Invisible threads are the strongest ties

Friedrich Nietzsche

വിക്ടർ ലെയ്‌ബർമാനും കംപേരറ്റീവ് യൂറേഷ്യൻ ചരിത്രത്തിന്റെ പരിമിതിയും

ആഗോള അക്കാദമിക ചരിത്ര പഠനങ്ങളിൽ – പ്രത്യേകിച്ച് സമുദ്രാന്തരീയ ചരിത്രം (maritime history), അന്തർ സാംസ്കാരിക ചരിത്രം (cross cultural history), സാമ്പത്തിക ചരിത്രം (cliometrics) മുതലായ 1950കൾക്ക് ശേഷം ആഗോള ചരിത്ര പഠനങ്ങളിൽ (global history) ശക്തിപ്പെട്ടുവന്ന ഗവേഷണ മേഖലകളിൽ – 2000ങ്ങൾക്ക് ശേഷം സ്വാധീനം ചെലുത്തിയ ഏറ്റവും പ്രധാനപ്പെട്ട രീതിശാസ്ത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ ചരിത്രകാരനായ സഞ്ജയ് സുബ്രഹ്മണ്യം മുന്നോട്ട് വെച്ച ‘സമ്പർക്ക ചരിത്രം’ (connected histories) എന്ന രീതി. സൗത്ത് ഈസ്റ്റ് ഏഷ്യൻ, യൂറേഷ്യൻ ചരിത്രകാരനായ വിക്ടർ ലെയ്‌ബർമാന്റെ Modern Asian Studiesൽ പ്രസിദ്ധീകരിച്ച ‘Secular Trends in Burmese Economic History, c. 1350-1830, and their Implications for State Formation’ (1991), ‘Transcending East-West Dichotomies: State and Culture Formation in Six Ostensibly Disparate Area’ (1997) എന്നീ രണ്ട് പഠനങ്ങൾക്കുള്ള (അവ പിന്നീട് 2003ൽ ‘Strange Parallels: Southeast Asia in Global Context, C 800-1830’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു) പരോക്ഷമായ ഒരു മറുപടിയായിട്ടാണ് 1997ൽ സഞ്ജയ് സുബ്രഹ്മണ്യം അദ്ദേഹത്തിന്റെ ‘Connected Histories: Notes towards a Reconfiguration of Early Modern Eurasia’ എന്ന പഠനം പ്രസിദ്ധീകരിക്കുന്നത്. ആ പഠനത്തിലൂടെയാണ് ആഗോള ചരിത്ര പഠനത്തിന്റെ ഭാഗമായ അദ്ദേഹത്തിന്റെ ‘കണക്റ്റഡ് ഹിസ്റ്ററീസ്’ എന്ന ചരിത്ര രചനാരീതിക്ക് സുബ്രഹ്മണ്യം സൈദ്ധാന്തികമായ അടിത്തറ നൽകുന്നത്. ഫ്രഞ്ച് അനൽസ് ചരിത്രകാരനായ മാർക്ക് ബ്ലോക്ക് മുതൽ ഇരുപതാം നൂറ്റാണ്ടിലെ ആഗോള ചരിത്ര നിരീക്ഷണങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ‘താരതമ്യ ചരിത്ര ശാസ്ത്രം’ (comparative history) എന്ന രീതിയോടുള്ള ‘ഒരു തരത്തിലുള്ള’ വിമർശനമായിരുന്നു സുബ്രഹ്മണ്യത്തിന്റെ കണക്റ്റഡ് ഹിസ്റ്ററീസ് എന്ന രീതി. കാരണം, സൗത്ത് ഏഷ്യയിൽ ആന്റണി റീഡുംഡെനിസ് ലൊമ്പാർഡും, ഏഷ്യ-പസിഫിക്കിൽ എറിക് ജോൺസും, ‘ക്യാപിറ്റലിസം ആൻഡ് സിവിലൈസേഷൻ’ മുതലായ വർക്കുകളിൽ ഫെർണണ്ട് ബ്രൊദലും വരെ ഉപയോഗപ്പെടുത്തിയിരുന്ന താരതമ്യ രീതിശാസ്ത്രം തന്നെ ആയിരുന്നു ലെയ്‌ബർമാൻ അദ്ദേഹത്തിന്റെ യൂറേഷ്യൻ പഠനത്തിലും ഉപയോഗപ്പെടുത്തിയത്. അതിനാൽ തന്നെ, ഏർളി മോഡേൺ കാലഘട്ടത്തിലുള്ള ബർമയെ (ഇപ്പോഴത്തെ മ്യാൻമർ) ആ കാലഘട്ടത്തിലെ സ്പെയിനിനോടും, പതിനേഴാം നൂറ്റാണ്ടിലെ വിയറ്റ്നാമിനെ ആ കാലഘട്ടത്തിലെ പോർച്ചുഗലിനോടും താരതമ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ യൂറേഷ്യൻ ചരിത്രം.

