ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്
ഇസ്‌ലാം നമ്മുടെ ജീവിത വഴിയും
തമിഴ് മാത്രമാണ് നമ്മുടെ ഭാഷ
– മക്ക നഗർ മണാപി ” എന്ന തമിഴ് കാസറ്റ് ഗാനം

ദക്ഷിണേന്ത്യയിലുള്ളവരാണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്‌ലിംകൾ എന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. അതിൽ അഭിമാനം കൊള്ളുന്നവരാണ് ഞങ്ങൾ.
– കെ പി എസ് ഹാമിദ് , 1973 

പ്രവാചകരുടെ കാലത്ത് തന്നെ ഇസ്‌ലാം സ്വീകരിച്ചവരുടെ പിൻഗാമികളും, ഇന്ത്യയിലെ മുസ്‌ലിം സമുദായങ്ങൾക്കിടയിൽ ഏറ്റവും പഴക്കം ചെന്നവർ തങ്ങളാണെന്ന് എന്നതിൽ ദക്ഷിണേന്ത്യൻ മുസ്‌ലിംകൾ അഭിമാനം കൊള്ളാറുണ്ട്. അറബി, പേർഷ്യൻ, സംസ്‌കൃത വാക്കുകൾ ചേർന്ന തമിഴ് ഭാഷ സംസാരിക്കുന്നവരാണ് തമിഴ്‌നാട്ടിലെ മിക്ക മുസ്‌ലിംകളും. തമിഴ് സാഹിത്യത്തിന്റെ ഭാഗമായി ഭാഷയുടെ മത, മതേതര മേഖലകളിൽ ഇടപെടലുകൾ നടത്തിയ മുസ്‌ലിം എഴുത്തുകാരുടെ ഒരു നീണ്ട പാരമ്പര്യം തന്നെ നിലവിലുണ്ട്. തമിഴ് ഭാഷയിലെ ഉന്നതരായ പണ്ഡിതന്മാരുടെ കൂട്ടത്തിൽ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന മുസ്‌ലിംകളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, പത്തൊമ്പതാം നൂറ്റാണ്ടിൽ കാമ്പൻ (കമ്പ രാമായണം) എന്ന കവി രചിച്ച തമിഴ് രാമായണത്തിന് മുൻ മദ്രാസ് ഹൈകോടതി ചീഫ് ജഡ്ജിയും, പ്രശസ്ത തമിഴ് രാമായണ പണ്ഡിതനുമായിരുന്ന എം. എം ഇസ്മായിൽ നാൽപത് വ്യാഖ്യാന ഗ്രന്ഥങ്ങളാണ് രചിച്ചത്. എല്ലാ തലമുറയിലും തമിഴ് രാമായണത്തിൽ അവഗാഹമുള്ള ഒരു മുസ്‌ലിം പണ്ഡിതനെങ്കിലും ഉണ്ടായിരിക്കും.

എന്നാൽ, തമിഴ് ഇസ്‌ലാമിക് സാഹിത്യങ്ങൾ പഠിക്കുന്നതിൽ തമിഴ് ഹിന്ദുക്കൾ വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ല. പകരം, കേവലം ഐതിഹ്യവും അനുഷ്ടാനപരവുമായ നിലവാരത്തിലായിരുന്നു ഇസ്‌ലാമിക പാരമ്പര്യത്തെ അവർ അഭിമുഖീകരിച്ചത്. സൂഫികളായ മുസ്‌ലിം പണ്ഡിതരുടെ ഖബ്റുകളെ തങ്ങളുടെ ക്ഷേത്രവുമായി സംയോജിപ്പിക്കുകയും, അവിടങ്ങളിലേക്ക് തീർത്ഥാടനം നടത്തുകയും, ഐതീഹ്യ കഥകളിൽ മുസ്‌ലിം മഹാന്മാരെ ഇഴചേർക്കുകയും ചെയ്യുന്നതിൽ മുസ്‌ലിംകളുമായുള്ള ഇടപാടുകൾ പലപ്പോഴും ചുരുങ്ങി. ഉദാഹരണമായി ശ്രീരംഗത്തിലെ മഹാവിഷ്ണുവിന്റെ അവതാരമായ രംഗനാഥക്ക് ഒരു മുസ്‌ലിം പത്നിയുണ്ടായിരുന്നു എന്ന് ഐതീഹ്യങ്ങളിൽ കാണാം. അവർക്ക് വേണ്ടി ഒരു പ്രത്യേക ക്ഷേത്രവും പണി കഴിക്കപ്പെട്ടിരുന്നു. വൈഷ്ണവ ക്ഷേത്രങ്ങളിലും ഈയൊരു രീതി തുടർന്നു പോന്നിരുന്നു. മുസ്‌ലിം മെലഡികളെ പേർഷ്യൻ സ്വാധീനമുള്ള ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ‘രാഗ’ രൂപത്തിലേക്ക് അന്നത്തെ ദക്ഷിണേന്ത്യൻ കർണാട്ടിക് സംഗീത ഗായകർ സംയോജിപ്പിച്ചതും ഇത്തരം പരസ്പര സ്വാധീനത്തിന്റെ ഭാഗമായി കാണാം.

