“തേനീച്ചകൾ ഇപ്പോഴും ഭൂമിയിൽ കൂടുകൂട്ടുന്നുണ്ടോ?”
നൂറു വർഷത്തിൽ ഒരിക്കൽ മാത്രം കണ്ണുകൾ തുറക്കുന്ന രണ്ടു മലക്കുകൾ (മാലാഖ) ഭൂമിയെ നിരന്തരം നിരീക്ഷിക്കുന്ന മലക്കുകളോട് ചോദിക്കും.
“അതെ” അവർ മറുപടി നൽകി.
“ആടുകളുടെ അവസ്ഥ എന്താണ്? അവ പതിവുപോലെ പ്രസവിക്കുന്നുണ്ടോ? മത്സ്യങ്ങൾക്ക് കുഞ്ഞുങ്ങൾ പിറക്കുന്നുണ്ടോ?”
ജന്തുവർഗങ്ങൾക്കിടയിലെ പ്രജനന പ്രവർത്തനങ്ങളെല്ലാം തുടർന്നുപോരുന്നുണ്ട് എന്ന ഉറപ്പ് ലഭിക്കുന്നതോടെ “എങ്കിൽ ലോകാവസാനം അടുത്തിട്ടില്ല” എന്ന് മറുപടി നൽകി അവർ നൂറുവർഷം നീണ്ടുനിൽക്കുന്ന മൗനധ്യാനത്തിലേക്ക് മടങ്ങുന്നു.
ബോസ്നിയ ഹർസഗോവിനയിലെ മുസ്ലിംങ്ങൾക്കിടയിൽ ഏറെ പരിചിതമായ കഥയാണിത്. അന്ത്യദിനത്തിന്റെ ഗൗരവം ഉൾക്കൊണ്ട്, പ്രപഞ്ചത്തിന്റെയും മനുഷ്യ ജീവിതത്തിന്റെയും നശ്വരതയെ കുറിച്ചുള്ള ബോധ്യങ്ങൾക്കിടയിലൂടെ ജീവിക്കുമ്പോഴും, ഈ കഥ അവർക്കെപ്പോഴും പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരെക്കുറിച്ചുള്ള പരാമർശങ്ങൾ ഇല്ലെങ്കിലും പ്രകൃതിയുടെ മേലുള്ള മനുഷ്യരുടെ നശീകരണ പ്രവർത്തനങ്ങളിലേക്കും, അവസാന കാലത്ത് മനുഷ്യ സമൂഹം നിർവഹിക്കേണ്ട കർത്തവ്യങ്ങളിലേക്കും കഥയിൽ സൂചനയുണ്ട്. മൃഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുക വഴി ഭൂമിയുടെ സമകാലിക അവസ്ഥകളെ കണ്ടെത്താൻ മാർഗമുണ്ടെന്നുള്ള സൂചന കൂടി കഥ പകരുന്നുണ്ട്.
