ഭാഗം ഒന്ന്

വിശ്വാസവും പ്രതീക്ഷകളുമുള്ള എണ്ണൂറോളം പുരുഷന്മാരും സ്ത്രീകളും വാത്സല്യത്തോടും ഓർമ്മകളോടും കൂടെ അവിടെ ഒത്തുകൂടി. വടക്ക്, തെക്ക്, കിഴക്കിന്റെ പ്രാന്തപ്രദേശത്തുനിന്ന്, കാട്ടുപാതകൾ താണ്ടി, നദികൾ കടന്ന്, ആഴം കുറഞ്ഞ വഴികളിലൂടെ പ്രൗസ് തീരത്തെത്തി, ചെറിയ വഞ്ചികളിൽ വ്യത്യസ്ത ദ്വീപുകളിലേക്ക് മാറി, കഷ്ടപ്പാടുകളിലൂടെ കടന്നുപോയി, വിചിത്രമായ കാഴ്ചകൾ കണ്ട്, വിചിത്രമായ ഭയങ്ങൾ അനുഭവിച്ച് – എല്ലാം ഒറ്റ ആഗ്രഹം ഉയർത്തിപ്പിടിച്ച്. മരുഭൂമിയിലെ ഏകാന്തകുടിലുകളിൽ നിന്നും, ജനനിബിഢമായ താവളങ്ങളിൽ നിന്നും, തീരപ്രദേശ ഗ്രാമങ്ങളിൽ നിന്നുമാണ് അവർ വന്നത്. ഒറ്റ ആശയത്തിന്റെ ആഹ്വാനത്തിൽ, അവരുടെ കാടുകൾ, ഭരണാധികാരികളുടെ സംരക്ഷണം, അഭിവൃദ്ധി, ദാരിദ്ര്യം, യുവത്വത്തിന്റെ ചുറ്റുപാടുകൾ, പിതാക്കന്മാരുടെ ശവകുടീരങ്ങൾ എല്ലാം ഉപേക്ഷിച്ചു അവർ പുറപ്പെട്ടു.

ജോസഫ് കോൺറാഡ് (1920)

ജോസഫ് കോൺറാഡിന്റെ ‘ലോർഡ് ജിം’ എന്ന നോവൽ, എസ് എസ് പട്ന എന്ന ഒരു സാങ്കല്പിക തീർത്ഥാടന കപ്പൽ വിജനമായൊരു ദ്വീപിൽ തീർത്ഥാടകരെ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, മക്കയിലെത്താനുള്ള ആ വിശ്വാസികളുടെ ആഗ്രഹത്തെകുറിച്ചുമുള്ള ഭാവനാത്മകമായ വിവരണമാണ്. മറ്റ് തീർത്ഥാടകരുടെ കൂട്ടത്തിൽ ചേരാനുള്ള അവരുടെ മതപരമായ പ്രതിബദ്ധതയും, വിശാലമായ സമുദ്രം മുറിച്ചുകടക്കുന്നതിലെ അവരനുഭവിക്കുന്ന കഷ്ടപ്പാടുകളും, അപരിചിതരുമായുള്ള അവരുടെ ഏറ്റുമുട്ടലുകളുമെല്ലാം നോവലിൽ കടന്നുവരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുത മുസ്‌ലിങ്ങളുടെ ആത്മീയവും, ആശയപരവുമായ ഹൃദയഭൂമിയിൽ വസിക്കാനായി സ്വന്തം വീടും, രാഷ്ട്രവും ഉപേക്ഷിച്ച് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് മക്കയിലേക്ക് യാത്ര ആരംഭിച്ച തീർത്ഥാടകരുടെ മാനസികനില അത് പകർത്തുന്നു എന്നതാണ്.