ലെയ്‌ബർമാന്റെ താരതമ്യ രീതിക്ക് എന്നാൽ ചരിത്രപരവും സൈദ്ധാന്തികവുമായ ചില പരിമിതികൾ ഉണ്ടായിരുന്നു. ഒന്ന്, താരതമ്യത്തിന്റെ അടിസ്ഥാനമായി അദ്ദേഹം ബർമ, സിയാം (ഇപ്പോഴത്തെ തായ്‌ലൻഡ്), വിയറ്റ്നാം, റഷ്യ, ഫ്രാൻസ്, ജപ്പാൻ മുതലായ അദ്ദേഹം ഗവേഷണം നടത്തിയിരുന്ന രാജ്യങ്ങളെ കൃത്യമായി നിർണ്ണയിക്കപ്പെട്ട ‘ഇടങ്ങ’ളായി നിർണ്ണയിക്കുകയായിരുന്നു. ശേഷം ആ വ്യത്യസ്തമാക്കപ്പെട്ട ഇടങ്ങൾ തമ്മിലായിരുന്നു ലെയ്‌ബർമാൻ അദ്ദേഹത്തിന്റെ ചരിത്ര താരതമ്യം നടത്തിയിരുന്നത്. മറ്റൊന്ന്, കിഴക്കൻ റഷ്യ മുതൽ പോർച്ചുഗൽ വരെ വിസ്തൃതമായി കിടക്കുന്ന യൂറേഷ്യയെ അദ്ദേഹം ‘കേന്ദ്ര പ്രദേശങ്ങൾ’ (heart lands), ‘പ്രാന്ത പ്രദേശങ്ങൾ’ (rim lands) എന്നിങ്ങനെ രണ്ടായി വിഭജിച്ചു. ആ രണ്ട് പ്രതിസന്ധികളും എന്നാൽ സുബ്രഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഏർളി മോഡേൺ യൂറേഷ്യയുടെ പല ഭാഗങ്ങൾ തമ്മിലുണ്ടായിരുന്ന ‘സമ്പർക്ക’ സ്വഭാവത്തെ (connected characters) നിഷേധിക്കുന്നതായിരുന്നു. കാരണം, ആധുനിക ദേശ രാഷ്ട്രങ്ങളുടെ, രാഷ്ട്ര അതിർത്തി സങ്കല്പങ്ങൾക്കപ്പുറമുള്ള ‘സ്ഥല രൂപീകരണങ്ങളും’ ‘കൈമാറ്റങ്ങളു’മായിരുന്നു ഏർളി മോഡേൺ യൂറേഷ്യയുടെ ചരിത്ര സ്വഭാവം. അതിനാൽ തന്നെ, യൂറേഷ്യയിലെ ഒരു ‘ഭാഗ’ത്തെ അതിലെ മറ്റൊരു ‘ഭാഗ’ത്തിൽ നിന്ന് വേർപെടുത്തി മനസ്സിലാക്കാൻ സാധിക്കുകയില്ലായിരുന്നു. മറിച്ച് വ്യത്യസ്തമായ ഭാഗങ്ങൾക്കിടയിലുള്ള പരസ്പര ‘സമ്പർക്ക’ങ്ങളുടെ ചരിത്രത്തിലൂടെ മാത്രമേ ഏർളി മോഡേൺ യൂറേഷ്യയിലെ ഓരോ ഭാഗത്തിന്റെയും ചരിത്രം മനസ്സിലാക്കുക സാധ്യമായിരുന്നുള്ളു. അപ്പോൾ, സുബ്രഹ്മണ്യത്തിന്റെ ‘കണക്റ്റഡ് ഹിസ്റ്ററീസ്’ മെത്തഡോളജി അനുസരിച്ച് യൂറേഷ്യയിലെ ഓരോ ഭാഗത്തെയും, അതിന്റെ നെറ്റുവർക്കായ യൂറേഷ്യ എന്ന വലിയ പ്രതലത്തിനകത്തുള്ള അതിന്റെ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ.

