പുതിയ സങ്കൽപനങ്ങൾ (Concepts) സൃഷ്ടിക്കാത്ത ഒരാള്‍ തത്ത്വചിന്തകനാവില്ലെന്ന് ദില്യൂസും ഗുത്താരിയും  What is Philosophy എന്ന അവരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. വരകള്‍ കൊണ്ടുളള ചിന്തയാണ് ചിത്രകല. സ്വരങ്ങൾ ‍കൊണ്ടുളളത് സംഗീതം. തത്ത്വചിന്തയില്‍ ചിന്തക്ക് ഇന്ധനമാകുന്നത് സങ്കൽപനങ്ങളാണ്. പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം എന്നത് തന്നെ ആയിക്കൊണ്ടിരിക്കല്‍ (Becoming) എന്നതിനെ ഉണ്മക്ക് (Being) കീഴിൽ സ്ഥാപിക്കപ്പെട്ടിട്ടുളള ഒന്നാണ്. അതുകൊണ്ട്, ‘ദില്യൂസിയന്‍ ആയിക്കൊണ്ടിരിക്കൽ’‍ പാശ്ചാത്യ തത്ത്വചിന്താ ചരിത്രത്തില്‍ നിന്നുളള ഒരു വിച്ഛേദം കൂടിയാകുന്നു. Todd May പറയുന്നതു പോലെ ഒരാള്‍ തന്റെ ജീവിതം കൊണ്ട് നടത്തുന്ന പരീക്ഷണങ്ങള്‍ കൂടിയാണത് (How One Might Live?).

ദില്യൂസും ഗുത്താരിയും വ്ലാദിമര്‍ സ്ലെപിയന്‍റെ  Son Of A Bitch എന്ന ചെറുകഥ A Thousand Plalteausൽ ‍ ഉദ്ധരിക്കുന്നുണ്ട്. സ്ലെപിയന്‍ പട്ടി എന്ന ജീവിയെ ഒരിക്കലും വിശന്നുകണ്ടിട്ടില്ല. അയാള്‍ തന്റെ വിശപ്പിനെ മറികടക്കാന്‍ നാല്‍കാലിയാകാൻ ‍തീരുമാനിക്കുന്നു. രണ്ടു കാലിലും കൈയ്യിലും അങ്ങനെ അയാൾ ഷൂസിടുന്നു. അപ്പോള്‍ പ്രശ്നം നാലാമത്തെ കാലിലെ ഷൂ ലൈസ് എങ്ങനെ കെട്ടും എന്നതായി. സ്വാഭാവികമായും വായകൊണ്ട് എന്നതാണ് പരിഹാരം. അവിടെ സ്ലെപിയന്‍ പട്ടിയായിക്കൊണ്ടിരിക്കല്‍ എന്നതിനെ അഭിമുഖീകരിക്കുകയാണ്. പുതിയ പ്രശ്നം വാല്‍ ആണ്. സ്ലെപിയന്‍റെ ചിന്ത ലിംഗത്തിലേക്ക് നീണ്ടു. ഈഡിപ്പലായ‍ ഒരു ചിന്ത ഇവിടെ സ്ലെപിയന്‍റെ ആയിക്കൊണ്ടിരിക്കലിനെ വഴിമുടക്കുകയാണ്.

1972 ല്‍ പുറത്തിറങ്ങിയ ഡാനിയന്‍ മെന്‍ (Daniel Mann)ന്‍റെ Willard എന്ന സിനിമ ജനപ്രീതിയില്ലാത്ത നല്ല സിനിമ എന്ന ഒരു മുഖവുരയോടെ ദില്യൂസും ഗുത്താരിയും ഓര്‍ത്തെടുക്കുന്നുണ്ട്. ഓര്‍മ്മ കൃത്യമാകണമെന്നില്ല എന്ന് കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. ഏകാധിപതിയായ അമ്മയുടെ കീഴിൽ വീട്ടിൽ ‍ഒറ്റയ്ക്ക് താമസിക്കേണ്ടിവരുന്ന വില്ലാര്‍ഡ്. പേടിപ്പെടുത്തുന്ന ഈഡിപ്പല്‍ രംഗം. വീട്ടിലെ എലികളെ മുഴുവന്‍ ചുട്ടുകൊല്ലാന്‍ അമ്മ മകനെ ചട്ടംകെട്ടുന്നു. വില്ലാര്‍ഡ് അതിന് തയ്യാറാകുന്നില്ല. എന്നാൽ എലിക്കൂട്ടവുമായി വില്ലാര്‍ഡ് സൗഹൃദത്തിലാവുന്നു. പ്രത്യേകിച്ച്, അവരുടെ നേതാവായ ബെന്‍ എന്നു പേരുളള എലിയുമായി. എലികളുടെ പറ്റവുമായി വില്ലാർഡ് തന്‍റെ ബോസിന്‍റെ വീട്ടിലെത്തുന്നു. പക്ഷെ അവിടെ വെച്ച് എലികള്‍ വില്ലാര്‍ഡിന്‍റെ ബോസിനെ കൊലപ്പെടുത്തുന്നു. അതിനിടെ വില്ലാര്‍ഡ് തനിക്ക് പ്രിയപ്പെട്ട രണ്ട് എലികളുമായി (സോക്രട്ടീസും ബെന്നും) ഓഫീസിലെത്തുന്നു. അതില്‍ സോക്രട്ടീസ് എന്ന എലിയെ അവിടത്തെ ജോലിക്കാര്‍ കൊലപ്പെടുത്തുന്നതിന് ബെന്‍ സാക്ഷിയാവുന്നു. ബെന്‍ ഒരു വിധം അവിടെ നിന്നും ഓടി രക്ഷപ്പെടുത്തുന്നു. വില്ലാര്‍ഡിന്‍റെ എലിയായി മാറിക്കൊണ്ടിരിക്കലിന് അങ്ങനെ താൽക്കാലിക വിരാമമാകുകയായിരുന്നു അവിടെ. അയാൾ മനുഷ്യർക്കിടയിൽ സ്വയം തളച്ചിടാന്‍ പരമാവധി ശ്രമിച്ചു. അയാള്‍ തന്‍റെ ഓഫീസിൽ തന്നെ സമീപിച്ച, എലിയുടെ മുഖച്ഛായയുളള, ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകാനും ശ്രമം നടത്തി. പക്ഷെ അവൾക്ക് എലിയോടുണ്ടായിരുന്നത് കേവലം രൂപസാദൃശ്യം മാത്രമാണെന്ന് ഓര്‍ക്കണം. ഒരു ദിവസം വില്ലാര്‍ഡ് അങ്ങനെ അവളെ കാണാന്‍ ഒരുങ്ങിയിറങ്ങിയ രാത്രിയിൽ,‍ ഒരു ഈഡിപ്പൽ പുനഃസമാഗമത്തിന് വേദിയൊരുങ്ങാനിരിക്കെ അവിടേക്ക് ബെന്‍ പ്രത്യക്ഷപ്പെടുന്നു. വില്ലാഡ് ക്രൂദ്ധനായ ബെന്നിനെ ആട്ടിയകറ്റാന്‍ ശ്രമിച്ചുവെങ്കിലും ആ പെണ്‍കുട്ടി അകന്നുപോയതാണ് അവസാനം സംഭവിച്ചത് (താഴത്തെ നിലയിലേക്ക് ബെന്നിന്റെ വശീകരണത്തിൽ പെട്ട് താഴെയെത്തിയ വില്ലാർഡിനെ കാത്തിരുന്നത് എലികളുടെ ഒരു പട്ടാളമായിരുന്നു). ദില്യൂസും ഗുത്താരിയും ഓര്‍മ്മിക്കുന്നു “It is like a tale, it is never disturbing”.

