മൈക്രോ-മാക്രോ ബൈനറിക്കപ്പുറത്തെ കണക്റ്റഡ് ഹിസ്റ്ററീസ്

1960-70കളിൽ ചരിത്രരചനാ ശാസ്ത്രവുമായി (historiography) ബന്ധപ്പെട്ട് ചരിത്രകാർക്കിടയിൽ നിലനിന്നിരുന്ന ഏറ്റവും പ്രധാന സംവാദം ഫ്രഞ്ച് അനൽസിന്റെ ‘ലോങ്ങ് ദ്യുറെ’യും (longue durée), ഇറ്റാലിയൻ മൈക്രോ ഹിസ്റ്റോറിയയും തമ്മിലുള്ളതായിരുന്നു. 1949ൽ പ്രസിദ്ധീകരിച്ച ‘La Méditerranée et le monde méditerranéen à l’époque de Philippe II’ എന്ന തന്റെ പുസ്തകത്തിലൂടെ ഫെർണണ്ട് ബ്രൊദൽ മുന്നോട്ട് വെക്കുകയും, പിന്നീട് 1970കളിൽ ‘Histoire économique et sociale de la France’ എന്ന മൂന്ന് വാള്യങ്ങളുള്ള വർക്കിലൂടെ ‘സീരിയൽ ഹിസ്റ്ററി’ (seriel history) ആയി ഏർണസ്റ്റ് ലാബ്റൗസ് വിപുലപ്പെടുത്തുകയും ചെയ്ത ലോങ്ങ് ദ്യുറെ രീതി സൂക്ഷ്മ ചരിത്രങ്ങൾക്ക് പകരം, ചരിത്രത്തെ അതിന്റെ സ്ഥൂലമായ ഘടനയിലാണ് മനസ്സിലാക്കാൻ ശ്രമിച്ചത്. ദീർഘമായ കാലയളവും, ഭൂമിശാസ്ത്രം, സാംസ്കാരിക ഘടന, പ്രകൃതി വിഭവങ്ങൾ മുതലായ വലിയ അളവുകോലുകളും വെച്ചുകൊണ്ടാണ് ലോങ്ങ് ദ്യുറെ രീതി മനുഷ്യ ചരിത്രത്തെ ക്രോഡീകരിച്ചത്. സമയത്തെയും സംഭവവികാസങ്ങളെയും, ദീർഘ സമയമായ ‘ലോങ്ങ് ദ്യുറെ’ (longue durée), ചാക്രികമായ ഇടക്കാല സമയമായ ‘കൺജങ്ച്ചർ’ (conjuncture), ഹൃസ്വ സമയമായ ‘ഇവൻമെന്റ്’ (événement) എന്നിങ്ങനെ വിഭജിച്ച ബ്രൊദൽ, ലോങ്ങ് ദ്യുറെയെയാണ് മനുഷ്യ ചരിത്രത്തെ രൂപപ്പെടുത്തുന്ന അടിസ്ഥാന ഘടകമായി കണ്ടത്. അതിനാൽ തന്നെ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ സൂക്ഷ്മമായ സംഭവങ്ങൾക്ക് പ്രാധാന്യം നൽകേണ്ട ആവശ്യമില്ലായിരുന്നു. കാരണം, ലോങ്ങ് ദ്യുറെ സിദ്ധാന്തമനുസരിച്ച് ചരിത്രത്തിലെ സൂക്ഷ്മ സംഭവങ്ങളെയെല്ലാം നിർണ്ണയിക്കുകയും, ചരിത്രത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നത് ദീർഘ ഘടനകളായ ലോങ്ങ് ദ്യുറെയായിരുന്നു.

എന്നാൽ, അതിനോടുള്ള വിമർശനം എന്ന നിലയിൽ 1970കളിൽ ഇറ്റലിയിൽ സ്വതന്ത്രമായി രൂപപ്പെട്ട ചരിത്രരചനാ രീതിയായിരുന്നു ഇറ്റാലിയൻ മൈക്രോ ഹിസ്റ്റോറിയ. കാർളോ ഗിൻസ്ബർഗ്ജിയോവാനി ലെവിഎഡ്‌വേർഡോ ഗ്രെൻഡികാർളോ പോണി എന്നിവരിലൂടെ രൂപപ്പെട്ടുവന്ന ഇറ്റാലിയൻ മൈക്രോ ഹിസ്റ്ററി, സാമൂഹിക ഘടനകൾക്ക് പകരം ഒറ്റതിരിഞ്ഞ, വ്യത്യസ്തമായ സംഭവങ്ങളെയും, വ്യക്തി, കുടുംബം, ഗ്രാമം മുതലായ ചെറിയ വസ്തുക്കളെയും, കൂട്ടായ്മകളെയുമാണ് ചരിത്രവൽക്കരിച്ചത്. ഘടനകളുടെ ചലനങ്ങളെ നിരീക്ഷിക്കുന്നതിന് പകരം ഇറ്റാലിയൻ മൈക്രോ ഹിസ്റ്ററിയിൽ, അത് പഠനവിധേയമാക്കുന്ന സ്ഥാപിത ഘടനകളിൽ നിന്ന് വ്യത്യസ്തമായ ചെറിയ സംഭവങ്ങളെയും, കാലത്തെയും സൂക്ഷ്മ അപഗ്രഥനത്തിന് (close analysis) വിധേയമാക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ, ഇറ്റാലിയൻ മൈക്രോ ഹിസ്റ്ററിയിൽ, ലോങ്ങ് ദ്യുറെ രീതിയിൽ നിന്ന് വ്യത്യസ്തമായി ചരിത്ര സംഭവങ്ങളുടെ അനന്തരഫലങ്ങളെ സാമാന്യവൽക്കരിച്ച് (generalisation) ചരിത്രനിയമങ്ങൾ രൂപപ്പെടുത്തുന്ന ശൈലി നിലനിന്നിരുന്നില്ല. സൂക്ഷ്മ ചരിത്രങ്ങളെ രേഖപ്പെടുത്തുന്നതിനാൽ തന്നെ, സ്റ്റാറ്റിസ്റ്റിക്കൽ കണക്കുകളേക്കാളേറെ മാനുസ്ക്രിപ്റ്റുകൾ പോലുള്ള പ്രൈമറി സോഴ്‌സുകളോടുള്ള ഫിലോളജിക്കൽ ഇടപെടലുകളിലൂടെയായിരുന്നു മൈക്രോ ഹിസ്റ്ററി എഴുതപ്പെട്ടിരുന്നത്. അപ്പോൾ, സാമൂഹിക ഘടനക്കും ഒറ്റപ്പെട്ട ചരിത്ര സംഭവങ്ങൾക്കും നൽകപ്പെടുന്ന പ്രാധാന്യത്തിന്റെയും കർതൃത്വത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഫ്രഞ്ച് ലോങ്ങ് ദ്യുറെയും ഇറ്റാലിയൻ മൈക്രോ ഹിസ്റ്ററിയും അടിസ്ഥാനപരമായി വ്യത്യാസപ്പെട്ടിരുന്നത്.