ഭൂമിയും സ്വർഗവും തമ്മിലുളള പരസ്പര ബന്ധവും, ഇതിനിടയിൽ മനുഷ്യൻ നിർവഹിക്കേണ്ട പ്രത്യേക പങ്കാളിത്തവുമാണ് കഥ മുന്നോട്ടു വയ്ക്കുന്ന നിർദേശം. വിവിധ ജന്തുക്കളുടെ നിലനിൽപ്പിനെ കുറിച്ചുള്ള മലക്കുകളുടെ ആവർത്തിച്ചുള്ള ചോദ്യം അവയുടെ നിലനിൽപ്പിലും വളർച്ചയിലും അല്ലാഹുവിനുള്ള പ്രത്യേക താൽപര്യത്തെ കുറിക്കുന്നുണ്ട്. കഥയിൽ ആശങ്കപ്പെടുന്ന ഭീഷണികളുടെ നിദാനം മനുഷ്യരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന, ഖുർആനിൽ ‘ഫസാദ്’ എന്ന് പ്രയോഗിച്ചിട്ടുള്ള നശീകരണ പ്രവർത്തനങ്ങളാണ്. ലോകത്തിന്റെ ഗതിയും സന്തുലിതാവസ്ഥയും നിർണയിക്കുന്നതിൽ ജന്തു ലോകത്തിന്റെ ഇടവും അവയുടെ ക്ഷേമവും വേറിട്ട് നിൽക്കുന്ന ഒരു കാര്യമല്ലെന്ന വസ്തുത നമുക്ക് ഇതിൽ നിന്ന് മനസിലാക്കാം. തേനീച്ചകൾ കൂടുകൂട്ടുന്നതിനെ കുറിച്ചാണ് മലക്കുകളുടെ ആദ്യ അന്വേഷണം. കഴിഞ്ഞ നാല് വർഷത്തോളമായി തേനീച്ചകളെ കുറിച്ചും, പ്രത്യേകിച്ചും ബോസ്നിയയിലെ പ്രതികൂല കാലാവസ്ഥയിൽ അവ പൂന്തേനും പൂമ്പൊടിയും തേടുന്ന രീതികളെ കുറിച്ചും ഞാൻ നിരീക്ഷിച്ചു വരുന്നുണ്ട്. ആന്ത്രപ്പോളജിയിലെ ഒരു എത്നോഗ്രഫിക്കൽ പഠനമെന്ന നിലയിൽ, ഫീൽഡ് അനുഭവങ്ങൾ ലഭിക്കുക എന്ന ഉദ്ദേശത്തോടെ ഒരു തേനീച്ച കർഷകയായി അവയുമായി അടുത്ത് സമ്പർക്കം പുലർത്തുകയും അവയുടെ ശീലങ്ങളെ അപഗ്രഥനം ചെയ്തു വരികയും ചെയ്യുന്നു.
ലോകരക്ഷിതാവ് (റബ്ബുൽ ആലമീൻ) എന്ന അല്ലാഹുവിന്റെ വിശേഷണത്തിന് കൂടുതൽ വ്യക്തതയും വിശദീകരണവും നൽകാൻ ഈ കഥക്ക് സാധിക്കുന്നുണ്ട്. ലോക ചരിത്രത്തിന്റെ മൂലകേന്ദ്രമായി മനുഷ്യനെ പ്രദർശിപ്പിച്ചിട്ടുള്ള ആധുനിക വ്യവഹാരങ്ങൾ പുതിയകാലത്തെ ഇസ്ലാമിക ചിന്തകളെയും സ്വാധീനിക്കുന്നുണ്ട്. ഈ പ്രവണത ഖുർആനിലെ സമ്പന്നമായ ജന്തുലോകത്തിന്റെ വിവരണങ്ങളെ അവഗണിക്കുന്നതാണ്. മനുഷ്യൻ മാത്രമല്ല പ്രകൃതിയിലെ മുഴുവൻ സൃഷ്ടികളും അവന്റെ കാരുണ്യത്തിലും നിരീക്ഷണത്തിലുമാണ് കഴിയുന്നത് എന്ന വസ്തുതതെയാണ് ‘റബ്ബുൽ ആലമീൻ’ എന്ന വിശേഷണം അറിയിക്കുന്നത്. മനുഷ്യന്റെ ഇന്ദ്രിയങ്ങൾ കൊണ്ട് കണ്ടെത്താൻ കഴിയാവുന്ന വിധം ദൈവത്തിന്റെ ഉണ്മയെ അറിയിക്കുന്ന നിരവധി അടയാളങ്ങൾ കൊണ്ടു പ്രസന്നമാണ് ഈ ലോകം. പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും ഈ വസ്തുതയെ കണ്ടെത്താൻ ദൈവം നിശ്ചയിച്ച വിവിധ മാർഗങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഓരോ ജീവിയും ദൈവീക വചനങ്ങൾക്ക് അവയുടെ രീതികളിൽ ഉള്ള സ്തുതികളിലൂടെയും ആരാധന ക്രമങ്ങളിലൂടെയും പ്രതികരിക്കുന്നുണ്ട്. എന്നാൽ മനുഷ്യ സമൂഹത്തിന്റെ പ്രകൃതത്തിലും ശേഷിയിലും പരസ്പര വിരുദ്ധതയും സങ്കീർണതയും ഉൾചേർന്നത് കൊണ്ടാണ് ഖുർആൻ പ്രത്യേകം മനുഷ്യരുമായി സംവദിക്കുന്നത്.
