“Philosophy learns from Art that truth doesn’t demonstrates itself, but presents itself. Truth lets itself be listened to. It resonates, it rings out, that is to say it is present neither before nor behind, neither on the right nor on the left, above or below. It is ‘there’, but we hear it.” 

Jean Luc Nancy

ഞാൻ ഒരു പേന തിരയുന്നു, എന്നാൽ അതെന്റെ ചുറ്റുപാടിൽ എവിടെയോ മറഞ്ഞിരിക്കുന്നു. ചാവി തിരയുന്നു, അത് കണ്ടെടുക്കാനായി എന്റെ റൂം തന്നെ ഞാൻ കീഴ്മേൽ മറിക്കുന്നു. ഈ തിരച്ചിലുകൾ, എന്നെ വസ്തുക്കളുമായുള്ള (Objects) സംഭാഷണത്തിലേക്ക് നയിക്കുന്നു. ഞാൻ അവയെ അഭിസംബോധന ചെയ്യുന്നു. അവയോട് യാചിക്കുന്നു. തെറി വിളിക്കുന്നു. തിരികെ ലഭിക്കുമ്പോൾ വാത്സല്യപൂർവ്വം ‘എവിടെയായിരുന്നു’ എന്നന്ന്വേഷിക്കുന്നു. ഒരു വസ്തു, ഉദാഹരണത്തിന് ഒരു പേന, ഒരു തിങ് ആയി പരിണമിക്കുന്നത് അതേറ്റവും ആവശ്യമുള്ള സമയത്ത് നമുക്ക് കണ്ടെടുക്കാൻ സാധിക്കാത്തപ്പോൾ കൂടിയാണെന്ന് തോന്നുന്നു. നാം തിരയുന്നു, അതായത് നാം സംഭാഷണത്തിൽ ഏർപ്പെടുന്നു, അതിന്റെ സാന്നിദ്ധ്യം ശ്രവിച്ചെടുക്കാൻ ചെവി കൂർപ്പിക്കുന്നു. ‘Near to us what we usually call things’ എന്ന് മാർട്ടിൻ ഹെയ്‌ഡഗർ. ഏറ്റവും അടുത്തുള്ളത് സൃഷ്ടിക്കുന്ന അകലത്തിലൂടെ നാം ലോകത്തിലേക്ക് സങ്കല്പിക്കാനാകാത്ത വിധം ഇഴുകി ചേരുന്നു. ഒരു വസ്തു, തിങ് ആയി മാറുന്നത് ഇങ്ങനെയൊക്കെയാകും നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ (Everyday Life) അനുഭവിച്ചറിയുന്നത്. അതുകൊണ്ടു തന്നെ നമ്മൾ നോക്കുന്നത് കാണാതിരിക്കൽ അല്ലെങ്കിൽ കണ്ടെത്താതിരിക്കൽ നമ്മുടെ യൂണിവേഴ്സിനെ നിരന്തരം വിശാലവും, വിശിഷ്ടവുമാക്കി മാറ്റുന്നു. ഒരു ആർട് വർക്കിലേക്ക് നോക്കുമ്പോൾ നാം ചിലത് കാണുന്നു, കേൾക്കുന്നു, അതേസമയം നാം കാണാത്ത ചിലതിനെ തിരഞ്ഞു – കണ്ടെടുക്കാൻ വേണ്ടിയോ കണ്ടെടുക്കാതിരിക്കാൻ വേണ്ടിയോ – അതുമായി നിരന്തരം ബോധപൂർവ്വമോ അബോധപൂർവ്വമോ ആയി സമ്പർക്കത്തിലേർപ്പെടുന്നു, അങ്ങനെ പ്രസ്തുത വർക്കിന്റെ സാധ്യതകളെ അധികരിപ്പിക്കുന്നു. എന്നാൽ ഒരു ആർടിസ്റ്റിനെ സംബന്ധിച്ച് ‘നോക്കുന്നത് കാണാതിരിക്കുക’ എന്നത് എത്രമാത്രം പ്രാധാന്യമുള്ളതായിരിക്കും? ആർടിസ്റ്റ് ഒരു ഇമേജ് തന്നെ തുടർച്ചയായി കാണുമ്പോഴാകുമോ (സെക്കന്റിനകത്ത്) ഒരു ആർട് വർക്ക് രൂപപ്പെടുന്നത്? അതായത് ഒരു അതിർത്തിയിലേക്ക് (Boundary) ആർടിസ്റ്റിന്റെ നോട്ടം പതിയുമ്പോൾ അനന്ത നോട്ടങ്ങളുടെ സാധ്യതകളുമായി ഒരു ആർട് വർക്ക് രൂപപ്പെടുന്നു(?) 

