സൗന്ദര്യത്തെക്കുറിച്ചുള്ള മുസ്‌ലിം ആലോചനകൾ എന്ന ലേഖനത്തിന്റെ തുടർച്ച

ധാർമ്മികതയും സൗന്ദര്യവും

മുസ്‌ലിം പണ്ഡിതന്മാരുടെ വീക്ഷണത്തിൽ സൗന്ദര്യത്തിന്റെ ആത്മ സാക്ഷാത്കാരം സാധ്യമാകുന്നത് എത്തിക്സിലൂടെയാണ്. ധാർമ്മികതയിൽ ഊന്നിയ ജീവിതം രൂപപ്പെടുത്തുന്നതിലൂടെ വ്യക്തി തന്റെ ജീവിതം സൗന്ദര്യ പൂർണ്ണമാകുന്നു. തത്ത്വചിന്തകരാണ് ഇസ്‌ലാമിക ലോകത്ത് എത്തിക്സ് ഒരു പഠനശാഖ ആയി സ്ഥാപിച്ചത് എങ്കിലും ധാർമ്മികത (ഇൽമുൽ അഖ്‌ലാഖ്‌), മര്യാദകൾ (അദബ്) എന്നിവ എല്ലാ വൈജ്ഞാനിക മേഖലകളിലുമുള്ള പണ്ഡിതന്മാരും ചർച്ച ചെയ്ത വിഷയങ്ങളാണ്. ‘ആത്മാവിനുള്ള മരുന്ന്’ എന്ന നിലയിലാണ് പലപ്പോഴും ധാർമ്മികത പരിഗണിക്കപ്പെട്ടത്. ഉദാഹരണമായി തത്ത്വചിന്തകനും, വൈദ്യശാസ്ത്ര പണ്ഡിതനുമായ അബൂബക്കർ അൽ-റാസി ആത്മീയ ഔഷധം (അൽ തിബ്ബ്‌ അൽ റൂഹാനി) എന്ന പേരിൽ എത്തിക്സിൽ ഒരു ഗ്രന്ഥം എഴുതി. ആത്മാവിനെ എങ്ങനെ നിയന്ത്രിക്കാം? അസൂയ, കോപം, ലൈംഗിക മോഹം തുടങ്ങിയ ആത്മാവിനെ ബാധിക്കുന്ന രോഗങ്ങളെ എങ്ങനെ ചികിത്സിക്കണം? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഗ്രന്ഥത്തിലെ പ്രതിപാദ്യം. എത്തിക്സിനെക്കുറിച്ചുള്ള ദാർശനികരുടെ ആലോചനകളുടെ ലക്ഷ്യം ആത്മാവിന്റെ ഉയർന്ന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന താഴന്ന സ്വഭാവങ്ങൾ നീക്കം ചെയ്ത് ആത്മാവിനെ ശുദ്ധവും, മനോഹരവുമാക്കുക എന്നതായിരുന്നു.

