നമ്മൾ  കൊണ്ടാടുന്ന ‘വ്യക്തിത്വം’ ആർഭാടപൂർവമുള്ള അൽപത്തരത്തിന്റെ ഒരുതരം മിഥ്യാഭാവമാണ്. വ്യക്തിത്വത്തെ വ്യക്തികളുടെ ആന്തരികമായ, ഉള്ളടങ്ങിയ, സ്വാഭാവവിശേഷമായി ചുരുക്കികാണുന്നവർ പേമാരിയെ പൈപ്പ് വെള്ളത്തിലേക്ക് ചുരുക്കുകയാണ്. എല്ലാം അവനവനിൽ തുടങ്ങുന്നതായി നമ്മൾ കരുതും. എന്നാൽ വ്യക്തിയും വ്യക്തിത്വവും ഒക്കെ ഒരു പ്രക്രിയയുടെ അവശേഷിപ്പ് മാത്രമാണ്.

ചിന്തിക്കുക എന്ന് പറഞ്ഞാൽ  ‘ഞാൻ ചിന്തിക്കുന്നു’ എന്നാകും നമ്മൾ  കൂട്ടിവായിക്കുക. എനിക്കുള്ളിൽ മറ്റാരോ ചിന്തിക്കുന്നു, നമ്മൾ ചിന്തിക്കുന്നു, എനിക്ക് വേണ്ടി അത് ചിന്തിക്കുന്നു എന്നൊക്കെയുള്ള ഇടനിലകൾ നമുക്ക് ചിന്തനീയമല്ല.അപ്പോൾ കഥമാറും, ചിന്തയുടെ ഒഴുക്കും. ചിലന്തി വല കെട്ടുന്നത് പോലെയാണ് ചിന്തയും. വല നെയ്യുന്നത് ചിലന്തിയാണ് എന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ വല സ്വയം തന്നെയാണ് നെയ്യുന്നത്. ചിലന്തി തന്നെ വലയിലാണ്, അതിന് പുറത്തല്ല.

ലോകത്തിൽ മുഴുവൻ നമ്മൾ നമ്മുടെ പ്രതിരൂപങ്ങളെ തേടുന്നു. കണ്ടുകിട്ടിയില്ലെങ്കിൽ ആകെ അങ്കലാപ്പാണ്.ഞാൻ എവിടെ? എന്നെ കണ്ടില്ലല്ലോ? ലോകത്തിലെ സകലസംസാരങ്ങളും ‘എന്നെ അംഗീകരിക്കൂ’ എന്ന ഒറ്റവാചകത്തിലേക്ക് ചുരുക്കാം എന്ന് പറഞ്ഞത് ലക്കാൻ ആണ്. ഇല്ലെങ്കിൽ അവിടെ തീർന്നു. അതെന്താണ്‌ എപ്പോഴും ഞാനാദ്യം? 

നിരന്തരം അകമാക്കപ്പെടുന്ന ‘പുറ’ മാണുള്ളത്. എല്ലാം തുടങ്ങുന്നത് പുറത്തിന്റെ വിശാലതയിലും ധാരാളിത്തത്തിലുമാണ്. ആളി കത്തുന്ന കാട്ടുതീ തല്ലിക്കെടുത്തുമ്പോൾ അതിനൊരു ‘ആകാരം’ ഉണ്ടാകുന്നു. അനാദിയായ സൂര്യവെളിച്ചമാണ് എല്ലാ ഊർജങ്ങളുടെയും പ്രഭവകേന്ദ്രം.എന്നാൽ പേമാരിയെ നമ്മൾ മൺകുടത്തിനുള്ളിൽ  ഒതുക്കുന്നു.

വലതുപക്ഷം എപ്പോഴും കോട്ട കെട്ടുന്ന തിരക്കിൽ ആണ്. അതിർതികൾ ഭദ്രമാക്കണം. ഷോക്കടിക്കുന്ന വൈദ്യുതവേലികൾ വേണം ചുറ്റിലും.  വംശശുദ്ധി ചോരാതെകാക്കണം. വെള്ളത്തൊലിക്കാരെ തവിട്ടു നിറക്കാർ മറികടക്കുന്നുവോ?

