ഏതായിരിക്കും ആ താളം? കാലിൽ കൈതട്ടി താളംപിടിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ചിലപ്പോൾ ഒമ്പത് മുട്ടുകൾ, മറ്റുചിലപ്പോൾ പതിനൊന്ന് മുട്ടുകൾ, അല്ലെങ്കിൽ പതിനാറ്. എണ്ണം പിഴച്ചിട്ടുണ്ടാകില്ല എന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ ഉള്ളിലേക്ക് തുളച്ചുകയറുന്ന ആ സംഗീതത്തിന്റെ ശക്തിയിൽ എണ്ണം പിഴച്ചിരിക്കുമെന്നുറപ്പാണ്. അതിനിടയിൽ ലാഹോറിലെ ഷാജമാൽ ദർഗയിലാണ് ഞാനിരിക്കുന്നത് എന്ന കാര്യം തന്നെ മറന്നിരുന്നു. എന്റെ കണ്ണ് തുറന്നു തന്നെ ആയിരിക്കണം, കാരണം സൈൻ സഹോദരന്മാരുടെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന രണ്ട് വലിയ ചെണ്ടകളും അവരുടെ കൈകളും എനിക്ക് കാണാമായിരുന്നു. അവരുടെ താളത്തിന്റെ സങ്കീർണത കൈ കൊട്ടിയും, താളം പിടിച്ചും, മൂളിയും താളംപിടിക്കുന്നതിനെ തടയുന്നുണ്ട്. ദർഗയുടെ പടികളിലും, മരച്ചുവട്ടിലുമായി തടിച്ചുകൂടിയ മുന്നൂറോളം വരുന്ന ശ്രോതാക്കൾ ഖവ്വാലി സംഗീതത്തിൽ ലയിച്ചു ചേർന്നിരുന്നു. അവരിൽ ഭൂരിഭാഗവും ദരിദ്രരാണ് എന്ന് അവരുടെ മുഷിഞ്ഞ വസ്ത്രങ്ങളും, മുഖവും വ്യക്തമാക്കുന്നുണ്ട്. കൂട്ടത്തിൽ നീണ്ട താടിയും മുടിയും, മാലകളും, വളകളും, പ്രായം ചെന്ന ഹിപ്പികളെപ്പോലെ ചുളിവുകൾ വീണ മുഖങ്ങളുമായി അലഞ്ഞു നടക്കുന്ന ദർവേശുകളായ ചില മലാങ്ങുകളെയും കാണാം. ഇടക്ക് പാശ്ചാത്യ വസ്ത്രം ധരിച്ച ഒരുപറ്റം യുവ വിദ്യാർഥികളുമുണ്ടായിരുന്നു. ഗവേഷണത്തിലോ, കലയിലോ താൽപര്യമുള്ളവരായിരിക്കണം. അവർ കൈകളിൽ ക്യാമറകളും, ഐഫോണും ഉയർത്തിപ്പിടിച്ചിരുന്നു.

സൈൻ സഹോദരന്മാർ കൊട്ടിനിടയിൽ അടർന്നുമാറി ഒറ്റയായും, ഇഴചേർന്ന് രണ്ടായും താളത്തിൽ മാറ്റം വരുത്തിക്കൊണ്ടിരുന്നു. മൂത്ത സഹോദരനായ ഗുംഗ സൈൻ ‘മസ്ത് കലന്ദർ’ എന്ന് ഇടക്കിടെ ഉറക്കെ ഒച്ചവെക്കുന്നുണ്ട്. പാക്കിസ്ഥാനി സൂഫി വൃത്തങ്ങളിലെ പ്രസിദ്ധനായ കലാകാരനാണ് ഗുംഗ. സാഹസിക ചിത്രങ്ങളിലെ നായകരെ അനുസ്മരിപ്പിക്കും വിധം കായബലവും വിടർന്ന കണ്ണുകളും പൊന്തി നിൽക്കുന്ന താടിയെല്ലുകളും കറുത്ത നീണ്ട മുടിയിഴകളും അദ്ദേഹത്തിനുണ്ടായിരുന്നു. തൂവെള്ള നിറത്തിലുള്ള മേലങ്കി ധരിച്ച അദ്ദേഹത്തിന്റെ കഴുത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള മാലകൾ കാണാമായിരുന്നു. അത്ഭുതകരമായ വസ്തുത അദ്ദേഹം ഭാഗികമായി ബധിരനും മൂകനുമാണ്. ചെണ്ടയുടെ ശബ്ദം കേൾക്കാണ് കഴിയാത്ത അദ്ദേഹം തന്റെ ശരീരത്തിൽ അനുഭവപ്പെടുന്ന കമ്പനം ഉപയോഗിച്ചാണ് താളം രൂപപ്പെടുത്തുന്നത്. സംസാരിക്കാൻ കഴിയാത്തത്കൊണ്ട് തൊണ്ടയിൽ നിന്ന് പ്രത്യേക തരത്തിൽ ശബ്ദമുണ്ടാക്കുകയാണ് ചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച മഹാനായ സൂഫി ലാൽ ഷഹബാസ് കലന്ദറിനെയായിരുന്നു അദ്ദേഹം ഉരുവിടുന്ന ശബ്ദങ്ങൾ വിളിച്ചുകൊണ്ടിരുന്നത് ‘ഓ മസ്ത് കലന്ദർ’, ‘ഷാ ജമാൽ’ ഗുംഗ നീട്ടി വിളിച്ചു. ‘ജൂലെ ലാൽ’… മറുപടിയായി കാണികൾ ഏറ്റുചൊല്ലി.