എന്റെ ഒരു സുഹൃത്ത് ഖുർആനിലെ ‘അൽ അൻആം’ അധ്യായത്തിൽ നിന്നുള്ള ഒരു സൂക്തം പരിചയപ്പെടുത്തി മനുഷ്യരും തേനീച്ചകളും തമ്മിലുള്ള സാദൃശ്യതകളെ കുറിച്ച് വിവരിക്കാറുണ്ട്. ‘അൽ അൻആം’ എന്ന അധ്യായം പ്രത്യേകമായി ജന്തുലോകത്തെ കുറിച്ചുള്ള വിവരണങ്ങളാണ്. “ഭൂമിയിൽ സഞ്ചരിക്കുന്ന മൃഗങ്ങളും ആകാശത്ത് പറക്കുന്ന പറവകളും നിങ്ങളെപ്പോലെ മറ്റൊരു സമൂഹം തന്നെയാണ്” എന്നർഥം വരുന്ന സൂക്തം നിരവധി വസ്തുതകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഓരോ ജന്തു സമൂഹത്തിനും അവരുടേതായ സംവേദന രീതികളും ആരാധന മുറകളുമുണ്ടെന്ന് ഈ സൂക്തം നമ്മെ ബോധ്യപ്പെടുത്തുന്നു. എല്ലാ ജന്തു വിഭാഗങ്ങളും ഓരോ ‘ ഉമ്മത്ത് ‘ആണെന്ന് വരുമ്പോൾ തേനീച്ചകളുടെ കാര്യത്തിൽ അവക്കിടയിലെ പ്രത്യേകമായ സാമൂഹിക ശ്രേണിയും സംഘാടനവും തേനീച്ചക്കൂട് നിർമാണത്തിലെ ശാസ്ത്രീയതയും ഖുർആനിൽ അവരെ കുറിച്ചുള്ള പരാമർശവുമൊക്കെ പരിഗണിക്കുമ്പോൾ തേനീച്ച കർഷകർ പറയുന്നതുപോലെ തേനീച്ചകളാണ് ജന്തുലോകത്തെ വിജ്ഞാനീയരും ആത്മവിശ്വാസമുള്ളവരുമെന്ന് നമുക്ക് തോന്നും. തേനീച്ചകൾക്ക് വേണ്ടതൊക്കെ അറിയാം എന്നത് തേനീച്ച കർഷകർക്കിടയിൽ എപ്പോഴും പറഞ്ഞു കേൾക്കുന്ന ഒരു സംസാരമാണ്.
തേനീച്ചകൾക്ക് അവയുടെ വാസസ്ഥലം ഒരുക്കുന്നതിനും ഭക്ഷണം തേടുന്നതിനും സഞ്ചാര പാതകളിലും അല്ലാഹുവിൽ നിന്നും ദിവ്യ നിർദേശം ലഭിക്കുന്നുണ്ടെന്ന് ഖുർആൻ പറയുന്നുണ്ട്. ‘സൂറത്ത് നഹൽ’ തേനീച്ചകളുടെ നാമത്തിലുള്ള ഖുർആനിലെ ഒരു അധ്യായമാണ്. ഈ അധ്യായത്തിലെ രണ്ട് സൂക്തങ്ങൾ ഇങ്ങനെയാണ്:
“നിങ്ങളുടെ ദൈവം തേനീച്ചകൾക്ക് നിർദേശം നൽകി, പർവതങ്ങൾക്കും വൃക്ഷങ്ങൾക്കും മനുഷ്യവാസ സ്ഥലത്തും നീ താമസം കണ്ടെത്തുക എല്ലാതരം ഫലങ്ങൾ പക്ഷിക്കുകയും നിന്റെ വളർച്ച എളുപ്പമായ വഴികൾ നീ സഞ്ചരിക്കുകയും ചെയ്യുക. വിവിധ നിറങ്ങളിൽ അവയുടെ വയറിൽ നിന്നും വരുന്ന പാനീയത്തിൽ മനുഷ്യ സമൂഹത്തിന് രോഗശമനമുണ്ട്. തേനീച്ചകളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഉണ്ട്”.
