ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ലുയീജി എന്ന ചെറുപ്പക്കാരൻ, ഒരു വളണ്ടിയറായി യുദ്ധത്തിൽ പങ്കെടുക്കാൻ സാധിക്കുമോ എന്നന്വേഷിച്ചു.
എല്ലാവരും അവനെ പുകഴ്ത്തിപ്പറഞ്ഞു. യുദ്ധത്തിനു വേണ്ട ആയുധങ്ങൾ കൈപറ്റുന്നിടത്ത് ചെന്ന് ലുയീജിയും ഒരു തോക്കു വാങ്ങി. “യുദ്ധത്തിന് പോകാനും ആൽബർട്ടോയെ കൊല്ലാനും ഞാനിതാ ഒരുങ്ങിക്കഴിഞ്ഞു.”
ആൽബർട്ടോ ആരാണെന്ന് അവരവനോടു ചോദിച്ചു.
“അവൻ ശത്രുവാണ്,” ലുയീജി പറഞ്ഞു, “എന്റെ ശത്രു.”
തനിക്ക് തോന്നിയവരെ തിരഞ്ഞുപിടിച്ച് കൊല്ലാനല്ല, ഒരു വിഭാഗം ജനങ്ങളെ കൊല്ലാനാണ് താൻ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത അവരവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
“അതിനെന്താ?” ലുയീജി ചോദിച്ചു, “ഞാനൊരു പൊട്ടനാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? ആൽബർട്ടോ തീർച്ചയായും അവരുടെ കൂട്ടത്തിൽ പെട്ട ഒരാൾ തന്നെയാണ്. നിങ്ങൾ യുദ്ധം ചെയ്യുന്നത് അവരോടാണെന്നറിഞ്ഞിട്ടാണ് ഞാനീ യുദ്ധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ഈ യുദ്ധത്തിനു പോകുന്ന വഴിയിൽ വെച്ച് എനിക്ക് ആൽബർട്ടോയെ കൊല്ലാമല്ലോ എന്നാണ് എന്റെ സമാധാനം. എനിക്കറിയാം, ആൽബർട്ടോ ചതിയനാണ്. അവനെന്നെ ഒറ്റിക്കൊടുത്തു. ഒരു പെണ്ണിനേയും കൂട്ടുപിടിച്ച് അവനെന്നെ പറ്റിച്ചു. ഒന്നിനും കൊള്ളാത്തവനാക്കി. അതൊരു പഴങ്കഥയാണ്. നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാനാ കഥ മുഴുവനും പറയാം.”
ഇപ്പോഴതിന്റെ ആവശ്യമില്ലെന്ന് അവർ പറഞ്ഞു.
“എന്നാ വേണ്ട,” ലുയീജി പറഞ്ഞു, “ആൽബർട്ടോ എവിടെയാണെന്ന് നിങ്ങളെനിക്കു പറഞ്ഞ് തരൂ. ഞാനവിടെ പോയി യുദ്ധം ചെയ്യാം.”
ആൽബർട്ടോ എവിടെയാണുള്ളതെന്ന് അവർക്കാർക്കുമറിയില്ല എന്നവർ പറഞ്ഞു.
“കുഴപ്പമില്ല,” അവൻ പറഞ്ഞു, “അവനെവിടെയാണുള്ളതെന്നറിയാവുന്ന ആരെയെങ്കിലും ഞാൻ കണ്ടു പിടിച്ചോളാം. ഇന്നല്ലെങ്കിൽ നാളെ ഞാനവനെ പിടികൂടിയിരിക്കും.”
ലുയീജിക്കതിന് സാധിക്കില്ലെന്ന് അവരവന് പറഞ്ഞുകൊടുത്തു. അവർ എവിടേക്കാണോ അവനെ പറഞ്ഞയക്കുന്നത്, അവിടെ പോകാനും അവിടെ കാണുന്നവരുമായിട്ടൊക്കെ യുദ്ധം ചെയ്യാനും അവൻ ബാധ്യസ്ഥനാണെന്ന് അവർ അവനെ ബോധ്യപ്പെടുത്തി. അവൻ പറയുന്ന ആൽബർട്ടോയെ കുറിച്ച് അവർക്കൊന്നും തന്നെ അറിയില്ലായിരുന്നു.
“നിങ്ങൾ നോക്കൂ,” ലൂയിജി അവരുടെ പിന്നാലെ തന്നെ കൂടി, “ഞാൻ നിങ്ങളോട് ആ കഥ പറയണമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം, അവനൊരു ചതിയനാണ്. അവനെതിരിൽ നിങ്ങൾ യുദ്ധം ചെയ്യുന്നത് നല്ലൊരു കാര്യമാണ്.”
പക്ഷേ മറ്റുള്ളവർക്ക് അതിനെ കുറിച്ച് അറിയണമെന്നില്ലായിരുന്നു. ലുയീജിക്ക് അതിന്റെ കാരണം മനസ്സിലായില്ല.
“എന്നോട് ക്ഷമിക്കൂ. ഞാൻ ഏതെങ്കിലുമൊരു ശത്രുവിനെ കൊല്ലുന്നതും വേറെയേതെങ്കിലുമൊരു ശത്രുവിനെ കൊല്ലുന്നതും നിങ്ങൾക്ക് ഒരു പോലെയായിരിക്കാം. പക്ഷേ ആൽബർട്ടോയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ കൊല്ലുന്നത് എനിക്ക് വിഷമകരമാണ്.”
