ഒരാഴ്ചയായി ഒമാനിലെ സലാല തുറമുഖത്തോടടുത്തുവരുന്ന ചുഴലിക്കാറ്റിനെ കാലാവസ്ഥ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചുവരുകയായിരുന്ന ക്യാപ്റ്റൻ ഇർഫാൻ തന്റെ മരക്കപ്പലിനെ തുറമുഖത്ത് നങ്കൂരമിട്ടുനിർത്തി. ജീവനക്കാരൊക്കെ കപ്പലിൽ തന്നെയുണ്ട്. ചരക്കുകൾ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി, കാറ്റിനെ നേരിടാനുള്ള സർവ്വ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് യമൻ തീരത്തിനടുത്ത് സൊകോത്രയിൽ മെകുണു ചുഴലിക്കാറ്റിൽ പെട്ട് നൂറ്റിയിരുപത് ബോട്ടുകളും ദോ (dhow) എന്ന് വിളിക്കുന്ന അഞ്ച് ഇന്ത്യൻ പായകപ്പലുകളും മുങ്ങിയത്. ചുഴലിക്കാറ്റ് സലാല തുറമുഖത്തോടടുക്കും തോറും മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിച്ചുവീശുന്നുണ്ടായിരുന്നു.

ഇന്ത്യയിലെ മാണ്ഡവിയിൽ നിർമ്മിക്കപ്പെടുന്ന വാഹന

“യാ ഗൗസ്” എന്ന് വിളിച്ചുകൊണ്ട് കാബിന് അടുത്തുള്ള തൂണിൽ ചെറിയൊരു പച്ചക്കൊടി നാട്ടുകയാണ് ഇർഫാൻ. ഖാദിരിയ്യഃ ത്വരീഖത്തിന്റെ സ്ഥാപകനായ സൂഫി ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ സംരക്ഷണമാണ് അയാൾ തേടുന്നത്. കപ്പൽ ജീവനക്കാരുടെ നാടായ ജാം സലായക്കും, മാന്ദ്‌വിക്കും അടുത്ത് പശ്ചിമേന്ത്യയിലെ മുന്ദ്രയിലെ ശാഹ് മുറാദ് ബുഖാരിയെയും അവർ വിളിക്കുന്നുണ്ട്. പശ്ചിമേന്ത്യൻ നാവികരുടെ സംരക്ഷകനായ ശാഹ് മുറാദ് ബുഖാരിയുടെ ഖബറിന്മേൽ വിരിച്ചിരുന്നതാണ് ആ പച്ചത്തുണി. ആ കൊടി നാട്ടുന്നിടത്ത് അനുഗ്രഹങ്ങളുണ്ടാകും എന്നാണ് വിശ്വാസം.

അതേസമയം തന്നെ കുടുംബാംഗങ്ങളും പ്രിയ്യപ്പെട്ടവരും അവരുടെ സംരക്ഷണത്തിനായി സൂഫി മഖ്ബറകളിൽ പ്രാർത്ഥന നടത്തുന്നു. അറേബ്യൻ ഉപദ്വീപിൽ വീശിയടിച്ച അതിതീവ്രമായ ട്രോപ്പിക്കൽ ചുഴലിക്കാറ്റായിരുന്നു മെകുണു. ഏഴ് ഇന്ത്യൻ ദോകൾ സലാല തീരത്തിനടുത്ത് മുങ്ങിയിരുന്നെങ്കിലും കാറ്റ് ശമിച്ചതോടെ ഇർഫാനും ജീവനക്കാരും സുരക്ഷിതരായി. കടൽ ശാന്തമായതോടെ യു.എ.ഇയിൽ നിന്നും സെക്കൻ ഹാൻഡ് കാറുകൾ യെമനിലേക്ക് കൊണ്ടുപോയിരുന്ന അവർ യാത്ര തുടർന്നു. ദീർഘ യാത്രക്കുശേഷം ജാം സലായയിൽ മടങ്ങിയെത്തിയ ഇർഫാൻ ശാഹ് മുറാദ് ബുഖാരിയുടെ മഖ്ബറ സന്ദർശിക്കാൻ മറന്നിരുന്നില്ല.