ദക്ഷിണേഷ്യയിൽ നിന്നും കപ്പൽ പോലുള്ള ആധുനിക ഗതാഗത സൗകര്യങ്ങളുടെ ആഗമന കാലത്ത് തന്നെ വിശ്വാസികൾ ഹജ്ജ് നിർവഹിക്കാൻ പോയിരുന്നു. ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങളുടെ വാർഷിക കൂട്ടായ്മയും, ശാരീരികമായും സാമ്പത്തികമായും സ്ഥിരതയുള്ള വിശ്വാസികൾക്കുള്ള മതപരമായ ബാധ്യതയുമാണ് ഹജ്ജ്. ആഗോള മുസ്‌ലിം ശൃംഖലകളുടെ സാധ്യതകളും, ദക്ഷിണേഷ്യയിൽ നിന്നുള്ള മതപരമായ യാത്രകളുടെ വികാസവും ദക്ഷിണേഷ്യയിൽ നിന്നും ‘ദൈവത്തിന്റെ അതിഥി’കളായി മക്കയിലേക്കുള്ള ഹജ്ജ് യാത്രകൾക്ക് ആക്കം കൂട്ടി. ആധുനിക വായുഗതാഗതത്തിന്റെ ആഗമനത്തിന് മുമ്പ് തങ്ങളുടെ ലക്ഷ്യത്തിലെത്താൻ വ്യത്യസ്ത യാത്രാമാധ്യമങ്ങൾ അവർ ഉപയോഗപ്പെടുത്തിയിരുന്നു. വിജനവും തരിശുമായ കരമാർഗ്ഗങ്ങൾ കാൽനടയായി മുറിച്ചുകടക്കുന്നത് മുതൽ കപ്പലുകളിലും, ഉല്ലാസനൗകകളിലും, തടി വ്യാപാര കപ്പലുകളിലും, തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രത്യേക ആവിക്കപ്പലുകളിലുമെല്ലാം അവർ മക്കയിലേക്ക് യാത്ര ചെയ്തു.

കൊളോണിയൽ ഘട്ടത്തിന്റെ അവസാന കാലത്ത് തീർത്ഥാടകരുടെ സ്വതന്ത്രസഞ്ചാരം നിയന്ത്രിക്കുന്നതിനായി പാസ്പോർട്ടുകളും, നിർബന്ധിത മെഡിക്കൽ നിരീക്ഷണങ്ങളും ഭരണപരമായ നിയമങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് ഭരണകൂടം അവതരിപ്പിച്ചിരുന്നു. സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ മിക്കതും പിന്നീട് അത്തരം കൊളോണിയൽ കാലത്തെ നിയന്ത്രണങ്ങൾ തങ്ങളുടെ നിയമങ്ങളുടെ ഭാഗമാക്കി മാറ്റുകയാണുണ്ടായത്. ഹജ്ജ് നയങ്ങളിലെ ഇത്തരം നിർണ്ണായകമായ പരിവർത്തനങ്ങൾ ഒരു പരിധിവരെ ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷിതമായ തീർത്ഥാടക സഞ്ചാരം സാധ്യമാക്കി. അത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ലാഭകരമായ സമുദ്ര വ്യാപാരം രൂപപ്പെടുത്തുകയും, തീർത്ഥാടക കപ്പൽയാത്രകൾ എളുപ്പമാക്കുകയും ചെയ്തു. അത്തരം കച്ചവടങ്ങൾ കപ്പൽ ഏജന്റുമാർക്ക് മികച്ച അവസരങ്ങൾ തുറന്നുനൽകി. കൂടുതൽ തീർത്ഥാടകരെ ആകർഷിച്ച് ലാഭം കൂട്ടുന്നതിനായി ആ കാലഘട്ടങ്ങളിലെ പ്രാദേശിക പത്രങ്ങളിൽ അവർ പരസ്യങ്ങൾ നൽകിയിരുന്നു.