ഇവിടെ വില്ലാര്‍ഡ് എലികളെ അനുകരിക്കുന്നില്ല. മറിച്ച് അയാളും എലികളുടെ പറ്റത്തില്‍ ചേരുന്നു. വില്ലാര്‍ഡിന് അമ്മയിലേക്കും, കുടുംബത്തിലേക്കും, മനുഷ്യരുടെ ഇടയിലേക്കും എല്ലാം തിരിച്ചു പോകുമായിരുന്നു. പക്ഷെ മറുഭാഗത്ത്, എലി ആയിക്കൊണ്ടിരിക്കുന്നതിലൂടെ അതിന് (അവർക്കെല്ലാം) പുറത്തേക്കുളള ഇടനാഴികള്‍ പണിയുകയായിരുന്നു വില്ലാര്‍ഡ്.

ആന്ദ്രേ ലിറോയ് ഗര്‍ഹന്‍ (Andre Liroi Gourhan) അദ്ദേഹത്തിന്‍റെ Gesture and Speech എന്ന പുസ്തകത്തില്‍ നിവര്‍ന്നു നില്‍ക്കുന്നതാണ് ഭാഷക്കുളള മുന്നുപാധി എന്ന് പറയുന്നുണ്ട്. നാല്‍ക്കാലികള്‍ക്ക് വായ തിന്നാനും പിടിക്കാനും (Grasp) എല്ലാമുളളതാണ്. നാല്‍ക്കാലികളുടെ മുന്‍കാലുകള്‍ മറ്റൊന്നായി പരിണമിച്ചതോടെ വായയുടെ ധർമ്മം മാറുകയായിരുന്നു. കൈകൾ ‍ഉപയോഗിച്ചു കൊണ്ട് നിവര്‍ന്നു നില്‍ക്കുവാനും തുടങ്ങിയതോടെ വായ കൊണ്ട് സംസാരം സാധ്യമായിത്തീര്‍ന്നെന്ന് ലിറോയ് ഗര്‍ഹന്‍ പറയും.

എന്നാൽ സ്ലെപിയന്‍റെ പട്ടിയായിക്കൊണ്ടിരിക്കല്‍ എന്നത് ഗര്‍ഹന്‍ പറയുന്നതിന്റെ വിപരീത ദിശയില്‍ സംഭവിക്കുന്നതാണ്. വായ അതിന്‍റെ പഴയ ധര്‍മ്മത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ ചില ഭാവശക്തി പ്രവാഹങ്ങള്‍ (Affect) സാധ്യമാവുകയും മറ്റു ചിലവ അസാധ്യമാവുകയും ചെയ്യുന്നു. ഇവിടെ ആയിക്കൊണ്ടിരിക്കല്‍ സ്ഥൂലമൃഗത്തിന്‍റെ (Molar Animal) അനുകരണമല്ല, മറിച്ച് എല്ലാ ആയിക്കൊണ്ടിരിക്കലും ഒരേസമയം സൂക്ഷ്മവും (Molecular), തീക്ഷ്ണവുമാണ് (Intensity). തീക്ഷ്ണതക്ക് ഒരു പ്രത്യേക മൂല്യം ഇല്ല. തീക്ഷ്ണത തന്നെ ഒരു മൂല്യമാണ്. ജീവിതത്തിന്‍റെ മിച്ച മൂല്യം (Surplus Value), എന്ന് മസ്സുമി (Brian Massumi) എഴുതിയിട്ടുണ്ട്.

A Thousand Plateauesല്‍ ഉടനീളം ക്ലിസ്റ്റിന്‍റെ (Henrich Von KIeist) പെന്തസീലിയ (Penthesilea) യെക്കുറിച്ച് ദില്യൂസും ഗുത്താരിയും പരാമര്‍ശിക്കുന്നുണ്ട്. റോമൻ നായകനായ അക്കിലിസും, ആമസോണ്‍ യുദ്ധറാണിയായ പെന്തസീലിയയും തമ്മിലുളള ട്രോജന്‍ യുദ്ധ പോരാട്ടത്തെ പുനര്‍ഭാവന ചെയ്യുകയാണ് ക്ലിസ്റ്റ് ചെയ്യുന്നത്. അക്കിലിസ് പെന്തസീലയയെ വധിക്കുന്നതാണ് നമ്മള്‍ അറിയുന്ന കഥ. എന്നാല്‍, അക്കിലിസും പെന്തസീലിയയും അവരവരുടെ സേനകളെ അരികുകളില്‍ നിന്ന് നയിക്കുകയാണ്. ഇവര്‍ക്കിടയിലെ ഭാവശക്തിസംഘര്‍ഷങ്ങളാണ് ക്ലിസ്റ്റിന്‍റെ നാടകത്തെ നയിക്കുന്നത്. ഒടുക്കംവേട്ടപ്പട്ടികളുടെ പറ്റത്തെ നയിക്കുന്ന പെന്തസീലിയ അക്കിലിസിനെ കടിച്ചുകീറി കൊല്ലുന്നതാണ് പ്രമേയം. ഇവിടെ പെന്തസീലിയ പടനയിക്കുന്നതോടൊപ്പം വേട്ടപ്പട്ടി ആയിത്തീര്‍ന്നുകൊണ്ടിരിക്കുകയുമാണ്. അവള്‍ ഒരു വളര്‍ത്തു നായ ആയി മാറുന്നില്ല. ഒന്നിനേയും, ആരേയും പ്രതിനിധാനം ചെയ്യുന്നില്ല. പകരംപെന്തസീലിയയുടെ ആയിത്തീര്‍ന്നുകൊണ്ടിരിക്കല്‍ ഉടലുണര്‍വുകളുടെ (Affect) ഒഴുക്കിലൂടെ സാധ്യമാകുന്ന ഒന്നാണ്. പെന്തസീലിയ വേട്ടനായയെ പോലെയല്ല. മറിച്ച്, അതുതന്നെയാണ്. വേട്ടനായ കൂട്ടത്തെ പ്രവര്‍ത്തനക്ഷമമാക്കിയ അതേ ഡയഗ്രം പെന്തസീലിയയും (യയിലും) പരീക്ഷിക്കുകയും പ്രശ്നവല്‍ക്കരിക്കുകയുമാണ് ചെയ്യുന്നത്.

