യശസ്സുയർന്നവനേ, പോകൂ, നിന്റെ മരണത്തിന് മുൻപായി മരണം വരിക്കൂ…
പിന്നീടൊരിക്കലും മരണത്തിന്റെ വേദനയെ നീ അനുഭവിക്കുകയില്ല.,
പ്രകാശത്തിന്റെ വസതിയിൽ പ്രവേശികാനായി മരണപ്പെടൂ…
ഖബറിൽ ചെന്നവസാനിക്കുന്ന മരണത്തിൽ നിന്ന് വിടുതൽ നേടൂ…
-ജലാലുദ്ദീൻ റൂമി

മനുഷ്യർക്ക് തങ്ങളുടെ യഥാർത്ഥ മരണത്തിന് മുമ്പ് മരണത്തെ അനുഭവിക്കാൻ കഴിയുമോ? പൊതുവെ ആളുകൾ പറയാറുള്ളത് ജീവിതത്തിന്റെ അവസാനത്തിൽ മാത്രമേ മരണത്തെ അനുഭവിക്കാൻ കഴിയുകയുള്ളൂ എന്നാണ്. അതേസമയം, ‘മരണത്തിന് മുമ്പ് നീ മരണം വരിക്കുക’ എന്ന പ്രവാചക വചനത്തിന്റെ അകംപൊരുൾ വിവിധങ്ങളായ മത-തത്വചിന്താ പശ്ചാത്തലങ്ങളിൽ നിലനിൽക്കുന്നതായി കാണാം. എന്നാൽ, ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ സംഭവിക്കുന്ന യഥാർത്ഥ മരണത്തിന് മുമ്പ് എന്തിനാണ് ഒരാൾ മരണം വരിക്കുന്നത് ? ജീവിതത്തിന്റെ സജീവതയിൽ എന്താണ് യഥാർത്ഥത്തിൽ മരിക്കുന്നത്? സൂഫിസവും തെറവാദ ബുദ്ധിസവും ഈ ചോദ്യത്തെ അഭിമുഖീകരിക്കുന്നത് മനുഷ്യ നിലനിൽപ്പിന്റെ നശ്വരതയിലേക്കും ആത്മീയ പുരോഗതിയുടെ സാധ്യതകളിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ്. മരണത്തെ തടഞ്ഞുനിർത്തുന്നതിന് വേണ്ടിയല്ല അത്. മറിച്ച്, മരണം എന്ന യാഥാർത്ഥ്യത്തെ മുൻനിർത്തി പരിശുദ്ധമായ ഒരു നൈതിക ജീവിതത്തെ വിഭാവനം ചെയ്യുന്നതിന് വേണ്ടിയാണ്. നശ്വരതയെ നിർഭയത്വത്തോടെ നേരിടുന്ന ജീവിതമാണത്. നിരന്തരമായ മരണ സ്മരണയാണ് അതിന്റെ അന്ത:സത്ത. തീവ്രമായ ആത്മീയ പരിശീലനങ്ങളാണ് മരണസ്മരണ നിലനിർത്താൻ വേണ്ടി സൂഫിസവും ബുദ്ധിസവും മുന്നോട്ടുവെക്കുന്നത്. സാധാരണക്കാരനും മതപണ്ഡിതനും ഒരുപോലെ ബാധകമാണത്. എന്നാൽ, നാം മുമ്പ് സൂചിപ്പിച്ചത് പോലെ മരണസ്മരണ എന്നത് എപ്പോഴെങ്കിലും നടക്കേണ്ട ആത്മീയ പരിശീലനമല്ല. മറിച്ച്, ഒരു മനുഷ്യന്റെ ആത്മീയജീവിതത്തിൽ മർമ്മപ്രധാനമായ ധ്യാന പ്രവർത്തനമാണത്. അഥവാ, മരണസ്മരണയാണ് ആത്മാന്വേഷണ വഴിയിലെ പ്രധാന വഴികാട്ടി.