‘A boundary is not that at which something stops, but as the Greek recognized, the boundary is that from which things begin its presencing’ എന്ന ഹെയ്‌ഡഗേറിയൻ നിരീക്ഷണം വെച്ച് നോക്കുമ്പോൾ അതിർത്തികളെ കുറിച്ചുള്ള താൽക്കാലികമായ ഉറപ്പിന്മേൽ രൂപപ്പെടുന്നതാണ് ഒരു ആർട് വർക്ക് എന്ന് പറയാം. ‘Precensing’ എന്നത് അതിർത്തികളെ അർത്ഥശൂന്യമാക്കുമ്പോഴും ആര്ടിസ്റ്റിനെ സംബന്ധിച്ച് ആ അതിർത്തികളിലേക്ക് പതിഞ്ഞ നോട്ടത്തിനാകും പ്രാധാന്യം കൂടുതൽ. അല്ലാത്തപക്ഷം, അതായത് അനന്ത സാധ്യതകളിൽ കണ്ണുംനട്ട് ഇരിക്കുകയാണെങ്കിൽ, കാതെറിഞ്ഞിട്ടിരിക്കുകയാണ് എങ്കിൽ ഒരാർട്സിസ്റ്റിന് ഒരു വർക്ക് തുടങ്ങാൻ കഴിയുമോ? സാധ്യതകൾ തന്നിൽ തന്നെ കത്തിത്തീരുന്നതിൽ അനുഭൂതി കണ്ടെത്തുന്നവർക്ക് ആർടിസ്റ്റ് എന്ന നിലക്കുള്ള ‘Presencing’ന് സാധ്യതയുണ്ടോ? ആർട് ലോകവുമായി നേരിയ ബന്ധം മാത്രമുള്ള ഞാൻ ആർടിനെ കുറിച്ചാലോചിക്കുമ്പോൾ തീർച്ചയായും തകർന്നു വീഴേണ്ട സന്ദേഹങ്ങളായി ഞാൻ ഇതിനെ കാണുന്നു.

“But at every gesture they made 
A bird was born from their fingers 
And dazzled, vanished into space”

Eugenio De Andrade

ഫ്രഞ്ച് ശില്പിയായ ആഗസ്റ്റ് റോഡിന്റെ ഏറ്റവും ‘ശക്തവും’വും മനോഹരവുമായ സൃഷ്ടിയാണ് കത്തീഡ്രൽ (1908). അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപേ സൂചിപ്പിക്കേണ്ട കാര്യം പ്രസ്തുത ശിൽപം നേരിട്ട് കണ്ടവരുടെ കുറിപ്പുകളിലൂടെയും, അതിന്റെ ചിത്രങ്ങൾ കണ്ടതിലൂടെയുമെല്ലാം രൂപപ്പെട്ട തോന്നലുകളാണ് ഞാനിവിടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നുള്ളതാണ്. കത്തീഡ്രൽ എന്ന റോഡിന്റെ ശിൽപം രണ്ടു വലതുകൈകൾ വിസ്മയകരമാം വിധം കല്ലിൽ കൊത്തിയെടുക്കപ്പെട്ടതാണ്. ആദ്യകാഴ്ചയിൽ തന്നെ കൈകളുടെ ചേഷ്ടകൾ (Gestures) നമ്മെ അമ്പരപ്പിക്കുന്നു. വിരലുകളുടെ ആകാരം (Shape) കൈകൾ വെളിപ്പെടുത്തുന്ന വ്യത്യസ്തങ്ങളായ മൂഡുകൾ, അതിന്റെ നിൽപ്പ് (Posture), എല്ലാം കൊണ്ടും കത്തീഡ്രൽ റോഡിന്റെ ഏറ്റവും പ്രധാനപ്പെട്ട വർക്കുകളിലൊന്നായി ഗണിക്കപ്പെടുന്നു. അതോടൊപ്പം, രണ്ടു കൈകളും അടുത്തായിരിക്കുമ്പോഴും അവ പരസ്പരം കൂടിച്ചേരുന്നില്ല, പരസ്പരം തൊടുന്നില്ല എന്നത് ഈ വർക്കിന്‌ അനേകം വ്യത്യസ്തമായ വായനകൾ/ആസ്വാദനങ്ങൾ സൃഷ്ടിക്കുന്നു. ശൂന്യത (Emptiness), വായു അല്ലെങ്കിൽ തുറന്ന സ്ഥലം (Air) എന്നിവ രണ്ടും റോഡിന്റെ വർക്കുകളിലെ പ്രധാനപ്പെട്ട ഘടകങ്ങളാണെന്ന് ഒരുപാട് കലാ ആസ്വാദകരും, വിമർശകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. റോഡിന്റെ കൂടെ അപ്പറന്റൈസ് ആയി കഴിഞ്ഞിരുന്ന കവി റിൽക്കെ എഴുതുന്നു ‘The role of air had always been extremely important for him (Rodin).’ രണ്ടു കൈകൾക്കിടയിലെ വിടവ്, അടുത്ത് നിൽക്കുമ്പോഴും തൊടാതെ നിൽക്കുന്നതിലൂടെ രൂപപ്പെടുന്ന ശൂന്യമായ ഇടങ്ങൾ എല്ലാം കത്തീഡ്രൽ ഉണ്ടാക്കുന്ന ആഘാതത്തിന്റെ തോത് കൂട്ടുന്നു. അത്തരം വ്യത്യസ്തങ്ങളായ ആഘാതങ്ങൾ രേഖപ്പെടുത്തുമ്പോൾ കത്തീഡ്രൽ തീർത്തും വ്യത്യസ്തമായി സ്വാധീനം ചെലുത്തിയതിന്റെ അടയാളങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നു. എത്തിപെടാനാവുന്നതിന്റെ പരമാവധി അടുത്തായി നിൽക്കുമ്പോഴും കത്തീഡ്രലിലെ കൈകൾ ‘ഒത്തുപിടിക്കുന്നില്ല’ എന്നത് അടിസ്ഥാനപരമായി മനുഷ്യർ ഒറ്റക്കാണ്, ഏകാന്തയാണ് എന്ന യാഥാർത്ഥ്യത്തെ വെളിപ്പെടുത്തുന്നുണ്ട് എന്ന് വായിക്കുന്നു ചിലർ. അതേ സമയം കത്തീഡ്രൽ മനുഷ്യരുടെ കൂടിച്ചേരാനുള്ള അടക്കാനാവാത്ത തള്ളിച്ചകളെ , ചാട്ടങ്ങളെ സൂചിപ്പിക്കുന്നുവെന്ന് മറ്റു ചില നിരീക്ഷകർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു കംപ്ലീറ്റ് പെർഫെക്ട് യൂണിറ്റി അല്ലെങ്കിൽ സംസർഗ്ഗം (Community) എന്നതിന്റെ അത്യന്താപേക്ഷികതയെ ഏറ്റവും വ്യക്തമായി അവതരിപ്പിക്കുന്നു കത്തീഡ്രൽ. എല്ലാ വായനകളെയും അർത്ഥപൂർണ്ണമാക്കും വിധം നിഗൂഢമായി കൊത്തിയെടുക്കപ്പെട്ടിരിക്കുന്നു കത്തീഡ്രൽ, അതിലെ രണ്ടു കൈകൾ, വിരിഞ്ഞ വിരലുകൾ, കൈകൾക്കിടയിലെ അകലം, വിരലുകൾക്കിടയിൽ ശൂന്യത, വെളിച്ചം എല്ലാം.