മതിൽകെട്ടി പുറത്താക്കിയവരും സ്വന്തം സാമ്രാജ്യം ഉണ്ടാക്കിയതായി പ്രഖ്യാപനം നടത്തുന്നു. ഇടത്-സ്വത്വവാദം ഈ നിലയ്ക്ക് വലതുപക്ഷ വംശീയവാദത്തോടുള്ള പ്രതിപ്രവർതനം മാത്രമാണ്.

(എന്നിട്ടും ഒരു അഫ്ഗാൻ ബാലൻ ഇറാനിയൻ വിമാനം എന്ന് കരുതി ഇന്ത്യൻ വിമാനത്തിന്റെ കോക്ക്പിറ്റിൽ അള്ളിപ്പിടിച്ചിരിക്കുന്നു. വെള്ളം മഞ്ഞാവുന്ന തണുപ്പത്ത് ചോര ഉറഞ്ഞു കട്ടിയാകാതെ ദില്ലി വിമാനത്താവളത്തിൽ പാതിജീവനോടെ വന്നിറങ്ങുന്നു.)

ഞാനുറഞ്ഞു കട്ടിയായ ഒന്നല്ല. 

അടിയൊഴുക്കുകൾ ഉപരിതലത്തിൽ മിന്നിമറിയുന്ന മനോനിലകൾ തീർക്കുന്നു. നമ്മൾ   സ്വയം  ആ ഇത്തിരിവെട്ടം മാത്രമായി തെറ്റിദ്ധരിക്കുന്നു. ചിതറിത്തെറിക്കുന്ന വെള്ളത്തുള്ളി ‘ആത്മപ്രതിഫലനത്തിലൂടെ’ തിരിഞ്ഞുനോക്കി  പുഴ എന്നിൽ നിന്നും ഉത്ഭവിച്ചതാണെന്ന് കഥമെനയുന്നു. 

ഈ പുഴ മുഴുവൻ  മഴപെയ്തു നിറഞ്ഞതാണെന്ന് നമുക്കറിയാം. ഒരു സ്പൂണിൽ, കരണ്ടിയിൽ അല്ലെങ്കിൽ ബക്കറ്റിൽ പുഴവെള്ളം കോരിയെടുത്ത്, അതിൽ നിന്ന് പുഴ ഒഴുകി തുടങ്ങുന്നതായി പറഞ്ഞാലോ? 

വ്യക്തി എപ്പോഴും സാമൂഹികതയിൽ നനഞ്ഞു കുതിർന്നിരിക്കുമ്പോഴും, നമ്മൾ അത് കൈക്കുമ്പിളിലെടുത്ത പുഴവെള്ളംപോലെ  ഉള്ളൊതുങ്ങിയതായി കരുതുന്നു. 

വ്യക്തിയെ തിരയോട് ഉപമിക്കാം. സന്തുലിതാവസ്ഥ കൈവിട്ട ശരീരഭാഗങ്ങളുടെ നിരന്തരമായ പുനഃക്രമീകരണമാണത്. ഓരോകണങ്ങളും പുറപ്പെട്ടു പോകുമ്പോഴേക്കും അതിനെ മറ്റൊന്ന് നികത്തുന്നു. ആഘാതം ശരീരത്തിന്റെ പുതിയ മേഖലകളിലേക്ക് വ്യാപിക്കുമ്പോഴും ‘തിര’ അതിന്റെ രൂപഭാവങ്ങൾ മാറാതെ കാക്കുന്നു. 

തിരയെ അതിന്റെ കണങ്ങളിലേക്ക് ഒതുക്കാൻ കഴിയുമോ? തിര അതിന്റെ ഒഴുക്ക് കൂടിയാണല്ലോ. കറക്കം വിട്ട് പമ്പരം എന്താണ്? പക്ഷെ കറങ്ങുന്നത് എന്താണ്? പമ്പരക്കറക്കം പമ്പരത്തണ്ടിലേക്ക് ചുരുക്കാൻ കഴിയുമോ?

