മുസ്‌ലിം ലോകത്ത് സൗന്ദര്യം എന്ന ആശയം തത്ത്വചിന്തകർ, സൂഫികൾ, ദൈവശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ തുടങ്ങി സർഗ്ഗാത്മക തലങ്ങളിൽ ഇടപെടുന്നവർക്ക് കവിതകൾ മുതൽ മെറ്റാഫിസിക്സ് വരെയുള്ള വൈവിധ്യം നിറഞ്ഞ മേഖലകളിൽ സൃഷ്ടികൾക്ക് ജന്മം നൽകാൻ പ്രചോദനം നൽകിയിട്ടുണ്ട്. മനോഹരവും സംവേദനാത്മകവുമായ രചനകൾ എങ്ങിനെ സൃഷ്ടിക്കാം? (പോയറ്റിക്സ്) അല്ലെങ്കിൽ ബാഹ്യ സൗന്ദര്യം പ്രദർശിപ്പിക്കുന്നതിലെ പ്രായോഗിക വിധിവിലക്കുകൾ എന്തെല്ലാമാണ്? (കർമ്മശാസ്ത്രം) തുടങ്ങിയ പ്രായോഗിക ചോദ്യങ്ങളിൽ ചിലർ ശ്രദ്ധ ചെലുത്തിയപ്പോൾ, മറ്റുചിലർ ‘എന്താണ് സൗന്ദര്യം?’ എന്നതിനെക്കുറിച്ചുള്ള കൂടുതൽ സൈദ്ധാന്തിക ആലോചനകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവരിൽ ഏറ്റവും ശ്രദ്ധേയമായ സംഭാവനകൾ നൽകിയത് സൂഫികളും തത്ത്വചിന്തകരുമാണ്. സൂഫികൾ ദൈവത്തെ തങ്ങളുടെ സൗന്ദര്യം നിറഞ്ഞ പ്രണയഭാജനമായി കണ്ട് അവരുടെ ആന്തരിക ഗുണങ്ങൾ മനോഹരമാക്കി അവനുമായി അടുപ്പം തേടി. അതേസമയം തത്ത്വചിന്തകർ സൗന്ദര്യത്തെ ഉണ്മയുമായി ചേർത്തുള്ള ആലോചനകളിൽ മുഴുകി.

തത്ത്വചിന്ത (ഫൽസഫ), സൂഫിസം (തസവ്വുഫ്), ദൈവശാസ്ത്രം (കലാം) എന്നീ മൂന്ന് പ്രധാന ചിന്താധാരകളിലെ ചർച്ചകളിൽ സൗന്ദര്യ സങ്കൽപ്പത്തെക്കുറിച്ചുള്ള (ജമാൽ, ഹുസ്‌ന്) മുസ്‌ലിം ചിന്തകരുടെ വിശാലവും വൈവിധ്യം നിറഞ്ഞതുമായ പ്രതിഫലനങ്ങൾ കണ്ടെത്താനാവും. സൂഫി കവി റുസ്‌ബിഹാൻ ബാഖിലിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ആലോചനകൾ ഇത്തരം ശ്രദ്ധേയമായ ഇടപെടലുകളിലൊന്നാണ്. ഈ മൂന്ന് ചിന്താധാരകളെ കൃത്യമായി വേർതിരിക്കുന്ന അതിരുകളില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇമാം ഗസ്സാലിയെപ്പോലുള്ള പല പണ്ഡിതന്മാരും വ്യത്യസ്ത കാഴ്ചപ്പാടുകളെ സംയോജിപ്പിക്കുകയും ഇവയിലെല്ലാം ഒരുപോലെ ഇടപെടുകയും ചെയ്തിട്ടുണ്ട്.