സൂക്ഷ്മവും സ്ഥൂലവും തമ്മിലുള്ള ആ ദ്വന്ദ്വത്തെ മറികടന്നുകൊണ്ടാണ് എന്നാൽ സുബ്രഹ്മണ്യത്തിന്റെ ‘കണക്റ്റഡ് ഹിസ്റ്ററി’ രീതി രൂപപ്പെടുന്നത്. കണക്റ്റഡ് ഹിസ്റ്ററിയുടെ ഒരു പ്രധാന ലക്ഷ്യം ‘ദേശ ചരിത്രങ്ങളും’ (national history), ‘സാംസ്കാരിക ഇടങ്ങളും’ (cultural spaces) തമ്മിലുള്ള വേർതിരിവിനെ ഇല്ലാതാക്കികൊണ്ട്, ഒരേസമയം ‘സൂക്ഷ്മമായ തല’ത്തിൽ പ്രാദേശികമായ ഇടങ്ങൾ തമ്മിലുള്ള ഇടപാടുകളെയും, ‘സ്ഥൂല തല’ത്തിൽ ഓരോ പ്രദേശങ്ങളുടെയും അവയുടെ പ്രാദേശിക തലത്തിനപ്പുറമുള്ള ആഗോള ഇടപാടുകളെയും ചരിത്രവൽക്കരിക്കുന്ന ഒരു ചരിത്രരചനാ രീതി രൂപപ്പെടുത്തുക എന്നതായിരുന്നു. അതിനാൽ തന്നെ, ഘനീഭവിച്ച ‘ഇടങ്ങളെക്കാൾ’ കണക്റ്റഡ് ഹിസ്റ്ററി ചരിത്രത്തിൽ പ്രാധാന്യം നൽകുന്നത് ‘ചലനാത്മകമായ ഇടപാടുകൾക്കും ഇടമാറ്റങ്ങൾക്കുമാണ്’. ഭൂപ്രദേശങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന വസ്തുക്കൾ എന്ന ചരിത്ര കാഴ്ച്ചപ്പാടിനപ്പുറം, ചലനാത്മകമായ വസ്തുക്കളും, ആശയങ്ങളും കടന്ന് പോകുന്ന കേവല ഇടങ്ങൾ എന്ന നിലയിലാണ് കണക്റ്റഡ് ഹിസ്റ്ററിയിൽ അതിർത്തികളും, മറ്റു ജിയോഗ്രഫിക്കൽ സങ്കല്പങ്ങളും കടന്നുവരുന്നത്. അപ്പോൾ, ദേശീയ ചരിത്രങ്ങൾ മറച്ചു പിടിച്ച ചരിത്രത്തിലെ അന്തർഭൂഖണ്ഡ ബന്ധങ്ങളെ പരസ്പരം ബന്ധപ്പെടുത്തി ‘പുതിയ സർക്ക്യൂട്ടുകൾ രൂപപ്പെടുത്തുക’ എന്നതാണ് ചരിത്രകാരന്റെ ഉത്തരവാദിത്തം എന്നതിനാലാണ് സഞ്ജയ് സുബ്രഹ്മണ്യം ആ രീതിയെ ‘കണക്റ്റഡ് ഹിസ്റ്ററി’ എന്ന് അടയാളപ്പെടുത്തുന്നത്.