ശരീരത്തെയും അതിന്റെ ഒഴുക്കിനെയും ഒറ്റയായല്ലാതെ, ഒന്നിച്ച് ചിന്തിക്കാൻ കഴിയില്ലേ? ഇടമുറിയാത്ത പോക്കുവരവുകൾക്കിടയിൽ രൂപമെടുക്കുന്ന പാറ്റേൺ ആണ് ശരീരം. ഒരു തിരപോലെ, അത് അതിനോട് തന്നെയുള്ള ബന്ധത്തിലൂടെ നിരന്തരം വ്യതിരിക്തത കൈവരിക്കുന്നു. അതിന്റെ ഓരോ കണത്തിലും ആ പാറ്റേൺ കുറിച്ചു വച്ചിട്ടുണ്ട്.

ഒരു ശരീരവും ലളിതമായ ഇരിപ്പിടത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഓരോന്നും ലോകത്തിൽ അന്യോന്യബന്ധിതവും ബാധിതവുമായിരിക്കുമ്പോൾ തന്റേതു മാത്രമായ ഇടം ഒരു പ്രഹേളിക മാത്രമാകുന്നു. ഒന്നിനെയും ഒരു സമയ-കാലത്തിലേക്ക് ചുരുക്കാൻ കഴിയാതെ വരുന്നു. 

ഒരിലയുടെ പച്ച ഇലയിൽ തിരഞ്ഞാൽ കിട്ടില്ല, അത് വെളിച്ചവും ഇലയും കണ്ണുമൊക്കെയുമായുള്ള പരസ്പര വിനിമയത്തിൽ കൂടിയാണ്. ഒരു മണിയടി ശബ്ദം അതിന്റെ കമ്പനത്തിൽ മാത്രം ഒതുങ്ങി നിൽക്കുമോ. 

എല്ലാം സമയ-കാലങ്ങളിൽ ആകുമ്പോൾ സമയ-കാലങ്ങൾ എല്ലാറ്റിനെയും ഉൾക്കൊള്ളാൻ പര്യാപ്തമായ പാത്രങ്ങളെ പോലെയാണ്. വസ്തുക്കൾക്ക് നമ്മൾ ഉണ്ടെന്ന് കരുതുന്ന മൂർത്തത സമയ-കാലങ്ങളുടെ അമൂർതതയിൽ ചാരിയാണ് കൈവരിക്കുന്നത്. സമയം മഞ്ഞു കട്ടപോലെ ഉറഞ്ഞു കട്ടിയായ നിമിഷങ്ങളുടെ നിരയാണെന്ന് ന്യൂട്ടോണിക്ക് ഫിസിക്സ് നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നു. പ്രപഞ്ചത്തെ അത് നിറവും മണവും രുചിയും ഒന്നുമില്ലാത്ത ഒറ്റയൊറ്റയയായ കണങ്ങളുടെ കൂമ്പാരമായി മാത്രം കാണുന്നു. 

മനുഷ്യബുദ്ധിയും തലച്ചോറും പ്രവർതിക്കുന്നതും ഒരു തിരയിളക്കം പോലെത്തന്നെയാണ്.നമ്മുടെ ചിന്തകൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. പുറത്ത് മഴപെയ്യുമ്പോൾ നമ്മുടെ മനോഗതങ്ങളും മാറുന്നു; നമ്മൾ നനയാതെ നനഞ്ഞു തുടങ്ങുന്നു. ശാരീരികമായ അസ്വാസ്ഥ്യങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, ഇവയെല്ലാം തലച്ചോറിനേയും ചിന്തയെയും ബാധിക്കുന്നുണ്ട്. എന്തിനധികം, ചിഹ്നങ്ങളും പ്രതീകങ്ങളും മതി ചിന്തയുടെ ഗതിമാറാൻ, നമ്മുടെ നിലതെറ്റാൻ. 

ഒരു സ്പൂണിൽ, കരണ്ടിയിൽ അല്ലെങ്കിൽ ബക്കറ്റിൽ പുഴവെള്ളം കോരിയെടുത്ത്, അതിൽ നിന്ന് പുഴ ഒഴുകി തുടങ്ങുന്നതായി പറഞ്ഞാലോ?

ദാ, എന്ന് പറയുമ്പോഴേക്കും ‘ഇപ്പോൾ’ കഴിഞ്ഞു പോയിട്ടുണ്ടാകും. എന്താണ് ഇപ്പോൾ? തൊട്ട് മുമ്പുള്ളതിന്റെ തനിയാവർതനം ആണെങ്കിൽ കാലം അനക്കമില്ലാതെ തളംകെട്ടി നിൽക്കുമായിരുന്നല്ലോ. കഴിഞ്ഞു പോയ നിമിഷങ്ങൾ നിരന്തരം മറ്റൊന്നായി പുനർജനിക്കുന്നു… വീണ്ടും തിരയടിക്കുന്നു.