ഒരു വശത്ത് തീർത്ഥാടനം കടൽ വ്യാപാരം ത്വരിതപ്പെടുത്തിയപ്പോൾ, അതേ തീർത്ഥാടകർ തന്നെ ഹിജാസിലെ തീർത്ഥാടന ഏജന്റുമാരുമായി പുതിയ ശൃംഖലകൾ കെട്ടിപ്പടുക്കാനുള്ള അവസരങ്ങൾ കണ്ടെത്തി. എന്നാൽ മറുവശത്ത്, തീർത്ഥാടന നഗരങ്ങളിൽ ജോലി കണ്ടെത്താനുള്ള ഒരുപറ്റം ആളുകളുടെ ‘തൊഴിൽ സഞ്ചാരം’ എന്ന പ്രക്രിയ കൂടെ ഹജ്ജ് യാത്രകൾ സാധ്യമാക്കുന്നുണ്ടായിരുന്നു. മധ്യകാലഘട്ടത്തിലെ ഹജ്ജ് യാത്രകൾക്ക് മതപരമായ ലക്ഷ്യങ്ങൾ മാത്രമായിരുന്നു പ്രേരകമായി വർത്തിച്ചത് എന്ന മൈക്കിൾ പിയേഴ്‌സന്റെ അഭിപ്രായം പരിഗണിക്കുകയാണെങ്കിൽ, തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആധുനിക കാലഘട്ടത്തിൽ രൂപപ്പെട്ട് വന്ന സാമ്പത്തിക താൽപര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തേണ്ടതുണ്ട്. അതായത്, ആ രീതിയിലുള്ള അന്വേഷണത്തിലൂടെ സംഘാടകർക്കും ഏജന്റുമാർക്കും തീർത്ഥാടകർക്കും വാണിജ്യ-തൊഴിൽ സംബന്ധമായ അവസരങ്ങൾ കൂടെ ഒരുക്കിക്കൊടുക്കുന്ന ഹജ്ജിന്റെ മറ്റൊരു തലത്തെ രേഖപ്പെടുത്താൻ സാധിക്കും.

വാണിജ്യാവശ്യാർത്ഥമുള്ള യാത്രകളോടൊപ്പം വ്യത്യസ്ത നാടുകളിൽ ചിതറി കിടന്നിരുന്ന വിശ്വാസികളെ മതം എന്ന സങ്കൽപ്പത്തിന് കീഴിൽ രാഷ്ട്രീയ ഐക്യദാർഢ്യങ്ങൾ രൂപീകരിക്കുന്നതിലേക്ക് നയിക്കുന്നതിനുള്ള സമുദ്രയാത്രകളും കൂടെയായിരുന്നു മക്കയും ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളും തമ്മിലുള്ള മധ്യകാല ബന്ധം ദൃഢപ്പെടുത്തിയിരുന്നത്. എന്നാൽ ബർബറാ മെറ്റ്കാഫ് വ്യക്തമാക്കുന്നതുപോലെ, കൊളോണിയൽ അധികാരികളെ സംബന്ധിച്ചിടത്തോളം ഐക്യദാർഢ്യങ്ങൾ രൂപപ്പെടുത്താനുള്ള മുസ്‌ലിം യാത്രകൾ അവരുടെ കൊളോണിയൽ താൽപര്യങ്ങൾക്ക് പ്രതിസന്ധികൾ സൃഷ്ടിച്ച് തുടങ്ങിയപ്പോൾ ജിഹാദ്, മതഭ്രാന്ത് പോലുള്ള സങ്കൽപങ്ങളിലൂടെ അവർ അതിനെ മനസ്സിലാക്കാനും, അതിന്റെ അനന്തരഫലമായി അത്തരം യാത്രകളെ നിയന്ത്രിക്കാനും തുടങ്ങി. അതേസമയം, കൊളോണിയൽ അധികാരികൾ സ്ഥാപിച്ച പുതിയ ഗതാഗത സൗകര്യങ്ങൾ അവരുടെ ആശയങ്ങൾ മുമ്പുള്ളതിനേക്കാൾ വേഗത്തിൽ പ്രചരിപ്പിക്കുന്നതിനുള്ള ഒരു സാധ്യതായായിട്ടായിരുന്നു തീർത്ഥാടകർ ഉപകാരപ്പെടുത്തിയത്.

