ചൈനയിലെ ഉയ്ഗൂർ മുസ്‌ലിം പ്രദേശങ്ങളിലൂടെ അമ്മാർ അസ്ഫോർ നടത്തുന്ന യാത്രയുടെ അഞ്ചാം ഭാഗം
ബോസ്റ്റണിൽ നിന്ന് മടങ്ങും വഴിയാണ് ചൈനയിലെ മുസ്‌ലിംകളിലേക്കുള്ള എന്റെ യാത്ര ആരംഭിക്കുന്നത്. ഭാഗ്യവശാൽ രണ്ട് ചൈനീസ് മുസ്‌ലിം വിദ്യാർഥികളെ കണ്ടുമുട്ടുകയും ചെയ്തു. ഒരാൾ ഉയ്ഗൂർ ഗോത്രക്കാരനായിരുന്നു. മറ്റെയാൾ ഹുയി വംശജനും. എന്റെ പ്രോജക്ടിന്റെ സ്വഭാവമറിഞ്ഞപ്പോൾ തന്നെ ഉയ്ഗൂറുകാരൻ സഹായിക്കാനാവില്ലെന്ന് മാപ്പു രൂപേണ പറഞ്ഞൊഴിഞ്ഞു. സിൻജിയാങ് പ്രവിശ്യയിൽ നിലനിൽക്കുന്ന കടുത്ത സെക്കുലർ നിയമങ്ങളും സെൻസർഷിപ്പുമായിരുന്നു കാരണം. നിരാശ തോന്നിയെങ്കിലും അദ്ദേഹത്തിന്റെ വൈമനസ്യത്തെ മാനിക്കാനും മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞു. എന്നാൽ ഹുയി വംശജൻ ചൈനയിലെ മുസ്‌ലിംകളുടെ കഥ പറയുന്നതിൽ അത്യധികം ആവേശഭരിതനായിരുന്നു. അദ്ദേഹത്തിന്റെ നാട്ടിൽ കുറച്ചു ദിവസം തങ്ങാൻ എന്നെ ക്ഷണിക്കുക പോലും ചെയ്തു. ജുമുഅ എന്നാണവന്റെ പേര്. ചൈനീസിൽ സാൻഹേ (zhanhe) എന്നും.

കലുഷിതമാണ് ഹുയികൾക്കും ഉയ്ഗൂറുകൾക്കുമിടയിലെ ബന്ധം. ഉയ്ഗൂറുകൾ തീവ്രവാദികളും വിമതരുമാണെന്ന പൊതു ഭാഷ്യത്തിൽ കവിഞ്ഞൊന്നും ഹുയികൾക്കറിയില്ല.1934 ലും 1947 ലും ഹുയി നേതൃത്വത്തിൽ ചൈന തങ്ങളെ അക്രമിച്ച് കീഴടക്കാൻ വന്നത് മാത്രമേ ഉയ്ഗൂറുകളുമോർക്കുന്നുള്ളൂ.
ഹുയി മുസ്‌ലിംകൾ ചൈനയിലെ 56 അംഗീകൃത ന്യൂനപക്ഷങ്ങളിലൊന്നാണ്. ഒരു മതം എന്നതൊഴിച്ച് നിർത്തിയാൽ, ഹാൻ മതക്കാർക്കും ഹുയി വംശക്കാർക്കുമിടയിൽ വേറെ വ്യത്യാസങ്ങളൊന്നുമില്ല. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ, ഒരു മുസ്‌ലിം ഹാൻ ആണ് ഹുയി! നിങ്സ്യ, ഗ്യാസു തുടങ്ങിയ ചൈനയുടെ വടക്കുപടിഞ്ഞാറ് മേഖലയിൽ പത്തു മില്യനോളം ഹുയികളുണ്ടെന്നാണ് ഔദ്യോഗിക സെൻസസുകൾ പറയുന്നത്.

