മനുഷ്യസമൂഹം എങ്ങനെ നിലനിൽക്കുന്നു എന്നത് മനുഷ്യരാശിയോളം തന്നെ പഴക്കമുള്ള ഒരു ചോദ്യമാണ്. എന്നാൽ മനുഷ്യസമൂഹം എങ്ങനെ മാറുന്നു എന്നതും അത്ഭുതകരമാണ്. നിയമങ്ങൾ സമൂഹത്തെ നിലനിർത്തുമ്പോൾ ആചാരങ്ങൾ അതിന് രൂപം നൽകുന്നു. കടമകൾ അതിനെ ഒരുമിച്ച് നിർത്തുന്നു. കുടുംബം, മതം, ജാതി, രാഷ്ട്രം—ഇവ മനുഷ്യജീവിതത്തെ ഒരു ക്രമത്തിലേക്ക് കൂട്ടിയിണക്കുന്നു. എന്നാൽ ഒരു പുതിയ ലോകം ജനിക്കുന്നത് നിയമങ്ങളിൽ നിന്നല്ല. ഒരു പുതിയ ധാർമികത ഉദയം കൊള്ളുന്നത് ആചാരങ്ങൾക്ക് കുറുകെ ചരിത്രത്തിന്റെ ആഴങ്ങളിൽ നിന്ന് ചില അപൂർവ വ്യക്തികൾ തല ഉയർത്തുമ്പോഴാണ്. അവർ സമൂഹത്തിന്റെ അതിർത്തികൾ നിരന്തരം മാറ്റിവരക്കാൻ പ്രേരിപ്പിക്കുന്ന മൂർചയുള്ള വായ്ത്തലകളാണ്.
ഹെൻറി ബെർഗ്സൻ ഇവരെ നായകൻ, വിശുദ്ധൻ, മിസ്റ്റിക് എന്നീ പേരുകളിൽ വിളിക്കുന്നു. ഭാരതീയ ആത്മീയ പാരമ്പര്യത്തിൽ നാം അവരെ അവധൂതർ എന്നു വിളിക്കാറുണ്ട്. പേരുകൾ വ്യത്യസ്തമായാലും അവർ സൂചിപ്പിക്കുന്ന അനുഭവം ഒന്നുതന്നെയാണ്: ജീവൻ സ്വന്തം പരിധികളെ മറികടന്ന് പുതിയ സാധ്യതകളിലേക്ക് സ്വയം തുറക്കുന്ന നിമിഷം.
ബെർഗ്സന്റെ അഭിപ്രായത്തിൽ സമൂഹം പ്രധാനമായും രണ്ട് ഉറവിടങ്ങളിൽ നിന്നാണ് ഉരുവം കൊള്ളുന്നത്. ഒന്നാമത്തേത് കടമ, ശീലം, ബാധ്യത, സാമൂഹിക സമ്മർദം എന്നിവയാൽ കെട്ടപ്പെട്ട ‘അടഞ്ഞ ധാർമികതയുടെ’ (Closed Morality) ലോകമാണ്. ഇവിടെ “നമ്മൾ” എന്നൊരു വലയം രൂപപ്പെടുന്നു. കുടുംബം, സമൂഹം, മതം, രാഷ്ട്രം എന്നിവ മനുഷ്യരെ സംരക്ഷിക്കുകയും ഒരുമിച്ച് നിർത്തുകയും ചെയ്യുന്നതോടൊപ്പം അതിർത്തികളും സൃഷ്ടിക്കുന്നു.