കണക്റ്റഡ് ഹിസ്റ്ററിയിൽ മാക്രോ രീതി, മൈക്രോ രീതിയോട് കൂടെയാണ് ഉപയോഗപ്പെടുത്തപ്പെടുന്നത്. അല്ലെങ്കിൽ മറ്റൊരു രീതിയിൽ വ്യക്തമാക്കിയാൽ, മാക്രോക്കും മൈക്രോക്കുമിടയിലുള്ള തുടർച്ചയായ ‘പ്രക്രിയ’കളുടെ അടയാളപ്പെടുത്തലാണ് കണക്റ്റഡ് ഹിസ്റ്ററി. കാരണം, സുബ്രഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം ‘ജനറൽ’ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ‘സൂക്ഷ്മ’മായ സംഭവങ്ങൾക്ക് ചരിത്രമാനം കൈവരുകയുള്ളു. എന്നാൽ അതേസമയം, സൂക്ഷ്മങ്ങളുടെ അപഗ്രഥനത്തിലൂടെയാണ് ‘ജനറൽ’ സിദ്ധാന്തങ്ങൾ രൂപപ്പെട്ടുവരുന്നതും, ജനറൽ സിദ്ധാന്തങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതും. അപ്പോൾ, സൂക്ഷ്മവും ജനറലും തമ്മിൽ സമതുലിതാവസ്ഥയിൽ പോകുമ്പോഴാണ് ആധികാരികമായ ഒരു ചരിത്രം രൂപപ്പെടുന്നത് എന്നതിനാൽ തന്നെ കണക്റ്റഡ് ഹിസ്റ്ററിയിൽ മൈക്രോ തലത്തിലുള്ള ചരിത്രാന്വേഷണവും, മാക്രോ തലത്തിലുള്ള ചരിത്രാന്വേഷണവും ഒരുപോലെ പ്രധാനമാണ്. അപ്പോൾ, സൂക്ഷ്മമായ ചരിത്രങ്ങളുമായുള്ള യോജിപ്പിൽ നിന്ന് ഒരു ജനറൽ ചരിത്ര ക്രമം അകന്നുകൊണ്ടിരിക്കുമ്പോഴാണ് ആ ചരിത്രം വൈരുദ്ധ്യമാവുന്നതും, അത് മാറ്റങ്ങൾക്ക് വിധേയമാവാൻ നിർബന്ധിതമാവുന്നതും. അത്തരത്തിൽ വൈരുദ്ധ്യമായി രൂപപ്പെട്ട ചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉദാഹരണമായിരുന്നു ഇമ്മാനുവൽ വാളർസ്റ്റെയ്‌ൻ 1974ൽ മുന്നോട്ട് വെച്ച ‘ലോകക്രമ സിദ്ധാന്തം’ (world-system theory). സൂക്ഷ്മ തലത്തിലുള്ള ചരിത്രപ്രവർത്തനങ്ങളിൽ ആ സിദ്ധാന്തം – പ്രത്യേകിച്ച് അതിലെ ആശ്രയ സിദ്ധാന്തം (dependency theory) – ‘യാഥാർത്ഥ്യത്തോട് യോജിച്ചതല്ല’ എന്ന് പല രീതിയിൽ 1980-90കളിൽ തന്നെ തെളിയിക്കപ്പെട്ടിരുന്നു. കാരണം, ആംഗ്ലോ-യൂറോ-മെഡിറ്ററേനിയനിൽ നിലനിന്നിരുന്ന ക്യാപിറ്റലിസ്റ്റ് രാഷ്ട്രങ്ങളുടെ സാമ്പത്തിക-സാമൂഹിക രീതികളെ സാമാന്യവൽക്കരിക്കു എന്നതായിരുന്നു (generalise) വാളർസ്റ്റെയ്‌ൻ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിലൂടെ ചെയ്തത്. എന്നാൽ, ഈസ്റ്റ് ഏഷ്യയിലും, ഇന്നർ ഏഷ്യയിലും, സെൻട്രൽ ഏഷ്യയിലെ പല രാഷ്ട്രങ്ങൾക്കിടയിലും, ഈസ്റ്റ് ഇന്റീസിലും എല്ലാം സാമ്പത്തിക-സാമൂഹിക പരിസരങ്ങളും, മാനുഷിക ബലങ്ങളും വ്യത്യസ്‍തമായിരുന്നു. അതുപോലെ സുബ്രഹ്മണ്യം തന്നെ എഡ്‌വാർഡ് സൈദിലൂടെയുംറൊണാൾഡ്‌ ഇൻഡെനിലൂടെയുമെല്ലാം രൂപമെടുത്ത ഇന്ത്യയെ കുറിച്ചുള്ള ഓറിയന്റൽ ഇടപാടുകളുടെ സാമാന്യവൽക്കരിക്കപ്പെട്ട ചരിത്രത്തെ 2017ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘Europe’s India: Words, People, Empires, 1500 – 1800’ എന്ന വർക്കിലൂടെയും ചോദ്യം ചെയ്യുന്നുണ്ട്.

ഒരു ലോക ചരിത്ര (world history) രചനാരീതി എന്നതിനേക്കാൾ, ആഗോള ചരിത്ര (global history) രചനാരീതിയായിട്ടാണ് കണക്റ്റഡ് ഹിസ്റ്ററി പ്രവർത്തിക്കുന്നത്. കാരണം, ‘അഗോളം’ (global) എന്ന പദം ലോകതലത്തിലുള്ള പരസ്പരാശ്രിതത്വത്തെയും, സമന്വയ പ്രക്രിയകളെയുമാണ് സൂചിപ്പിക്കുന്നതെങ്കിൽ ‘ലോകം’ (world), അന്തർദേശീയം (trans-national), അന്താരാഷ്ട്രം (international) എന്നീ വിശേഷണങ്ങളുടെ അർത്ഥത്തിൽ വരുക മാത്രം ചെയ്യുന്നൊരു പദമാണ്. അതിനാൽ തന്നെ, ഒരു ആഗോള ഭാവന നൽകുന്നുണ്ട് എന്നതിനപ്പുറം പരസ്പര സമ്പർക്കങ്ങളെ അടയാളപ്പെടുത്താൻ ആ പദത്തിന് സാധിക്കുന്നില്ല. അതിന് പുറമെ, ആഗോള ചരിത്രം എന്നത് ലോകാടിസ്ഥാനത്തിലുള്ള സാംസ്കാരിക കൈമാറ്റങ്ങളെ അടയാളപ്പെടുത്തുമ്പോൾ, ലോക ചരിത്രം എപ്പോഴും ആഗോള തലത്തിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പഠനങ്ങളെയാണ് അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ, സുബ്രഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തികം എന്ന സാധ്യത ഉൾക്കൊള്ളുന്ന ‘ലോക ചരിത്ര’ത്തിന്റെ തലത്തെയും, കണക്റ്റഡ് ഹിസ്റ്ററീസ് സ്ഥിതിചെയ്യുന്ന ‘ആഗോള ചരിത്രം’ എന്ന സങ്കൽപം ഉൾക്കൊള്ളുന്നുണ്ട്. ജർമ്മൻ ചരിത്രകാരനായ സെബാസ്റ്റ്യൻ കോൺറാഡ് അദ്ദേഹത്തിന്റെ ‘What Is Global History?’യിൽ (2016) വിശദീകരിക്കുന്ന ഒരേസമയം ഒരു വീക്ഷണ രീതിയും (perspective), വസ്തുവും (object), രൂപവുമായ (paradigm/model) ‘ആഗോള ചരിത്രം’ എന്ന സങ്കല്പത്തിൽ നിന്ന് വ്യത്യസ്തമായി സുബ്രഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം ‘പരമ്പരാഗതമായ ഏരിയ സ്റ്റഡീസിന്റെ ഭൂമിശാസ്ത്ര വിഭജനങ്ങൾക്കപ്പുറം വലിയ ഭൂപ്രദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള ചരിത്ര രചനയാണ്’ ആഗോള ചരിത്രം. അപ്പോൾ, സാമ്പ്രദായിക രാഷ്ട്രീയ അതിരുകൾക്കകത്ത് വിഭജിക്കപ്പെട്ടിരിക്കുന്ന ദേശിയ ചരിത്രങ്ങളെ ഒരുമിച്ചുകൂട്ടി ഒരു ‘സങ്കലന ചരിത്രം’ (total history) രൂപപ്പെടുത്തുക എന്നതല്ല, മറിച്ച് സാംസ്കാരിക-സാമ്പത്തിക ഇടപാടുകളുടെ ചരിത്രാടിസ്ഥാനത്തിൽ ഓരോ പ്രദേശങ്ങളുടെയും ചരിത്രകാരന്മാർ ‘സ്ഥിതീകരിക്കപ്പെട്ട വസ്തുത’കളെന്ന് അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ചരിത്രങ്ങളെ ചോദ്യം ചെയ്യുക എന്നതാണ് ആഗോളമായ കണക്റ്റഡ് ഹിസ്റ്ററിയുടെ ദൗത്യം.