സമുദ്ര ഗതാഗതത്തിൽ കൊളോണിയ ഭരണകൂടം വരുത്തിയ നിയന്ത്രണങ്ങളും, മടക്ക ടിക്കറ്റുകളുടെ ആവശ്യകതയുമടക്കമുള്ള നിയമങ്ങളുമാണ് പിന്നീട് സ്വതന്ത്ര്യം നേടിയ ശേഷവും ഭരണകൂടങ്ങൾ പിന്തുടർന്നത്. ഹജ്ജ് പൂർത്തിയാക്കിയ തീർത്ഥാടകരെ, പ്രത്യേകിച്ച് ദരിദ്രരെ, നാടുകളിലേക്ക് തിരിച്ചയക്കേണ്ടത്തിന്റെ ആവശ്യകത ആ കാലഘട്ടത്തിൽ അധികാരികൾക്കിടയിൽ ചർച്ചകൾക്ക് വഴിവെച്ചു. ആ ചർച്ചകൾ കൊളോണിയൽ കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലുള്ള ഹൗസ് ഓഫ് ഇന്ത്യൻ ലെജിസ്‌ലേഷനിലും പിന്നീട് സ്വാതന്ത്രാനന്തര കാലത്ത് ഇന്ത്യയുടെ ബ്യൂറോക്രാറ്റിക് അഫയേഴ്‌സിലുമായിരുന്നു നടന്നിരുന്നത്. തങ്ങളുടെ ആത്മീയ യാത്രകളെ അത് ബാധിക്കും എന്ന് വിശ്വസിച്ചിരുന്നതിനാൽ വിശാസികളിൽ നിന്ന് ശക്തമായ എതിർപ്പുകൾക്ക് ആ നടപടികൾക്ക് നേരിടേണ്ടിവന്നിരുന്നു. അത്തരം ആവശ്യങ്ങൾ പിൻവലിക്കാൻ അവർ ഉദ്യോഗസ്ഥർക്ക് കത്തുകളയച്ചു. അതേസമയം, മക്കയിൽ കുടുങ്ങിക്കിടക്കുന്ന നിരാലംബരായ തീർത്ഥാടകരെ സഹായിക്കാനും, അവരെ സൗജന്യ കപ്പലുകളിൽ ഇന്ത്യയിലേക്ക് തിരിച്ചയക്കാനും കോൺസുലർ ഏജൻസികളും, ചാരിറ്റി അധിഷ്ഠിത മതസ്ഥാപനങ്ങളും ശ്രമിച്ചിരുന്നു.

ചെങ്കടൽ ദ്വീപുകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലെ മെഡിക്കൽ നിരീക്ഷണവും, വാക്സിനേഷന്റെ ഭരണപരമായ നിയന്ത്രണങ്ങളുമെല്ലാം സമുദ്രം വഴിയുള്ള ഹജ്ജിന് ചരിത്ര രചനകളിൽ കൂടുതൽ ദൃശ്യത നൽകി. ഹജ്ജുമായി ബന്ധപ്പെട്ട അത്തരം പുതിയ സംഭവ വികാസങ്ങളെ കേന്ദ്രീകരിച്ച് ഒരുപാട് ഗവേഷണങ്ങൾ അടുത്ത കാലത്തായി നടന്നിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് തീർത്ഥാടകർ അത്തരം നിയന്ത്രണങ്ങളെ അനുഭവിച്ചിരുന്നത്? എന്തെല്ലാമായിരുന്നു അവരുടെ അതിനോടുള്ള പ്രതികരണങ്ങൾ? ആധുനിക ആഡംബര കപ്പലുകൾ ഇല്ലാതിരുന്ന കാലത്ത് എങ്ങനെയായിരുന്നു അവർ സമുദ്രയാത്രകൾ നടത്തിയിരുന്നത്? ഇസ്‌ലാമിക ഐക്യം (Islamic unity) എന്ന വളർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സങ്കൽപത്തിന്റെ രുപീകരണ കേന്ദ്രങ്ങളായി കപ്പലുകളെയും തുറമുഖ നഗരങ്ങളെയും അവരെങ്ങനെയാണ് മനസ്സിലാക്കിയത്? തുടങ്ങിയ ചോദ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഗവേഷണങ്ങൾ ഇന്ത്യൻ മഹാസമുദ്ര ഹജ്ജ് പഠനങ്ങളിൽ കുറവാണ്.