സൂഫി ശൈഖിന്റെ കൊടി നാട്ടിയിരിക്കുന്ന ഇന്ത്യൻ വാഹൻ

ദോ എന്നു വിളിക്കുന്ന അത്തരം കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രം മുറിച്ചുകടക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. യൂറോപ്യൻമാർ വരുന്നതിനു മുൻപ് മൺസൂൺ കാറ്റുകളെ ആശ്രയിച്ചിരുന്ന അവ, സവിശേഷമായ ലത്തീൻ കപ്പൽ പായകളുപയോഗിച്ചാണ് ചരക്കുകളും, മനുഷ്യരും, ആശയങ്ങളുമായി ഇന്ത്യൻ മഹാസമുദ്രം കടന്നിരുന്നത്. ഇന്നും പശ്ചിമേന്ത്യയിലെ കാച്ചി മേഖലയിൽ നിന്നുള്ള ദോകൾ ആഗോള കപ്പൽ റൂട്ടിലെ ഇടവേളകളിൽ അവരുടെ വാണിജ്യം തുടരുന്നുണ്ട്. കാച്ചി വാഹൻ (Kachchhi Vahans) എന്നറിയപ്പെടുന്ന അത്തരം കപ്പലുകൾ കാറ്റിനുപകരം ഡീസൽ എഞ്ചിനുകളാണ് ഇന്ന് ഉപയോഗപ്പെടുത്തുന്നത്. യന്ത്രം പിടിപ്പിച്ച അത്തരം മരക്കപ്പലുകൾ വലിയ കണ്ടയ്നറുകൾ പോകാൻ തയ്യാറാകാത്തതും സാധിക്കാത്തതുമായ തുറമുഖങ്ങളിലേക്ക് ഭക്ഷണസാധാനങ്ങളും ഡീസലും ചാർക്കോളും ഉണക്കമീനും കാറുകളും കൊണ്ടുപോകുന്നു. ഇടനിലക്കാരെന്ന നിലക്ക് മാർക്കറ്റ് ട്രെന്റുകളോടും, മാറുന്ന ഗവണ്മെന്റ് നിയമങ്ങളോടും പെട്ടെന്നുതന്നെ അവർ പൊരുത്തപ്പെട്ടുപോകാറുണ്ട്.

കണ്ടെയ്‌നർ ഷിപ്പുകൾക്ക് പോകാനാവാത്ത ഇടങ്ങളിൽ കപ്പലടുക്കാൻ സാധിക്കുന്നത് കൊണ്ട് സംഘർഷ കാലങ്ങളിൽ ചെറിയ തുറമുഖങ്ങളിൽ സേവനം ലഭ്യമാക്കാൻ സാധിക്കുന്നുവെന്നത് അവരുടെ യോഗ്യതയാണ്. 1991ൽ സോമാലിയൻ കേന്ദ്രഭരണകൂടം നിലംപതിച്ചപ്പോൾ കിസ്‌മായോ പോലോത്ത ചെറിയ തുറമുഖങ്ങൾ അവർ ഉപയോഗപ്പെടുത്തി. സൊമാലിയയിൽ കൂടുതലായും കണ്ടയ്നർ ഷിപ്പുകൾ വന്നതൊടുകൂടി ഇപ്പോൾ യുദ്ധാനന്തര യെമനിലെ ശിഹർ, നിഷ്തൂൻ തുടങ്ങിയ തുറമുഖങ്ങളിലാണ് അവർ സന്ദർശിക്കുന്നത്. കണ്ടയ്നർ കപ്പലുകൾക്ക് സാധിക്കാത്ത റൂട്ടുകളിൽ സേവനം നടത്തുന്ന ‘വാഹനു’കൾ ചരക്കുനീക്കം മാത്രമല്ല സാധ്യമാക്കുന്നത്, മറിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ സമയം, കാലം, അപകടസാധ്യതകൾ, സുരക്ഷിതത്വം എന്നിവയെ കുറിച്ച് വ്യത്യസ്തമായൊരു ചിത്രം കൂടി തരുന്നുണ്ട്. ആഗോള കപ്പൽ വ്യാപാര ലോകത്ത്, മതവും സമൂഹവും സമ്പദ്‌വ്യവസ്ഥയും മറ്റു ജൈവവും അജൈവവുമായ കാര്യങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു വീക്ഷണകോണിനെ പരിചയപ്പെടുത്തുകയാണ് ദോകൾ. ചരിത്രാതീതമെന്നു തോന്നുമെങ്കിലും അവർ ആഗോള കപ്പൽ വ്യാപാരത്തിലും ക്യാപിറ്റലിസത്തിന്റെ വളർച്ചയിലും മുഖ്യമായ പങ്കുവഹിക്കുന്നുണ്ട്.