ഇസ്‌ലാമിക പാരമ്പര്യത്തിനകത്ത് മരണം (മൗത്ത്) എന്നത് ഒരുപക്ഷേ ജീവിതത്തിന്റെ അവസാനമായിട്ടാണ് വ്യവഹരിക്കപ്പെടുന്നത് എന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. എന്നാൽ മരണത്തെ നിശ്ചിത കാലത്തിന്റെ അവസാനം (അജൽ) എന്ന നിലക്കാണ് ഇസ്‌ലാം കാണുന്നത്. ദൈവത്തിന്റെ ആത്മാവ് (റൂഹ്) മനുഷ്യശരീരത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിലൂടെയാണ് ജീവിതം ആരംഭിക്കുന്നത്. ശാരീരിക മരണത്തിന്റെ (physical death) സന്ദർഭത്തിൽ അത് മനുഷ്യനിൽ നിന്ന് വേർപിരിയുകയും ചെയ്യുന്നു. മനുഷ്യജനനത്തിന്റെയും മരണത്തിന്റെയും ഉത്ഭവവും കാരണവും ദൈവം തന്നെയാണ്. അതേസമയം, ജീവിത സജീവതയിൽ തന്നെ മരണം വരിക്കേണ്ട ആത്മത്തെ (self) നിർണ്ണയിക്കുന്ന ഘടകമെന്താണ് എന്ന ചോദ്യത്തെ നഫ്‌സ് എന്ന വളരെ സങ്കീർണ്ണവും അവ്യക്തവുമായ പദത്തെ മുൻനിർത്തി അഭിമുഖീകരിക്കാൻ സാധിക്കും. ഇമാം ഗസ്സാലി രണ്ട് തരത്തിലുള്ള നഫ്‌സിനെക്കുറിച്ച് പറയുന്നുണ്ട്. അധമ നഫ്‌സാണ് അതിൽ ഒന്നാമത്തേത്. ലൗകികതയോടുള്ള ആഗ്രഹങ്ങളും കോപവും മുഴച്ചുനിൽക്കുന്ന നഫ്‌സാണിത്. ഒരു വ്യക്തിയിൽ ലൗകികതയെ ലക്ഷ്യം വെച്ചുണ്ടാകുന്ന എല്ലാ തരത്തിലുമുള്ള പ്രവർത്തനങ്ങളും അധമ നഫ്‌സിന്റെ പ്രേരണ കൊണ്ടാണ്. ഇമാം രണ്ടാമതായി പറയുന്നത് ഔന്നത്യാവസ്ഥയിലുള്ള നഫ്‌സിനെക്കുറിച്ചാണ്. മനുഷ്യന്റെ ശരിയായ യാഥാർത്ഥ്യവും ആത്മാവും സത്തയുമെല്ലാം പ്രതിഫലിപ്പിക്കുന്നത് ഈ നഫ്‌സാണ്. ആത്മത്തിന്റെ എല്ലാ തരത്തിലുമുള്ള ലൗകിക സ്വഭാവങ്ങളെയും (കോപം, വെറുപ്പ്, സമ്പത്തിനോടുള്ള ആഗ്രഹം, അസൂയ, കാമം തുടങ്ങിയവ) പ്രതിഫലിപ്പിക്കുന്ന അധമ നഫ്‌സ് ചിട്ടയായ ആത്മീയ പരിശീലനങ്ങളിലൂടെ പരിവർത്തനത്തിന് വിധേയമാവുകയും മരണത്തെയും ദൈവത്തെയും കുറിച്ച സ്ഥിരമായ ഓർമ്മയിലൂടെ (ദിക്ർ) വിലയനത്തിലെത്തിച്ചേരുകയും (ഫനാഅ്) ചെയ്യുന്നു. മരണത്തിനു മുമ്പുള്ള മരണം എന്ന ആത്മീയ അവസ്ഥയിൽ മരണം വരിക്കുന്ന ആത്മം (self) എന്നത് അധമ നഫ്‌സുമായി ബന്ധപ്പെട്ടതാണ്. അധമ നഫ്‌സിന്റെ മരണത്തിന് ശേഷം പിന്നീട് നിലനിൽക്കുന്നത് (ബഖാഅ്) ഇമാം ഗസ്സാലി വിശേഷിപ്പിച്ചതു പോലെ ഔന്നത്യാവസ്ഥ കൈവരിച്ച നഫ്‌സാണ്. അത്തരമൊരു നഫ്‌സിന്റെ ഉടമ സമ്പൂർണ്ണമായി ദൈവത്തിൽ ഭരമേൽപ്പിച്ചവനാണ്. അവൻ മരണത്തെ ഭയപ്പെടുകയോ ജീവിതത്തെ ഇഷ്ടപ്പെടുകയോ ചെയ്യില്ല. അതിതീവ്രമായ പ്രണയത്തിലൂടെയും ഭക്തിയിലൂടെയും അവൻ എത്തിച്ചേർന്നിരിക്കുന്നത് പരമമായ സമർപ്പണത്തിലും സംതൃപ്തിയിലുമാണ്.

