്. ഭൗതികവും ആത്മീയവുമായ ആതിഥേയത്വമാണ് നമ്മെ കാത്തിരിക്കുന്നത്. ഭക്ഷണത്തിന്റെയും, സമ്പന്നമായ വിരുന്നിന്റെയുമൊക്കെ ചിത്രങ്ങള്‍ നമ്മുടെ ഭൗമിക ഇന്ദ്രിയങ്ങളെ സ്വാഭാവികമായും ആകര്‍ഷിക്കുന്നു എന്നത് യാഥാർഥ്യമാണ്. എങ്കിലും, ഇവ നമ്മുടെ ഭാവനക്ക് തീര്‍ത്തും അതീതമായ ഒരാശയത്തെയാണ് സംവേദനം ചെയ്യുന്നത്. ഭക്ഷണത്തിന്റെ ചിഹ്നങ്ങൾ (semiotics) വേദ ഗ്രന്ഥങ്ങളില്‍ പരന്നുകിടക്കുകയും, ഭക്ഷണം ദൈവശാസ്ത്രപരമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്. ഭൗതികവും സ്വര്‍ഗീയവുമായ ഭക്ഷണങ്ങളില്‍ നിന്ന് ദൈവം ഒരിക്കലും അകലെയല്ല. മാത്രമല്ല, ഭക്ഷണത്തിന്റെ പ്രതീകാത്മകത നമ്മെ അവനിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. അവസാനമായി, പ്രവാചകനോ, സൂഫിയോ, സന്യാസിയോ, സാധാരണ വിശ്വാസിയോ ആരുമായിക്കൊള്ളട്ടെ, ആത്മീയവും, ഇന്ദ്രീയപരവുമായ തലങ്ങളിൽ വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങളല്ല, മറിച്ച് ദൈവമെന്ന വാഗ്ദാനമാണ് ആത്യന്തികമായ സ്വര്‍ഗീയ പ്രതിഫലം.
അധ്യായം അഞ്ച്: അതിഥികൾക്ക് വേണ്ടിയുള്ള നോമ്പും പെരുന്നാളുകളും
അധ്യായം ഏഴ്: ഏകാന്തതയും ആതിഥേയത്വം എന്ന ആത്മീയ പ്രവർത്തനവും
വിവർത്തനം: അലിഫ് ജഹാൻ
Featured Image: jwlez
Comments are closed.