നദി വെള്ളവും അതിന്റെ ഒഴുക്കും എല്ലാം ചേർന്നതാണ്. ഒരു നർതകിയുടെ ശരീരത്തിൽ നൃത്തം അലിഞ്ഞിരിക്കുന്നത് പോലെ. ചിലപ്പോൾ വരണ്ടുണങ്ങിയും മറ്റുചിലപ്പോൾ കരകവിഞ്ഞും ഒഴുകുന്ന പുഴ ഈ വ്യതിയാനങ്ങൾക്കിടയിലും അതിന്റെ ‘വ്യക്തിത്വം’ സൂക്ഷിക്കുന്നുണ്ടല്ലോ. മനുഷ്യർക് മാത്രമല്ല, നദികൾക്കും പർവതങ്ങൾക്കും നഗരങ്ങൾക്കും എല്ലാം എത്രമാറിയാലും മാറാതിരിക്കുന്ന ചിലതില്ലേ?

പുഴ വെള്ളവും ഒഴുക്കും മാത്രമല്ല. തിമർത് പെയ്യുന്ന മഴ, മണലൂറ്റ്, വെള്ളപ്പൊക്കം-  ഇവയെല്ലാം പുഴയുടെ ‘പുഴയലിനെ’ രൂപപ്പെടുത്തുന്നു. പുഴ നമ്മുടെ മനസ്സിലെ അമൂർതമായ പ്രതീകം മാത്രമല്ല, പുതുവഴികളിലൂടെ ഒഴുകുമ്പോഴൊക്കെ പുഴ സ്വയം അമൂർതീകരിക്കുന്നുണ്ട്. ജീവന്റെ തന്നെ ഈ ഒഴുക്കാണ് അതിന് ‘വ്യക്തിത്വം’ നൽകുന്നത്.

പാരസ്പര്യത്തിന്റെ ഒഴുക്ക്

ഒന്നിച്ച് പറക്കുന്ന പക്ഷിക്കൂട്ടത്തെ നോക്കൂ —
അതിന് നേതാവില്ല.
അയൽപക്ഷികളുടെ ചിറകടിക്കൊത്ത്
ഓരോന്നും വഴിമാറുന്നു,
എന്നാൽ ഒരുമിച്ച് മാറുന്നു.

തിരക്കേറിയ നഗരവീഥിയിൽ
ഒറ്റയ്ക്കും ഒരുമിച്ചും വഴിവെട്ടുന്ന യാത്രികരെപ്പോലെ.
ഓർക്കസ്ട്രയിൽ,
ഗിത്താറിന്റെ താളം
തബലവായനകാരനെയും പിയാനിസ്റ്റിനെയും മുന്നോട്ട് നയിക്കുന്നത് പോലെ.
ഒരു സംഭാഷണത്തെ മുന്നോട്ട് നയിക്കുന്ന
അദൃശ്യമായ പാരസ്പര്യം പോലെ.

ഒന്ന് പലതിലേക്ക് ചിതറുന്നു;
പലതും ഒന്നിലേക്ക് അടുക്കുന്നു.
ഒന്നും ഏകകാരണമല്ല;
എല്ലാം പാതി-കാരണങ്ങൾ മാത്രം.
“എന്തുമാകാം” എന്നതല്ല,
“എന്താകും” എന്ന് മുൻകൂർ അറിയാനും വഴിയില്ല.

വീണ്ടും വ്യക്തിത്വത്തിലേക്ക്

ഞാൻ കേട്ടിരുന്ന പ്രേതകഥകളുടെ ഓർമ, ശരീരത്തിനുള്ളിലെ ഉണർവ്, ഹൃദയമിടിപ്പിന്റെ വേഗം—ഇവയെല്ലാം ഒന്നിച്ചു ചേർന്ന് സംഭവത്തെ ഭയത്തിന്റെ ദിശയിലേക്ക് തിരിച്ചു വിടുന്നു.