തെറവാദ ബുദ്ധിസത്തിൽ മരണത്തെ മനസ്സിലാക്കപ്പെടുന്നത് ലൗകിക ജീവിതത്തിന്റെ അന്ത്യമായിട്ടാണ്. രണ്ട് തരത്തിലുള്ള മരണത്തെക്കുറിച്ച് ബുദ്ധിസത്തിൽ പറയുന്നുണ്ട്; സമയോചിതമായ മരണവും അകാലമരണവും. സമയോചിത മരണം ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ സംഭവിക്കുന്നതാണ്. എന്നാൽ ജീവിതത്തിന്റെ എല്ലാ സാധ്യതകളും നിലനിൽക്കുമ്പോൾ തന്നെ അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണമാണ് അകാലമരണമായി ബുദ്ധിസത്തിൽ മനസ്സിലാക്കപ്പെടുന്നത്. ബുദ്ധിസത്തെ സംബന്ധിച്ചിടത്തോളം മനുഷ്യ ജനനവും മരണവുമെല്ലാം മറ്റെല്ലാ പ്രതിഭാസങ്ങളെയും പോലെ കാരണവും അതിന്റെ പ്രതിഫലനവുമായി (cause and effect) ബന്ധപ്പെട്ട തത്വത്തിന് വിധേയമാണ്. അതിനാൽ തന്നെ അനശ്വരമായ ആത്മാവ് (permanent soul) എന്ന ആശയത്തെ യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത അപകടകരമായ ആശയമായിട്ടാണ് ബുദ്ധിസ്റ്റുകൾ കരുതുന്നത്. ഞാൻ. എന്റേത് എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകളിലേക്കാണ് അത് മനുഷ്യനെ ചെന്നെത്തിക്കുക. മാത്രമല്ല, ആത്മത്തിന് ആന്തരികമായ സത്തയുണ്ട് എന്ന വാദവും പ്രശ്‌നകരമാണ്. ബുദ്ധന്റെ വീക്ഷണപ്രകാരം അഞ്ച് സഞ്ചയങ്ങൾ (പദാർത്ഥം, വികാരം, അവബോധം, മാനസിക രൂപീകരണങ്ങൾ, സുബോധം) ഒരുമിച്ചു ചേർന്നാണ് ആത്മം നിലനിൽക്കുന്നത്. അവയാകട്ടെ, കാരണവും അതിന്റെ പ്രതിഫലനവുമായി ബന്ധപ്പെട്ട നിയമപ്രകാരം അസ്ഥിരമാണ്. അതുകൊണ്ടാണ് ശവശരീരങ്ങളെ മുൻനിർത്തിയുള്ള ധ്യാനപ്രവർത്തനങ്ങൾ ബുദ്ധിസത്തിൽ വളരെ പ്രാധാന്യപൂർവ്വം കൊണ്ടാടപ്പെടുന്നത്. ലൗകിക ജീവിതത്തിന്റെ നശ്വരതയാണ് ശവശരീരങ്ങൾ ധ്യാനിയെ ബോധ്യപ്പെടുത്തുന്നത്. മാത്രമല്ല, ആത്മാന്വേഷണത്തിന്റെ വഴിയിൽ ഏറെ പ്രാധാന്യമുള്ള ഒരു പാഠം കൂടി അവ ധ്യാനിയെ പഠിപ്പിക്കുന്നുണ്ട്. അഥവാ, മരണത്തിന് മുമ്പ് മരണം വരിക്കുക എന്നത് ശാശ്വതമായ ആത്മം എന്ന ആശയത്തെ മുൻനിർത്തിയുള്ള തെറ്റിദ്ധാരണകളിൽ നിന്ന് മോചനം നേടലാണ്.

