ചൈനയിലെ ഉയ്ഗൂര്‍  മുസ്‌ലിം പ്രദേശങ്ങളിലൂടെ അമ്മാർ അസ്ഫോർ നടത്തുന്ന യാത്രയുടെ മൂന്നാം ഭാഗം

വ്യതിരിക്തങ്ങളായ സംസ്കാരങ്ങളുടെ വെളിച്ചത്തിൽ സ്വത്വത്തെ എങ്ങനെ മനസ്സിലാക്കാമെന്നത് ഈ യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. സ്വദേശം നിർണ്ണയിക്കൽ എന്നെ സംബന്ധിച്ചിടത്തോളം പ്രയാസകരമായൊരു കാര്യമാണ്. വിശ്വാസത്തിൽ തന്നെ സ്വദേശം കണ്ടെത്തുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്. പക്ഷേ, അപ്പോഴൊക്കെ എവിടെ നിന്നാണ് വരുന്നത് എന്ന ചോദ്യത്തിന് മറുപടിയായി വിശ്വാസത്തെ ചൂണ്ടിക്കാണിക്കൽ തീരെ അനുയോജ്യമല്ല എന്ന് ഞാൻ തിരിച്ചറിയാറുണ്ട്. വിശ്വാസം തന്നെ സ്വദേശമായി കണക്കാക്കി ജീവിക്കുന്നതെങ്ങനെയെന്ന് എനിക്ക് കാണിച്ചു തന്നത് ചൈനയിൽ ഞാൻ കണ്ടുമുട്ടിയ ചില മനുഷ്യരാണ്, പ്രത്യേകിച്ചും ഫാത്തിമയും മുഹമ്മദും.

യാത്രയിലുടനീളം ഉയ്ഗൂര്‍ ഇസ്‌ലാമിനെ കണ്ടെടുക്കാന്‍ എന്നോട് സഹകരിക്കുകയും കൂടെ നില്‍ക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്ത ധീരന്മരായ ചില മനുഷ്യര്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഒരു ഇമാമുമായി സംസാരിക്കുന്നതിനുള്ള ഔദ്യോഗിക അനുമതിക്കായി അപേക്ഷിക്കുന്നതിനിടക്കാണ് ഞാന്‍ റാപ്‌കാതിനെ ആദ്യം പരിചയപ്പെടുന്നത്. ഒരു പാർട്ട് ടൈം ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്ന അദ്ദേഹം സരളമായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ഞങ്ങളുടെ സംഭാഷണം എന്‍റെ കഷ്ഗര്‍ സന്ദര്‍ഷനത്തിലേക്കും അതിന്റെ ലക്ഷ്യത്തിലേക്കും എന്റെ പ്രൊജക്ടിലേക്കുമെത്തി.

31
റാപ്‌കാത്

അല്‍പം ചിന്താകുലനായി നിന്ന അദ്ദേഹം പറഞ്ഞു “ചൈനീസ് മുസ്‌ലിംകൾ ഹൂയി, ഉയ്ഗൂര്‍ എന്നിങ്ങനെ രണ്ട് വിഭാഗമാണ്. ഇവ രണ്ടിന്റെയും കഥകളും ഏറെ വ്യത്യസ്ഥമാണ്”.

“ഒരേ മതത്തിൽ വിശ്വസിക്കുന്നവരായിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു” ഞാന്‍ തിരിച്ച് ചോദിച്ചു.

“അതാണ് സംസ്കാരം” അദ്ദേഹം തുടർന്നു “അവര്‍ക്കിടയില്‍ സാംസ്കാരികമായ അന്തരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്, ഉയ്ഗൂറുകൾ പ്രവർത്തിയിലോ കാഴ്ചയിലോ ചൈനീസ് അല്ല. ഉയ്ഗൂറുകൾ ഹൂയികളാൽ ചരിത്രപരമായി വഞ്ചിച്ചിക്കപ്പെട്ടവരാണ്. അത്കൊണ്ട് തന്നെ ഉയ്ഗൂറുകൾക്ക് ഹൂയികളെ വിശ്വാസമില്ല “

ഉയ്ഗൂർ മുസ്‌ലിമായി ജീവിക്കുമ്പോള്‍ ഇസ്‌ലാം കേവലം ഒരു വിശ്വാസ സംഹിത എന്നതിലുപരി തന്റെ മേല്‍വിലാസം തന്നെയാണെന്നും അത് തന്നെ സ്നേഹിക്കാനും സഹവർത്തിത്വത്തിൽ ജീവിക്കാനും മറ്റുള്ളവരെ തുല്യരായി കാണാനും പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞ് വെച്ചു.