അൽപ സമയത്തേക്ക് സംഗീതം ശാന്തമായി. ഗുംഗ കൈകൾ വീശി മുന്നിലിരുന്ന കാണികളോട് അൽപം പിന്നോട്ട് നിൽക്കാൻ ആംഗ്യം കാണിച്ചു. അത് തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്റെ ഞെരുക്കം കൂട്ടി. ആളൊഴിഞ്ഞ സ്ഥലത്തേക്ക് ചുവപ്പും, വെളുപ്പും, വ്യത്യസ്ത നിറങ്ങൾ തുന്നിച്ചേർത്ത വസ്ത്രങ്ങൾ ധരിച്ച നർത്തകർ കടന്നുവന്നു. അവരുടെ മുഖങ്ങളിൽ വിരക്തിയുടെയും ധ്യാനത്തിന്റെയും അടയാളങ്ങൾ പ്രകടമായിരുന്നു. ഈ ലോകത്തിനപ്പുറം മറ്റു പല ലോകങ്ങളെ അനുഭവിച്ചറിഞ്ഞവരായിരിക്കണംഅവർ. ഓരോർത്തർക്കും പാട്ടിനൊത്ത് ചുവടു വെക്കാൻ അവരവരുടെതായ രീതികൾ ഉണ്ട്. ആനന്ദത്തിൽ ലയിച്ചുചേർന്ന് തല വട്ടത്തിൽ തിരിച്ചും നിലത്ത് അമർത്തി ചവിട്ടിയുമാണ് അവർ ചുവടുവെച്ചിരുന്നത്. ഇടക്ക് അന്തരീക്ഷത്തിൽ ഉയർന്നു ചാടുന്നതും കാണാം. പ്രഥമദൃഷ്ട്യാ വന്യമായി തോന്നുന്ന ഈ ചുവടുകൾക്ക് നീണ്ട പരിശ്രമവും കലാപരമായ കഴിവുകളും ആവശ്യമാണ്. ഉദാഹരണത്തിന്, നർത്തകരിൽ ഏറ്റവും ചെറിയ ആൾ തന്റെ ഇരു കരങ്ങളും വിടർത്തിപ്പിടിച്ച് നീണ്ട മുടിയിഴകൾ അഴിച്ചിട്ട് ദ്രുതഗതിയിൽ വട്ടം കറങ്ങുന്നുണ്ടായിരുന്നു. അവനെ നോക്കിക്കൊണ്ടിരുന്നപ്പോൾ തന്നെ എനിക്ക് തലകറക്കം അനുഭവപെട്ടു. എങ്ങനെയാണ് തന്റെ കാൽപാദം കൊണ്ട് അയാൾ അനായാസം കറങ്ങുന്നത് എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. കാണികളായ ചില യുവാക്കൾ നർത്തകരോടൊപ്പം ചേരാൻ ചെറിയ ശ്രമം നടത്തി. എന്നാൽ അവരെ ആദ്യം മാന്യമായും പിന്നീട് അൽപ്പം ബലം പ്രയോഗിച്ചും അവിടെ നിന്ന് തള്ളിനീക്കുകയാണുണ്ടായത്. നർത്തകരെ സംബന്ധിച്ചിടത്തോളം അതൊരു വിനോദമായിരുന്നില്ല, മറിച്ച് ചടങ്ങിന്റെ നിബന്ധനകളെക്കുറിച്ച് കൃത്യമായ ബോധമുള്ളവർക്ക് മാത്രം നിർവഹിക്കാൻ സാധിക്കുന്ന ആരാധനയായിരുന്നു. കേവലം താളം മീട്ടലും, ചുവടുകൾ വെക്കലും മാത്രമല്ല അവിടെ സംഭവിക്കുന്നത്. പ്രാർത്ഥനകൾ നിർവഹിക്കലും ആന്തരികാവസ്ഥകളുടെ പ്രകടനം കാഴ്ച വെക്കലുമാണ്.