കത്തീഡ്രൽ എന്ന ടൈറ്റിലിനും ഈ വർക്കിന്റെ സാധ്യതകൾ അനന്തമാക്കുന്നതിൽ കാതലായ പങ്കുണ്ട്. ‘A very large, usually stone, building for Christian worship’ എന്നാണ് ക്യാമ്പ്രിഡ്ജ് ഡിക്ഷണറി കത്തീഡ്രലിന് നൽകുന്ന അർത്ഥം. കത്തീഡ്രൽ ആരാധനാലയമാകുന്നു, കൂറ്റൻ കല്ലു കെട്ടിടത്തിനകത്ത്, വായു സഞ്ചരിക്കുന്ന ഇടങ്ങളിൽ മനുഷ്യർ (മനുഷ്യർ മാത്രമല്ല, കിളികളും, പല്ലികളും, പാറ്റകളും, ഉറുമ്പുകളും, കോട്ടെരുമകളുമെല്ലാം) പല പല ഉദ്ദേശ്യങ്ങളുമായി വരുന്നു. ചിലർ നിശബ്ദരായി ദൈവസാമീപ്യം തേടുന്നു, ചിലർ സ്വയം ബോധത്തെ ഇല്ലായ്മ ചെയ്യുന്നു, ലോകക്രമത്തെ അട്ടിമറിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ആത്മീയമായ അനുഭൂതികൾ തേടി വിശ്വാസികളും, അല്ലാത്തവരും കത്തീഡ്രലുകളിൽ വരുന്നു.  പ്രണയത്തിന്റെ ഉഛസ്ഥായിയിലെത്തിയവർ കത്തീഡ്രലുകളിൽ അലക്ഷ്യമായി ഉലാത്തുന്നു. റോഡിൻ തന്റെ കുട്ടിക്കാലം തൊട്ടേ ഫ്രഞ്ച് ബെൽജിയൻ കത്തീഡ്രലുകളിലെ നിത്യ സന്ദർശകനായിരുന്നു. സന്ദർശകരാൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ റോഡിൻ തൻറെ സ്റ്റുഡിയോക്ക് മുൻപിൽ ‘Monsiur Rodin is away visiting cathedral’ എന്ന് എഴുതി തൂക്കിയിട്ട് അകത്തെ അരണ്ട വെളിച്ചത്തിലിരുന്ന് കലാസൃഷ്ടികളിൽ വ്യാപൃതനാവാറുണ്ടായിരിന്നുവെന്ന് റിൽക്കെ എഴുതുന്നു. അതായത് മനുഷ്യ ശരീരം (റോഡിന്റെ ശിൽപങ്ങളിൽ അധികവും മനുഷ്യ ശരീരഭാഗങ്ങളാണ് ) റോഡിനെ സംബന്ധിച്ച് പളളികളെ പോലെയായിരുന്നു. അവിടങ്ങളിൽ അയാൾ അങ്ങേയറ്റം’ ശ്രദ്ധാലുവായി’ തന്നെ പലയിടങ്ങളിലേക്ക്  തിരിച്ചുവിട്ടു. അത് മോഡേൺ ആർട്ടിന്റെയും ശിൽപങ്ങളുടെയുമെല്ലാം തുടർന്നുളള സഞ്ചാരങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയതായി കാണാം.

