ചൈനീസ് ഭരണകൂടത്തിന്റെ മുസ്‌ലിം സമുദായവുമായുള്ള ഇടപാടുകൾ, പ്രത്യേകിച്ചും ഉയ്ഗൂർ മുസ്‌ലിംകളെ കുറ്റവാളികളെപ്പോലെ കൈകാര്യം ചെയ്യുന്ന നടപടികൾ അന്താരാഷ്ട്ര മാധ്യമങ്ങൾ സജീവമായി ചർച്ച ചെയ്യുന്ന സമയമാണിത്. 2015 റമദാൻ മാസം അറബ്-അമേരിക്കൻ മുസ്‌ലിമായ അമ്മാർ നടത്തിയ യാത്ര ഇന്ന് നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കുന്നതിനും ഗ്രൗണ്ട് റിയാലിറ്റിയെ കൂടുതൽ അടുത്ത് നിന്ന് വീക്ഷിക്കുന്നതിനും സഹായിക്കുമെന്ന് തിബാഖ് പ്രതീക്ഷിക്കുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും ദൈർഖ്യമേറിയ വിമാന യാത്രകളിലൊന്നായിരുന്നു ബോസ്നിയ – സാക്റബ് – പാരിസ് – മോസ്കോ വഴി ഉറൂംഖിയിലേക്കുള്ളത്. നിര്‍ഭാഗ്യവശാല്‍ കാര്യങ്ങളൊന്നും നല്ല രീതിയില്‍ അല്ല തുടങ്ങിയത്. എയര്‍പോര്‍ട്ടില്‍ നിന്നും ഹോസ്റ്റലിലേക്കുള്ള യാത്രയില്‍ ഉടനീളം കാണുന്നതെല്ലാം ശാങ്‌ഹായിയെ ഓർമിപ്പിച്ചു. രണ്ട് കാര്യങ്ങൾ മാത്രമാണ് അതിനൊരു അപവാദമായി ഉണ്ടായിരുന്നത്.

1 -രക്ഷാ കവചമണിഞ്ഞ കാറുകളടങ്ങുന്ന ശകതമായ പോലീസ് സാന്നിദ്ധ്യം
2 -തെരുവോരങ്ങളിലെ ഉയ്ഗൂര്‍ ഭാഷയുടെ അറബി അക്ഷരങ്ങൾ

01-TEI-China-12
ചൈനയിലെ ഇഷ്ട ഭക്ഷണം. ചുറ്റിലും കൂടിയിരിക്കുന്ന ജനക്കൂട്ടത്തെ കണ്ടിട്ട് സിന്‍ജിയാൻ മേഖലയിൽ ഒരു സാധാരണ ഭക്ഷണ വിഭവം ആകാൻ സാധ്യതയില്ല എന്ന തോന്നുന്നു.

സിന്‍ജിയാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് ഉറൂംഖി. ചരിത്രപരമായി ഈ സിന്‍ജിയാൻ നഗരത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഉയ്ഗൂറുകള്‍ ആണ്. ചൈനയിലെ വലിയ മുസ്‌ലിം ന്യൂനപക്ഷ വിഭാഗമാണ് ഉയ്ഗൂറുകള്‍. ഉറൂംഖി എന്നത് ചരിത്രപരമായി ചൈനീസ് വംശജർ താമസിക്കുന്ന പ്രദേശമല്ല. ഞാന്‍ സംസാരിച്ച ഒരുപാട് പേര്‍ എന്നോട് പറഞ്ഞത് ഈ അടുത്ത വര്‍ഷങ്ങളിലായി ഗവണ്‍മെന്റിന്റെ പദ്ധതി ഉറൂംഖി ഒരു ഹാന്‍ ചൈനീസ് ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുക എന്നതാണ്. അതിന് വേണ്ടി ചൈനീസ് ഗവണ്‍മെന്റ് ഈ പ്രദേശത്ത് കണിശമായി സെക്കുലർ പ്രോട്ടോകോളുകൾ അടിച്ചേൽപ്പിക്കുന്നുണ്ട്. മതേതരത്വം എന്ന ബാനറിന് കീഴില്‍ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ മതത്തേക്കാൾ വംശീയതയെ കേന്ദ്രീകരിച്ചാണ് എന്നാണ് ഇവിടെയുള്ള പൊതുസമൂഹം വിശ്വസിക്കുന്നത്. ചൈനീസ് മെയിൻ ലാൻഡിലെ ജനങ്ങള്‍ക്കും ഉയ്ഗൂര്‍ വംശജര്‍ക്കും ഇടയിൽ നിലനിൽക്കുന്ന സാമൂഹ്യ-രാഷ്ട്രീയ പൊരുത്തമില്ലായ്മയുടെ നീണ്ട ചരിത്രമാണ് ഇതിന് കാരണം. ഉയ്ഗൂര്‍ വംശജരുടെ കാലങ്ങളായി നിലനിൽക്കുന്ന സ്വാതന്ത്ര്യ ദേശത്തിന് വേണ്ടിയുള്ള ആവശ്യങ്ങളടങ്ങിയ മധ്യേഷ്യയുടെ ചരിത്രത്തിന്റെ ഭാഗമായിട്ട് വേണം ഇത് മനസിലാക്കാൻ.