എനിക്ക് കൂടുതൽ അറിയണമെന്നുണ്ടായിരുന്നു. പക്ഷെ പറയാവുന്നതെല്ലാം അപ്പോഴേക്കും അദ്ദേഹം പറഞ്ഞു തീർന്നിരുന്നു.

32
ഖോജ ഖാൻ

ചെറുപ്പം മുതൽ തന്റെ കുടുംബത്തൊഴിലായ ഡ്രൈ ഫുഡ്, സുഗന്ധ വൃജ്ഞനം എന്നിവയുടെ കച്ചവടമാണ് ഖോജയുടെ ജീവിതോപാധി. ഞാന്‍ മുസ്‌ലിമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം കൂടുതല്‍ പ്രസന്നതയോടെ സംസാരിച്ച് തുടങ്ങി. വീട്ടിൽ രഹസ്യമായി വന്നുപോവുന്ന അദ്ധ്യാപകരിൽ നിന്നാണ് അദ്ദേഹം ഇസ്‌ലാം പഠിക്കുന്നത്. ഗവണ്മെന്റ് ഇത്തരം കാര്യങ്ങൾ അനുവദിക്കാത്തതിനാലാണ് രഹസ്യമായി പഠനം നടത്തേണ്ടി വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ചൈനീസുകൾ ഉയ്ഗൂറുകളെ ഭയപ്പെടാൻ പ്രധാന കാരണം തങ്ങളുടെ മോശം പേരും നല്ല മുസ്‌ലിംകൾ അല്ലാത്തതുമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഉദാഹരണമായി ഗവണ്മെന്റിന്റെ ബഹുഭാര്യാത്വ നിരോധനമാണ് അദ്ദേഹം സൂചിപ്പിച്ചത്. ” ഈ മനുഷ്യർ തങ്ങളുടെ ഭാര്യമാരോട് നല്ല നിലയിൽ പെരുമാറിയില്ല. കൂടുതൽ ഭാര്യമാരുണ്ടെങ്കിൽ അവരോടെല്ലാം നല്ലനിലയിൽ പെരുമാറണം. അതിനുള്ള പടച്ചവന്റെ ശിക്ഷയാണ് ഇതെല്ലാം” അദ്ദേഹം പറഞ്ഞു.

കഷ്ഗറില്‍ തങ്ങുമ്പോഴാണ് ഇമാമുമായി കൂടിക്കാഴ്ച നടത്താനുള്ള ഔദ്യോഗിക സമ്മത പത്രത്തിനായി ഞാന്‍ അപേക്ഷിക്കുന്നത്. ഇതു സംബന്ധിച്ച നിയമങ്ങൾ ഞാന്‍ വിചാരിച്ചത്ര ഉദാരമായിരുന്നില്ല. ഉയ്ഗൂറില്‍ ഇരുപത് വര്‍ഷമായി ജോലി ചെയ്തിരുന്ന ഇമാം അഹ്മദ് കരീമുമായുള്ള ഒരു കൂടിക്കാഴ്ചയാണ് എനിക്ക് അനുവദിച്ച് കിട്ടിയത്. ഒരു ഹോട്ടലിന് പിന്‍വശത്തെ കടയില്‍ വെച്ച് ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി.

ഇമാമുമായുള്ള കൂടിക്കാഴ്ച്ചകളെല്ലാം ഭരണകൂടം അനുവദിച്ച് നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കണിശമായ നിയന്ത്രണങ്ങൾ ഗവണ്മെന്റ് അടിച്ചേല്പിക്കുന്നുണ്ട് എങ്കിലും പള്ളി പരിപാലനം ഇമാമുമാരുടെ വേതനം എന്നിവക്കുള്ള സംവിധാനങ്ങളെല്ലാം സമുദായം തന്നെയാണ് കണ്ടെത്തേണ്ടത്. ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഭരണകൂട നിയന്ത്രണം കാരണം പുതിയ ഇമാമുമാരും അദ്ധ്യാപകരും കുറഞ്ഞ വരികയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. (ഇമാമുമാരുടെ പ്രായാധിക്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു.കാലങ്ങളായി ഒരോ കുടുംബങ്ങളില്‍ നിന്നും വൈകല്യമുള്ളവരെയാണ് മത പാഠശാലകളില്‍ അയക്കുന്നത് എന്ന് ആരോ പറഞ്ഞത് ഞാന്‍ ഓര്‍ത്തെടുത്തു.)