കൂട്ടിയിണക്കിക്കെട്ടിയ കുറ്റിച്ചൂല് പോലെ,
ഒറ്റകൾ ഒന്നായി,
ഘടകങ്ങളുടെ പാരസ്പര്യത്താൽ
വ്യക്തിത്വം വീണ്ടും വീണ്ടും
പുനർനിർമിക്കപ്പെടുന്നു.
ഓരോ നിമിഷവും
നമ്മൾ
ഒരേ പാറ്റേണിൽ
സ്വയം മാറ്റി വരച്ചുകൊണ്ടിരിക്കുന്നു.

(ചിന്ത ജെൻ സി കലാപകാരികളിലേക്കും നേപ്പാളിലേക്കും വഴിമാറി. കലാപത്തിന്റെ വ്യാകരണം തേടുന്ന വാധ്യാൻമാരോട്: അതിൽ പഴയ വ്യാകരണം വച്ച് ആഖ്യയും ആഖ്യാതവും തേടിയിട്ട് ഒരു കാര്യവും ഇല്ല. കലാപത്തിന്റെ വ്യാകരണം അടിമുടി മാറിയിരിക്കുന്നു. നിങ്ങളുടെ അടിത്തറയും ഉപരിഘടനയും ഒന്നും അവിടെ പാകമാകില്ല. കലാപം പടരുന്നത് ഒരു വൈറൽ വീഡിയോ പോലെയാണ്.അയൽപക്ക ജെൻ സികളുടെ ചിടകടിക്കൊത്തു ഒറ്റയ്ക്ക്-ഒരുമിച്ച് വഴിവെട്ടുന്നവർ)

വ്യക്തി നിർമിതി

ഒരാൾ തന്നെ ഒരു കൂട്ടമാണ്. ഓരോ മനുഷ്യരും ഒരേ സമയം പല നിമിഷങ്ങളും അവയുടെ പാരസ്പര്യത്തിലൂടെ ഉരുത്തിരിയുന്ന ഒരു നിമിഷം കൂടിയാണ്. പല കൈവഴികൾ ചേർന്നൊരു നീർച്ചാൽ ഉണ്ടാകുന്നത് പോലെ.(വ്യക്തിനിർമിതിയുടെ ചരിത്രവഴികൾ)

പിൻ തിരിഞ്ഞു നോക്കുമ്പോൾ എണ്ണിയാൽ ഒടുങ്ങാത്ത ഉറവകൾ കാണാം. ഓരോ നിമിഷവും തൊട്ടടുത്ത നിമിഷത്തിന്റെ ബാക്കിയും വരാനിരിക്കുന്നതിന്റെ വിത്തിടലും കൂടിയാണ്. ഇത്തരം പല നിമിഷങ്ങളാണ് ഓരോ വ്യക്തിയുടെയും ജനിതകഘടകങ്ങൾ.  ഈ ഘടകങ്ങൾക്കിടലെ സൂക്ഷ്‌മ സംവേദങ്ങളിലൂടെയും അനുരണനങ്ങളിലൂടെയും’വ്യക്തിത്വം’ പുനഃസൃഷ്ടിക്കപ്പെടുന്നു. തെക്കൻ, വടക്കൻ, സൗമ്യൻ, ക്രൂരൻ ഇവയെല്ലാം ഇത്തരം ജനിതകഘടകങ്ങളുടെ ഇഴപിരിയലിലൂടെ  ഉരുത്തിരിയുന്ന ശൈലീഭേദങ്ങളാണ്.

ബാഹ്യപ്രേരണകളോട്  ഒരു കൂട്ടത്തിലെ ഓരോന്നും വേറിട്ടാണ് പ്രതികരിക്കുന്നത്. അപ്പോഴും ‘കൂട്ടം’ ഈ പ്രതികരണത്തെ പരുവപ്പെടുത്തുകയും പ്രതികരണം കൂട്ടത്തെ ദൃഢപ്പെടുത്തുകയും പരിണമിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു പക്ഷിയുടെയും ചിറകടിയും ദിശമാറ്റവും ഒരിക്കലും കൂട്ടം തെറ്റിയുള്ളതല്ല.ഇവിടെ ഓരോ ചിറകടിയും ദിശമാറ്റവും അന്യോന്യം ക്രമീകരിക്കുന്നതോടൊപ്പം അവയ്ക്കിടയിൽ ‘സാമ്യത’ യും സൃഷ്ടിക്കുന്നു.