കടൽ മാർഗ്ഗമുള്ള ഹജ്ജ് യാത്രകൾ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്നിരുന്നു. ബോംബെ തുറമുഖം വഴിയുള്ള സമുദ്ര ഹജ്ജ് യാത്രകൾ 1995ലാണ് ഇന്ത്യൻ ഭരണകൂടം നിർത്തലാക്കുന്നത്. അതുവരെയുള്ള കാലഘട്ടത്തിൽ, കടൽ മാർഗ്ഗം നടന്ന ഹജ്ജുകളെ കുറിച്ച് ഒരുപാട് എഴുത്തുകൾ രൂപപ്പെട്ടിട്ടുണ്ട്. ആവിക്കപ്പൽ വഴി ഹിജാസിലേക്ക് നടന്ന ഹജ്ജ് യാത്രകളെ കുറിച്ചാണ് ദക്ഷിണേഷ്യൻ ഹജ്ജുമായി ബന്ധപ്പെട്ട അധിക പഠനങ്ങളും നിലനിൽക്കുന്നത്. എന്നാൽ, അതിൽ നിന്ന് വ്യത്യസ്തമായി ഈ അടുത്ത കാലം വരെ നടന്ന കടൽ മാർഗ്ഗമുള്ള ഹജ്ജ് യാത്രകളിലും അതുമായി ബന്ധപ്പെട്ട എഴുത്തുകളിലുമാണ് ഈ പഠനം ഊന്നൽ നൽകുന്നത്. രാഷ്ട്രം എന്ന സങ്കൽപത്തിന് പുറത്ത് ചരിത്രത്തെ ദീർഘകാലാടിസ്ഥാനത്തിൽ (longue durée) മനസ്സിലാക്കാൻ സാഹായിക്കുന്ന ഒരു വിശകലനോപാധിയാണ് സമുദ്രം എന്ന സെബാസ്റ്റ്യൻ പ്രാൻഗെയുടെ നിരീക്ഷണവും, സമുദ്രസഞ്ചാരങ്ങളെ കുറിച്ച് പഠിക്കാൻ രാഷ്ട്രത്തേക്കാൾ ഉപകാരപ്പെടുന്ന മാതൃക മതമാണെന്ന സുഗത ബോസിന്റെ വാദവും മുൻനിർത്തി എങ്ങനെയാണ് ഹജ്ജ് അത്തരം സമുദ്രസഞ്ചാരങ്ങളുടെ ഉപാധിയായി വർത്തിച്ചത് എന്നാണ് ഈ പഠനം അന്വേഷിക്കുന്നത്.

ഹജ്ജനുഭവങ്ങൾ: ആഗോള മുസ്‌ലിം, തീർത്ഥാടനം, രാഷ്ട്രീയം

ഇന്ത്യൻ ഉപഭൂഖണ്ഡം മുതൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ അവരുടെ യാത്രാവേളയിൽ സാധാരണയായി സംഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ കഴിയുന്ന ഒരു മാർഗം കണ്ടെത്തുകയായിരുന്നു സമുദ്ര ഗതാഗതത്തിലൂടെ. എന്നിരുന്നാലും, കപ്പൽയാത്രാ കമ്പനികൾക്ക് പരിഹരിക്കാൻ കഴിയാത്ത നിരവധി പ്രശ്നങ്ങളും ആശങ്കകളും തീർത്ഥാടകർക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഒരു ഘട്ടത്തിൽ തങ്ങളെ നിരീക്ഷണത്തിന് വിധേയമാക്കുന്നതിന്റെ പേരിൽ തീർത്ഥാടകർ ഭരണ സംവിധാനങ്ങളെ സംശയത്തോടെ കാണുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. അപ്പോൾ, ഒത്തുചേരലിന്റെയും, സാമൂഹിക-സാംസ്കാരിക അനുഭവങ്ങളുടെ ചേർച്ചകൾക്കുള്ള സാധ്യതകൾ തുറക്കുകയും ചെയ്യുന്ന ഒരു ഇടമായി ‘സീസ്കേപ്പിനെ’ (സമുദ്ര മണ്ഡലത്തെ) സമീപിക്കുന്നത്, മുസ്‌ലിം തീർത്ഥാടന സമൂഹങ്ങൾ വിദൂര ദേശങ്ങളിൽ നിന്നുള്ള വിശ്വാസികളുമായി ആശയ കൈമാറ്റത്തിനും, പുതിയ പ്രത്യയശാസ്ത്രങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രായോഗിക മാധ്യമമായി സമുദ്രയാത്രകളെ എങ്ങനെ കണ്ടു എന്നതിനെക്കുറിച്ച് കൂടുതൽ ധാരണകൾ രൂപപ്പെടുത്താൻ സഹായിക്കുന്നുണ്ട്.