ഇവിടെ കത്തീഡ്രൽ എന്ന പേരിലുളള ശിൽപത്തിൽ നാം കാണുന്നത് രണ്ട് കൈകളാണ്, ഒപ്പം അതിനിടയിലെ അകലവും, റോഡിന്റെ പ്രിയപ്പെട്ട ശൂന്യത, കാറ്റിന് സഞ്ചരിക്കാനുളള പാത. കത്തീഡ്രൽ അതിനാൽ മനുഷ്യരാശിയുടെ ആത്മീയമായ ഉണർവിനുളള വഴികളിലേക്കോ അല്ലെങ്കിൽ മനുഷ്യസമൂഹം ഒരുമിച്ച് ചേർന്ന് സ്വയം ആരാധനാലയങ്ങളായി പരിണമിക്കേണ്ടതിന്റെ ആവശ്യകതകളിലേക്കോ ഒക്കെ നമ്മുടെ ശ്രദ്ധ തിരിക്കുന്നുണ്ട് എന്ന രീതിയിലുളള ഹ്യൂമനിസ്റ്റിക്കായ വായനകളും വരുന്നുണ്ട്.
കത്തീഡ്രലിനെക്കുറിച്ച് വായിച്ച കുറിപ്പുകളിലെല്ലാം പക്ഷെ പൊതുവായി വരുന്നത് കത്തീഡ്രലിലെ കൈകൾ മനുഷ്യൻ എന്ന എംബോഡീസ് സബ്ജക്ടിനെയാണ് സൂചിപ്പിക്കുന്നത് എന്ന ഉറപ്പാണ്. അത് ‘മനുഷ്യന്റെ കൈകൾ മനുഷ്യനെ കൂടുതൽ വെളിപ്പെടുത്തുന്നു’ എന്ന ചിത്രം തരുന്നു . റോഡിൻ എന്തുകൊണ്ടാകും കത്തീഡ്രൽ എന്ന് നാമകരണം ചെയ്ത ഒരു വർക്കിൽ രണ്ട് കൈകൾ കൊണ്ടുവന്നത് എന്ന് ആലോചിക്കുമ്പോൾ കൈകൾക്ക് മനുഷ്യാസ്തിത്വം  കൂടുതൽ ആംബിഗ്വസ് (Ambiguous) ആക്കുന്നതിലുളള പങ്കിനെപ്പറ്റി ആലോചിക്കേണ്ടി വരുന്നു. അപ്പോഴാണ് കത്തീഡ്രലിന് ഒരു ഹൈഡഗേറിയൻ /നാൻസിയൻ വായന ആവശ്യമാണെന്ന തോന്നലിലേക്ക് ഞാൻ എത്തുന്നത്. ഭാഷണം (Speech) ആണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്നും മൗലികമായി വ്യത്യസ്തമാക്കുന്നതെന്ന അരിസ്റ്റോട്ടിലിയൻ ചിന്ത ഹൈഡഗറിലേക്കെത്തുമ്പോൾ ഒന്നുകൂടി വിശാലമാകുന്നുണ്ട്. ഹൈഡഗറിന്റെ അഭിപ്രായത്തിൽ ‘Only a being who can speak, that is think, can haven hands’. Speech പോലെ കൈകളും നമുക്ക് തീർത്തും വ്യത്യസ്തമായ അനുഭവമണ്ഡലങ്ങൾ സമ്മാനിക്കുന്നു. അത് നമുക്ക് മറ്റു ജീവജാലങ്ങൾക്കില്ലാത്ത തരം സാധ്യതകൾ തരുന്നു. ആ കൈകൾ നമ്മെ ഈ ലോകത്തിലേക്ക് കൂടുതൽ വിളക്കിച്ചേർക്കുന്നു. അത് വ്യത്യസ്ത ലോകങ്ങൾ തീർക്കുന്നു.