സമൂഹവ്യക്തി

സാധാരണയായി നമ്മൾ വിരുദ്ധ ധ്രുവങ്ങളിൽ കാണുന്ന വ്യക്തി, സമൂഹം (സമൂഹ-വ്യക്തി) നമ്മുടെ സൗകര്യാർഥമുള്ള ഭാഷാപരമായ ചുരുക്കെഴുത്തുകൾ മാത്രമാണ്. വ്യക്തിയും സമൂഹവും അവയുടെ ചരിത്രപരമായ വേരുകളുടെ ജനിതകബന്ധത്തിന്റെ കൂട്ടു സൃഷ്ടിയാണ്. 

കൂട്ടത്തിൽ എല്ലാം ഒരുപോലെയാണോ? അവ തമ്മിൽ ഒരു ‘സാമ്യത’ ഉണ്ടെന്ന് കാണാം. ‘സാമ്യത’ സാമാന്യമായല്ല മനസ്സിലാക്കേണ്ടത്, പകരം ഒന്നിച്ച് നീങ്ങുമ്പോൾ ഓരോന്നും  തനത് വഴികളിൽ പൊതുവായ അടയാളങ്ങളെ പേറുന്നുണ്ട്.പക്ഷെ ഒരു വർഗത്തിലുൾപ്പെടുമ്പോൾ ഓരോ വ്യക്തിയും അതിന്റെ സവിശേഷവ്യക്തിത്വത്തെ കൈവിട്ട് ഒരു സാമാന്യനാമത്തിൽ ഒതുങ്ങുകയല്ലേ? അതേ!, പക്ഷെ എന്താണ് ഇതിൽ ‘സാമാന്യമായത്’?

ഊഹജ്ഞാനം (Abduction)

നമ്മുടെ നേരനുഭവങ്ങളിൽ നിന്ന് നമ്മൾ എത്തിച്ചേരുന്ന ചില അനുമാനങ്ങൾ ഉണ്ടാവും. പുക തീയെ ഓർമിപ്പിക്കുന്നതുപോലെ, മുഖഭാവങ്ങൾ, ചുരുട്ടിയ മുഷ്ടി—ഇവയെല്ലാം നമ്മെ ചില തീർപ്പുകളിലേക്ക് നയിക്കുന്നു.

തീർപില്ലാത്ത ഒരു ശുദ്ധകാഴ്ച അസാധ്യമാണ്. എല്ലാ കാഴ്ചയും ഒരേസമയം ഒറ്റയ്ക്കും ഒരുമിച്ചും ആണല്ലോ. കാഴ്ചകളുടെ ‘സാമാന്യമായ’ പൂരിപ്പിക്കൽ കാഴ്ചയോടൊപ്പം സംഭവിക്കുന്നുണ്ട്.

ഉയർന്ന് പൊങ്ങുന്ന ഒരു പന്ത്, അതിന്റെ പുറപ്പെട്ടിടത്തെയും പതിക്കാനിരിക്കുന്നിടത്തെയും കുറിച്ച് ധാരണ നൽകുന്നു.

ഓരോ മനുഷ്യരും ഒരേ സമയം പല നിമിഷങ്ങളും അവയുടെ പാരസ്പര്യത്തിലൂടെ ഉരുത്തിരിയുന്ന ഒരു നിമിഷം കൂടിയാണ്.

എന്നാൽ അതിന്റെ ഭൂതകാലവും ഭാവിയും അവിടെ സാക്ഷാൽസാന്നിധ്യമല്ല—അമൂർതമാണ്.

ആ വഴിയിലൂടെ നടക്കുമ്പോൾ തെന്നിവീഴുമെന്ന അറിവ് എനിക്ക് എവിടെ നിന്ന് കിട്ടി? നമ്മളെല്ലാം ഊഹിക്കാറുണ്ടല്ലോ. ഞാനും, വഴുക്കുള്ള നിലവും, വരാനിരിക്കുന്ന വഴുതിവീഴലും — എല്ലാം ഞൊടിയിടയിൽ തന്നെ നടന്നു. വർതമാനത്തോട് ഭൂതവും ഭാവിയും ചേർന്ന് അത് ചീർതുപോയിരിക്കുന്നു.