അനേകതകള്‍ക്കിടയില്‍ (Multiplicity) അതിനെ കവിഞ്ഞു നില്‍ക്കുന്ന ഒരാള്‍ ഉണ്ടാവുകയും, ക്ലിസ്റ്റിന്‍റെ പെന്തസീലിയയെ പോലെ തെറിച്ചു നില്‍ക്കുന്നവൾ (Anomalous) ‍. അവരാണ് വായ്ത്തല മൂര്‍ച്ചകള്‍. അതുകൊണ്ടു മാത്രമെ മുറിക്കാൻ കഴിയൂ. ഇത്തരം ആയിത്തീരലുകളില്‍ അവ അതിപ്രധാനമാണ്. ‘Anomalous is neither an individual nor a species’ എന്ന് ദില്യൂസും ഗുത്താരിയും പറയും. അതെപ്പോഴും അതിര്‍ത്തിയില്‍ ആയിക്കൊണ്ടിരിക്കുന്ന പ്രതിഭാസം (Bordering Phenomenon) ആണ്. അതുകൊണ്ടു തന്നെ ഈ അതുല്യ വ്യക്തിയുടെ ഇടം ചരിത്രത്തിലെയോ ജീനിയോളജിയിലെയോ സവിശേഷ സ്ഥാനം കൊണ്ടോ ജന്മഗുണം കൊണ്ടോ അടയാളപ്പെടുത്തുക സാധ്യമല്ല. സൂക്ഷിച്ചു നോക്കിയാല്‍ മാത്രം അയാള്‍ ഒരുവ്യക്തി അല്ലെന്നും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.

അനേകതകളെ അവയുടെ ഘടകങ്ങളുടെ കേവലമായ ടോട്ടാലിറ്റിയായി അല്ല കാണേണ്ടത്. അവ അതിര്‍ത്തിയാല്‍ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ തന്നെ, ആ അതിര്‍ത്തിയെ സ്ഥലപരമായുമല്ല മനസ്സിലാക്കേണ്ടത്. അത് പറ്റത്തെ – കൂട്ടം – തിരിച്ച് സ്ഥലപരമായ ഒരു ഏകതയായി പരിവര്‍ത്തിപ്പിക്കുകയും അതുവഴി സ്വയം ഒരു സ്പീഷിസ് ആയി പരിണമിക്കുകയും ചെയ്തേക്കാം.

പറ്റം (Pack) എന്നതിനെ ഒരു ശരീരമായി കാണുകയെന്നത് പ്രധാനമാണെന്ന് തോന്നുന്നു. അതൊരു ജനസഞ്ചയമാണ് (Population). ഒരു തെരുവും കവലയും ഒക്കെപോലെ നിരാകാരമായ ഒഴുക്കായി അതിനെ വേണമെങ്കിൽ സങ്കല്‍പ്പിക്കാം. സ്പിനോസയുടെ ചോദ്യം ആവര്‍ത്തിച്ചാല്‍ ഉടലിന് ചെയ്യാന്‍ കഴിയുന്നത് എന്തെന്ന് നമുക്ക് മുന്‍കൂറായി അറിയാന്‍ മാര്‍ഗ്ഗങ്ങളില്ല. ഏത് തീവ്രതയിലാണ് ഉടലുണര്‍വുകള്‍ പ്രവര്‍ത്തനക്ഷമമാവുന്നത് എന്ന് നമുക്കറിയില്ല. ഉടലുണര്‍വുകളുടെ പാരമ്യതയില്‍ അതിര്‍ത്തി ദൃശ്യമായി തുടങ്ങുന്നു. അതിനുമപ്പുറത്തേക്ക് അത് മറ്റെന്തോ ആയിക്കൊണ്ടിരിക്കുന്നു.

മൃഗമായിക്കൊണ്ടിരിക്കല്‍ (Becoming Animal) എന്നത് ഒരു തരം ദുര്‍മന്ത്രവാദമായി മാറുന്നത് അതിന് പിശാചുമായുളള ബന്ധത്തില്‍ നിന്നാണ് (Alliance). പിശാച് മൃഗസഞ്ചയത്തിന്‍റെ അതിര്‍ത്തിയിലാണ് താമസിക്കുന്നത്. ഇവിടേക്കാണ് മനുഷ്യന്‍ കാല് കുത്തുന്നത്. അത് മറ്റൊരു പറ്റവുമായുളള സഖ്യത്തിലൂടെ മാത്രം സാധ്യമാവുന്നതാണ്.

ദില്യൂസും ഗുത്താരിയും പറയുന്ന മൂന്നു വിധം മൃഗങ്ങള്‍ ഇവിടെ പരാമര്‍ശപ്രധാനമാണെന്ന് കരുതുന്നു. ഒന്ന്, മനോവിശ്ലേഷണത്തിന് (Psychoanalysis) ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങൾ,‍ അഥവാ ഈഡിപ്പൽ മൃഗങ്ങള്‍ ആണ്. ഇവ നമ്മുടെ വീട്ടിലെ മറ്റംഗങ്ങളെ പോലെ തന്നെയാണ് (Individuated Animal). മറ്റൊന്ന്, ഭരണകൂട മൃഗങ്ങള്‍ (Animal with Characteristics) എന്ന് വിളിക്കുന്നവയാണ്. ഇവ നമ്മുടെ മിത്തുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എലിയും, ഉറുമ്പും, ചെന്നായും ഒക്കെ ഉള്‍പ്പെടുന്ന മൂന്നാമതൊരു വിഭാഗം പൈശാചിക മൃഗങ്ങളെ കുറിച്ചും (Demonic Animals) ദില്യൂസും ഗുത്താരിയും പ്രതിപാദിക്കുന്നുണ്ട്. അവയാണ് ആയിക്കൊണ്ടിരിക്കല്‍ ശേഷിയുളള ജീവികള്‍.

