ഡൽഹി സുൽത്താനേറ്റിലെ സാംസ്കാരികവും മതപരവുമായ ജീവിതത്തിലെ ശക്തമായ സാന്നിധ്യയിരുന്നു ചിശ്തി സൂഫികൾ. അവരുടെ മിസ്റ്റിക്കൽ പ്രവർത്തനങ്ങളുടെയും, ആലോചനകളുടെയും കാതൽ ‘അല്ലാഹുവാണ് കാരണവും, സ്രഷ്ടാവും കേന്ദ്രവും’ എന്ന വിശ്വാസമായിരുന്നു. അല്ലാഹുവിനോടുള്ള അടുപ്പം നേടുന്നതിനായി ആത്മ പരിശീലനത്തിലൂടെ തങ്ങളെത്തന്നെ രൂപാന്തരപ്പെടുത്തൽ ലക്ഷ്യമാക്കി ആത്മീയ വ്യായാമങ്ങൾ, ഉപവാസം, രാത്രിയിൽ നടത്തുന്ന നീണ്ട പ്രാർത്ഥനകൾ തുടങ്ങിയ പ്രവർത്തനങ്ങളിലായിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഭൗതിക ലോകവും, പ്രപഞ്ചത്തിൽ നിന്നും പൂർണ്ണമായും വിട്ട് നിൽക്കുന്ന (ട്രാൻസൻഡന്റൽ ആയ) ഏകദൈവ വിശ്വാസവും തമ്മിലുള്ള സങ്കീർണ്ണമായ അവ്യക്തതകൾക്ക് പരിഹാരം കണ്ടെത്തുകയായിരുന്നു ചിശ്തി സൂഫീ ചിന്തയുടെ പ്രധാന പദ്ധതികളിലൊന്ന്. ലളിതമായി പറഞ്ഞാൽ, അല്ലാഹുവിന്റെ പ്രകൃതവുമായി ബന്ധപ്പെട്ട് കർശനമായ ഏകദൈവ വിശ്വാസപ്രകാരം അദൃശ്യനായ ദൈവം ഭൗതിക ലോകത്തെ സൃഷ്ട്ടിക്കുകയും അതേസമയം അവൻ സൃഷ്ടിച്ച പ്രഞ്ചത്തിൽ നിന്നും പൂർണ്ണമായും വേറിട്ട് നിൽക്കുകയും വ്യത്യസ്തമായ സത്ത നിലനിർത്തുകയും ചെയ്യുന്നു എങ്കിൽ ഒരു അന്വേഷകന് എങ്ങനെ അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെ അനുഭവിക്കാനാവും? സാംസ്കാരിക രംഗത്തും അവർ സമാനമായ പ്രശ്‌നങ്ങളുമായി മല്ലിടേണ്ടിവരികയും അവരുടേതായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്തു. ഉദാഹരണത്തിന് എന്താണ് ജീവിതത്തിന് അർത്ഥം നൽകുന്നത്? എന്താണ് സ്നേഹം? സൗന്ദര്യാത്മക ആനന്ദം എന്താണ്ട്? ഈ സങ്കൽപ്പങ്ങൾ എങ്ങനെയാണ് ദൈവിക സാന്നിദ്ധ്യവും, സാക്ഷാത്ക്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നത്? ഉത്തരേന്ത്യയിലെ സാംസ്കാരിക മണ്ഡലത്തിലെ മറ്റ് മതവിഭാഗങ്ങൾക്ക് സമാനമായി സൂഫികൾ ‘കീഴൊതുങ്ങൽ’ അഥവാ ഇസ്‌ലാമിന്റെ യഥാർത്ഥ അർത്ഥമായ ‘സമർപ്പണം’ എന്ന ആശയത്തിൽ ഊന്നുന്നതായി കാണാനാവും. ഇത് വൈഷ്ണവ ഫിലോസഫിയിലെയും സമാന ഭക്ത കവികളിലും കാണുന്ന പ്രാപ്‍തി (കീഴടങ്ങൽ) എന്ന സങ്കൽപ്പവുമായി ചില സാമ്യതകൾ പുലർത്തുന്നുണ്ട്.
