ഇസ്‌ലാമിക ബൗദ്ധികചരിത്രത്തിലെ പ്രധാന വ്യക്തികളെക്കുറിച്ചുള്ള ധാരണയിൽ വലിയ മാറ്റങ്ങൾ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ സംഭവിച്ചിട്ടുണ്ട്. ഇന്ന് വളരെ പ്രസിദ്ധരായ ചില ചിന്തകന്മാർ ഒരു നൂറ്റാണ്ട് മുമ്പ് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തത്ത്വചിന്തകൻ ഇബ്‌നു റുഷ്‌ദ് (അവറോസ്/ മരണം.1198), ഹൻബലി പണ്ഡിതൻ ഇബ്‌നു തൈമിയ്യ (മ.1328) എന്നിവർ ഇതിനുദാഹരണമാണ്. ഇരുവരും പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കുശേഷം വലിയ രീതിയിൽ പഠിക്കപ്പെടുകയും പുനരന്വേഷണങ്ങൾക്ക് വിധേയമാവുകയും ചെയ്തു. ഇവരെക്കുറിച്ചുള്ള പഠനങ്ങളും ലേഖനങ്ങളും ഇന്ന് വളരെ വ്യാപകവുമാണ്. ഇരുവരുടെയും ലഭ്യമായ കൃതികൾ ആധുനിക സർവകലാശാലാ ലൈബ്രറികളിൽ എളുപ്പത്തിൽ ലഭിക്കാവുന്ന തരത്തിൽ പുതിയ പതിപ്പുകളായും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് ഇസ്‌ലാമിക തത്ത്വചിന്തയുടെയും ഇസ്‌ലാമിക മതചിന്തയുടെയും ചരിത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ ഇവർക്ക് പ്രധാനസ്ഥാനമുണ്ട്.

എന്നാൽ, ഇതിന് വിപരീതമായി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ വളരെ സ്വാധീനശാലികളായിരുന്ന ചില പണ്ഡിതന്മാർ ഇന്ന് ഏറെക്കുറെ വിസ്മൃതിയിലുമായിട്ടുണ്ട്. ഉത്തരാഫ്രിക്കൻ അശ്അരി ദൈവശാസ്ത്ര പണ്ഡിതനായ മുഹമ്മദ് ബിൻ യൂസുഫ് അസ്സനൂസി (മ.1490), മധ്യേഷ്യൻ പണ്ഡിതൻ സഅ്ദുദ്ദീൻ അത്തഫ്താസാനി (മ.1390) എന്നിവർ അതിന് ഉദാഹരണങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെയുള്ള ചരിത്രത്തിൽ ഇവരുടെ പ്രഭാവവലയത്തിന്റെ നിഴലിലായിരുന്നു ഇബ്‌നു തൈമിയ്യയുടേയും ഇബ്നു റുഷ്‌ദിന്റെയും സ്വാധീനമണ്ഡലം. ദൈവശാസ്ത്രവും തർക്കശാസ്ത്രവുമായി ബന്ധപ്പെട്ട സനൂസിയുടെ ഗ്രന്ഥങ്ങൾ നൂറ്റാണ്ടുകളോളം അറബി സംസാരിക്കുന്ന സുന്നി ലോകമൊട്ടാകെയും അതിനപ്പുറവും പഠിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കൃതികളുടെ തുർക്കിഷ്, ബെർബർ, ഫുൽഫുൽദെ, മലായ്, ജാവനീസ് ഭാഷകളിലുള്ള വിവർത്തനങ്ങളും രൂപാന്തരങ്ങളും ഇന്നും ലഭ്യമാണ്. സമാനമായി, തഫ്താസാനിയുടെ തത്ത്വചിന്ത, ദൈവശാസ്ത്രം, ഫിഖ്ഹ്, അലങ്കാരശാസ്ത്രം(ബലാഗ), തർക്കശാസ്ത്രം(മൻതിഖ്) എന്നി ജഞാനമേഖലകളിലുള്ള കൃതികൾ അഞ്ഞൂറു വർഷത്തിലധികം ഓട്ടോമൻ, ഇറാനിയൻ, ഇൻഡോ-മുസ്‌ലിം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കരിക്കുലത്തിന്റെ പ്രധാനഭാഗമായിരുന്നു. പിന്നീട്, ഇരുപതാം നൂറ്റാണ്ടോടെയാണ് ഇവരുടെയുടെയും സ്വാധീനം കുറഞ്ഞുവരുന്നത്. വളരെ പരിമിതമായ പഠനങ്ങൾ മാത്രമേ ഇവരെക്കുറിച്ച് നടന്നിട്ടുള്ളു. ഇന്ന് ഇസ്‌ലാമിക് സ്റ്റഡീസിലെ വിദഗ്ധർക്ക് പോലും ഇവരുടെ പേരുകൾ പരിചിതമല്ല.

