ഫിറോസ് ഷാ കോട്ട്ലയിൽ വെച്ചാണ് ഞാൻ എന്റെ ജീവിതത്തിലെ ആദ്യത്തെ സൂഫിയെ കണ്ടുമുട്ടുന്നത്. കൂർത്ത കണ്ണുകളും മൈനയുടെ കൂടു പോലുള്ള താടിയുമുള്ള അയാളുടെ പേര് പീർ സദ്രുദ്ധീൻ എന്നായിരുന്നു. ഒരു ചായയും കയ്യിൽ തന്ന് താഴെ വിരിപ്പിൽ ഇരിക്കാൻ പറഞ്ഞ് അയാൾ എന്നോട് ജിന്നുകളെക്കുറിച്ച് പറഞ്ഞ് തുടങ്ങി.

ഈ ലോകമുണ്ടാക്കിയ സമയത്ത് കളി മണ്ണിൽ നിന്നും മനുഷ്യനെ പടച്ച കൂട്ടത്തിൽ അല്ലാഹു മറ്റൊരു വിഭാഗത്തെക്കൂടി സൃഷ്ടിച്ചിരുന്നു, നമ്മെപ്പോലെ തന്നെ, പക്ഷെ തീയിൽ നിന്നാണ് അവൻ അവരെ പടച്ചത്. അവരാണ് ജിന്നുകൾ. നമ്മുടെ സാധാരണ കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത ആത്മാക്കളാണ് ജിന്നുകൾ. അവരെ കാണണമെങ്കിൽ നാൽപ്പത് ദിവസം നോമ്പ് എടുക്കുകയും പ്രാർത്ഥിക്കുകയും വേണം. പീർ സദ്രുദ്ദീൻ ഹിമാലയത്തിന്റെ താഴ് വാരത്തിൽ ഭക്ഷണമില്ലാതെ അർദ്ധ നഗ്നനായി യമുനാ നദിയിൽ കഴുത്ത് വരെ വെള്ളത്തിൽ നാൽപ്പത് ദിവസം കഴിഞ്ഞിട്ടുണ്ടത്രെ.

ഒരു രാത്രി ഖബർസ്ഥാനിൽ ഉറക്കത്തിലായിരിക്കെ അദ്ധേഹത്തെ ജിന്നുകളുടെ രാജാവ് കാണാൻ വന്നു.
‘കറുത്ത നിറവും ഒരു മരത്തോളം ഉയരവും നെറ്റിയുടെ മധ്യത്തിലായി ഒരു കണ്ണുമുണ്ടായിരുന്നു ആ ജിന്നിന് ’ പീർ വിവരിച്ചു.
‘എന്നൊട് ആഗ്രഹങ്ങളെന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ ഇല്ലെന്ന് പറഞ്ഞു. എത്ര നിർബന്ധിച്ചിട്ടും ഞാൻ ഒന്നും ആവശ്യപ്പെട്ടില്ല’

‘എനിക്ക് ഒരു ജിന്നിനെ കാണിച്ച് തരാമൊ?’ കഥ കേട്ടുകൊണ്ടിരിക്കെ ഞാൻ ചോദിച്ചു
‘കാണിക്കാം’ പീർ പറഞ്ഞു ‘പക്ഷെ നീ പേടിച്ച് ഓടിക്കളയും’
എനിക്ക് അന്ന് പതിനേഴ് വയസ്സ് മാത്രമാണുള്ളത്.