പാക്കിസ്ഥാനിലെ പ്രമുഖ സൂഫികളിലൊരാളായ ഷാ ഹുസൈന് തന്റെ ശിഷ്യനായ മധുലാലുമായുള്ള ബന്ധം നടപ്പുരീതികളുടെ അതിരുകളെ കവച്ചുവെക്കുന്നതായിരുന്നു. അവരുടെ ഐക്യത്തിന്റെ പ്രതീകമെന്നോണം സൂഫി തന്റെ പേര് മധുലാൽ ഹുസൈൻ എന്ന് പുന:നാമകരണം ചെയ്തു. രണ്ടു പേരുടേയും ഖബറിടം സ്ഥിതി ചെയ്യുന്ന ഇടം ഇരു മതത്തിലേയും ഭക്തർക്കും പ്രണയിതാക്കൾക്കും സന്ദർശിക്കാനുള്ള തീർത്ഥാടന കേന്ദ്രമായി. 12 വർഷങ്ങൾക്ക് മുമ്പ് ഞാനാദ്യമായി ലാഹോർ സന്ദർശിക്കാൻ വന്നപ്പോൾ രാപ്പക്കൽ വ്യത്യാസമില്ലാതെ ഈ ദർഗയിൽ സ്ത്രീകളും പുരുഷന്മാരും തിങ്ങി നിറഞ്ഞിരുന്നു. അവരിൽ പ്രായം ചെന്നവരും, ചെറുപ്പക്കാരുമുണ്ടായിരുന്നു. മലാങ്ങുകളും, മദ്ധ്യവർഗക്കാരുമുണ്ടായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും അവിടെ ഖവ്വാലി ആലപിക്കാൻ പ്രമുഖരായ ആരെങ്കിലുമുണ്ടാകും. മിസ്റ്റിക്കൽ പ്രണയത്തെ കുറിക്കുന്ന ഖവ്വാലി സംഗീതം, ഹാർമോണിയവും, ചെണ്ടയും കോറസ്സും ഉൾപെടുത്തി പാശ്ചാത്യ ലോകത്തും പൗരസ്ത്യ ലോകത്തും പ്രസിദ്ധമാക്കിയ നുസ്രത്ത് ഫതഹ് അലിഖാൻ വരെ അക്കൂട്ടത്തിൽ പെടും.

ഇത്തവണ ദർഗയിൽ ഞാനെത്തുമ്പോൾ നേരം ഏറെ ഇരുട്ടിയിരുന്നു. ദർഗയിലും പരിസരത്തും ആരെയും കാണാൻ കഴിഞ്ഞില്ല. ഖവ്വാലി സംഗീതവും കേൾക്കാനില്ല. ഗേറ്റ് പൂട്ടിയിരിക്കുന്നു. വേലിക്കെട്ടിനപ്പുറത്ത് ഒരു മെലിഞ്ഞ യുവാവിനെ കാണാം. ഞാൻ അയാളെ അടുത്തേക്ക് വിളിച്ചു. മറ്റൊരു രാജ്യത്തിൽ നിന്നാണ് വരുന്നത് എന്നും, മഖ്ബറയുടെ ചാരത്തിരുന്ന് പ്രാർത്ഥന നിർവഹിക്കാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞപ്പോൾ അകത്തേക്ക് കടക്കാൻ അയാൾ അനുവാദം നൽകി. പ്രാർത്ഥന നിർവഹിച്ച ശേഷം അവിടെയാകം പൊതിഞ്ഞിരിക്കുന്ന നിശബ്ദതയെക്കുറിച്ച് ഞാനയാളേട് ചോദിച്ചു. ദാദാ ഖഞ്ച് ബക്ഷിൽ തീവ്രവാദി അക്രമമുണ്ടായതിനെ തുടർന്ന് ഗവൺമെന്റ് ഖവ്വാലി സംഗീതം നിരോധിക്കുകയും, സുരക്ഷ ശക്തമാക്കി ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തതാണ് സംഭവം എന്ന് അയാൾ ഉത്തരം നൽകി. ദർഗയിൽ ആരും പാടാനില്ലാത്തതിനാൽ സന്ദർശകർ അവിടേക്ക് വരാൻ മടിക്കുന്നു. വന്നാൽ തന്നെ പ്രാർത്ഥന നിർവഹിച്ച് പെട്ടെന്ന് മടങ്ങും. മധുലാലിനും, ഷാ ഹുസൈനുമൊപ്പം അവരാരും ഇന്ന് സമയം ചിലവഴികാറില്ല.

സൂഫികളെ സംരക്ഷിക്കാൻ ഭരണകൂടം ശ്രമിക്കുന്നതിൽ നമുക്ക് ആശ്വസിച്ചു കൂടെ? ഞാൻ ചോദിച്ചു.
എങ്ങനെ? അയാൾ തിരിച്ചു ചോദിച്ചു. ‘മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാർട്ടിയായ മുസ്‌ലിം ലീഗ് സഊദി അറേബ്യയുമായി ബന്ധം പുലർത്തുന്നവരാണ്. സുരക്ഷയെക്കുറിച്ചുള്ള അവരുടെ ഉത്‌കണ്‌ഠ ഈ മതത്തിന്റെ രക്തയോട്ടം വറ്റിച്ചുകളയാനുള്ള മറ മാത്രമാണ്’ അയാൾ വിശദീകരിച്ചു.