ചിശ്തി സൂഫികൾ അവർ അഭിമുഖീകരിച്ച ചോദ്യങ്ങൾക്ക് സാംസ്കാരികവും, ആത്മീയവുമായ മാർഗ്ഗങ്ങളിലൂടെ ഉത്തരം കണ്ടെത്താനുള്ള ശ്രമം നടത്തി. ആത്മീയതയുടെ അല്ലാഹുവിന്റെ സാമീപ്യത്തെക്കുറിച്ച് ബോധം വളർത്തിയെടുക്കാനുതകുന്ന തരത്തിൽ ഇന്ദ്രീയങ്ങളെ പരിശീലിപ്പിക്കുക, പ്രണയ കവിതകൾ ശ്രവിക്കുന്നതിലൂടെയും ആത്മാവിനെ പരിവർത്തിപ്പിക്കുക എന്നിവ അവരുടെ പ്രവർത്തന പദ്ധതിയുടെ ഭാഗമായിരുന്നു. ചിശ്തി സമാ സദസ്സുകൾ (ഖവ്വാലികൾ) പ്രണയിനിയുമായുള്ള ബന്ധത്തെ ആഘോഷിക്കുന്ന പ്രണയ കവിതകൾ കൊണ്ട് ആത്മാവിനെ സംഗീതത്തിനായി തുറന്നുകൊടുക്കുന്ന ഇടങ്ങളായിരുന്നു.നഖ്‌ശബന്ദി സൂഫികളെപ്പോലെയുള്ള മറ്റ് സിൽസിലകൾ (ഗുരു പരമ്പരയെ കേന്ദ്രീകരിച്ചുള്ള സൂഫീ മാർഗ്ഗങ്ങൾ) സമാ സദസ്സുകൾ സംഘടിപ്പിച്ചിരുന്നില്ല. പകരം അവരുടെതായ സവിശേഷമായ ആത്മീയ പരിശീലന മാർഗ്ഗങ്ങൾ രൂപപ്പെടുത്തുകയായിരുന്നു ചെയ്തിരുന്നത്.
പതിമൂന്ന്, പതിന്നാല് നൂറ്റാണ്ടുകളിൽ ഡൽഹി ഭരിച്ച സുൽത്താനേറ്റിലെ ഭരണാധികാരികളും, പ്രഭുക്കന്മാരും ഈ സൂഫീ മിസ്റ്റിക്കൽ പദ്ധതികൾക്കുള്ള ഭൗതികവും, രാഷ്ട്രീയവുമായ സഹായങ്ങൾ നൽകിയിരുന്നു. ഇന്ത്യൻ സൂഫി ചിന്തയെക്കുറിച്ചുള്ള കെ. എ നിസാമിയുടെ പഠനം ഈ മേഖലയിലെ പഠനങ്ങളെ ഡിഫൈൻ ചെയ്‌തു എന്ന് കാണാം. പതിമൂന്നാം നൂറ്റാണ്ടിലെ ഇന്ത്യയിലെ മതവും രാഷ്ട്രീവും തമ്മിലുള്ള ബന്ധത്തിന്റെ ചില മാനങ്ങൾ, പ്രത്യേകിച്ചും സൂഫികളും, ഭരണാധികാരികളും തമ്മിലുള്ള വേർതിരിവുകൾ ഇതിൽ പ്രധാനമാണ്. ചിശ്തി വിശ്വാസങ്ങളെയും, പ്രവർത്തനങ്ങളെയും ഉദ്ധരിച്ച് കൊട്ടാര രാഷ്ട്രീയത്തോടുള്ള ചിശ്തി സൂഫികൾക്കുള്ള വിരോധം നിസാമി അടിവരയിടുന്നുണ്ട്:
അര ഡസണിലധികം ഭരണാധികാരികൾ ഡൽഹി സിംഹാസനത്തിൽ ഇരിക്കുന്നത് കാണാൻ അവസരം ലഭിച്ച നിസാമുദ്ധീൻ ഔലിയ ഒരു സുൽത്താനെയും കൊട്ടാരത്തിൽ സന്ദർശിച്ചിരുന്നില്ല. അവർക്ക് അഭിമുഖം നൽകാൻ പോലും അദ്ദേഹം വിസമ്മതിച്ചിരുന്നു. സുൽത്താൻ എത്ര വലിയവനാണെങ്കിലും അദ്ദേഹത്തിന്റെ അഭ്യർത്ഥനകൾ എത്ര ശക്തമായിരുന്നു എങ്കിലും ശൈഖ് ഒരിക്കലും തന്റെ തീരുമാനത്തിൽ നിന്ന് വ്യതിചലിക്കുകയുണ്ടായില്ല. സുൽത്താൻ അലാവുദ്ധീൻ ഖിൽജിയെ കാണാൻ വിസമ്മതിച്ച ശൈഖ് അദ്ദേഹം നിർബന്ധിച്ചപ്പോൾ നൽകിയ മറുപടി “എന്റെ വീടിന് രണ്ട് വാതിലുകളുണ്ട്. ഒന്നിലൂടെ സുൽത്താൻ പ്രവേശിച്ചാൽ, മറ്റൊന്നിലൂടെ ഞാൻ പുറത്തുകടക്കും” എന്നായിരുന്നു.