കർത്താക്കളെയും, വസ്തുക്കളെയും, പ്രയോഗങ്ങളെയും സാഹചര്യവൽക്കരിക്കുന്നതിലൂടെ താരതമ്യ ചരിത്രത്തിന്റെയും, പരസ്പര ചരിത്രത്തിന്റെയും (histoire croisée) ‘വികേന്ദ്രീകരണ രീതി’ തന്നെയാണ്, ദീർഘകാലമായി ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന സമ്പർക്കങ്ങളും, കൈമാറ്റങ്ങളും, ചലനങ്ങളും, സ്വാധീനങ്ങളും, ബന്ധങ്ങളും, തുടർച്ചകളും ചരിത്രവൽക്കരിക്കുന്നതിൽ കണക്റ്റഡ് ഹിസ്റ്ററിയും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ‘സമ്പർക്കങ്ങ’ളുടെ അടിസ്ഥാനത്തിൽ പുതിയ ഭൂപ്രദേശങ്ങൾ രൂപപ്പെടുത്തുന്നതിനാൽ കണക്റ്റഡ് ഹിസ്റ്ററി ഓരോ ഇടങ്ങളും തമ്മിൽ നിലനിൽക്കുന്ന വ്യത്യാസങ്ങളെയും അതിർത്തികളെയും നിഷേധിക്കുകയും ചെയ്യുന്നില്ല. ഫ്രാങ്ക് പെർളിനെ പോലെ ‘1900ത്തിന് മുൻപ് യൂറേഷ്യ ഒരൊറ്റ ഭൂപ്രദേശമായിരുന്നു’ എന്ന സങ്കല്പത്തെ അംഗീകരിക്കുമ്പോൾ തന്നെയും, യൂറേഷ്യയുടെ ഓരോ ഭൂപ്രദേശവും ഒരേസമയം വ്യത്യസ്ത ‘സമ്പർക്ക മേഖല’കളായിരുന്നതിനാൽ (connection zone) തന്നെ അവ ഓരോന്നും വ്യത്യസ്തമായിരുന്നു എന്നതും കണക്റ്റഡ് ഹിസ്റ്ററി അംഗീകരിക്കുന്നുണ്ട്. അതിനാൽ, ഒരേസമയം തുടർച്ചയും (continuity), മാറ്റവും (change) അടയാളപ്പെടുത്തുന്ന ഇടങ്ങളാണ് കണക്റ്റഡ് ഹിസ്റ്ററിയിലെ ഭൂപ്രദേശങ്ങൾ. ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡിന്റെ ഭാഷയിൽ, അതിനാൽ കണക്റ്റഡ് ഹിസ്റ്ററിയിലെ ഭൂപ്രദേശങ്ങളിൽ പെട്ട ഓരോ ഇടവും ഒരേ സമയം വ്യത്യസ്ത ബന്ധങ്ങളിൽ നിലകൊള്ളുന്ന ഓരോ ‘യാഥാർത്ഥ്യവൽക്കരണ’ങ്ങളാണ് (actuality).

ആധുനികതയുടെ അധികാര ചരിത്രങ്ങൾക്കെതിരെ ഉയർന്ന് വന്ന ഉത്തരാധുനിക പോസ്റ്റ്-കൊളോണിയൽ ചരിത്രരീതികളിൽ നിന്നും വ്യത്യസ്തമായിക്കൊണ്ടാണ് കണക്റ്റഡ് ഹിസ്റ്ററി അതിന്റെ രീതിശാസ്ത്രം വികസിപ്പിക്കുന്നത്. സുബ്രഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം, ആധുനികതയുടെ ‘ബൃഹത്താഖ്യാനങ്ങളോടുള്ള’ (grand narrative) മറുപടി, ആ ബൃഹത്താഖ്യാനങ്ങൾക്കപ്പുറമുള്ള ലോകത്തെ ‘അതായി തന്നെ’ ചരിത്രവൽക്കരിക്കുകയല്ല, മറിച്ച് രണ്ടുലോകങ്ങളും തമ്മിലുള്ള ഇടപാടുകളുടെയും, സമ്പർക്കത്തിന്റെയും, സമന്വയത്തിന്റെയും പ്രക്രിയാപരമായ ചരിത്രം രൂപപ്പെടുത്തലാണ്. കാരണം, അല്ലാത്ത പക്ഷം കിഴക്ക്-പടിഞ്ഞാറ് മുതലായ അതിർത്തികളെ നിലനിർത്തി അതിന്റെ ഒരു ഭാഗത്ത് നിന്ന് മറുഭാഗത്തേക്ക് അന്വേഷണം മാറുക മാത്രമാണ് ചെയ്യുന്നത്. അപ്പോൾ അത്, കിഴക്ക്-പടിഞ്ഞാറ് മുതലായ ദ്വന്ദ്വങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് പകരം നിലനിർത്തുക തന്നെയാണ് ചെയ്യുന്നത്. അങ്ങനെ, ദ്വന്ദ്വങ്ങൾക്കിരുപുറവുമുള്ള ഇടപാടുകളുടെ പ്രക്രിയയെ ചരിത്രവൽക്കരിക്കുന്നതിലൂടെ സാമ്പ്രദായിക ബൈനറികൾക്ക് പുറത്തേക്ക് ചരിത്രഭാവനകളെ വിപുലപ്പെടുത്തുക കൂടിയാണ് കണക്റ്റഡ് ഹിസ്റ്ററി രീതി. യൂറോപ്യൻ സോഴ്സുകൾക്ക് പുറമെ ചൈന, ഓട്ടോമൻ സാമ്രാജ്യം, സൗത്ത് ഈസ്റ്റ് ഏഷ്യ, ലാറ്റിൻ അമേരിക്ക മുതലായ നാടുകളിൽ നിന്നുള്ള ആർക്കൈവൽ മെറ്റീരിയൽസ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ബ്രിട്ടീഷ് ചരിത്രകാരനായ ജിയോഫ്രീ പാർക്കറുടെ പതിനേഴാം നൂറ്റാണ്ടിലെ ആഗോള പ്രതിസന്ധിയെ കുറിച്ചുള്ള ‘The Global Crisis: war, climate, and catastrophe in the 17th-century’ (2013) എന്ന പുസ്തകം അത്തരം ബൈനറികൾക്ക് പുറത്തേക്ക് കടക്കുന്ന ‘കണക്റ്റഡ് ഹിസ്റ്ററി’യുടെ സാമ്പത്തിക ചരിത്രത്തിലെ പ്രധാനപ്പെട്ട പഠനങ്ങളിലൊന്നാണ്.