എന്നാൽ അത്തരം വലിയ പ്രതലത്തിനകത്ത് വെച്ചുകൊണ്ടുള്ള ചരിത്ര രൂപീകരണങ്ങൾ സുബ്രഹ്മണ്യത്തിന് മുൻപ് തന്നെ ഏഷ്യൻ സ്റ്റഡീസിലുള്ള ചരിത്രകാരന്മാരുടെ ഇടയിൽ നിലനിന്നിരുന്നു. എന്നാൽ അവയിൽ ഉള്ളടങ്ങിയിരുന്ന പരിമിതികളെ തുറന്ന് കാണിച്ചുകൊണ്ടും അവയിൽ നിന്ന് രീതിശാസ്ത്രപരമായി വ്യത്യസ്തമായിക്കൊണ്ടുമാണ് സുബ്രഹ്മണ്യം അദ്ദേഹത്തിന്റെ ‘കണക്റ്റഡ് ഹിസ്റ്ററീസ്’ രൂപപ്പെടുത്തിയെടുത്തത്. സുബ്രഹ്മണ്യത്തിന് മുൻപ് ആ രീതിയിൽ ഇടപെട്ട പ്രധാന ചരിത്രകാരന്മാരായിരുന്നു കെ എൻ ചൗധുരിയുംആന്ദ്രേ വിങ്കുംക്രിസ്റ്റഫർ ബെയ്‌ലിയും. ചൗധുരി അദ്ദേഹത്തിന്റെ ‘Asia before Europe’ലൂടെ (1990) ഏഷ്യൻ ചരിത്രത്തെ അതിന്റെ ‘ഇന്ത്യൻ ഓഷ്യൻ’ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ ശ്രമം നടത്തിയപ്പോൾ, ആന്ദ്രേ വിങ്ക് അദ്ദേഹത്തിന്റെ ‘Al-Hind: The Making of the Indo-Islamic World’ലൂടെ (1990) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിന്റെ വ്യാപനവും വഴിത്തിരിവുകളും, അതിന്റെ വ്യത്യസ്ത ഇടങ്ങളുമായുള്ള വ്യത്യസ്ത രീതിയിലുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചു. അതേസമയം, ക്രിസ്റ്റഫർ ബെയ്‌ലി അദ്ദേഹത്തിന്റെ ‘Imperial Meridian: The British Empire and the World 1780-1830’ലൂടെ (1989) അമേരിക്കയുടെ നഷ്ടപ്പെടലിനും ആഫ്രിക്കയുടെ വിഭജനത്തിനും ഇടയിൽ, ഫ്രഞ്ച് വിപ്ലവത്തിന്റെയും നെപോളിയനിക് യുദ്ധങ്ങളുടെയും കാലഘട്ടത്തിൽ ഏഷ്യയിലും, മിഡിൽ ഈസ്റ്റിലും നിലനിന്നിരുന്ന രണ്ടാം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്രത്തെ ആഗോള പ്രതിഭാസങ്ങളുമായുള്ള അതിന്റെ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാനാണ് ശ്രമിച്ചത്. എന്നാൽ, ഇന്ത്യൻ ഓഷ്യൻ ബന്ധങ്ങളിലൂടെ മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴും ചൗധുരി യൂറോപ്യൻ ആഗമനത്തിന് മുൻപുള്ള ഏഷ്യയെ സ്ഥായിയായ ഒന്നായിട്ടായിരുന്നു മനസ്സിലാക്കിയിരുന്നത്. അതിന് പുറമെ, ഏഷ്യയെ വ്യത്യസ്തങ്ങളായ ഇടങ്ങളായി വിഭജിച്ചിരുന്ന സാമ്പ്രദായിക ‘ഏരിയ സ്റ്റഡീസിന്റെ’ അടിസ്ഥാനത്തിലായിരുന്നു ചൗധുരി അദ്ദേഹത്തിന്റെ ഗവേഷണം അടിസ്ഥാനപ്പെടുത്തിയത്. ആന്ദ്രേ വിങ്ക് അതേസമയം, ‘ആഗോള സമ്പർക്കങ്ങളെ’ കേവലം കച്ചവടം മുതലായ ഭൗതിക സമ്പർക്കങ്ങളായിട്ടായിരുന്നു (material connections) മനസ്സിലാക്കിയിരുന്നത്. അതിനുപുറമെ ‘ഇൻഡോ-ഇസ്‌ലാമിക് ലോകം’ എന്ന ഇടത്തെ ഒരു വാളർസ്റ്റെയ്നിയൻ ലോക ക്രമമായിട്ടായിരുന്നു (world system) അദ്ദേഹം ചരിത്രവൽക്കരിച്ചത്. അപ്പോൾ, ക്രിസ്റ്റഫർ ബെയ്‌ലി ആഗോള പ്രതിഭാസങ്ങളുടെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ മനസ്സിലാക്കാൻ ശ്രമിച്ചുവെങ്കിലും, സൂക്ഷ്മ ചരിത്രത്തിന് (micro history) പ്രാധാന്യം നൽകാതെ, സ്ഥൂല ചരിത്രത്തിന്റെ (macro history) രീതിശാസ്ത്രത്തിൽ, സാമ്പ്രദായിക രീതിയിലുള്ള ഒരു ചരിത്രമായിരുന്നു രൂപപ്പെടുത്തിയിരുന്നത്. അതിനാൽ, ഒരേസമയം ലെയ്‌ബർമാനോടും, ചൗധുരിയോടും, വിങ്കിനോടും, ബെയ്‌ലിയോടുമുള്ള വിമർശനാത്മകമായ ഇടപെടലായിരുന്നു സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ ‘കണക്റ്റഡ് ഹിസ്റ്ററീസ്’.