തമിഴ് മുസ്‌ലിം സ്വത്വത്തെ രൂപപ്പെടുത്തിയ ഇടപെടലുകളെ കുറിച്ചുള്ള പഠനങ്ങൾ അടുത്തകാലത്ത് മാത്രമാണ് പുറത്ത് വന്നത്. ഇസ്‌ലാമിക്, തമിഴ് സ്വത്വത്തെ നിർവചിച്ച വ്യത്യസ്ത സാഹിത്യ രൂപങ്ങളിലൂടെയാണ് മുസ്‌ലിം ഗ്രന്ഥകാരൻമാർ അവരുടെ ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവുകൾ ആവിഷ്കരിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രചനകളിൽ ഒന്നാണ് പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട പ്രവാചക ചരിത്ര ഗ്രന്ഥമായ ‘സീറാപുരാണം’. മുസ്‌ലിംകളും ഹിന്ദുക്കളും പരസ്പരം കൈമാറിയ സാംസ്കാരിക മൂല്യങ്ങളെയും പ്രതീക്ഷകളെയും നിർമ്മിച്ചെടുത്ത സാഹിത്യ പദാവലികൾ, ചിത്രങ്ങൾ, ആചാരങ്ങൾ എന്നിവയുടെ പ്രാധാന്യത്തെ എടുത്ത് കാണിക്കുകയാണ് ഈ ലേഖനം ചെയ്യുന്നത്.

തമിഴ് നാട്ടിലെ മുസ്‌ലിം വംശാവലി

ഇസ്‌ലാമിലേക്ക് കടന്നുവന്ന നാവികരുടെ പിൻഗാമികളാണ് തങ്ങളെന്നാണ് മിക്ക തമിഴ് മുസ്‌ലിംകളും വിശ്വസിക്കുന്നത്. ചില പ്രദേശങ്ങളിലെ മുസ്‌ലിം പേരിന്റെ അവസാനം മരക്കായർ എന്ന് കാണാം. കപ്പൽ എന്നർത്ഥം വരുന്ന മരക്കളം എന്ന വാക്കിൽ നിന്ന് ലോപിച്ച ഈ പദത്തിന് നാവികൻ എന്നാണർത്ഥം. എന്നാൽ അറബി പദമായ “മർകബ്” എന്ന പദത്തിൽ നിന്ന് വന്നതാവാനാണ് സാധ്യതയെന്ന് തമിഴ് നിഘണ്ടു പ്രസ്താവിക്കുന്നുണ്ട്. തങ്ങളുടെ പൂർവ്വ പിതാക്കൾ നാവികരായിരുന്നു എന്ന അവരുടെ വിശ്വാസത്തെ ദൃഢീകരിക്കുന്നുണ്ട്. അറേബ്യയിൽ നിന്ന് നേരിട്ട് വന്നവരോ, അല്ലെങ്കിൽ പ്രവാചകരുടെ വിയോഗത്തിന് ശേഷം വന്ന അറബി വ്യാപാരികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ ഇസ്‌ലാം സ്വീകരിച്ച തമിഴ് വംശജരോ ആണ് തങ്ങളുടെ പൂർവ്വ പിതാക്കളെന്നാണ് മരക്കായർമാർ വിശ്വസിക്കുന്നത്. തമിഴ് ഭാഷ, സാഹിത്യ ആഖ്യാനങ്ങൾ അവരുടെ ഈ വാദങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്.

