പ്രണയത്തിന്റെ
ഉടമ്പടി ലംഘിച്ചു
വിലക്കപ്പെട്ട കനി
തിന്നപ്പോഴാണ്
ആദ്യം
നഗ്നതയുണ്ടായത്.
മനുഷ്യൻ
പറുദീസയിൽ നിന്ന്
പുറത്തായത്.
ഒരാപ്പിൾ
മനുഷ്യരിൽ നിന്ന്
എന്തെല്ലാമെന്തെല്ലാമാണ്
അപഹരിച്ചു കൊണ്ടുപോയത്!
പറുദീസയിലേക്ക് കടക്കാൻ
ഇനിയിപ്പോൾ
ദൈവവുമായി മനുഷ്യൻ
ഏതുടമ്പടിയെഴുതും.
നഗ്നതകൊണ്ടേറ്റ
മുറിവിന്
ഏതു മറയിടും?
ഏതു മൂടുപടംകൊണ്ടാ-
വിടവ് വിളക്കും?
ഏതുപ്രണയം
വഴിതെളിക്കും?
ഹിറയിൽ
വെളിപാടിന്റെ ചൂടിൽ
തണുത്തുവിറക്കുന്നു
മുഹമ്മദ് മുസ്തഫ.
പ്രണയത്തിന്റെ
മറ്റൊരുടമ്പടിയിൽ
പ്രിയതമനെ
മൂടുപടത്തിൽ
പൊതിയുന്നു ഖദീജ.
ആദമിൽ
ഹവ്വക്കു നഷ്ടപ്പെട്ട
ഏതുമറയായിരിക്കും
ഖദീജ
മുഹമ്മദിനുമേൽ വിരിച്ചത്.
മനുഷ്യരെ
ഭൂമിയിൽ നിന്ന്
പറുദീസയിലേക്ക്
തിരിച്ചുവിളിക്കാൻ,
മുഹമ്മദ് മുസ്തഫ
വസ്ത്രം ധരിച്ചുയർത്തെഴുന്നേൽക്കുന്ന
ഒരു നാളിനായി
ദൈവം
കാത്തുനിൽക്കുന്നതെന്തിനാവും.
അപ്പോൾ
ഭൂമിയിൽ നിന്നും
സ്വർഗത്തിലേക്ക്
ഒരാപ്പിൾ കനി ദൂരം.
ഒരു മൂടുപടത്തിന്റെയകലം.


Comments are closed.