ക്രിട്ടിക്കൽ ഫിലോളജിയും കാല-ദേശങ്ങളുടെ ആഗോള സമീപനവും

വ്യത്യസ്ത ആഗോള മേഖലകൾ തമ്മിലുള്ള സമ്പർക്കത്തിന്റെയും, സമന്വയത്തിന്റെയും ചരിത്രം രേഖപ്പെടുത്തുന്നതിനാൽ തന്നെ കണക്റ്റഡ് ഹിസ്റ്ററി രൂപപ്പെടുത്താൻ ആവശ്യമായ ഏറ്റവും പ്രധാന ടൂൾ സഞ്ജയ് സുബ്രഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം ഫിലോളജിയാണ്. കാരണം, ഇന്ത്യയിലെ കപ്പൽ നിർമ്മാണത്തിന്റെ സങ്കീർണ്ണമായ ചരിത്രം മനസ്സിലാക്കാൻ അതിൽ പോർച്ചുഗീസുകാരും, ആഫ്രിക്കയിലൂടെ ഇന്ത്യയിൽ എത്തിയ ഇറ്റാലിയൻസും (ജെനോവൻസ്), അവരുടെ ഓട്ടോമൻ കുടുംബങ്ങളും, ഗുജറാത്തികളും എല്ലാം ഭാഗമായതിനാൽ തന്നെ ഇന്ത്യയിലും, ആഫ്രിക്കയിലും, ഇറ്റലിയിലും, പോർച്ചുഗലിലും, കിഴക്കൻ മെഡിറ്ററേനിയനിലും എല്ലാമുള്ള ആർക്കൈവുകളിൽ ഗവേഷണം നടത്തേണ്ടതായി വരും. അപ്പോൾ, അത്രയും ഭാഷകളിലെ പ്രൈമറി സോഴ്സുകളായ മാനുസ്ക്രിപ്റ്റുകളും മെറ്റീരിയൽസും ആയി ഇടപെടാനുള്ള കഴിവ് ഒരു കണക്റ്റഡ് ഹിസ്റ്റോറിയനെ സംബന്ധിച്ചിടത്തോളം അടിസ്ഥാനമാണ്. അതിനുപുറമെ, ഫീൽഡ് വർക്കും, വ്യത്യസ്ത മെറ്റീരിയലുകൾ തമ്മിൽ ബന്ധപ്പെടുത്താനുള്ള കഴിവും കൂടി യോജിക്കുമ്പോഴാണ് കണക്റ്റഡ് ഹിസ്റ്ററി എന്ന രീതിയിൽ ഒരു ചരിത്രം എഴുതാൻ – ബന്ധപ്പെടുത്തിയെടുക്കാൻ – സാധിക്കുക. അതിനാൽ തന്നെ കാതിബ് ചലബിയുടെ രീതി പിന്തുടരുന്ന സുബ്രഹ്മണ്യം, പേർഷ്യൻ, ഉർദു, തെലുഗു, തമിഴ്, പോർച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ്, ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ, ഡച്ച് എന്നിങ്ങനെ പതിനൊന്ന് ഭാഷകളിലുള്ള ചരിത്ര സോഴ്‌സുകളുമായാണ് അദ്ദേഹത്തിന്റെ ചരിത്രഗവേഷണ ഇടപെടലുകൾ നടത്തുന്നത്. ഇസ്‌ലാമിക് സ്റ്റഡീസിൽ വഴിത്തിരിവ് സൃഷ്ടിച്ച 2015ൽ പുറത്തിറങ്ങിയ ഷഹാബ് അഹ്മദിന്റെ ‘What Is Islam? The Importance of Being Islamic’ എന്ന പുസ്തകത്തിന്റെ ഏറ്റവും പ്രധാന മൂല്യമായി ഹാർവാർഡ് നിയമ പണ്ഡിതനായ നോവ ഫെൽമാൻ ചൂണ്ടിക്കാണിച്ചത് ഷഹാബ് അഹ്മദ് അതിൽ ഉപയോഗപ്പെടുത്തിയ 15ൽ പരം ഭാഷകളിൽ നിന്നുള്ള സോഴ്സുകളായിരുന്നു. ഇനി ഫിലോളജിക്ക് പുറമെ വിഷ്വൽ മെറ്റീരിയൽസുമായും സുബ്രഹ്മണ്യം ഗൗരവമായ ഇടപെടലുകൾ നടത്തിയിരുന്നു. 1990കളിൽ ഫ്രാൻസിലെത്തിയ ശേഷം, 1980കൾ വരെ ഇന്ത്യൻ അക്കാദമികളിൽ ഗൗരവമായ പരിശീലനം നൽകപ്പെടാതിരുന്ന ‘കലാ വിമർശനം’ (art criticism) എന്ന ചരിത്ര ഗവേഷണ രീതിയിൽ കൂടുതൽ ശ്രദ്ധ നൽകിയ സുബ്രഹ്മണ്യം ആ രീതി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പിന്നീട് ഡച്ച് കലാകാരനായ റെംബ്രാൻഡ് ഹർമൻസൂണിന്റെ പെയിന്റിംഗുകളിലെ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി മുഖേനയുള്ള മുഗൾ മിനിയേച്ചർ സ്വാധീനത്തെ കുറിച്ചുള്ള പഠനം നടത്തിയത്.