01-TEI-China-17
ഉയ്ഗൂര്‍ സംസ്കാരത്തിന്റെ വേറിട്ട് നിൽക്കുന്ന ഒരു കാഴ്ച്ചയാണ് ഈ തൊപ്പികള്‍.

01-TEI-China-36
മുതിര്‍ന്നവരാണ് കൂടുതലായും ഈ തൊപ്പി ധരിക്കുന്നത്.

ചൈനയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഞാന്‍ ഈ സങ്കർഷത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നത് കൊണ്ടാണ് തുടക്കത്തിൽ തന്നെ ഇത് എടുത്ത് പറഞ്ഞത്. ചൈനയിലേക്കുള്ള പ്രവേശനത്തിന് ഉറൂംഖിയാണ് എന്റെ ആദ്യ ലക്ഷ്യം. ചൈനീസ് വിസ ലഭിക്കുന്നതിന് എന്നെ സഹായിച്ച വിസ ഏജൻസി ഞാൻ ഒരു സൗദിയിൽ ജനിച്ച വ്യക്തി ആയതിനാൽ വിസ നിഷേധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയിലെ സാമൂഹ്യ-രാഷ്ട്ര സംഘര്‍ഷാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് തന്ന രണ്ടാമത്തെ കാര്യം നന്നായി ശ്രമിച്ചിട്ടും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും പ്രശ്നങ്ങൾ ഉണ്ടാവും എന്ന ഭയം കാരണം സന്ദർശന സമയത്ത് സഹായം ചെയ്യാന്‍ സ്വദേശിയായ ഒരാളെയെങ്കിലും കണ്ടെത്താനുള്ള എന്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടു എന്നതാണ്. ഈ ഒരു കാര്യം മനസ്സില്‍ വെച്ച് കൊണ്ട് തന്നെ റമദാൻ അനുഭവങ്ങൾ തേടി ഞാൻ എന്റെ യാത്ര തുടങ്ങി.

01-TEI-China-13
ഇന്റർനാഷണൽ ഗ്രാന്‍റ് ബസാറിലെ ഏറ്റവും വലിയ പള്ളി മിനാരം. 2000-ത്തിന്റെ തുടക്കത്തില്‍ ഒരു ചൈനീസ് കമ്പനിയാണ് ഈ ബസാര്‍ നിര്‍മ്മിക്കുന്നത്. ഉയ്ഗൂർ ഇസ്‍ലാമിക് ആര്‍ക്കിട്ടെക്ചർ പുനര്‍സൃഷ്ടിക്കാന്‍ പരിശ്രമിച്ചിട്ടുണ്ടെങ്കിലും തനിമ നഷ്ടപ്പെടുത്തി പ്രധാനമായും ടൂറിസത്തിന്റെ സിംബലായി മാറ്റിയിരിക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു.

