“പിന്നെ” അവൾ ഉൽകണ്ഠയോടെ മജീദിനെ വിളിച്ചു.
എന്നിട്ട് സാവേശം ചോദിച്ചു :
“അപ്പോ പൊന്നുമാളിയേടെ പൊക്കം എത്രോം കാണും?”
“ഉയരത്തിന് വല്ല അതിരുമുണ്ടോ?” മജീദ് പറഞ്ഞു
“ഒത്തിരി”
ഒത്തിരി എന്നു പറയുന്നത് എത്രത്തോളമാണെന്ന് സുഹ്റായ്ക്കു നിശ്ചയമില്ല. അവൾ ചുറ്റിനും നോക്കി. വാഴകൾ, തെങ്ങ് ഒക്കെയുണ്ട്.
അവൾ ചോദിച്ചു.
“വാഴോളം?”

ബാല്യകാലസഖി, വൈക്കം മുഹമ്മദ് ബഷീർ

ബാല്യകാലസഖിക്ക് മനസിലായില്ല, ബാല്യകാല സഖൻ പറയുന്ന വാക്ക്. ഒത്തിരി എന്ന് വെച്ചാൽ എത്തര? അതാണ് ആ സഖിയുടെ പൊറുതി മുട്ട്. സുഹറയുടെ “വാ”യിൽ ബഷീർ വാഴോളം എന്ന് വായ്പിക്കുന്നതിന് (വായിപ്പിക്കുന്നതിനും) അർത്ഥമെന്ത്? സുഹറയുടെ “വാ”യ ബഷീറിന്റേതാണെന്ന് നിനക്കാമോ? “വായ”യോളം? കഥാപാത്രം എഴുത്തുകാരന്റെ അടിമയോ ആത്മാവോ ആണെന്ന വിടുവായത്തമോ എന്റെ ഈ പറച്ചിൽ? ബഷീറും സുഹറയും ഒരു നിനവാണെന്നോ? കഥാപാത്രവും കഥാകൃത്തും കാണുന്നത് ഒരേ കനവാണെന്നോ? ഇരുമെയ്യാണെങ്കിലും അവരൊറ്റ കരളല്ലയോ എന്ന നമ്മുടെ ചിരപുരാതീനമായ കാവ്യശങ്കയോ.

വാഴയോളം എന്നതിന്റെ നാടൻ വർത്ത-മാന-രൂപമാണ് വാഴോളം. (‘ഴ’ യും ‘ള’ യും ഉള്ളതിനാൽ വർത്തുളമാന രൂപം തന്നെ) വാഴയോളം എന്നതിന്റെ കൊളോക്കിയൽ വേർഷൻ. അർത്ഥത്തിന്റെ കൊളം കലക്കുന്നത്, എല്ലായ്പ്പോഴും കൊളോക്കിയൽ.
“എരികണ്ണാൽ തുടുമലർ വിരിയിക്കും
നരിയും വാഴാ-മതിനുള്ളിൽ”
(ബിംബിസാരന്റെ ഇടയൻ) എന്ന് ഇടശ്ശേരിയും വിതച്ചിട്ടുണ്ട് ഇത്തരം ഒരു “വാഴ” തന്റെ കവിതയിൽ.
അതിനുള്ളിൽ വാഴ, അതിനുള്ളിൽ വാഴാം.
നരി വാഴുന്ന കാട്ടിൽ അതിന്റെ കണ്ണ് മലരായി എരിയുന്നു. എറിയുന്ന കണ്ണ്, എരിയുന്ന തീ പോലെ? ഈ പൊന്തക്കാട്ടിൽ വാഴയുടെ പോള മാറ്റിയാണോ നരി കണ്ണെയ്യുന്നത്? കാട്ടിലെത്തിയാൽ ആ തീ കാണാത്തോൻ നരിയുടെ പിടിയിൽ പെട്ട് ഉരിയും.
ഇടശ്ശേരി അങ്ങനെ ഉള്ള ഒരു പൊന്തക്കാട് കണ്ടിട്ടെഴുതിയതാകുമോ. കാടില്ലാത്ത പൊന്നാനിയിലിരുന്ന് എഴുതിയ ഇടശ്ശേരി അവിടെ പൊന്താത്ത എന്ത് കാടാവും കണ്ടിട്ടുണ്ടാവുക. ഒരു കാടുവാക്കും എഴുതില്ല ഇടശ്ശേരി. ഒരു കാടുവാക്കും കാണുകയുമില്ല ഇടശ്ശേരിയിൽ.

