ജോനാഥൻ എജിഡ്: ആദ്യ കാലത്ത് ഇസ്‌ലാമിക ലോകത്ത് ഭാഷാന്തര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോഴേക്കും, ഗ്രീക്ക് ഫിലോസഫി ഒരു പുരാതന ജ്ഞാനത്തിന്റെ പദവിയിലേക്ക് ഉയർന്നിരുന്നു. കാരണം ആ സമയം കൊണ്ട് തന്നെ അത് ഏകദേശം ആയിരം വര്‍ഷത്തോളം പഴക്കം കൈവരിക്കുകയും, അത്ര തന്നെ ചർച്ചകൾക്ക് വിധേയമാവുകയും, വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിരുന്നു. അപ്പോള്‍, ഗ്രീക്ക് ചിന്തകരുടെ കൃതികളുടെ അറബി ഭാഷയിലേക്കുള്ള വിവർത്തനം എങ്ങനെയായിരുന്നു? ആ പുരാതന വൈദേശിക വിഷയങ്ങളിലുള്ള മുസ്‌ലിംകളുടെ താല്പര്യം എന്തായിരുന്നു?
പീറ്റർ ആഡംസൺ: യഥാർത്ഥത്തിൽ, അത് നൂറ്റാണ്ടുകളായി നടന്നുവന്നിരുന്ന ഒരു പ്രക്രിയയുടെ ഭാഗമായിരുന്നു. പരിഭാഷ പ്രവര്‍ത്തനം ആരംഭിക്കുത് ഏകദേശം എ ഡി എട്ടാം നൂറ്റാണ്ടോടെയാണ്. പിന്നീടത് പത്താം നൂറ്റാണ്ട് വരെ നല്ല രീതിയില്‍ മുന്നോട്ട് പോകുകയും ചെയ്തു. എന്നാൽ അത് അബ്ബാസിയ ഖലീഫമാരുടെ കീഴിലുള്ള കുലീനരുടെ ഒരു സംരംഭം മാത്രമായിരുന്നു, ഖലീഫമാര്‍ തന്നെയും ഒരു നിലക്ക് അതിന്റെ ഭാഗമായിരുന്നു. മാത്രവുമല്ല അവരുടെ കോടതികളിലെ ജഡ്ജിമാർ അധികവും തത്ത്വചിന്തകരുമായിരുന്നു. ഉദാഹരണത്തിന്, ഹെലനിക് തിയറിയെ സ്വന്തം എഴുത്തിലേക്ക് കൊണ്ടുവന്ന ആ കാലഘട്ടത്തിലെ പ്രമുഖ തത്ത്വചിന്തകൻ അല്‍ കിന്ദി, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളെല്ലാം തന്നെ ഖലീഫക്കായിരുന്നു സമർപ്പിച്ചിരുന്നത്. അതിനുപുറമെ ഖലീഫയുടെ മകന്റെ ആദ്ധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ വിവര്‍ത്തകര്‍ ആ കാലഘട്ടത്തിൽ വലിയ മൂല്യമുള്ളവരായിരുന്നു. വളരെ ആദരവോടെയും ബഹുമാനത്തോടെയുമായിരുന്നു സമൂഹം അവരെ സമീപിച്ചിരുന്നത്. അതിനാൽ ആ പ്രവര്‍ത്തനങ്ങളൊന്നും തന്നെ നിരര്‍ത്ഥതകമായിരുന്നില്ല എന്നത് വ്യക്തമാണ്.