ഇവിടെ ദില്യൂസും ഗുത്താരിയും പുതിയ വര്‍ഗീകരണം കൊണ്ടുവരികയല്ല ചെയ്യുന്നത്. ഏത് ജീവിയേയും, ഈ മൂന്ന് വിധത്തിലും മനസ്സിലാക്കാവുന്നതാണ്. ഏത് മൃഗത്തിനും പൈശാചികമായ ‘ആയിക്കൊണ്ടിരിക്കല്‍’ ശേഷിയുണ്ട്. ജന്മബന്ധങ്ങള്‍ക്കല്ല മറിച്ച് നെറ്റ്വർക്കുകൾക്കും സഖ്യങ്ങള്‍ക്കും ആണിവിടെ പ്രധാന്യം.

പ്രകൃതിചരിത്രം (Natural History) പ്രധാനമായും ബന്ധങ്ങളെ മനസ്സിലാക്കുക ശ്രേണികളിലും (Series), ഘടനകളിലും (Structure) എല്ലാം ഒതുക്കിക്കൊണ്ടാണ്. ഉദാഹരണമായി പന്താര (Panthera) എന്ന ജനുസ്സില്‍ പെടുന്ന ജന്തുക്കളാണ് പുലി, പുളളിപ്പുലി, കടുവ ഇവയൊക്കെ. മത്സ്യത്തിന്‍റെ ചെതുമ്പലുകളോട് കരജീവികളുടെ കൈകാലുകളെ നമുക്ക് താരതമ്യം ചെയ്യാന്‍ കഴിയുന്നത് അതുകൊണ്ടാണ്. ഇത്തരം സദൃശ്യ നിയമങ്ങള്‍ പ്രകൃതിചരിത്രം വിട്ട് പരിണാമത്തിലും (Evolution) പിന്തുടരുന്നുണ്ട്. പക്ഷെ, മനുഷ്യന്റെ മൃഗമായിക്കൊണ്ടിരിക്കല്‍ ഇവിടെ അചിന്ത്യമായ ഒന്നാണ്. പരിണാമം അംഗത്വ സംബന്ധിയാണെങ്കില്‍ (Filiation) ആയിക്കൊണ്ടിരിക്കല്‍ സഖ്യത്തിലൂടെയും സമ്പര്‍ക്കത്തിലൂടെയും സാധ്യമാവുന്നതും, നിരന്തരം പരീക്ഷണോന്മുഖമായതുമായ ഒന്നാണ്. പൂച്ചക്കും ബബൂണിനും ഇടയില്‍ സീ വൈറസിന്‍റെ (C Virus) മദ്ധ്യസ്ഥതയില്‍ നടക്കുന്ന അനുവര്‍ത്തനം (Becoming) ശ്രേണികള്‍ക്കും ഘടനകള്‍ക്കും കുറുകെ സംഭവിക്കുന്നതാണ്.

മനുഷ്യരിലും മൃഗങ്ങളിലുമെല്ലാം ബാന്‍ഡുകള്‍ പെരുകുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. യുദ്ധവും, രോഗപ്പകര്‍ച്ചയും, പ്രകൃതി ദുരന്തങ്ങളും അങ്ങനെ തന്നെയാണ്. പ്രകൃതി വിരുദ്ധമായ പങ്കാളിത്തങ്ങളും സംബന്ധങ്ങളും ഒക്കെയാണ് പ്രകൃതി സാമ്രാജ്യത്തിന്‍റെ താക്കോല്‍ക്കൂട്ടം. പിങ്ക് പാന്തര്‍ (Pink Panther) ലോകം മുഴുവന്‍ പിങ്ക് നിറത്തില്‍ ചായം പൂശുന്നതിനെക്കുറിച്ച് ദില്യൂസും ഗുത്താരിയും സൂചിപ്പിക്കുന്നുണ്ട്. ഓര്‍ക്കിഡും തേനീച്ചയും രണ്ട് അനേകതകള്‍ ആയിരിക്കുമ്പോഴും നിലനിൽപിനായി പരസ്പരം ആശ്രയിക്കുന്നു, ആയിക്കൊണ്ടിരിക്കുന്നു – ഓര്‍ക്കിഡിന്‍റെ തേനീച്ച ആയിക്കൊണ്ടിരിക്കലും, തേനീച്ചയുടെ ഓര്‍ക്കിഡായിക്കൊണ്ടിരിക്കലും. പക്ഷെ നമ്മള്‍ ഒരിടത്തും ഓര്‍ക്കിഡ്-തേനീച്ചയെ (Orchid-Wasp Hybrid) കാണുന്നില്ല.

ഇവിടെയെല്ലാം ഉണ്മക്കല്ല ആയിക്കൊണ്ടിരിക്കല്‍ എന്ന പ്രക്രിയക്കാണ് പ്രാധാന്യം. അത് ഒരിക്കലും പണി തീരാത്തതും എപ്പോഴും നടുക്ക് (Middle) നടന്നുകൊണ്ടിരിക്കുന്നതുമാണ്. Middle എന്നതിന് സ്ഥിതിവിവരക്കണക്കുകളില്‍ നമ്മള്‍ പറയുന്ന മാധ്യം (Median) എന്നതുമായി ബന്ധമൊന്നുമില്ല. പറഞ്ഞുവരുന്നത് രണ്ടിനും ഇടക്കുളള ഒത്തുതീര്‍പ്പല്ല അനുവര്‍ത്തനം എന്നതാണ്.