ആത്മാവിനെ നിയന്ത്രിക്കുകയും സൗന്ദര്യപ്പെടുത്തുകയും ചെയ്യുന്നതിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത് സൂഫികളായിരുന്നു. അവരുടെ അടുക്കൽ പ്രവാചകന്റെ ദൈവ സന്നിധിയിലേക്കുള്ള യാത്രയിൽ (മിഅറാജ്) ആ കാൽപ്പാടുകൾ പിന്തുടരാൻ വെമ്പുകയാണ് ആത്മാവ്. ആ പാതയിലെ ഓരോ ഘട്ടവും ആത്മാവിന്റെ ശുദ്ധീകരണവും, സൗന്ദര്യവൽക്കരണവുമാണ്. സൂഫി സാഹിത്യങ്ങൾ ധാർമ്മികതയെ വൈവിധ്യമാർന്ന വഴികളിലൂടെ സമീപിക്കുന്നുണ്ട്. അവയിൽ ഏറ്റവും സവിശേഷമായ ധാരയാണ് ‘ഫുതുവ്വ’. ശാരീരികമായ പരിശീലനങ്ങളിലൂടെ ആത്മാവിനെ ധാർമ്മികമായി രൂപപ്പെടുത്തുക എന്നതാണ് ഫുതുവ്വ എന്നത്കൊണ്ട് അർത്ഥമാക്കുന്നത്. ഔദാര്യം, ആത്മപരിത്യാഗം, വിനയം, സൗഹാർദം, പരസ്പര ബഹുമാനം തുടങ്ങിയ മനോഹരമായ സ്വഭാവങ്ങൾ സന്നിവേശിപ്പിക്കുന്നതിലൂടെ നല്ല വ്യക്തിത്വം രൂപപ്പെടുത്തുക എന്നതാണ് സൂഫികൾ നിർദ്ദേശിക്കുന്നത്. ഫുതുവ്വ എന്നതിന്റെ അർത്ഥം ‘യുവത്വം, യുവ പുരുഷത്വം’ എന്നെല്ലാമാണ്. മുകളിൽ പറഞ്ഞ മാതൃകാ ഗുണങ്ങളുള്ള ‘യുവാവിനെ’യാണ് (ഫതാ) അത് പ്രതിനിധീകരിക്കുന്നത്. ഖുർആൻ ഇബ്‌റാഹീം നബിയെയും (അ), യൂസുഫ് നബിയെയും ഫതാ എന്ന് വിളിക്കുന്നതിനാൽ സൂഫി വ്യവഹാരങ്ങൾ ഈ പ്രവാചകന്മാരെയും അതോടൊപ്പം അസ്ഹാബുല്‍ കഹ്ഫിനെയും മാതൃകാ യുവാക്കളായി മുന്നോട്ട് വെക്കുന്നുണ്ട്.

ഫുതുവ്വയെക്കുറിച്ച് എഴുതിയ പ്രമുഖ സൂഫികളിൽ അസ്സുലമിഷിഹാബുദ്ധീൻ ഉമർ അൽ സുഹ്രവർദിഇബ്നുൽ അറബി (റ) എന്നിവർ ഉൾപ്പെടുന്നു. അടിസ്ഥാനപരമായി ഒരു പ്രായോഗിക ശിക്ഷണ പദ്ധതി ആണെങ്കിലും, ഫുതുവ്വയുടെ ആശയങ്ങൾ അടിവരയിടുന്നത് ദൈനംദിന ജീവിതത്തിൽ ദൈവമല്ലാതെ അഹംഭാവം അടക്കം മറ്റൊന്നിനും പ്രാധാന്യം നൽകാതെയുള്ള തൗഹീദിനോടുള്ള (ഏകദൈവ വിശ്വാസം) സമൂലമായ പ്രതിബദ്ധതയാണ്. പരസ്പരമുള്ള ഇടപാടുകളിൽ അഹംഭാവത്തെ ത്യജിക്കുന്നതിലൂടെ സൂഫികൾ ദൈവത്തിനുവേണ്ടി സ്വന്തം പ്രിയപ്പെട്ട മകനെ ബലിയർപ്പിക്കാൻ തയ്യാറായ ഇബ്‌റാഹീം നബിയുടെ (അ) മാതൃക പിന്തുടർന്ന് ധാർമ്മികത ജീവിതത്തിൽ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നു.

പൊതുവായി പറഞ്ഞാൽ സൂഫി ധാർമ്മികത ‘ദൈവത്തിന്റെ സ്വഭാവ സവിശേഷതകളെ സ്വായത്തമാക്കുക’ (തഖല്ലുക് ബി അഖ്ലാഖില്ലാഹ്) എന്ന പ്രവാചക വചനത്തിലെ ആശയത്തെയാണ് പിന്തുടരുന്നത്. ദൈവത്തിന്റെ ഏറ്റവും മനോഹരമായ നാമങ്ങളുടെ ആന്തരികവൽക്കരണം എന്നാണ് സൂഫികൾ അതിന് നൽകുന്ന വിശദീകരണം. ഈ ആശയത്തെ വിശദീകരിച്ചുകൊണ്ട് ഗസ്സാലി ഇമാം മറ്റൊരു പ്രവാചക വചനം കൂടെ ഉദ്ധരിക്കുന്നുണ്ട്: “ദൈവത്തിന് തൊണ്ണൂറ്റി ഒൻപത് സ്വഭാവഗുണങ്ങളുണ്ട്: അവയിൽ ഒരു സ്വഭാവഗുണം സ്വായത്തമാക്കിയവൻ തീർച്ചയായും സ്വർഗ്ഗത്തിൽ പ്രവേശിക്കും.”