തേനീച്ച കർഷകരുമായുള്ള എന്റെ വർഷങ്ങളുടെ സമ്പർക്കത്തിനിടക്ക് മതവിജ്ഞാനത്തിൽ ആഴത്തിൽ അറിവ് നേടിയ പലരെയും കണ്ടുമുട്ടിയിരുന്നു. ചിലർ ഔദ്യോഗിക സേവനകാലത്തെ വിരമിക്കലിന് ശേഷം തേനീച്ച കൃഷിയിൽ ആഹ്ലാദം കണ്ടെത്തുന്നു. ചിലർ മതാധ്യാപകരാകുന്നതോടൊപ്പം തേനീച്ച കൃഷിയെ മുന്നോട്ടു കൊണ്ടു പോകുന്നു. സൂഫി പാത പിന്തുടരുന്ന ചില സാത്വിക പണ്ഡിതരും തേനീച്ചകളെ വളർത്തുന്നുണ്ട്. തേനീച്ചകളുമായി ബന്ധപ്പെട്ടുള്ള ഇസ്ലാമിക അധ്യാപനങ്ങളാണ് മതപണ്ഡിതരെ തേനീച്ച കൃഷിയിൽ തൽപ്പരരാക്കിയത്.
മനുഷ്യൻ, പ്രകൃതി, തേനീച്ച പോലുള്ള പ്രാണിവർഗങ്ങൾ തുടങ്ങിയവ തമ്മിലുള്ള പരസ്പര ബന്ധങ്ങളിൽ കാലാവസ്ഥാ വ്യതിയാനം (Climate change) മൂലമുണ്ടാകുന്ന വീഴ്ചകളെ കുറിച്ച് കർഷകരുമായുള്ള ഇടപഴകലുകൾ അറിവ് പകരുന്നുണ്ട്. പ്രകൃതിയിലെ സൂക്ഷ്മ ജീവികളും സസ്യങ്ങളും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം, ഭൂമിയുടെ പച്ചപ്പും ഹരിതാഭയും, വായുവിന്റെ ഗുണവും നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഇവയെ കുറിച്ചുള്ള പഠന ശാഖയായ പോളിനേഷൻ ഇക്കോളജിയെ, പുതിയ കാലത്തെ വെല്ലുവിളിയായ ആഗോള താപനം എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് പൊതുവെ നാം അഞ്ജരും അശ്രദ്ധരുമാണ്.
തേനീച്ചകളുടെ ലോകം ഒരേസമയം നയന ഹാരിയും, പ്രകൃതിയെ കുറിച്ചുള്ള സൂചനകളും അർഥങ്ങളും നൽകുന്നതുമാണ്. തേൻ ലഭ്യതക്കുറവ് അവസാന കാലത്തിന്റെ സൂചനയാണെന്നാണ് പരമ്പരാഗത തേനീച്ച കർഷകർ നൽകുന്ന മുന്നറിയിപ്പ്. ആധുനികവും പരമ്പരാഗതവുമായ രീതികൾ പ്രയോഗിച്ച് കർഷകർ തേൻ പരിപാലനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുമ്പോഴും കാലാവസ്ഥ വ്യതിയാനം ഒരു വില്ലനാകുന്നു. തേനീച്ചകൾക്ക് ലഭിക്കേണ്ട ഭക്ഷണ സ്രോതസ്സുകളുടെ ദൂരം ക്രമീകരിച്ചും സമൃദ്ധമായ വിവിധ തരം പൂച്ചെടികൾ നട്ടുപിടിപ്പിച്ചും അവർ ശ്രമങ്ങൾ നടത്തുകയുണ്ടായി. കാലാവസ്ഥ വ്യതിയാനം എന്നത് വിവിധ മാനങ്ങളുള്ള സങ്കീർണമായ ഒരു വിഷയമാണ്. ഔദ്യോഗിക അപഗ്രഥന രീതികൾക്കപ്പുറം സാധാരണ മനുഷ്യരുടെ അനുഭവങ്ങളും, പ്രകൃതിയുമായി അവർക്കുള്ള അടുത്ത ബന്ധവും ഇവിടെ പഠന വിധേയമാക്കേണ്ടതുണ്ട്.