വിവിധങ്ങളായ ഭൂപ്രദേശങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ അവയെ ചരിത്രവൽക്കരിക്കുന്നതിന് അവിടങ്ങളിലുള്ള ചരിത്രനിക്ഷേപങ്ങളെ കണ്ടെത്തുകയും അവയെ പരസ്പരം ബന്ധപ്പെടുത്തുകയും ചെയ്യുക എന്നത് അനിവാര്യമാണ്. എന്നാൽ, അവയെ ബന്ധപ്പെടുത്തുന്നതിൽ ഒരു ചരിത്രകാരൻ നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധി ‘ആ ചരിത്ര വസ്തുക്കൾ തമ്മിലുള്ള അനുപാതം രൂപപ്പെടുത്തിയെടുക്കുന്നതിലാണ്’ (production of commensurability). എന്നാൽ, അത്തരം പൊരുത്തങ്ങൾ നിർമ്മിക്കാൻ ചരിത്രകാരനെ ഏറ്റവും അധികം സഹായിക്കുന്ന രീതിശാസ്ത്രം ഫിലോളജിയാണ്. വ്യത്യസ്തമായ ധൈഷണിക മണ്ഡലങ്ങളിൽ (intellectual circles) എഴുതപ്പെടുകയും രൂപപ്പെടുത്തപ്പെടുകയും ചെയ്ത ചരിത്ര വസ്തുക്കളെ ഫിലോളജി എന്ന ടൂളിന്റെ അടിസ്ഥാനത്തിലാണ് ആ മണ്ഡലങ്ങളിൽ നിന്നെല്ലാം കാലപരമായും സ്ഥലപരമായും അപരനായ ഒരു ചരിത്രകാരന് ക്രോഡീകരിക്കാൻ സാധിക്കുക. യഥാർത്ഥത്തിൽ, ആധുനിക ചരിത്രരചനാ ശാസ്ത്രത്തിന്റെ തന്നെ വംശാവലി ചെന്നെത്തുന്നത് പ്രാചീനാന്വേഷണത്തിലേക്കും (antiquarianism) ഭാഷാശാസ്ത്രത്തിലേക്കുമാണെന്ന് (philology) ഇറ്റാലിയൻ ചരിത്രകാരനായ അർണാൾഡോ മൊമിലിയാനോ അദ്ദേഹത്തിന്റെ ‘The Classical Foundations of Modern Historiography’യിൽ (1990) കണ്ടെത്തുന്നുണ്ട്.

മറ്റു രീതിശാസ്ത്രങ്ങളെ പോലെ തന്നെ എന്നാൽ ഫിലോളജിയുടെ രീതികളിലും, അതിനാൽ തന്നെ ഫിലോളജി അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്രരചനകളിലും പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ഖ്വിങ് ചൈനയിൽ 17, 18 നൂറ്റാണ്ടുകളിൽ ഭാഷാശാസ്ത്രത്തിൽ സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളും അതുവഴി മറ്റു വിജ്ഞാനശാഖകളിൽ വന്ന വികാസങ്ങളും ഈസ്റ്റ് ഏഷ്യൻ ചരിത്രകാരനായ ബെഞ്ചമിൻ എൽമാൻ നിരീക്ഷിക്കുമ്പോൾ തന്നെ ഇന്ത്യയിൽ, സാൻസ്ക്രിറ്റ് ഫിലോളജിയിൽ വന്ന മാറ്റങ്ങളെ ഷെൽഡൺ പുള്ളോക്കും, ദക്ഷിണേന്ത്യൻ ഭാഷകളിൽ വന്ന ഭാഷാശാസ്ത്ര വികാസങ്ങളെ വെൽചേരു നാരായണ റാവുവിനെ പോലുള്ളവരും നിരീക്ഷിക്കുന്നുണ്ട്. എങ്കിലും, ആഗോള ചരിത്രം എപ്പോഴും ചരിത്രകാരോട് അവരുടെ അനുഭവത്തിനപ്പുറമുള്ള സാധ്യതകൾ ആവശ്യപ്പെടും എന്നതിനാൽ, ആധുനിക ആഗോള ചരിത്ര രചനയുടെയും ഏറ്റവും പ്രധാന ടൂൾ ആയി വർത്തിക്കുന്നത് ഫിലോളജി തന്നെയാണ്.