“തീർച്ചയായും അല്ലാഹു സൗന്ദര്യമുടയവനാണ്, അവൻ സൗന്ദര്യത്തെ സ്നേഹിക്കുന്നു” (إِنﱠ ﷲَ ﺟَﻤِﯿﻞٌ ﯾُﺤِﺐﱡ اﻟْﺠَﻤَﺎلَ) എന്ന പ്രവാചക വചനത്തെ അടിസ്ഥാനമാക്കിയാണ് സൗന്ദര്യത്തെക്കുറിച്ചുള്ള മുസ്‌ലിം വ്യവഹാരങ്ങൾ പ്രധാനമായും വികസിക്കുന്നത്. ഈ ഹദീസ് (പ്രവാചക വചനം) തലമുറകളായി മുസ്‌ലിംകൾക്ക് പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങളിൽ സൗന്ദര്യത്തെ അന്വേഷിക്കുന്നതിനുള്ള പ്രോത്സാഹനമായി മാറി. അതോടൊപ്പം വൈയക്തിക തലത്തിൽ ദൈവത്തെ കണ്ടെത്തുന്നതിനായി ശാരീരിക ശുചിത്വവും, സൗന്ദര്യവും മുതൽ ധാർമ്മിക ഗുണങ്ങൾ മെച്ചപ്പെടുത്തൽ വരെയുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തന്നതിനുള്ള പ്രചോദനമായി മാറുകയും ചെയ്തു.

സൗന്ദര്യത്തെക്കുറിച്ചുള്ള മുസ്‌ലിം ആലോചനകളെ സ്വാധീനിച്ച മറ്റു ഹദീസുകളിലും ഖുർആൻ വാക്യങ്ങളിലും സൗന്ദര്യത്തെ സൂചിപ്പിക്കുന്ന ഹുസ്ന് എന്ന അറബി പദം കണ്ടെത്താനാവും. ഉദാഹരണമായി ‘ഏറ്റവും മനോഹരമായി സൃഷ്ടിച്ച അല്ലാഹു (ഖുർആൻ 23:14), മനുഷ്യനെ ഏറ്റവും മനോഹരമായ രൂപത്തിൽ നാം സൃഷ്ടിച്ചിരിക്കുന്നു (ഖുർആൻ 95: 4)’ എന്നീ ഖുർആൻ വാക്യങ്ങൾ മനോഹരം/സുന്ദരം എന്ന അർത്ഥത്തിൽ ഹുസ്ന് എന്ന പദം കാണാം. ഹദീസുകളിൽ പ്രധാനം പ്രവാചകർക്കും (സ) മലക് ജിബ്‌രീലിനും (അ) ഇടയിൽ നടന്ന ഒരു സംഭാഷണമാണ്. എന്താണ് ഇസ്‌ലാം എന്ന ചോദ്യത്തിന് മതത്തിന്റെ മൂന്ന് അടിസ്ഥാന മാനങ്ങൾ പ്രവാചകർ (സ) വിശദീകരിച്ചു: – ഇസ്‌ലാം (സമർപ്പണം), ഈമാൻ (വിശ്വാസം), ഇഹ്‌സാൻ (മനോഹരമായ/നന്മ നിറഞ്ഞ കാര്യങ്ങൾ ചെയ്യുക). ഇഹ്‌സാൻ എന്നതിന്റെ വിശദീകരണം “ദൈവത്തെ നിങ്ങൾ കാണുന്നതുപോലെ ആരാധിക്കുക, നിങ്ങൾ അവനെ കാണുന്നില്ലെങ്കിലും അവൻ നിങ്ങളെ കാണുന്നു” എന്നാണ്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ മുസ്‌ലിംകൾ സമർപ്പണം, വിശ്വാസം, നല്ല/സുന്ദരമായ ഉദ്ദേശ്യങ്ങൾ എന്നിവ വിശ്വാസത്തിന്റെയും ആരാധനയുടെയും പൂർണ്ണതയുടെ അല്ലെങ്കിൽ “സൗന്ദര്യവൽക്കരണ”ത്തിന്റെ താക്കോലായി കണ്ടു.