ആ കാലഘട്ടത്തിൽ ഗ്രീക്ക് ഭാഷയില്‍ നിന്നും മുൻപേ തന്നെ സുറിയാനിയിലേക്കും, മറ്റു സെമിറ്റിക് ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട ധാരാളം ഗ്രന്ഥങ്ങൾ ലഭ്യമായിരുന്നു. അത് അറബിയിലേക്കുള്ള ഗ്രീക്ക് ചിന്തയുടെ ഭാഷാന്തരത്തിന് അവലംബവും, മാതൃകയുമായിരുന്നു എന്ന് വേണം കരുതാൻ. യഥാർത്ഥത്തിൽ, പരിഭാഷാ പ്രസ്ഥാനങ്ങൾക്ക് അവയുടേതായ രീതിയുണ്ടായിരുന്നു. ആദ്യമായി, വിവർത്തനം ചെയ്യാനുള്ള കൃതികള്‍ തിരഞ്ഞെടുത്തിരുന്നത് വിവിധ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുള്ള കുലീന വർഗ്ഗമായിരുന്നതിനാൽ തന്നെ, ഒരു കൃതി പൂർണ്ണതയിൽ എത്തുമ്പോഴേക്കും അതിന്റെ ആശയങ്ങളിലും രീതികളിലുമെല്ലാം വ്യാപകമായ കൈകടത്തലുകള്‍ സംഭവിച്ചിരുന്നു. ഉദാഹരണത്തിന്, മഹത്തായ പരിഭാഷകരിൽ ഒരാളായിരുന്ന ഹുനൈന്‍ ബിന്‍ ഇസ്ഹാഖ് വിവര്‍ത്തനത്തിനായി സ്വീകരിച്ചിരുന്നത് പ്രമുഖ ഗ്രീക്ക് വൈദ്യശാസ്ത്ര വിദഗ്ധനായിരുന്ന ഗാലന്റെ കൃതികളെയായിരുന്നു. അദ്ദേത്തിന്റെ മകനായ ഇസഹാഖ് ബിന്‍ ഹുനൈൻ അരിസ്റ്റോട്ടിലിനെ വിവർത്തനം ചെയ്യുന്ന വഴിയും സ്വീകരിച്ചു
പരിഭാഷകര്‍ക്ക് സ്റ്റേറ്റിന്റെ പ്രത്യേക പിന്തുണ ലഭിച്ചിരുന്നുവെന്ന് താങ്കള്‍ പറഞ്ഞല്ലോ, ഇവയെല്ലാം വ്യത്യസ്ത വിവര്‍ത്തകരുടെ രാഷ്ട്രീയമോ മതപരമോ യാഥാസ്ഥികമോ ആയ സംഘര്‍ഷങ്ങള്‍ക്ക് കരണമായിട്ടുണ്ടാവാൻ സാധ്യതയില്ലേ? അപ്പോള്‍, ആ വിവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവരുടെ അവസ്ഥകളെ കുറിച്ചൊന്ന് വിശദീകരിക്കാമോ?
വിവര്‍ത്തകരെല്ലാം തന്നെ മിക്കവാറും ക്രിസ്ത്യന്‍ വിശ്വാസികളായിരുന്നു. ഭാഷാപരമായ കാരണങ്ങളാലാണിത്. കാരണം സിറിയയില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ വ്യവഹാര ഭാഷ ഗ്രീക്കായിരുന്നു. മാത്രവുമല്ല, തലമുറകളായി അവര്‍ ഗ്രീക്ക്, സുറിയാനി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടിരുന്നവരുമായിരുന്നു. അബ്ബാസിയ്യ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ വിവര്‍ത്തകരായി നിയമിക്കപ്പെടുവരുടെ മാനദന്ധം ചിലപ്പോഴൊക്കെ മതപരവുമായിരുന്നു. ഉദാഹരണത്തിന്, അരിസ്റ്റോട്ടിലിന്റെ ഒരു ലോജിക്കല്‍ ട്രീറ്റിസ് വിവത്തനം ചെയ്തത് സിറിയന്‍ ചര്‍ച്ചിലെ ഒരു പ്രധാന പുരോഹിതനായിരുന്ന തിമോത്തി ഒന്നാമൻ ആയിരുന്നു. അദ്ദേഹവും ഹുനൈനിനെ പോലെ തന്നെ പ്രമുഖനായിരുന്നു. പരിഭാഷ പ്രസ്ഥാനത്തിന് വലിയ രീതിയിലുള്ള ഭരണകൂട പിന്തുണ ഉണ്ടായിരുന്നുവെങ്കിലും ചില യാഥാസ്ഥിതിക മുസ്‌ലിം പണ്ഡിതർക്കിടയിൽ അത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുകയാണുണ്ടായത്. ഒരു അറബി പണ്ഡിതന്‍ ജൂത പുരോഹിതനെ, ഗ്രീക്ക് യുക്തി അപ്രസക്തവും നിരര്‍ത്ഥതകവുമാണെന്ന് പറഞ്ഞ് കൊണ്ട് നിശിതമായി വിമര്‍ശിക്കുന്ന അവസ്ഥ പോലുമുണ്ടായിട്ടുണ്ട്. മാത്രവുമല്ല അറബി ഭാഷ ശ്രദ്ധയോടെ പഠിച്ചാല്‍ മാത്രമേ സംസാരത്തില്‍ കൃത്യത വരുത്താന്‍ പോലും കഴിയൂ എന്നും ചില അറബ് പണ്ഡിതർ ജൂതർക്കെതിരായ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അതിനാൽ തന്നെ, പരിഭാഷ പ്രസ്ഥാനത്തിനെതിരില്‍ മുസ്‌ലിം സമൂഹത്തിൽ നിന്നുതന്നെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നു വന്നിരുന്നു. കാരണം, മദ്ധ്യകാല ഇസ്‌ലാമിക സമൂഹത്തില്‍ ആശയ സംപ്രേക്ഷണം നടന്നിരുന്നത് മാതൃകാപരമായ രീതിയിലായിരുന്നു. അപ്പോൾ, പരിഭാഷ പ്രസ്ഥാനത്തിനെതിരെ പൊതുവായി അരങ്ങേറിയ പ്രക്ഷോഭങ്ങളില്‍ ധാരാളം പ്രശ്‌നങ്ങളുണ്ടായി. മുസ്‌ലിം തത്ത്വചിന്തകർക്കെതിരെ ആക്രമണത്തിനുള്ള ആഹ്വാനങ്ങളും, പുസ്തകങ്ങള്‍ ചുട്ടെരിക്കലും തുടങ്ങി അനവധി കലാപങ്ങള്‍ അബ്ബാസിയ്യ ഭരണകൂടത്തിനകത്ത് അങ്ങനെ അരങ്ങേറി. എന്നാൽ, മറ്റ് പലതിനും ആ പ്രക്ഷോഭങ്ങള്‍ വഴിവെച്ചുവെങ്കിലും – ഉദാഹരണത്തിന് ശീഈ ചരിത്രത്തിന് പുറകിലുള്ള അത്തരത്തിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങൾ പോലെ – ഗ്രീക്ക് ചിന്തകളെയും യുക്തിയെയും സ്വീകരിക്കുന്നതില്‍ ആ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചരിത്രത്തില്‍ ഒരു തരത്തിലുമുള്ള നിർണ്ണായക പങ്ക് വഹിച്ചിരുന്നില്ല.
ഏത് രീതിയിലുള്ള ഗ്രന്ഥങ്ങളിലായിരുന്നു അക്കാലത്തെ വിവര്‍ത്തകര്‍ പൊതുവെ താല്പര്യം കാണിച്ചിരുത്? ആദ്യകാല ക്രിസ്ത്യന്‍ പുരോഹിതരെപ്പോലെ, ഇസ്‌ലാമിക ഏകദൈവ വിശ്വാസ വിഷയങ്ങളില്‍ അവര്‍ ശ്രദ്ധിച്ചിരുന്നോ? അതോ കേവലം രാഷ്ട്രീയ വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിൽ മാത്രമാണോ അവര്‍ ശ്രദ്ധ ചെലുത്തിയിരുന്നത്?
അധികം വിവര്‍ത്തകരും ഗ്രീക്ക് കയ്യെഴുത്ത് പ്രതികളെയാണ് വിവര്‍ത്തനത്തിനായി തിരഞ്ഞെടുത്തിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരു ബഗ്ദാദുകാരനായ വ്യക്തിക്ക് അരിസ്റ്റോട്ടിലിന്റെ ഏകദേശം കൃതികളും അറബി ഭാഷയില്‍ വായനക്ക് ലഭ്യമാണ്. എന്നാൽ പ്ലാറ്റോയുടെ രചനകള്‍ അധികമാരും വിവര്‍ത്തനം ചെയ്യാന്‍ മുതിർന്നിരുന്നില്ല. എന്നാൽ, അവിടെയാണ് ഗാലന്റെ പ്രസക്തി. അദ്ദേഹം പ്ലാറ്റോയുടെ ചിന്തകൾ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ എഴുതി. അപ്പോൾ, ഗാലന്റെ മറ്റ് കൃതികളോടൊപ്പമാണ് അങ്ങനെ പ്ലാറ്റോയും – ചെറിയ രീതിയിലെങ്കിലും – അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്.
നിയോ-പ്ലാറ്റോണിസ്റ്റുകളായ പ്ലോട്ടിനസിന്റെയും, പ്രോക്ലസിന്റെയും കൃതികളും അതിനൊരു കാരണമായിരുന്നു. എന്തെന്നാൽ, പ്ലാറ്റോണിക് ഫിലോസഫിയുടെ ഘടനയും രൂപവും ഇസ്‌ലാമിലെ ഏകദൈവ സങ്കല്‍പ്പത്തോട് യോജിക്കുന്ന രീതിയിലുള്ളതായിരുന്നു. അതേസമയം തന്നെ, തര്‍ക്കശാസ്ത്രത്തിന്റെയും മെറ്റാ-ഫിസിക്‌സിന്റെയും വിഷയത്തിലും, ത്രിയേകത്വം (trinity) പോലുള്ള വിഷയങ്ങളിലും മുസ്‌ലിംകൾക്കിടയിലും, ക്രിസ്ത്യാനികള്‍ക്കിടയിലും തര്‍ക്കങ്ങള്‍ സജീവമായി നിലനിന്നിരുന്നു, ഇരു വിഭാഗവും അവരുടെ ആശയത്തെ മഹത്തരമാക്കാനുള്ള വിഷയത്തില്‍ മാത്രം പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചു.