നോർത്ത് യോർക്ക് ഷെയറിലെ പത്ത് വർഷത്തെ പഠനത്തിന് ശേഷം പൊടുന്നനെ ഡെൽഹിയിൽ എത്തിപ്പെടുകയായിരുന്നു ഞൻ. ആദ്യ കാഴ്ച്ചയിൽ തന്നെ മഹത്തായ ഈ നഗരത്തിന്റെ മാസ്മരികതയിൽ ഞാൻ വീണുപോയിരുന്നു. അത്രയും കാലം കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായി കൊട്ടാരങ്ങളും തുറന്ന് കിടക്കുന്ന ഓവു ചാലുകളും ഇടകലർന്ന, കസവ് വിരിപ്പിട്ട കിളി വാതിലുകളും കുംഭ ഗോപുരങ്ങളും, ആളുകളുടെ ഞരക്കങ്ങളും, ആഘോഷങ്ങളുടെ അട്ടഹാസങ്ങളും, ഗന്ധങ്ങളും കൂടിക്കലർന്ന സമ്പന്നതയും നിഗൂഢതകളും കൂടിപ്പിണഞ്ഞ ഇടമായിട്ടാണ് എനിക്ക് ഡെൽഹി അനുഭവപ്പെട്ടത്.

ഏറെ വൈകാതെ ഞാൻ മറ്റൊരു ഡെൽഹിയെക്കൂടി കണ്ടെത്തുകയായിരുന്നു. അറ്റമില്ലാത്ത കഥകളുടെ നഗരമായിരുന്നു അത്. ഇതിഹാസങ്ങളുടേയും പുരാണങ്ങളുടേയും നിലവറകളിലേക്ക് ഊണ്ടിറങ്ങുന്ന ചരിത്രത്തിന് പുറത്ത് നിന്നും ഉയർന്ന് വരുന്ന കഥകൾ. ജനപഥിലെ ഉപജാപക സംഘങ്ങളെക്കുറിച്ചും, കൂട്ടിക്കൊടുപ്പുകാരെക്കുറിച്ചും, ഗോവയിലെ ബീച്ചുകളെക്കുറിച്ചുമെല്ലാം സുഹൃത്തുക്കൾ വാചാലരായപ്പോൾ എന്നെ എന്നും ആകർഷിച്ചത് ഡെൽഹി ആയിരുന്നു. അത്കൊണ്ട് തന്നെ നഗരത്തിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ ഒരു അഗഥി മന്ദിരത്തിൽ ഞാൻ ഒരു ജോലി കണ്ടെത്തി. അവിടെയുള്ള കന്യാസ്ത്രീകൾ എനിക്ക് ഒരു റൂമും സംഘടിപ്പിച്ചു തന്നു. മുറിയിൽ നിന്ന് നോക്കിയാൽ മനുസിപ്പാലിറ്റിയുടെ ചവറുകൾ നിക്ഷേപിക്കുന്ന സ്ഥലം കൃത്യമായി കാണാമായിരുന്നു. പ്രഭാതങ്ങളിൽ അവിടെ മ്ലാനത നിറഞ്ഞ മുഖങ്ങളുമായി ചവറു കൂനകൾക്കിടയിൽ എന്തെല്ലാമോ തപ്പുന്നവരെ കാണാം. രാത്രി ആയാൽ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പ് വരുത്തി ഞാൻ പതുക്കെ എന്റെ മുറി വിട്ട് പുറത്തിറങ്ങി ഓൾഡ് സിറ്റിയിലേക്ക് ഓട്ടോ പിടിക്കും. അവിടെ ഉള്ള ഇടുങ്ങിയ ഗല്ലികളിലൂടെയുള്ള നടത്തത്തിൽ ചുറ്റുമുള്ള വീടുകൾ എന്നെ വന്ന് മൂടുന്നതായി അനുഭവപ്പെടും.