മുസ്‌ലിം സാംസ്കാരിക ഉൽപന്നങ്ങളിലേക്ക് തിരിഞ്ഞാൽ കവികൾ, സാഹിത്യകാരന്മാർ, ഖുർആൻ പാരായണം ചെയ്യുന്നവർ, കാലിഗ്രാഫി ചെയ്യുന്നവർ തുടങ്ങിയവർ സാഹിത്യം, ദൃശ്യ, ശ്രാവ്യ മേഖലകളിൽ സൗന്ദര്യം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച ഇന്ദ്രിയാനുഭൂതിക്കുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ചു. അതേസമയം തത്ത്വചിന്തകർ, ദൈവശാസ്ത്ര പണ്ഡിതർ, സൂഫികൾ തുടങ്ങിയവർ സൗന്ദര്യത്തിന്റെ പ്രകൃതത്തെ പ്രാഥമികമായി ധൈഷണിക തലത്തിൽ മനസിലാക്കുന്നതിനും തുടർന്ന് സൗന്ദര്യം നിറഞ്ഞ പ്രതിഭാസങ്ങൾക്ക് പിന്നിലെ തത്ത്വങ്ങൾ മനസിലാക്കി ഇന്ദ്രീയാനുഭവത്തിന് പുറത്തുള്ള ലോകത്തിലെ സൗന്ദര്യത്തെ അനുഭവിക്കുന്നതിനുള്ള പരിശ്രമത്തിലും വ്യാപൃതരായി.

സൗന്ദര്യത്തിന്റെ ആശയ തലത്തിലും, അനുഭവ തലത്തിലുമുള്ള സമീപനങ്ങളിൽ ഏറ്റവുമധികം വൈവിധ്യം പുലർത്തിയത് തത്ത്വചിന്തകരായിരുന്നു. റെട്ടറിക്, പൊയറ്റിക്സ്, ഒപ്റ്റിക്സ്, മ്യൂസിക് തുടങ്ങിയ മേഖലകളിൽ ഇവരുടെ അന്വേഷണം വ്യാപിച്ചു. സൂഫികൾ, ഒരു പരിധിവരെ ദൈവശാസ്ത്ര പണ്ഡിതർ, തത്ത്വചിന്തകർ എന്നിവർ മെറ്റാഫിസിക്സ്, കോസ്മോളജി, സൈക്കോളജി, എത്തിക്സ് എന്നീ മേഖലകളിൽ സൗന്ദര്യാന്വേഷണത്തിൽ ശ്രദ്ധ ചെലുത്തി. തത്ത്വചിന്തകരെ സംബന്ധിച്ചിടത്തോളം അനുഭവതലത്തിലുള്ള (കല, സാഹിത്യം, സംഭാഷണം മുതലായവ) സൗന്ദര്യത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ ദാർശനിക സത്യങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനുള്ള ഉപാധിയാണ്. ആരോൺ ഹ്യൂസിന്റെ അഭിപ്രായത്തിൽ തത്ത്വചിന്തകർ പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചത് സുന്ദരമായ ഒരു വസ്തുവുമായി കണ്ടുമുട്ടുക എന്ന മനുഷ്യന്റെ സൗന്ദര്യാത്മക അനുഭവത്തിലെ ഗ്രഹിക്കുക എന്ന പ്രക്രിയയിലാണ്.

മുസ്‌ലിം, ജൂത തത്ത്വചിന്തകർ സൗന്ദര്യശാസ്ത്രത്തെ സമീപിച്ചത്‌ ഇന്ന്‌ നമ്മൾ വിളിക്കുന്ന മൾട്ടി-ഡിസിപ്ലിനറി ആയ വീക്ഷണകോണുകളിലൂടെ ആയിരുന്നു എങ്കിലും എല്ലാവരുടെയും പൊതുവായ ആലോചന വ്യക്തിയുടെ ബുദ്ധിവികാസത്തിൽ സൗന്ദര്യത്തിന്റെ പങ്കായിരുന്നു. ഉദാഹരണമായി ഒരു വ്യക്തി മനോഹരമായ ഒരു വസ്‌തുവിനെ കണ്ടുമുട്ടുന്നു, അതിന്റെ ഫലമായി അറിയുന്ന വ്യക്തിയുടെ ആത്മാവും അറിയപ്പെടുന്ന വസ്‌തുവും തമ്മിൽ തുടർന്ന് നടക്കുന്ന ഇടപാടുകൾ എന്തെല്ലാമാണ്? ഈ ഇടപാടുകളാണ് വ്യക്തിയെ ഭൗതിക ലോകത്തിന്റെ ഭംഗി തിരിച്ചറിയാൻ സഹായിക്കുന്നത്.