തമിഴ് മുസ്‌ലിംകളാണ് ഇന്ത്യയിലെ ആദ്യ മുസ്‌ലിംകൾ എന്നാണ് K. P.S ഹാമിദ് വാദിക്കുന്നത്. ഹജജാജ് ബിൻ യൂസഫിന്റെ ഭരണകാലത്ത് തന്നെ തെക്കേ ഇന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവന്നുവെന്ന് കേണൽ വിൽസിന്റെ ഹിസ്റ്ററി ഓഫ് മൈസൂർ ഉദ്ധരിച്ച് ഹാമിദ് പറഞ്ഞുവെക്കുന്നുണ്ട്. ഹജ്ജാജിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട മുസ്‌ലിംകൾ കന്യാകുമാരിയിൽ വന്ന് താമസമാക്കി. ലബ്ബൈ, മരക്കായർ, മലുമികൾ, നായനാർ എന്നെല്ലാമാണ് ആദ്യ കാല മുസ്‌ലിംകൾ അവരെ സ്വയം വിളിച്ചിരുന്നത്. ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിലേക്ക് ഇസ്‌ലാം പ്രചരിപ്പിച്ച വ്യാപാരികളെ കുറിച്ചുള്ള ആഖ്യാനങ്ങളുടെ ഭാഗമാണ് ഇന്ത്യയിലെ ഇസ്‌ലാം ആവിർഭാവമെന്നാണ് ഹാമിദിന്റെ അഭിപ്രായം. അതിനു തെളിവായി തിരുച്ചിരപ്പള്ളിയിലെ ചെറിയ പള്ളിയെ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. അന്ന് ഉറായൂർ എന്നറിയപ്പെട്ടിരുന്ന പുരാതന ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഈ നഗരത്തിലെ ആ പള്ളി ജൈന ബുദ്ധ ആരാധനയങ്ങളുടേതിന് സമാനതയുള്ളതാണെന്നും ക്രി. 738 ലെ പഴക്കമുള്ള അറബിക് ശിലാ ലിഖിതം അതിൽ കാണാനാകുമെന്നും ഹാമിദ് പറയുന്നു.

തമിഴ് ഇസ്‌ലാമിക രചനകളും മുസ്‌ലിം തമിഴ് കൃതികളും

കഴിഞ്ഞ ആയിരം വർഷത്തിനുള്ളിൽ ഇസ്‌ലാമിനെക്കുറിച്ചും അല്ലാത്തതുമായ അനവധി കൃതികളാണ് തമിഴ് മുസ്‌ലിംകൾ രചിച്ചത്. വിശാലമായ തമിഴ് സാഹിത്യ ലോകത്ത് തങ്ങളുടെ സ്വത്വം അടയാളപ്പെടുത്തുന്നതിൽ അവ പ്രധാന പങ്ക് വഹിച്ചു. പന്ത്രണ്ട് പതിനാല് നൂറ്റാണ്ടുകളിൽ വിരചിതമായതും ഭാഗികമായി ഇപ്പോഴും സംരക്ഷിക്കപ്പെട്ടതുമായ കവിതയാണ് ലഭ്യമായ ആദ്യത്തെ കൃതി. കാവ്യങ്ങളുടെ സമാഹാരമായ “കാണ്ഡ പാൽകണ്ടമലൈ”യിലെ എട്ട് കവിതകൾ വിശദമായ വ്യാഖ്യാനത്തോട് കൂടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ക്ലാസിക്കൽ സാഹിത്യ രൂപമായ അകം കവിതയുടെ രൂപത്തിൽ രചിക്കപ്പെട്ട കൃതി ആന്തരിക പ്രണയത്തെയാണ് (അകം) കേന്ദ്രീകരിക്കുന്നത്.