സൗന്ദര്യവും മനഃശാസ്ത്രവും

സൈക്കോളജി (ഇൽമുന്നഫ്സ്) തത്ത്വചിന്തയുടെ ഒരു ഉപമേഖലയാണ് എന്നതിനാൽ തത്ത്വചിന്തകർ പലപ്പോഴും സൗന്ദര്യത്തെ വിശകലനം ചെയ്യുന്നത് മനഃശാസ്ത്രപരമായാണ് എന്ന് കാണാം. വിവിധതരം പ്രണയങ്ങളെ വിശദമായ വിശകലനം ചെയ്യുന്ന രിസാല ഫിൽ ഇഷ്ക് എന്ന പ്രബന്ധത്തിൽ ഇബ്നു സീന സൗന്ദര്യത്തിന്റെ മനഃശാസ്ത്രം അന്വേഷണ വിധേയമാക്കുന്നുണ്ട്. മിക്ക മുസ്‌ലിം ചിന്തകരും സ്വീകരിച്ച അരിസ്റ്റോട്ടിലിയൻ മനഃശാസ്ത്രത്തെ പിന്തുടർന്നുകൊണ്ട് ഇബ്നു സീന ആത്മാവിനെ പല തരങ്ങളായി വിഭജിക്കുന്നുണ്ട്. അവയിൽ ഓരോന്നും സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ, മാലാഖമാർ എന്നിവയുടെ താഴ്ന്ന ഗുണങ്ങൾ ഉൾക്കൊള്ളിക്കുന്നുണ്ട്. ഇവയിൽ ഓരോന്നിനും അവയുടെ പ്രകൃതിയോട് ചേർന്ന പ്രണയവുമുണ്ട്

ഇബ്നു സീനയുടെ അഭിപ്രായത്തിൽ മൃഗങ്ങളിൽ പ്രത്യക്ഷ സൗന്ദര്യവും, മനുഷ്യരിൽ ധൈഷണിക സൗന്ദര്യവുമാണ് സ്നേഹത്തിന് കാരണമാകുന്നത്. പ്രത്യക്ഷ സൗന്ദര്യത്തെ സ്നേഹിക്കുന്നത് മനുഷ്യരെ മൃഗങ്ങളുടെ നിലവാരത്തിലേക്ക് താഴ്ത്തുന്നുവെന്നും, ധൈഷണികമായ സൗന്ദര്യത്തെ സ്നേഹിക്കുന്നത് ആത്മാവിനെ അതിന്റെ ഏറ്റവും ശ്രേഷ്ഠമായ തലത്തിലേക്ക് ഉയർത്തുന്നുവെന്നും അദ്ദേഹം വാദിക്കുന്നു. ധൈഷണിക സൗന്ദര്യം മനുഷ്യന് ‘ആത്യന്തിക നന്മയുമായി’ (നെസസറി ബീയിംഗ്/ദൈവം) അടുക്കാനുള്ള ആദ്യപടി ആയി വർത്തിക്കുന്നുവെന്ന അദ്ദേഹത്തിന്റെ അടിസ്ഥാന ധാരണയിൽ നിന്നാണ് അത്തരമൊരു കാഴ്ചപ്പാട് രൂപപ്പെടുന്നത്. വിവേചന ശക്തിയുള്ള ജീവികളുടെ ആലോചന ഈ ആത്യന്തിക നന്മയെക്കുറിച്ചായിരിക്കണം. അതാണ് പ്രത്യക്ഷവും, ധൈഷണികവുമായ എല്ലാ സൗന്ദര്യത്തിന്റെയും കാരണവും ഉത്ഭവവും. ഉയർന്ന സൗന്ദര്യത്തിന്റെ ഉടമയും, സ്നേഹത്തിന്റെ ആത്യന്തിക ലക്ഷ്യവും ദൈവമാണ്. ഈ നിരീക്ഷണത്തിലൂടെ ഇബ്നു സീന സൗന്ദര്യവും സ്നേഹവും തമ്മിലുള്ള അനിവാര്യമായ ബന്ധം കണ്ടെത്തുകയും, വിവിവേചന ശക്തിയുള്ളവർക്ക് ഏറ്റവും അനുയോജ്യമായ സ്നേഹം ‘ആത്യന്തിക നന്മ’യാണ് എന്ന തീർപ്പിലെത്തുകയും ചെയ്യുന്നു.