1986ൽ പുറത്ത് വന്ന ‘The Return to Philology’ എന്ന തന്റെ പഠനത്തിൽ ബെൽജിയൻ-അമേരിക്കൻ സാഹിത്യ വിമർശകനായിരുന്ന പോൾ ഡീ മാൻ, മാനവികശാസ്ത്ര പഠനങ്ങളുടെ ഭാഷാശാസ്ത്രത്തിലേക്കുള്ള മടക്കത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നുണ്ട്. വിമർശന സിദ്ധാന്തങ്ങളുടെയും (critical theory), പ്രത്യയശാസ്ത്രങ്ങളുടെയും (ideology), ബാഹ്യമായ മറ്റു രീതിശാസ്ത്രങ്ങളുടെയും (external methodology) ഉപയോഗം കാരണം വ്യത്യസ്ത ഭാഷകളിലും, എഴുതപ്പെട്ട വർക്കുകളിലും ഒരേ രീതിശാസ്ത്രങ്ങൾ തന്നെ ഉപയോഗിക്കുന്ന പ്രവണത ആധുനിക സാഹിത്യവിമർശനങ്ങളിൽ ഡീ മാൻ നിരീക്ഷിക്കുന്നുണ്ട്. ഡീ മാനെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരേ രീതിശാസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ രൂപപ്പെടുന്ന സാമാന്യവൽക്കരിക്കപ്പെട്ട ആശയങ്ങൾ, പാഠങ്ങളെയും (text) അതുൾക്കൊള്ളുന്ന വിശാലമായ ചരിത്ര-സാംസ്കാരിക പരിസരത്തെയും തിരസ്കരിക്കുന്നുണ്ട്. പാഠങ്ങളുടെ ആധികാരികതയെ നഷ്ടപ്പെടുത്തുന്ന അത്തരം വിമർശന സിദ്ധാന്തങ്ങളുടെയും, പ്രത്യയശാസ്ത്രങ്ങളുടെയും, രീതിശാസ്ത്രങ്ങളുടെയും അതിപ്രസരം ആധുനിക വിജ്ഞാനത്തിന്റെ ഒരു പ്രതിസന്ധിയായിട്ടാണ് അദ്ദേഹം മനസ്സിലാക്കുന്നത്. എന്നാൽ, ടെക്സ്റ്റിന് പുറത്തുള്ള ഒരു സിദ്ധാന്തത്തിലേക്കും, സാമൂഹിക ചുറ്റുപാടുകളിലേക്കും നീങ്ങാതെ ടെക്സ്റ്റിനെ മാത്രം കേന്ദ്രീകരിച്ച് അർത്ഥവും ആശയങ്ങളും രൂപപ്പെടുത്താനുള്ള റൂബൻ ബ്രോവറുടെ ‘പ്രായോഗിക വിമർശന’ (practical criticism) പരിശീലനങ്ങളും, ഫ്രഞ്ച് തിയറിയിലെ പ്രധാനപ്പെട്ടവരായ ഷാക്കെ ദെറിദയുടെ ഫിലോസഫിയുടെ – ഹുസേളിലൂടെയും സോഷ്യോറിലൂടെയും ഉള്ള – ഫിലോളജിക്കൽ അടിത്തറയും, മിഷേൽ ഫൂക്കോയുടെ ആദ്യ പ്രധാന പുസ്തകമായ ‘Les mots et les choses’ലെ ഭാഷയും സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ അന്വേഷണങ്ങളും, ഫ്രഡറിക്ക് നീത്ഷേയുടെ ഇടപെടലുകളുമെല്ലാം വ്യക്തമാക്കിക്കൊണ്ട് ആധുനിക വിജ്ഞാനങ്ങളുടെയും അടിസ്ഥാനമായി വർത്തിക്കേണ്ടത് ഫിലോളജി തന്നെയാണെന്ന് ഡീ മാൻ വ്യക്തമാക്കുന്നുണ്ട്. ‘The Return to Philology’ എന്ന അതേ തലക്കെട്ടിൽ തന്നെ 2004ൽ എഡ്‌വാർഡ് സൈദിന്റെ മരണത്തിന് ശേഷം പുറത്ത് വന്ന അദ്ദേഹത്തിന്റെ പഠനത്തിൽ ടെക്സ്റ്റുകളെ അതിന്റെ ചരിത്രപരമായ കാലത്തിലും, സാമൂഹിക-സാഹിത്യ ഘടനയിലും പ്രതിഷ്ഠിച്ചുകൊണ്ട് മനസ്സിലാക്കാൻ ഫിലോളജിക്കൽ രീതി അത്യാവശ്യമാണെന്ന്, ഖുർആനിലും, പതിനാലാം നൂറ്റാണ്ട് മുതലുള്ള ഇസ്‌ലാമിക ജ്ഞാനശാസ്ത്രങ്ങളിലുമുള്ള ഫിലോളജി എന്ന വായനരീതിയുടെ ഉപയോഗത്തിന്റെ ചരിത്രത്തെയും, അതിന്റെ ആഗോള രീതിയിലേക്കുള്ള വികാസത്തെയും മുൻനിർത്തി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതിനാൽ, ചരിത്രപരമായുള്ള അന്വേഷണങ്ങളിൽ, ഒരേ സമയം ‘ചരിത്ര വസ്തുക്കളെ’ അവയുടെ (മറ്റൊരു കാലത്തിലും ഇടത്തിലുമുള്ള) ചരിത്രപരമായ ‘അന്യത’യിൽ തന്നെ നിലനിർത്താനും, അവയിലേക്ക് പ്രവേശിക്കുന്നതിനായി ആ വസ്തുക്കളുമായുള്ള ചരിത്രകാരന്റെ ‘അന്യത’യെ (otherness) ഇല്ലായ്മ ചെയ്യാനും സഹായിക്കുന്നത് ഫിലോളജിക്കൽ വായനാരീതിയാണ്.

പതിനാറാം നൂറ്റാണ്ടിലെ മുഗൾ ചരിത്രകാരനായിരുന്ന അബുൽ ഫസൽ ഇബ്നു മുബാറക് അദ്ദേഹത്തിന്റെ ‘ഐൻ-എ-അക്ബരി’ എഴുതിയത് ഒരു ഭാഗത്ത് മംഗോളുകളിലേക്കും മറു ഭാഗത്ത് മംലൂകുകളിലേക്കും എത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ ഭാഷാശാസ്ത്ര കഴിവുകൊണ്ടായിരുന്നു. അതുപോലെ തന്നെ, ക്ലാസിക്കൽ ചരിത്രത്തിൽ ഗ്രീക്കിനും പ്രാചീന റോമിനും പുറമെ പേർഷ്യൻസിനും, ബാബിലോണിയൻസിനും, ജൂതർക്കും, പ്രാചീന ഈജിപ്ഷ്യൻസിനും എല്ലാം ചരിത്രപരമായ ഇടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചരിത്രകാരനായ ജോസഫ് ജസ്റ്റസ് സ്‌കാലിഗറും അദ്ദേഹത്തിന്റെ ‘De Emendatione Temporum’ (1583) എഴുതിയത് അദ്ദേഹത്തിന്റെ ഇംഗ്ലീഷിനും, ഫ്രഞ്ചിനും, ഡച്ചിനും, ഇറ്റാലിയനും പുറമെ ഗ്രീക്കിലും, ഹീബ്രുവിലും, അറബിയിലും ഉണ്ടായിരുന്ന ചരിത്ര സ്രോതസ്സുകളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. സുബ്രഹ്മണ്യത്തെ സംബന്ധിച്ച് ഫിലോളജിക്കലല്ലാത്ത ഒരു ആഗോള ചരിത്ര രചന അതിനാൽ, ചരിത്രകാരനെ പ്രൈമറി സോഴ്‌സുകളുമായി ഇടപെടുന്നതിൽ നിന്ന് തടയുകയും അതുവഴി യൂഅൻ ഓസ്റ്റർഹാമെലിന്റെയും, പെറി ആന്റേഴ്‌സണിന്റെയും, വില്യം മക്നീലിന്റെയും വർക്കുകൾ പോലെ സെക്കണ്ടറി സോഴ്സുകൾ അടിസ്ഥാനപ്പെടുത്തി ‘ആഖ്യാനങ്ങൾക്ക് മുകളിൽ ആഖ്യാനങ്ങൾ ഘടിപ്പിച്ച് രൂപപ്പെടുത്തുന്ന ആധികാരികതയും ഈടുറപ്പുമില്ലാത്ത ചരിത്ര’ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അപ്പോൾ ആഗോള ചരിത്രമെഴുതുമ്പോൾ ചരിത്രകാരന്മാർ നേരിടുന്ന സാംസ്കാരികവും, കാലികവും, അനുഭവപരവുമായ അന്യതയെ അതിർലംഘിക്കുന്നതിനായി ഫിലോളജിയെയാണ് കണക്റ്റഡ് ഹിസ്റ്ററി അതിന്റെ അടിസ്ഥാന ഗവേഷണ ടൂൾ ആയി കണക്കാക്കുന്നത്.