ഇസ്‌ലാമിനെ കുറിച്ച് തമിഴിൽ വിരചിതമായ ധാരാളം രചനകളിൽ ഒന്ന് മാത്രമാണ് പാൽകണ്ടമലൈ. നൂറ്റാണ്ടുകളോളം സെകുലർ രചനകളും, ഹിന്ദു മത കാവ്യങ്ങളും പഠിച്ച് പരമ്പരാഗത തമിഴ് സാഹിത്യ രീതികളിൽ പ്രാവീണ്യം നേടി അവർ തങ്ങളുടെ മതപരമായ രചനകളിൽ പ്രയോജനപ്പെടുത്തി. ഇങ്ങനെ എഴുതപ്പെട്ട കൃതികൾ താഴെ പറയുന്നവയാണ്:

1. കാപ്പിയങ്ങൾ (സംസ്‌കൃതം : കാവ്യ- ഇതിഹാസ കവിതകൾ) പതിനേഴാം നൂറ്റാണ്ടിലെ പ്രവാചക ജീവചരിത്രമായ ചിരപുരാണം ഈ ഇനത്തിൽ വരുന്നതാണ്.

2. പ്രവാചകർ, ഖലീഫമാർ, സൂഫികൾ തുടങ്ങിയ മഹത്തുക്കളെ കുറിച്ചെഴുതിയ തമിഴ് ഭക്തി ഗാനങ്ങൾ. അവയിൽ ചിലത് സൂഫി മിസ്റ്റിക് സാഹിത്യത്തിലുള്ളവയാണ്. ഇസ്‌ലാമിക് എഴുത്തുകൾക്ക് വേണ്ടി കീർത്തന, സിന്ദു, കുമ്മി, അമ്മാനൈ, ഏകൽ , തെമ്മാൻകു, തിരുപ്പുകൾ തുടങ്ങിയ തമിഴ് കലാരൂപങ്ങളെ മുസ്‌ലിംകൾ സ്വീകരിച്ചിരുന്നു.

3.തമിഴ് സാഹിത്യവും അറബ് കഥകളും തമ്മിലുള്ള ധാരാളം സാദൃശ്യങ്ങളെ അടയാളപ്പെടുത്തുന്ന വാമൊഴിപ്പാട്ടുകൾ ഉൾപ്പെടെയുള്ള പലരൂപത്തിലുള്ള കൃതികൾ.

4. നാഗൂർ പോലുള്ള വിശുദ്ധ സ്ഥലങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ.

5 .തമിഴ് ഭാഷ സ്വീകരിച്ച അറബിക് കലാരൂപങ്ങൾ ഖിസ്സ, പടൈപോർ, നാമ, മസ്അല എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഉമർ പുലവർ (കവി ഉമർ)

തമിഴ് ഇസ്‌ലാമിക കൃതികളിൽ ഏറ്റവും ശ്രദ്ധേയമായത് കീളക്കരയിൽ ജീവിച്ച കവി ഉമർ എഴുതിയ സീറപുരാണമാണ്. അദ്ദേഹം ജനിച്ചത് 1665ൽ ആണെന്നും 1642 ൽ ആണെന്നും അഭിപ്രായ വ്യത്യാസമുണ്ട്.1703 ജൂലൈ 28നാണ് അദ്ദേഹം മരണപ്പെടുന്നത്. ആ സമയത്ത് എഴുതിയ അദ്ദേഹത്തിന്റെ രചന പിന്നീട് 1842 ലാണ് ശൈഖ് അബ്ദുൽ ഖാദർ നായനാറിന്റെ നേതൃത്വത്തിൽ പുറത്തിറങ്ങുന്നത്. ഉമർ പുലവറിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട് ലിഖിത രേഖകൾ ഒന്നും ലഭ്യമല്ല. അദ്ദേഹത്തെ കുറിച്ച് നമുക്കറിയുന്നതെല്ലാം വാമൊഴിയായി കേട്ട് പോന്നതാണ്. ഈ ഇതിഹാസ കൃതിയിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടില്ല. എട്ടയാ പുറം എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. പിതാവ് ശൈഖ് മുതാളി സുഗന്ധവസ്തുക്കൾ ഉണ്ടാക്കുന്ന ഒരു വ്യാപാരിയായിരുന്നു. അദ്ദേഹത്തിന്റെ പൂർവ്വ പിതാക്കൾ തമിഴ് നാട്ടിൽ വന്ന് താമസമാക്കിയ അറബ് വ്യാപാരികളാണെന്ന് വ്യക്തമാകുന്നുണ്ട്. അതിനാൽ അറബ് അല്ലെങ്കിൽ ഗ്രീക്ക് വിഭാഗമായ കോണകാർ സമുദായമാണ് ഉമറിന്റേതെന്ന് പറയപ്പെടുന്നു. കീളക്കയിൽ നിന്ന് വിവാഹം കഴിക്കുകയും അവിടെ താമസമാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വാസസ്ഥലത്തോടുള്ള ആദര സൂചകമായി അവിടെ നടക്കുന്ന ഏതൊരു മുസ്‌ലിം വിഹാഹത്തിലും “കവിയുടെ വിഹിതം” എന്ന പേരിൽ കുടുംബങ്ങൾ ധനസഹായം നൽകാറുണ്ട്.