രണ്ടാമത്തെ ഉറവിടം അതിലും വിചിത്രമാണ്. അത് കല്പിക്കുന്നില്ല; ആകർഷിക്കുന്നു. അത് നിർബന്ധിക്കുന്നില്ല; ക്ഷണിക്കുന്നു. ബെർഗ്സൻ ഇതിനെ തുറന്ന ധാർമികത (Open Morality) എന്നു വിളിക്കുന്നു. ഇത് നിയമങ്ങളിൽ നിന്നല്ല അസാധാരണ വ്യക്തികളിൽ നിന്നാണ് ജനിക്കുന്നത്. അവരുടെ ജീവിതം തന്നെ ഒരു വിളിയും ആഹ്വാനവുമാണ്. ഇവർ പുതിയ നിയമങ്ങൾ നൽകിയതുകൊണ്ടല്ല മഹത്തുക്കളായത്; മറിച്ച് മനുഷ്യജീവിതത്തിന് തന്നെ പുതിയ സാധ്യതകൾ തുറന്നുകൊടുത്തതിലൂടെയാണ്.
ഈ തുറവിയുടെ ഉറവിടത്തെ ബെർഗ്സൻ “സൃഷ്ടിപരമായ വികാരം” (Creative Emotion) എന്നാണ് വിളിക്കുന്നത്. ഇത് സന്തോഷമോ ദുഃഖമോ പോലുള്ള സാധാരണ വികാരങ്ങളോട് ചേർത്ത് മനസ്സിലാക്കരുത്. ഏതെങ്കിലും ഒരു വസ്തുവോ സംഭവമോ നമ്മളിൽ ഉളവാക്കുന്ന പ്രതികരണവുമല്ല. ലോകത്തിൽ അയാൾ ഒഴികെ മറ്റൊന്നും അവശേഷിക്കുന്നില്ല എങ്കിലും അയാൾക്ക് ലോകത്തോടുള്ള സ്നേഹം ബാക്കിയാകും. ആദ്യം അതൊരു ചലനമായി തുടങ്ങി, വാക്കുകളും ചിന്തകളുമായി, ഒടുക്കം പുതിയ മൂല്യങ്ങളും ജീവിതം തന്നെയായി മാറുന്നു.
ഇവിടെയാണ് മിസ്റ്റിക്കും ഭ്രാന്തനും തമ്മിലുള്ള അത്ഭുതകരമായ ബന്ധം പ്രത്യക്ഷപ്പെടുന്നത്. പുറമേ നോക്കുമ്പോൾ ഇരുവരും സാധാരണ ബോധത്തിന്റെ അതിർത്തികൾ മുറിച്ചുകടക്കുന്നവരായി തോന്നാം. ഇരുവരും സമൂഹത്തിന്റെ പതിവ് അളവുകോലുകൾക്കും ചിട്ടവട്ടങ്ങൾക്കും പുറത്തായിരിക്കും. എന്നാൽ അവർക്കിടയിൽ നിർണായകമായ ഒരു വ്യത്യാസമുണ്ട്. ഭ്രാന്തൻ മറ്റൊരു ലോകത്തിലേക്ക് കടക്കുന്നു, എന്നാൽ അവിടെ നിന്ന് തിരികെ വരാൻ അവന് കഴിയുന്നില്ല. മിസ്റ്റിക് അതേ വഴിയിലൂടെ സഞ്ചരിക്കുന്നതോടൊപ്പം ഈ ലോകത്തിലേക്കുള്ള മടക്കവഴിയും കണ്ടെത്തുന്നു. ഭ്രാന്തൻ വിഘടിക്കുന്നു; മിസ്റ്റിക് രൂപാന്തരപ്പെടുന്നു.
അവധൂതൻ ഈ രൂപാന്തരത്തിന്റെ അതിർത്തികളിൽ അധിവസിക്കുന്ന ഒരാളാണ്. അയാൾ സമൂഹത്തെ വെറുക്കുന്നില്ല. എന്നാൽ അത് അവസാന വാക്കാണെന്നും വിശ്വസിക്കുന്നുമില്ല. അയാൾ നിയമങ്ങൾക്കപ്പുറം ജീവിതത്തിന് മറ്റൊരു വിശാലതയുണ്ടെന്ന് നിരന്തരം നമ്മെ ഓർമിപ്പിക്കുന്നു.
