വൈക്കം മുഹമ്മദ് ബഷീർ
കോഴിക്കോട്-15
പ്രിയപ്പെട്ട വൈക്കം ചന്ദ്രശേഖരൻ നായർ, ചിത്രകാർത്തിക എന്ന താങ്കളുടെ മനോഹരമായ ആഴ്ചപ്പതിപ്പ് ആഘോഷപൂർവം കാണുന്നുണ്ട്. വായിക്കുന്നുണ്ട്, ജ്ഞാനിയാകുന്നുണ്ട്, ആഹ്ലാദിക്കുന്നുമുണ്ട്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രകാർത്തിക എന്ന് ആദ്യം കേട്ടപ്പോൾ ഹിന്ദുക്കളുടെ ഏതോ പുണ്യപുരാണ സിനിമാപ്പടമായിരിക്കുമെന്ന് വിചാരിച്ചു. കണ്ടപ്പോൾ പത്രം തന്നെ, വിപ്ലവവുമുണ്ട്. എന്താണെന്നല്ലേ വിപ്ലവം? ശ്രീമാന്മാരായ കെ.ടി. മുഹമ്മദ്, സി, ചെറിയാൻ, വൈക്കം ചന്ദ ശേഖരൻ നായർ എന്നീ പ്രത്രാധിപന്മാർ. അധികമായി നമുക്കുള്ളതു വർഗ്ഗീയപത്രങ്ങളാണ്. ചിത്രകാർത്തിക ജനകീയപ്രതമാകുന്നു. ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും മുസൽമാനെയും സംഘടിപ്പിച്ചു മുന്നേറുക! വിജയം ആശംസിക്കുന്നു.ഇത്രയും ഒരു മൂച്ചിനക്കെഴുതിയതാണ്. എന്നാൽ ഹിന്ദുക്കൾ മുസൽമാന്മാരെ ദ്രോഹിക്കുന്നുണ്ട്. വേദനിപ്പിക്കുന്നുണ്ട്. കഠിനമായി വേദനിപ്പിച്ചിരിക്കുന്നു. ഏതു മുസൽമാനെയാണെന്നല്ലേ? വൈക്കം മുഹമ്മദ് ബഷീർ എന്ന എന്നെ എന്നെ വേദനിപ്പിച്ച ഹിന്ദുക്കളുടെ പേര് താങ്കൾക്കറിയാമല്ലോ. ബഹുമാന്യരായ പ്രൊഫസർ സുകുമാർ അഴീക്കോട്, പി. കേശവദേവ്, വൈക്കം ചന്ദ്രശേഖരൻ നായർ. ഇപ്പോൾ മഴക്കാലമാണല്ലോ. ഞാൻ പുറത്തിറങ്ങി നടക്കും. കുടയില്ലാത്തതു കാരണം മഴവെള്ളം എന്റെ കഷണ്ടിത്തലയിൽ വീണു താണു പനിപിടിച്ചു ഞാൻ മരിക്കുകയാണെങ്കിൽ അതിന്റെ കാരണക്കാർ ആരാണ്? മുൻചൊന്ന പ്രൊഫസർ സുകുമാർ അഴീ ക്കോട്, പി. കേശവദേവ്, വൈക്കം ചന്ദ്രശേഖരൻ നായർ.ഈ മൂന്നു ഹിന്ദുക്കൾ എങ്ങനെ മുസൽമാനായ എന്റെ മരണത്തിന് കാരണക്കാരായിത്തീർന്നു. ചിന്തിക്കേണ്ട വിഷയമാണ്. ഇതൊരു ശോക സങ്കുലമായ കഥയായി പറയുകയാണെങ്കിൽ അതിന്റെ ഹെഡ്ഡിങ്: എന്റെ പുന്നാര നൈലോൺകുട! – മേൽപ്പടി കുട എവിടെപ്പോയി? മുൻചൊന്ന മൂന്നു ഹിന്ദുക്കൾ കട്ടോ? ആരും കട്ടില്ലെന്നുതന്നെ പറയാം. പിന്നെ ആ കുട എവിടെ? ദുഃഖകരമായ ആ കഥ പറയാം. അതിനുമുമ്പ് എന്റെ പുന്നാര നൈലോൺ കുടയെപ്പറ്റി രണ്ടു വാക്ക്. ഇനി അത്തരം ഒരു കുടയേ ബാക്കിയുള്ളൂ. അത് ഇന്ത്യൻ പ്രസിഡണ്ടിന്റെ കൈയിലുണ്ട്. രണ്ടു കുട ഇന്ത്യാ മഹാരാജ്യത്തു വന്നു. ബഹുമാനപ്പെട്ട കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോ ആയതു കൊണ്ടാണെന്നു വിചാരിച്ചോളൂ ആദ്യത്തെ കുട