ആത്മാന്വേഷണവുമായി ബന്ധപ്പെട്ട് വളരെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളാണ് ഇസ്‌ലാമും ബുദ്ധിസവും മുന്നോട്ടു വെക്കുന്നതെങ്കിലും ലൗകികമായ ബന്ധനങ്ങളാണ് മനുഷ്യന്റെ ആത്മീയ പുരോഗതിക്ക് പ്രധാന തടസ്സം എന്ന് രണ്ട് മതദർശനങ്ങളും പറയുന്നതായി കാണാം. ഇമാം ഗസ്സാലിയെ സംബന്ധിച്ചിടത്തോളം ആദ്ധ്യാത്മിക വഴിയിലെ പ്രധാന തടസ്സം അജ്ഞതയാണ്. നീണ്ട പ്രതീക്ഷകളും ലൗകികതയോടുള്ള ആർത്തിയുമാണ് അജ്ഞതയുടെ കാരണമായി ഇമാം ചൂണ്ടിക്കാണിക്കുന്നത്. നീണ്ട പ്രതീക്ഷകൾ എന്നതുകൊണ്ട് അൽ-ഗസ്സാലി അർത്ഥമാക്കുന്നതിതാണ്: വളരെ ദൈർഘ്യമേറിയതും ആരോഗ്യകരമായതുമായ ഒരു ജീവിതം ആസ്വദിക്കുക എന്ന പ്രതീക്ഷയാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. അത്തരമൊരു ഫാന്റസിയെ നിലനിർത്തുന്നതിന് വേണ്ടി നമ്മൾ സുഖത്തിന്റെയും സമ്പത്തിന്റെയും അധികാരത്തിന്റെയും പിറകെ സഞ്ചരിക്കുന്നു. എന്നാൽ അവയെല്ലാം യഥാർത്ഥത്തിൽ ക്ഷണികവും നൈമിഷികവുമാണെന്ന കാര്യം നമ്മൾ മറന്നുപോകുന്നു. ബുദ്ധനും സമാനമായ നിരീക്ഷണം മുന്നോട്ടുവെക്കുന്നതായി കാണാം. ലൗകികതയോടുള്ള ആർത്തിയിൽ നിന്നുണ്ടാകുന്ന ജീവിത നൈരാശ്യത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ‘ദു:ഖ’ എന്നാണ്. നൈമിഷികമായ സുഖങ്ങളോടുള്ള തേട്ടമാണ് അതിന്റെ പ്രധാനകാരണമായി ബുദ്ധൻ ചൂണ്ടിക്കാണിക്കുന്നത്. സൂഫി വീക്ഷണത്തിന് സമാനമായിക്കൊണ്ട് ബുദ്ധനും പറയുന്നത് അജ്ഞതയുടെ മൂടുപടം ഒരു തടസ്സമായി മുമ്പിൽ നിൽക്കുന്നതുകൊണ്ടാണ് ആത്മത്തിന്റെ യഥാർത്ഥ സത്തയെക്കുറിച്ച അറിവ് നമുക്ക് അനുഭവഭേദ്യമാകാത്തത് എന്നാണ്.