2
വാഴയോളം, വായിക്കുമ്പോൾ ഒന്ന് ഞെളിയാം നമുക്ക്- വാഴാം നമുക്ക് വായിക്കുമ്പോഴും. നാടൻ വാക്കിലാണ് അർത്ഥം വളരുന്നത്. അച്ചടിഭാഷയിൽ അച്ചിലടച്ചിട്ട അർത്ഥം, ആശ്വാസവീർപ്പയക്കുന്നത് നാടനാകുമ്പോൾ?
നാടൻ വാക്കേ നീയേ എനിക്കിണവാക്ക് എന്ന് അർത്ഥം കൊഞ്ചുന്നോ?
ഇടയാതിങ്ങണയൂ നീ എന്ന് അത് തിരിച്ചും കുഴയുന്നോ?

3
നാടൻ വാക്ക് വിള ചെയ്യുന്ന അർത്ഥം അത്രക്ക് നാടനല്ലതാനും. നാടൻ വിത്ത് എല്ലായ്പ്പോഴും നാടൻ വിള തരണമെന്നില്ല. ഏതൊരു നാടൻ വിത്തും വേറേതോ നാട്ടിൽ നിന്നുള്ളതാകാം. നാടൻ വാക്കിൽ അർത്ഥം ബഡ് ചെയ്ത് സങ്കരയിനമാകുന്നു. വാക്കപ്പോ അർത്ഥഗർഭം. വാഴ് വോളം എന്ന് അതിരില്ലാത്ത അർത്ഥം വിളയിക്കുന്നു അത്. മജീദ് സുഹറക്ക് വേണ്ടി ഉണ്ടാക്കുന്ന കൊട്ടാരത്തിന്റെ മഹിമ വർണിക്കുമ്പോഴാണ് വാഴോളം വരുന്നത് ഒരലങ്കാര വാക്കായി. മജീദിന്റെ സ്വപ്നമണിമാളികക്ക് എന്ത് ഉയരം ഉണ്ടാകും എന്ന് സംശയിച്ച് വാഴയുടെ അത്ര വരുമോ എന്ന സംശയപ്പടിയിൽ അർത്ഥശങ്കയോടെ സുഹ്റ നിൽക്കുന്നു അന്നേരം.

4
“വാഴോളം?”
സുഹറക്കൊരു വാക്കോളം ?

5
“വാഴോള” ത്തിൽ സുഹറ കണ്ടത് എത്ര അർത്ഥക്കുമിളകൾ. സുഹറ അറിഞ്ഞുകൊണ്ട് കേറിയതാവണമന്നില്ല വാക്കിന്റെ ഈ വാഴമറയിൽ. അവിടെ നരി തുറി കണ്ണോടെ ഉണ്ടെന്നറിയുമോ അവൾക്ക്? സുഹറ ഇടശ്ശേരിയെ വായിച്ചിരുന്നെങ്കിൽ ഇങ്ങനെ വന്ന് കേറുമായിരുന്നോ? വായിച്ചാൽ ഇങ്ങനെ തന്നെ കേറുമോ? അർത്ഥം, മാറിക്കേറിയതാകാം ഇവളുടെ വാക്കിൽ. വായിക്കുന്ന നമ്മളാകാം സുഹറയിലും ബഷീറിലും ഇടശ്ശേരിയിലും ഇങ്ങനെ അനർത്ഥം മാറ്റിക്കേറ്റുന്നത് എന്നതുമാവാം.