K. A. Nizami, Early Indo-Muslim Mystics and Their Attitude Towards the State
ഈ മനോഭാവം കുറഞ്ഞത് പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം വരെയെങ്കിലും ചിശ്തി സിൽസിലയിൽ ഒരു മാതൃകാ വീക്ഷണമായി തുടർന്നുവന്നു. പിൽക്കാലത്തെ സൂഫികൾക്കിടയിലും ഈ നിലപാട് തുടരുന്നവരുണ്ടായിരുന്നു. കാലക്രമേണ ചിശ്തി സിൽസില ചെറുതും വലുതുമായ സ്വതന്ത്ര സംഘങ്ങളുടെ ഒരു കൂട്ടായ്മയായി മാറി. അവരിൽ പലരും രാജാക്കന്മാരുടെ നികുതി രഹിത ഭൂമി ഗ്രാന്റുകൾ അടക്കമുള്ള സഹായങ്ങൾ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്തു.
ഇന്ത്യൻ സൂഫിസത്തെക്കുറിച്ച് പഠിച്ച സൈമൺ ഡിഗ്‌ബി നിരീക്ഷിക്കുന്നത് സൂഫികളും ഭരണാധികാരികളും തമ്മിൽ സങ്കീർണ്ണവും, വൈവിധ്യം നിറഞ്ഞതും, പലപ്പോഴും പരസ്പര വിരുദ്ധവുമായ ബന്ധത്തെ അടയാളപ്പെടുത്തുന്ന സംഭവങ്ങൾ ചരിത്രത്തിൽ കണ്ടെത്താനാവും എന്നാണ്. ഒരു വശത്ത് സൂഫികൾ രാഷ്ട്രീയ അധികാരഘടനയെ ആശ്രയിക്കുമ്പോൾ തന്നെ മറുവശത്ത് അവർ ഭരണാധികാരികളേക്കാൾ ഉയർന്ന അധികാരത്തിന്റെ അവകാശമുന്നയിക്കുന്നുണ്ട്. പലപ്പോഴും ഭരണാധികാരികൾ അധികാരത്തിലേറിയത് സൂഫി ഗുരുക്കൻമാരുടെ ആശീർവാദത്തോടെ ആയിരുന്നു എന്ന് കാണാം. ‘തർക്കു ദുൻയാ’ അഥവാ ഭൗതികതയെ വെടിയുക എന്ന ആശയം നിലനിൽക്കുമ്പോഴും ചിശ്തി സൂഫികൾ ഭരണാധികാരികളിൽ നിന്നും പലപ്പോഴും സഹായങ്ങൾ സ്വീകരിക്കുകയും, ഭരണാധികാരിയെ നിർണ്ണയിക്കുന്നതിൽ സുപ്രധാന ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു എന്നത് അക്കാലത്തെ രാഷ്ട്രീയ, ആത്മീയ അധികാരങ്ങൾക്കിടയിലുള്ള സങ്കീർണ്ണമായ ബന്ധത്തെ സൂചിപ്പിക്കുന്നുണ്ട്.