അത്തരത്തിലുള്ള പരിഭാഷ പ്രസ്ഥാനങ്ങളാണോ യഥാർത്ഥത്തിൽ അറബ് ഫിലോസഫിയുടെ ഉത്ഭവത്തിന് കാരണമായത്? അതല്ല ഇസ്‌ലാമിന് മുൻപ് ആ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ഫിലോസഫിക് ചിന്തകളാണോ? മറ്റൊന്ന്, ഹെലനിക് പാരമ്പര്യത്തിന് ആദ്യ കാലത്തുള്ള അത്തരം യുക്തി-ചിന്തകളുമായുള്ള ബന്ധം ഏതു രീതിയിലുള്ളതായിരുന്നു?
യഥാർത്ഥത്തിൽ, ഗ്രീക്ക് തത്ത്വചിന്ത ഇസ്‌ലാമിക ഫിലോസഫിയുടെ ഒരു ഭാഗത്തെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. അതേസമയം ഇസ്‌ലാമിന് തന്നെ യുക്തിപൂർവ്വമായൊരു ദൈവശാസ്ത്ര പാരമ്പര്യം ഉണ്ടായിരുന്നു. അത് വളരെ ഫിലോസോഫിക്കലായ ഒന്നായിരുന്നു. മാത്രമല്ല, അവര്‍ ചര്‍ച്ച ചെയ്തിരുന്ന വിഷയങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത തലങ്ങൾ, ധാര്‍മ്മിക ഉത്തരവാദിത്തം, ആത്മാവ് തുടങ്ങിയ അബ്സ്ട്രാക്ട് ആയ വിഷയങ്ങൾ കൂടിയായിരുന്നു. അതിനാൽ ലോകത്ത് യാതൊരു തരത്തിലുള്ള വിവര്‍ത്തന ചലങ്ങളും നടന്നിട്ടില്ലായിരുന്നെങ്കിൽ പോലും, മദ്ധ്യകാല ഇസ്‌ലാമിക പാരമ്പര്യത്തില്‍ ഉയർന്നു വന്ന കലാമിനെ ലോകം ഇസ്‌ലാമിന്റെ ഫിലോസഫിക്കൽ ക്യാപിറ്റൽ ആയി അംഗീകരിക്കുമായിരുന്നു.
വിവര്‍ത്തന ചലനങ്ങള്‍ ഉണ്ടായത് മുതല്‍ രണ്ട് ധാരകള്‍ രൂപപ്പെടുകയുണ്ടായി: ഗ്രീക്ക് ചിന്തയിൽ നിന്ന് ഇസ്‌ലാമിക ചിന്തയിൽ എത്തിയ ആലോചനകളെ ഇസ്‌ലാമിക ചിന്തയുടെ വിരുദ്ധ ചിന്തയായി കണ്ടുകൊണ്ടുള്ളൊരു ധാരയും, കലാമിന് പകരമുള്ള – രണ്ടും ഒരേ ചോദ്യങ്ങൾ തന്നെ വ്യത്യസ്ത രീതിയിൽ അഡ്രസ് ചെയ്തിരുന്നതിനാൽ, കലാം അഭിമുഖീകരിച്ചിരുന്ന ചോദ്യങ്ങളെ മറ്റൊരു രീതിയിൽ മനസ്സിലാക്കാനായി – മറ്റൊരു ദൈവശാസ്ത്ര ചിന്തയായി ഗ്രീക്ക് ചിന്തകളെ മനസ്സിലാക്കിയ മറ്റൊരു ധാരയും. എന്നാൽ, ഇസ്‌ലാമിക ഫിലോസോഫിക്കൽ ലോകത്തെ അതുല്യ വ്യക്തികളിലൊരാളായിരുന്ന അവിസെന്നക്ക് ശേഷം, വിപരീതമായ രണ്ടു ധാരകളിൽ നിന്നും വ്യതിചലിച്ചുകൊണ്ട്, ഗ്രീക്ക് പ്രചോദിതമായ പുതിയൊരു ഇസ്‌ലാമിക കലാം – അവിസെന്നിയൻ ഫിലോസഫി – രൂപപ്പെടുകയുണ്ടായി. പിന്നീട് മദ്ധ്യകാലഘട്ടത്തിൽ ഇറാനിലെ സഫാവിദ് ഭരണകൂടത്തിന് കീഴിലുള്ള ധൈഷണികരുടെ താല്പര്യപ്രകാരം, അരിസ്റ്റോട്ടിലിനെ പോലെയുള്ളവരുടെ ചിന്തകൾ വീണ്ടും – അവിസെന്നയുടെ ആഗമനത്തോടെ കോട്ടം തട്ടിയ – വ്യാപകമാക്കപ്പെട്ടതോടെ, ഗ്രീക്ക് ഫിലോസഫി ഇസ്‌ലാമിക ലോകത്ത് ഗൗരവമായും വ്യാപകമായും ഉപയോഗിക്കപ്പെടാൻ തുടങ്ങി.