വിയോഗാനന്തര പ്രശസ്തിയിലെ ഇത്തരം ആരോഹണാവരോഹണങ്ങൾക്ക് പല കാരണങ്ങളുമുണ്ട്. ഉദാഹരണത്തിന്, ഇബ്‌നു തൈമിയ്യയുടെ ‘നവീകൃത’ പ്രാധാന്യം സുന്നി ലോകത്ത് പത്തൊമ്പത് – ഇരുപതാം നൂറ്റാണ്ടുകളിൽ അരങ്ങേറിയ സലഫിസത്തിന്റെ ഉയർച്ചയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. സമാനമായി, ഇബ്നുറുഷ്‌ദിനോടുള്ള താൽപര്യം ആധുനികതാവാദികളായ അറബ് ചിന്തകരിൽ സവിശേഷമായി ശക്തമായിരുന്നു. ദീർഘകാലം മതകീയ ‘അന്ധകാരവാദം’ അടിച്ചമർത്തിയ ഒരു യുക്തിവാദ-തത്ത്വചിന്തകൻ എന്ന തലത്തിൽ ഒരു ദുരന്തനായകനായിട്ടാണ് അദ്ദേഹത്തെ അവർ പലപ്പോഴും അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കൃതികൾ ലാറ്റിനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതും അവ ലാറ്റിൻ തത്ത്വചിന്താപാരമ്പര്യത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയതും പാശ്ചാത്യ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക മേൽക്കോയ്മയുടെ നിഴലിൽ കഴിഞ്ഞിരുന്ന അറബ് ബൗദ്ധികർക്കു അഭിമാനത്തിന്റെ കാരണമായി തീർന്നിരുന്നു.

എന്നാൽ, തഫ്താസാനിയെയും സനൂസിയെയും പിന്തുണയ്ക്കുന്ന ആധുനിക വക്താക്കളോ പ്രസ്ഥാനങ്ങളോ സമാനമായി രൂപപ്പെട്ടു വന്നിരുന്നില്ല. പകരം, അവർ പ്രതിനിധീകരിക്കുന്ന തത്ത്വചിന്തയുടെയും തർക്കശാസ്ത്രത്തിന്റെയും സ്വാധീനമുള്ള അശ്അരി ദൈവശാസ്ത്ര ധാരയ്ക്ക് ആധുനികകാലത്ത് പ്രാമുഖ്യം നഷ്ടപ്പെടുകയുണ്ടായി. മുസ്‌ലിം തത്ത്വചിന്തകരുടെയും മുഅ്തസിലി ദൈവശാസ്ത്ര പണ്ഡിതന്മാരും കൂടുതൽ ‘യുക്തിസഹമായ’ സമീപനങ്ങളിലേക്കും, ഹൻബലി പാരമ്പര്യത്തിന്റെ കൂടുതൽ ‘ഇസ്‌ലാമികമായ’ സമീപനത്തിലേക്കും വ്യക്തികൾക്ക് കൂടുതൽ താൽപര്യം വളർന്നു.

ദൈവശാസ്ത്രവും തർക്കശാസ്ത്രവുമായി ബന്ധപ്പെട്ട സനൂസിയുടെ ഗ്രന്ഥങ്ങൾ നൂറ്റാണ്ടുകളോളം അറബി സംസാരിക്കുന്ന സുന്നി ലോകമൊട്ടാകെയും അതിനപ്പുറവും പഠിക്കപ്പെട്ടിരുന്നു.