ഇന്റഗ്രേറ്റഡ് ചരിത്രവും ആന്റി എംപിരിക്കൽ രീതിശാസ്ത്രവും

നവീനമായ ഒരു രീതി എന്നതിനേക്കാൾ, 1970-80കളിൽ തന്നെ നിലനിന്നിരുന്ന ജോസഫ് ഫ്ലെച്ചറുടെയുംമാർട്ടിൻ ഡിക്ക്സന്റെയുംഴോങ് ഒബോണിന്റെയുമെല്ലാം ‘സമന്വയ ചരിത്ര’ (integrated history) രീതിയുടെ ഒരു തുടർച്ചയായിരുന്നു സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ ‘കണക്റ്റഡ് ഹിസ്റ്ററീസ്’ രീതി. ഇന്ത്യൻ ചരിത്രത്തെ ഇന്ത്യൻ ഓഷ്യനുമായി ബന്ധപ്പെടുത്തി ചരിത്രവൽക്കരിക്കുന്നതിൽ പ്രധാനിയായിരുന്ന ഇന്ത്യൻ ചരിത്രകാരനായ ആശിൻ ദാസ് ഗുപ്തയുടെ ചരിത്ര വിശകലന രീതികളിൽ നിന്നും കണക്റ്റഡ് ഹിസ്റ്ററീസ് സ്വാധീനം ഉൾക്കൊണ്ടിരുന്നു. ഹാർവാർഡ് ചരിത്രകാരനായ ഫ്ലെച്ചർ, ഖ്വിങ് ഡൈനാസ്റ്റിയെ കുറിച്ചുള്ള ചരിത്ര പഠനങ്ങളെ കേവലം ചൈനയുടെ സാമ്പത്തിക-രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഒതുക്കുന്നതിന് പകരം ഇറാനിലേക്കും, സെൻട്രൽ ഏഷ്യയിലേക്കും, ഇസ്‌ലാമിക ലോകത്തേക്കും, ഇന്ത്യയിലേക്കും, ഇന്തോനേഷ്യയിലേക്കും എല്ലാം ബന്ധപ്പെടുത്തിക്കൊണ്ട് പുതിയ രീതിയിൽ കണ്ടെത്താനുള്ള ശ്രമം 1978ൽ തന്നെ തുടങ്ങിയിരുന്നു. അതേസമയം പ്രിൻസ്റ്റൺ ചരിത്രകാരനായിരുന്ന ഡിക്ക്സൺ സഫാവിദ് ഇറാനെ, സെൻട്രൽ ഏഷ്യൻ നാടുകളും, തുർക്കിഷ് നാടുകളുമായി ബന്ധപ്പെടുത്തി ‘നിയർ ഈസ്റ്റിന്റെ’ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒരു ‘സമ്പർക്ക’ ചരിത്രം 1960കളുടെ തുടക്കത്തിൽ ആരംഭിച്ച് 1980തിന്റെ ആരംഭത്തിൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അപ്പോൾ ഫ്രഞ്ച് ചരിത്രകാരനായിരുന്ന ഒബോൺ, പോർച്ചുഗീസ് സാമ്രാജ്യത്തെ, പോർച്ചുഗീസും ഇസ്‌ലാമിക ലോകവും – അറബ്, പേർഷ്യൻ, ഓട്ടോമൻ ദേശങ്ങളും – തമ്മിൽ നടന്ന ഇടപാടുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാനുള്ള ശ്രമം 1960കളിൽ തന്നെ ആരംഭിച്ചിരുന്നു. ആൽബർട്ട് ഹൂറാനിറോബർട്ട് ബെർട്രം സെർജെന്റ്, ബ്രൊദൽ മുതലായവരിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട ദാസ് ഗുപ്ത ‘ഇന്ത്യയെ മനസ്സിലാക്കാൻ ഇന്ത്യക്ക് പുറത്ത് നിന്ന് നോക്കണം’ എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ ആർക്കൈവുകളുടെ സഹായത്തോടെ ഇന്ത്യൻ കച്ചവട സമ്പദ് വ്യവസ്ഥയെയും, കച്ചവടക്കാരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയെയും ഇന്ത്യൻ ഓഷ്യന്റെ പരിസരത്ത് നിന്ന് 1970കളിൽ തന്നെ പഠന വിധേയമാക്കിയിരുന്നു. അതിനാൽ, സമന്വയ ചരിത്രത്തിന്റെയും, ‘പുറത്ത് നിന്ന് നോക്കുന്ന’ ദാസ് ഗുപ്തയുടെ രീതിയുടെയും എല്ലാം ഒരു വിപുലപ്പെട്ട രൂപമായിരുന്നു 1997ലെ സുബ്രഹ്മണ്യത്തിന്റെ കണക്റ്റഡ് ഹിസ്റ്ററി.