ദില്യൂസിന്‍റെയും ഗുത്താരിയുടെയും ഊന്നല്‍ മൃഗമായിക്കൊണ്ടിരിക്കല്‍ എന്നതില്‍ ഒതുങ്ങുന്നതല്ല. അത് കുട്ടി ആയിക്കൊണ്ടിരിക്കല്‍ (Becoming Child), തന്മാത്ര ആയിക്കൊണ്ടിരിക്കല്‍ (Becoming Molecule), അഗോചരമായിക്കൊണ്ടിരിക്കല്‍ (Becoming Imperceptible) എന്നിങ്ങനെ നീണ്ടുപോകുന്നു. മുതിര്‍ന്നവര്‍, പുരുഷന്‍ എന്നിവ നോം ആയിരിക്കുമ്പോള്‍, ആണ്‍ ആയിക്കൊണ്ടിരിക്കുക എന്നത് അസാധ്യമാണ്. ആയിക്കൊണ്ടിരിക്കുക എന്നത് എപ്പോഴും ന്യൂനപക്ഷാത്മകമാണ് (Minoritarian).

ന്യൂനപക്ഷം എന്നത് വലിപ്പത്തിന്റെയോ, എണ്ണക്കുറവിന്‍റെയോ വിഷയമല്ലെന്ന് ദില്യൂസും ഗുത്താരിയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിനെ നിര്‍വ്വചിക്കുന്നത് അനുവര്‍ത്തനങ്ങളും അസ്ഥിരമായ അതിര്‍ത്തികളുമാണ്. അത് ഭൂരിപക്ഷത്തെ നിര്‍ണ്ണയിക്കുന്ന സ്വയംസിദ്ധ തത്ത്വങ്ങളോട് (Axioms) കലഹിക്കുന്നു. എപ്പോഴും തെറിച്ചുനില്‍ക്കുന്നതും ഭൂരിപക്ഷ ഭരണകൂട രാഷ്ട്രീയത്തിന് തളയ്ക്കാനും മെരുക്കാനും കഴിയാത്തവണ്ണം പൈശാചികതയുളളതുമായ ഒന്നാണ് ന്യൂനപക്ഷ രാഷ്ട്രീയം, ‘It It is hard to see what an Amazon state would be, a women’s state or a state of erratic worker, a state of the ‘refusal’ of work’.

കുട്ടി ആയിക്കൊണ്ടിരിക്കല്‍ എന്നത് മുതിര്‍ന്ന് മൂപ്പെത്തുമ്പോള്‍ തിരഞ്ഞുപിടിച്ച് തമസ്ക്കരിക്കപ്പെടുന്ന സ്വഭാവങ്ങളുടേയും ചേഷ്ടകളുടേയും ‘വീണ്ടും തളിര്‍ക്കൽ’‍ കൂടിയാണ്. അതായത് എങ്ങനെയും എങ്ങോട്ടും വഴിപിഴക്കാവുന്ന ശൈശവത്തിന്‍റെ തിരിച്ചുപിടിക്കലാണ്. (കുട്ടിയായിരിക്കല്‍ എന്നതിന് ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആയ ഓര്‍മ്മയുമായി ബന്ധമൊന്നുമില്ല) വെര്‍ജിനിയ വൂള്‍ഫ് (Virginia Woolf) എഴുതിയതുപോലെ അത് കുട്ടിക്കാലം ആയിരിക്കുമ്പോഴും തന്‍റേത് തന്നെയായിരിക്കണമെന്നുന്നില്ല. കുട്ടി എന്നത് ആനന്ദത്തിന്‍റെ അതിരുവിട്ട സാധ്യതകളുടെ കലവറയാണ്. അതിന് പ്രത്യുൽപാദനവുമായോ, ലൈംഗികമായിത്തന്നെയോ ബന്ധമുണ്ടായിരിക്കണമെന്നില്ല. അതുകൊണ്ടു കൂടിയാണ് ദില്യൂസും ഗുത്താരിയും പറയുന്നത് “കുട്ടികള്‍ മുതിര്‍ന്നവരായിത്തീരുന്നില്ല. അതുപോലെ, ഒരു പെണ്‍കുട്ടിയും പെണ്ണാകുന്നുമില്ല. പെണ്‍കുട്ടി ഓരോ ലിംഗത്തിന്‍റെയും സ്ത്രീ ആയിക്കൊണ്ടിരിക്കല്‍ ആണ്. കുട്ടി എന്നത്ഏത് പ്രായത്തിന്‍റെയും യുവത്വം അയിക്കൊണ്ടിരിക്കലാണ്. പെണ്‍കുട്ടി പ്രായമെത്തി സ്ത്രീയായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷെ, അതിനെ സ്ത്രീ ആയിക്കൊണ്ടിരിക്കല്‍ എന്ന് വിളിക്കാന്‍ കഴിയില്ല. സ്ത്രീയും പുരുഷനുമെല്ലാം അവരുടെ സൂക്ഷ്മതലത്തില്‍ സ്ത്രീയോ കുട്ടിയോ ആയിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ സ്ഥൂല ലിംഗപദവികള്‍ (Molar Gender) വിട്ട് കൂടുതല്‍ സൂക്ഷ്മമാവുകയാണ്.

സ്ത്രീ ആയിക്കൊണ്ടിരിക്കുക എന്നത് സ്ത്രീയെക്കാള്‍ ഒരു പക്ഷേ, പുരുഷന് പ്രധാനമാണ്. ഇവിടെ നൈതികത എന്നത് അനുസരിക്കുക, പിന്തുടരുക എന്നതിനപ്പുറം ഒരു തൃഷ്ണാവിഷയമാണ് (Desire). ഒരാള്‍ തന്‍റെ ചെയ്തികളുടെ വരുംവരായ്കകള്‍ അറിഞ്ഞുകൊണ്ട് ചിലതൊക്കെ ചെയ്യുന്നത് നൈതികതയുടെ വിഷയമാണല്ലോ. എല്ലാ അനുവര്‍ത്തനങ്ങളും സ്ത്രീയായിക്കൊണ്ടിരിക്കുക എന്നതില്‍ തുടങ്ങുകയോ അതുവഴി കടന്നുപോവുകയോ ചെയ്യുന്നുണ്ട്. അതിനൊരു കാരണം പുരുഷന്‍ ആയിക്കൊണ്ടിരിക്കുക എന്നൊന്നില്ല എന്നതാണ് ,അത് ഭൂരിപക്ഷാത്മകമാണ് (Majoritarian).