സനൂസിയുടേയും തഫ്താസാനിയുടേയും ധിഷണാത്മകമായ ഗദ്യശൈലി ആധുനിക വായനക്കാരെ അത്രമേൽ ആകർഷിക്കുന്നതായിരുന്നില്ല. വളരെ സംക്ഷിപ്തവും വിശകലനാത്മകവും ഗഹനമായ വാദങ്ങളാൽ നിറഞ്ഞവയാണ് അവരുടെ രചനകൾ. തർക്കശാസ്ത്രം, അലങ്കാരശാസ്ത്രം, ഫിഖ്ഹ് തുടങ്ങിയ ഉപശാസ്ത്രങ്ങളിൽ മുൻപരിചയം ഉണ്ടെങ്കിൽ മാത്രമേ അവരുടെ ഗ്രന്ഥങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയൂ. അതിനുപുറമെ, അവർ ഉപയോഗിച്ചിരുന്ന പരമ്പരാഗത ധൈഷണിക സാഹിത്യ രൂപങ്ങളായ സംക്ഷിപ്ത ഗ്രന്ഥങ്ങൾ (ഖുലാസ), വ്യാഖ്യാനങ്ങൾ (ശർഹ്), ഉപവ്യാഖ്യാനങ്ങൾ (ഹാശിയ/തഅ്ലീഖ്) എന്നിവയും ആധുനിക വായനക്കാരെ ആകർഷിച്ചിരുന്നില്ല. ഇത്തരം സാഹിത്യരൂപങ്ങൾ സ്വഭാവപരമായി സൃഷ്ടിപരമല്ല എന്നും കേവലം പാണ്ഡിത്യ പ്രദർശനം മാത്രമാണെന്നും ചിലർ തെറ്റിദ്ധരിച്ചിരുന്നു.

എല്ലാത്തിലുമുപരി സനൂസിയുടേയും തഫ്താസാനിയുടേയും കൃതികളുടെ അവലംബിക്കാനാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ പതിപ്പുകൾ കൂടുതലായും വിപണിയിലില്ല എന്നതും ഒരു വലിയ പ്രശ്നമാണ്. അവരുടെ പ്രധാ നഗ്രന്ഥങ്ങളുടെ മികച്ച പതിപ്പുകളിൽ പലതും നൂറിലധികം വർഷം പഴക്കമുള്ളവയാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച ചില പതിപ്പുകൾ അവലംബനാർഹമല്ലാത്തവയാണ്. കൂടാതെ, ഗ്രന്ഥകാരുടെ ചിന്തയെയും സാങ്കേതിക പദപ്രയോഗങ്ങളെയും കുറിച്ചുള്ള പരിശോധകരുടെ അപരിചിതത്വവും അവയിൽ വ്യക്തമായി കാണാം: വിരാമചിഹ്നങ്ങളും ഖണ്ഡികാ വിഭജനങ്ങളും പലപ്പോഴും അനിയന്ത്രിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. വിശദീകരണക്കുറിപ്പുകൾ പലപ്പോഴും സഹായകരമല്ല എന്നതിനുമപ്പുറം പ്രസക്തിയില്ലാത്തതുമാണ്.

അഥവാ, ഇസ്‌ലാമിന്റെ ബൗദ്ധിക ചരിത്രത്തെ കുറിച്ചുള്ള പാശ്ചാത്യ പഠനങ്ങൾ പലപ്പോഴും ഇസ്‌ലാമിക ലോകത്തെ സമകാലിക ട്രെൻഡുകളെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.

അതേസമയം, ആധുനിക പതിപ്പുകളിൽ കാണുന്ന അധിക സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇസ്താംബൂൾ, കൈറോ എന്നിടങ്ങളിൽ നിന്ന് പ്രസിദ്ധീകരിച്ച പതിപ്പുകൾ ഇതിനെക്കാൾ മികവുറ്റതായിരുന്നു. അന്ന് ടൈപ്പ്സെറ്റർമാർക്കും പ്രൂഫ് വായനക്കാർക്കും ഈ ഗ്രന്ഥങ്ങളെ കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. അത്തരത്തിലുള്ള പരിജ്ഞാനം ഇന്ന് വളരെ അപൂർവമായി മാറിയിരിക്കുന്നു. അതേ സമയം, വിരാമചിഹ്നങ്ങളുടെയും പാരഗ്രാഫ് വിഭജനങ്ങളുടെയും വിശദീകരണ കുറിപ്പുകളുടെയും(ടിപ്പണി) അഭാവം മൂലം ആ പഴയ പതിപ്പുകൾ ആധുനിക വായനക്കാർക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ് താനും.