വാഹൻ ഒരു അപര ഇടം ആണ് എന്ന് പറയാം. സ്വയം ഒരു ലോകമായിരിക്കുമ്പോൾ തന്നെ അനേകം ലോകങ്ങളേയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് നിരന്തരം അവ ചലിച്ചുകൊണ്ടേയിരിക്കുന്നു. കപ്പലിൽ ഒമ്പത് മാസത്തിലധികം ചിലവഴിക്കുന്ന ജീവനക്കാർക്ക് അതൊരു ജോലിസ്ഥലമാണ്. ഓരോ ദിവസവും വിരസമായ ആറു മണിക്കൂർ ഷിഫ്റ്റുകളിലായി അവർ ജോലി ചെയ്യുന്നു. അതേസമയം അവരുടെ സ്വദേശവും വാഹൻ തന്നെയാണ്. തുറമുഖങ്ങളിലെത്തിയാൽ പോലും അതവർ വിട്ടു പോകുന്നില്ല. ഭാവിയെയും ഭൂതകാലത്തെയും വാർത്തമാനത്തെഴും സംയോജിപ്പിക്കുന്ന ഒരു ഹെട്രോക്രോണിക് (heterochronic) സമയസങ്കല്പം കൂടിയാണത്. പുതിയ യാത്രകൾ ആസൂത്രണം ചെയുമ്പോൾ അവർ തങ്ങൾക്ക് മുന്നേ ആ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച പൂർവ്വികരിലേക്കും സൂഫി മാഹാത്മാക്കളിലേക്കും ബന്ധം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ദോ കാബിനുകളിലെ മതകീയ ചിഹ്നങ്ങൾ

കാച്ചിയിലെ ദോ നാവികർ സ്ഥലവും കാലവും അനുഭവിക്കുന്നതും മനസ്സിലാക്കുന്നതും സമുദ്ര യാത്രകളിലൂടെയാണ്. വ്യത്യസ്ഥ ഇടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള കപ്പൽയാത്രകളെ കാച്ചിയിൽ ഖോസ് (ghos) എന്നാണ് വിളിക്കുന്നത്. ഇന്ത്യയിൽ നിന്നും പശ്ചിമേഷ്യലിലേക്കും തെക്കനാഫ്രിക്കയിലേക്കും ഇന്ത്യയിലെ മുദ്ര, യു.എ ഇയിലെ ഷാർജ, ദുബായ്, സൊമാലിയയിലെ കിസ്‌മായോ, ബെർബറ, കെനിയയിലെ മോംബാസ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അത്തരം ദേശാന്തര യാത്രകൾ കരയിലെ ദേശാതിർത്തികളെ നിസ്സാരമായി തള്ളിക്കളയുന്നുണ്ട്.

എന്നിട്ടും ദേശാതിർത്തികൾ സൃഷ്ടിച്ച അസമത്വമാണ് ദോ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നത്. യഥേഷ്ടം ലഭിക്കാവുന്ന പ്രദേശങ്ങളിൽ നിന്നും ലഭ്യതക്കുറവുള്ള സ്ഥലങ്ങളിലേക്ക് ചരക്കുകൾ എത്തിച്ച് കൊണ്ട് ഇടനിലക്കാരായാണ് അവർ പ്രവർത്തിക്കുന്നത്. ആ പ്രദേശങ്ങൾക്കിടയിൽ ചരക്കുകൾക്കുള്ള മൂല്യവ്യത്യാസമാണ് അവരുടെ ലാഭം. ഖോസ് അത്തരം വൈജാത്യങ്ങളെ ഇടപാടായി മാറ്റുന്ന സന്ദർഭമാണ്. യാത്ര ഒരു ഇടപാടും ലാഭം കൊയ്യാനുള്ള മാർഗവുമാണ്.