മനഃശാസ്ത്രത്തെക്കുറിച്ചുള്ള സൂഫി ആലോചനകളിലും പ്രണയത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ജലാലുദ്ധീൻ റൂമി (റ) മനുഷ്യ ജീവിതത്തിലും, ദൈവത്തിലേക്കുള്ള പാതയിലും പ്രണയത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച സൂഫികളിൽ ഒരാളാണ്. പ്രപഞ്ചത്തിലെ എല്ലാ സ്നേഹത്തിന്റെയും ഉറവിടമായ ദൈവം സൗന്ദര്യത്തെ സ്നേഹിക്കുന്നു എന്നതിനാൽ പ്രണയവും, സൗന്ദര്യവും അഭേദ്യമാണ് എന്ന ആശയം മിക്ക സൂഫികളും പിന്തുടരുന്നുണ്ട്. മനുഷ്യ സ്‌നേഹം സൗന്ദര്യത്തെ അതിന്റെ ലക്ഷ്യമായി എടുക്കുന്നു. സൗന്ദര്യത്തിന് സദാ ഒരു കാമുകൻ ആവശ്യമാണെന്ന് ഇമാം അഹ്മദ് ഗസ്സാലി ചൂണ്ടിക്കാണിക്കുന്നുണ്ട്: “സൗന്ദര്യത്തിന്റെ കണ്ണ് അതിന്റേതായ സൗന്ദര്യത്തിലേക്ക് മടങ്ങുന്നു. കാരണം കാമുകന്റെ പ്രണയത്തിന്റെ കണ്ണാടിയിലല്ലാതെ സ്വന്തം സൗന്ദര്യത്തിന്റെ പൂർണ്ണത മനസ്സിലാക്കാൻ അതിന് കഴിയില്ല. അതിനാൽ, സൗന്ദര്യത്തിന് ഒരു കാമുകൻ ഉണ്ടായിരിക്കണം. കാമുകന്റെ പ്രണയത്തിന്റെയും അന്വേഷണത്തിന്റെയും കണ്ണാടിയിൽ അവർക്ക് സ്വന്തം സൗന്ദര്യത്തെ പരിപോഷിപ്പിക്കാം.” അനശ്വര പ്രണയിനിയായ (മെഹബൂബ്, മഅശൂഖ്) ‘സൗന്ദര്യം’ എന്ന സൂഫി രൂപകം ഇങ്ങനെയാണ് രൂപപ്പെടുന്നത്. വിവേചന ബുദ്ധിയുള്ളവരുടെ ആലോചനകളുടെയും, സ്നേഹത്തിന്റെയും ആത്യന്തിക ലക്ഷ്യമായി തത്ത്വചിന്തകർ നെസസറി ബീയിംഗിനെ കാണുന്നതുപോലെ സൂഫികൾ ദൈവത്തെ തങ്ങളുടെ അനശ്വര പ്രണയഭാജനമായി കാണുന്നു. അവരുടെ മുഴുവൻ പരിശ്രമങ്ങളും ഈ ലോകത്തിലും, വരാനിരിക്കുന്ന ലോകത്തും പ്രണയഭാജനവുമായുള്ള കൂടിച്ചേരലാണ്.