ഹോസ്റ്റലിലെ ഉദ്യോഗസ്ഥന്‍ പേരില്‍ നിന്ന് ഞാൻ മുസ്‌ലിമാണ് എന്ന്‌ മനസ്സിലാക്കിയിരുന്നു. “മുസല്‍മാന്‍ ആണോ?” അയാൾ ചോദിച്ചു. “അല്‍ഹംദു ലില്ലാഹ്” (ദൈവത്തിന് സ്തുതി) ഞാന്‍ മറുപടി പറഞ്ഞു. തുടർന്ന് അദ്ദേഹം എന്നോട് സലാം പറഞ്ഞു. ഞങ്ങളുടെ സംഭാഷണം അവിടെ അവസാനിച്ചു. അയാൾ പകൽ സമയത്ത് അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഞാൻ പിന്നീട് കാണുന്നത്. അതിൽ അവിടെ ആർക്കും പ്രശ്നമുള്ളതായി തോന്നിയില്ല. ഉയ്ഗൂറുകളെ കാര്യമായി അവിടെയൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല.

അടുത്ത ദിവസം രാവിലെ തന്നെ ഞാന്‍ ഉയ്ഗൂര്‍ ഗ്രാന്റ് മസ്ജിദ് സന്ദര്‍ശിക്കാന്‍ ചൈനയിലെ ഓസ്ട്രേലിയന്‍ ടീച്ചറായ എലിസബത്തിന്റെയും കഴിഞ്ഞ ദിവസം കണ്ട ഹോസ്റ്റല്‍കാരനെയും കൂട്ടി പുറത്തിറങ്ങി. ഇഫ്താറിന് വേണ്ടി പള്ളിയിലേക്ക് തിരിക്കണമെന്നതിനാല്‍ വഴിയിലെല്ലാം ഞാൻ പള്ളികൾ തേടിക്കൊണ്ടിരുന്നു. ആ പുരാതന നഗരത്തോട് എടുക്കുന്നതിന് അനുസരിച്ച് കൂടുതൽ ഉയ്ഗൂറുകള്‍ വംശജരെ കാണാമായിരുന്നു. പള്ളിക്ക് ചുറ്റുമുള്ള പരിസരങ്ങളിലായിട്ടാണ് ഉയ്ഗൂര്‍ വംശജര്‍ കൂടുതലായി താമസിക്കുന്നത് എന്നത് വ്യക്തമായിരുന്നു. ഞാനും എലിസബത്തും അതിനിടയിൽ ഒരു ഗെയിം കളിക്കുകയായിരുന്നു. തൊപ്പി, മുഖ ലക്ഷണം എല്ലാം നോക്കി ആരെല്ലാമാണ് ഉയ്ഗൂറുകൾ, അവരിൽ ആരെല്ലാം നോമ്പെടുത്തിട്ടുണ്ട് എന്നെല്ലാം ഊഹിച്ച് കണ്ടെത്തുക എന്നതായിരുന്നു ഗെയിം.

01-TEI-China-30
തെരുവില്‍ യാദൃശ്ചികമായി കണ്ട ഒരു പരുന്ത് കിര്‍ഗിസ്ഥാനെ ഓര്‍മ്മപ്പെടുത്തി. ചരിത്രപരമായ ഉയ്ഗൂറും കിര്‍ഗുകളും നാടോടികളായിരുന്നു. വേട്ടയ്ക്കു വേണ്ടി പരുന്തിനെയായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്.

ഉയ്ഗൂറുകളെ നോമ്പെടുക്കാൻ ചൈന ഗവണ്‍മെന്റ് സമ്മതിക്കുന്നില്ല. ഇസ്‌ലാമിക നിയമപ്രകാരം നോമ്പെടുക്കാനോ മുസ്‌ലിംകൾ ചെയുന്നത് പോലെ ജോലി സമയം നോമ്പിന് യോജിക്കുന്ന രീതിയിൽ മാറ്റം വരുത്താനോ നിയമം അനുവദിക്കുന്നില്ല.

01-TEI-China-3
ഗ്രാഡ് ബസാറിൽ നിന്നുള്ള കാഴ്ച്ച.