ആദ്യമായി ജുമുഅയെ കണ്ട അവസരത്തിൽ ബോസ്റ്റണിൽ വെച്ച് ഹലാൽ ഭക്ഷണം കണ്ടെത്താൻ വിഷമിച്ചതിനെക്കുറിച്ചാണ് അവൻ സംസാരിച്ചത്. ”ദിവസങ്ങളോളം ഞാൻ ഒന്നും കഴിക്കാതെ നടന്നു. ഹലാൽ ഭക്ഷണ ശാലകൾ കണ്ടെത്തുന്നത് വരെ ഞാൻ ശരിക്കും പട്ടിണിയായിരുന്നു”. ”ചൈനീസ് സംസ്കാരത്തിൽ ഭക്ഷണം വളരെ പ്രധാനമാണ്” സ്വന്തം നാട്ടിലും സിയാനിലുമൊക്കെയുള്ള ഭക്ഷണത്തിന്റെ മഹത്വം വിശദീകരിക്കും മുൻപ് അവനെന്നോട് പറഞ്ഞു. ന്യൂഡിൽസിന് പ്രശസ്തമാണെങ്കിലും സിയാനിൽ പോയാൽ ഈ രാജ്യത്തെ ഏറ്റവും മികച്ച മുസ്‌ലിം ഭക്ഷണം അവിടെ ലഭിക്കുമെന്ന് ജുമുഅ പറഞ്ഞപ്പോൾ ഈ സംസാരം സിയാനിലെത്തിയേ നിൽക്കൂ എന്ന് രണ്ട് പേർയ്ക്കും അറിയില്ലായിരുന്നു!




ഏതാനും മാസങ്ങൾ കഴിഞ്ഞ് ഉയ്ഗൂർ സുഹൃത്തുക്കളെ കാണാനായി ഞാൻ സിയാനിലേക്ക് പോയി. വിവാഹത്തിന്റെ ഫോട്ടോ ഷൂട്ടിനെത്തിയ ജുമുഅ അവിടെയുണ്ടായിരുന്നു. സിയാനിലെ ഗ്രാൻഡ് മോസ്കിൽ വെച്ച് ഞങ്ങൾ കണ്ടുമുട്ടി. ഹുയി സംസ്കാരത്തിന്റെ കേന്ദ്രവും പ്രതീകവുമാണ് ആ പള്ളി. വലുതെങ്കിലും അത്ര പഴക്കമുള്ളതാണെന്ന് ഞാൻ ധരിച്ചിരുന്നില്ല.എന്നാൽ AD 742 ലാണ് അത് പണികഴിപ്പിക്കപ്പെട്ടത് എന്നത് എന്നെ ശരിക്കും ഞെട്ടിച്ചു. AD 610 ൽ മക്കയിൽ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിന് ശേഷം വെറും 130 വർഷങ്ങൾക്കുള്ളിലാണ് പള്ളി നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അതിലുപരി ചുരുങ്ങിയത് 742 ൽ എങ്കിലും ചൈനയിൽ ഇസ്‌ലാം എത്തിയിട്ടുണ്ട് എന്ന് കൂടി സൂചിപ്പിക്കുന്നുണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 642 ലാണ് ചൈനയിൽ ആദ്യ മുസ്‌ലിം പള്ളി സ്ഥാപിക്കപ്പെടുന്നത് എന്ന് ഞാൻ കണ്ടെത്തി. 640 വരെ ഈജിപ്തിൽ പോലും ഇസ്‌ലാം കടന്നുവന്നിട്ടില്ല എന്നത് കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.








തറാവീഹ് നിസ്കാരത്തിനിടയിലാണ് ഖുർആൻ പാരായണത്തിലെ പ്രത്യേകത ശ്രദ്ധിച്ചത്. മാൻഡാരിൻ ഭാഷക്ക് എളുപ്പം വഴങ്ങുന്ന ശൈലിയിൽ ഖുർആൻ പാരായണം ചെയ്യുന്നതിന് പ്രസിദ്ധമാണ് ഈ പള്ളി. പാരായണം മനസ്സിലാവാത്തത് കാരണം എനിക്ക് ഇടക്കുവെച്ച് പ്രാർത്ഥന നിർത്തേണ്ടി വന്നു. എനിക്കറിയാവുന്ന ഭാഗങ്ങൾ മാത്രമേ എനിക്ക് ഖുർആൻ ആണ് എന്ന തിരിച്ചറിയാനായൊള്ളൂ. അസ്വസ്ഥതയുണ്ടാക്കുന്ന ഒരു അനുഭവമായിരുന്നു അത്. പ്രാർത്ഥന തുടരാനായില്ല എന്ന കാര്യത്തിലല്ല, മറിച്ച് അവർ പാരായണം ചെയ്യുന്ന ഖുർആൻ മനസ്സിലാക്കാൻ പറ്റാത്തതിലുള്ള അസ്വസ്ഥത ആയിരുന്നു പ്രധാനമായും. പക്ഷെ അനറബികളായ മുസ്‌ലിംകൾ ദിനേന ഇതു തന്നെ ചിന്തിക്കുന്നുണ്ടാകുമോ എന്നാലോചിച്ചപ്പോൾ എനിക്ക് കുറ്റബോധം തോന്നി. അതോടൊപ്പം എന്റെ വിശ്വാസത്തെ വിവരിച്ചു തരുന്ന ഭാഷയോട് ജനനത്തിലൂടെ ചേർന്നു നിൽക്കാൻ അവസരമുണ്ടായതിൽ ആഹ്ളാദവും തോന്നി.തറാവീഹിന്റെ ഒരു ഭാഗമാണ് ഈ ഓഡിയോ. ദിക്റുകൾക്ക് ശേഷമാണ് പ്രാർത്ഥന തുടങ്ങുന്നത്