സമുദ്ര തീർത്ഥാടനാനുഭവങ്ങൾ പരിഗണിക്കുമ്പോൾ, ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട രാഷ്ട്രീയം, സമൂഹം, ആഖ്യാനങ്ങൾ എന്നിവയിൽ ഒരുമിച്ച് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ചരിത്രപരമായ ധാരണയിൽ, സമുദ്രം ഒരു രാഷ്ട്രീയ ഇടമായും, അതേസമയം തീർത്ഥാടന കപ്പലിലെ യാത്രക്കാർ മതപരമായ വികാരങ്ങളും, വിശുദ്ധ ലക്ഷ്യസ്ഥാനത്തിനായുള്ള ആഗ്രഹങ്ങളും ബന്ധിപ്പിക്കപ്പെട്ട ഒരു സമൂഹവുമായാണ് മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. ‘ആത്മീയ ജന്മനാട്ടി’ലേക്കുള്ള ഇത്തരം സഞ്ചാരങ്ങൾ ദേശാന്തര അതിർത്തികൾ മുറിച്ച് കടക്കലിനും, വിശ്വാസികളുടേതായ പുതിയൊരു ഭവനത്തിന്റെ നിർമ്മാണത്തിനും വേദിയൊരുക്കുന്നുണ്ട്. വിശുദ്ധ ഭൂമിയിലേക്കുള്ള ശാരീരികമായ സഞ്ചാരത്തിന് പുറത്ത്, ആഗ്രഹത്തിന്റെ രൂപത്തിൽ ഒരു പ്രതിഭാസമെന്ന നിലയിൽ ഹജ്ജ് ‘ദേശാന്തര ബന്ധത്തിന്റേതായ’ ഒരു വികാരം ഉണർത്തുന്നുണ്ട്. ഹജ്ജ് നിർവഹിച്ചവർക്ക് ആ അനുഭവം ‘കഅബ’യുടെ ഓർമകളും, ആഗോള മുസ്‌ലിം സമൂഹവുമായുള്ള ഒത്തുചേരലിന്റെ ബോധവും ദൈനംദിന ജീവിതത്തിൽ നിറസാന്നിധ്യമായി മാറുന്നത് കാണാം.

മക്കയുമായുള്ള മാനസിക ബന്ധത്തോടൊപ്പം, അതുമായി ബന്ധപ്പെട്ട വ്യത്യസ്ത സാഹചര്യങ്ങളിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടെ പരിഗണിക്കേണ്ടതുണ്ട്. രാഷ്ട്രീയമായി പ്രക്ഷുബ്ധമായ കാലഘട്ടത്തിൽ, കോളനികളിൽ നിന്നുള്ള തീർത്ഥാടകർക്കിടയിൽ പാൻ-ഇസ്‌ലാമിക്, ദേശീയ വികാരങ്ങളുടെ ഘടകങ്ങൾ കണ്ടെത്താനും, അവയുടെ വ്യാപനം പരിമിതപ്പെടുത്താനും കൊളോണിയൽ അധികാരികൾ ശ്രമിക്കുന്നുണ്ടായിരുന്നു. മുസ്‌ലിം സമുദ്രാന്തര യാത്രകൾ കൊളോണിയൽ വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്വീകാര്യത വർദ്ധിപ്പിച്ചു. ഹിജാസ് പ്രദേശങ്ങളിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പ്രവർത്തിക്കാനുള്ള ഓട്ടോമൻ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. മക്കയിലെ വാർഷിക ഒത്തുചേരൽ ആഗോള ബന്ധങ്ങൾ സൃഷ്ടിക്കാനുള്ള നല്ല അവസരങ്ങളായി മാറി. കൊളോണിയൽ അധികാരത്തിനെതിരായ ഈ വൈകാരിക പോരാട്ടം കപ്പൽ കയറുന്നതോടെ തന്നെ ആരംഭിക്കുന്നുണ്ട്. മലബാറിൽ നിന്നുള്ള ഒരു തീർത്ഥാടകൻ തന്റെ ഹജ്ജ് യാത്രാ വിവരണത്തിൽ എഴുതുന്നത് ഹാജിക്കളെ വഹിക്കുന്ന കപ്പൽ മുസ്‌ലിം ലോകത്തിന്റെ ലഘുചിത്രവും, വൈവിധ്യമാർന്ന ഭൂമിശാസ്ത്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ഉൾക്കൊള്ളുന്ന മക്കയുടെ ഒരു പകർപ്പുമായി മാറിയിരിക്കുന്നു എന്നാണ്.

