ദില്ലിയിൽ, പ്രശസ്ത കലാകാരൻ റിയാസ് കോമുവിന്റെ ഹോളി ഷിവർ ആർട്ട് എക്സിബിഷൻ കണ്ടതിനു ശേഷം അജ്മീർ ഖോജയെ സന്ദർശിച്ച് ദില്ലിയിലേക്ക് തന്നെ തിരിച്ചെത്തി. നിസാമുദ്ദീൻ ഔലിയായുടെ കുടുംബത്തിലെ ഒരാൾ ഉണ്ട്, കാണാം എന്ന് ഷാബ. അങ്ങനെ ഒരു സുലൈമാനിയും കുടിച്ചു പുറത്ത് ഞങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുകയാണ്.

അദ്ദേഹം വന്നു; ആദ്യം നിസാമുദ്ദീൻ ഔലിയായുടെ ശിഷ്യനും, കവിയും, സൂഫി വര്യനുമായ ഇനായത്ത് ഖാന്റെ മക്ബറയിൽ പോവാം എന്ന് പറഞ്ഞു. എന്റെ മാമൻ വിവർത്തനം ചെയ്ത പുസ്തകത്തിലൂടെ ആണ് ഇനായത് ഖാനെ ആദ്യമായി അറിയുന്നത്.

അവിടെ പോകുമ്പോൾ അദ്ദേഹത്തിന്റെ ദർഗ ഫോട്ടോഗ്രാഫ് ചെയ്യണം എന്ന ആഗ്രഹം ഉള്ളിൽ ഉണ്ട്. അവിടെ എത്തി ആവേശത്താൽ ഞാൻ ഫോട്ടോ എടുക്കാൻ തുടങ്ങിയതും പിറകിൽ നിന്നും നല്ല കടുപ്പത്തിൽ ഉള്ള ഒരു ശബ്ദം കേട്ടു: ‘ഫോട്ടോ അനുവദനീയം അല്ല’ എന്ന്. ഞങ്ങളെ കൊണ്ട് പോയ ആളും അത് തന്നെ പറഞ്ഞു. അതോടെ, ഞാൻ ക്യാമറ അടച്ചു വെച്ച് പൂർണ നിശ്ശബ്ദനായി , ഒപ്പം ഉള്ളിൽ ചെറിയ സങ്കടവും വിങ്ങി. ‘എനിക്ക് അങ്ങയെ പകർത്താൻ അനുവാദം നൽകൂ’ എന്ന പ്രാർത്ഥന ഉണ്ടായിരൂന്നു, മക്ബറയ്ക്കരികെ സിയാറത്ത് ചെയ്യാൻ വേണ്ടി ഇരിക്കുമ്പോൾ.

കണ്ണ് തുറന്നപ്പോൾ ഔലിയായുടെ കുടുംബത്തിലെ ആ ചെറുപ്പക്കാരൻ കാരുണ്യത്തോടെ എന്നോട് ഫോട്ടോ എടുത്തുകൊള്ളാൻ പറഞ്ഞു. ഞാൻ അതിവേഗം പകർത്താൻ തുടങ്ങി. അവിടെ നിന്നും ഇറങ്ങി ഞങ്ങൾ നേരെ ഹസ്‌റത് മുഹമ്മദ് നിസാമുദ്ദീൻ ഔലിയായുടെ അനുഗ്രഹത്തിനായി തിരിച്ചു.

ഏതു കാലവും പോലെ ആ രാത്രിയും ജനങ്ങൾ ഒഴുകുന്നു. ഭക്ഷണങ്ങളും പൂക്കളും നിറഞ്ഞ വഴിത്താരയിലൂടെ ഞങ്ങൾ നടന്നു. പ്രാർത്ഥനകളും , ഭിക്ഷാടനത്തിന്റെ സ്വരങ്ങളും അന്തരീക്ഷത്തിൽ നിറഞ്ഞിരുന്നു ! മക്ബറയ്ക്ക് മുന്നിലെ മുറ്റത്ത് ഞങ്ങൾ മറ്റെല്ലാവരുടെയും കൂടെ ഇരുന്നു.

മയിൽപ്പീലിക്കൂട്ടം കൊണ്ട് മനുഷ്യർ അനുഗ്രഹിക്കപ്പെടുന്നു. സ്ത്രീകൾ ഭക്തിയിൽ നിറഞ്ഞു കരഞ്ഞു നിലവിളിച്ചു സ്നേഹം പറയുന്നു , പുരുഷന്മാർ അവരുടെ സകല ഈഗോകളും മറന്ന് കണ്ണിൽ നിറവോടെ ഔലിയയുടെ മക്ബറയിലേക്ക് കണ്ണു പായിക്കുന്നു !