പുരുഷന്‍ എന്നത് ഉണ്മകള്‍ക്കിടയില്‍ മറ്റൊന്ന് മാത്രമല്ല, അത് വിഷയി (Subject) തന്നെയാണ്. ഇവിടെ മറ്റ് ഉണ്മകളും ആയിത്തീരലുകളും പുരുഷ കാഴ്ചപ്പാടിലും അടിസ്ഥാനത്തിലും വിശദീകരിക്കപ്പെടുന്നു. പുരുഷന്‍ എന്ന സങ്കൽപം തന്നെ അതീതത്വ ധാരണയുടെ (Transcendence) യുക്തിയില്‍ നില്‍ക്കുന്നതാണ്. സവിശേഷപദവി അലങ്കരിക്കുന്ന ഒരു ഉണ്മ എല്ലാ അനുഭവങ്ങളുടേയും കേന്ദ്രമായിരിക്കുമ്പോള്‍ മാത്രമാണ് മനസ്സിന്‍റെ/ബോധത്തിന്‍റെ ആന്തരിക ജീവിതത്തിനും, അതിന് കാണാനും പ്രതിനിധാനം ചെയ്യാനും പാകത്തിലുളള പുറം ലോകത്തിനും, ഇടയില്‍ ഒരു കണിശ വിഭജനം സാധ്യമാവുകയുളളൂ. പുരുഷന്‍ ഭൂരിപക്ഷാത്മകമാവുന്നത് അവന്‍റെ എണ്ണം മറ്റുളളവരെ കവിഞ്ഞുനില്‍ക്കുന്നതുകൊണ്ടല്ല, മറിച്ച്ഏത് ഉണ്മയും പുരുഷന്‍ എന്നതിന്റെ കീഴില്‍ ഉള്‍പ്പെടുത്താം എന്നതുകൊണ്ടാണ്.

കോള്‍ബ്രൂക്ക് (Claire Colebrook) ബഹുലസാംസ്കാരികത (Multiculturalism) എന്നത് വിശദീകരിക്കുന്നത് നോക്കുക. നമ്മള്‍ ഭിന്ന സംസ്കാരങ്ങളെ നിലനില്‍ക്കാന്‍ അനുവദിക്കണമെന്നതിന് കാരണമായി അവർ പറയുന്നത്, “അടിത്തട്ടില്‍ നമ്മളെല്ലാം ഒരാണ്‍ കുടുംബത്തിലെ അംഗങ്ങളായതുകൊണ്ടാണ്. വംശീയത എന്നത് ദില്യൂസിനും ഗുത്താരിക്കും പുറന്തളളല്‍ അല്ല. മറിച്ച്, ഉള്‍ക്കൊളളുന്നതില്‍ ആണ് അതിന്റെ സ്വേച്ഛാധിപത്യവും ഹിംസയും. റേസിസത്തിന്റെ പുരുഷ മാനദണ്ഡമാണ്. ഒരു സാമ്പ്രദായിക വംശീയവാദിക്ക് അപരം മനുഷ്യത്വമില്ലാത്തവന്‍ (Inhuman) ആണെങ്കില്‍, സന്മാർഗ്ഗിക്ക് അപരം തന്നെപ്പോലെ തന്നെയുളള ഒരാള്‍ ആണ്. നമ്മള്‍ വെളുത്തവര്‍, പാശ്ചാത്യര്‍, അപരസംസ്ക്കാരങ്ങളെ നമ്മളെപ്പോലെ മറ്റൊന്നായി തിരിച്ചറിഞ്ഞാൽ മാത്രം മതി.” (കോള്‍ബ്രൂക്ക്)

അനന്യതക്ക് (Identity) അപ്പുറം ജിവിതത്തിന്‍റെ അന്തരത്തെക്കുറിച്ച് (Difference) ചിന്തിക്കുന്നതിന് ഇവിടെ പ്രധാന വിലങ്ങുതടിയാവുന്നത് പുരുഷന്‍ എന്ന സങ്കൽപം തന്നെയാണ്. ലോകത്തിലെ വ്യത്യാസങ്ങളുടെ ആവിഷ്ക്കാരത്തെ അവമതിക്കാനും അതിനെ കേവലം വേഷം (Appearance) മാത്രമായി കാണാനും ഇത് കാരണമാകുന്നു. ലോകത്തെ ഇന്ദ്രിയാവബോധത്തിലൂടെ നമുക്ക് അറിയാന്‍ കഴിയുന്ന ഒരു വസ്തുവായല്ല കാണേണ്ടത്. പകരം പ്രതിരൂപമില്ലാത്ത അവബോധതലമായിട്ടാണ്. പുരുഷന്‍ പുറം ലോകത്തെ അിറയുന്ന ഒരു വിഷയി ആണ്. പുരുഷന്‍ എന്നത് ചരിത്രപരവും, സാംസ്കാരികവും ആണ് എന്നൊക്കെ ഇവിടെ വ്യാഖ്യാനിച്ചാലും ചരിത്രവും, സംസ്കാരവും തന്നെ ആണിന്‍റെ ആയിക്കൊണ്ടിരിക്കല്‍ ആയാണ് പരിഗണിക്കുന്നത്.

ആണിന് പകരം പെണ്ണിനെ സ്ഥാപിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടില്ല. അപ്പോഴും നമ്മള്‍ വിഷയിയുടെ യുക്തിക്ക് തന്നെ കീഴ്പ്പെട്ടിരിക്കുകയും അതിന്‍റെ ദൃഷ്ടിയില്‍ തന്നെ ആയിക്കൊണ്ടിരിക്കലിനെ നോക്കിക്കാണുന്നതും തന്നെയാകും ഫലം. മറിച്ചുളള ലോകം എനിക്ക് അിറയാനും അനുഭവിക്കാനും പ്രതിനിധാനം ചെയ്യാനും പാകത്തിലുളള ഒന്നായിരിക്കില്ല. അന്തരത്തിന്‍റെയും അനുവര്‍ത്തനത്തിന്‍റെയും ആയിരിക്കും. അതിലെ ഒരു ബിന്ദുവിനും മറ്റൊന്നിനുമേല്‍ സവിശേഷ പദവി ഉണ്ടാകില്ല. ‘To think other than man requires that we think other than being’. ഓര്‍ക്കുക, പുരുഷന്‍റെ അപരനെക്കുറിച്ചുളള ചിന്തയല്ല ഇവിടെ വിവക്ഷ, അത് നമ്മെ വീണ്ടും ഉണ്മയുടെ കെണിയില്‍ വീഴ്ത്തും. പുരുഷന്‍ എന്ന ഉണ്മക്കപ്പുറം സ്ത്രീ ആയിക്കൊണ്ടിരിക്കല്‍ എന്നതാണ്. ഉണ്മയല്ലാതെ ആയിക്കൊണ്ടിരിക്കുക , ആണല്ലാതെ ആയിക്കൊണ്ടിരിക്കുക എന്നതാണ് വിവക്ഷിതം.