കടകള്‍ എല്ലാം സാധാരണ രീതിയില്‍ തുറന്നിരുന്നു. തൊഴിലാളികളും കട ഉടമകളും സാവകാശത്തിലാണ് കാര്യങ്ങൾ ചെയ്യുന്നത്. എനിക്ക് ആകെ അറിയാവുന്ന രണ്ട് ഉയ്ഗൂർ വാക്കുകളും (അസ്സലാമു അലൈക്കും) തഷാകൂര്‍ (നന്ദി) എന്ന തുർക്കിഷ് പദവും വെച്ച് ഉയ്ഗൂര്‍ വംശജരായ കടക്കാരുമായി സംസാരിക്കാൻ ചില ശ്രമങ്ങൾ നടത്തി. എനിക്ക് മഹത്തായ കാര്യം ചെയ്ത പോലെ തോന്നിയെങ്കിലും എലിസബത്ത് എന്റെ സാഹസം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു.

01-TEI-China-15
മുസ്‌ലിം സമുദായത്തിനിടയില്‍ റമളാന്‍ മാസത്തില്‍ ഈത്തപ്പഴം ഒരു പ്രധാനപ്പെട്ട വിഭവമാണ്. പരമ്പരാഗതമായി നോമ്പ് തുറക്കാന്‍ ഈത്തപ്പഴമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മിഡിൽ ഈസ്റ്റിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്യുന്നത്. മധ്യേഷ്യയിൽ കാണാറുള്ള ചെറിയ ഉണങ്ങിയ യോഗര്‍ട്ട്/ പാൽ കുക്കികളാണ് അടുത്തുള്ളത്.

അവിടെ കുറച്ച് സമയം ചുറ്റികറങ്ങിയതിന് ശേഷം ഇഫ്താറിന് ഒരു മണിക്കൂര്‍ മുമ്പ് ഞങ്ങൾ ഹോസ്റ്റലിലേക്ക് തിരിച്ചു. ബെയ്ജിങ് ടൈം സോൺ അനുസരിച്ച് രാത്രി പത്തിനും പ്രാദേശിക സമയം അനുസരിച്ച് എട്ട് മണിക്കുമാണ് ഇഫ്താർ. ഇവിടെ രണ്ട് തരം സമയ രീതിയാണുള്ളത്. ഈ പ്രദേശത്തിന്റെ കിടപ്പ് അനുസരിച്ചാണ് ഇവിടെ സമയം കണക്കാക്കപ്പെടുന്നത്. ബെയ്ജിങ്ങിനെ അടിസ്ഥാനമാക്കി ഗവണ്‍മെന്റിന്റെ ഔദ്യോഗിക സമയവും അതിന് പുറമെ നിലവിലുണ്ട്. രണ്ടും തമ്മിൽ രണ്ട് മണിക്കൂര്‍ വ്യത്യാസമുണ്ട്.

അതികം വൈകാതെ ഞാൻ ഓൾഡ് ടൗണിലേക്ക് മടങ്ങി. ഇഫ്താറിന് വേണ്ടി പോകുന്ന വഴിയിൽ അറിയാതെ രണ്ട് സ്റ്റോപ്പിന് മുമ്പ് തന്നെ ഞാന്‍ ബസ്സിറങ്ങി. എനിക്ക് വഴി തെറ്റി എന്ന് മനസ്സിലാക്കിയ ഒരു നല്ല മനുഷ്യൻ എന്നെ ഓൾഡ് ടൗണിൽ എത്തിച്ച് തന്നു. നഗരം ഉണര്‍ന്നിരിക്കുന്നുണ്ടായിരുന്നു. റസ്റ്റോറന്‍റുകളും വഴിയോര കച്ചവടക്കാരും ഭക്ഷണം പാകം ചെയ്യുന്നുണ്ടായിരുന്നു. കശാപ്പുകാര്‍ ആടുകളെ അറുക്കുകയും വെട്ടുകയും ചെയ്യുന്നത് കാണാം. ജനങ്ങള്‍ പഴങ്ങളും മറ്റ് ഭക്ഷ്യ വസ്തുക്കളും വാങ്ങുന്ന തിരക്കിലാണ്. ലഹരിപിടിപ്പിക്കുന്ന റൊട്ടിയുടെ ഗന്ധം അവിടെ മുഴുവൻ പരന്നു കിടക്കുന്നുണ്ടായിരുന്നു. ജനങ്ങൾ ദൃതിയിൽ പള്ളിയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.