‘The hand reaches and extends , receives and welcomes – and not just thing: the hand extendട itself and receives its own welcome in the hands of others. Then and holds. The hand carries . The hand designs and signs, Presumably because man is a sign. Two hands fold into one, a gesture meant for carry man in to great oneness ‘. (What is called Thinking)

കൈയ്യും ഭാഷയും തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതിനെ പറ്റി, കൈയ്യും ലിവ്ഡ് വേൾഡുമായുളള മനുഷ്യരുടെ ഇഴുകിച്ചേരലിനെ പറ്റി ഒക്കെനി രവധി ആലോചനകൾ ഉണ്ടായിട്ടുണ്ട് (കൽപ്പറ്റ നാരായണന്റെ ‘എന്നവോ എന്നവോ പുടിച്ചിറുക്ക് ‘ അല്ലെങ്കിൽ ഴാക്ക് ദെറീദയുടെ ‘Heidegger’s Hand ‘ ഒക്കെ ഉദാഹരണം). അതിലേക്കൊന്നും കടക്കാതെ ഹൈഡഗേറിയൻ കാഴ്ച്ചപ്പാടിലൂടെ, ഹൈഡഗറിന്റെ Mitsein അഥവാ being – with എന്ന കൺസപ്റ്റ് പ്രധാന ആശയമായി വരുന്ന Ontological Sociality എന്ന ചിന്ത അവതരിപ്പിച്ച ഫ്രഞ്ച് ഫിലോസഫറായ ഴാങ് ലക്ക് നാൻസിയുടെ കാഴ്ചപ്പാടിലൂടെ ഒക്കെ നോക്കുമ്പോൾ കത്തീഡ്രൻ എന്ന ശിൽപം മനുഷ്യന്റെ മൗലികമായ അവസ്ഥകളിലേക്ക് എങ്ങനെയാണ് വാതിൽ തുറക്കുന്നത് എന്ന് നോക്കിക്കാണാനാണ് ഈ കുറിപ്പിനെ തുടർന്നുളള ഭാഗങ്ങളിൽ ഞാൻ ശ്രമിക്കുന്നത്. അതായത് കത്തീഡ്രൽ എത്ര മാത്രം മൗലികവും ശക്തവുമായ  സൃഷ്ടിയാണെന്ന അന്വേഷണങ്ങളുടെ തുടർച്ച എന്ന നിലയിലുളള ഒരു ശ്രമം. 

3

“Whatever singularity, which wants to appropriate belonging itself, its own being -in- language, and thus reject all identity and every condition of belonging, is the principal enemy of the State. Whatever these singularities peacefully demonstrate their being in common , there will be a Tianamen, and sooner or later, the banks will appear.”

Georgio Agamben 

കൂട്ടുണ്മ എന്ന അർത്ഥം വരുന്ന being with /Mitsein എന്ന സങ്കൽപനത്തിലൂടെയാണ് ഹൈഡഗർ മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ, ഓണ്ടോളജിക്കലായ അവസ്ഥകളെ വിവരിക്കുന്നത്. കാർട്ടേഷ്യൻ ‘I (ഞാൻ)’ എന്ന ഇൻഡിവൈസിബിൾ (indivisibile) ആയ, ക്ലോസ്ഡ് ആയ വ്യക്തിയെ ഉടച്ച് കളഞ്ഞ് അവിടെ എല്ലാ പരിമിതപ്പെടുത്തലുകൾക്കും മുന്നേ ഹ്യൂമൺ ബീയിംഗ് കൂട്ടത്തിലായിരിക്കുന്നു എന്ന, being – with ആണ് എന്ന ഓണ്ടോളജിക്കൽ, അവസ്ഥയെ വെളിപ്പെടുത്തുന്നതിലൂടെ നിലവിലുണ്ടായിരുന്ന തത്ത്വചിന്താ പദ്ധതികളുടെ വേരറുക്കുകയായിരുന്നു ഹൈഡഗർ. നമ്മൾ എക്സിസ്റ്റ് (ek-sist) ചെയ്യുന്നു എന്നത് ഹൈഡഗറിന്റെ ഭാഷയിൽ നമ്മൾ പരസ്പരം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു (exposed), എന്നതാണ്. അത് നമ്മളെ ഈ ലോകത്തിനും വെളിപ്പെടുത്തുന്നു. ലോകം എന്നത് തന്നെ ഈ വെളിപ്പെടലല്ലാതെ മറ്റൊന്നുമല്ലെന്ന്  ഹൈഡഗർ പറയുന്നു. നാൻസിയുടെ പ്രധാന വർക്കുകളിലൊന്നായ Being Singalar Plural തുടങ്ങുന്നത് തന്നെ ഈ ഹൈഡഗേറിയൻ being – with ന്റെ സാധ്യതകൾ ചർച്ച ചെയ്ത് കൊണ്ടും അതേ സമയം അതിനെ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ ഉണർത്തിക്കൊണ്ടുമാണ്. ഹൈഡഗറിൽ being – with അവ്യക്തമോ അല്ലെങ്കിൽ അതിന്റെ സാധ്യതകൾ കുറച്ച് മാത്രം തുറന്ന് കാണിക്കപ്പെടുകയോ ചെയ്തെങ്കിൽ നാൻസി അതിനെ വികസിപ്പിച്ച് ഓണ്ടോളജിക്കൽ സോഷ്യാലിറ്റി എന്ന സങ്കൽപനത്തിലെത്തുന്നു. ഈയൊരു കൺസെപ്റ്റ് എവരി ഡേ ലൈഫിന്റെ ദുരൂഹമായ പല കോണുകളിലേക്കും അനുഭവ പരിസരങ്ങളിലേക്കും വാതിൽ തുറക്കുന്നു. ഇത്തരത്തിൽ ഡീപ് ആയ ഒരു ഇടപെടലിന്റെ തുടർച്ചയിലാണ് ഹൈഡഗറിയൻ ഫിലോസഫിയുടെ കോർ എന്നത് being-with ആണ് എന്ന നിഗമനത്തിലേക്ക് നാൻസി എത്തുന്നത്.