ഫിലോസഫിക്കല്‍ പദങ്ങള്‍ വിവര്‍ത്തനം ചെയ്യുതില്‍ പണ്ടിതർ വെല്ലുവിളികള്‍ നേരിട്ടിരുന്നോ? ഫിലോസഫിക്കല്‍ പദങ്ങള്‍ക്ക് അവര്‍ പുതിയ അറബി പദങ്ങള്‍ തിരഞ്ഞെടുത്തിരുന്നോ? അതോ ഗ്രീക്ക് പദങ്ങള്‍ തന്നെയാണോ ഉപയോഗിച്ചിരുന്നത്? ഫിലോസഫിയുടെ അറബി വായനകളിൽ അവര്‍ താല്പര്യപ്പെട്ടിരുന്നോ?
വിവര്‍ത്തകര്‍ സ്വാതന്ത്രമായ രീതിയാണ് അതിനായി തിരഞ്ഞെടുത്തിരുന്നത്. ചില പദങ്ങളുടെ വിവര്‍ത്തനങ്ങളിൽ അറബി ഭാഷാശൈലിയോട് സാമ്യത പുലര്‍ത്തുന്ന പദങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. എങ്കിലും, ചില ഗ്രീക്ക് പദങ്ങള്‍ അങ്ങനെത്തന്നെ വിവർത്തനശേഷവും അവശേഷിച്ചിരുന്നു. ഉദാഹരണത്തിന് ഫിലോസോഫിക്ക് ‘ഫൽസഫ’ എന്നാണ് അറബിയില്‍ അവർ ഉപയോഗിച്ചത്. എന്നാൽ, ശൈലി അനുസൃതമായി നോക്കുമ്പോൾ സാധാരണയായി അറബി, പേര്‍ഷ്യന്‍ ഭാഷകൾ ഗ്രീക്ക് പദങ്ങളെ – അന്യഭാഷാ പദങ്ങളെ – ഒഴിവാക്കുന്നതാണ് പതിവ്. അതായത്, അറബ് ഫിലോസഫി ഒരർത്ഥത്തിൽ അറബ് ഭാഷയുടെ സാമ്പ്രദായിക നിയമങ്ങളെ ഒന്ന് വിപുലപ്പെടുത്തുക കൂടെ ചെയ്തിട്ടുണ്ട്.
പൊതുവെ പറയപ്പെടാറുള്ളത് ഭാഗികമായുള്ള ഫിലോസഫിയുടെ വിവര്‍ത്തനം ശ്രമകരമായ ഒന്നാണെന്നാണ്. മാത്രമല്ല ഫിലോസഫി എന്ന പദം തന്നെ വിവർത്തനം ചെയ്യാൻ സാധിക്കാത്തതാണെന്നും വിശേഷിപ്പിക്കാറുണ്ട്. കാരണം മിക്ക ഭാഷകളിലും ഒരു പ്രത്യേക തരം ധൈഷണിക പ്രയോഗത്തെ സൂചിപ്പിക്കുന്ന ‘ഫിലോസോഫിയ’ എന്ന പദത്തെ ‘ജ്ഞാനത്തോടുള്ള സ്‌നേഹ’മെന്നാണ് ഭാഷാന്തരം നടത്തിയിട്ടുള്ളത് പോലും. യഥാർത്ഥത്തിൽ, തത്ത്വശാസ്ത്ര വിവര്‍ത്തനം എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണോ? ‘തത്ത്വചിന്ത’ സ്വയം വിശദീകരിക്കാനാവാത്തതാണോ?