ഡൽഹി സുൽത്താനേറ്റിന് കീഴിലുള്ള പ്രദേശങ്ങളിൽ ചിശ്തി സൂഫികൾ അവരുടേതായ ആത്മീയ പ്രബോധന കേന്ദ്രങ്ങൾക്കും ശിഷ്യന്മാരെ പരിശീലിപ്പിക്കുന്നതിനുള്ള പ്രാദേശിക സംവിധാനങ്ങൾക്കും രൂപം നൽകി. ചിശ്തി സാമൂഹിക, ആത്മീയ അജണ്ടയിൽ പല ശ്രദ്ധേയമായ വശങ്ങളും കണ്ടെത്താനാവും: ഭരണാധികാരികളുമായുള്ള ബന്ധത്തെക്കുറിച്ചും, ദാനങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ചുമുള്ള നിലപാടുകളും, ദൈവത്തെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുന്നതിനെക്കുറിച്ചും, ദൃശ്യമായ ക്രമത്തിന് പുറത്ത് നിലനിൽക്കുന്ന ആത്മീയമായ അദൃശ്യ ലോകത്തെക്കുറിച്ചുള്ള വിശ്വാസവും, ആത്മീയ കാര്യങ്ങളിൽ അഭിരുചിയുള്ള (ദൗഖ്) വ്യക്തിയാക്കി പരിവർത്തിപ്പിക്കൽ ലക്ഷ്യമാക്കിയുള്ള സംഗീത പരിശീലനവും അവയിൽ പ്രധാനപ്പെട്ടവയാണ്.
ഭരണാധികാരികളും, പ്രഭുക്കളുമായുള്ള അവരുടെ ബന്ധവും രാജ്യത്തെ പുതിയ പ്രവിശ്യകളാക്കി തിരിച്ചതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഭൂപ്രദേശങ്ങളുടെ മേലുള്ള അധികാരത്തിൽ സൂഫികൾ രാജാവിനെ അപേക്ഷിച്ച് ആത്മീയ അധികാരത്തിന്റെ ഉന്നതമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും വിശുദ്ധരായ സൂഫികളുടെ അനുഗ്രഹം കാരണമാണ് തങ്ങൾ സിംഹാസനത്തിലിരിക്കുന്നത് എന്ന് അവർ രാജാക്കന്മാരെ ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു. ദൃശ്യവും, അദൃശ്യവുമായ രണ്ട് മേഖലകളിലും അവർ ഒരേസമയം ഇടപെടുകയും അദൃശ്യ ലോകത്തെ സന്ദേശങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നു. ലൗകിക ഭരണാധികാരികളുടെ അധികാരത്തിന് മുകളിൽ അമാനുഷിക ശക്തികളുള്ളവരുടെ ഒരു അധികാര ശ്രേണി ക്രമീകരിച്ചിരിക്കുന്നു, ലോകത്തിലെ എല്ലാ പ്രദേശങ്ങളുടെയും ക്ഷേമത്തിനായി നിരന്തരം ജാഗരൂകരായികൊണ്ട്. ഒരു പ്രത്യേക പ്രദേശത്തിന്റെ വിലായത്തുമായി (അധികാരം) ബന്ധപ്പെട്ട അത്തരം അവകാശവാദങ്ങൾ ഖുറാസാനിലെ ശൈഖുമാർ സജീവമായും ശക്തമായും പിന്തുടർന്നു. ഇന്ത്യൻ സൂഫി സാഹിത്യത്തിലും ഈ ആശയം വ്യാപകമായി കാണാനാവും.