അയാളെന്നെ തൊട്ടടുത്തുള്ള റൂമിലേക്ക് കൊണ്ടുപോയി ചായ തന്ന് സൽക്കരിച്ചു. ഇവിടെ ലാഹോറിന്റെ ഉൾപ്രദേശങ്ങൾ രാത്രിയായാൽ പവർകട്ട് മൂലം കൂടുതൽ ഇരുണ്ടിരിക്കും. കിടക്കാനുള്ള ബെഡ്ഡായി ഉപയോഗിക്കാറുള്ള ഒരു ബ്ലാങ്കറ്റ് എനിക്കായി അയാൾ വിരിച്ചു നൽകി. ചായയോടൊപ്പം കഴിക്കാനായി മധുര പലഹാരങ്ങളുമുണ്ടായിരുന്നു. ചെറിയ ഒരു ടോർച്ചിന്റെ വെളിച്ചത്തിൽ ആ യുവാവ് തന്റെ കഥ പറയാൻ തുടങ്ങി. പട്ടണത്തിലെ പ്രസിദ്ധമായ ഒരു ഗ്രൂപ്പിലെ പാട്ടുകാരനും ചെണ്ടക്കാരനുമായിരുന്നു അദ്ദേഹം. എല്ലാ സായാഹ്നങ്ങളിലും അവർ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ആഗ്രയിൽ നടന്ന ഒരു ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുപോലും ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അയാൾ അഭിമാനത്തോടെ പറഞ്ഞു. ഇന്ത്യൻ ശ്രോതക്കളുടെ അഗീകാരത്തിന്റെ ഭാഗമായി തനിക്ക് ലഭിച്ച സർട്ടിഫിക്കറ്റ് ആ അരണ്ട വെളിച്ചത്തിൽ അയാളെനിക്ക് കാണിച്ചു തന്നു. മരം കൊണ്ട് ഫ്രെയിം ചെയ്ത ആ സർട്ടിഫിക്കറ്റ് ഭിത്തിയിൽ തൂക്കിയിട്ട നിലയിലായിരുന്നു. വ്യക്തിപരമായി നോക്കിയാൽ അയാൾ ഭാഗ്യവാനാണ്. മധുലാൽ ഹുസൈന്റെ ദർഗയിൽ സംഗീതം നിരോധിക്കപ്പെട്ടപ്പോൾ അയാൾക്ക് ദർഗയുടെ മേൽനോട്ടത്തിനുള്ള ചുമതല ലഭിച്ചു. അങ്ങനെയെങ്കിലും ആ പ്രണയിതാക്കളോട് ചേർന്ന് നിൽക്കാൻ അയാൾക്ക് സാധിച്ചു. ബാക്കിയുള്ളവർക്ക് തങ്ങളുടെ വർണാഭമായ വസ്ത്രം മടക്കിവെച്ച് കച്ചവടത്തിലേക്കും, കൈത്തൊഴിലിലേക്കും തിരിയേണ്ടിവന്നു. ലാഹോറിലെ അധിക പാട്ടുകാരുടെയും സ്ഥിതി ഇത് തന്നെയാണ്. പ്രതേകിച്ച് ഖവ്വാലി ഗായകരുടെ. ചിലപ്പോൾ വിവാഹ വേളകളിലും സൂഫികളുടെ ആണ്ട് ദിവസങ്ങളിലും അവർക്ക് പരിപാടികൾ ലഭിച്ചു. അവയൊന്നും ജീവിച്ച് പോകാൻ മതിയാകുന്നതായിരുന്നില്ല. ദർഗ മേൽനോട്ടക്കാരനായ യുവാവ് എനിക്ക് അവരുടെ പാട്ടുകൾ കേൾക്കാവുന്ന യൂട്യൂബ് ലിങ്ക് എഴുതി നൽകി.