അറബി ഭാഷയുടെ വിഷയത്തില്‍ അതേതായാലും ഒരപൂര്‍വ്വ ചോദ്യമാണ്. ക്ലാസിക്കൽ സംസ്‌കൃതം, അല്ലെങ്കില്‍ ചൈനീസ് പോലുള്ള മറ്റ് നോൺ വെസ്റ്റേൺ പാരമ്പര്യമുള്ള ഭാഷകളില്‍, ഗ്രീക്ക് തത്ത്വചിന്തയോട് യോജിക്കുന്ന പ്രയോഗങ്ങളെ കുറിച്ചുള്ള വൈജ്ഞാനിക സംവാദങ്ങളുണ്ട്. എന്നാൽ അറബി ഭാഷയിൽ ഫിലോസഫിക്ക് ‘ഫൽസഫ’ എന്ന അതിന്റേതായ പദമുണ്ട്. എന്നിരുന്നാലും, അറബി പദമായ ഫൽസഫക്ക് വൈദേശികമായ, അല്ലെങ്കില്‍ ഗ്രീക്ക് സംബന്ധിയായ അതിന്റെ ഗുണം നഷ്ടപ്പെടുന്നുമില്ല. ഫിലോസഫി എന്ന് നാം തരം തിരിക്കുന്ന സകലതിനെയും ഉള്‍ക്കൊള്ളുന്ന ‘ഹിക്മ’ (wisdom) എന്ന പദം അറബി ഭാഷയിലുണ്ട്. അതിൽ നിന്നുത്ഭവിക്കുന്ന, അതിനോട് സദൃശ്യമായ ‘ഹാകിം’ എന്ന പദത്തെ ‘തത്ത്വചിന്തകൻ’ എന്നും അതിനാൽ ഭാഷാന്തരം ചെയ്യാം. അരിസ്റ്റോട്ടിലിനെ പോലുള്ളവരെ വിശേഷിപ്പിക്കുന്നതിനായി വളരെ വിദഗ്ധരും, സൂക്ഷ്മജ്ഞാനികളുമായ ചില ഗ്രന്ഥാകാരന്മാര്‍ ഫൽസഫ എന്നതിന് പകരം ‘ഹിക്മ’ എന്ന പദം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലെയെല്ലാം ടെക്സ്റ്റുകള്‍ പരിശോധിച്ചാല്‍ തത്ത്വചിന്ത എന്നതിന്, അറബി ഭാഷയിൽ ഏറ്റവും അടുത്ത പദം ‘ഫൽസഫ’ എന്നതല്ല മറിച്ച് ‘ഹിക്മ’ എന്നുള്ളതാണെന്ന് ബോധ്യമാകും.
ഫിലോസഫി വിവര്‍ത്തനം ചെയ്യാനുള്ള ബുദ്ധിമുട്ടുകളെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ വലിയൊരളവിൽ വാസ്തവമാകാൻ വഴിയില്ല. കാരണം, ഫിലോസഫിയെ ഭാഷാന്തരം ചെയ്യുതിനേക്കാള്‍ ശ്രമകരമായിരുന്നു സാഹിത്യ കൃതികളെ വിവര്‍ത്തനം ചെയ്യുക എന്നുള്ളത്, എന്നിട്ടും അറബ് വിവർത്തകർ ആ കൃത്യം വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അരിസ്റ്റോട്ടിലിന്റെ സാഹത്യ സമ്പുഷ്ടമായ സങ്കീര്‍ണ്ണമായ പ്രബന്ധങ്ങള്‍ പോലെ, ഗ്രീക്ക്-അറബിക് വിവർത്തകർ ആ കാലഘട്ടത്തിൽ ഇടപെട്ടിരുന്നത് അത്തരം ടെക്സ്റ്റുകളോടായിരുന്നു. ‘ദ്വയാര്‍ത്തമുള്ള പദങ്ങൾ ഉപയോഗിക്കുക’ പോലുള്ള പദ-മാറ്റങ്ങൾ വളരെ ചുരുങ്ങിയ സന്ദർഭങ്ങളിൽ മാത്രമേ അരിസ്റ്റോട്ടിൽ ഉപയോഗിച്ചിരുന്നുള്ളൂ. മാത്രമല്ല, അദ്ദേഹത്തിന്റെ എഴുത്ത് ശൈലി അത്ര ആസ്വാദ്യകരമായ ഒന്നോ ആയിരുന്നില്ല. അതിനാൽ തന്നെ, അറബ് വിവർത്തകർക്ക് അദ്ദേഹത്തിന്റെ ശൈലിയെ അതേപടി പിന്തുടരേണ്ട ആവശ്യമില്ലായിരുന്നു. എന്നാൽ, പ്ലാറ്റോയെ അവര്‍ അറബിയിലേക്ക് വിവര്‍ത്തത്തനം ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍, ഒരുപക്ഷെ അതൊരു വിഷമകരമായ പ്രവര്‍ത്തിയാകുമായിരുന്നു. ഞാന്‍ എല്ലാ ദിവസവും അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാറുണ്ട്. ഒരു വിവര്‍ത്തനം നടന്നു എന്ന കാരണത്താൽ മൂല്യകൃതിയുടെ സമ്പമായ അർത്ഥം സമ്പൂർണ്ണമായി നഷ്ടപ്പെട്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ, ചിലപ്പോഴൊക്കെ – ഉദാഹരണത്തിന് ഗ്രീക്ക് ഭാഷയിലെ ‘ലോഗോസ്’ എന്ന പദം (ഹേതു, പദം, നിർവ്വചനം എന്നെല്ലാം അതിന് അർത്ഥം വരുന്നു), അറബി ഭാഷയിലെ ‘മഅന’ എന്ന പദം (ആശയം എന്നാണ് അർത്ഥമെങ്കിലും അതിന്തി, യഥാർത്ഥത്തിലുള്ള ‘ആശയം’ എന്ന പദത്തിന്റെ അർത്ഥത്തെക്കാൾ വ്യാപ്തി’ കൂടുതലാണ്) – വിവര്‍ത്തനം ചെയ്യാന്‍ പ്രയാസമേറിയ വാക്കുകള്‍ ഉണ്ട് എന്നതും യാഥാർത്ഥ്യമാണ്.