പ്രദേശിക അധികാരാവും (വിലായ), സൂഫി ശൈഖിന്റെ ഭൗതിക ലോകവുമായുള്ള (ദുനിയ) ഇടപാടുകളും തമ്മിൽ വൈരുദ്ധ്യാത്മകമായ ബന്ധമാണ് പുലർത്തിയിരുന്നത്. സൂഫി ഖാൻഗാഹുകൾ പ്രവർത്തിക്കുന്നതിന് നികുതിയില്ലാത്ത ഭൂമി ഗ്രാന്റുകളുടെ (മദദേ മആഷ്) രൂപത്തിലും, ദാനധർമ്മങ്ങളുടെ രൂപത്തിലുമുള്ള ഭരണാധികാരികളുടെ സഹായങ്ങൾ വലിയ തോതിൽ ആവശ്യമായിരുന്നു. ഇത്തരം ഭൗതിക സഹായങ്ങൾ ചിശ്തികൾ കൈകാര്യം ചെയ്തത് പുനർവിതരണത്തിന്റെ ആത്മീയ മാർഗ്ഗങ്ങൾ വികസിപ്പിച്ചുകൊണ്ടാണ്. ഉദാഹരണത്തിന് ലൗകിക വസ്‌തുക്കൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശൈഖ് നിസാമുദ്ധീൻ ഔലിയ പറയുന്നത് കാണാം:
അത്യാവശ്യ വസ്തുക്കൾ ഒഴികെയുള്ള ലൗകിക വസ്തുക്കൾ ശേഖരിക്കരുത്, ഒരു സ്ത്രീയുടെ മൂടുപടത്തിന് സമാനമായ വസ്ത്രം പോലെ. അത് നിയമാനുസൃതമാണ്, എന്നാൽ അതിലുപരിയായി ഒരാൾക്ക് ലഭിക്കുന്നതെല്ലാം ലഭിച്ചതിനേക്കാൾ കൂടുതലായി വിതരണം ചെയ്യേണ്ടതുണ്ട്.
എന്റെ മകനേ, നൽകാനായി മാത്രമുള്ളതാണ് സ്വർണ്ണം .
സൂക്ഷിച്ച് വെച്ചാൽ സ്വർണ്ണവും കല്ലും തമ്മിലെന്ത് വ്യത്യാസമാണ്?Amir Ḥasan Sijzi, Favaid al Fuad
ഈ സമ്പ്രദായത്തിൽ ആത്മീയ ഉന്നതി ഖാൻഗാഹിലേക്ക് വരുന്ന സമ്പത്തും വസ്തുക്കളും ഉപേക്ഷിക്കുന്നതുമായി ബന്ധിപ്പെട്ടായിരുന്നു. ആരാധനക്കും, ആത്മീയ പരിശീലനത്തിനും സമ്പത്ത് ഒരു തടസ്സമാണ് എന്ന് സൂചിപ്പിക്കുന്ന കഥകളാൽ സമ്പന്നമാണ് ചിശ്തി സൂഫി ഗുരുക്കന്മാരുടെ ഉപദേങ്ങൾ. പണത്തിന്റെ പതിവായ വരവിലുള്ള പ്രതീക്ഷകൾ തന്റെ കർമ്മങ്ങളെ പണത്തിന്റെ പ്രതീക്ഷയിലാക്കും എന്നതിനാൽ അത് ആത്മീയ യാത്രക്ക് തടസ്സമായിമാറും. മെറ്റീരിയൽ വസ്‌തുക്കളുടെ ഈ മൂല്യത്തെ വിലകുറച്ച് കാണുന്നതോടൊപ്പം ഭൗതിക ലോകത്തെക്കുറിച്ച് വ്യതിരിക്തമായ വീക്ഷണമായിരുന്നു അവർ സ്വീകരിച്ചത്. അതായത് ഈ ലോകം അദൃശ്യ ലോകത്തിന് മുകളിലുള്ള ഒരു മറ മാത്രമാണ് എന്നും, അദൃശ്യ ലോകത്തിലെ ആത്മീയ തത്ത്വങ്ങൾ ദൃശ്യ ലോകത്ത് പ്രകടമായ രീതിയിൽ തന്നെ പ്രാവർത്തികമാകും എന്നും അവർ വിശ്വസിച്ചു.