ലിന്റാ കോളി മുതലായ ബ്രിട്ടീഷ് ചരിത്രകാരിലൂടെ 1970-80കളിൽ ശക്തമായ സ്വാധീനം നിലനിർത്തിയിരുന്ന ‘അനുഭവൈക ചരിത്രരചനാ ശാസ്ത്ര’ത്തോട് (empirical history) വ്യത്യസ്തമായിട്ടായിരുന്നു ഫ്ലെച്ചറും, ഡിക്ക്സണും, ഒബോണും, സുബ്രഹ്മണ്യവും അവരുടെ സമന്വയ-സമ്പർക്ക ചരിത്ര രീതികൾ രൂപപ്പെടുത്തിക്കൊണ്ടുവന്നത്. കാരണം, അനുഭവൈക ചിത്രരചനയിൽ, ചരിത്രകാരന് നേരിട്ട് അനുഭവമുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പരിസരങ്ങളുടെ ചരിത്രങ്ങൾ മാത്രമേ ആധികാരികമായി രചിക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ തന്നെ, അമേരിക്കൻ ചരിത്രകാരനായ ജോർജ്ജ് ഹപ്പേർട്ടിനെ പോലുള്ളവരെ സംബന്ധിച്ചിടത്തോളം ചരിത്രം, ചെറിയ സാമൂഹിക പരിസരങ്ങളിലെ ചെറിയ വിഷയങ്ങളെ പറ്റി മാത്രം സാധ്യമായ ഒന്നായിരുന്നു. ഒരർത്ഥത്തിൽ, 1970കളിൽ ശക്തമായിരുന്ന ഇറ്റാലിയൻ മൈക്രോ ഹിസ്റ്ററിയുടെ ഒരു രൂപഭേദം തന്നെയായിരുന്നു കോളിയുടെയും, ഹപ്പേർട്ടിന്റെയും അനുഭവൈക രചനാശാസ്ത്രവും. അതനുസരിച്ച്, പതിനാറ്-പതിനേഴ് നൂറ്റാണ്ടിലെ ഇംഗ്ലീഷ് യാത്രികനായിരുന്ന ആന്റണി ഷിർളിയുടെ ‘Sir Anthony Sherley: his Relation of his Travels into Persia’ (1613) പോലുള്ള ഒരു ഗ്രന്ഥത്തിന് മാത്രമേ ഒരു സമന്വയ-സമ്പർക്ക ചരിത്രം എന്ന് ആധികാരികമായി അവകാശപ്പെടാൻ സാധിക്കുമായിരുന്നുള്ളു. കാരണം ഇറാനിലും, ഓട്ടോമൻ സാമ്രാജ്യത്തിലും, റഷ്യയിലും, പോളണ്ടിലും, ജർമ്മനിയിലും, ചെക്ക് റിപ്പബ്ലിക്കിലും, മൊറോക്കോയിലും, സ്പെയിനിലും, പോർച്ചുഗലിലും എല്ലാം യാത്ര ചെയ്ത അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം ആ രാഷ്ട്രങ്ങളുടെ ചരിത്രം എഴുതിയത്. അനുഭവൈക ജ്ഞാനത്തിന് മറ്റുള്ള ജ്ഞാനങ്ങളെക്കാൾ ആധികാരികത കൽപ്പിച്ച് നൽകുന്ന പതിനേഴാം നൂറ്റാണ്ടിലെ ‘അനുഭവജ്ഞാന’ (empiricist) സിദ്ധാന്തം ഫ്രാൻസിസ് ബേക്കണിലൂടെ വ്യാപിക്കുകയും കോണ്ടിനെന്റൽ യൂറോപ്പിലെ മറ്റു ജ്ഞാനശാഖകളിലേക്ക് വ്യാപിക്കുകയും ചെയ്തതിന്റെ ഫലമായിട്ടായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും കോളി, ഹപ്പേർട്ട് പോലുള്ളവരിലൂടെ അനുഭവൈക ചരിത്രരചനാ ശാസ്ത്രം നിലനിന്നത്. അപ്പോൾ, അവരെ സംബന്ധിച്ചിടത്തോളം ‘ലോകം ഒരു യന്ത്രം പോലെ’യായതിനാൽ, അതിന്റെ വ്യത്യസ്ത ഭാഗങ്ങളുടെ സൂക്ഷ്മ ചരിത്രങ്ങൾ ഒരുമിച്ച് ഘടിപ്പിച്ചുകൊണ്ട് മാത്രമേ ഒരു ആഗോള ചരിത്രം സാധ്യമായിരുന്നുള്ളൂ. എന്നാൽ അത്തരം ‘ഘടിപ്പിക്കപ്പെട്ട സൂക്ഷ്മ ചിത്രങ്ങളുടെ ആകത്തുകയായ ഒരു ആഗോള ചരിത്രം’ എന്ന കാഴ്ച്ചപ്പാടിനെ ഹോർഹെ എസ്ഹ്വേര അദ്ദേഹത്തിന്റെ – കണക്റ്റഡ് ഹിസ്റ്ററിയുടെ തന്നെ മറ്റൊരു രൂപമായ – ‘സങ്കീർണ്ണ ചരിത്രങ്ങൾ’ (entangled histories) എന്ന സങ്കല്പം വിശദീകരിക്കുന്ന ‘Entangled Histories: Borderland Historiographies in New Clothes?’ (2007) എന്ന പഠനത്തിൽ വിമർശനവിധേയമാക്കുന്നുണ്ട്.

ഷിർളിയിൽ നിന്ന് വ്യത്യസ്തമായ ആന്റി-എംപിരിക്കൽ ആഗോള ചരിത്ര രചനകൾ പതിനാറ്-പതിനേഴ് നൂറ്റാണ്ട് മുതൽ തന്നെ എന്നാൽ നിലനിന്നിരുന്നു. പോർച്ചുഗീസ് ചരിത്രകാരന്മാർ അത്തരം ചരിത്ര രചനാരീതിയെ ‘അരെദൊന്തേസാ’ (ഭൂഗോളം) എന്നായിരുന്നു വിളിച്ചിരുന്നത്. പോർച്ചുഗീസ് ചരിത്രകാരനായ അന്റോണിയോ ഗാൽവാഓ, പോളിഷ് ചരിത്രകാരനായ മാർജിൻ ബെയ്‌ൽസ്‌കി, ഓട്ടോമൻ ചരിത്രകാരനായ മുസ്തഫ അലി ഗലിപൊളി, മെക്സിക്കൻ ചരിത്രകാരനായ ഡോമിങ്ങോ ഫ്രാൻസിസ്‌കോ ദെ സാൻ അന്റോൺ മുതലായ ചരിത്രകാരന്മാർ അത്തരം ആന്റി-എംപിരിക്കലായ രീതി ഉപയോഗിച്ച് ആ കാലഘട്ടങ്ങളിൽ ആഗോള ചരിത്രം എഴുതിയവരായിരുന്നു. എന്നാൽ ആഗോള ചരിത്ര രചനയുടെ ആ ചരിത്രം പല ചരിത്രകാരന്മാരും, ആ രീതിയുടെ ആധുനിക വിലാസം നഷ്ടപ്പെടാതിരിക്കാൻ മറച്ചുവെക്കുകയായിരുന്നു. എംപിരിസിസത്തിൽ നിന്ന് വ്യത്യസ്‍തമായി ഭാഷാശാസ്ത്രമായിരുന്നു (philology) അവർ ആഗോള ചരിത്രരചനക്കായി ഉപയോഗപ്പെടുത്തിയിരുന്നത്. അത്തരത്തിൽ, ഫിലോളജിയിലൂടെ ആഗോള ചരിത്രം രചിച്ചവരിൽ പ്രധാനിയായിരുന്നു പതിനേഴാം നൂറ്റാണ്ടിലെ ഓട്ടോമൻ ചരിത്രകാരനായ മുസ്തഫ കാതിബ് ചലബി. ഫ്രഞ്ച്, ഇറ്റാലിയൻ സോഴ്‌സുകളും; ജെസൂയിട്ട്, ജെവിഷ് സോഴ്‌സുകളും; അറബ്, ഒസ്മാൻലി തുർക്ചെ സോഴ്‌സുകളും എല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ‘ഫദ്ലകത് അത്തവാരീഖ്’, ‘തഖ്‌വീം അത്തവാരീഖ്’, ‘ജിഹാന്നുമാ’ മുതലായ ലോക ചരിത്ര ഗ്രന്ഥങ്ങൾ എഴുതിയത്. ഫിലോളജി അടിസ്ഥാനപ്പെടുത്തിയ ആ രീതിശാസ്ത്രത്തിൽ നിലയുറപ്പിച്ചുകൊണ്ടാണ് പിന്നീട് ഫ്ലെച്ചറും, ഡിക്ക്സണും, ഒബോണും, സുബ്രഹ്മണ്യവും അവരുടെ ചരിത്ര രീതികളെ വിപുലപ്പെടുത്തിയത്. സുബ്രഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം 16, 17 നൂറ്റാണ്ടുകളിലെ ആഗോള ചരിത്രകാരന്മാരിൽ നിന്ന് വ്യത്യസ്തമായി ആധുനിക ആഗോള ചരിത്രകാരന്മാർ ‘സോഷ്യൽ സയൻസി’ലെ ടൂളുകൾ ഉപയോഗിക്കുന്നു എന്നത് മാത്രമായിരുന്നു അവർ തമ്മിലുള്ള വ്യത്യാസം.