Being-with ലെ with , അല്ലെങ്കിൽ Mitsein ന്റെ Mit ഒരു കാറ്റഗറിക്കലായ അർത്ഥത്തിലല്ല നാം മനസിലാക്കേണ്ടത് എന്ന്  ഓർമിപ്പിക്കുന്നുണ്ട് നാൻസി. മറിച്ച് അത് ഒരു എക്സിസ്റ്റൻഷ്യൽ with/ Mit ആണ്. അതായത്, ഞാനും നീയും ഒരുമിച്ചോ അല്ലെങ്കിൽ വേർതിരിഞ്ഞോ അല്ല ഉള്ളതെന്ന് സൂചിപ്പിക്കുന്നു with. അത് ഉണ്മയുടെ ഏറ്റവും അടിസ്ഥാനപരമായ പ്രകൃതമാണ്. നമ്മുടെ ഓണ്ടോളജിക്കൽ അവസ്ഥ. അതു കൊണ്ടു തന്നെ നമ്മെ being-in common ആക്കുന്നു. സെൽഫും അദറും തമ്മിലുള്ള വ്യത്യാസങ്ങൾക്കു മുന്നേ നമ്മൾ കൂട്ടുണ്മ – being-with എന്ന അവസ്ഥയിലായിരിക്കുന്നു. ഇതിനെയാണ് നാൻസി ഓണ്ടോളജിക്കൽ സോഷ്യാലിറ്റി എന്നു വിളിക്കുന്നത്. ഈയൊരു ആശയമാണ് അദ്ദേഹത്തിന്റെ Inoperative community എന്ന വിസ്ഫോടനാത്മകമായ സങ്കൽപനത്തിൽ അന്തർലീനമായിട്ടുള്ളതും. ഓണ്ടോളജിക്കൽ സോഷ്യാലിറ്റി ലിബറലിസത്തിലെ സെൽഫ് കോൺഷ്യസായ ഇൻഡിവിജ്വലിനെയും കമ്മ്യൂണിറ്റേറിയനിസത്തിലെ കളക്ടീവിനെയും നിഷേധിക്കുന്നു. പകരം മനുഷ്യാസ്തിത്വത്തെ കമ്മ്യൂണൽ/ഇൻഡിവിജ്വൽ എന്ന  ഇമ്മാനന്റ് ടോട്ടാലിറ്റിക്കപ്പുറത്ത് അപരനിലേക്ക് നിരന്തരം ചായുന്ന (inclination), എക്സ്റ്റാറ്റിക് (ecstatic) ആയ, കൂടിച്ചേരലിൽ ചെന്നു പതിക്കാത്ത ഒരു റാഡിക്കൽ സിംഗുലാരിറ്റിയായി മനസ്സിലാക്കുന്നു. ഈ സിംഗുലാരിറ്റി ഒരേസമയം അടുപ്പവും (proximity) അകലവും (distance) പങ്കുവെക്കുന്നു. അടുത്തായിരിക്കുന്നു, പക്ഷേ കൂടിക്കലരുന്നില്ല. അകന്നിരിക്കുന്നു പക്ഷേ അടഞ്ഞുകിടക്കുന്നുമില്ല. യാതൊരുവിധ എസെൻഷ്യലൈസേഷനും സാധ്യതയില്ലാത്ത വിധം ആംബിഗസ് (ambiguous) ആണ് അസ്തിത്വം എന്ന അവസ്ഥയെ വെളിപ്പെടുത്തുന്നുണ്ട്, അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ സിംഗുലാരിറ്റികൾ, അല്ലെങ്കിൽ being-with.