എല്ലാവർക്കും അവധൂതനാകാൻ കഴിയില്ല. അപ്പോൾ സാധാരണ മനുഷ്യൻ എന്തുചെയ്യണം? ഇവിടെയാണ് ബെർഗ്സൻ “സുബോധം” (le bon sens) എന്ന ആശയം അവതരിപ്പിക്കുന്നത്. ഇത് സാമാന്യബോധത്തിന് അപ്പുറമുള്ള ജീവിത ജാഗ്രതയാണ്. സ്വന്തം വിശ്വാസപ്രമാണങ്ങളെപ്പോലും ചോദ്യം ചെയ്യാനുള്ള ധീരതയാണ്. അപരന്റെ അനുഭവങ്ങൾക്ക് കാതോർക്കാനുള്ള വിനയമാണ്. എന്നാൽ അപരന്റെ നോട്ടം അയാളെ അനുകരണത്തിലേക്കോ പ്രതികരണത്തിലേക്കോ തള്ളിവിടുന്നില്ല. നീച്ചയുടെ ഭാഷയിൽ ആ അവധൂത ജീവിതം പ്രതിപ്രവർത്തിക്കുന്ന ഒന്നല്ല; മറിച്ച് സ്ഥിരീകരിക്കുന്ന ഒന്നാണ് (affirmative, not reactive).
സുബോധം എന്നത് ജീവിതത്തോട് എപ്പോഴും തുറന്നിരിക്കുക എന്നതാണ്. വിശുദ്ധൻ ഈ തുറവിയുടെ പരകോടിയാണെങ്കിൽ സാധാരണ മനുഷ്യൻ അതിന്റെ ദൈനംദിന രൂപമാണ്. സൃഷ്ടിപരമായ വികാരം ഒരു തീപോലെയാണെങ്കിൽ, സുബോധം ആ തീയെ പ്രകാശമാനമാക്കുന്ന വിവേകമാണ്. ഇവിടെയാണ് സോക്രട്ടീസിനെ പോലുള്ള ചിന്തകർ പ്രാധാന്യമർഹിക്കുന്നത്. സോക്രട്ടീസ് സ്വയം ഒരു ചോദ്യവും ഒരു ചലനവുമാണ്. ഓരോ യഥാർഥ തത്ത്വചിന്തകനും സോക്രട്ടീസിനെ അനുകരിക്കുകയല്ല; പകരം പുതിയ ചോദ്യങ്ങൾ കണ്ടെത്തുന്നതിലൂടെ സോക്രട്ടീസായിത്തീരുകയാണ്. ഉത്തരങ്ങളല്ല, പകരം സോക്രട്ടീസ് തുടങ്ങിവച്ച ചോദ്യങ്ങളുടെ തുടർച്ചയായിത്തീരുകയാണ് ഓരോ ചിന്തകനും.
ഈ ചിന്തകൾ ദെല്യൂസിന്റെയും ഗത്താരിയുടെയും ലോകവുമായി അത്ഭുതകരമായ വിനിമയം നടത്തുന്നു. ജീവിതത്തെ സ്ഥിരമായ രൂപങ്ങളല്ല, മറിച്ച് സൃഷ്ടിപരമായ ചലനങ്ങളായി കാണുന്ന ബെർഗ്സന്റെ ദർശനം പിന്നീട് ദെല്യൂസിന്റെ ചിന്തയിൽ പുതിയ ഭാഷയും രൂപവും കണ്ടെത്തുന്നു. അവരുടെ ഭാഷയിൽ മനുഷ്യജീവിതം territorialization എന്ന പ്രക്രിയയിലൂടെ കുടുംബം, മതം, തൊഴിൽ, വ്യക്തിത്വം, രാഷ്ട്രം തുടങ്ങിയ ഇടങ്ങൾ സൃഷ്ടിക്കുമ്പോൾ deterritorialization എന്ന എതിർ ചലനത്തിലൂടെ ജീവിതം അത്തരം ഇടങ്ങളെ ഇളക്കുകയും അതിർത്തികളെ നിരന്തരം ഭേദിക്കുകയും ചെയ്യുന്നു.