മുസ്‌ലിം ലോകത്തെ തത്ത്വചിന്തകർ, ദൈവശാസ്ത്രജ്ഞർ, സൂഫികൾ എന്നിവർക്കിടയിൽ പൊതുവായുള്ള ആശയം ഏറ്റവും ഉന്നതമായ സൗന്ദര്യം ഏറ്റവും പൂർണ്ണത നിറഞ്ഞ സത്തയുടേതാണ് എന്ന ധാരണയാണ്. തത്ത്വചിന്തകർ ഇതിനെ നെസസറി ബീയിംഗ് അല്ലെങ്കിൽ ആദ്യത്തെ കാരണം എന്നും ദൈവശാസ്ത്ര പണ്ഡിതരും സൂഫികളും ദൈവം എന്നും വിളിക്കുന്നു. ഓരോ വിഭാഗവും ഉപയോഗിക്കുന്ന ഭാഷയും, സമീപനവും വ്യത്യസ്തമാണെങ്കിലും അവരുടെ ചർച്ചയുടെ പൊതുവായ ഉള്ളടക്കത്തെ ഇങ്ങനെ തരം തിരിക്കാം: ഓണ്ടോളജി (സൗന്ദര്യം ബീയിംഗിന്റെ പൂർണ്ണത എന്ന നിലയിൽ), തിയോളജി (സൗന്ദര്യം ദൈവത്തിന്റെ വിശേഷണം എന്ന നിലയിൽ), പ്രപഞ്ചോത്‌പത്തി സിദ്ധാന്തവും, പ്രാപഞ്ചിക വീക്ഷണവും (ലോകത്തിന്റെ ഉത്ഭവത്തിലും ,ഘടനയിലും സൗന്ദര്യത്തിന്റെ പങ്ക്), എത്തിക്സ് (നല്ല സ്വഭാവങ്ങൾ നേടുന്നതിലൂടെ ഒരാളുടെ ആത്മാവിനെ എങ്ങിനെ മനോഹരമാക്കാം), മനശ്ശാസ്ത്രം (മനുഷ്യാത്മാവിൽ സൗന്ദര്യത്തിന്റെ സ്വാധീനം).

ഓണ്ടോളജി

സൗന്ദര്യത്തെക്കുറിച്ചുള്ള ദാർശനിക വ്യവഹാരങ്ങളുടെ ഏറ്റവും അടിസ്ഥാന വശം ഓണ്ടോളജിയാണ്. ഉദാഹരണത്തിന്‌ അൽ ഫാറാബി വാദിക്കുന്നത് സൗന്ദര്യം “ഒരു വസ്തുവിന്റെ അസ്തിത്വത്തിന്റെ ഏറ്റവും മികച്ച അവസ്ഥയിലും അതിന്റെ ആത്യന്തിക പരിപൂർണ്ണത കൈവരിക്കുന്നതിലുമാണ്” കാണപ്പെടുന്നത് എന്നാണ്. സൗന്ദര്യത്തിന്റെ തീവ്രത എന്നത് ഒരു വസ്തുവിന്റെ ഒണ്ടോളജിക്കലായ പൂർണ്ണതക്ക് ആനുപാതികമാണ്. “ആദ്യത്തെതാണ് (ഫസ്റ്റ്/ നെസിസ്സറി ബീയിംഗ്) അസ്തിത്വത്തിന്റെ ഏറ്റവും മികച്ച അവസ്ഥയിലുള്ളത് എന്നതിനാൽ ആ സൗന്ദര്യം മറ്റെല്ലാത്തിന്റെയും സൗന്ദര്യത്തെ മറികടക്കുന്നു.” ഫാറാബി എഴുതുന്നു. ഇബ്നു സീനയുടെ (അവിസെന്ന) അഭിപ്രായത്തിൽ എല്ലാ പോരായ്മകളിൽ നിന്നും മുക്തമായ, എല്ലാ നിലയിലും തുല്യതയില്ലാത്ത ഒന്നിൽ മാത്രമേ സൗന്ദര്യമോ ശോഭയായ നിലനിൽക്കാൻ കഴിയുകയൊള്ളൂ. അഥവാ “ശുദ്ധമായ സൗന്ദര്യം ഉള്ളത് നെസസറി ബീയിംഗിന് മാത്രമാണ്. ആത്യന്തിക സൗന്ദര്യം പരിപൂർണ്ണ സത്തയിൽ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നതിനാൽ ഇത് ഭൗതിക ലോകത്ത് കണ്ടെത്താൻ കഴിയില്ല. കാരണം അപര്യാപ്തതയുടെയും അപൂർണ്ണതയുടെയും ലോകമാണത്” ഇബ്നു സീന കൂട്ടിച്ചേർക്കുന്നു.