ള്ളത് പറഞ്ഞാൽ ഇവിടത്തെ ഭക്ഷണം ഒരു പ്രതിഭാസമാണ്. ജുമുഅയെ കാണും മുൻപ് മുസ്‌ലിം ക്വാർട്ടേഴ്സിലൂടെ ഞാൻ ഒരുപാട് അലഞ്ഞിരുന്നു. ഏതൊരു സഞ്ചാരിയെയും പോലെ തെരുവ് ഭക്ഷണമാണ് ഞാനും പ്രധാനമായും പരീക്ഷിച്ചത്. മുസ്‌ലിം ക്വാർട്ടേഴ്സിൽ ധാരാളം ടൂറിസ്റ്റുകളെ കാണാമായിരുന്നു. സഞ്ചാരികളുടെ വർദ്ധിച്ചു വരുന്ന എണ്ണം ഗവണ്മെന്റിനെ ആകർഷിക്കുന്നതിനാൽ ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് പ്രത്യേക സ്വാതന്ത്ര്യം വകവെച്ചുകൊടുക്കുന്നുണ്ട് എന്ന് പലരും പറയുകയുണ്ടായി. ജുമുഅയും ഞാനും നോമ്പ് തുറന്ന ശേഷം അവന്റെ പ്രതിശ്രുത വധുവിനെ കാണാൻ മൈൻസ്ട്രീറ്റിലെ റെസ്റ്റോറന്റിലേക്ക് പോയി. ”ഞാൻ കഴിച്ചതിൽ ഏറ്റവും നല്ല ചൈനീസ് ഭക്ഷണം ഇതായിരിക്കും” അവിടെ വെച്ച് ഞാൻ അവരോട് പറഞ്ഞു. അങ്ങനെയെങ്കിൽ എന്റെ യാത്ര അവസാനിച്ചിട്ടില്ല എന്ന മട്ടിൽ ജുമുഅ ചിരിച്ചു.


മൂന്നു ദിവസം കഴിഞ്ഞ് ഞാൻ ജുമുഅയുടെ നാടായ ടോങ്സിനിലേക്ക് പോയി. വെറും മൂന്നാഴ്ച മാത്രമകലെ അവന്റെ വിവാഹമാണല്ലോ എന്ന് കൂടി ഓർത്തപ്പോൾ അവന്റെ സ്വീകരണത്തിന്റെ മാഹാത്മ്യം ഒന്ന് കൂടി ബോധ്യപ്പെട്ടു. ഓരോ സമയവും മുന്പത്തേക്കാൾ കൂടുതൽ നല്ല ഭക്ഷണം കഴിപ്പിക്കണം എന്ന മത്സരത്തിലായിരുന്നു അവരെന്നാണ് എനിക്ക് പലപ്പോഴും തോന്നിയത്. 2008 ലെ മാന്ദ്യത്തിന് സമാനമായ രീതിയിൽ ഭക്ഷണ ലഭ്യതയിൽ ഇടിവുണ്ടായ സമയമാണെങ്കിൽ പോലും ആടിന്റെ കാൽ വരെ അവരെന്നെ ഭക്ഷിപ്പിച്ചു.



ഹുയിയും ഹാനും ഒരേ സംസ്കാരത്തിൽ ജീവിക്കുന്ന വ്യത്യസ്ത വിശ്വാസക്കാരാണ്. പന്നി മാംസത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണ് ഇവർക്കിടയിലെ പ്രധാന വ്യതിരിക്തത എന്ന പറയാം. തങ്ങളുടെ സംസ്കാരത്തോടും വിശ്വാസത്തോടും യോജിക്കുന്ന ഒരു വ്യവസായവും വിനോദസഞ്ചാരികലെ ആകർഷിക്കുന്ന ഭക്ഷ്യ സംസ്കാരവും ഹുയികൾ വളർത്തിയെടുത്തിട്ടുണ്ട്.
തുടർന്ന് വായിക്കുക: ടോങ്സിന്‍ നഗരത്തിലെ ഹുയി മുസ്‌ലിംകൾ
ഭാഗം 4 : സ്വന്തം നാട്ടിലെ അപരിചിതർ: ഹുയികൾക്കിടയിലെ ഉയ്ഗൂറുകൾ
വിവർത്തനം : Thahir payyanadam
Comments are closed.