6
മുറി മാറിക്കേറിയാണല്ലോ മിക്ക മലയാളം പോപുലർ സിനിമകളിലും നായികയും നായകനും കണ്ടുമുട്ടുക. ക്രോസ്ബെൽറ്റ് എന്ന സിനിമയിൽ സത്യനും ശാരദയും കണ്ടുമുട്ടുന്നത് ഇങ്ങനെ മാറിക്കേറിയ മുറിയിൽ വെച്ച്. മാറിക്കേറിയ മുറി, ഏറെ മാറിയ കുറി. 1970-ൽ ഇറങ്ങിയ ഈ സിനിമ മലയാള സിനിമയിൽ അക്കാലത്തിറങ്ങുന്ന മറ്റു സിനിമകളെ അപേക്ഷിച്ച് ഒരു മാറിക്കേറ്റം തന്നെ. അന്നിറങ്ങി കൊണ്ടിരുന്ന മറ്റു സിനിമകളിൽ നിന്ന് ക്രോസ്ബെൽറ്റ് പല നിലപാടു കൊണ്ടും (വിശപ്പും പ്രായവും തളർത്തി ക്കിടത്തിയ ആളെ എണീപ്പിക്കാൻ ദേശീയ ഗാനം പാടുന്ന ഒരു സ്ത്രീയുണ്ട് ഇതിൽ. കേൾക്കുമ്പോൾ എണീക്കാത്തവർ ദേശദ്രോഹികളാണെന്നു എൻ. എൻ. പിള്ള ഒരു ‘പഞ്ചു’ കൊടുക്കുന്നുണ്ട് ഡയലോഗിലൂടെ) അകന്ന് നിൽക്കുന്നുണ്ട്. നാടകത്തിൽ നിറഞ്ഞ് നിന്ന എൻ.എൻ. പിള്ളക്കും ഇതൊരു മുറിമാറ്റം. അരങ്ങിലെ വെള്ളിവെളിച്ചത്തിൽ നിന്നും പിള്ള വെള്ളിത്തിരയിലേക്ക്. നാടകത്തിരക്കിൽ നിന്നും തിരനാടകത്തിലേക്ക്. അതുവരെ മലയാള സിനിമ പരിചയിക്കാത്ത സിനിമാ പരിചരണം ക്രോസ് ബെൽറ്റ്. ട്രാക്ക് ഷോട്ടുകൾ, ജമ്പ് കട്ടുകൾ, അടിവരയിടുന്ന പണിയെടുക്കുന്ന ബി.ജി.എം തുടങ്ങിയവ ക്രോസ് ബെൽറ്റിലുറപ്പിച്ചു അക്കാലത്ത് സംവിധായകൻ മണി. മാറിക്കേറിയാൽ അർത്ഥം വെളിവാകും, മറഞ്ഞിരിക്കാനാണ് മാറിക്കേറുന്നതെങ്കിലും. ശാരദ കുറ്റവാളികളിൽ നിന്ന് മറഞ്ഞിരിക്കാനായി പൊലീസുകാരൻ സത്യന്റെ വീട്ടിൽ മാറിക്കേറുന്ന പോലെ. മറഞ്ഞ പെണ്ണിനെ നിയമപ്പുരുഷൻ പിടിക്കുന്നു. അതുവരെ പോയിക്കൊണ്ടിരിക്കുന്ന കഥയുടെ ഗതിക്ക് മറുഗതി ഇത് ഉണ്ടാക്കും.