തുടർന്നുള്ള സായാഹ്നങ്ങളിൽ ഒരുകാലത്ത് നർത്തകരും, ആലാപകരും, ദർവേശുകളും നിറഞ്ഞ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സംഗമം കൊണ്ട് പ്രസിദ്ധമായിരുന്ന ദർഗകൾ ഞാൻ സന്ദർശിച്ചു. ഏറ്റവും വലിയ ദർഗകളിലൊന്നായ ദാദാ ഗഞ്ച് ബക്ഷിൽ അന്ത്യവിശ്രമം കൊള്ളുന്ന ‘അലി അൽ ഹുജ്’വീരി'(കഷ്‌ഫുൽ മഹജൂബിന്റെ രചയിതാവ് ) എന്ന പ്രസിദ്ധനായ സൂഫി പണ്ഡിതന്റെ ദർഗയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നാല് തവണ സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോകാൻ ഞാൻ നിർബന്ധിതനായി. സാധാരണ വെള്ളിയാഴ്ച ദിവസങ്ങളിൽ ഉണ്ടാകാറുള്ള ജനക്കൂട്ടം അന്നവിടെ ഉണ്ടായിരുന്നില്ല. തീവ്രവാദി അക്രമത്തിന്റെ അടയാളങ്ങളോന്നും ഇന്ന് അവിടെ അവശേഷിക്കുന്നില്ല എങ്കിലും പ്രസിദ്ധരായ ഖവ്വാലി സംഘങ്ങളുടെ ആലാപനങ്ങൾ കേൾക്കാനില്ലായിരുന്നു. ദൈവികമായ ഉന്മാദത്തിലേക്ക് കടക്കാൻ ‘സമ’ അഥവാ പ്രണയകാവ്യങ്ങളുടെ കേൾവി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പതിനൊന്നാം നൂറ്റാണ്ടിൽ ഹുജ്’വീരിയെപ്പോലെ വിശദീകരിച്ച മറ്റൊരു പണ്ഡിതനില്ല. ശൈഖുമായി സംഭാഷണത്തിൽ മുഴുകിയ ശിഷ്യന്മാരെക്കൊണ്ട് അദ്ദേഹത്തിന്റെ മഖ്‌ബറയിൽ മാത്രം ആൾപെരുമാറ്റം അനുഭവപ്പെട്ടു. മിസ്രി ഷായുടെ ദർഗയിൽ ചുവന്ന താടിയും തൊപ്പിയും വെച്ച പീർ ശനിയാഴ്ച നിശാ പ്രാർത്ഥനയുടെ സമയം വരാൻ നിർദ്ദേശിച്ചു. അന്നാണ് അമീർ ഹുസൈന്റെ നേർച്ച ആരംഭിക്കുന്ന ദിവസം. പോലീസ് പറയുന്നത് കാര്യമാക്കാതെ അന്നവർ അവിടെ സംഗീതസദസ്സ് ഒരുക്കുന്നുണ്ട്. സന്ദർശകർ മറ്റു സ്ഥലങ്ങളിൽ ഞാൻ കണ്ടപോലെ പീറിന്റെ കൈ മുത്തുന്നില്ല, പകരം അദ്ദേഹത്തിൻ്റെ ശരീരത്തോട് തങ്ങളുടെ ശരീരം ചേർത്തുവയ്ക്കാറായിരുന്നു പതിവ്.

ലാഹോറിൽ നിന്ന് തെക്കോട്ട് നാല് മണിക്കൂർ കാറിൽ സഞ്ചരിച്ചാൽ പാക്ക്പട്ടാണിലെ ബാബ ഫരീദിന്റെ ദർഗയിലെത്തിച്ചേരാം. ഒരു വർഷം മുമ്പ് ദർഗയുടെ പരിസരത്ത് ബോംബ്സ്ഫോടനം നടന്നതിനാൽ മുഖ്യ പ്രവേശന കവാടത്തിലെ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഉച്ചസമയമായപ്പോഴേക്കും മാർബിൾ വിരിച്ച മുറ്റം സന്ദർശകരെക്കൊണ്ട് നിറഞ്ഞിരുന്നു. ഖുർആൻ പാരായണം ചെയ്തും, കണ്ണടച്ച് ധ്യാനത്തിൽ ലയിച്ചും, സംസാരിച്ചും ആളുകൾ കോണിപ്പടികളിലും, മതിലുകൾക്ക് മുകളിലും, മരച്ചുവടുകളിലും ഇരിക്കുന്നുണ്ടായിരുന്നു. കുട്ടികൾ അവർക്കിടയിലൂടെ ഓടിക്കളിക്കുന്നത് കാണാം. കൗമാരപ്രായക്കാർ ഇയർഫോൺ വെച്ച് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്നു. യുവതികൾ അടക്കിച്ചിരിക്കുന്നതും, ഉമ്മമാർ കുട്ടികളെ നിയന്ത്രിക്കുന്നതും കേൾക്കാം. രാത്രിയിൽ ഏറെ ആനന്ദപൂർണമാകാറുള്ള ഖവ്വാലി സംഗീതം ഇപ്പോൾ പഴയ സിനിമയിലെ പശ്ചാത്തല സംഗീതത്തെ ഓർമിപ്പിക്കുന്നുണ്ട്. രണ്ട് മതിലുകൾക്കപ്പുറത്തതായി പാട്ടുകാർ ഗാനം ആലപിക്കുന്നു. അവരുടെ ചുറ്റും അർദ്ധവൃത്താകൃതിയിൽ ശ്രോതാക്കൾ ഉപവിഷ്ഠരായിട്ടുണ്ട്. അവർക്ക് വേണ്ടപോലെ സംഗീതം ആസ്വദിക്കാൻ സാധിക്കുന്നില്ല. ‘നിങ്ങൾ നേരത്തെയാണ്, സമയം ആയിത്തുടങ്ങുന്നേയുള്ളൂ’ മലാങ്ങ് വിശദീകരിച്ചു. ഇവിടെ ഭരണകൂടം സംഗീതം നിരോധിച്ചിട്ടുണ്ടോ? ഞാൻ ചോദിച്ചു. ‘സ്ഫോടനത്തിന് ശേഷം അവർ ആദ്യം ചെയ്തത് മ്യൂസിക് നിരോധിക്കലും, രാത്രികാലങ്ങളിൽ ദർഗകൾ അടക്കാനായി ഉത്തരവിറക്കലുമായിരുന്നു’ അദ്ദേഹം മറുപടി നൽകി. ‘ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഈ ഗ്രാമപ്രദേശത്ത് ഉത്തരവുകൾകൊണ്ട് സൂഫിസത്തെ അടിച്ചമർത്താനാവില്ല’ മലാങ്ങ് കൂട്ടിച്ചേർത്തു.