എല്ലാ അനുവര്‍ത്തനങ്ങളുടേയും തുടക്കം അന്വേഷിക്കുകയെന്നത് ഒരു പാശ്ചാത്യ രോഗമാണ്. ഫ്രോയിഡ് (Sigmund Freud) തന്‍റെ ചെന്നായ് മനുഷ്യന്‍റെ (Wolfman) സ്വപ്നകാരണം തേടിയത് രോഗിയുടെ ശൈശവത്തിലാണ്. കുട്ടിയായിരിക്കുമ്പോള്‍ അയാള്‍ സാക്ഷിയാകേണ്ടി വന്ന തന്‍റെ അച്ഛനമ്മമാരുടെ ഇണചേരലിലേക്ക് എല്ലാം ചുരുക്കുന്നു. W എന്ന അക്ഷരം വേലക്കാരി പെണ്ണിന്‍റെ കവച്ചുവെച്ച കാലുകളും അതുവഴി അമ്മയിലേക്ക് എത്താനുളള കുറുക്കുവഴിയുമാവുന്നു. ഫ്രോയിഡിന്‍റെ ചുരുക്കല്‍ കാഴ്ച്ച ഇവിടെ ഒതുങ്ങുന്നില്ല. അഞ്ച് എന്നു കേള്‍ക്കുമ്പോള്‍, അത് അഞ്ച് എന്ന റോമനക്കവും (V) കവച്ചുവെച്ച കാലുകളും ആകുന്നു. ആ ചെന്നായ അച്ഛന്‍ തന്നെ. 0 എന്നത് അച്ഛന് വാൽ നഷ്ടമായി. അയാൾ ലിംഗച്ഛേദം നടത്തുക മാത്രമല്ല ലിംഗം ച്ഛേദിക്കപ്പെവൻ കൂടിയാണ്. ‘Who is Fraud trying to fool? The wolves never had a chance to get away and save their pack’. ഫ്രാനി ചെന്നായയെ കുറിച്ചുള്ള ഒരു പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ‘നിനക്ക് ഒരു ചെന്നായ ആകണോ?’ എന്ന ചോദ്യത്തിന് ‘അവളുടെ മറുപടി ‘നിങ്ങൾക്ക് ഒരു ചെന്നായ ആകാൻ കഴിയില്ല, ചെന്നായ എപ്പോഴും എട്ടും ഒമ്പതും ആറും ഏഴും ഒക്കെയാണ്. അതെല്ലാം നിങ്ങൾ ഒന്നിച്ച്, ഒറ്റക്കാകലല്ല. ‘അഞ്ചാറെണ്ണത്തിന്റെ ഇടയിൽ നിങ്ങളും. എന്നാൽ ഫ്രോയിഡിയൻ അതി നിർണ്ണയം (Over Determination) സങ്കീർണവും വിഭിന്നവുമായ ഉടലുണർവുകളെ ഒരു ആദിരംഗത്തിലേക്കു ചുരുക്കുകയാണ്.

കുട്ടി ‘ചെന്നയായിൽ’ ആകൃഷ്ടനായത് ‘ചെന്നായ’ മറ്റെന്തിനെയോ പ്രതിനിധാനം ചെയ്യുന്നത് കൊണ്ടല്ല, മറിച്ച് തീർത്തും വ്യതിരിക്തമായ ‘ആയിക്കൊണ്ടിരിക്കൽ പ്രകാരങ്ങൾ’ (Mode Of Becoming) കൊണ്ടാണ്. അവ പറ്റമായി സഞ്ചരിക്കുന്നു. രാത്രിയിൽ അലഞ്ഞുതിരിയുന്നു. ഇവിടെ കാമനകൾ ഭാവശക്തികളുടെ അനേകതയിലേക്ക് തുറക്കുന്നു. ‘ചെന്നായ’ക്കു ചെയ്യാൻ കഴിയുന്നത് ഏതെങ്കിലും ‘ചെന്നയ്ത്തരത്തിലേക്കു’ ചുരുക്കാൻ കഴിയില്ല. അതിന്റെ സ്വഭാവം തന്നെ ഒന്നല്ല, ഒരു കെട്ടാണ്. കാമനകൾ അഭാവമോ (Absence) അതിന്റെ പൂരിപ്പിക്കലോ (Fulfillment) അല്ല. ചെന്നായ കുട്ടി തന്റെ അമ്മയെ അച്ഛനുവേണ്ടി നഷ്ടപ്പെടുത്തിയ ആദിരംഗത്തിന്റെ പ്രതിനിധാനം അല്ല. ഇവിടെ കാമനകൾ വീണ്ടെടുപ്പല്ല; പകരം സ്വയത്തിന്റെ തന്നെ വ്യാപിപ്പിക്കലും അതിനുമപ്പുറം മറ്റൊന്നായി തീർന്നുകൊണ്ടിരിക്കലും ഒക്കെയാണ്. ‘ചെന്നായ’ എന്നത് ഏതെങ്കിലും മനുഷ്യഗുണത്തിന്റെ സൂചകമല്ല. മറിച്ചുള്ള കാഴ്ചകളും വ്യത്യസ്ഥ രീതിയിലുള്ള ഉള്ള ആയിത്തീർന്നുകൊണ്ടിരിക്കൽ ഒക്കെയാണ്. ഒരാൾ ഒരു പട്ടിയെയോ , കീടത്തെയോ, എലിയെയോ ഒക്കെപ്പോലെ ലോകം കണ്ടുതുടങ്ങുന്നത് ഭാവന ചെയ്തുനോക്കൂ.