കണക്റ്റഡ് ഹിസ്റ്ററിയുടെ സൈദ്ധാന്തിക പരിസരങ്ങൾ

‘കണക്റ്റഡ് ഹിസ്റ്ററീസ്’ വിമർശനാത്മകമായി ഇടപെട്ട മറ്റൊരു പ്രധാന ചരിത്രരചനാ പ്രവണത ‘സമ്പർക്ക ചരിത്ര’ രചനാരീതിക്കകത്ത് തന്നെ സ്വാധീനം ചെലുത്തിയിരുന്ന ‘വസ്തു ചരിത്ര’രചനാരീതിയായിരുന്നു (material history). ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ തമ്മിലുള്ള ‘സമ്പർക്കങ്ങൾ’ എന്ന സാധ്യത എപ്പോഴും കേവല ‘വസ്തു കൈമാറ്റങ്ങ’ളുടെ ചരിത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയായിരുന്നു. അതിനാൽ, ആഗോള ജി ഡി പിയും, സ്ഥിതിവിവരണ കണക്കുകളും മുതലായ അക്കങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ആഗോള ചിത്രരചനാ രീതികൾ, സംസ്കാരങ്ങളും ആശയങ്ങളും തമ്മിലുള്ള ‘സമ്പർക്കങ്ങളെ’ ചരിത്രത്തിൽ നിന്ന് മാറ്റി നിർത്തുന്നവയായിരുന്നു. ആഗോള സ്വർണ്ണ-വെള്ളി കച്ചവട ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ 1976ൽ എഴുതപ്പെട്ട കാറ്റലോണിയൻ, ഹിസ്പാനിയൻ ചരിത്രകാരനായ പിയറി വിലാറിന്റെ ‘A History of Gold and Money, 1450-1920’ എന്ന പുസ്തകം ആ രീതിയിൽ, ‘മെറ്റീരിയലൈസ് ചെയ്യപ്പെട്ട ഒരു കണക്റ്റഡ് ഹിസ്റ്ററി’യുടെ ഭാഗമായിരുന്നു. അക്കാരണത്താൽ സാമ്പത്തിക ചരിത്രകാരനായി പരിശീലിപ്പിക്കപ്പെട്ടിട്ടും സുബ്രഹ്മണ്യം, ഭൗതികമായ ഒരു വസ്തുവിന്റെ അടിസ്ഥാനത്തിൽ ലോകത്തിന്റെ പല ഭാഗങ്ങൾ തമ്മിലുള്ള സമ്പർക്കം വ്യക്തമാക്കുന്നതിന് പകരം, ഓട്ടോമനിസ്റ്റായ കോർണൽ ഫ്ലെയ്ഷറെ പോലുള്ളവരിൽ നിന്ന് വിപുലപ്പെടുത്തിയ ‘അന്ത്യദിന സങ്കൽപം’ (apocalypse) എന്ന ഒരു ആശയത്തിന്റെ ആഗോള സമ്പർക്ക സ്വഭാവത്തിലൂടെയാണ് ‘കണക്റ്റഡ് ഹിസ്റ്ററീസ്’ രീതി അദ്ദേഹത്തിന്റെ പഠനത്തിൽ വ്യക്തമാക്കിയത്.