എനിക്കു കിട്ടി. രണ്ടാമത്തേത് പ്രസിഡണ്ടിനും. എനിക്കു കിട്ടിയ മനോഹരമായ കുട പ്രാഫസർ സുകുമാർ അഴീക്കോട് കണ്ടിട്ടുണ്ട്. കേശവദേവ് കണ്ടിട്ടുണ്ട്. വൈക്കം ചന്ദ്രശേഖരൻ നായരായ താങ്കളും കണ്ടുകാണും. അസൂയാകലുഷിതങ്ങളായ നയനങ്ങളോടെ എന്നു ഘനപ്പിച്ചുപറഞ്ഞാൽ മേൽപ്പടി ഹിന്ദുക്കൾ താങ്കളടക്കം എന്റെ കുടയിൽ നോട്ടമിട്ടു എന്നു സാരം. എന്നിട്ടെന്തുണ്ടായി? ഹിന്ദുക്കൾ എന്തു ചെയ്തു? ആ ഘോരസംഭവമാകുന്നു പറയാൻ പോകുന്നത്:സമയം പാതിരാത്രി കഴിഞ്ഞുള്ള രണ്ടാമത്തെ യാമം. ഈ യാമത്തിന്റെ അർത്ഥം എനിക്കറിഞ്ഞുകൂടാ. മണിക്കുർ എന്നുള്ള ഭാവത്തിലാണ് ഞാൻ ഉപയോഗിക്കുന്നത്. സംഭവസ്ഥലമായ ബേപ്പൂരും – കേരളവും ഇന്ത്യാ മഹാരാജ്യവും ഘോരമായ ഇരുട്ടിൽ മുഴുകിക്കിടക്കുന്നു. എന്നു പറഞ്ഞാൽ കള്ളന്മാരും പോക്കറ്റടിക്കാരും കരിഞ്ചന്തക്കാരും കള്ളക്കടത്തുകാരും പൂഴ്ത്തിവയ്പ്പുകാരും നോട്ട് ഇരട്ടിപ്പിക്കൽകാരും ഒഴിച്ചുള്ള ജനമെല്ലാം നല്ല ഉറക്കത്തിലാണെന്നർത്ഥം. സ്ഥലത്തെ രാജവെമ്പാല, എട്ടടി മൂർഖൻ, പനമെരുവ്, കുറുക്കന്മാർ – എന്നിവർ ഇരതേടി നടക്കുന്ന സമയം. ഈ ശുഭമുഹൂർത്തത്തിൽ കോഴികളുടെ അയ്യോ, പൊത്തോ എന്നുള്ള കരച്ചിലും ഞങ്ങളുടെ ഷാൻ എന്ന ഘോരവ്യാഘവംശജനായ നായയുടെ കുരയും കേട്ടു. ഭാര്യയും ഞാനും ഉണർന്നു. ഭാര്യ വീടിനകത്തും പുറത്തുമുള്ള വിളക്കുകളെല്ലാം ഠപ്പേന്നു തെളിയിച്ചു. ഞാൻ ഇടികട്ട, വടിവാൾ, അള്ള് , ചാട്ടുളി, കഠാരി, ടോർച്ച് ലൈറ്റ് എന്നിതുകളുമായി ഭാര്യയോടു മുന്നിൽ നടക്കാൻ പറഞ്ഞു. സമരത്തിനു മുന്നിൽ നിൽക്കേണ്ടതു പുരുഷൻ തന്നെ? സമ്മതിക്കുന്നു. പക്ഷേ, കോഴികൾ ഭാര്യയുടെ സ്വന്തം വകയാ കുന്നു. മുട്ടകൾ എനിക്കു ന്യായമായ തോതിൽ തരുന്നില്ല. ദഹിക്കില്ല, പ്രായമായി എന്നു പറയുന്നു. അതുകൊണ്ട് പ്രായമായവർ പിന്നിൽ – നിന്നാൽ മതി. ഭാര്യയെ മുന്നിൽ നടത്തി. വാതിൽ തുറന്നിട്ടു ടോർച്ച് ലൈറ്റ് കൊടുത്തു. ഭാര്യ അതും തെളിയിച്ച് കോഴിക്കൂട്ടിനടുത്തു ചെന്നു. എന്നിട്ടു പറമ്പിലൊക്കെ ലൈറ്റടിച്ചുനോക്കിയിട്ടു പറഞ്ഞു:“സ്റ്റേറ്റുകാരാണ്!’ഞാൻ തിരുവിതാംകൂർ സ്റ്റേറ്റുകാരനാകുന്നു. ഭാര്യ മലബാർ കാരിയും, ഭാര്യയ്ക്ക് സ്റ്റേറ്റുകാരെ ബഹുമാനമാണ്. സ്റ്റേറ്റുകാർക്ക് ബുദ്ധി കൂടുതലുണ്ട്.ഭാര്യ പറഞ്ഞു: “സഖാക്കൾ നാലു പേരുണ്ട്. ‘“ആരാണ്?’കുറുക്കന്മാർ.