“ഇസ്‌ലാമിന്റെ അഞ്ചാമത്തെ തൂണായ ഹജ്ജ് നിറവേറ്റാനുള്ള മതപരമായ കടമയിൽ ഒത്തുചേർന്ന ഹാജികളുടെ വൈവിധ്യമാർന്ന ജനങ്ങളുമായുള്ള കൂടിക്കലരൽ പുതിയ അനുഭവങ്ങളും, വ്യക്തിത്വങ്ങളും, ആശയങ്ങളും അവരെ പരിചയപ്പെടുത്തി” എന്ന് ക്രിസ് അലക്സാണ്ടർ നിരീക്ഷിക്കുന്നുണ്ട്. യൂറോപ്യൻ കൊളോണിയൽ ഭരണത്തിൽ നിന്ന് മുക്തരായവരും, കൊളോണിയൽ ശക്തികൾക്കെതിരായ ദേശീയപോരാട്ടങ്ങളിൽ സജീവമായവരുമുൾപ്പെടെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരവും, വംശീയവും, സാമ്പത്തികവുമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഹാജികൾ ഒത്തുചേർന്ന മധ്യേഷ്യയിൽ അവർ എത്തുന്നതോടെ ആ കൂടിക്കലരലുകൾ കൂടുതൽ തീവ്രമായി. കൂടാതെ, കപ്പലിലെ എല്ലാ യാത്രക്കാരും ഒറ്റ വിശ്വാസം പുലർത്തുന്നു എന്ന അർത്ഥത്തിൽ ഐക്യത്തെ പ്രതിഫലിപ്പിക്കുന്ന ‘കുടുംബം’, ‘വീട്’ തുടങ്ങിയ രൂപകങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഹജ്ജ് യാത്രാനുഭവ വിവരണങ്ങളിൽ തീർത്ഥാടന കപ്പൽ ഒത്തൊരുമയുടെയും, ഐക്യദാർഢ്യത്തിന്റെയും ആഴത്തിലുള്ള രാഷ്ട്രീയ ബോധമുള്ള ‘ചലിക്കുന്ന ഇട’മായും, ഇന്ത്യൻ തുറമുഖങ്ങൾ രാഷ്ട്രീയ, സാമൂഹിക, മത ബന്ധങ്ങളുടെ ഒരു ദ്വീപ് സമൂഹമായും കണക്കാക്കപ്പെട്ടു.