കണക്റ്റഡ് ഹിസ്റ്ററിയിലൂടെ സുബ്രഹ്മണ്യം അഭിസംബോധന ചെയ്ത മറ്റൊരു പ്രധാന പ്രതിസന്ധി ചരിത്ര ഭൂമിശാസ്ത്രമായിരുന്നു (historical geography). സുബ്രഹ്മണ്യത്തെ സംബന്ധിച്ചിടത്തോളം, ദേശരാഷ്ട്ര രൂപീകരണങ്ങൾക്ക് ശേഷം നിലവിൽ വന്ന ‘നിർണ്ണയിക്കപ്പെട്ട ഭൂപ്രദേശങ്ങൾ’ (defined territories) വസ്തുനിഷ്ഠമായ ചരിത്ര പഠനങ്ങൾക്ക് ഒരു തടസ്സമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതിർത്തികൾക്കകത്ത് നിന്നുകൊണ്ടുള്ള ചരിത്ര ചിന്തകൾ, ചരിത്രകാരനെ അവർ അറിയാതെ ‘ദേശരാഷ്ട്രീയപരമായി’ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും അതിനാൽ തന്നെ ചരിത്രത്തെ വിശാലമായി മനസ്സിലാക്കുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നു. ഭൂശാസ്ത്രപരമായി ഇന്ത്യയുടെ താഴെ തെക്ക് കിഴക്കിൽ സ്ഥിതിചെയ്യുന്ന ശ്രീലങ്കയെ മാറ്റി നിർത്തിക്കൊണ്ട് ഇന്ത്യയുടെ ചരിത്രം പൂർത്തിയാവുകയില്ലെങ്കിലും, ശ്രീലങ്കയുടെ ചരിത്രത്തെ കുറിച്ച് അറിവുള്ള ഇന്ത്യൻ ചരിത്രകാരന്മാർ വളരെ കുറവാണ്. ഒരു രാഷ്ട്രീയ കാഴ്ച്ചപ്പാടിൽ നിന്ന്, അത്തരം ചരിത്ര സങ്കുചിതത്വങ്ങൾ ചിലപ്പോൾ പലർക്കും ചരിത്ര-രാഷ്ട്രീയ നീതി തന്നെ നിഷേധിക്കുന്നവയാണ്. കാരണം, മ്യാൻമറിലും, കിഴക്കൻ ഇന്ത്യയിലും ജീവിക്കുന്ന മുസ്‌ലിം വിഭാഗമായ റോഹിൻഗ്യകളുടെ ചരിത്രത്തെ ‘അവർ ഇന്ത്യക്കാരല്ല’ എന്നതിനാൽ ഇന്ത്യൻ ചരിത്രകാരന്മാരും, ‘അവർ ബർമീസ് അല്ല’എന്ന കാരണത്താൽ ബർമീസ് ചരിത്രകാരന്മാരും ചരിത്രപഠനത്തിൽ നിന്നൊഴിവാക്കി. അപ്പോൾ, അത്തരം ദേശരാഷ്ട്ര വിഭജനങ്ങളുടെ ഭൂമിശാസ്ത്ര സങ്കുചിതത്വങ്ങൾ കാരണം റോഹിൻഗ്യ എന്നൊരു വിഭാഗത്തിന്റെ ചരിത്രമാണ് നിഷേധിക്കപ്പെട്ടത്. ദേശരാഷ്ട്ര അതിർത്തികളിലൂടെ ‘ചരിത്ര പ്രദേശ’ വിഭജനങ്ങൾ നടത്തുന്നതിനാൽ തന്നെ സംസ്കാരങ്ങൾക്കും ആശയങ്ങൾക്കും പകരം ഭൗതിക മാനദണ്ഡങ്ങൾ തന്നെയായിരുന്നു ചൗധുരിയും, വിങ്കും, ബെയ്‌ലിയുമെല്ലാം അവരുടെ പ്രാദേശിക വിഭജനങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ടായിരുന്നു, വലിയ രാഷ്ട്രങ്ങൾ, ചെറിയ രാഷ്ട്രങ്ങൾ, ദ്വീപുകൾ, വടക്ക് മലകളുള്ള പ്രദേശങ്ങൾ, പടിഞ്ഞാറ് കടലുള്ള രാഷ്ട്രങ്ങൾ മുതലായ സങ്കല്പങ്ങൾ ചരിത്രജ്ഞാനത്തെ നിയന്ത്രിച്ചിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി, സംസ്കാരങ്ങളും, ആശയങ്ങളും സമ്പർക്കങ്ങളിലൂടെ നിലനിന്നിരുന്ന, ദേശരാഷ്ട്ര അതിർത്തികൾക്കതീതമായ പുതിയ ‘ചരിത്ര പ്രാദേശങ്ങളാണ്’ എന്നാൽ കണക്റ്റഡ് ഹിസ്റ്ററിയിൽ രൂപമെടുക്കുന്നത്. അപ്പോൾ, ഇന്ത്യൻ കപ്പൽ നിർമ്മാണത്തിന്റെ ചരിത്രത്തിൽ, പോർച്ചുഗീസ് കോളനിയും, ആഫ്രിക്കയിലൂടെ ഇന്ത്യയിലെത്തിയ ഇറ്റാലിയൻ-ജെനോവൻ കപ്പൽ നിർമ്മാണ തൊഴിലാളികളും ഭാഗമായതിനാൽ തന്നെ, ഇന്ത്യയും, കിഴക്കൻ ആഫ്രിക്കയും, മെഡിറ്ററേനിയനും, ഓട്ടോമൻ സാമ്രാജ്യവും, പോർച്ചുഗലും, ഇറ്റലിയും ഭാഗമായ പുതിയൊരു ജിയോഗ്രഫിയാണ് കണക്റ്റഡ് ഹിസ്റ്ററിയിൽ രൂപമെടുക്കുന്നത്.