ഉമറിന്റെ ബുദ്ധിശക്തി അന്നത്തെ ഹിന്ദു, മുസ്‌ലിം പണ്ഡിതൻമാരുടെ രക്ഷാധികാരിയും, പരോപകാരിയുമായിരുന്ന സീതക്കാട്ടിയിൽ മതിപ്പുളവാക്കിയിരുന്നു. ശൈഖ് അബ്ദുൽ ഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. രാംനാഥിലെ ഭരണകാധികാരിയായിരുന്ന വിജയ രഘുനാഥ സേതുപതിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ശൈഖ് അബ്ദുൽ ഖാദർ. അദ്ദേഹം ഉമറിനോട് പ്രവാചക ജീവിതത്തെ കുറിച്ച് ഒരു രചന നടത്താൻ ആവശ്യപ്പെടുകയും അതനുസരിച്ച് അറബിക് പേർഷ്യൻ സ്രോതസ്സുകളിൽ നിന്നും പ്രവാചക ജീവചരിത്രം പഠിക്കാൻ വേണ്ടി ലബ്ബൈ അലി ഹാജിയാരുടെ അടുത്തേക്ക് പോവുകയും ചെയ്തു. മുസ്‌ലിം വസ്ത്ര ധാരണത്തിന്റെ അഭാവം കാരണം അദ്ദേഹം ആദ്യം ഉമറിനെ സ്വീകരിക്കാൻ തയ്യാറായില്ല. പിന്നീട് പ്രവാചകർ (സ) ഉമറിന്റയും ലബ്ബായുടെയും സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും പറങ്കിപ്പേട്ടയിലുള്ള ലബ്ബായുടെ സഹോദരന്റെ അടുക്കലേക്ക് പോകാൻ ഉമറിനോട് നിർദ്ദേശിക്കുകയും ചെയ്തു.

ചില വീക്ഷണമനുസരിച്ച് ശൈഖ് അബ്ദുൽ ഖാദറിന്റെ മരണശേഷം അബ്ദുൽ ഖാസിം മരക്കാറിന്റെ സാനിധ്യത്തിലാണ് സീറാ പുരാണത്തിന്റെ ആദ്യത്തെ പരസ്യ പാരായണം നടന്നത്. അബ്ദുൽ ഖാസിം മരക്കാറിനെ തന്റെ വഴികാട്ടിയായി ഉമർ സീറാ പുരാണത്തിൽ പരിചയപ്പെടുത്തുകയും ഇരുപത്തിരണ്ട് തവണ അദ്ദേഹത്തെ അതിൽ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. സീറാപുരാണം രചിക്കുന്ന വേളയിൽ അബ്ദുൽ കാസിമിന്റെ വീട്ടിൽ ഉമർ താമസിച്ചതായി പറയപ്പെടുന്നു. പദ്യത്തിന്റെ അവസാന ഭാഗത്ത് വഴികാട്ടിയെ ഉമർ പരാമർശിക്കാത്തതിനാൽ അദ്ദേഹം തന്റെ പിന്തുണ പിൻവലിച്ചതോ അല്ലെങ്കിൽ അമിത പ്രശംസയിൽ ഉമറുവിന് വിശ്വാസമില്ലാത്തതോ കാരണമാവാം എന്നാണ് പണ്ഡിതന്മാരുടെ അനുമാനിക്കുന്നത്. അദ്ദേഹം മരണപ്പെട്ടത് കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചതെന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്. തന്റെ വഴികാട്ടിയായിരുന്ന ശൈഖ് അബ്ദുൽ ഖാദറിന്റെ സ്മരണാർത്ഥം രചിച്ച ‘കോവയ്’, മുഹമ്മദ് നബി (സ) യെക്കുറിച്ച് എൺപത്തിയെട്ട് ശ്ലോകങ്ങളുള്ള ‘മുത്തുമോളിമാലൈ’ എന്നീ രണ്ട് കവിതകളും ഉമറു രചിച്ചിട്ടുണ്ട്.