7
അവർ അയൽവക്കക്കാരാണ്- ബാല്യകാലസഖിയിലെ തുടക്കവാചകം. അവർ അയൽവക്കാണക്കാരാണ് എന്ന് നാം തെറ്റി വായിച്ചാലും ശരിയാണ് ഈ വാചകം. നിരന്തരം കവിയുന്ന കമിതാക്കൾ- മജീദും സുഹറയും. വാക്കും അർത്ഥവും പോലെ. മാങ്ങാ വീണ് കിട്ടുമ്പോൾ സുഹറ ചോദിച്ചാൽ മജീദ് പറയും, കൈനീട്ടി- ഇന്നാ മുട്ട് കടിച്ചോ. മുട്ട്? കൈമുട്ട് കടിച്ചോ എന്ന അർത്ഥം കയ്യോടെ നീട്ടിതെളിഞ്ഞ് നിൽക്കുന്നു. അത് ബുദ്ധിമുട്ടാണെന്ന് മജീദിന് അറിയുന്നതിനാലാണോ അവൻ കൈമുട്ട് നീട്ടുന്നത്. കഴിവില്ലാ എന്നൊരു വിഷമനിലയുമുണ്ടല്ലോ, മുട്ടിൽ. ഇന്നാ മുട്ട് കടിച്ചോ -ഇന്ന് ആ മുട്ട് കടിച്ചോ എന്നും ആ വാചകത്തിന് മുട്ടി നിൽക്കുന്നുണ്ട്.
അതിനാലാണല്ലോ നാരായണഗുരു-
“കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിൻ
മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ” എന്നോതിയത്. മൊഴി വന്നു മുഴങ്ങുന്നത് മൗനമായിട്ടാണ്- നാരായണഗുരുവിന് നമ്മോടറിയിക്കാനുള്ള ചിന്തയതാണ്. ഗുരുവിന്റെ ഉള്ളു മുഴങ്ങുകയാണെന്നല്ല നമ്മോട് പറയുന്നത്, അത് പറയാനാവുന്നതല്ലെന്നാണ്. “ഉള്ളിൽ കടന്ന് കരൾ കൊള്ളയടിക്കും” കള്ളിപ്പെണ്ണെന്നാണ് ഈ അവസ്ഥക്ക് പി. ഭാസ്ക്കരൻ നൽകുന്ന ഭാഷ്യം. ഗുരുവിന്റെ വരിക്ക് ഇതിൽ പരം മികച്ച ഒരു പാട്ടുഭാഷ്യം ആർക്കെങ്കിലും എഴുതാനാകുമോ. മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല എന്ന് നിഷേധം ഉറപ്പിച്ചാണ് ഭാസ്ക്കരൻ പാട്ടിൽ വേദാന്തിയാകുന്നത്. “നേതി നേതി”യെന്ന് പാട്ടാലെ ഇക്കാര്യം നേദിക്കുന്നു പി. ഭാസ്ക്കരാചാര്യർ.
“കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവ
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണ് സൂരി സുകൃതി” –
ആ നിലയിലെത്തിയാൽ പിന്നെ തേൻ നുകരുന്ന വണ്ടാണ് എന്ന് കണ്ടാലും എന്നാണ് ഗുരു പലവുരു പറയുന്നത്. സൂരിക്ക് പിന്നെ ഒരു വസൂരിയില്ലെന്ന്.
മുട്ടില്ല അപ്പോളൊന്നിനും, വെറും മൂളൽ മാത്രം.