അദൃശ്യമായ ലോകവും അതിലെ വിശുദ്ധരുടെയും, അവരുടെ ശിഷ്യന്മാരുടെയും ശ്രേണികളും ചിശ്തി സൂഫികൾക്കും, അവരുടെ പിൻഗാമികൾക്കും മാർഗ്ഗനിർദ്ദേശത്തിന്റെ ഉറവിടവും, ദൃശ്യ ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങൾക്കുള്ള വിശദീകരണവുമായിരുന്നു. അദൃശ്യ ലോകത്തുള്ള വ്യക്തികൾ (മർദാനേ-ഗൈബ്) ദൃശ്യലോകത്ത് ഇടപെടുന്നതുമായി ബന്ധപ്പെട്ട നിരവധി പരാമർശങ്ങൾ അവരുടെ അധ്യാപനങ്ങളിൽ കാണാം. ദൃശ്യവും അദൃശ്യവുമായ ലോകങ്ങളുടെ യഥാർത്ഥ പ്രാധാന്യത്തെ തിരിച്ചറിയുന്നതിനുള്ള കഴിവാണ് ഉൾക്കാഴ്ചയുള്ളവരെ വ്യത്യസ്തരാകുന്നത്. ഭൗതിക വസ്തുക്കളുടെയും, കഥകളുടെയും അദൃശ്യമായതോ മറഞ്ഞിരിക്കുന്നതോ ആയ ആത്മീയ രഹസ്യങ്ങൾ വ്യക്തമാക്കുന്ന ഉദാഹരണങ്ങളും, രൂപകങ്ങളുമാക്കി മാറ്റാനുള്ള ശേഷി (തംസീൽ) പേർഷ്യൻ, അറബിക് ഭാഷകളിലെ സൂഫി സാഹിത്യങ്ങളിൽ സർവ്വസാധാരണമായി ഉപയോഗപ്പെടുത്തുന്നത് കാണാനാവും. ഫരീദുദ്ധീൻ അത്താറിന്റെ (റ) മന്തിഖ് അത്തുയൂർ (പക്ഷി സമ്മേളനം), ജലാലുദ്ധീൻ റൂമിയുടെ (റ) മസ്നവി എന്നീ കാവ്യ സൃഷ്ടികൾ നിഗൂഢാര്‍ത്ഥങ്ങളും, ആത്മീയാനുഭവങ്ങളും വ്യാഖ്യാനിക്കാൻ സഹായിക്കുന്ന കഥകളാലും, ഉദാഹരണങ്ങളാലും സമ്പന്നമാണ്.
ചിശ്തി സൂഫികളെ സംബന്ധിച്ചിടത്തോളം, മറ്റെല്ലാ ഇടപാടുകളിൽ നിന്നും അറിവുകളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള വഴി അല്ലാഹുവിൽ മുഴുകുക (മശ്ഊലെ ഹഖ്) എന്നതായിരുന്നു:
സംഭാഷണം പിന്നീട് ദൈവത്തിൽ മുഴുകുന്നതിലേക്ക് തിരിഞ്ഞു. അതാണ് യഥാർത്ഥ പ്രവൃത്തി, ഇതുമായി ബന്ധമില്ലാത്ത മറ്റെല്ലാം ആ അനുഗ്രഹത്തിന് ഒരു തടസ്സമാണ്. ഗുരു സൂചിപ്പിച്ചു: “ഒരിക്കൽ ഞാൻ വായിക്കുകയും പഠിക്കുകയും ചെയ്ത പുസ്തകങ്ങളെക്കുറിച്ച് ഒരു ഭയം എന്നിൽ ഉടലെടുത്തു, ‘ഞാൻ എന്തായിത്തീർന്നു (ആ വായനയിൽ നിന്ന്)?’ എന്ന് ഞാൻ സ്വയം ചോദിച്ചു ‘ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു കഥ പറഞ്ഞു : “ശൈഖ് അബു സൈദ് അബുൽ ഖൈർ – ദൈവം അദ്ദേഹത്തിന് കരുണ ചെയ്യട്ടെ- ഒരു തികഞ്ഞ ആത്മീയ അവസ്ഥയിലെത്തിയപ്പോൾ താൻ വായിച്ച പുസ്തകങ്ങളെല്ലാം എടുത്ത് ഒരു മൂലയിലേക്ക് മാറ്റിവെച്ചു. അവയെല്ലാം കഴുകിക്കളഞ്ഞു