പ്രത്യേകിച്ച് അറബ് തത്ത്വചിന്തകർ ആ വിവര്‍ത്തന പ്രയോഗങ്ങൾ പ്രയാസകരമായി കണ്ടിരുന്നുവോ? ഗ്രീക്കിലെയും അറബിയിലെയും ഭാഷാപരമായ വ്യത്യാസങ്ങള്‍ ആ വിവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരുന്നുവോ?
പൊതുവായി വ്യാകരണ സംബന്ധിയായ പ്രശ്‌നങ്ങളാണുണ്ടായിരുന്നത്. സെമിറ്റിക്ക് ഭാഷകളുടെ ഘടനയും ക്രമീകരണവും ഗ്രീക്കിനെ അപേക്ഷിച്ച് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഗ്രീക്ക് പദങ്ങളുടെ സ്വരം അവയുടെ ഉപയോഗരീതികളനുസരിച്ച് പ്രത്യേക സിംബലുകളായി അടയാളപ്പെടുത്തിയിട്ടുണ്ടാകും. അത് അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട് വരുമ്പോള്‍ ആ സ്വരങ്ങൾ ആ പദങ്ങൾക്ക് നഷ്ടമാകുന്നുണ്ട് എന്ന് അംഗീകരിക്കാതെ വയ്യ. മാത്രവുമല്ല, ഗ്രീക്ക് ഭാഷയിൽ ‘ക്രിയ’കള്‍ വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുക. ഉദാഹരണത്തിന്, ഗ്രീക്കിലെ ‘ആയിരിക്കുക’ എന്ന പദത്തിന് അറബി ഭാഷാ ഘടനയിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. എന്നാൽ, അല്‍ ഫറാബി ഗ്രീക്കറിയാതെ അത്തരത്തിലുള്ള വിവര്‍ത്തത്തനങ്ങള്‍ക്കുള്ള തെറ്റായ ശ്രമങ്ങൾ നടത്തുകയും ചെയ്ത ചരിത്രം ‘തത്ത്വചിന്താ-വിവർത്തന’ ചരിത്രത്തിലുണ്ട്.
ഇനി താങ്കളുടെ കൃതികളെക്കുറിച്ചാണ്, ഈ മേഖലയില്‍ ഇടപെടുമ്പോൾ താങ്കള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? ഗ്രീക്ക്, അറബി, ഇംഗ്ലീഷ് എന്നീ ത്രയ-ഭാഷകളിലൂടെ ഫിലോസഫിയെ മനസ്സിലാക്കുമ്പോൾ, അവ നിങ്ങളുടെ സമീപനങ്ങളെയും, ചിന്തകളെയും ഏതു നിലയിലാണ് സ്വാധീനിച്ചിട്ടുള്ളത്?