8
“തവിട്ട് നിറത്തിലുള്ള തോലു പോലെ മിനുത്ത നെറ്റി ചുളിഞ്ഞു”- നെറ്റി തൊലികൊണ്ടു പൊതിഞ്ഞതാണെന്ന് ഏത് ബഷീറിനുമറിയും, അതിന് തൊലിക്കട്ടി വേണമെന്നില്ല. തോലു കൊണ്ടുള്ള നെറ്റി, തോലു പോലെ മിനുത്ത നെറ്റിയായി കാണുന്നു ബഷീർ. വർണ്യത്തിൽ ആശങ്കാകുലൻ ബഷീർ. തവിട്ട് നിറത്തിലുള്ള തോലു പോലെ ഒരു നെറ്റി. നെറ്റിയെ ഉപമിക്കുന്നത് നെറ്റിയുടെ തന്നെ ഒരു ആവരണം എടുത്ത്. നെറ്റിയുടെ നിറം പറയുന്നത് നെറ്റിയുടെ ആവരണമായ തൊലി കൊണ്ട്. ഉപമ പലപ്പോഴും ഒരു ആവരണം തന്നെ. തൊലി നീങ്ങിയാൽ ശരീരത്തിന് നിറം ചോപ്പ്. ശരീരത്തിന്റെ അകം ചോര, പുറം തോൽ. ഉപമ നീക്കിയാൽ വാക്കിന്റെ ചോര കാണാം? ലിംഗത്തിന്റെ തൊലി കളയുന്ന മുസ്‌ലിം ആചാരത്തെ കുറിച്ചെഴുതിയ ബഷീറിനെ എതിർത്തവരെ എഴുതിത്തൊലിയുരിക്കുന്ന എം.പി. പോൾ ബഷീറിന്റെ വാക്കിന്റെ വക്കിൽ ചോര പൊടിഞ്ഞിട്ടുണ്ടെന്നാണ് വിശേഷിപ്പിക്കുന്നത്. ജീവിതത്തിൽ നിന്ന് വലിച്ചെടുത്ത ഏടാണ് അതിന്റെ വക്കിൽ ചോര പൊടിഞ്ഞിട്ടുണ്ട് എന്നാണ് പോളെഴുതിയത്. ജീവിതത്തിന്റെ തൊലിയുരിക്കുന്നതാണ് വാക്ക് എന്നാണോ പോൾ കരുതിയിട്ടുണ്ടാവുക. മുസ്‌ലിംങ്ങളെന്തിനാണ് ലിംഗാഗ്രത്തിന്റെ തൊലി നീക്കുന്നത്. ചോര കാണാൻ. അതായത് അകം കാണാൻ. കുത്ത് റാത്തീബിലും ഇത് തന്നെ നടക്കുന്നു. ചോര പുറത്തു വരുന്നു. മുഹറത്തിൽ ഷിയാക്കളും ചോര കാണുന്നു. അതിലവരർത്ഥം കാണുന്നു. അതിനെ എതിർക്കുന്നവർ അതിനൊരർത്ഥവും കാണാത്തവർ. സാഹിത്യം ആഴമേറിയ അർത്ഥം മൂടിക്കിടക്കുന്നതാണ്, അതിനെ തൊലിക്കുന്നത് സൂക്ഷിച്ച് വേണം എന്ന് കരുതുന്നുവോ നിരൂപകർ. നിരൂപണം അതിനാൽ ഒരു മുസ്‌ലിം സുന്നത്ത് കർമ്മം.

9
തോലിട്ട് മൂടിയ ചോരയാണ് തടി. മനുഷ്യ തടി ഒരു തോൽപാവ. തോലും എല്ലുമായാൽ ആളുകളെ, മറ്റാൾക്കാർ പരി-ഹസിക്കും. എല്ലും തോലുമായി ട്ടാണ് അന്ത്യത്തിൽ സുഹറ എത്തുന്നത്. മിനുത്ത തോൽ മാറരുതെന്ന് എല്ലാവർക്കും ആഗ്രഹം. സുന്ദരി, സുന്ദര തൊലിയുമാണ്. തോൽപാവയായി, തോൽക്കാതെ ജീവിതം തീർക്കാനാണ് ഏവരും കുതിക്കുന്നത്. ബഷീർ വാക്കുകളുടെ തോൽ നീക്കുന്നു. അറബിയിൽ ബഷർ തൊലി, ബഷർ മനുഷ്യൻ, ബഷർ നൽവാർത്ത.
“ബഷീർ വാക്കുകളുടെ തൊലി നീക്കി വാർത്തയെത്തിക്കുന്ന മനുഷ്യൻ”.

10
വീടിനകലെയുള്ള സ്ക്കൂളിൽ നിന്ന് വന്നതിന് ശേഷം മജീദ് പറയുന്നു- പടം വളരെയുണ്ട്. തന്റെ കയ്യിലുള്ള പാഠപുസ്തകം തുറന്ന് കാണിച്ച്. അതൊരു പടപുസ്തകം. അവൾ അത് വാങ്ങി മറിച്ച് തുറിച്ച് നോക്കുന്നു. ഒരുപാട് മറിയാനുള്ള പുറങ്ങൾ ആ പുസ്തകം. മജീദ് പട്ടണത്തിലെ അൽഭുതക്കാഴ്ചകളെ വർണിച്ച് സംസാരിക്കുന്നു. പടം വളരെയുണ്ട്. പടം ഏതിലാണ്. പുസ്തകത്തിലോ പട്ടണത്തിലോ. പുറങ്ങളിലോ പുരങ്ങളിലോ. പട്ടണത്തിലെ വർണക്കാഴ്ചകളാണോ വർണക്കടലാസുകൾ. പുസ്തകത്തിലെ പടമാണോ പുറത്ത് പടർന്ന് കിടക്കുന്നത്. വിവർണമാണോ പുറം കാഴ്ചകൾ. സവർണമാണോ അതിലെ ആളുകൾ. പടം വളരെയുണ്ട്. മൂടുപടം വളരെയുണ്ട്.