“ഒരു വെളിച്ചം എന്റെ ഉള്ളിലേക്കു തന്നാലും” എന്ന പ്രാർഥനയോടെ ഈയ്യുള്ളവനും കണ്ണടച്ചിരുന്നു! പരിസരം പകർത്തിക്കൊണ്ട് കുറച്ച് സമയം അവിടെ ഇരുന്നു. അമീർ ഖുസ്രുവിന്റെ കബറിലും സിയാറത്ത് നടത്തി. ഞങ്ങളെ കാണാന് ജാവേദും പ്രിയതമ ശബ്നവും ഒപ്പം ഹനിയും സീനയും എത്തിയിരുന്നു. എല്ലാവരും കെട്ടിപിടിച്ച് സന്തോഷം പങ്കു വെച്ച് ആ രാത്രി പിരിഞ്ഞു. പിറ്റേദിവസം രാവിലെ തന്നെ മെഹ്‌റോളിയിലെ ഭക്തിയാർ കാക്കിയുടെ ദർഗയിലേക്ക് പോയി. കാക്കിയുടെ ദർഗയിൽ കുറച്ച് നേരം ധ്യാനിച്ചിരുന്നു.

പുറത്ത് നിന്നും സംഗീതം കേട്ടപ്പോൾ ഷാബയും ഞാനും അങ്ങോട്ട് നീങ്ങി. ഭക്തിയാർ കാക്കിക്ക് വേണ്ടി പാടുന്ന സൂഫി ഗായകർ. എത്ര മനോഹരമായാണ് അവർ പാടുന്നത് ! ഖവ്വാലി അത്രയും സത്യത്തിലുള്ള പതിഞ്ഞ ശബ്ദത്തിൽ ഒഴുകുന്നു. പാടി കഴിഞ്ഞ ഉടൻ തന്നെ അവർ അവിടെ നിന്നും വിട വാങ്ങി. ആരുടെയും വാക്കിനോ കൈമടക്കിനോ അവർ കാത്തു നിന്നില്ല ! അവരുടെ കൈകളിൽ മുത്തമിടുന്ന ഷഹബാസ് അമനെ ഒരു നിമിഷം പ്രേമത്തോടെ ഞാൻ നോക്കി.

അവിടെ നിന്നും മെഹ്‌റോളി തെരുവിലൂടെ ഞങ്ങൾ നടന്നു. ട്രാൻസ്‍ജെൻഡർ ദർഗയാണ് ലക്ഷ്യം. കുറെ അലഞ്ഞു ഞങ്ങൾ കണ്ടെത്തി. അവിടെ ഒരു വൃദ്ധനും അദ്ദേഹത്തിന്റെ കൊച്ചു മകനും ഉണ്ടായിരുന്നു. ദർഗ നടത്തിപ്പുകാർ രണ്ടു ട്രാൻസ്‍ജെൻഡർ സുന്ദരികളാണ്!

അവരവിടെ ഉണ്ടായിരുന്നില്ല. അവര് എത്തുന്നത് വരെ ഞങ്ങൾ കാത്തിരുന്നു. അവർ ആദ്യം സംസാരിക്കാൻ ഒന്നും കൂട്ടാക്കിയില്ല. ഷാബ ഒരു സിഗരറ്റു നീട്ടിയതോടെ തിരിച്ച് അനുഗ്രഹം കൊടുക്കുന്ന പോലെ സിഗരറ്റു കത്തിച്ച് വലിച്ചു അതിലൊരു സുന്ദരി ബീവി! ആദ്യം അനുവദിച്ചില്ലെങ്കിലും പതിയെ എനിക്ക് ഫോട്ടോ പകർത്താനും അവർ അനുവാദം തന്നു!

വരാൻ പോകുന്ന ഉറൂസിന് ഞങ്ങളെ ക്ഷണിച്ചു. ചായയും പലഹാരവും തരികയും ചെയ്തു. അവിടെ കണ്ണടച്ചിരുന്നു ദുആ ചെയ്തു. മനസ്സും നിറഞ്ഞു. രണ്ടു മഹതികളെയും ചേർത്തുപിടിച്ചു, “ഉറൂസിന് കാണാം” എന്ന വാക്കാൽ അവിടെ നിന്നും പറഞ്ഞിറങ്ങി. തെരുവിലൂടെ അപ്പൂപ്പൻ താടിയെ പോലെ ഒഴുകി നടക്കുമ്പോൾ ഷാബ മൂളിക്കൊണ്ടേ ഇരുക്കുന്നുണ്ടായിരുന്നു!

Comments are closed.