ഇവിടെയുള്ള പാവപെട്ട മനുഷ്യർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് ആലസ്യത്തോടെ സമയം ചെലവഴിക്കാനും, സൗന്ദര്യാത്മകമായ ആനന്ദത്തിന് അവസരമൊരുക്കാനും, മറ്റുള്ളവരുമായി സംവദിക്കാനും സാഹചര്യമൊരുക്കുന്ന ഇടങ്ങൾ തുലോം തുച്ഛമാണ്. അതിനാൽ ദർഗകൾ മതപരമായ ധർമം മാത്രമല്ല നിർവഹിക്കുന്നത്. മറ്റു സമൂഹങ്ങളിൽ കഫേകളും, പാർക്കുകളും, കളിസ്ഥലങ്ങളും, സംഗീത സദസ്സുകളും, പള്ളികളും ലഭ്യമാക്കുന്ന സേവനങ്ങൾ എല്ലാം കൂടിച്ചേരുന്ന ഇടങ്ങളാണ് ഈ ദർഗകൾ. അവിടെ വരുന്നതിൽ നിന്നും തടയുകയോ, നിശബ്ദമായി പ്രാർത്ഥിക്കുന്നതിന് മാത്രം അനുവദിക്കുകയോ ചെയ്യുന്നതിലൂടെ ഈ മനുഷ്യരുടെ നിത്യജീവിതത്തിലെ ദുരിതങ്ങൾക്കിടയിൽ നിന്നും, സന്തോഷത്തിലേക്കും, സൗന്ദര്യത്തിലേക്കും, സ്വതന്ത്ര്യത്തിലേക്കുമുള്ള രക്ഷപ്പെടലുകളെ തടഞ്ഞുനിർത്തുകയാണ് ചെയ്യുന്നത്. ദർഗകൾ ഞങ്ങൾക്ക് ആന്തരിക സമാധാനം (സുകൂൻ) നൽകുന്നു എന്നാണ് ഞാൻ കണ്ടുമുട്ടിയ മിക്ക മനുഷ്യരും എന്നോട് പറഞ്ഞത്.

ഞാൻ കണ്ടുമുട്ടിയ മലാങ്ങ് സൂഫിയുടെ ജഡപിടിച്ച് നീണ്ട മുടിയും, വന്യമായ താടിയും, ക്രമരഹിതമായ രൂപവും മുഷിഞ്ഞ മേലങ്കിക്ക് മുകളിൽ പച്ചയും മാന്തളിർ നിറവും കലർന്ന ജാക്കറ്റും ഉന്മാദികളായ കലന്ദരി സൂഫികളെ ഓർമിപ്പിക്കുന്നതായിരുന്നു. അദേഹത്തിന്റെ കൈവശം അവരുടെ സൂഫി സരണിയുടെ മെമ്പർഷിപ്പ് കാർഡും, ഒരു മൊബൈൽ ഫോണും, ബിസിനസ് കാർഡുമടക്കം ഏതവസരത്തിലും ജനങ്ങൾക്ക് അവരെ വിളിച്ചു ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഏതു ദർഗയിൽ പോകണമെന്നും എവിടെ യാചിക്കണമെന്നും തീരുമാനിക്കുന്നത് അവരുടെ സരണി ആയിരുന്നു. നീണ്ട 12 വർഷം പലയിടങ്ങളിലായി അദ്ദേഹം അലഞ്ഞു നടന്നു. അങ്ങനെയിരിക്കെ മൂന്നുവർഷം മുമ്പ് അദ്ദേഹം സ്വപ്നത്തിൽ സ്വർഗം കണ്ടു. അൽപം കഴിഞ്ഞ് തന്റെ ഉമ്മ രോഗിയാണെന്നും അവരെ പരിചരിക്കണം എന്നും സരണിയിൽ പെട്ടവർ അറിയിച്ചു. അന്നുമുതൽ ജീവിതം ഉമ്മയോടൊപ്പമാണ്. അപ്പോഴാണ് അദ്ദേഹത്തിന് മുൻപ് കണ്ട സ്വപ്നത്തിന്റെ അർത്ഥം വ്യകതമായത്. ‘ഉമ്മയുടെ കാൽക്കീഴിലാണ് സ്വർഗ’മെന്നാണല്ലോ തിരുനബി പറഞ്ഞത്.