ബൗദ്ധ പാരമ്പര്യങ്ങളെല്ലാം ആഹ്വാനം ചെയ്യുന്നത് ആത്മത്തിന്റെ അയഥാർത്ഥ സ്വഭാവത്തെക്കുറിച്ച ഉൾക്കാഴ്ച്ച കൈവരിക്കാൻ വേണ്ടിയാണ്. അതേസമയം, സൂഫീ പാരമ്പര്യങ്ങളിലുടനീളം ലൗകികതയുമായുള്ള ബന്ധനങ്ങളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും നഫ്‌സിനെ വിമോചിപ്പിക്കാനുള്ള നിർദേശങ്ങൾ കാണാൻ സാധിക്കും. എന്നാൽ, രണ്ട് മതപാരമ്പര്യങ്ങളും മരണത്തിന് മുമ്പുള്ള മരണം എന്ന ആത്മീയാനുഭവത്തെ മുൻനിർത്തി ആത്മപരിശോധനയെക്കുറിച്ചും ആത്മവിസ്താരത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അഥവാ, സ്വന്തം നഫ്‌സിനോടുള്ള തീവ്രമായ യുദ്ധമാണ് ഒരു ആത്മാന്വേഷകൻ സാധ്യമാക്കേണ്ടത് എന്നാണ് ഇരു മതദർശനങ്ങളും ഒരുപോലെ പറയുന്നത്. ഇമാം ഗസ്സാലി തന്റെ ആത്മീയയാത്രയിലൂടെ അതാണ് സാധ്യമാക്കിയത്. തീവ്രമായ ആത്മവിചാരത്താൽ ഇമാമിന് സംസാരശേഷി പോലും നഷ്ടപ്പെടുകയുണ്ടായി. ബുദ്ധ സന്യാസിയായിരുന്ന അജാൻ ചാഹാകട്ടെ, ആത്മസംഭാഷണത്തിന്റെ രൂപത്തിലാണ് ആത്മവിചാരണ നടത്തുന്നത്. ഒരു ഘട്ടത്തിൽ അദ്ദേഹം ഭയചകിതനാവുകയും ശരീരം നിശ്ചലമാവുകയും ചെയ്യുന്നുണ്ട്. എന്തിനാണ് താൻ മരണത്തെ ഭയക്കുന്നത് എന്നാണ് പിന്നീടദ്ദേഹം അന്വേഷിക്കുന്നത്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തുത ആത്മവിചാരത്തിന്റെ തീക്ഷണമായ സന്ദർഭങ്ങളിൽ ഇമാമിന്റെയും, അജാൻ ചാഹിന്റെയും സംസാരശേഷി നഷ്ടപ്പെടുന്നു എന്നതാണ്. എന്നാൽ ആന്തരിക ശബ്ദത്തിന്റെ അനന്തമായ സാധ്യതകളിലേക്ക് രണ്ടുപേരും യാത്രതിരിക്കുന്നുണ്ട്. ചുരുക്കത്തിൽ, ആത്മീയാനുഭവത്തിന്റെ ആനന്ദത്തിലേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ ആത്മീയ വികാസത്തിന്റെ വഴിയിൽ തടസ്സമായി നിൽക്കുന്ന ആത്മത്തെ മരണത്തിന് വിധേയമാക്കേണ്ടതുണ്ട്.