ഊഹവും അന്തർജ്ഞാനവും രണ്ടാണ്. ആദ്യത്തേതിൽ ഒരു തരത്തിലുള്ള കണക്ക് കൂട്ടലുണ്ട്.പക്ഷേ രണ്ടാമത്തേത് ഉടനടി നടക്കുന്ന പരകായപ്രവേശം പോലെയാണ്.

ഒരു ഗായകൻ ഗാനം തന്നെ ആകുന്നതുപോലെ, ചിത്രകാരൻ നിറങ്ങളിൽ മുഴുകി ജീവിക്കുന്നതുപോലെ — തീർതും അബോധമായൊരു ലയനം.

ശീലവ്യക്തി

തടാകത്തിൽ പതിക്കുന്ന കല്ലുകൾ തീർകുന്ന ഓളങ്ങൾ പരസ്പരം കലർന്ന്, ഒടുവിൽ പുതിയൊരു പാറ്റേൺ രൂപപ്പെടുന്നു. ശീലങ്ങളും അതുപോലെയാണ്.

രാത്രിയിൽ പുറത്തിറങ്ങുമ്പോൾ, ഒരു അജ്ഞാത ശബ്ദം ചെവിയിൽ പതിക്കുന്നു. ചുറ്റും ഇരുട്ട് പരന്നിരിക്കുന്നു. ഞാൻ കേട്ടിരുന്ന പ്രേതകഥകളുടെ ഓർമ, ശരീരത്തിനുള്ളിലെ ഉണർവ്, ഹൃദയമിടിപ്പിന്റെ വേഗം—ഇവയെല്ലാം ഒന്നിച്ചു ചേർന്ന് സംഭവത്തെ ഭയത്തിന്റെ ദിശയിലേക്ക് തിരിച്ചു വിടുന്നു.

ഇവിടെ സംഭവം വെറും “ശബ്ദം കേട്ടു” എന്ന ഒറ്റപ്പെട്ട കാര്യമായല്ല, മറിച്ച് ശബ്ദം + ഇരുട്ട് + ഓർമ + ശരീരാവസ്ഥ—ഇവയുടെ അന്തർബന്ധമാണ് സംഭവം.

ചിലപ്പോൾ ഒരിലയനക്കം, ചിലപ്പോൾ നത്തിന്റെ കരച്ചിൽ, മറ്റൊരിക്കൽ കുറുക്കന്റെ ഓരിയിടൽ, അല്ലെങ്കിൽ നിലാവിൽ തിളങ്ങുന്ന നദിജലം—ഓരോ തവണയും സംഭവത്തിന്റെ ഘടന മാറുന്നു. എങ്കിലും, ഫലം ആവർതിക്കുന്ന ഒരേ ഭയത്തിന്റെ ശീലമാണ്.

സംഭവം ഓരോ തവണയും വ്യത്യസ്തമായിരുന്നാലും, അവയെല്ലാം ചേർന്ന് ഭയത്തിന്റെ ആവർതിക്കുന്ന പാറ്റേൺ തീർക്കുന്നു.

ശീലങ്ങൾ വെറും ആവർതനങ്ങളല്ല; അവ വ്യക്തിയുടെ സ്വഭാവത്തെത്തന്നെ, വ്യക്തിയെത്തന്നെ, രൂപപ്പെടുത്തുന്ന ചരിത്രചലനങ്ങളാണ്.

പുഴ ഒഴുകുന്ന വഴികളാൽ പുഴയുടെ രൂപം നിർണയിക്കപ്പെടുന്നതുപോലെ, വ്യക്തിയും വിവിധ സംഭവവഴികളിലൂടെ, അവയുടെ ഇഴപിരിയലുകളും ചലനങ്ങളും ചേർന്ന് സ്വന്തം ജനിതക സ്വഭാവം (genetic character) കൈവരിക്കുന്നു. അതു നിലനിർതപ്പെടുകയും, പുതുക്കിപ്പണിയപ്പെടുകയും, ചിലപ്പോൾ പൂർണമായി മാറ്റപ്പെടുകയും ചെയ്യുന്നു.


Featured Image: Randy Jacob

Comments are closed.