മലാങ്ങുകൾക്കിടയിൽ പ്രത്യേക സരണിയുടെ ഭാഗമല്ലാതെ സ്വതന്ത്രരായി ജീവിക്കുന്നവരും ഉണ്ട്. ഇങ്ങനെ സ്വാതന്ത്രരായി കഴിയുന്നവർക്കിടയിൽ ഒരുപാട് കപട വേഷധാരികളുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ ദൈവത്തിലല്ല മറിച്ച് ലഹരിയിലാണ് അവർ ഉന്മത്തരായിരിക്കുന്നത്. ഭിക്ഷ കിട്ടാൻ മാത്രമാണ് അവർ ദാരിദ്ര്യം അഭിനയിക്കുന്നത്. എല്ലാവർക്കും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ട മലാങ്ങ് ആകാൻ കഴിയില്ല. അതിനായി ഒരുപാട് കാത്തരിപ്പ് ആവശ്യമാണ്. പ്രവേശന പരീക്ഷയും, പരിശീലനവും, ഒടുവിൽ ശിഷ്യത്വം സ്വീകരിക്കലുമെല്ലാം നടക്കണം. അതോടെ തല മുണ്ഡനം ചെയ്ത പുതിയ ശിഷ്യന്മാർ ദരിദ്രരായി ജീവിക്കാൻ പ്രതിജ്ഞയെടുക്കും. സൂഫി സരണിയുടെ അനിവാര്യമായ കർത്തവ്യം എന്ന് പറയുന്നത് ഒരാളുടെ ആഗ്രഹങ്ങളെ ഉന്മൂലനം ചെയ്യലാണ്, അവക്ക് വശംവദനാകലല്ല.

ഇസ്‌ലാമിന്റെ കാതൽ എന്താണ്? ഞാൻ ചോദിച്ചു. ‘സ്നേഹം’ മലാങ്ങ് മറുപടി നൽകി. ‘ഇസ്‌ലാം സ്നേഹം അല്ലാതെ മറ്റൊന്നുമല്ല. അല്ലാഹുവിനോടുള്ള സ്നേഹം, ജനങ്ങളോടുള്ള സ്നേഹം. പക്ഷേ വഹാബികൾ അല്ലാഹുവിനെ മാത്രം കാണുന്നു, ജനങ്ങളെ കാണുന്നില്ല. അവർ നിയമങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്നേഹമാണ് കൽപനകളെ വഴിപ്പെടാൻ ആദ്യം വേണ്ടത്. എന്നും ഭാവ പ്രകടനമല്ല, ആന്തരിക ഭാവമാണ് വിശ്വാസത്തിൽ പ്രധാനമെന്നും അവർ മനസ്സിലാക്കുന്നില്ല’ അദ്ദേഹം പറഞ്ഞു.

ഉത്സവത്തിന്റെ അടുത്ത ദിവസം ഞാൻ മിതു സൈന്റെ വീട് സന്ദർശിച്ചു. ലാഹോറിലെ ഒരു കുഗ്രാമത്തിൽ രണ്ട് ഇടുങ്ങിയ മുറികൾ മാത്രമുള്ള ഒരു കെട്ടിടത്തിലാണ് മിതുവും അയാളുടെ ഭാര്യയും അവരുടെ മൂന്ന് മക്കളും താമസിക്കുന്നത്. ടേബിൾ ആയും ലിവിംഗ് റൂമിലെ സോഫയായും ഉപയോഗിക്കാനായി അവർക്കുള്ളത് ഒരു ഡബിൾ കോട്ട് ബെഡ് മാത്രമാണ്. പർപ്പിൾ നിറമുള്ള മേലങ്കിയും ജീൻസും ആണ് മിതു ധരിച്ചിരുന്നത്. മുടി തൊപ്പി കൊണ്ട് മൂടിയിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനും ചെണ്ടക്കാരായിരുന്നു. സഹോദരൻ ഗുംഗ ജന്മനാ ബധിരനാണ് എന്നറിഞ്ഞപ്പോൾ പിതാവ് ഏറെ ദുഃഖിതനായി. തങ്ങളുടെ പാരമ്പര്യ തൊഴിലിന്റെ കണ്ണി മുറിഞ്ഞ് പോയേക്കുമെന്ന് ആശങ്കപ്പെട്ട അദ്ദേഹം ഗുംഗയെ പീറിനരികിലേക്കു കൊണ്ടുപോയി. പ്രാർത്ഥനകൾക്കും മന്ത്രോച്ചാരങ്ങൾക്കും ശേഷം പീർ ഗുംഗ സൈൻ മഹാനായ ഒരു ചെണ്ടക്കാരൻ ആകുമെന്നും ഒരുപാട് ഉയരങ്ങൾ കീഴടക്കുമെന്നും പ്രവചിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിലെ ഒരു ആഘോഷത്തിനായി ഗുംഗയും സഹോദരനും ക്ഷണിക്കപ്പെട്ട അവസരത്തിൽ പീറിന്റെ വാക്കുകൾ പുലർന്നിരിക്കുന്നു എന്ന് അവർക്ക് ബോധ്യമായി.