വേനലിൽ തിരക്കു കുറഞ്ഞ ലൂട്ടൈൻസ് ഡെൽഹി ഭാഗങ്ങളിലായിരിക്കും കൂടുതലും. ചൂടിൽ നിന്നും രക്ഷ നേടാനായി ഗുൽ മോഹറുകൾ നിറഞ്ഞ ബംഗ്ളാവുകൾക്ക് മുന്നിലൂടെ വേപ്പ് മരങ്ങളുടെയും പുളി മരങ്ങളുടെയും തണൽ പറ്റിയായിരിക്കും നടത്തം. രണ്ട് ഡെൽഹികളിലും പഴമയുടെ അവശേഷിപ്പുകളായിരുന്നു എന്നെ ആ കർഷിച്ചത്. പുതിയ കോളനിയിലെ കോൺക്രീറ്റ് മന്ദിരങ്ങൾ എത്ര പണിപ്പെട്ടും മനോഹരമായും ആണ് പ്ളാൻ ചെയ്ത് നിർമിച്ചത് എങ്കിലും നിലം പൊത്താറായ ശ്മശാന മന്ദിരങ്ങളും, പഴയ പള്ളികളും, മദ്രസകളും അവക്കിടയിൽ നുഴഞ്ഞ് കയറി വഴികളും റൗണ്ട് എബൗട്ടുകളും വഴി തിരിച്ച് വിടുകയും ഗോൾഫ് കോഴ്സുകളുടെ മനോഹരമായ കാഴ്ച്ചയെ മറക്കുകയും ചെയ്യുന്നത് കാണാം. ന്യൂ ഡെൽഹി ഒരിക്കലും പുതിയതായിരുന്നില്ല. ഈ പുതിയ വീഥികൾ ഒരു ശ്മശാനത്തിന്റെ ആർത്തനാദങ്ങളെ അകം ചേർത്തുവെച്ചിട്ടുണ്ട്. രാജ വംശങ്ങളുടെ ശ്മാശാനം.

ഡെൽഹിൽ ഏഴ് മണ്ണടിഞ്ഞ നഗരങ്ങളുണ്ടത്രെ. ഇപ്പോൾ നിലവിലുള്ളത് എട്ടാമത്തേതാണ് എന്നാണ് പറയപ്പെടുന്നത്. പതിനഞ്ച് എന്നും ഇരുപത് എന്നും പറയുന്നവരും ഉണ്ട്. ഈ നഗരത്തിന് എണ്ണമറ്റ തകർച്ചയുടെയും അവശേഷിപ്പുകളുടേയും കഥകളുണ്ട് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. ഡെൽഹിയെ വ്യത്യസ്തമാക്കുന്നത് നഗരത്തിൽ പല ഇടങ്ങളിലായി അവശേഷിക്കുന്ന വിവിധങ്ങളായ മനുഷ്യരുടെ അവശേഷിപ്പുകളും ബാക്കിപത്രങ്ങളാണ്. ഡെൽഹി ഓരോ ഭാഗങ്ങളും ഓരോ നൂറ്റണ്ടുകളുടെയും സഹസ്രാബ്ധങ്ങളുടെയും അവശേഷിപ്പുകൾ സംരക്ഷിച്ച് നിർത്തുന്നുണ്ട്.

പഞ്ചാബി കുടിയേറ്റക്കാരെ അവരുടെ നരച്ച മാരുതി കാറും പുതിയ വസ്തുക്കളോടുള്ള അഭിനിവേഷവും വർത്തമാനത്തിലേക്കുള്ള ഉരക്കല്ലാക്കി മാറ്റിയിട്ടുണ്ട്. ലോധി ഗാർഡനിൽ വെച്ച് നിങ്ങൾ കണ്ട് മുട്ടുന്ന വൃദ്ധനായ ഒരു ജനറൽ നിങ്ങളെ അര നൂറ്റാണ്ട് പിന്നിലേക്ക് കൊണ്ട് പോയേക്കാം. മുകളിലേക്ക് പിരിച്ച് വെച്ച മീശയും ഈലിംഗ് കോമഡികളിലെ സംസാര രീതിയും അയാൾ ഇന്നും 1946ൽ തന്നെ നിൽക്കുകയാണ് എന്ന് തോന്നിക്കും. രാജ സദസ്സിലേത് പോലുള്ള ഉറുദു സംസാരിക്കുന്ന ഓൾഡ് ഡെൽഹിയിലെ യൂനക്കുകൾക്ക് ഓൾഡ് ഡൽഹിയിലെ മുഗൾ സദസ്സിൽ നിന്നും കൂടുതൽ സ്ഥാന ചലനം സംഭവിച്ചിട്ടില്ല എന്ന കാണാം. നിഗംബൊധ് ഗാട്ടിലെ സന്യാസിമാർ മഹാഭാരതത്തിലെ ഡെൽഹി ആയ ഇന്ദ്രപ്രസ്ഥത്തിലെ സാധാരണ കാഴച്ചയും നൽകും. എല്ലാ പ്രായക്കാരും ഡെൽഹിയിൽ പ്രതിനിധീകരിക്കപ്പെടുന്നുണ്ട്. അവിടെ വ്യത്യസ്ത സഹസ്രാബ്ദങ്ങൾ തോളുരുമ്മി നിൽകുന്നത് കാണാം. വ്യത്യസ്ത കാഘട്ടങ്ങൾ രൂപപ്പെടുത്തിയ മനസ്സുകൾ ഒരേ നടപ്പാതയിലൂടെ നടന്ന് ഒരേ വെള്ളം കുടിച്ച് ഒരേ മണ്ണിലേക്ക് മടങ്ങി.