ഖോസിനെ ചിത്രീകരിച്ചിട്ടുള്ള ഭൂപടങ്ങളിലെയും നോട്ടിക്കൽ ചാർട്ടിലെയും രേഖകളിലാണ് നാവികർ ജീവിതം ചിലവഴിക്കുന്നത്. ചരിത്രകാരനായ ജോണ്‍ മാത്യു പറയുന്നത് പോലെ കാച്ചി ദോ നാവികരുടെ ഭൂപടങ്ങളിൽ കടലും കരയും ഗ്രിഡ് (grid) രൂപത്തില്ലല ചിത്രീകരിച്ചിട്ടുള്ളത്. മറിച്ച് കപ്പൽ തട്ടിൽ നിന്നും നോക്കിക്കാണുന്ന രൂപത്തിലാണ് സംവിധാനിച്ചിട്ടുള്ളത്. കുത്തനെയുള്ള പാറകളെയും ആഴംകുറഞ്ഞ മണൽ തിട്ടകളെയും അപകടകാരികളായ നീർച്ചുഴികളെയും മനസ്സിലാക്കാവുന്ന രൂപത്തിൽ വിശദമായി തന്നെ കോസ്റ്റ്ലൈൻ അവർ ചിത്രീകരിച്ചിട്ടുണ്ട്.

എന്നാൽ യൂറോപ്യൻ മാപ്പുകളെ പോലെ ദൂരം കൃത്യമായി അളക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ജലപ്രകൃതിക്ക് മുകളിലൂടെയുള്ള ഒരു വരയായാണ് ഖോസിനെ (കപ്പൽയാത്ര) രേഖപ്പെടുത്തിയിട്ടുള്ളത്. വിദഗ്ധരായ കപ്പിത്താന്മാർ പോലും ഇന്ന് ദോകളിൽ ജി.പി.എസ് ഉപയോഗിക്കുന്നുണ്ട്. സ്ഥലനാമങ്ങൾ സ്ക്രീനിൽ ഡോട്ടുകളായി കാണാം. അവയിലൂടെ മുന്നോട്ട് നീങ്ങുന്ന രേഖയാണ് യാത്രക്ക് വഴികാട്ടി.

നാവികരുടെ ലോഗ്ബുക്കുകളിൽ യാത്രകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മാനദ്വിയിൽ നിന്നുള്ള ദോ കപ്റ്റയനായ അബ്ദുൽ ഒരു പഴയ ബുക്ക് എനിക്ക് കാണിച്ച് തന്നു. അബ്ദുൽ എത്തിപ്പെട്ടതും യാത്ര തുടങ്ങിയതുമായ സ്ഥലങ്ങൾ പട്ടിക രൂപത്തിൽ അതിൽ ഗുജറാത്തിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു രേഖയിൽ മാർച്ച് 26 1998ന് അദ്ദേഹം ഇറാനിലായിരുന്നുവെന്നുണ്ട്. പക്ഷേ മിക്കവയും കോഡ് രൂപത്തിലാണ് എഴുതിയിട്ടുള്ളത്. ഓരോ ഖോസുകളും രേഖപ്പെടുത്താറുണ്ടെങ്കിലും, സ്ഥലനാമങ്ങൾ കൃത്യമല്ലെന്ന് അബ്ദുൽ പറയുന്നു. ഇറാൻ എന്നെഴുതുമ്പോൾ സത്യത്തിൽ അദ്ദേഹം ഇറാഖിലായിരിക്കാം.

ഗൾഫ്‌ യുദ്ധകാലത്ത് വാണിജ്യ ഉപരോധം ഉണ്ടായിരുന്ന തുറമുഖങ്ങളിലൂടെ ചരക്കു കടത്തി മുതലാളിയെ കുറെയധികം സമ്പത്തുണ്ടാക്കാൻ സഹായിച്ചിരുന്നു അബ്ദു. അതുകൊണ്ടുതന്നെ സ്ഥലനാമങ്ങൾ ശരിയല്ലെങ്കിലും ഒരു സീസണിൽ എത്ര യാത്ര നടത്തിയെന്ന് മാത്രം അറിഞ്ഞാൽ മതിയായിരുന്നുവെന്ന് അബ്ദു പറയുന്നു. ചിലപ്പോൾ കള്ളക്കടത്തുകാർക്കിടയിലെ ബന്ധം മറച്ചുവെക്കാനും ചില പ്രത്യേക യാത്രകളെ ഓർമ്മിച്ചെടുക്കാനുള്ള മാർഗ്ഗമായിട്ടും ചില സ്ഥലനാമങ്ങൾ ഉപയോഗിക്കാറുണ്ട്.