ദില്യൂസും ഗുത്താരിയും മൃഗമായിക്കൊണ്ടിരിക്കൽ എന്നത് ക്രിയാത്മകമായാണ് (Positive) ആയാണ് മനസ്സിലാക്കുന്നത്. വ്യഖ്യാനപരത (Interpretosis)എന്നത് ‌ഫ്രോയിഡിനേയും മനോവിശ്ളേഷണീയത്തെയും പിടികൂടിയ ബാധ എന്നതിലുപരിയായി പാശ്ചാത്യരുടെ പ്രതിനിധാന വ്യഗ്രതയുമായും കൂട്ടിവായിക്കേണ്ടതാണ്. കാമനകൾ മുഴുവൻ ശൈശവത്തിലെ നഷ്ടത്തിന്റെ പകരംവയ്പ്പും പ്രതിനിധാനവും ഒക്കെയായി വ്യഖ്യാനിക്കപ്പെട്ടു. സംഭവങ്ങൾക്ക് (Events) പിറകിൽ എപ്പോഴും ഒരു ബാഹ്യകാരണം അന്വേഷിക്കേണ്ടതായും വരുന്നു. എന്നാൽ ദില്യൂസും ഗുത്താരിയും ആന്തരിക തീക്ഷ്‌ണതകളുടെ ഉടലുണർവുകളെ കുറിച്ചു സദാ ചിന്താവ്യാപൃതർ ആയിരുന്നു.

മൃഗമായിക്കൊണ്ടിരിക്കൽ എന്നതും സാഹിത്യവും പരസ്പരബന്ധിതമാണ്. പ്രത്യേകിച്ചും കാഫ്കയുടെയും മെൽവിലിന്റെയും എഴുത്തുകളിൽ. ഇവിടെ കാഴ്ചകളെ മനുഷ്യരുടെ കണ്ണുകളിൽ നിന്നും എടുത്തുമാറ്റി മറുകാഴ്ചകളെ അനുഭവവേദ്യമാക്കുന്നു. മെൽവിലിന്റെ (Melville) അഹബിനെ (Ahab) ‘മോബി ഡിക്’ Moby Dick എന്ന തിമിംഗലത്തെ പിന്തുടരാൻ പ്രേരിപ്പിക്കുന്നത് തിമിംഗലത്തിന്റെ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഗുണങ്ങൾ ഒന്നുമല്ല. അഹബിനും മൊബി ഡിക്കിനും ഇടയ്ക്കുള്ളത് അർത്ഥത്തിലേക്കും വ്യാഖ്യാനത്തിലേക്കും ചുരുക്കാൻ കഴിയില്ല. മനുഷ്യസ്പർശനികൾക്കു പിടികൊടുക്കാത്ത ഈ വഴുവഴുപ്പാണ് അഹബിനെ മോബിഡിക്ക് എന്ന തിമിംഗലത്തിൽ എത്തിക്കുന്നത്. ഇതു ഇയാളെ തിമിംഗലവേട്ട എന്ന ലാഭവൃത്തി വിട്ട് ‘മോബി ഡിക്ക്’ എന്ന ഒറ്റയെ പിന്തുടരാൻ പ്രേരിപ്പിക്കുന്നു.

മൃഗമായിക്കൊണ്ടിരിക്കൽ സാഹിത്യത്തിലെ ഒരു പ്രവണതയായി കാണാൻ കഴിയണം. അതു പുതിയ തരം കാഴ്ചയുടെയും ലോകത്തിന്റെയും തുറന്നിടൽ ആണ്. മെൽവിലിന്റെ ‘മൊബി ഡിക്കും’ കാഫ്കയുടെ കീടങ്ങളെയും ഏതെങ്കിലും ആത്യന്തിക അർത്ഥത്തിന്റെ സൂചകങ്ങൾ ആയി കാണാൻ കരുതുക വയ്യ. സാഹിത്യം വ്യഖ്യാനവും ഭാഷൃതന്ത്രവും ഒക്കെയായി മാറുമ്പോൾ നമ്മൾ സാഹിത്യത്തെ ‘അതിമുദ്രണം’ (Overcode) ചെയ്യുകയാണ്. അവിടെ ഓരോ പാഠവും ഉൾസ്ഥിതമായ മറ്റൊരർത്ഥത്തിന്റെ ആവിഷ്കരവും പ്രതിനിധാനവും ഒക്കെയായി മാറുന്നു.

ഉദാഹരണമായി കാഫ്കയുടെ ‘വിചാരണ’ എന്ന നോവൽ നിയമത്തിന്റെ തന്നെ ഒരു അന്യോപദേശമായി കാണുന്നതാണ് പതിവ് വായന. എല്ലാവഴികളും മുട്ടിയിട്ടും പ്രധാന കഥാപാത്രത്തിന് മുമ്പിൽ തുറക്കാത്ത വാതിൽ ആണ് ‘നിയമം’. നിയമം എപ്പോഴും മറഞ്ഞിരിക്കുന്നതും അതിന്റെ പ്രതിരൂപങ്ങളും വ്യഖ്യാനങ്ങളും മാത്രം പ്രാപ്യമാക്കുകയും ചെയ്യുന്നു. എന്നാൽ കാഫ്കയുടെ നോവലിലെ ഈ ‘അലച്ചിൽ’ ധനാത്മകമായ ഒന്നായാണ് ദില്യൂസ് കാണുന്നത്. അതു ചലനത്തിന്റെ ആനന്ദവും ആഹ്ലാദവും ആണ്. വാതിലുകളിൽനിന്നും വാതിലുകളിലേക്കു തുറക്കുന്നതും കീടമായി രൂപപരിണാമം സംഭവിക്കുന്നതും ഒക്കെ ഇതുമായി കൂട്ടിവായിക്കണം. അപ്രാപ്യമായ ‘നിയമത്തെ’ സൃഷ്ടിക്കുന്നത് തന്നെ നായകന്റെ ‘അലച്ചിൽ’ ആണ്.

എല്ലാത്തരം ആയിക്കൊണ്ടിരിക്കലും അനിഷേധ്യമായും ‘ആഗോചരമായിക്കൊണ്ടിരിക്കൽ’ എന്നതിലേക്ക് നയിക്കുന്നു. അതു സൂഷ്മപ്രപഞ്ചത്തിലേക്കുള്ള വഴിതുറക്കൽ ആണ്. കണങ്ങൾ (Particles) അതിന്റെ രൂപവും ധർമ്മവും ആർജിക്കുന്നത്തിന് മുമ്പുള്ള ഒരു നിലയാണിത്. ‘ത്വരണവും’ ‘ദിശയും’ ആർജിക്കുമുമ്പുള്ള വേഗചലനമാണ്.

What are they all rushing toward?
എന്തിലേക്കാണ് അവയെല്ലാം പാഞ്ഞടുക്കുന്നത്? ദില്യൂസും ഗുത്താരിയും പറയും:

‘Without doubt , towards Becoming imperceptible. The imperceptible is the immanent end of becoming. It’s cosmic formula’.

Featured Image: ‘Mit Und Gegen’ (1929), Wassily Kandinsky

Write A Comment