ഇമാം ഗസ്സാലി (റ) സൗന്ദര്യത്തെക്കുറിച്ച് വ്യത്യസ്തമായ ഒണ്ടോളജിക്കൽ വീക്ഷണമാണ് മുന്നോട്ട് വെക്കുന്നത്: “ഓരോ വസ്തുവിനും അതിന്റേതായ രീതിയിൽ യുനീക്കായ പൂർണ്ണതയുണ്ട്, ഓരോന്നിന്റെയും സൗന്ദര്യം അതിന്റേതായ ഈ പൂർണ്ണതയെ എത്രത്തോളം യാഥാർത്ഥ്യമാക്കി എന്നതിനെ ആശ്രയിച്ചിരിക്കുന്നു”. ഓരോ വസ്തുവിന്റെയും സൗന്ദര്യം അതിന് അനുയോജ്യവും അതിലുണ്ടാകാൻ സാധ്യതയുള്ളതുമായ പൂർണ്ണത അനുസരിച്ചാണ്. സാധ്യമായ എല്ലാ പൂർണ്ണതകളും കൈവരിക്കുമ്പോൾ അത് സൗന്ദര്യത്തിന്റെ പരമാവധി പരിധിയിലായിരിക്കും. കുറവിനനുസരിച്ച് സൗന്ദര്യത്തിലും കുറവ് സംഭവിക്കും. കാഴ്ച്ച, ആകൃതി, നിറം, മനോഹരമായ ഓട്ടം, ആക്രമണത്തിലും പിന്മാറ്റത്തിലുമുള്ള കഴിവ് എന്നിവയെല്ലാം സംയോജിക്കുന്നതാണ് ഒരു കുതിരയെ സംബന്ധിച്ചിടത്തോളം അതിന്റെ സൗന്ദര്യം. അക്ഷരങ്ങളുടെ അനുപാതം, അവയുടെ വിന്യാസം, അവയുടെ ക്രമത്തിന്റെ ഭംഗി എന്നിവ ചേർന്ന് ഒരു സ്ക്രിപ്റ്റിന് അനുയോജ്യമായ എല്ലാം സംയോജിക്കുന്നതാണ് മനോഹരമായ സ്ക്രിപ്റ്റ്.