“യുറേക്കാ!! അവസാനം ഞാൻ റമദാൻ കണ്ടെത്തിയിരിക്കുന്നു” സന്തോഷം കൊണ്ട് നൃത്തമാടുകയായിരുന്നു ഞാനപ്പോൾ.

01-TEI-China-22

01-TEI-China-21

പ്രദേശത്തെ പള്ളികളെല്ലാം ഒന്ന് ചുറ്റിക്കാണാൻ ഞാന്‍ തീരുമാനിച്ചു. അവിടെ മൂന്ന് ബ്ലോക്കുകളിൽ തന്നെ നാലോ അഞ്ചോ പള്ളികളുണ്ട്. പള്ളികളിലെല്ലാം ആദ്യ പ്രതികരണം ഒരുപോലെ ആയിരുന്നു. ഇവിടെ ഫോട്ടോ എടുക്കരുത് എന്ന് പറഞ്ഞ് അവരെല്ലാം എന്റെ ശ്രമം തടഞ്ഞു. ഞാൻ നോമ്പെടുത്തിട്ടുണ്ട്, നോമ്പ് തുറക്കാൻ സ്ഥലം അന്വേഷിച്ച് ഇറങ്ങിയതാണ് എന്ന് പറഞ്ഞതോടെ അവരുടെ പെരുമാറ്റവും മാറി. അതോടെ അത്ഭുതത്തോടെ പലരും എന്റെ നാടിനെക്കുറിച്ചെല്ലാം അന്വേഷിച്ചു. അമേരിക്കകാരനാണെന്നും, ജോര്‍ദ്ദാനില്‍ നിന്നാണെന്നും, ഫലസ്ഥീന്‍കാരനാണെന്നും ഞാന്‍ ഓരോ സ്ഥലങ്ങളിലായി മാറ്റി മറുപടി പറഞ്ഞു നോക്കി. അമേരിക്കക്കാരനാണ് എന്ന മറുപടിയാണ് ആളുകളെ കൂടുതൽ അത്ഭുതപ്പെടുത്തിയത്. “അമേരിക്കൻ മുസ്‌ലിമോ?” ഉറപ്പിക്കാനായി അവർ വീണ്ടും ചോദിച്ചു. ഫലസ്ഥീന്‍കാരനാണെന്ന് പറഞ്ഞപ്പോഴായിരുന്നു ഏറ്റവും സ്നേഹം നിറഞ്ഞ സ്വീകരണം ലഭിച്ചത്. രണ്ട് മൂന്ന് പള്ളികൾ കൂടെ സന്ദർശിച്ച് ഒടുക്കം എന്റെ ഹോസ്റ്റലിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു പള്ളിയില്‍ ഇഫ്താറിനായി ഞാൻ സീറ്റ് പിടിച്ചു.

01-TEI-China-25
വത്തക്ക കൊണ്ടായിരുന്നു ഞങ്ങള്‍ നോമ്പ് തുറന്നത്. എന്താണ് ഇപ്പോള്‍ വത്തക്ക എന്ന ചോദ്യത്തിന് ഇത് സീസണാണ് എന്നായിരുന്നു മറുപടി.