സൗന്ദര്യത്തെക്കുറിച്ചുള്ള മനഃശാസ്ത്രപരമായ വിശകലനങ്ങളിൽ തത്ത്വചിന്തകർ സൗന്ദര്യത്തെ പലപ്പോഴും സൗന്ദര്യാസ്വാദനവുമായി ചേർന്ന ആനന്ദവുമായി (ലദ്ദ) ബന്ധപ്പെടുത്തുന്നുണ്ട്. സൗന്ദര്യം കൂടുന്നതിനനുസരിച്ച് അത് ആസ്വാദനത്തിൽ കൂടുതൽ സന്തോഷം ലഭിക്കുമെന്ന് അവർ നിരീക്ഷിച്ചു. ‘ആദ്യ കാരണ’മാണ് (നെസസറി ബീയിംഗ്) ഏറ്റവും പരിപൂർണ്ണവും സുന്ദരവും എന്നതിനാൽ അത് നൽകുന്ന ആനന്ദവും മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്തിടത്തോളം വലുതാണ് എന്ന് അൽ ഫാറാബി എഴുതുന്നുണ്ട്. അതേസമയം ഇബ്നു സീന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ധൈഷണികമായ സൗന്ദര്യത്തെക്കുറിച്ചുള്ള അറിവിലൂടെ ആളുകൾ അനുഭവിക്കുന്ന തീവ്രമായ ആനന്ദത്തിലാണ്. ധൈഷണിക സൗന്ദര്യം, പ്രകടമായ സൗന്ദര്യത്തേക്കാൾ ഉന്നതവും കൂടുതൽ തീവ്രമായ ആനന്ദത്തിന് കാരണമാകുന്നതും ആയതിനാൽ ആ അനുഭവത്തിനായി മനുഷ്യർ അവരുടെ ശാരീരിക തലത്തിൽ നിന്ന് വേർപ്പെടേണ്ടതുണ്ട്. സൗന്ദര്യാസ്വാദനത്തിന്റെ യഥാർത്ഥ ആനന്ദം അനുഭവിക്കാൻ ശരീരത്തിൽ നിന്ന് ധിഷണയെ വേർതിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഇബ്നു സീനയുടെ ആലോചനകൾ ശരീരത്തോടുള്ള പ്ലോട്ടിനിയൻ അവഗണനയോടും ധൈഷണിക ലോകത്തുള്ള സൗന്ദര്യത്തിനായുള്ള തിരച്ചിലുകളോടും സാമ്യത പുലർത്തുന്നുണ്ട്. ഇവിടെ ധിഷണയുടെ ലോകത്തിന് പ്രകടമായ സൗന്ദര്യത്തിന് ഇന്ദ്രിയഗോചരമായ സന്ദര്യത്തേക്കാൾ പ്രാധാന്യം നൽകുക എന്നത് ഇസ്‌ലാമിക തത്ത്വചിന്തയിലും, സൂഫി ചിന്തകളിലും ഒരുപോലെ പ്രകടമാകുന്ന ആശയമാണ്.