ഇന്ത്യൻ മഹാസമുദ്രത്തിലെ സഞ്ചാരങ്ങൾ വിശകലനം ചെയ്യുമ്പോൾ സുഗത ബോസ് മുന്നോട്ടുവെക്കുന്ന നിരീക്ഷണങ്ങൾ ഇവിടെ പരാമർശിക്കേണ്ടതുണ്ട്. അദ്ദേഹം എഴുതുന്നു: “തീർത്ഥാടനം നടത്തിയ മുസ്‌ലിം കൊളോണിയൽ പ്രജകളെ ഒരിക്കലും ഭരണകൂടത്തിന്റെ അച്ചടക്കത്തിന് പൂർണ്ണമായും വിധേയരാക്കാൻ കഴിയുമായിരുന്നില്ല. രാജ്യാതിർത്തികൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കൊളോണിയൽ വിരുദ്ധ പ്രവാഹത്തിന്റെ മാധ്യമം എന്ന നിലയിൽ ഹജ്ജ് ഒരു നിർണായക ഇന്ത്യൻ മഹാസമുദ്ര പ്രവർത്തനമായി മാറിയിരുന്നു”. കൂടുതൽ കൃത്യമായി പറഞ്ഞാൽ, തുറമുഖ നഗരങ്ങൾ മുതൽ, ആവിക്കപ്പൽ വരെയുള്ള ഇത്തരം ഇടങ്ങൾ സാമുദായികമായ ചേർന്നുനിൽക്കലിന്റെ കേന്ദ്രങ്ങളായി മാറി. പുതിയ കൈമാറ്റ രീതികൾ വികസിച്ച ആധുനിക കാലഘട്ടത്തിൽ മക്കയിലേക്കുള്ള തീർത്ഥാടനം പാൻ-ഇസ്‌ലാം എന്ന ആശയം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു പ്രായോഗിക മാധ്യമമായി മാറി. ഒരു പരിധിവരെ അത് സമുദായത്തെ അവരുടെ സാമൂഹിക-രാഷ്ട്രീയ മനോഭാവങ്ങൾ രൂപപ്പെടുത്തുന്നതിന് സഹായിച്ചു. അതേസമയം, കോളനിയാനന്തര കാലത്ത്, വ്യത്യസ്ത മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് ആഗോള മാർഗങ്ങൾക്ക് മധ്യസ്ഥത വഹിക്കാനുള്ള ഒരു ഇടം എന്ന വ്യത്യസ്തമായ സാധ്യതക്കാണ് ഹജ്ജ് വഴിയൊരുക്കിയത്.

ഹജ്ജിന്റെ ആചാരപരമായ വശങ്ങൾക്ക് പുറത്തുള്ള സാമൂഹിക, രാഷ്ട്രീയ ഘടകങ്ങൾ പരിഗണിക്കുന്നത് ഹജ്ജ് കേവലം മതപരമായ ആചാരം മാത്രമായല്ല വർത്തിച്ചത് എന്നും, മറിച്ച് അത് വ്യത്യസ്ത രാഷ്ട്രീയ, സാമൂഹിക സങ്കൽപ്പങ്ങളെ പരിപോഷിപ്പിക്കുന്ന ഇടം കൂടിയായിരുന്നു എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്. രാഷ്ട്രീയമായും, സാമൂഹികമായും തീർത്ഥാടനത്തെ സങ്കല്പിക്കുമ്പോൾ, വിവിധ ആഗോള സാഹചര്യങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ ഹജ്ജിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് അവരുടെ സ്വത്വബോധം ശക്തിപ്പെടുത്തുകയും, രാഷ്ട്രീയമായി സമൂഹത്തെ പുനർസങ്കൽപ്പിക്കുകയുമാണ്. പ്രാദേശിക പിരിമുറുക്കങ്ങളുടെ രൂപത്തിൽ സൂക്ഷ്മ തലത്തിലും, ലോകമെമ്പാടുമുള്ള രാഷ്ട്രീയ അസ്ഥിരതയുടെ രൂപത്തിൽ ആഗോള തലത്തിലുമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ തീർത്ഥാടകർ അവരുടെ വിവിധ കണ്ടുമുട്ടലുകളെ ബോധപൂർവം അവരുടെ സവിശേഷ അനുഭവങ്ങൾ അടയാളപ്പെടുത്തുന്ന ഭാഷയിൽ രേഖപ്പെടുത്തി. ഇത്തരം ഹജ്ജ് യാത്രാ വിവരണങ്ങളുടെ ശ്രദ്ധാപൂർവമുള്ള വായന ഹജ്ജുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സാമൂഹിക കൈമാറ്റങ്ങളെക്കറിയിച്ചുള്ള ഉൾക്കാഴ്ച്ചകൾ കണ്ടെത്താൻ വളരെയധികം സഹായിക്കുന്നുണ്ട്.


ഭാഗം രണ്ട്: അതിപ്രാദേശിക അനുഭവങ്ങൾ: ഹജ്ജ് യാത്രാവിവരണ സാഹിത്യത്തിന്റെ പരിണാമങ്ങൾ ​
Featured Image: Between 1900 – 1920. To Sinai via the Red Sea, Tor, and Wady Hebran. Mecca pilgrims on deck a ship. Photo: US Library of Congress / G. Eric and Edith Matson Photograph Collection

Comments are closed.