ലോകാവസാനവും ശേഷകാല ജീവിതവും എന്നത് പലപ്പോഴും യാഥാർഥ്യത്തിൽ നിന്നും അകലെ നിൽക്കുന്ന ഒരു കാര്യമായി ഗണിച്ച് ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും അത്തരം മെറ്റാഫിസിക്കൽ ചർച്ചകൾക്ക് പ്രാമുഖ്യം നൽകാതെ വരുന്നത് കാണാം. വിനാശകരമായ അതിന്റെ സ്വഭാവം പരിഗണിച്ചുകൊണ്ട് ഇസ്ലാം മുന്നോട്ടുവെക്കുന്ന ചില മാനങ്ങളിലൂടെ ലോകാവസാനത്തെ നിരീക്ഷിക്കുകയാണ് എന്റെ ശ്രമം. ലോകാവസാനം എന്നത് ഇസ്ലാമിലെ അടിസ്ഥാന വിശ്വാസങ്ങളുടെ ഭാഗമാണ്. ആ വിശ്വാസം അവർക്ക് ജീവിതത്തെ കുറിച്ച് കൃത്യമായ ഒരു വീക്ഷണം നൽകുന്നുണ്ട്. ഇഹലോക ജീവിതത്തിന്റെ നശ്വരതയെ ഉൾകൊള്ളാൻ അതവരെ സഹായിക്കുന്നു. ആത്മവിചിന്തനത്തിനും ശിഷ്ട കാലത്ത് കൂടുതൽ നന്മകൾ ചെയ്യുന്നതിനും പ്രചോദിപ്പിക്കുന്നു. ഒരേ സമയം മരണത്തിന്റെ യാഥാർഥ്യവും, പരലോകത്ത് പ്രതിഫലം നൽകപ്പെടുമെന്നുള്ള പ്രതീക്ഷയും പകരുന്ന ഖുർആൻ വചനം അവരെ എപ്പോഴും മധ്യമ ഇടത്ത് നിർത്തുന്നു. അതവരെ പുളിയും മധുരവും രുചിപ്പിക്കുന്നു.
സുഹൃത്തും, സൂഫി ദർവീശുമായ സെജ്ദ് പറഞ്ഞ ഒരു കഥയിൽ ലോകാവസാനത്തെ കുറിച്ചുള്ള (eschatology) ആലോചനകൾ എന്താണ് പഠിപ്പിക്കുന്നത് എന്ന സൂചനയുണ്ട്: ഒരാൾ വളരെ ദൂരം നടന്ന് പ്രവാചക(സ)നെ തേടി വന്നു. പ്രവാചകന്റെ സന്ദേശങ്ങളും, പാഠങ്ങളും കേട്ടറിഞ്ഞതോടെ അന്ത്യദിനത്തെ കുറിച്ച് കൂടുതൽ അറിയുക എന്നതായിരുന്നു ലക്ഷ്യം. എന്താണ് അന്ത്യദിനം? അത് എപ്പോഴായിരിക്കും സംഭവിക്കുക? തുടങ്ങിയ ചോദ്യങ്ങൾ കേട്ട് പ്രവാചകൻ (സ) പുഞ്ചിരിച്ചു. ആ മനുഷ്യന് അന്ത്യദിനത്തിൽ വിശദാംശങ്ങൾ നൽകുന്നതിന് പകരം, തിരുനബി തിരിച്ച് ചോദിച്ചു: അതിനായി എന്താണ് തയ്യാറാക്കിയിരിക്കുന്നത്? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രവാചകൻ ആ മനുഷ്യന്റെ തികച്ചും യുക്തിസഹമായ ചോദ്യത്തെ ആ വിഷയത്തിന്റെ പ്രധാന ലക്ഷ്യത്തിലേക്ക് മാറ്റുകയാണ് ചെയ്തത്: അഥവാ അന്ത്യദിനം എന്ന ഉറപ്പ് എപ്പോൾ സംഭവിക്കും എന്ന് ദൈവത്തിനറിയാം. അതിന്റെ പശ്ചാത്തലത്തിൽ നിങ്ങളും, നിങ്ങളുടെ പ്രവർത്തനങ്ങളും നന്നാക്കുക എന്നതാണ് പ്രധാനം.