സീറാപുരാണം

സീറാപുരാണം എന്ന ഈ തലക്കെട്ട് രണ്ട് വ്യത്യസ്ത സാഹിത്യ രൂപങ്ങളെ സൂചിപ്പിക്കുന്നുണ്ട്. അറബിയിലെ സീറ (പ്രവാചക ജീവചരിത്രം) എന്നതിന്റെ തമിഴ് ഭാഷ്യമാണ് സീറ. സംസ്കൃത പദമായ പുരാണ ഹിന്ദു സാഹിത്യത്തിൽ തമിഴിലും മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളിലുമുളള സാഹിത്യ രൂപമാണ്. ഹിന്ദു ദൈവങ്ങളായ ശിവൻ, വിഷ്ണു, ദുർഗ എന്നിവരുടെയും മനുഷ്യ വിഭാഗത്തെ രക്ഷപ്പെടുത്താൻ വേണ്ടി പിറവിയെടുത്ത അവരുടെ അവതാരങ്ങളായ പുണ്യാത്മാക്കളുടെയും കഥകൾ പുരാണങ്ങൾ പറഞ്ഞു തരുന്നു. പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ജീവിതത്തെ കുറിച്ച് പുരാണമെന്ന് വിളിക്കുമ്പോൾ അതിലെ കേന്ദ്ര കഥാപാത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വായനക്കാരനിൽ സ്വാധീനം ചെലുത്തുന്നു. സീറാപുരാണത്തിലെ അറബി സംസ്കൃത പദങ്ങൾ തമ്മിലുള്ള സങ്കലനം വഴി ഒരു വൈദേശിക മതത്തെ പ്രാദേശിക സമൂഹങ്ങൾ മുഖ്യമായി ഉപയോഗിച്ച് വരുന്ന ഒരു കഥാരൂപത്തിൽ അവതരിപ്പിക്കുന്നതായി കാണാം. തമിഴ് സാഹിത്യ സമ്പ്രദായങ്ങൾ, രീതികൾ, പ്രകൃതി ദ്യശ്യങ്ങൾ എന്നിവയെ പ്രവാചകന്റെയും കുടുംബത്തിന്റെയും ജീവചരിത്രങ്ങളുടെ അവതരണവുമായി സീറാപുരാണം സംയോജിപ്പിക്കുന്നു.

തമിഴ് ഭക്തി സാഹി ത്യത്തെ കുറിച്ചുള്ള അസാമാന്യ പാടവമാണ് രചയിതാവിനുള്ളത്. ഒമ്പതാം നൂറ്റാണ്ടിൽ കാമ്പാൻ രചിച്ച തമിഴ് രാമായണത്തിൽ നിന്നാവാം അത് കൈവരിച്ചത്. അയ്യായിരത്തി ഇരുപത്തിയെട്ട് വചനങ്ങളുള്ള ചിരപുരാണം മൂന്ന് കാണ്ഡങ്ങളായാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്

1. വിലാദത് കാണ്ഡം (24 അദ്ധ്യായങ്ങൾ, 1240 വചനങ്ങൾ)
2. നുബുവത് കാണ്ഡം (21 അദ്ധ്യായങ്ങൾ 1105 വചനങ്ങൾ)
3. ഹിജ്റത് കാണ്ഡം (92 അദ്ധ്യായങ്ങൾ, 2683 വചനങ്ങൾ)

അറബിക് പദങ്ങളിൽ നിന്നാണ് കാണ്ഡങ്ങൾക്ക് പേര് നൽകപ്പെട്ടിട്ടുള്ളത്. ജനനം (വിലാദത്ത്), പ്രാചകത്വം (നുബുവ്വത്) പലായനം (ഹിജ്റ) എന്നീ പദങ്ങളാണവ.