അബ്ദുൽ സൂക്ഷിക്കുന്ന ലോഗ്‌ബുക്

ഓരോ യാത്രാസീസണിലും, ഒരുപാട് ഖോസുകളും ഉണ്ടാകും. ബോട്ട് ഉടമസ്ഥന്റെ വരുമാനവും ജീവനക്കാരന്റെ പ്രതിഫലവും ഒരു സീസണിലെ ഖോസുകളുടെ എണ്ണത്തിന് അനുസരിച്ചായതിനാൽ, പരമാവധി യാത്രകൾ നടത്താനാണ് അവർ ശ്രമിക്കുന്നത്. ഒരു സീസണിൽ ഏഴു യാത്രകളെങ്കിലും നടത്താൻ അവർ ആഗ്രഹിക്കുന്നു.

ഒരുകാലത്ത് ഖോസുകൾ കാലാവസ്ഥക്കനുസരിച്ചും മണ്‍സൂണ്‍ കാലയാളവിനെ അടിസ്ഥാനമാക്കിയുമായിരുന്നു. ലത്തീൻ പായകളുള്ള ദോകൾ കാറ്റിന്റെ ഗതിയനുസരിച്ചാണ് സഞ്ചരിച്ചിരുന്നത്. ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് തെക്ക്പടിഞ്ഞാറോട്ടും ഒക്ടോബർ മുതൽ വടക്കുകിഴക്കൻ ഭാഗത്തോട്ടും കാറ്റടിച്ചുവീശുന്നു. കാച്ചി കപ്പൽ നാവികർ തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്തെ ‘ആഖാർ’ എന്നും കാറ്റ് ഗതിമാറുമ്പോൾ ‘മൗസം’ എന്നുമാണ് വിളിച്ചിരുന്നത്. കപ്പൽ യാത്രികർ വീടുകളിലേക്ക് തിരിക്കുന്ന മഴക്കാലമാണ് ആഖാർ. കടലിൽ ചിലവഴിക്കുന്ന കാലമാണ് മൗസം. ഇക്കാലത്ത് ദോകൾ ഡീസൽ എൻജിനുകളാണ് ഉപയോഗിക്കുന്നതെങ്കിലും കപ്പൽ ജീവനക്കാർ ഇന്നും കാലവസ്ഥ അടിസ്ഥാനത്തിലാണ് ജീവിക്കുന്നത്.

കാലാവസ്ഥയും, കടൽ സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നതിനാൽ ഓരോ യാത്രയും പ്രവചനാതീതമാണ്. ഇന്ത്യൻ മഹാസമുദ്രം കാലാവസ്ഥ വ്യതിയാനം നേരിടുന്നതുകൊണ്ട് പ്രത്യേകിച്ചും. ട്രോപ്പിക്കൽ കാറ്റുകളും സൈക്ലോണുകളും പ്രദേശത്ത് സംഹാരത്താണ്ഡവമാടുന്നു. ആ അപകടസാധ്യതകൾ തന്നെയാണ് ഓരോ ഖോസിനെയും ലാഭ-മൂല്യ ഘടകമാക്കുന്നത്.ഖോസ് ഒരു സാമ്പത്തികഘടകം മാത്രമല്ല. മതവിശ്വാസങ്ങളുമായിട്ടും സമയസങ്കല്പവുമായും കെട്ടുപിണഞ്ഞു കിടക്കുന്നതാണത്. വിജയകരമായ യാത്രക്ക്, കഴിവുറ്റ ഒരു ക്യാപ്റ്റനും നാവികനും ഉപകരണങ്ങളും മതിയായ ജീവനക്കാരും ലാഭകരമായ ചരക്കും നല്ല കാലാവസ്ഥക്കും പുറമെ സൂഫികളുടെ അനുഗ്രഹവും പ്രധാനമാണ്. പ്രവചനാതീതമായ കാലവസ്ഥയായതിനാൽ തന്നെ അവരുടെ ഇടപെടൽ അപകടങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഇൻഷുറൻസായി മാറുന്നു. ആ സന്ദർഭങ്ങളിൽ മനുഷ്യർ നിസ്സഹായരാകുമ്പോൾ കറാമത്തുകൾ കാണിക്കാൻ പ്രാപ്തരായ സൂഫികൽ കപ്പലിലുള്ളവരുടെ സംരക്ഷണം ഉറപ്പവരുത്തുമെന്ന് അവർ കരുതുന്നു.