ഒരു യഥാർഥ കലാകാരനും തത്ത്വചിന്തകനും വിശുദ്ധനും അവധൂതനും സ്വന്തം പലായനപഥം (line of flight) കണ്ടെത്തുന്നു. അത് ഈ ലോകത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, ലോകത്തോടൊപ്പം പുതിയ രീതിയിൽ ജീവിക്കാൻ തുടങ്ങലാണ്. നമ്മെ നിർവചിക്കുന്ന തിരിച്ചറിവുകൾക്കപ്പുറം ഒരു പുതിയ ജീവിതസാധ്യതയും മറ്റൊരു ലോകവും കണ്ടെത്തലാണ്.
മറ്റുള്ളവരുടെ അംഗീകാരങ്ങളും പ്രതീക്ഷകളും വിധികളും ചേർന്നാണ് സാധാരണ മനുഷ്യന്റെ ആത്മബോധം നിർമിക്കപ്പെടുന്നത്. കുടുംബം, മതം, രാഷ്ട്രം, തൊഴിൽ—ഇവയെല്ലാം നമ്മെ രൂപപ്പെടുത്തുകയും ഒരേസമയം ഒരു പ്രത്യേക രൂപത്തിൽ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. വിശുദ്ധനും അവധൂതനും ഈ ബന്ധങ്ങളെ പൂർണമായി നിഷേധിക്കുന്നില്ല; പക്ഷേ അവയുടെ ഗുരുത്വാകർഷണത്തിൽ നിന്ന് അല്പാല്പമായി തെന്നി മാറുന്നു. അതുകൊണ്ടാണ് അവർ സമൂഹത്തിന്റെ പുറത്തല്ല, അതിന്റെ അതിരുകളിലാണ് ജീവിക്കുന്നത്.
ദെല്യൂസിന്റെ ഭാഷയിൽ ഇത് ഒരിക്കലും പൂർത്തീകരിക്കാത്ത നിരന്തരമായ ആയിക്കൊണ്ടിരിക്കലാണ് (becoming). മനുഷ്യൻ ഒരു സ്ഥിരസത്തയല്ലെന്നും, അവനിൽ ഇനിയും സാക്ഷാത്കരിക്കപ്പെടാത്ത സാധ്യതകൾ ഒളിഞ്ഞുകിടക്കുന്നു എന്നുമുള്ള തിരിച്ചറിവാണ് അത്. അവധൂതന്റെ യാത്ര പുതിയൊരു “ഞാൻ” കണ്ടെത്താനുള്ള ശ്രമമല്ല; മറിച്ച് “ഞാൻ” എന്ന രൂപത്തെ തന്നെ വിശാലമായ ജീവചലനത്തിന് തുറന്നുകൊടുക്കാനുള്ള ശ്രമമാണ്. അതുകൊണ്ടാണ് അവധൂതൻ ഒരു വ്യക്തിയെക്കാൾ കൂടുതലായി ഒരു പ്രക്രിയയാകുന്നത്. അവൻ ഒരു ലക്ഷ്യസ്ഥാനമല്ല; ജീവിതം സ്വന്തം അതിരുകൾ കടന്നുപോകുന്ന ഒരു സഞ്ചാരരേഖയാണ്.