കൂട്ടത്തിൽ വ്യത്യസ്തനായതിനാൽ പലരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ തൊട്ടടുത്തിരുന്ന വ്യക്തി ഒരു പാകിസ്ഥാനി ആണ്. അയാൾക്കിവിടെ ഉണക്കമുന്തിരിയും മറ്റു പഴ വര്‍ഗ്ഗങ്ങളും വിൽക്കുന്ന ഒരു ബിസിനസ്സ് ഉണ്ട്. ഇരുപത്തേഴോളം വര്‍ഷങ്ങളായി ഉറൂംഖിയില്‍ ജീവിക്കുന്ന അദ്ദേഹത്തിന് ഇഗ്ലീഷ് സംസാരിക്കാന്‍ അറിയാമായിരുന്നു. റമളാനില്‍ ഉറൂംഖിയില്‍ ജീവിക്കൽ പ്രയാസകരമായ കാര്യമാണോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമില്ല. എന്നാൽ ഇവിടെ ഗവണ്‍മെന്റ് ജോലിയിലുള്ളവർക്ക് ബുദ്ധിമുട്ടാണ് എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി. നോമ്പെടുക്കുന്നുണ്ട് എന്ന് സംശയമുള്ള മുസ്‌ലിംകളെ റമളാനില്‍ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കും. അവര്‍ നോമ്പെടുക്കുന്നില്ലെന്ന് ഗവണ്‍മെന്റ് ഉറപ്പിക്കുന്നത് അങ്ങിനെയാണ്.

01-TEI-China-38
ഞാന്‍ സന്ദര്‍ശിച്ച പള്ളിയുടെ ഉള്‍വശം മനോഹരമായിരുന്നു.

01-TEI-China-41
ഉറൂംഖിയിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ പള്ളി പാരമ്പര്യ ശൈലിയിലാണ് നിർമ്മിക്കപ്പെട്ടത്.

നിസ്ക്കാരത്തിന് ശേഷമുള്ള നടത്തത്തില്‍ തറാവീഹ് നിസ്ക്കാരം രണ്ട് പള്ളിയില്‍ നിന്ന് നിര്‍വ്വഹിക്കണം എന്ന ഞാൻ പ്ലാൻ ചെയ്തിരുന്നു. മനോഹരമായി പരിപാലിക്കപ്പെടുന്ന വലിയ രണ്ട് പളളികളായിരുന്നു അവ. കവാടത്തിൽ വെച്ച് നൽകപ്പെടുന്ന വൃത്തിയുള്ള സോക്സുകൾ ധരിച്ചാണ് എല്ലാവരും അകത്തേക്ക് കയറേണ്ടത്. നിങ്ങളിത് വായിക്കുമ്പോൾ ഈ സോക്സുകൾ വൃത്തിക്ക് അത്യാവശ്യമാണ് എന്ന അഭിപ്രായത്തോട് യോജിക്കാനാണ് സാധ്യത.

പള്ളിയുടെ പുറത്ത് നിരവധി ആളുകള്‍ നിസ്ക്കരിക്കുന്ന കാഴ്ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഈ സമയത്ത് പള്ളിയിൽ നിസ്കരിക്കുന്നതിന് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും പതിനെട്ട് വയസ്സിന് താഴെ ഉള്ളവര്‍ക്കും അനുവാദമില്ല എന്ന് ഒരാൾ വിശദീകരിച്ചു. അതൊന്നും ശ്രദ്ധിക്കാതെ ഗ്രാൻഡ് ബസാർ ഗ്രൗണ്ടിൽ നിസ്കരിക്കുന്നവരെ കാണാമായിരുന്നു.

ഒരു പള്ളിയില്‍ നിന്ന് മറ്റൊരു പള്ളിയിലേക്ക് നടക്കുന്നതിനിടയിൽ ഒരു റൂമില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു വലിയ സ്ക്രീനില്‍ വ്യത്യസ്ത പള്ളികളിലായി നടക്കുന്ന നിസ്കാരങ്ങളുടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നത് ശ്രദ്ധയിൽ പെട്ടു. തുടക്കത്തിൽ ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു ഇത്. സാവധാനം ഇത്തരം കാഴ്ച്ചകൾ ഒരു അത്ഭുതമല്ലാതെ ആയി മാറി. ചൈനീസ് പട്ടാളവും ടാങ്കുകളും പോലീസും അവിടെ സാധാരണ കാഴ്ച്ചയായിരുന്നു. മുസ്‌ലിംകളുടെ ഓരോ നീക്കവും കടുത്ത നിരീക്ഷണത്തിന് വിധേയമാക്കപ്പെടുന്നു എന്ന വസ്തുത അവിടെ മുഴുവൻ വ്യക്തമായി കാണുകയും അനുഭവിക്കുകയും ചെയ്യാമായിരുന്നു.