കണക്റ്റഡ് ഹിസ്റ്ററീസ്: ലക്ഷ്യവും സാധ്യതയും

ചുരുക്കത്തിൽ, ആഗോള രൂപീകരണത്തിന്റെ ചരിത്രത്തിൽ ഉള്ളടങ്ങിയിട്ടുള്ള സമന്വയങ്ങളെയും, സ്വാധീനങ്ങളെയും, സമ്പർക്കങ്ങളെയും, അന്വേഷിക്കുന്ന സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ കണക്റ്റഡ് ഹിസ്റ്ററി രീതി, ആഗോള ചരിത്രവും (global history), ലോക ചരിത്രവും (world history) ഒരുപോലെ ലക്ഷ്യം വെക്കുന്ന ദേശീയാതിർത്തികൾക്കപ്പുറമുള്ള ചരിത്ര സങ്കല്പങ്ങളെയും, യൂറോസെൻട്രിസത്തിനപ്പുറമുള്ള പുതിയ ഇടങ്ങളുടെ (സമ്പർക്ക) ചരിത്രങ്ങളെയും സാധ്യമാക്കുന്നുണ്ട്. അതോട് കൂടെ തന്നെ, അപരത്തെയും (other) ആത്മത്തെയും (self) വേർതിരിക്കുന്ന രീതിയിലുള്ള പഴുതടച്ച വെബറിയൻ താരതമ്യ ചരിത്രസങ്കല്പ രീതികളെ ചോദ്യം ചെയ്യുകയും, മൈക്രോ ഹിസ്റ്ററിയെയും മാക്രോ ഹിസ്റ്ററിയെയും പരസ്പരം ബന്ധപ്പെടുത്തി വ്യത്യസ്ത അളവുകോലുകൾ ഒരേസമയം ഉപയോഗപ്പെടുത്തുന്നതിലൂടെ ആഗോള ചരിത്രകാരന്മാർക്ക് നഷ്ടപ്പെട്ടുപോയ പല ആഗോള ബന്ധങ്ങളും കണ്ടെത്തി സമഗ്രവും (total history), എന്നാൽ സൂക്ഷ്മ ചരിത്രങ്ങളെ തഴയുന്ന ഹെഗലിയൻ സമഗ്ര ചരിത്രത്തിൽ നിന്ന് വ്യത്യസ്തമായി ഒരേസമയം ‘സ്ഥിതീകരിക്ക’പ്പെട്ടതുമായ (situated history) ഒരു പുതിയ ലോക ചരിത്രം കണ്ടെത്തുക കൂടിയാണ് കണക്റ്റഡ് ഹിസ്റ്ററി ചെയ്യുന്നത്.

അവസാനമായി, ‘തനിമയാർന്ന ഇന്ത്യൻ സംസ്കാരം’ എന്ന ഒന്ന് ഇല്ല എന്നും, മറിച്ച് ഇന്ത്യ എന്ന ഭൂപ്രദേശം വ്യത്യസ്ത സംസ്കാരങ്ങൾ പലകാലങ്ങളിൽ കടന്നുപോയ ഒരു ‘ഇടം’ മാത്രമാണെന്നും വാദിക്കുന്നതിലൂടെ സംസ്കാരങ്ങൾ പരസ്പര കൈമാറ്റങ്ങളിലൂടെ മാത്രം രൂപപ്പെട്ട ഒന്നാണെന്നും, അതിനാൽ തന്നെ അറബ് സംസ്കാരവും, പേർഷ്യൻ സംസ്കാരവും, ചൈനീസ് സംസ്കാരവും, റോമൻ സംസ്കാരവും, ആഫ്രിക്കൻ സംസ്കാരവും, തുർക്കിഷ് സംസ്കാരവും, യൂറോപ്യൻ സംസ്കാരവും തുടങ്ങി വ്യത്യസ്‍ത സംസ്കാരങ്ങൾ ഇന്ത്യയിൽ അവശേഷിപ്പിച്ചു പോയ സംസ്കാരങ്ങളുടെ സങ്കലനത്തിലൂടെ മാത്രമേ ഇന്ത്യൻ സംസ്കാരം (അതുപോലെ തന്നെ ഏതൊരു സംസ്കാരവും) എന്ന ഒന്ന് രൂപപ്പെടുന്നുള്ളൂ എന്ന ആശയവും കണക്റ്റഡ് ഹിസ്റ്ററിയുടെ അടിസ്ഥാന സിദ്ധാന്തമാണ്. അതുവഴി ആർ സി മജുംദാർജാദുനാഥ് സർക്കാർഎച് സി റായ്ചൗധരി മുതലായ ചരിത്രകാരന്മാരെയും, ഐ സി എച് ആറിനെയും (ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്) എല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യയിയിലും, ബോസ്റ്റൺ ചരിത്രകാരന്മാരുടെ വർക്കുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് യു.എസിലും എല്ലാം വർത്തമാന കാലത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ സങ്കുചിതമായ ദേശീയ ചരിത്രങ്ങളുടെ ആഖ്യാനങ്ങൾക്കപ്പുറം ആഗോള ചരിത്രത്തിന്റെ ക്രിയാത്മകവും വിമർശനാത്മകവുമായ യഥാർത്ഥ ബഹുസ്വരതകളിലേക്ക് വൈജ്ഞാനിക സാധ്യതകൾ തുറന്നിടുക കൂടി ചെയ്യുന്നുണ്ട് സുബ്രഹ്മണ്യത്തിന്റെ കണക്റ്റഡ് ഹിസ്റ്ററി രീതി.


ഭാഗം ഒന്ന്: കണക്റ്റഡ് ഹിസ്റ്ററീസ്: സമ്പർക്കങ്ങളുടെ ആഗോള ചരിത്രശാസ്ത്രം

Featured Image: Francesco Roselli’s ‘World Map’.

Comments are closed.