35
പ്രസിദ്ധമായ ക്‌സിയാൻ മുസ്‌ലിം കോർട്ടർ തെരുവ്

കഴിഞ്ഞ കാലങ്ങളില്‍ ഇസ്‌ലാമിക പാഠശാലകള്‍ക്ക് പേരുകേട്ട നാടായിരുന്നു കഷ്ഗര്‍. പല നാടുകളിൽ നിന്നും ഞങ്ങളുടെ മദ്രസകളിലേക് പഠനത്തിനായി വിദ്യാർത്ഥികൾ വരുമായിരുന്നു. ഇന്ന് പാഠശാലകള്‍ അടച്ച് പൂട്ടി എന്ന് മാത്രമല്ല സിങ്ങ്ചിയാങ്ങിന് പുറത്ത് ഇസ്‌ലാമിക വിദ്യാഭ്യാസം നേടാൻ പുറത്ത് പോവുന്നതിന് ഉയ്ഗൂറുകൾക്ക് വിലക്ക് തീര്‍ത്തിരിക്കുകയാണ് ഭരണകൂടം. ഉറുംഖിയില്‍ ഭരണകൂടം നടത്തുന്ന ഇസ്‌ലാമിക സര്‍വ്വകലാശാലയില്‍ പഠിക്കാനുള്ള സൗകര്യം ഉയ്ഗൂറുകൾക്ക് നൽകുന്നുണ്ട്. “രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിനായി ചില വിവേചനങ്ങളെല്ലാം നല്ലതിനായിരിക്കാം” അദ്ദേഹം ആശ്വസിക്കാൻ ശ്രമിച്ചു.

ഇമാം അഹ്മദുമായി ഞാന്‍ ഒരു മണിക്കൂറോളം സംസാരിച്ചു, സാംസ്കാരികമായും അനുഷ്ഠാനപരമായും ഉയ്ഗൂറില്‍ സംഭവിച്ച തകർച്ചയിൽ അദ്ദേഹം സങ്കടപ്പെട്ടു. “ഗവണ്‍മെന്റ് ഉദ്യോഗമുള്ളവര്‍ക്ക് അനുഷ്ഠാനങ്ങള്‍ നടത്താനാകില്ല, അനുഷ്ഠാനങ്ങള്‍ നടത്തുന്നവര്‍ക്ക് ഗവണ്‍മെന്റ് ഉദ്യോഗം ലഭിക്കുകയുമില്ല’. അദ്ദേഹം പറഞ്ഞു വെച്ചു.

“ഇസ്‌ലാമിക വിശ്വാസത്തിന്റെ കാര്യത്തില്‍ ഹൂയികള്‍ ഉയിഗൂറുകളെ പോലെ തന്നെയാണ് എങ്കിലും ഹൂയികള്‍ക്കും ഉയ്ഗൂറുകള്‍ക്കുമിടയില്‍ സാംസ്കാരികവും, ചരിത്രപരവും രാഷ്ട്രീയപരവുമായ അന്തരങ്ങളുണ്ട്”. സംഭാഷണം തീരാറായപ്പോള്‍ സിന്‍ചിയാങിലെ പ്രശ്നം രാഷ്ട്രീയത്തിലൂന്നിയതാണെന്ന് ഇമാം സൂചിപ്പിച്ചു

ഇഫ്താറിനുള്ള സമയം അടുക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസം പ്രഭാതത്തിൽ എനിക്ക് ക്‌സിയാനിൽ എത്തേണ്ടതുണ്ട്. ഒരു രാത്രികൂടി മാത്രമാണ് രാത്രി മാർക്കറ്റിലെ ഉയ്ഗൂർ ഭക്ഷണം ആസ്വദിക്കാനായി എന്റെ മുന്നിൽ ബാക്കി ഉണ്ടായിരുന്നത്.

36
മുസ്‌ലിം ക്വാർട്ടെഴ്സിലേക്കുള്ള പ്രവേശന കവാടം.