നാൻസിയുടെ inoperative community എന്ന സങ്കല്പനം ഫ്രഞ്ച് ലിറ്റററി ഫിഗറുകളായ മോറിസ് ബ്ലാൻഷോ (Maurice Blanchot) ജോർജ് ബട്ടൈൽ (George Bataille) എന്നിവരുടെ ആശയ ലോകവുമായുള്ള ഇടപെടലുകളിലൂടെ രൂപപ്പെടുന്നതാണെങ്കിൽ അതിൽ ഉൾച്ചേർന്നിട്ടുള്ള പ്രധാന ആശയം ഹൈഡഗേറിയൻ being- with ആണെന്ന് പറയാം. ഈയൊരു തിരിച്ചറിവിൽ നിന്നാണ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട തന്റെ പിന്നീടുള്ള ആലോചനകളെല്ലാം നാൻസി ഹൈഡഗേറിയൻ ഫിലോസഫിയുമായി ബന്ധപ്പെടുത്തിത്തുടങ്ങുന്നത്. 

വളരെ ചുരുക്കി അവതരിപ്പിച്ചാൽ Inoperative Community എന്നത് സിംഗുലാരിറ്റികളുടെ സംഘ ജീവിതമാണെന്ന് പറയാം. എന്ന് വെച്ചാൽ കമ്മ്യൂണിറ്റി എന്ന  സെൽഫ് കോൺഷ്യസ് ആയ എന്റിറ്റി (Entity) പ്രവർത്തിക്കാത്ത അവസ്ഥയെ സൂചിപ്പിക്കുന്നു അത്. അടുത്തിരിക്കുന്നു, കൂടിക്കലരുന്നില്ല. കമ്മ്യൂണിറ്റിയാണ്, കമ്മ്യൂണിയൻ ഇല്ല. സിംഗുലാരിറ്റികളുടെ റാഡിക്കലായ അടുപ്പം. അവരെ കോമൺ ആക്കുന്ന ഘടകം  ‘കോമൺ ആവുക’ എന്ന അസാധ്യതയെ അവർ പങ്കുവെക്കുന്നു എന്നതാണ്. ലീല ഗാന്ധി ഇതിനെ ‘ആന്റി കമ്മ്യൂണിറ്റേറീയൻ കമ്മ്യൂണിറ്റേറിയനിസം’ എന്ന് വിളിക്കുന്നു. ഇത്തരമൊരു അവസ്ഥയിൽ മാത്രമാണ് ‘ഞങ്ങൾ, നമ്മൾ’ (We, Us) എന്നീ തിരിച്ചറിയലുകളെയൊക്കെ പോസിറ്റീവായി കാണാൻ പറ്റൂ എന്നും അല്ലാത്ത കമ്മ്യൂണിറ്റികൾക്കെല്ലാം എക്സ്റ്റസിയുടെ (Absolute Impossibility of Immanance) നിരാകരണം മൂലം, കവിഞ്ഞൊഴുകലിന്റെ അസാന്നിധ്യം മൂലം ഓരോ ടോട്ടലിലിറ്റീരിയൻ സ്വഭാവം ഉണ്ടെന്നും നാൻസി നിരീക്ഷിക്കുന്നു. ഇത്തരം നിരീക്ഷണങ്ങളിൽ ഉദാഹരണമായി നിരന്തരം കടന്നുവരുന്നത് യു എസ് എസ് ആറിന്റെ കമ്മ്യൂണിസമാണെന്നുള്ളത് കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള ആലോചനകളിൽ ‘Inoperative Community’ സജീവ സാന്നിധ്യമാകേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു.

‘What is done easily is done without us’  എന്ന് Paul Valery . ഇതിലെ us, ഞങ്ങൾ/നമ്മൾ Inoperativeആണ്, unworking ആണ്, unemployed ആണ്, നിഷ്ക്രിയരാണ് നമ്മൾ. നമ്മളിലില്ലായ്മയിലൂടെ പ്രവർത്തനക്ഷമമാകുന്ന ‘നമ്മളുടെ’ പ്രവർത്തികളിലാണ് മൗലികമായ പതനങ്ങളുടെ, ഉയർച്ചകളുടെ ഉറവിടം.  Inoperative community അതുകൊണ്ട്‌ തന്നെ വ്യക്തി വാദത്തിനും കമ്മ്യൂണിറ്റേറിയനിസത്തിനും ബദലായി വരുന്നു. ഇമ്മനന്റ് അല്ലാത്ത കമ്മ്യൂണിറ്റി, കമ്മ്യൂണിറ്റി ഒരുക്കൂട്ടുന്നു എന്ന നിലയിൽ. ഒരു ഓണ്ടോളജിക്കൽ കമ്മ്യൂണിറ്റി, അവിടെ അകലം പങ്ക്   വെക്കപ്പെടുന്നു. സിംഗുലാരിറ്റികളുടെ കമ്മ്യൂണിറ്റി. പൊതുവായ ഒരു സത്ത പൊതുവിൽ അസന്നിഹിതമാകുന്നു.ശരീരങ്ങളുടെ കമ്മ്യൂണിറ്റി.