ആത്മീയ മരണത്തെക്കുറിച്ച അറിവ് വളരെ പ്രധാനമാണ്. കാരണം, അതിലൂടെയാണ് മതപാരമ്പര്യങ്ങളുടെ പരിധികളെ മുൻനിർത്തി നൈതികജീവിതത്തിന്റെ സാധ്യതകൾ നിലനിൽക്കുന്നത്. ആത്മീയ മരണത്തിലൂടെ ഒരാൾക്ക് നൈതിക ജീവിതം സാധ്യമാവുകയും പുതിയൊരു കർതൃത്വ രൂപീകരണം നടക്കുകയും അതിലൂടെ ആത്മപരിഷ്‌കരണം യാഥാർത്ഥ്യമാവുകയും ചെയ്യുന്നുവെങ്കിൽ ആത്മീയ യാത്രയുടെ അനന്തതയിലേക്കുള്ള സഞ്ചാരത്തിന് തുടക്കം കുറിക്കപ്പെട്ടു എന്നുപറയാം. വിവിധങ്ങളായ അദ്ധ്യാത്മിക പാരമ്പര്യങ്ങളുടെ ചരിത്രത്തിലുടനീളം ആത്മീയ മരണത്തെക്കുറിച്ച വിശദാംശങ്ങൾ കാണാം.

എങ്ങനെയാണ് സാധാരണണക്കാരനായ ഒരാൾ ബുദ്ധ സന്യാസത്തിന്റെ വഴിയിലേക്ക് പ്രവേശിക്കുന്നതെന്ന് നാം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. സമ്പൂർണ്ണ പരിത്യാഗത്തിന് വേണ്ടി ആത്മീയ മരണത്തെ തെരെഞ്ഞെടുത്ത ബുദ്ധന്റെ വഴി തന്നെയാണ് അയാളും സ്വീകരിക്കുന്നത്. അതേസമയം, ഇമാം ഗസ്സാലിയുടെ ആത്മീയയാത്ര ആരംഭിക്കുന്നത് വളരെ സുരക്ഷിതമായ അധ്യാപകവൃത്തി ഉപേക്ഷിച്ച് യാത്ര തിരിക്കാനുള്ള ദൈവികവിളിയെ തുടർന്നാണ്. രണ്ടിലും സംഭവിക്കുന്നത് ലൗകികതയിൽ നിന്നുള്ള വിച്ഛേദനവും ആത്മീയതയിലേക്കുള്ള പ്രയാണവുമാണ്. മാത്രമല്ല, ഫ്‌ളഡ് സൂചിപ്പിച്ചതുപോലെ പാരമ്പര്യത്തെ ഉൾക്കൊള്ളുക, അഥവാ, പാരമ്പര്യത്തിന്റെ ആഖ്യാനത്തിനനുസരിച്ച് ജീവിതാഖ്യാനത്തെ ക്രമപ്പെടുത്തുക എന്ന സാധ്യതയെയും അതുൾക്കൊള്ളുന്നുണ്ട്.

ഡച്ച് ചരിത്രകാരനും തത്വചിന്തകനുമായ ഗെറാഡസ് വാൻ ഡെർ ലൂ എഴുതുന്നു: ‘മതം അനുശാസിക്കുന്നത് നമുക്ക് ലഭിച്ച ജീവിതത്തെ നാം അപ്പടി സ്വീകരിക്കണം എന്നല്ല. അതുപോലെ ജീവിതത്തെ അവസാനിപ്പിച്ചുകൊണ്ട് ആഗതമാകുന്ന മരണത്തെയും നിർവികാരത്തോടെ നാം സ്വീകരിക്കരുത് എന്നും മതം പറയുന്നുണ്ട്. ജീവിതത്തോടും മരണത്തോടുമുള്ള മിസ്റ്റിക്കലായ ഈ മനോഭാവം സൂഫിസത്തിലും ബുദ്ധിസത്തിലും വളരെ സജീവമായി നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ‘മരണത്തിന് മുമ്പ് നീ മരണം വരിക്കുക’ എന്ന വളരെ റാഡിക്കലായ ആത്മീയ നിർദേശത്തെ വിവിധങ്ങളായ മത-സാംസ്‌കാരിക-തത്വചിന്താ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നവർ ചരിത്രത്തിലുടനീളം ഉൾവഹിച്ചതായി കാണുവാൻ സാധിക്കും.


വിവർത്തനം: സഅദ് സൽമി
Featured Image: Snowstorm, Mont Cenis, 1820 by JMW Turner

Comments are closed.