കഴിഞ്ഞ ഏതാനും ദശകങ്ങളായി ‘ഓറിയന്റലിസം’ സംബന്ധിയായും പാശ്ചാത്യ പണ്ഡിതർ ഇസ്‌ലാമിക ചരിത്രത്തെ എങ്ങനെ വികലമായ രൂപത്തിൽ അവതരിപ്പിച്ചു എന്നതിനെ കുറിച്ചും ധാരാളം ചർച്ചകൾ അരങ്ങേറിയിട്ടുണ്ട്. എന്നാൽ ഉപരിസൂചിത ഉദാഹരണങ്ങൾ ഈ വ്യവഹാരങ്ങളുടെ സ്വാധീനം വിപരീത ദിശയിലാണ് ഒഴുകുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. അഥവാ, ഇസ്‌ലാമിന്റെ ബൗദ്ധിക ചരിത്രത്തെ കുറിച്ചുള്ള പാശ്ചാത്യ പഠനങ്ങൾ പലപ്പോഴും ഇസ്‌ലാമിക ലോകത്തെ സമകാലിക ട്രെൻഡുകളെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ, അത്തരം ട്രെൻഡുകൾ രൂപപ്പെടുത്തിയ പക്ഷപാതപരമായ ചരിത ആഖ്യാനങ്ങളെ ഏറ്റെടുക്കുക കൂടി ചെയ്യുന്നുണ്ടത്തരം പഠനങ്ങൾ. ചില ഉദാഹരണങ്ങൾ പറയാം.

പത്തൊമ്പതാം നൂറ്റാണ്ടിൽ ഓട്ടോമൻ, ഈജിപ്ഷ്യൻ, ഉത്തരാഫ്രിക്കൻ കോളേജുകളിൽ പഠി(പ്പി)ക്കപ്പെട്ടിരുന്നതിനാൽ, ശൈഖ് ഈജി (മ.1355), ശൈഖ് ജുർജാനി (മ.1413), ശൈഖ് സനൂസി (മ.1490) തുടങ്ങിയ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾക്ക് അക്കാലത്തെ യൂറോപ്യൻ പണ്ഡിതർ കുറച്ചെങ്കിലും ശ്രദ്ധ നൽകിയിരുന്നു. എന്നാൽ, ഇരുപതാം നൂറ്റാണ്ടോടെ ഇസ്‌ലാമിക ലോകത്ത് ഈ പണ്ഡിതന്മാരുടെ സ്വാധീനം കുറഞ്ഞുവന്നതോടൊപ്പം പാശ്ചാത്യ ലോകത്തും അവരോടുള്ള അക്കാദമിക താൽപര്യം ശോഷിച്ചു. അതേസമയം, ആധുനിക സുന്നി ഇസ്‌ലാമിൽ ഇബ്‌നുതൈമിയ്യയുടെ സ്വാധീനം വർധിച്ചതിനൊപ്പം, പാശ്ചാത്യ ഗവേഷണരംഗത്തും അദ്ദേഹത്തെക്കുറിച്ചുള്ള ഗവേഷണ താൽപര്യം ഉയർന്നു.

മറ്റു രണ്ട് ഉദാഹരണങ്ങൾ കൂടി പരിശോധിക്കാം. ഇജ്തിഹാദ് ‘ഇസ്‌ലാമിലെ വ്യവഹാരിക തത്വമാണ്’ എന്ന ആശയവും, പിന്നീട് ഇജ്തിഹാദ് നിരോധിക്കപ്പെട്ടതോ നിയന്ത്രിക്കപ്പെട്ടതോ കാരണം ഇസ്‌ലാമിക ബൗദ്ധിക പാരമ്പര്യം മന്ദഗതിയിലായിപ്പോയി എന്ന ധാരണയും പലരും കരുതുന്നതുപോലെ ഓറിയന്റലിസ്റ്റ് സൃഷ്ടി മാത്രമല്ല. പകരം, മുഹമ്മദ് അബ്ദു (മ.1905), മുഹമ്മദ് റശീദ് റിളാ (മ.1932), മുഹമ്മദ് ഇഖ്ബാൽ (മ.1938) പോലെയുള്ള മുസ്‌ലിം നവോത്ഥാനവാദികളിൽ നിന്ന് പാശ്ചാത്യ പണ്ഡിതന്മാർ ഈ ആശയങ്ങൾ ഏറ്റെടുത്തതായിരിക്കാനും സാധ്യതയുണ്ട്. സമാനമായി, ഇസ്‌ലാമിക തത്ത്വചിന്തയെക്കുറിച്ച് പിൽക്കാലത്ത് വന്ന പാശ്ചാത്യ പഠനങ്ങളിൽ ‘ഇസ്ഫഹാൻ സ്കൂളി’ന് ലഭിച്ച പരിഗണന, പത്തൊമ്പതാം നൂറ്റാണ്ടുമുതൽ ഇറാനിയൻ മദ്റസകളിൽ പ്രചാരത്തിലുണ്ടായിരുന്ന പ്രധാന ചരിത്രവിവരണങ്ങളുമായി ചേർന്നുനിൽക്കുന്നുമുണ്ട്.