സൗന്ദര്യത്തിന്റെയും സങ്കടത്തിന്റെയും മനഃശാസ്ത്രം

സൗന്ദര്യാസ്വാദനം പ്രണയത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുമെങ്കിൽ സൗന്ദര്യത്തെ ആസ്വദിക്കാൻ/ പ്രണയിനിയെ കാണാൻ കഴിയാതിരിക്കുക എന്നത് ദുഖത്തിനും (حزن) കാരണമാകും. സൗന്ദര്യവും ദുഃഖവും തമ്മിലുള്ള ബന്ധം ഖുർആനിൽ തന്നെ പ്രത്യക്ഷപ്പെടുന്ന പ്രമേയമാണ്. ഖുർആനാനന്തര മുസ്‌ലിം സാഹിത്യങ്ങൾ ഈ പ്രമേയത്തെ വികസിപ്പിക്കുകയും ചെയ്തു. ഖുർആൻ പന്ത്രണ്ടാം അധ്യായത്തിലെ യൂസുഫ് നബിയുടെ (അ) ജീവിതത്തെക്കുറിച്ചുള്ള വിവരണത്തെ ‘ഏറ്റവും മനോഹരമായ കഥകൾ’ എന്നാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്. തന്റെ മക്കളിൽ കൂടുതൽ സുന്ദരനായ യൂസുഫ് നബിയോട് (അ) പിതാവായ യഅക്കൂബ് നബിക്ക് (അ) പ്രത്യേക അടുപ്പം ഉണ്ടാവുകയും, ഇഷ്ട പുത്രന്റെ നഷ്ടം അവരെ സങ്കടത്തിലേക്ക് നയിക്കുകയും ചെയ്തു. യൂസുഫ് നബിയുടെ (സ) സംഭവത്തെക്കുറിച്ചുള്ള ഖുർആനിലെ വിവരണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇല്ല്യൂമിനേഷനിസ്റ്റ് (ഇഷ്റാഖ്) ഫിലോസഫറായ ഇമാം സുഹ്രവർദി(റ) “പ്രണയത്തിന്റെ യാഥാർത്ഥ്യം” (രിസാല ഫീ ഹഖീഖ് അൽ ഇശ്ഖ്) രചിക്കുന്നത്.

സൗന്ദര്യം, സ്നേഹം, ദുഃഖം എന്നിവ തമ്മിലുള്ള പരസ്പര ബന്ധത്തെ വ്യക്തമാക്കുന്നതിനായി അവയെ വ്യത്യസ്ത വ്യക്തിത്വമുള്ള മൂന്ന് സഹോദരങ്ങളായി സുഹ്രവർദി ചിത്രീകരിക്കുന്നു. ഈ ഉപമയിൽ മൂത്ത സഹോദരനായ ‘സൗന്ദര്യ’ത്തോടാണ് രണ്ടാമത്തെ സഹോദരനായ ‘സ്നേഹത്തിന്’ അടുപ്പമുള്ളത്. ‘സ്നേഹ’വുമായി വേർപ്പെടുന്നതോടെ സൗന്ദര്യത്തിന് മൂന്നാമത്തെ സഹോദരൻ ‘ദുഃഖം’ കൂട്ടായി മാറുന്നു. ഖുർആനിൽ തന്റെ മകനെ നഷ്ടപ്പെടുന്നതോടെ യഅക്കൂബ് നബിക്കും (അ) ദുഃഖം കൂട്ടായി മാറുന്നുണ്ട്. ദൈവിക നാമങ്ങളെക്കുറിച്ചുള്ള നമ്മുടെ ചർച്ചയെ മനുഷ്യ മനഃശാസ്ത്രത്തെ കുറിച്ചുള്ള ഈ വിശകലനങ്ങളുമായി ചേർത്തുവെച്ചാൽ ഇനി പറയുന്ന ചിത്രം വ്യക്തമാവും: മനുഷ്യർ ദൈവത്തിന്റെ കരുണ, സൗമ്യത, സൗന്ദര്യം (ജമാൽ) എന്നിവ അനുഭവിക്കുമ്പോൾ അതിനോടുള്ള അവരുടെ സ്വാഭാവിക പ്രതികരണം ആകർഷണവും സ്നേഹവുമാണ്. അല്ലാഹുവിന്റെ ക്രോധം, കാഠിന്യം, ഗാംഭീര്യം (ജലാൽ) എന്നിവ നേരിടുമ്പോൾ, അവർ അന്യവൽക്കരണവും, ദുഃഖവും അനുഭവിക്കുന്നു.