ആദ്യ അധ്യായം “അല്ലാഹുവിന് സ്തുതി”

അല്ലാഹുവിനും പ്രവാചകർ മുഹമ്മദ് നബി (സ) ക്കും സ്തുതികൾ അർപ്പിച്ചു കൊണ്ടാണ് സീറാപുരാണം തുടങ്ങുന്നത്. തിരുവിന്നും തിരുവൈ എന്നാണ് ആധ്യായത്തിൽ ദൈവത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. ശ്രീ എന്ന വാക്കിന്റെ തമിഴ് പദമാണ് തിരു. പുണ്യമായ, സൗഭാഗ്യമായ, പരിശുദ്ധമായ എന്നാണ് പൊതുവായി ഇത് അർത്ഥമാക്കുന്നത്. അതിനാലാണ് തമിഴ് വിശുദ്ധ രചനകൾ ശ്രീ എന്നോ, തിരു എന്നോ പദങ്ങൾ കൊണ്ട് തുടങ്ങുന്നത്. സംസ്കൃതത്തിലും തമിഴിലുമുള്ള വൈഷ്ണവ സാഹിത്യത്തിൽ ഉമർപുലവറിന്റെ തിരുവിൻ തിരുവൈ എന്ന പ്രാരംഭ വാക്കുകൾക്ക് സമാനമായത് കാണാൻ കഴിയും. ദൈവ പ്രശംസക്ക് ശേഷം പ്രവാചകർ മുഹമ്മദ് നബി (സ) ക്ക് ആദരവുകളർപ്പിക്കുന്നു.

“ലോകത്തിന് സന്മാർഗം കാണിച്ച
നാലു വേദ ഗ്രന്ഥങ്ങളുടെ
പ്രകാശമായ് ഉദയം ചെയ്തവർ
ഈ മഹാ നേതാവിന്റെ വാക്കുകൾ പിന്തുടരുന്നവർ
കവികളാൽ ആഘോഷിക്കപ്പെടുകയും
എല്ലാവരാലും പ്രശംസിക്കപ്പടുകയും ചെയ്യും.
അവർ സത്യം തിരിച്ചറിയുമ്പോൾ
സംശയങ്ങൾ ഛേദിക്കപ്പെടുകയും
അവരുടെ ചെവികൾക്
സമാധാനം ലഭിക്കുകയും ചെയ്യും.
പൈശാചിക ചെയ്തികൾക്ക് വളം നൽകിയ
ചിന്തകൾ ദൂരേക്ക് മറയുകയും ചെയ്യും”.

തൗറാത്, സബൂർ, ഇൻജീൽ, ഖുർആൻ എന്നി നാല് വേദ ഗ്രന്ഥങ്ങളും പ്രവാചക വചനങ്ങളും പ്രതിപാദിക്കുന്നതിനാൽ ഈ വരികൾ വളരെയേറെ പ്രാധാന്യമർഹിക്കുന്നുണ്ട്. മുകളിൽ നിരന്തരമായി ഒരാൾ പിന്തുടരുമെന്ന് പറഞ്ഞ വാചകം തമിഴിൽ മൂലമന്ത്ര അഥവാ ശഹാദത്ത് കലിമ എന്നാണർത്ഥമാക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ നാല് ഖലീഫമാർ, ബഗ്ദാദിലെ മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദർ ജീലാനി, ഉമറിന്റെ ഗുരുനാഥൻ സ്വദകത്തുള്ള അപ്പ (സ്വദകത്തുള്ളാഹിൽ കാഹിരി) എന്നിവരെയും സീറാപുരാണത്തിൽ ആദരസൂചകമായി പ്രതിപാദിക്കുന്നുണ്ട്. അവരുടെ കാൽപാദങ്ങൾ ബഹുമാനത്തോടെ തന്റെ ശരീരത്തിൽ സ്ഥാപിക്കുന്നുണ്ട്. ഉസ്മാൻ (റ) നെ പരാമർശിക്കുന്നിടത്ത് അതിന്റെ ഉദാഹരണം കാണാൻ കഴിയും.