‘കിഴക്കിൽ നിന്ന് പടിഞ്ഞാറിലേക്കുള്ള’ ഈ സ്വാധീനം പല രീതികളിലാണ് പ്രവർത്തിക്കുന്നത്: പാശ്ചാത്യ ഗവേഷകർ അവരുടെ വിദ്യാർഥി ജീവിതത്തിന്റെ ഒരു ഭാഗം ഇസ്‌ലാമിക നാടുകളിലാണ് പലപ്പോഴും ചെലവഴിക്കുന്നത്. ആ സമയത്ത് അന്നാടുകളിലെ ബുദ്ധിജീവികളുമായി സുദൃഡമായ ബന്ധങ്ങൾ അവർ സ്ഥാപിക്കാറുണ്ട്. അതിനുപുറമെ, പാശ്ചാത്യ ഗവേഷകർ അവലംബിക്കുന്ന മിക്ക അച്ചടിപതിപ്പുകളും ഇസ്‌ലാമിക ലോകത്താണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇസ്‌ലാമിക ലോകത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന ഗ്രന്ഥങ്ങൾ സ്വാഭാവികമായും ആ കാലത്തെ പ്രവണതകളുടെയും താൽപര്യങ്ങളുടെയും പ്രതിഫലനമായിരിക്കും. അത്തരം പതിപ്പുകൾ പിന്നീട് പാശ്ചാത്യ സർവകലാശാലകളിലെ ലൈബ്രറികളിലെത്തുകയും ഗവേഷകരും വിദ്യാർഥികളും അവ ഉപയോഗിക്കുകയും ചെയ്യും. വ്യക്തമായ ഒരു കാരണമില്ലാതെ അപൂർവവും സാങ്കേതികവും വായിക്കാൻ ബുദ്ധിമുട്ടുമുള്ള ധൈഷണിക ഗ്രന്ഥങ്ങൾ കൈയെഴുത്തുപ്രതികൾ, പഴയ അച്ചടിപ്പതിപ്പുകൾ എന്നിവ വായിച്ചെടുക്കാൻ പാശ്ചാത്യ പണ്ഡിതന്മാർക്കും ഗവേഷക വിദ്യാർഥികൾക്കും സ്വതവേ വലിയ താൽപര്യമുണ്ടാകാറില്ല.

വിവർത്തനം: മുഹമ്മദ് സിറാജ്റഹ്‌മാൻ

എന്നാൽ, ഇരുപതാം നൂറ്റാണ്ടോടെ ഇസ്‌ലാമിക ലോകത്ത് ഈ പണ്ഡിതന്മാരുടെ സ്വാധീനം കുറഞ്ഞുവന്നതോടൊപ്പം പാശ്ചാത്യ ലോകത്തും അവരോടുള്ള അക്കാദമിക താൽപര്യം ശോഷിച്ചു.


തുടർന്ന് വായിക്കുക: ചരിത്രരചനയിൽ വർത്തമാനം ഭൂതത്തെ നിർണയിക്കുന്ന വിധം

Featured Image: Madrosah Sunnah

Author

Khaled El-Rouayheb is Jewett Professor of Arabic at Harvard University. He conducts research on Arabic-Islamic intellectual history, especially in the period from the thirteenth century to the eighteenth. His publications include Before Homosexuality in the Arabic-Islamic World, 1500-1800 (2005), Relational Syllogisms and the History of Arabic Logic, 900-1900 (2010), and Islamic Intellectual History in the Seventeenth Century: Scholarly Currents in the Ottoman Empire and the Maghreb (2015).

Comments are closed.