11
ഒരാൾ ബഷീർ ആകുന്നത് എപ്പോഴാണ്.
സന്തോഷമുള്ള വാക്കുകൾ കൊണ്ട് വരുന്നവൻ ആരാണ്. ബഷീർ വാക്കുകളുടെ തൊലി നീർത്തി വാർത്തയെത്തിക്കുന്ന മനുഷ്യൻ.
മുഹ് യിദ്ദീൻ മാലയിലെ സങ്കൽപമനുസരിച്ച് ഞാൻ എല്ലാ സിറിനും സിറെന്ന് ചൊല്ലുമ്പോൾ, ഞാൻ അള്ളാ തന്നുടെ അമ്റെന്ന് തിച്ചറിയുമ്പോൾ ആണ് ഒരാൾ ബഷീറാകുന്നത്. അതിനാലാണ് ഇന്നമാ അന ബഷറും മിസ് ലുകും എന്ന് നബി പറയുന്നത്. നിങ്ങൾക്ക് ഒരു മിസ്ലും ബഷറും ആണ് ഞാൻ എന്നു പറയുന്നത്. അമ്സാലും ബഷറും.
അതിനാൽ ഈ “ഞാൻ” എല്ലാവർക്കും എളുപ്പത്തിൽ എത്താവുന്ന ഒരു കുന്നായ്മയല്ല. ഫറഹിന്റെ കാഫ് മല കേറിയ ഒരു “ഞാനി”ന്റെ ആത്മഹർഷമാണ് മുഹ് യിദ്ദീൻ മാല. ബഷീറും ആത്മത്തെയാണല്ലോ എഴുതിയത്, വെറുതെ ഒരു ആത്മകഥയെ അല്ലല്ലോ. ബഷീറാകട്ടെ കുന്നും കുന്നായ്മയും ഒന്നെന്ന് കാട്ടിത്തന്നു.

12
തവിട്ട് നിറത്തിലുള്ള തോൽ മാത്രമല്ല, ചോര തൊട്ടെടുക്കാവുന്ന ചുണ്ടുകളും ഉണ്ട് ബാല്യകാലസഖിയിൽ. ചോരയുണ്ടെന്ന് ശരീരം പുറമെ സമ്മതിക്കുന്ന ഏക അവയവം ചുണ്ട്. ചുണ്ട് ചോപ്പിച്ച് ചെമ്പരത്തി ചൂടിയ പെണ്ണിനെ കണ്ട് നാം പറയും വമ്പത്തി. ചുണ്ടും ചോരയും ഒരേ അക്ഷരത്തിലുള്ളോർ- ച.
ചതിക്കാത്ത ചുണ്ടുള്ളവർ ചിതമേറ്റോർ. ചൂണ്ടയായ ചുണ്ടുള്ളവർ അനേകർ. വിണ്ട് കീറിയ ചുണ്ടുള്ളവരുമുണ്ട്. ചോര വറ്റിയ ചുണ്ടർ അവർ. ചോര പിൻവാങ്ങിയാൽ നീരു വറ്റിയെന്നർത്ഥം.
ചോപ്പറ്റവൻ കോപ്പറ്റവൻ. ബഷീറിൻറെ കോപ്പ് എന്താണ്. ബഷീറിന് കോപ്പ് ബസ്വീർ. തെളിഞ്ഞ കാഴ്ച ബസ്വീർ. ഇളക്കമില്ലാ തിളക്കം. ബഷീർ എപ്പോഴാണ് ബസ്വീർ ആകുന്നത്. ബസ്വീറിന് അൽ-ബസ്വീർ ആകാനാകുമോ. എല്ലാം കാണുന്ന തെളിവാണവൻ- അൽ ബസ്വീർ.
മജീദ് കണ്ടു- കുഞ്ഞരുവികളും വൻ നദികളും. കൊച്ചു ഗ്രാമങ്ങളം വൻ നഗരങ്ങളും. ചെറുകുന്നുകളും മഹാ പർവതങ്ങളും. പൊടിമണ്ണുള്ള കൃഷി ഭൂമികളും വെൺമണലുള്ള മണലാരണ്യങ്ങളും.
ഇതൊക്കെയാണോ ഒരാൾ കാണേണ്ടത്.
ഒരു ബഷീർ തിരയേണ്ടത്.
ഒരു ബസ്വീറിന് തിരിയേണ്ടത്.