ക്ലാസിക്കൽ താളങ്ങൾ കൊണ്ടാണ് തങ്ങൾ തുടങ്ങാറുള്ളതെന്നും പിന്നീട് 5, 6, 7, 8, 9, 10, 11 എന്നിങ്ങനെ കാലിൽ വിരലടിച്ച് താളം പിടിക്കുമെന്നും മിതു വിവരിച്ചു തന്നു. ചിലപ്പോൾ രണ്ട് വ്യത്യസ്ത താളങ്ങൾ ഒരുമിച്ച് ഉപയോഗിക്കാറുമുണ്ട്. എന്നാൽ അത് ഏറെ സങ്കീർണമായ പ്രവൃത്തിയാണ്. സംഗീത പരിപാടിയുടെ തുടക്കത്തിൽ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റലല്ല മറിച്ച് കലയുടെ ആവിഷ്ക്കാരം മാത്രമാണ് അവരുടെ ലക്ഷ്യം. പിന്നീട് നർത്തകർ നൃത്തം വെക്കാൻ തുടങ്ങുമ്പോൾ ധമ്മൽ താളത്തിനനുസരിച്ച് ചെണ്ട കൊട്ടുകയും അതിനെ വിവിധതരം ഏറ്റക്കുറച്ചിലുകളോടെ ആവർത്തിക്കുകയും ചെയും. അപ്പോഴേക്കും ചെണ്ടക്കാരും നർത്തകരും ഒരു തരം ഉന്മാദാവസ്ഥയിൽ എത്തിയിട്ടുണ്ടാകും. വിവാഹമടക്കമുള്ള മതേതര ചടങ്ങുകളിൽ അവർ ധമ്മൽ താളം ഉപയോഗിക്കാറില്ല. ധമ്മൽ അവരെ ഒരുതരം ഉന്മത്തരാക്കുകയും, ദൈവത്തിൽ ലയിച്ച അവസ്ഥയിലെത്തിക്കുകയും ചെയ്യും. അതേസമയം ഓരോ താളത്തിന്റെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചും, താളത്തിന്റെ സൂക്ഷ്‌മഭേദങ്ങളെക്കുറിച്ചും ഉണർച്ചയിലുള്ളതിനേക്കാൾ കൃത്യമായി ബോധവാനുമായിരിക്കും. ആ അവസ്ഥയിൽ അവർ സ്വയം കൊട്ടുകയല്ല, മറിച്ച് അവരിലൂടെ മറ്റാരോ പ്രവൃത്തിക്കുകയാണ് ചെയ്യുന്നത്.

സൂഫികൾ നിഷ്ക്രിയരാണ് എന്ന അധിക്ഷേപം വ്യാപകമായി ഉന്നയിക്കപ്പെടാറുണ്ട്. മൗലികവാദികക്കെതിരെ ശബ്ദിക്കാനോ, രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനോ, പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിനോ മിതു സൈൻ മുന്നോട്ട് വരാറില്ല. എന്നിട്ടും ഭൂരിപക്ഷം പാക്കിസ്ഥാനികളും സൂഫിസത്തിന്റെ ശക്തരായ വക്താക്കളാണ്. ‘സൂഫികൾ യഥാർത്ഥത്തിൽ നിഷ്ക്രിയരല്ല, മിതു പറഞ്ഞു, ‘അവർ വ്യത്യസ്തമായ ഒരു സംവിധാനത്തിൽ ജീവിക്കുന്നവരാണ്. സൂഫികൾ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നത് പ്രാപഞ്ചിക ക്രമത്തിലാണ്’ മിതു സൈൻ കൂട്ടിച്ചേർത്തു. എല്ലാ അപരാഹ്നങ്ങളിലേയും പോലെ രണ്ടാമത്തെ മുറിയിൽ ചെണ്ട പഠിക്കാൻ വന്ന വിദ്യാർത്ഥികൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.


സംഗ്രഹ വിവർത്തനം: മുഹമ്മദ്‌ ഫായിസ് മുത്തേടം
Featured Image: ഡൽഹി നിസാമുദ്ധീൻ ദർഗയിലെ ഖവ്വാലി സദസ്സ്
ക്യാമറ: രഘു നയ്യാർ

Author

https://www.navidkermani.de/?lang=en

Comments are closed.