എന്ന് പറയുന്നവരും ഉണ്ട് (എഴുത്തുകൾ). ചെറിയ നിശ്ശബ്‌ദതക്ക് ശേഷം ഗുരു തുടർന്നു “അവയെല്ലാം കഴുകികളഞ്ഞു എന്ന് പറയുന്നത് ശരിയല്ല, മറിച്ച് അദ്ദേഹം അവ ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുകയായിരുന്നു. ഒരു ദിവസം ആ പുസ്തകങ്ങളിൽ നിന്ന് ചിലകാര്യങ്ങൾ പഠിക്കാനായി പുസ്തകം തിരികെ എടുത്തതും ഒരു അശരീരി ഇങ്ങനെ മൊഴിഞ്ഞു: ‘ഓ അബു സൈദ്, നമുക്ക് നമ്മുടെ കരാർ പിൻവലിക്കാം, കാരണം നിങ്ങൾ മറ്റൊരു കാര്യത്തിൽ മുഴുകുകയാണ്!’” കഥയിലെ ഈ ഘട്ടത്തിലെത്തിയപ്പോൾ ഗുരു കരയാൻ തുടങ്ങി, ആ അനുഗ്രഹീത അധരത്തിൽ നിന്നും രണ്ട് വരി കവിത വിരിഞ്ഞു:
ശത്രുതയുടെ നിഴലേ, നിന്നെ എങ്ങനെ തളക്കാനാവും
സുഹൃത്തിനെക്കുറിച്ചുള്ള ചിന്ത പോലും ശല്യപ്പെടുത്തുന്ന ഇടത്തിൽ?അതായത്, സൂഫികളെക്കുറിച്ചുള്ള പുസ്തകങ്ങൾ പോലും മറയായി മാറുന്നിടത്ത് അവനല്ലാതെ മറ്റ് കാര്യങ്ങൾക്ക് എങ്ങനെ ഇടം നൽകാനാകും?
Favaid al-Fuad
അശരീരിയുടെ ഇടപെടൽ അബൂ സൈദിനെ തന്റെ പുസ്തകങ്ങളെപ്പോലും ഉപേക്ഷിക്കാൻ ഉദ്‌ബോധിപ്പിക്കുകയാണ് ചെയ്തത്. അതും മുൻകാല സൂഫികളെക്കുറിച്ചുള്ള പുസ്തകങ്ങൾ പോലും. അല്ലാഹുവിനെക്കുറിച്ച് നിരന്തരം ആലോചനയിൽ മുഴുകുന്നതിലൂടെയുള്ള നേരിട്ടുള്ള അനുഭവത്തിന് മറ്റുള്ള ചിന്ത പോലും ഒരു തടസ്സമാണ് എന്ന് പേർഷ്യൻ സൂഫീ രചനകൾ സൂചിപ്പിക്കുന്നത് കാണാം. അത്തരം ധ്യാനം ലൈംഗികത, വിശപ്പ് തുടങ്ങിയ എല്ലാ ശാരീരിക ചോദനകളെയും പരിവർത്തിപ്പിക്കുന്നു. ദൈവത്തിനുവേണ്ടി മാത്രം ജീവിക്കുക എന്ന ചിശ്തി തത്വത്തിന്റെ ഉദാഹരണമായി നിസാമി ചർച്ച ചെയ്യുന്ന ഒരു കഥയിൽ ദൈവത്തിൽ മുഴുകിയിരിക്കുന്ന സൂഫികളുടെ മനോഭാവം ലോകത്തിലെ ജീവിതാനുഭവത്തെ എങ്ങനെ മാറ്റുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്:
ഒരു പുഴയുടെ തീരത്ത് ഒരു മഹാൻ താമസിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം ഭാര്യയോട് നദിയുടെ മറുവശത്ത് താമസിക്കുന്ന ഒരു ദർവേഷിന് ഭക്ഷണം എത്തിക്കാൻ ആവശ്യപ്പെട്ടു. വെള്ളം കടക്കുന്നത് ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞ ഭാര്യ പ്രതിഷേധിച്ചു. അദ്ദേഹം പറഞ്ഞു: ” നീ നദീതീരത്ത് എത്തിയ ശേഷം ഭാര്യയോടൊപ്പം ഒരിക്കലും ഉറങ്ങാത്ത എന്റെ ഭർത്താവിനോടുള്ള ബഹുമാനം കാരണം നിനക്ക് വഴി തരാൻ വെള്ളത്തോട് പറയുക”. ഭാര്യ ഈ വാക്കുകൾ കേട്ട് അന്ധാളിച്ചുകൊണ്ട് സ്വയം പറഞ്ഞു: “എത്ര മക്കൾ ഞാൻ ഇദ്ദേഹത്തിനായി പ്രസവിച്ചിരിക്കുന്നു! എന്നിട്ടും എങ്കിലും ഭർത്താവിൽ നിന്നുള്ള ഈ നിർദ്ദേശത്തെ ഞാൻ എങ്ങനെ എതിർത്ത് സംസാരിക്കും?” അവർ ഭക്ഷണം നദീതീരത്തേക്ക് കൊണ്ടുപോയി വെള്ളത്തോട് സന്ദേശം അറിയിച്ചു, വെള്ളം അവർക്ക് കടന്നുപോകാൻ വഴിയൊരുക്കി. നദി കടന്ന് അവർ ദർവേഷിന്റെ മുമ്പാകെ ഭക്ഷണം വച്ചു. ദർവേഷ് അത് അവളുടെ സാന്നിധ്യത്തിൽ എടുത്തു കഴിച്ചു. തിരിച്ച് പോരാൻ നേരം ആ സ്ത്രീ ചോദിച്ചു: “ഞാൻ ഇനി എങ്ങനെ നദി തിരിച്ചു കടക്കും?” “നിങ്ങൾ എങ്ങനെ വന്നു?” ദർവേഷ് ചോദിച്ചു. അവർ ഭർത്താവിന്റെ വാക്കുകൾ ആവർത്തിച്ചു. ഇതുകേട്ട ദർവേഷ് പറഞ്ഞു: “മുപ്പതു വർഷമായി ഒരിക്കലും ഭക്ഷണം കഴിക്കാത്ത ദർവേഷിനോടുള്ള ബഹുമാനത്താൽ നിങ്ങൾക്ക് വഴിയൊരുക്കാൻ നദിയോട് ആവശ്യപ്പെടുക.” ഈ വാക്കുകൾ കേട്ട് അമ്പരപ്പോടെ അവർ നദീ തീരത്തെത്തി സന്ദേശം ആവർത്തിച്ചു. വെള്ളം വീണ്ടും അവർക്ക് വഴിയൊരുക്കി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആ സ്ത്രീ ഭർത്താവിന്റെ കാൽക്കൽ വീണ് അപേക്ഷിച്ചു: “നിങ്ങളും ആ ദർവേശും പറഞ്ഞ നിർദ്ദേശങ്ങളുടെ രഹസ്യം എന്നോട് പറയൂ.” “നോക്കൂ,” ആ മഹാൻ പറഞ്ഞു, “എന്റെ ശാരീരിക വികാരങ്ങൾ നിറവേറ്റാൻ ഞാൻ ഒരിക്കലും നിന്നോടൊപ്പം ഉറങ്ങിയിട്ടില്ല. നിന്റെ അവകാശങ്ങൾ പൂർത്തീകരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. വാസ്തവത്തിൽ, ഞാൻ നിങ്ങളോടൊത്ത് ഒരിക്കലും ഉറങ്ങിയിട്ടില്ല, അതുപോലെ തന്നെ, മുപ്പതുവർഷമായി ആ ദർവേഷ് ഒരിക്കലും വിശപ്പ് ശമിപ്പിക്കാനോ വയറു നിറയ്ക്കാനോ ലക്ഷ്യം വെച്ച് ഭക്ഷണം കഴിച്ചിട്ടില്ല. ദൈവത്തിന്റെ തൃപ്തി നേടാനുള്ള പ്രവർത്തികൾ ചെയ്യാനുള്ള ശക്തി ലഭിക്കുവാൻ വേണ്ടി മാത്രമായിരുന്നു കഴിച്ചതത്രയും.
Favaid al-Fuad




കൂടുതൽ വായനക്ക്: Love’s Subtle Magic: An Indian Islamic Literary Tradition
Featured Image: Dewang Gupta
Comments are closed.