ചൈന ട്രിപ്പ് പ്ലാൻ ചെയ്യുന്നതിനിടെ ഇ-മെയിലിലാണ് ഫാത്തിമയെ ഞാൻ പരിചയപ്പെടുന്നത്. എന്റെ യാത്രാ പദ്ധതിയെക്കുറിച്ച് അറിഞ്ഞതും അവർ ആവേശ ഭരിതയായി.”അപൂർവമായേ ഞങ്ങളിവിടെ മുസ്‌ലിം സഞ്ചാരികളെ കാണാറുള്ളൂ!” ഫാത്തിമ പറഞ്ഞു. സിൻജിയാങ് ആണ് അവരുടെ നാട്. നാട്ടിൽ നിന്നും അൽപ്പം ദൂരെ സിയാനിലാണ് കുറച്ചു വർഷങ്ങളായി അവർ താമസിക്കുന്നത്. ഞാൻ സിൻജിയാങിൽ എത്തിയപ്പോൾ സുഹൃത്തുക്കളുമുണ്ടായിരുന്നു അവിടെ. ഞാൻ എത്തിയ ഉടനെ ഫാത്തിമ അവർക്ക് എന്നെ പരിചയപ്പെടുത്തുകയും ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അവരുടെ വീടുകളിൽ കൊണ്ടുപോയി പരമ്പരാഗത ഉയ്ഗൂർ ആതിഥ്യ രീതികൾ സ്വീകരിക്കാൻ സാധിക്കാത്തതിൽ അവർ ഖേദം പ്രകടിപ്പിച്ചു. സിൻജിയാങിൽ ഭരണകൂടം വിദേശികളുമായുള്ള സ്വദേശികളുടെ ഇടപെടൽ ശക്തമായി നിരീക്ഷിക്കുന്നതിലനാണ് വീട്ടിലേക്കുള്ള ക്ഷണം ഒഴിവാക്കിയത്. (പലപ്പോഴും വിദേശികളുമായി ഇടപഴകുന്നതിന് കടുത്ത പിഴ അടക്കേണ്ടി വരാറുണ്ടത്രെ!) അത്തരം പ്രശ്നങ്ങൾ മുന്നിൽകണ്ട് ഞങ്ങൾ ഒരു റെസ്റ്റോറന്റിൽ നിന്ന് നോമ്പ് തുറന്നു.

37
ജലധാര നോക്കി നിൽക്കുന്ന ഫാത്തിമയും അഹ്മദും.

ഫാത്തിമയുടെ ഉദാരത അവിടെയും നിന്നില്ല. സുഹൃത്തുക്കൾ പിരിഞ്ഞപ്പോൾ അവരുടെ കുടുംബം താമസിക്കുന്നിടത്തേക്ക് ഒരു ദിവസം വരണമെന്ന് നിർബന്ധിച്ചു. ഉറുംഖിയിൽ നിന്ന് മൂന്ന് മണിക്കൂർ വിമനയാത്രയുണ്ട് അവിടേക്ക്. എന്റെ യാത്രയുടെ ഭാഗമല്ലെങ്കിൽ പോലും അങ്ങോട്ട് പോകാൻ ഞാൻ തീരുമാനിച്ചു. യാത്രകളിൽ നിന്നും ഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അത് ഇത്തരം ക്ഷണങ്ങളും സ്നേഹവും മുഖവിലേക്കെടുക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്നാണ്. തിരക്കുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ടിക്കറ്റ് കിട്ടി. ആതിഥേയർക്ക് ഞാൻ വരുന്ന വിവരം വിളിച്ചു പറയുകയും ചെയ്തു.

38
മക്കളുടെ കൂടെ കളിക്കുന്ന ഒരു പിതാവ്.

വേവലാതിപ്പെടുന്ന ഒരമ്മയെപ്പോലെ ഫാതിമ എനിക്ക് യാത്രയിലുടനീളം നിർദ്ദേശങ്ങൾ തന്നു കൊണ്ടേയിരുന്നു. ഇടക്കിടെ വിവരങ്ങൾ അന്വേഷിക്കുകയും എയർപോർട്ടിൽ നിന്നും അവരുടെ വീട്ടിലേക്കുള്ള ഡയറക്ഷൻ പറഞ് തരികയും ചെയ്തു. ഒരു വാടക സൈക്കിളുമുന്തി എന്റെ നേരെ വരുന്ന ഫാത്തിമയുടെ ഭർത്താവിനെയാണ് അവിടെ ചെന്നപ്പോൾ ഞാനാദ്യം കണ്ടത്. അദ്ദേഹം മനം നിറക്കുന്നൊരു പുഞ്ചിരിയും സമ്മാനിച്ച് സ്വാഗതം ചെയ്ത ശേഷം എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.


തുടർന്ന് വായിക്കുക: സ്വന്തം നാട്ടിലെ അപരിചിതർ: ഹുയികൾക്കിടയിലെ ഉയ്ഗൂറുകൾ
ഭാഗം 2 : ഭരണകൂടത്തിനും വിശ്വാസത്തിനുമിടയിൽ; കഷ്ഗറിലെ ഉയ്ഗൂര്‍ ജീവിതങ്ങൾ
Featured Imag: ഇമാം അഹ്മദ് കരീം
വിവർത്തനം: Nizam Appat
Sudent at University of Calicut
Department of English Literature

Comments are closed.