ഓരോ വസ്തുവിനും അനുയോജ്യമായ ഒരു പൂർണ്ണതയുണ്ട്. മറ്റൊന്നിന് ചേരുന്നത് ചിലപ്പോൾ അതിന്റെ വിപരീതമായിരിക്കും. അതിനാൽ ഓരോ വസ്തുവിന്റെയും ഭംഗി അതിന്റെ അനുയോജ്യമായ പൂർണ്ണതയിലാണ്. അതിനാൽ ഒരു കുതിരയെ മനോഹരമാക്കുന്ന വിശേഷണങ്ങൾ വെച്ച് മനുഷ്യൻ സുന്ദരനാവില്ല, ശബ്ദത്തെ മനോഹരമാക്കുന്നവയിലൂടെ ഒരു സ്ക്രിപ്റ്റോ, വസ്ത്രങ്ങളെ മനോഹരമാക്കുന്നവയിലൂടെ പാത്രങ്ങളോ മനോഹരമാവില്ല. ഇവിടെ ശ്രദ്ധേയമായ വസ്തുത, ഭൗതിക വസ്തുക്കളെ അതിന്റെ ആത്യന്തിക ഉറവിടത്തോട് -ദൈവം- ചേർത്ത് താരതമ്യപ്പെടുത്തുമ്പോൾ സൗന്ദര്യത്തിൽ അപൂർണ്ണമാണ് എന്ന് കണക്കാക്കുന്നതിന് പകരം ഓരോ കാര്യത്തിനും അതിന്റേതായ ആപേക്ഷികമായ പൂർണ്ണതയും സൗന്ദര്യവുമുണ്ട് എന്ന് ഗസ്സാലി ഇമാം നിരീക്ഷിക്കുന്നു. അതോടെ എയ്സ്തെറ്റിക്സിന്റെ മേഖലയിലേക്ക് പ്രവേശനം സാധ്യമാകുന്നു. അൽ-ഫാറാബി, ഇബ്നു സീന, ഇമാം ഗസ്സാലി എന്നിവരുടെ ഈ ചർച്ചകൾക്കെല്ലാം അടിത്തറ സൗന്ദര്യം എന്നത് ബീയിംഗിന്റെ പൂർണ്ണതയാണ് എന്ന സങ്കൽപ്പമാണ്.

ദൈവശാസ്ത്രം

ഖുർആനിൽ വിവരിക്കുന്ന ദൈവത്തിന്റെ ഏറ്റവും മനോഹരമായ നാമങ്ങൾ (അൽ അസ്മാ അൽ ഹുസ്ന) അടിസ്ഥാനത്തിലാണ് ദൈവശാസ്ത്ര പണ്ഡിതന്മാർ സൗന്ദര്യം എന്ന വിഷയത്തെ അഭിമുഖീകരിച്ചത്. അവർ ഖുർആനിൽ നിന്നും അല്ലാഹുവിന്റെ തൊണ്ണൂറ്റി ഒൻപത് നാമങ്ങൾ പട്ടികപ്പെടുത്തുകയും അവയെ സൗമ്യതയെ കുറിക്കുന്ന നാമങ്ങൾ (ലുത്ഫ്), ഗൗരവത്തെ കുറിക്കുന്ന നാമങ്ങൾ (ഖഹ്ർ) എന്നീ രണ്ട് ക്ലസ്റ്ററുകളാക്കി തിരിക്കുകയും ചെയ്തു. ദൈവത്തിന്റെ സൃഷ്ടികളുമായുള്ള ബന്ധത്തിന്റെ സ്വഭാവത്തെയാണ് ഈ നാമങ്ങൾ കുറിക്കുന്നത്. ഈ രണ്ട് വർഗ്ഗീകരണങ്ങളെ ആദാര്യം (ഫദ്ല്‍) – നീതി (അദ്ല്‍), അല്ലെങ്കിൽ കരുണ (റഹം) – കോപം (ഗദബ്) എന്നും വർഗ്ഗീകരിക്കാറുണ്ട്. ഉദാഹരണത്തിന്, ജീവൻ നൽകുന്നവൻ (മുഹ്‌യി) എന്ന പേര് ദൈവത്തിന്റെ സൗമ്യതയെയും, കാരുണ്യത്തെയും കുറിക്കുമ്പോൾ, മരണപ്പെടുത്തുന്നവൻ (മുമീത്) അവന്റെ ഗൗരവത്തെയോ, കോപത്തേയോ സൂചിപിപ്പിക്കുന്നു. ദൈവിക നാമങ്ങളെക്കുറിച്ചുള്ള ഈ വീക്ഷണം അനുസരിച്ച് സൗമ്യതയുടെ പേരുകൾ മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കുന്നതിനും അവനുമായി അടുപ്പം സൃഷ്ടിക്കുന്നതിനും ചെയ്യുന്നു. അതേസമയം ഗൗരവത്തെ സൂചിപ്പിക്കുന്ന നാമങ്ങൾ മനുഷ്യരിൽ ഭയത്തെ സൃഷ്ടിക്കുന്നു. ഈ രണ്ട് എതിർ സ്വഭാവത്തെ കുറിക്കുന്ന ദിവ്യ നാമങ്ങളെ സൗന്ദര്യത്തിന്റെ നാമങ്ങൾ (ജമാൽ)- ഗാംഭീര്യത്തിന്റെ നാമങ്ങൾ (ജലാൽ) എന്നും വിളിക്കാറുണ്ട്.

ദൈവത്തിന്റെ സുന്ദരവും ഗാംഭീര്യവും നിറഞ്ഞ രണ്ട് മാനങ്ങൾ സൂഫി ഗ്രന്ഥങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രമേയമാണ്. ഇമാം അൽ ഖുഷൈരി, ഇമാം ഗസ്സാലി, സംആനി, ഇബ്നു അറബി (റ) തുടങ്ങി സൂഫി ജ്ഞാനികളുടെ ദൈവനാമത്തെക്കുറിച്ചുള്ള വിശദീകരണങ്ങളിലും ദൈവശാസ്ത്രപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കൃതികളിലും ഇത് കാണാം. ദൈവിക വിശേഷണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ തത്ത്വചിന്തകരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. അവരുടെ പ്രധാന ആലോചനകൾ വിശേഷണങ്ങളും (സിഫാത്ത്) സത്തയും (ദാത്ത്) തമ്മിലുള്ള ഓണ്ടോളജിക്കലായ ബന്ധത്തെ കേന്ദ്രീകരിച്ചായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിന്റെ വിശേഷണങ്ങളും സത്തയും (ദാത്തും, സിഫാത്തും) ഒന്നുതന്നെയാണോ? അല്ല എങ്കിൽ ദൈവത്തിന്റെ ഏകത്വം എങ്ങിനെയാണ് നിലനിൽക്കുക?

ദൈവശാസ്ത്ര പണ്ഡിതർ ഖുർആനിലെ അല്ലാഹുവിന്റെ നാമങ്ങൾ വർഗ്ഗീകരിക്കുന്നതിലൂടെ ദൈവത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണകൾ ചിട്ടപ്പെടുത്താൻ ശ്രമിച്ചപ്പോൾ തത്ത്വചിന്തകർ പ്രധാനമായും ദൈവത്തിന്റെ സൗന്ദര്യത്തെ ഓണ്ടോളജിയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യാനാണ് ശ്രമിച്ചത്. ഇത് സൗന്ദര്യവും, ബീയിംഗും ഒന്നുതന്നെയാണ് എന്ന ബോധ്യത്തിലേക്കാൻ അവരെ നയിച്ചത്. അതേസമയം സൂഫികൾ തത്ത്വചിന്തകരുടെയും, ദൈവശാസ്ത്ര പണ്ടിതരുടെയും വീക്ഷണങ്ങളോട് ഏറെക്കുറെ യോജിച്ചുകൊണ്ട് തന്നെ മനുഷ്യജീവിതത്തിൽ ദൈവത്തിന്റെ മനോഹരമായ നാമങ്ങൾക്കുള്ള അർത്ഥമെന്താണ് എന്ന ചോദ്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആളുകൾ ദൈവികനാമങ്ങളിലെ മനോഹരമായ ഗുണങ്ങൾ പഠിക്കുകയും, വ്യക്തിജീവിതത്തിൽ ആവിഷ്കരിക്കുകയും ചെയ്യുന്നതിലൂടെ ആത്മാവിനെ മനോഹരമാക്കി മാറ്റണം എന്ന് അവർ ഓർമ്മിപ്പിച്ചു.