കത്തീഡ്രലിലേക്ക് വരുമ്പോൾ നമ്മൾ രണ്ട് കൈകൾ കാണുന്നു. രണ്ട് സിംഗുലാരിറ്റികൾ. അവർ ഏറ്റവും അടുത്തിരിക്കുന്നു, എന്നാൽ ഒരു കലരൽ സംഭവിക്കുന്നില്ല. നിരന്തരം അപരനിലേക്ക് നീങ്ങുന്നതിന്റെ മൂഡ്, അല്ലെങ്കിൽ വളരെ മനോഹരമായ് അകലം പങ്ക് വെക്കുന്നതിന്റെ താളം കത്തീഡ്രലിൽ നമുക്ക് കാണിച്ച് തരുന്നു, കൈകൾക്കിടയിലെ വിടവ് എക്സ്റ്റസിയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. അത് മനുഷ്യ അസ്തിത്വത്തിന്റെ സാധ്യതകളെപ്പറ്റി ആലോചിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. വിരലുകളിൽ മനുഷ്യർ അനുഭവിക്കുന്ന സകലമാന മൂഡുകളും വിരിഞ്ഞ് നിൽക്കുന്നു. ഉയർന്ന് നിൽക്കുന്ന (അതോ തൂങ്ങികിടക്കുന്ന?) കൈകൾ ഒരേ സമയം വീഴ്ച്ചയേയും ഉയർച്ചയേയും സൂചിപ്പിക്കുന്നു. കത്തീഡ്രൽ ഉണ്മയുടെ മൗലികമായ അവസ്ഥകളിലേക്ക് നമ്മെ നയിക്കുന്നു. അത് നമ്മോട് നിരന്തരം അടുക്കേണ്ടതിനെക്കുറിച്ചും ചിതറേണ്ടതിനെക്കുറീച്ചും സംസാരിച്ച്കൊണ്ടിരിക്കുന്നു.

കത്തീഡ്രൽ  Inoperative ആവുന്നതിന്റെ Unworking  ആവുന്നതിന്റെ അനുഭൂതികളിലേക്ക് നമ്മെ ക്ഷണിക്കുന്നു. ‘വെറുതെ’ നിൽക്കുന്നുവെന്ന് തോന്നിക്കുന്ന കൈകൾ മനുഷ്യർ ‘വെറുതെ’ നിൽക്കേണ്ടതെന്തിനാണെന്ന് പറയുന്നു.  ആത്യന്തികമായ കമ്യൂണൽ അനുഭവം കമ്യൂണാലിറ്റി ഇല്ലാത്ത കമ്യൂണിറ്റി ആണെന്ന,നെഗറ്റീവ് കമ്മ്യൂണിറ്റിയാണെന്ന  Blanchot യുടെ നിരീക്ഷണം കത്തീഡ്രലിൽ പ്രതിഫലിക്കുന്നു.

കല നമുക്ക് പുതിയ അവയവങ്ങൾ സമ്മാനിക്കുനു എന്ന് മോറിസ് മെർല്യു പോണ്ടി. കലയിലൂടെ നാം വിചിത്രമായ ഇന്ദ്രീയാനുഭവങ്ങളിലൂടെ കടന്ന് പോകുന്നു. ഏറ്റവും പരിചിതമയതിന്റെ അപരിചിത ദേശങ്ങളിലെത്തുന്നു. കത്തീഡ്രൽ മൗലികമായ ഒരു സൃഷ്ടിയാകുന്നത് അത് നമ്മെ നയിക്കുന്ന ലോകങ്ങളുടെ സാധ്യതയെക്കുറിച്ച് അറിയുമ്പോഴാണ്. കത്തീഡ്രൽ നമ്മോട് അസാധ്യതകളുടെ സാധ്യതയെപ്പറ്റി സംസാരിക്കുന്നു. ഒരു ആന്റി കമ്മ്യൂണിറ്റേറിയൻ കമ്മ്യൂണിറ്റേറിയനിസത്തിന്റെ ആവശ്യകതയിലേക്കും സാധ്യതകളിലേക്കും അനുഭൂതികളിലേക്കുമെല്ലാം അത് നമ്മെ കൊണ്ടെത്തിക്കുന്നു.

THE CATHEDRAL (1908)

Author

Comments are closed.