ഓൾഡ് ഡെൽഹിയിൽ വെച്ച് പീർ സദ്രുദ്ധീനുമായുള്ള കണ്ടുമുട്ടലിന് ശേഷം മാത്രമാണ് നഗരത്തെ ഓരോ തകർച്ചക്ക് ശേഷവും വീണ്ടും വീണ്ടും ജീവിതത്തിലേക്ക് തന്നെ തിരികെക്കൊണ്ടുവരുന്ന ആ രഹസ്യം ഞാൻ തിരിച്ചറിയുന്നത്.
‘ഡെൽഹി ജിന്നുകളുടെ നഗരമായിരുന്നു’ പീർ പറഞ്ഞു
‘ഓരോ സഹസ്രാബ്ദങ്ങളിലും അക്രമിക്കപ്പെടുകയും കത്തി നശിക്കുകയും ചെയ്തുവെങ്കിലും ഡെൽഹി പുനർ നിർമ്മിക്കപ്പെടുകയും ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ച് വരികയും ചെയ്തു. ഹിന്ദുക്കളുടെ പുനര്‍ജ്ജന്മ വിശ്വാസം പോലെ. ഓരോ തവണയും അത് കൂടുതൽ പൂർണ്ണതയിലേക്ക് അടുത്ത് കൊണ്ടിരുന്നു. ഓരോ നൂറ്റാണ്ടിലും പുതിയ ജന്മം എടുക്കുക എന്നതാണ് എന്ന് തോന്നുന്നു ഡെൽഹിയുടെ വിധി’.
‘അതിനുള്ള കാരണം എന്താണെന്നറിയാമൊ?’ ചോദ്യവും ഉത്തരവും പീറിന്റേത് തന്നെ ആയിരുന്നു
‘ജിന്നുകൾക്ക് ഡെൽഹിയെ അത്ര മാത്രം ഇഷ്ടമാണ്. അവർക്ക് ഇവിടം ആളൊഴിഞ്ഞ് മരുഭൂമിയായി കിടക്കുന്നത് സഹിക്കാനാവില്ല. ഡെൽഹിയിലെ ഓരോ വീടുകളും, ഓരോ തെരുവ് മൂലകളും ജിന്നുകളുടെ കേന്ദ്രങ്ങളാണ്. അവരെ നിങ്ങൾക്ക് കാണാനാവില്ല, പക്ഷെ നന്നായി ശ്രദ്ധിച്ചാൽ അവരുടെ സാന്നിദ്ധ്യം അനുഭവിക്കാനാവും. അവരുടെ അടക്കിപ്പിടിച്ച സംസാരങ്ങൾ നമുക്ക് കേൾക്കാനും ഭാഗ്യമുണ്ടെങ്കിൽ അവരുടെ നിശ്വാസത്തിന്റെ ഇളം ചൂട് അനുഭവിക്കുവാനും നമുക്ക് പറ്റും.’


Featured Image: Aquib Akhter
Location: Chandi chowk, Delhi

Prologue taken from City of Djinns
Publication Date: 20 September 1993
Publisher: HarperCollins
ISBN: 978-0006375951

Comments are closed.