കാച്ചി കപ്പൽനാവികർ ദര്യ പീർ എന്ന് വിളിക്കുന്ന സിന്ദ് പീറിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഓരോ യാത്രാസീസണിന്റെ തുടക്കത്തിലും ദര്യാ പീറിനെ ബഹുമാനപുരസ്സരം ആദരിക്കുന്ന ചടങ്ങുകളുണ്ട്. അദ്ദേഹത്തിന്റെ കൊടി നഗരങ്ങളിലൂടെ കൊണ്ടുപോവുകയും അടുത്ത സീസണിന് ഒരുങ്ങുമ്പോൾ അത് കപ്പലിൽ നാട്ടുകയും ചെയ്യുന്നു. ദര്യാ പീറിന്റെയും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റു മാഹാത്മാക്കളുടെതുമായി സ്ഥാപിച്ച പച്ചക്കൊടിയാണ് യാത്രയെ നയിക്കുന്നതും കടലിലുള്ളവർക്കും കരയിലുള്ള അവരുടെ ബന്ധുക്കൾക്കും ആശ്വാസമാകുന്നതും. അതിനുപുറമെ, യാത്രക്ക് മുമ്പും യാത്രക്കിടയിൽ കുടുംബക്കാരും കപ്പൽ എപ്പോഴും മാഹാത്മാക്കളുടെ സ്വാധീനത്തിലാണെന്ന് ഉറപ്പുവരുത്താൻ അവരുടെ മഖ്ബറ സന്ദർശിച്ചുകൊണ്ടിരിക്കുന്നു. അത്തരം മഖ്ബറകൾ സൂഫികളുടെ സംരക്ഷണം തേടാനുള്ള പ്രദേശികയിടങ്ങളായി പരണമിച്ചിട്ടുണ്ട്. ഓരോ യാത്രാ സീസണിന്റെ തുടക്കത്തിലും (നവ നാരോജ്) ദര്യാ പീറിനെ അനുസ്മരിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ മാന്ദ്‌വിയിലും ജാം സലായയിലും പതിവുണ്ട്.

ഇർഫാൻ സന്ദർശിച്ച ശാഹ് മുറാദ് ബുഖാരി കടലിലെ രണ്ടാമത്തെ മഹാത്മാവായാണ് അറിയപ്പെടുന്നത്. ബുഖാറയിൽ നിന്നും 1660 കാലത്ത് മുന്ദ്രയിലെത്തിയ അദ്ദേഹം യാത്രക്കിടയിൽ വാഹനിൽ സഞ്ചരിച്ചിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മഹാന്റെ മരണ ശേഷം സ്ത്രീകളും കുട്ടികളും അദ്ദേഹത്തിന്റെ മഖ്ബറയിൽ വന്ന് കടലിലുള്ളവരുടെ സുരക്ഷിതത്വത്തെകുറിച്ച് ആവലാതി ബോധിപ്പിച്ചു കൊണ്ടിരുന്നു. കടലിലേക്കുള്ള വാതായനമായി ഒരു ചെറിയ റൂം അവർ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. അവിടെ നിന്നാൽ കടലിലുള്ള പ്രിയപ്പെട്ടവരുടെ വിശേഷണങ്ങൾ ശൈഖ് മനസ്സിൽ തോന്നിപ്പിച്ചു കൊടുക്കും.

ഇന്ന് ആ റൂം അടച്ചിട്ടിരിക്കുകയാണ്. വാട്സാപ്പിലൂടെയാണ് കടലിലുള്ളവരുടെ വിശേഷങ്ങളറിയുന്നത്. ഇക്കാലത്ത് സോമാലിയായിലേക്കും യെമനിലേക്കും ഒമാനിലേക്കും യു.എ. ഇയിലേക്കും പോകുന്ന വാഹനുകൾ സംരക്ഷണാർത്ഥം അവയുടെ ശില്പമാതൃകകൾ മഖ്ബറകളിൽ വെക്കുകയാണ് ചെയ്യുന്നത്. യാത്രയിലുടനീളം അവരുടെ അനുഗ്രഹമുണ്ടാകുമെന്നതിനാൽ ഓരോ യാത്രയിലും ആ നിശബ്ദ മഹാത്മാക്കൾ ചലിച്ചുകൊണ്ടിരിക്കുന്നു. ഡറേക് വാൾക്കോട്ട് പറയുന്നത് പോലെ “കടലിനൊരു ചരിത്രമുണ്ടെങ്കിൽ അത്, ഭൂതകാലം വർത്തമാനമാകുന്ന, പ്രക്ഷുബ്ധമായ കടലിലുടനീളം അദൃശ്യശക്തികളുടെ സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന ഖോസിന്റെ ചരിത്രമാണ്.”


വിവർത്തനം: എം. അബ്ദുൽ ഫത്താഹ്

Comments are closed.