മരണാന്തര ജീവിതം അതുമായി ബന്ധപ്പെട്ട് വരുന്ന അസ്തിത്വവുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങളുടെ ആലോചനകളിലേക്കും ക്ഷണിക്കുന്നതോടൊപ്പം ‘എന്താണ് യാഥാർഥ്യം? എന്താണ് ശരിക്കും പ്രസക്തമായത്?’ തുടങ്ങിയ മെറ്റാഫിസിക്കൽ ചർച്ചകളിലേക്കും മനുഷ്യനെ നയിക്കുന്നുണ്ട്. ലോകത്തിന്റെ അവസ്ഥയും അതിന്റെ നാശവും അതിനുള്ള പ്രതിവിധിയുമെല്ലാം കണ്ടെത്തുന്നതിൽ മെറ്റാഫിസിക്കൽ ചർച്ചകൾക്ക് ശരിയായ പ്രാധാന്യമുണ്ട്. തുടക്കത്തിൽ പരാമർശിച്ച മലക്കുകളുടെ സംഭാഷണവും, ലോകാവസാനം എപ്പോഴാണെന്ന ചോദ്യത്തിന് പ്രവാചകൻ(സ) നൽകുന്ന മറുപടിയും മുന്നോട്ടു വെക്കുന്ന നിർദേശം, ലോകാവസാനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്ന നിലയിൽ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രസക്തമായത് പരലോക മോക്ഷത്തിന് വേണ്ടിയുള്ള പ്രസക്തമായ കാര്യങ്ങൾ ഇഹലോക ജീവിത കാലത്ത് ചെയ്തു തീർക്കുക എന്നതാണ്. തേനീച്ചയുടെ കൂടുകൂട്ടൽ പോലെ പ്രകൃതിയിലെ ജീവജാലകങ്ങൾക്ക് അവയുടെ നിലനിൽപ്പിനു വേണ്ടിയുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകുക എന്നത് അതിന്റെ ഭാഗമാണ്.
ലോകാവസാനത്തെ ചെറുക്കുക അല്ലെങ്കിൽ ദീർഘിപ്പിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം മറ്റുള്ളവയുടെ ജീവിതത്തിന് അവൻ പരിഗണനയും മൂല്യവും നൽകുക എന്നുള്ളതും പ്രകൃതിയോടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുകയും ചെയ്യുക എന്നുള്ളതാണ്. അങ്ങനെ നോക്കുമ്പോൾ മറ്റുള്ള ജീവികളുടെ നിലനിൽപ്പിൽ അല്ലാഹുവിനുള്ള താൽപര്യത്തെ കണ്ടെത്തുകയും മുഖവിലക്കെടുക്കുകയും ചെയ്യൽ അതിന്റെ പ്രധാനഭാഗമായി വരുന്നു. ആ നിലക്ക്, ലോകാവസാനത്തെ കുറിച്ചുള്ള ഇസ്ലാമിക പാഠങ്ങൾ പരിസ്ഥിതി സംരക്ഷണവും പ്രകൃതി പരിപാലനവുമായി വളരെ അടുത്ത് ബന്ധപ്പെട്ടു നിൽക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലോകാവസാനത്തെ കുറിച്ച് ഇസ്ലാം മുന്നോട്ടു വെക്കുന്നത് പ്രകൃതി-സൗഹൃദ പ്രപഞ്ച വീക്ഷണമാണ് (Eco-eschatological worldview).