13
പൊടിമണ്ണിലും വൻ നഗരത്തിലും അരുവിയിലും വെക്കണം കണ്ണ്, എടുക്കണം കാഴ്ച. പച്ചിലക്കാടുകളിൽ ചോര പൊട്ടിച്ചിതറി നിൽക്കുന്നതു പോലെ കടും ചെമപ്പായ പൂക്കളെയും മജീദ് കണ്ടു, തിരിച്ച് വീട്ടിലെത്തിയിട്ട്. വർണ നിറം പുറത്തെങ്ങും അലഞ്ഞ് കണ്ടില്ല. വർണം നിറഞ്ഞ് അടുത്ത് തന്നെ നിൽക്കുന്നുണ്ട്, വീട്ടുമുറ്റത്ത്.
വീട്ടുമുറ്റം വീടാണോ.
നാടും അല്ല, വീടും അല്ല, വീട്ടുമുറ്റം.
വീടാണെന്ന് കൊതിപ്പിക്കുകയും നാടാണെന്ന് പേടിപ്പിക്കുകയും ചെയ്യുന്ന ബർസക്ക് ആണ് വീട്ടുമുറ്റം. രണ്ടിനിടക്കാണത്- ബർസക്ക്, ഇടശ്ശേരി. അതിന്നിടക്കില്ലാ ഒന്നും രണ്ടായ്. ബയ്നഹുമാ ബർസഹുൻ ലാ യബ്ഗ്വിയാൻ എന്ന് സൂറ റഹ്മാൻ.
വീട്ടുമുറ്റത്ത് നിൽക്കുന്നവൻ വീട്ടിനെയാണോ നാട്ടിനെയാണോ വീട്ടുന്നത്. ബഷീർ വീട്ടുമുറ്റത്താണ്. വൈക്കം മുഹമ്മദ് ബഷീറിനെ പോലെ. മജീദിനെ പോലെ. വീട്ടുമുറ്റത്ത് ചാരിക്കിടന്ന് ഗ്രാമഫോണിൽ പാട്ട് കേൾക്കുന്നു. വീട്ടുമുറ്റത്താണ്, നാട് വീട്ടിനു നേർക്ക് നാക്ക് നീട്ടുന്നത്. പൂതം കോക്രി കാട്ടുന്നത് വീട്ടിലെ കുട്ടിയോടാണ്. വീട്ടിൽ നിന്ന് അവനെ പുറത്തിറക്കാനുള്ള നാട്ടിന്റെ തന്ത്രമാണ് പൂതം, “പൂതപ്പാട്ടി”ലെങ്കിലും. ഇടശ്ശേരിയിലെങ്കിലും. വീട്ടുമുറ്റം ഒരു ഇട-ശ്ശേരിയാണ്. അപ്പുറവുമല്ല, ഇപ്പുറവുമല്ല. ബഷീർ ഒരു ഇടശ്ശേരി. ബഷീർ ബർസഖ്.
ബഷീർ പിന്നീടുള്ള കാലം കഴിച്ചത് വീട്ടിലുമല്ല നാട്ടിലുമല്ല, വീട്ടുമുറ്റത്ത്. ഇടശ്ശേരിയിൽ- മാങ്കോസ്റ്റീൻ മരത്തിന് കീഴെ, ചാരുകസേരക്ക് മീതെ. മൃഗജാതികൾക്ക് ഇടത്തും മരജാതികൾക്ക് വലത്തുമായി.
മിനുസമുള്ള തൊലിക്കടിയിൽ തിളക്കുന്നുണ്ട് അർത്ഥച്ചോരയെന്ന് നിറഞ്ഞ്.
നിനച്ച്.
തനിച്ച്.
തപിച്ച്.


Featured Image: Bing Image creater

Comments are closed.