സംഗ്രഹം

സൂഫികളുടെ വിശ്വാസപ്രകാരം എല്ലാ സൗന്ദര്യത്തിന്റെയും ആത്യന്തിക ഉറവിടം ദൈവമാണെന്ന് മനുഷ്യർ മനസ്സിലാക്കുന്നതോടെ അവർ ദൈവത്തെ സ്നേഹിക്കുകയും അവന്റെ സൗന്ദര്യം കൂടുതൽ അനുഭവിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യും. ഇതിന് അവരുടെ ആന്തരിക ഗുണങ്ങളുടെ പരിഷ്ക്കരണം ആവശ്യമാണ്. കാരണം ഹൃദയത്തിൽ അഴുക്കുകളും, വൃത്തികെട്ട സ്വഭാവഗുണങ്ങളും നിറഞ്ഞ ഒരാൾക്ക് സുന്ദരമായ ദൈവത്തെ കാണാൻ കഴിയില്ല. അതിനായുള്ള ശുദ്ധീകരണ പ്രക്രിയയിൽ ആത്യന്തിക സൗന്ദര്യം തേടുന്നതിനായി താഴ്ന്ന മൃഗീയമായ സ്വഭാവങ്ങളിൽ നിന്നും, അഹംഭാവങ്ങളിൽ നിന്നും പിന്തിരിയേണ്ടതുണ്ട്. ഈ അന്വേഷണത്തിലെ സ്ഥിരോത്സാഹത്തിന്റെ ഫലമായി അവർ താഴന്ന മേഖലകളിൽ നിന്നും മുക്തരാവുന്നു. അത്തരമൊരു വിശുദ്ധിയുടെ അവസ്ഥയിലാണ് ഹൃദയത്തിന് ദൈവികതയുടെ മനോഹരമായ ചിത്രം പ്രതിഫലിപ്പിക്കാൻ കഴിയുന്നതും, അവർ സ്വയം സൗന്ദര്യമുള്ളവരായി മാറുന്നതും.

തത്ത്വചിന്തകരെയും, സൂഫികളെയും സംബന്ധിച്ചിടത്തോളം സൗന്ദര്യാത്മകമായ അനുഭവങ്ങൾ ദൈവത്തിന്റെ ഓർമ്മപ്പെടുത്തലോ, അടയാളമോ ആണ്. കാരണം എല്ലാ മനോഹരമായ വസ്തുക്കളും അതിന്റെ സൗന്ദര്യം നിറഞ്ഞ സ്രഷ്ടാവിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ദൈവത്തോടുള്ള സ്നേഹത്താൽ നയിക്കപ്പെടുന്ന സൂഫികൾ ആന്തരിക പരിവർത്തനത്തിലൂടെ സാധ്യമായ ഏറ്റവും ഉയർന്ന സൗന്ദര്യം നേടാൻ ശ്രമിച്ചു. ദൈവത്തിന്റെ സ്നേഹവും, സൗന്ദര്യവുമാണ് ലോകത്തെ അസ്തിത്വത്തിലേക്ക് കൊണ്ടുവന്നത് എന്നതിനാൽ അതേ സ്നേഹവും സൗന്ദര്യവുമാണ് മനുഷ്യനെ ദൈവത്തിന്റെ സാന്നിധ്യത്തിലേക്ക് തിരികെ കൊണ്ടുപോവുക. സൗന്ദര്യത്തെക്കുറിച്ച് എഴുതിയ മുസ്‌ലിം ചിന്തകരെ പരിശോധിച്ചാൽ മനുഷ്യ ജീവിതത്തിന്റെ വിവിധ മേഖലകളിലെ സൗന്ദര്യത്തിനായുള്ള അന്വേഷണങ്ങൾ അവരുടെ മതജീവിതത്തിന്റെ ഭാഗമായിട്ടാണ് അവർ മനസ്സിലാക്കിയത് എന്ന് കാണാം. കാരണം അവരെ സംബന്ധസിച്ചിടത്തോളം എല്ലാ സൗന്ദര്യവും അതിന്റെ ഉത്ഭവസ്ഥാനത്തിലേക്കുള്ള സൂചനകളാണ്- അഥവാ ദൈവത്തിന്റെ അടയാളങ്ങളാണ്.


കൂടുതൽ വായനക്ക്: Beauty in Sufism: The Teachings of Ruzbihan Baqli

Featured Image: mhrezaa
Location: Iraq

(സ)- സ്വല്ലല്ലാഹു അലൈഹി വസല്ലം (അവരുടെ മേൽ ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ)
(അ) – അലൈഹിസ്സലാം, അവരുടെ മേൽ സമാധാനമുണ്ടാവട്ടെ

Comments are closed.