മറ്റുള്ളവർക്ക് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. യഥാർത്ഥത്തിൽ ഈ യുദ്ധം എന്തിനു വേണ്ടിയാണ് എന്നതിനെക്കുറിച്ചും, അവനവന് തോന്നിയ ആളുകളെ മാത്രം കൊല്ലുന്നത് ശരിയല്ല എന്നതിനെക്കുറിച്ചും ഒരാൾ വിശദമായ ഒരു പ്രസംഗം നടത്തി.
ലുയീജി തോൾ വെട്ടിച്ച് അതിനെയെതിർത്തു പറഞ്ഞു, “അങ്ങനെയാണെങ്കിൽ നിങ്ങളെന്നെ പുറത്താക്കിക്കോളൂ.”
“നീയിപ്പോൾ ഇതിനകത്താണ്. നീ ഇതിനകത്തു തന്നെ നിൽക്കുകയും ചെയ്യും.” അവർ തറപ്പിച്ച് പറഞ്ഞു.
“സൈന്യം മുന്നോട്ട് നീങ്ങട്ടെ! വൺ, ടു..” അവർ അവനെ യുദ്ധത്തിലേക്ക് പറഞ്ഞയച്ചു.
ലുയീജി ഒട്ടും സന്തുഷ്ടനായിരുന്നില്ല. അവൻ ഒരുപാട് പേരെ കൊന്നു. പല കൊലപാതകങ്ങളും യാതൊരുവിധ മുൻധാരണകളുമില്ലാത്തവയായിരുന്നു. ആൽബർട്ടോയോ, അവന്റെ ഏതെങ്കിലുമൊരു കുടുംബാംഗമോ തന്റെ ഇരകളിൽ പെടുന്നുണ്ടാകുമോ എന്നു മാത്രമായിരുന്നു അവൻ ചിന്തിച്ചിരുന്നത്. ഓരോ ശത്രുവിനെ വധിക്കുമ്പോഴും അവർ അവന് ഓരോ മെഡലുകൾ സമ്മാനിച്ചു. പക്ഷേ, അതുകൊണ്ടൊന്നും ലുയീജി സന്തോഷിച്ചില്ല. ‘ആൽബർട്ടോയെ കൊന്നില്ലെങ്കിൽ ഇത്രയും പേരെ ഞാൻ കൊന്നത് വെറുതെയായിപ്പോകും’ എന്നവൻ ചിന്തിച്ചു. അവന് എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു.
അപ്പോഴും അവരവന് ഒന്നിനു പുറകെ മറ്റൊന്നായി മെഡലുകൾ സമ്മാനിച്ചുകൊണ്ടേയിരുന്നു. വെള്ളിയും സ്വർണവുമെല്ലാം അവന് ലഭിച്ചു.
ലുയീജി വിചാരിച്ചു: “ഇന്ന് കുറച്ചു പേരെ കൊല്ലുക, നാളെയും കുറച്ചു പേരെ കൊല്ലുക. അങ്ങനെ അവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞ് വരും. ഉടനെത്തന്നെ ആ ചതിയൻ എന്റെ കൈവെള്ളക്കുള്ളിൽ പെടും.”
എന്നാൽ, ലുയീജി ആൽബർട്ടോയെ കണ്ടെത്തുന്നതിനും മുമ്പേ, ശത്രുക്കൾ അടിയറവു പറഞ്ഞു. എത്രയോ ജനങ്ങളെ കൊന്നത് മുഴുവനും വെറുതെയായിപ്പോയെന്ന് അവനു തോന്നി. പക്ഷേ അവരെല്ലാവരും മരിച്ചു കഴിഞ്ഞിരുന്നു. അവനു ലഭിച്ച മെഡലുകൾ മുഴുവൻ ഒരു സഞ്ചിയിലാക്കി അവൻ ശത്രു രാജ്യത്തേക്ക് പുറപ്പെട്ടു. മരണപ്പെട്ടവരുടെ ഭാര്യമാർക്കും കുട്ടികൾക്കും ആ മെഡലുകൾ വിതരണം ചെയ്തു.
അങ്ങനെയിരിക്കെ, അവൻ ആൽബർട്ടോയെ കണ്ടുമുട്ടി. “നല്ലത്,” അവൻ പറഞ്ഞു, “തീരെ ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് വൈകിയെങ്കിലും ചെയ്യലാണ്.” ഒടുവിൽ, അവൻ ആൽബർട്ടോയെ കൊന്നു.
അതിന് അവരവനെ അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റത്തിന് വിചാരണ നടത്തി. അവനെ തൂക്കിക്കൊല്ലാൻ വിധിച്ചു. തന്റെ മനസ്സാക്ഷിയുടെ സമാധാനത്തിനു വേണ്ടി മാത്രമാണ് താനതു ചെയ്തതെന്ന് വിചാരണയുടെയിടയിൽ ലുയീജി പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ, ഒരാളും അവനെ ശ്രദ്ധിച്ചതേയില്ല.
വിവർത്തനം: ശിബിലി അബ്ദുസ്സലാം
Featured Image: Two German soldiers and their mule wearing gas masks in World War One, 1916.
Comments are closed.