2014 ജൂൺ മാസത്തിലാണ് തേനീച്ചകളുടെ അത്ഭുത ലോകത്തെ കുറിച്ച് ഞാൻ ആഴത്തിൽ പഠിച്ചു തുടങ്ങുന്നത്. അനിതര സാധാരണമായ ചില അനുഭവങ്ങളും കണ്ടെത്തലുകളുമാണ് ഒരു ഭാഗ്യമെന്നോണം എന്നെ അതിലേക്ക് നയിച്ചത്. 2014 മെയ് മാസത്തിൽ ബോസ്നിയയിൽ ഉണ്ടായ മൂന്നു ദിവസത്തെ അതിശക്തമായ പേമാരിയിൽ കൃഷിയിടങ്ങളും വ്യവസായശാലകളും വെള്ളത്തിൽ മുങ്ങി. ബോസ്നിയക്ക് പുറമെ സ്ലോവേനിയ, സെർബിയ, ക്രൊയേഷ്യ എന്നീ യൂഗോസ്ലാവിയൻ രാജ്യങ്ങളിലൂടെ ഒഴുകുന്ന സവാ നദി കരകവിഞ്ഞൊഴുകി. കുന്നിൻ പ്രദേശങ്ങളിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പല നാടുകളിലും ജനങ്ങൾ ഒറ്റപ്പെട്ടു. പാറക്കഷ്ണങ്ങളും മരത്തടികളും ചെളിയും ഞങ്ങളുടെ വീട് സ്ഥിതിചെയ്യുന്ന താഴ്ന്ന പ്രദേശങ്ങളിലേക്ക് കുത്തിയൊഴുകി. ഉരുൾപൊട്ടി പുതിയ നീർച്ചാലുകളും ഗർത്തങ്ങളും രൂപപ്പെട്ടു. ഒരു രാത്രി മുഴുവൻ വളരെ പണിപ്പെട്ടാണ് വഴിതെറ്റി ഒഴുകിയ ചളി നിറഞ്ഞ വെള്ളം ഞങ്ങളുടെ വീട്ടിൽ നിന്നും ഒഴിവാക്കിയത്. നിറഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളുടെ സാന്നിധ്യമുള്ളത് കൊണ്ട് ഉരുൾപൊട്ടൽ ഞങ്ങളുടെ വീടിനെ ഭാഗികമായി മാത്രമാണ് ബാധിച്ചത്.
1990 ലെ യൂഗോസ്ലാവ് യുദ്ധത്തേക്കാൾ നടുക്കുന്ന ഓർമകളാണ് ഇതെന്ന് ബോസ്നിയയിലെ സാധാരണ ജനങ്ങൾ പറയുന്നത്. യുദ്ധകാലത്ത് അവർക്ക് താങ്ങാനുള്ള ഇടവും പ്രകൃതിയിൽ നിന്നും ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളും അനുകൂലമായ കാലാവസ്ഥയുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ പേമാരി കാരണം കൃഷിയിടങ്ങൾ ഒലിച്ചുപോയി. കാലാവസ്ഥയിൽ കാര്യമായ വ്യതിയാനങ്ങൾ ദർശിച്ചു തുടങ്ങി. ജൂൺ മാസം പിറന്നപ്പോഴും മഴയുടെ ആധി തീരുന്നത് സംബന്ധിച്ച് ആർക്കും കൃത്യതയില്ല. സൂര്യന്റെ വെളിച്ചം കാണുമ്പോൾ പ്രതീക്ഷയോടെ ഞങ്ങൾ പുറത്തിറങ്ങും. ഉടനെ മഴ വർഷിക്കും. ഇതോടെ ഒരു തരം മുഷിപ്പ് ഞങ്ങളെ പിടികൂടി. അങ്ങനെയൊരു ദിവസം ഉച്ചകഴിഞ്ഞു വീടിന്റെ ടെറസിൽ ഇരിക്കുന്ന നേരം ഞാൻ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു. മെയ് മാസത്തിലുണ്ടായ പ്രകൃതി ക്ഷോഭങ്ങളെ എന്റെ ഗ്രാമം അതിജയിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. പച്ചപ്പും ഹരിതാഭയും തിരിച്ചുവരുന്നു. ഫലങ്ങളും പുഷ്പങ്ങളും തളിർത്ത് നിൽക്കുന്നു.