എന്നാൽ എല്ലാ പലായനവഴികളും (line of flight) സ്വാതന്ത്ര്യത്തിലേക്കുള്ള വഴികളാകണമെന്നില്ല. ചിലപ്പോൾ അവ തമോഗർത്തങ്ങളായി മാറാം. മനുഷ്യൻ എല്ലാ ബന്ധങ്ങളിൽ നിന്നും വേർപെട്ട് വിഘടനത്തിലേക്ക് വഴുതിവീഴാം. ഇവിടെയാണ് ദെല്യൂസിന്റെ “schizophrenic process” എന്ന ആശയവും ക്ലിനിക്കൽ സ്കിസോഫ്രീനിയയും തമ്മിലുള്ള വ്യത്യാസം പ്രധാനമാകുന്നത്. രോഗം ഒരു മാതൃകയല്ല. എന്നാൽ സമൂഹം നമ്മിൽ പതിപ്പിച്ച ഉറച്ച തിരിച്ചറിവുകളെയും കോഡുകളെയും കുടഞ്ഞെറിയുന്ന പ്രക്രിയ ഒരു സൃഷ്ടിപരമായ പരീക്ഷണമായേക്കാം. ദെല്യൂസും ഗത്താരിയും രോഗാവസ്ഥയെ മഹത്വവൽക്കരിക്കുന്നില്ല; മറിച്ച് രോഗത്തെ മാതൃകയാക്കാതെ അതിൽ പ്രകടമാകുന്ന അതിർത്തിഭേദനത്തിന്റെ ചലനത്തെ വിശകലനം ചെയ്യുകയാണ്. ഈ അർഥത്തിൽ അവധൂതനും വിശുദ്ധനും സമൂഹത്തിന്റെ പുറത്തല്ല നിൽക്കുന്നത്. അവർ സമൂഹത്തിന്റെ ഭാവിയുടെ അരികിലാണ് നിൽക്കുന്നത്. അവർ വരാനിരിക്കുന്ന സാധ്യതകളുടെ മുൻസൂചനകളാണ്. അവർ മനുഷ്യരാശിയുടെ തന്നെ വായ്ത്തലിലെ മൂർച്ചയാണ്.
ഒരുപക്ഷേ സത്യം എന്നത് ഇതുതന്നെയാകാം. അത് ഒരിടത്ത് കിടക്കുന്ന ഒരു വസ്തുവല്ല. അത് ഒരു യാത്രയാണ്. ഇന്ന് അസംബന്ധമോ ഭ്രാന്തോ ആയി തോന്നുന്ന ചില ജീവിതരൂപങ്ങൾ നാളെയുടെ ജ്ഞാനത്തിന്റെ മുൻസൂചനകളായേക്കാം. ബെർഗ്സൻ പറയുന്നതുപോലെ, സത്യം നമ്മിൽ വളരുന്നു. അതുകൊണ്ട് വിശുദ്ധനും അവധൂതനും തത്ത്വചിന്തകനും നമുക്ക് ഉത്തരങ്ങൾ തരുന്നില്ല. പകരം അവർ ഒരു തുറന്ന മനസ്സാണ്. ഒരു സഞ്ചരിക്കുന്ന ബോധമാണ്. നമുക്ക് പിടിതരാത്ത മറ്റൊരു ജീവിതവും സത്യവുമാണ്.
അവർ നമ്മോട് പറയുന്നത് ഒരേയൊരു കാര്യമാകാം:
ജീവൻ ഇതുവരെ പൂർത്തിയായിട്ടില്ല.
മനുഷ്യൻ ഇതുവരെ അവസാനിച്ചിട്ടില്ല.
ഇനിയും തുറക്കപ്പെടാനുള്ള അനേകം വാതിലുകൾ അവശേഷിക്കുന്നു.
Featured Image: Dewang Gupta
location: New Delhi, Delhi, India
കുറിപ്പുകൾ (Footnotes)
- ബെർഗ്സന്റെ “Closed Morality”, “Open Morality”, “Creative Emotion” എന്നീ ആശയങ്ങൾ Henri Bergson-ന്റെ The Two Sources of Morality and Religion എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്.
- Territorialization, Deterritorialization, Line of Flight, Becoming എന്നീ ആശയങ്ങൾ Gilles Deleuze, Félix Guattari എന്നിവരുടെ A Thousand Plateaus എന്ന ഗ്രന്ഥത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊള്ളുന്നത്.
അവലംബങ്ങൾ (References)
Bergson, Henri. The Two Sources of Morality and Religion. Trans. R. Ashley Audra and Cloudesley Brereton. University of Notre Dame Press.
Deleuze, Gilles, and Félix Guattari. A Thousand Plateaus: Capitalism and Schizophrenia. Trans. Brian Massumi. University of Minnesota Press.


Comments are closed.