കോസ്മോളജി

കോസ്മോസ് എന്ന ഗ്രീക്ക് പദത്തിന്റെ യഥാർത്ഥ അർത്ഥം ക്രമം എന്നാണ്. പുരാതന ഗ്രീക്കുകാരെ സംബന്ധിച്ചിടത്തോളം സൗന്ദര്യത്തെ രൂപപ്പെടുത്തുന്നത് ഈ ക്രമമാണ്. സൗന്ദര്യത്തെക്കുറിച്ചുള്ള മുസ്‌ലിം തത്ത്വചിന്തകരുടെ വിശകലനങ്ങളിലും ഈ ഗ്രീക്ക് സ്വാധീനം കാണാനാവും. പ്രത്യേകിച്ചും പൈതഗോറിയനിസവും, നിയോപ്ലാറ്റോണിസവും.  ഇഖ്‌വാനുസ്സഫ എന്ന പേരിൽ പ്രസിദ്ധരായ പത്താം നൂറ്റാണ്ടിലെ അജ്ഞാതരായ ഒരു സംഘം തത്ത്വചിന്തർ രചിച്ച അൽ-റസാഇൽ എന്ന വിശാലമായ പഠനങ്ങളുടെ സമാഹാരത്തെ പൈതഗോറിയൻ, പ്ലാറ്റോണിയൻ ധാരണകളുടെ സംയോജനത്തിന്റെ ഉത്തമ ഉദാഹരണമായി എടുക്കാം.

നിയോപ്ലാറ്റോണിക് വശത്തെ സംബന്ധിച്ചിടത്തോളം, മനുഷ്യന്റെ സൗന്ദര്യാത്മക അനുഭവം സാർവത്രികവും സവിശേഷവുമായ ആത്മാക്കൾ തമ്മിലുള്ള പരസ്പര ബന്ധത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഇഖ്‌വാൻ വിശദീകരിക്കുന്നു. ഇന്ദ്രിയഗോചരമായ ഒരു വസ്തുവിൽ സൗന്ദര്യം കാണുന്നത് ആത്മാവിനെ അതിന്റെ ഉയർന്ന ഉത്ഭവത്തെ, അഥവാ യഥാർത്ഥ സൗന്ദര്യത്തിന്റെ മണ്ഡലത്തിൽ നിലനിൽക്കുന്ന സാർവത്രിക ആത്മാവിനെ ഓർമ്മപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണ്. അത്തരമൊരു അനുഭവം ആത്മാവിനെ അതിന്റെ ശാരീരികമായ അസ്തിത്വത്തിൽ നിന്നും യഥാർത്ഥ ഉത്ഭവസ്ഥാനത്തേക് മടങ്ങാൻ പ്രേരിപ്പിക്കുന്നു.

ഈ ആശയം പ്ലൂട്ടൈനിസിന്റെ Ennead ൽ നൽകുന്ന വിശദീകരണത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്: “ആത്മാവ്, അതിന്റെ പ്രകൃതിയിൽ അസ്തിത്വത്തിന്റെ ഉയർന്ന തലത്തിലുള്ള യാഥാർത്ഥ്യവുമായി ബന്ധപ്പെട്ടതായതിനാൽ, അതുമായി ബന്ധമുള്ള എന്തെങ്കിലും കണ്ടുമുട്ടുകയോ, അതിന്റെ യാഥാർഥ്യത്തിലേക്ക് സൂചന ലഭിക്കുകയോ ചെയ്യുന്നതോടെ അത് ആനന്ദപുളകിതമാവുകയും തന്നിലേക്ക് മടങ്ങുകയും, തന്നെയും സ്വന്തം ഉടമസ്ഥതയെ ഓർമിക്കുകയും ചെയ്യുന്നു.” പ്ലൂട്ടൈനിസിനും, ഇഖ്‌വാനുസ്സഫക്കും സൗന്ദര്യത്തിന്റെ യഥാർത്ഥ അനുഭവം ഭൗതിക ലോകത്തല്ല ഉള്ളത്. അതേസമയം ഗ്രാഹ്യമായ സൗന്ദര്യം ആത്മാവിനെ ഓർമപ്പെടുത്തുക എന്ന പ്രക്രിയയിലൂടെ അതിന്റെ യഥാർത്ഥ സൗന്ദര്യവുമായി താതാത്മ്യപ്പെടാൻ സഹായിക്കുന്നു.


തുടർന്ന് വായിക്കുക: സൗന്ദര്യാന്വേഷണം തുറക്കുന്ന ദൈവത്തിലേക്കുള്ള വഴികൾ

Featured Image: Meriç Dağlı
Location: Topkapı Palace, Turkey

Comments are closed.