01-TEI-China-6
താര്‍ത്താര്‍ പള്ളി. 1897ൽ നിർമ്മിക്കപ്പെട്ട പള്ളി ഫണ്ട് ചെയ്ത താഴ്ത്താർ സമുദായത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്

അടുത്ത പള്ളിയില്‍ വെച്ച് അറബി നന്നായി അറിയാവുന്ന പള്ളിയിലെ ഇമാമുമായി ഞാൻ സംസാരിച്ചു. പ്രസന്നമായ ചിരി കൊണ്ട് അദ്ദേഹം എന്നെ സ്വാഗതം ചെയ്തു. നമുക്ക് അഭിമുഖം നടത്താന്‍ സാധിക്കില്ല എന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. അഭിമുഖം നടത്താന്‍ ഔദ്യോഗിക മാർഗ്ഗത്തിലൂടെ അനുമതി നേടേണ്ടതുണ്ട്. എന്റെ ചോദ്യങ്ങൾക്കെല്ലാം “താങ്കൾ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള മറുപടി. ഞാന്‍ എന്റെ യാത്രയിലുടനീളം മറ്റുള്ളവരോട് ചോദിച്ചിരുന്ന ചെറിയ വ്യക്തിപരമായ ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കാന്‍ ശ്രമിച്ചു. ചൈനീസ് സംസ്കാരത്തെ കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തെ കുറിച്ചും ഞാന്‍ എന്റെ ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തി. ഉത്തരം പറയാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് വീണ്ടും അദ്ദേഹം നിരസിച്ചു. നാം ഇതിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചത് എന്ന് അവര്‍ വിശ്വസിക്കില്ല എന്ന് പറഞ് അദ്ദേഹം ഒഴിഞ്ഞു മാറി. അപ്പോഴേക്കും ഇമാം അറബിയില്‍ ഒരു അമേരിക്കകാരനോട് സംസാരിക്കുന്നത് കാണാൻ ഒരു ചെറിയ കൂട്ടം തന്നെ അവിടെ തടിച്ച് കൂടിയിരുന്നു.

01-TEI-China-7
ഇമാമിന് എന്നോട് സംസാരിക്കാതിരിക്കാൻ ഒരു കാരണം കൂടിയായി ചുറ്റും കൂടിയ ജനങ്ങൾ മാറി.

പ്രാദേശിക മുസ്‌ലിം സമുദായവുമായി ആശയവിനിമയം നടത്താനായില്ല എന്നത് എന്നെ നിരാശനാക്കി. അടുത്ത ദിവസം ഉയ്ഗൂര്‍ മുസ്‌ലിംകൾ കൂടുതലായി താമസിക്കുന്ന കാഷ്ഗറിലേക്ക് യാത്ര തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

01-TEI-China-49
ഉറൂംഖിയിലെ ശാന്‍സി പള്ളിയില്‍ ഇഫ്താറിന് വേണ്ടി കാത്തിരിക്കുന്ന ഹ്യൂ മുസ്‌ലിംകൾ

ആദ്യ ദിവസത്തെ അനുഭവത്തിന് ശേഷം അഭിമുഖീകരിക്കാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ധാരണ ഉണ്ടായിരുന്നെങ്കിലും കാഷ്ഗറിൽ ആളുകളോട് കൂടുതൽ സ്വന്തന്ത്രമായി സംസാരിക്കാനാവുമെന്ന് ഞാൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ പരീക്ഷണങ്ങളായിരുന്നു വരാനിരിക്കുന്നത് എന്ന് ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.

തുടർന്ന് വായിക്കുക: ഭരണകൂടത്തിനും വിശ്വാസത്തിനുമിടയിൽ; കഷ്ഗറിലെ ഉയ്ഗൂര്‍ ജീവിതങ്ങൾ

വിവർത്തനം: Jurais Poothanari

K.K.M Islamic Academy

Comments are closed.