കണക്റ്റഡ് ഹിസ്റ്ററീസ് ചോദ്യം ചെയ്ത മറ്റൊരു ചരിത്ര പ്രവണത, താരതമ്യ ചരിത്രപഠനങ്ങളിൽ നിലനിന്നിരുന്ന വെബറിയൻ പരിക്രമത്തെയായിരുന്നു. വസ്തുക്കളെ അവക്ക് അർത്ഥവും ഇടവും നൽകുന്ന അവയുടെ സാഹചര്യത്തിൽ നിന്നടർത്തി മാറ്റി കേവലം അവ തമ്മിലുള്ള സദൃശ്യതകളും വ്യതരിക്തതകളും അന്വേഷിക്കുന്ന ഒന്നായിരുന്നു വെബറിയൻ താരതമ്യ രീതി. എന്തുകൊണ്ട് ‘ഒരു സമൂഹം’ മറ്റൊരു സമൂഹത്തെ പോലെ ആകുന്നതിൽ പരാജയപ്പെട്ടു എന്നതായിരുന്നു മാക്സ് വെബറിന്റെ താരതമ്യത്തിന്റെ അടിസ്ഥാനം. വെബറിനെ സംബന്ധിച്ചിടത്തോളം ലോകരാഷ്ട്രങ്ങൾ എന്തുകൊണ്ട് യൂറോപ്പിനെ പോലെ ‘ആധുനികത കൈവരിച്ചില്ല’ എന്നതായിരുന്നു ചോദ്യം. എന്നാൽ, അതിൽ നിന്ന് വ്യത്യസ്‍തമായി യൂറോ-കേന്ദ്രിത ലോക സങ്കല്പത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ബാരിങ്റ്റൺ മൂറുംജാക്ക് ഗോൾഡ്സ്റ്റോണും, മാർക്സിസ്റ്റ് ചരിത്രകാരായ പെറി ആന്റേഴ്‌സണുംഇമ്മാനുവൽ വാളർസ്റ്റെയിനും എല്ലാം സാംസ്കാരിക വിശകലനം നടത്തിയതെങ്കിലും, അവർ ‘താരതമ്യ കേന്ദ്രത്തെ’ തലതിരിക്കുക മാത്രമായിരുന്നു ചെയ്തത്. കാരണം, യൂറോപ്പുമായുള്ള താരതമ്യം ഒഴിവാക്കിയപ്പോഴും, മറ്റൊന്നിനോട് – ഏഷ്യയോട് – തുലനപ്പെടുത്തിക്കൊണ്ട് മനസ്സിലാക്കുന്നതിനാൽ ‘താരതമ്യ കേന്ദ്രം’ അപ്പോഴും അവരുടെ ചരിത്ര രീതിശാസ്ത്രത്തിൽ നിലനിന്നിരുന്നു. അപ്പോൾ പരസ്പരം തുലനം ചെയ്യുന്നതിലൂടെ, ഓരോ ഭൂപ്രദേശങ്ങളും അവയുടെ പ്രത്യേക ബന്ധങ്ങളുടെയും സമ്പർക്ക ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് രൂപപ്പെടുന്നത് എന്നതിനാൽ തന്നെ അവ ഓരോന്നും മൗലികമായി തന്നെ വ്യത്യസ്‍തമാണ് എന്ന യാഥാർത്ഥ്യത്തെ നിഷേധിച്ചുകൊണ്ട് അവയെ എല്ലാം തന്നെ ഒരേ മാദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാനുള്ള ശ്രമമാണ് യഥാർത്ഥത്തിൽ നടക്കുന്നത്. അതിനാൽ തന്നെ, പരസ്പരം തുലനം ചെയ്യുകയും, വിലയിരുത്തുകയും ചെയ്യുന്നതിന് പകരം വ്യത്യസ്ത ഭൂപ്രദേശങ്ങൾ തമ്മിലുള്ള സമ്പർക്കങ്ങളെ ക്രോഡീകരിക്കുക – ഒരർത്ഥത്തിൽ വിലയിരുത്തലില്ലാതെ ഭൂപ്രദേശങ്ങളെ മനസ്സിലാക്കുക – എന്ന ഒരു പോസ്റ്റ്-വെബറിയൻ രീതിയാണ് കണക്റ്റഡ് ഹിസ്റ്ററീസ് ഉപയോഗിക്കുന്നത്. അതിനുപുറമെ, അത്തരം വ്യത്യാസങ്ങളുടെ അടിസ്ഥാനത്തെ യൂറോപ്പേതര രാഷ്ട്രങ്ങളുടെ ‘നൈസർഗ്ഗികമായ സാംസ്കാരിക വ്യത്യാസത്തിൽ’ സ്ഥാപിക്കുന്ന വെബറിയൻ സിദ്ധാന്തത്തിൽ നിന്ന് മാറി, സംസ്കാരങ്ങൾ വ്യത്യസ്തമായതുകൊണ്ടല്ല ‘ഇടപാടുകൾ’ (transactions) വ്യത്യസ്തമാകുന്നത്; മറിച്ച് ഇടപാടുകൾ വ്യത്യസ്‍തമായത് കൊണ്ടാണ് സംസ്കാരങ്ങൾ വ്യത്യസ്തമാവുന്നത് എന്ന സിദ്ധാന്തം കൂടിയാണ് – ഷിയെ ദില്യൂസിന്റെ ഭാഷയിലെ ‘difference is before identity’ എന്ന തത്വമാണ് – കണക്റ്റഡ് ഹിസ്റ്ററീസിന്റെ അടിസ്ഥാനം.


തുടർന്ന് വായിക്കുക : കണക്റ്റഡ് ഹിസ്റ്ററിയും ചരിത്രശാസ്ത്രത്തിന്റെ ഫിലോളജിക്കൽ-ആന്റിക്വേറിയൻ വംശാവലിയും

Featured Image: Piri Reis’s rare map

Comments are closed.