വ്യക്തിപരമായി പറഞ്ഞാല്‍, ഭാഷാപരമായ വെല്ലുവിളികളാണ് യഥാർത്ഥത്തിൽ നേരിടേണ്ടതായുള്ളത്. അറബിയും ഗ്രീക്കും മനസ്സിലാക്കാന്‍ സാധിക്കുക എന്നതിനപ്പുറത്തേക്ക് ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ നീങ്ങാറുണ്ട്. (ഞാന്‍ പറയുന്നത് ഭാഷാശാസ്ത്രപരമായി പരിശീലനം സിദ്ധിച്ച എന്നെക്കാൾ പരിചയസമ്പന്നതയുള്ളവരെ കുറിച്ചാണ്, ഒരു തത്ത്വചിന്തകനെന്ന നിലയില്‍ മാത്രം ഭാഷകൾ പഠിച്ചിട്ടുള്ളയാളാണ് ഞാന്‍) ഉദാഹരണമായി, ഗ്രീക്കില്‍ നിന്ന് വിവർത്തനം ചെയ്യപ്പെട്ട ഒരു അറബി ഗ്രന്ഥത്തിൽ നിന്ന് നിങ്ങൾ വിവർത്തനം ചെയ്യുമ്പോള്‍, ഗ്രീക്ക് ഭാഷയില്‍ നിങ്ങള്‍ക്ക് എത്രത്തോളം അവഗാഹമുണ്ട് എന്നുള്ളത് ഒരു പ്രതിസന്ധി തന്നെയാണ്. അത്, പരിഭാഷകന്‍ – മുൻപിൽ ഗ്രീക്ക് മൂലകൃതി വെച്ച് – വിവർത്തനം ചെയ്യുമ്പോൾ ആ കൃതിയെ കുറിച്ച് എന്ത് ചിന്തിക്കുന്നുവെന്നതും, ഗ്രീക്ക് ഭാഷ വശമില്ലാത്ത അറബി ഭാഷ മാത്രം ധാരണയുള്ള ഒരു വായനക്കാരന് ആ വിവർത്തനത്തിൽ നിന്ന് എന്ത് മനസ്സിലാകുമെന്നതും തമ്മിലുള്ള വ്യത്യാസമാണ്. മാത്രമല്ല, ഓരോ വിവർത്തകനും വിവർത്തനത്തിന്റെ മൗലികത നിലനിർത്തുന്നതിനും, വായനക്കാർക്ക് അത് സംവേദനക്ഷമമാക്കി നൽകുന്നതിനുമിടയിലുള്ള ഒരു സംഘർഷം നേരിടുന്നുണ്ട്. യഥാർത്ഥത്തിൽ, ഒരു കൃതിയുടെ ഗ്രീക്ക് മൂലത്തിൽ എന്ത് ഉദ്ദേശിക്കപ്പെട്ടു എന്നതിനേക്കാൾ നിങ്ങൾ, ആ കൃതി വിവർത്തനം ചെയ്ത അറബ് വിവർത്തകൻ ആ കൃതിയെ എങ്ങനെ സമീപിച്ചു എന്നാണ് നിങ്ങളുടെ വിവർത്തനത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കുന്നതെങ്കിൽ നിങ്ങൾ ആ അറബ് വിവർത്തകന്റെ പദങ്ങൾക്കാണ് മൗലികത കൽപ്പിക്കേണ്ടത്.
ചിന്തകരും തത്ത്വചിന്തകരും ആ ഭാഷാന്തരങ്ങളെ സംബന്ധിച്ച് കൂടുതല്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയുണ്ടോ? ബൗദ്ധിക ചരിത്രത്തിലെ അത്തരം സുപ്രധാന നിമിഷങ്ങളെ കുറിച്ചും, നിലവിലെ സാംസ്‌കാരിക-ബൗദ്ധിക പ്രതിസന്ധികളെ കുറിച്ചുമെല്ലാം അവർ പഠിക്കേണ്ടതുണ്ടോ? യഥാർത്ഥത്തിൽ അവരുടെ പഠനങ്ങളുടെ മൂല്യം എന്നത് അവർ സമീപിക്കുന്ന ഗ്രന്ഥങ്ങളുടെ മൂല്യം തയൊണോ/മാത്രമാണോ?
ഫിലോസഫിയുടെ ചരിത്രം എപ്പോഴും രസകരമാണ്. ഒരു കാലഘട്ടത്തിലെ സാംസ്‌കാരിക പശ്ചാത്തലം, അതില്‍ ഉൾപ്പെട്ട ബുദ്ധിജീവികളുടെ എല്ലാ പ്രതിസന്ധികളെയും വെളിപ്പെടുത്തുന്നു. സത്യസന്ധമായി പറഞ്ഞാല്‍, തത്ത്വചിന്തയുടെ ചരിത്രം ജനങ്ങള്‍ക്ക് എന്തുകൊണ്ട് രസകരമാവുന്നു എന്ന് വിശദീകരിക്കാന്‍ എനിക്ക് പ്രയാസമുണ്ട്. എന്നിരുന്നാലും ചില കാര്യങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. അതില്‍ വെസ്റ്റേൺ സംസ്‌കാരവും ഇസ്‌ലാമിക സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കുന്ന ഭാഗങ്ങളുമുണ്ട്. മറ്റൊരു കാര്യം ഇതിലേക്ക് ചേർത്തു പറയുകയാണെങ്കിൽ, സ്വതന്ത്രമായി വികസിച്ചുകൊണ്ടിരിക്കുന്ന സംസ്‌കാരങ്ങള്‍ ഒരിക്കലും ഒറ്റപ്പെട്ടതല്ല എന്ന് വിവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.




വിവർത്തനം: മുഹ്‌സിൻ അബ്ദുൽ ഹകീം
Featured Image: Peter Adamson Professor of Philosophy at the LMU in Munich and at King’s College London)
Photographer: Ethan Eng
Comments are closed.