“ചന്ദ്രനെ പോലും തോൽപ്പിക്കും വിധം
ജാജ്വല പ്രകാശമുള്ള പ്രവാചകരുടെ
നാവിൽ നിന്നും വന്ന വേദവചനങ്ങൾ
ലോകമെങ്ങും അലയടിക്കണമെന്ന്
ഉസ്മാൻ ഉത്തരവിട്ടു. “
തന്റെ ജീവനെന്ന പോലെ,
വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ
നാല് വേദ മറിയുന്നവരെ
ഉസ്മാൻ കരുതി. “
അവരെ മറന്നിടാതെ വെച്ചിടാം
ആ രണ്ട് കാലുകൾ നമുക്കു മേൽ”

ഈ കൃതി രചിക്കുവാനുളള കവിയുടെ അയോഗ്യത പ്രകടമാക്കും വിധം വിനയ സ്വരത്തിലാണ് ഈ അധ്യായം അവസാനിക്കുന്നത്. തെക്കേ ഇന്ത്യയിലെ വൈഷ്ണവ കൃതികളിലെ സ്തോത്ര സാഹിത്യത്തിൽ ഈ രീതി കാണാം.

ഉമർ എഴുതുന്നു:

“പർവ്വതങ്ങളിൽ അടിച്ചു വീശുന്ന, ഏഴു സമുദ്രങ്ങളെ മഥിക്കുന്ന
കൊടുങ്കാറ്റുകൾക്കും ചീറ്റലുകൾക്കും മുന്നിൽ
വിശപ്പിൽ നിന്നും അവശയായി ശ്വാസം വിടുന്ന കുഞ്ഞുറുമ്പിനെ പോലെ,
ശ്രേഷ്ടരായ തമിഴ് കവികൾക്കു മുന്നിൽ ഞാനെന്റെ കവിത രചിക്കുന്നു.
ഞാൻ രചിക്കുന്ന
ഒരോ വരികളിലും
വീഴ്ചകളല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല.
പടിപടിയായി അറിവഭ്യസിച്ച മഹാകവികൾക്ക് മുന്നിൽ
ഞാൻ കവിത രചിക്കുമ്പോൾ
കയ്യടിക്കുമ്പോൾ വരുന്ന ശബ്ദത്തെ
ഇടിയുടെ ശബ്ദത്തോട് തുലനം ചെയ്യും പോലെയാണ്.”

സംസ്കൃത്തിലെ സ്തോത്ര സാഹിത്യത്തിലും ഇതിനു സമാനമായ വചനങ്ങൾ കാണാം

“എന്റെ അജ്ഞതയെ കുറിച്ച് എനിക്കറിയാമെങ്കിലും
ദൈവത്തിന്റെ പാദങ്ങളോടുള്ള ഈ സ്നേഹവാക്കുകൾ
ഒരുമിച്ച് ചേർക്കുവാൻ ഞാൻ ലജ്ജ കാണിക്കുന്നില്ല
പുണ്യ നദിയായ ഗംഗയിൽ നായ നക്കിയാൽ
അതിപ്പോഴും വിശുദ്ധ നദി തന്നെയാണ് “

ഇവ രണ്ടിലുമുളള മനോവികാരങ്ങളിൽ സമാനതകൾ കാണാമെങ്കിലും ലളിതവും മനോഹരമാണ് ഉപമകളാണ് ഉമർ പുലവർ തന്റെ രചനകളിൽ കൊണ്ടുവരുന്നത്.


വിവർത്തനം : സയീദ് ബിൻ കരീം
Featured Image: റുമ്മാൻ അമിൻ

Comments are closed.