ആയിടക്ക് കൺകുളിർമയുള്ള ഒരു കാഴ്ച എന്റെ കണ്ണുകളിലുടക്കി. തോട്ടത്തിലെ പ്ലം ചെടിക്ക് ചുറ്റും തേനീച്ചകൾ വട്ടമിട്ട് പറക്കുന്നു. അവ കൂട്ടമായി വന്ന് കൂടൊരുക്കുന്ന തിരക്കിലാണ്. ഞാൻ ആശ്ചര്യപൂർവം ആ കാഴ്ചകളിലേക്ക് ഇറങ്ങി നടന്നു. എന്റെ അയൽവാസികൾ പരമ്പരാഗതമായി തേൻ കൃഷി നടത്തുന്ന കുടുംബമാണ്. കനത്ത മഴക്കിടയിൽ കിട്ടിയ കുറഞ്ഞ സമയം നോക്കി അയൽവാസിയുടെ തേൻ കൃഷിയിടം വിട്ട് പറന്നു വന്നതാകാം. ഇത്തവണത്തെ പേമാരിയിലും പ്രതികൂലമായ കാലാവസ്ഥയിലും തേനീച്ചകൾ കൂടൊരുക്കുമെന്ന് കർഷകരൊന്നും കരുതിയതല്ല. അതുകൊണ്ടുതന്നെ അയൽവാസികളെല്ലാം പശുവിന് പുല്ലെടുക്കുന്നതിന് വേണ്ടി അകലേക്ക് പോയതായിരുന്നു. പക്ഷേ തേനീച്ചകൾക്ക് ഏറ്റവും നല്ല സമയത്തെക്കുറിച്ച് കൃത്യമായ ജ്ഞാനമുണ്ട്. അവക്ക് കാലാവസ്ഥയെ പ്രവചിക്കാൻ അവരുടേതായ മാർഗങ്ങളുണ്ട്. അതനുസരിച്ചാണ് അവർ കൂടുകൂട്ടുന്നതും സീസണുകൾക്ക് അനുസരിച്ച് ഭക്ഷണം തേടുന്നതും. ഈ പേമാരി കാലത്ത് ക്ഷമയോടെ അവ കാത്തിരിപ്പിലായിരുന്നു. സാഹചര്യം അനുകൂലമായപ്പോൾ പൂർണ വിശ്വാസത്തോടെ അവ കൂടൊരുക്കുന്ന വഴികൾ തേടിയിറങ്ങി. പ്രതീക്ഷിച്ച പോലെ ശേഷ ദിവസങ്ങളിൽ തെളിഞ്ഞ മാനം ഞങ്ങളെ വരവേറ്റു. മുഷിപ്പിന്റെയും ആശങ്കയുടെയും കാർമേഘങ്ങൾ ദൂരേക്ക് മറഞ്ഞു. ഈ അനുഭവങ്ങൾ പകർന്ന ആശ്ചര്യത്തിനൊടുവിലാണ് തേനീച്ചകളുടെ വിസ്മയ ലോകത്തേക്ക് ഒരു കർഷകന്റെ വേഷത്തിൽ ഞാൻ ഇറങ്ങുന്നത്.
തുടർന്ന് വായിക്കാം: ആ മരം നട്ടുകൊൾക
[Beekeeping in the End Times എന്ന പുസ്തകത്തിന്റെ സംക്ഷിപ്ത വിവർത്തനം]

Beekeeping in the End Times
വിവർത്തനം: റാഷിദ് ഒ.കെ
Featured Image: Bianca Ackermann


Comments are closed.