രണ്ടു പേർ പടിഞ്ഞാറുവശത്ത് ഇല്ലിക്കുടിനടുത്ത്. രണ്ടു പേർ കിഴക്കുവശത്തു ഗേറ്റിനടുത്ത്. നമ്മുടെ ഘാരവ്യാഘ വംശജൻ കിഴക്കുഭാഗത്തുള്ളവരോട് സമരം ചെയ്യുമ്പോൾ പടിഞ്ഞാറു ഭാഗത്തുള്ള സഖാക്കൾ ഒരലട്ടും കൂടാതെ വന്നു കുക്കുടാകമണം നടത്തുന്നു!പോംവഴി?‘മോനേ ഷാൻ, വാടാ’ ഭാര്യ വിളിച്ചു. ഷാൻ വന്നു. അവനെ നീണ്ട ഒരു തുടലിൽ കോഴിക്കൂട്ടിനടിയിൽ ബന്ധിച്ചു. ആ സമയത്ത് ഇരുളിൽ മുങ്ങിയ തെങ്ങുകളിൽ ഒരാൾ വണ്ണത്തിൽ പ്രകാശം നീണ്ടു ചുറ്റിയടിച്ചു കറങ്ങിപ്പോവുന്നു. ഈ വെളിച്ചത്തിന്റെ ഉത്ഭവം എവിടെനിന്ന്?ഭാര്യ പറഞ്ഞു: ‘സർക്കസ്സുകാരുടെ സർച്ച്ലൈറ്റായിരിക്കും!’സത്യം അറിയാവുന്ന എനിക്കു ദേഷ്യം വന്നു. ഞാൻ പറഞ്ഞു:“ഗ്രാസേ, സർക്കസ്സുകാരുടേതല്ല. കോർപ്പറേഷൻവക സർച്ച് ലൈറ്റാണ്. ഇപ്പോൾ തിരുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തും കാസർകോട്ടും ഇത്തരം സർച്ച് ലൈറ്റ് വീശിയടിക്കുന്നുണ്ട്. മുന്നറിയിപ്പ്! പ്രൊഫസർ സുകുമാർ അഴീക്കോട്, കേശവദേവ്, വൈക്കം ചന്ദ്രശേഖരൻ നായർ എന്നീ കാറുകാരായ യോഗ്യന്മാർ പുറത്തിറങ്ങിയിട്ടുണ്ട്. ജനം രക്ഷപ്പെടുക! ഉഷാർ, ഉഷാർ, ജാഗ്രതൈ!അവർ പുറത്തിറങ്ങിയാൽ സർച്ച്ലൈറ്റെന്തിന്? ബുദ്ധിശൂന്യേ! സർച്ച് ലൈറ്റ് രാത്രികാലങ്ങളിൽ മാത്രമാണ്. പകലാണെങ്കിൽ ഉഗ്ര സൈറൺ! തിരുവനന്തപുരത്തുനിന്ന് വൈക്കം ചന്ദ്രശേഖരൻ നായരോ കേശവദേവോ കാറിൽ പുറപ്പെട്ടാൽ പകലാണെങ്കിൽ തിരുവനന്തപുരത്തുനിന്ന് ഉഗ്ര സൈറൺ മുഴങ്ങും. അതു കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ സൈറൺ എല്ലാം ഏറ്റു കൂവും. അതുപോലെ പ്രൊഫസർ സുകുമാർ അഴീക്കോട്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് സ്വന്തം കാറിൽ ഇറങ്ങിയാലും സർച്ച് ലൈറ്റ് കണ്ടാലും സൈറൺ കേട്ടാലും ജനം റോഡിൽ നിന്ന് ഓടി മാറി തെങ്ങുകളിൽ കയറി രക്ഷപ്പെടും. രക്ഷപ്പെട്ടോളണം എന്നാണ് ഗവൺമെന്റ് നിയമം!രക്ഷപ്പെടുന്നതെന്തിന്? പ്രാഫസർ സുകുമാർ അഴീക്കോടിനെയും കേശവദേവിനെയും വൈക്കം ചന്ദ്രശേഖരൻ നായരെയും ജനം ഭയപ്പെടണോ?– ഭയപ്പെടണം. സാഹിത്യകാരന്മാരാണ്. ലക്കും ലഗാനുമുള്ള വർഗ്ഗമല്ല. അവർ കാറുകളിലല്ലേ വരുന്നത്!എന്നു പറഞ്ഞാല്?പറഞ്ഞില്ലേ. അവർക്കു കാറുകളുണ്ട്.കാറുകാരായ സാഹിത്യകാരന്മാർ വരുന്നുണ്ടെന്നറിയിക്കാനാണോ ഈ സർച്ച് ലൈറ്റ്!അതെ. പകലാണെങ്കിൽ പറഞ്ഞില്ലേ, സൈറൺ മുഴങ്ങും!ഈ പ്രൊഫസർ സുകുമാർ അഴീക്കോടിന്റെയും കേശവദേവിന്റെയും വൈക്കം ചന്ദ്രശേഖരൻ നായരുടെയും കാറുകൾക്കു മാത്രമാണോ ഈ സർച്ച് ലൈറ്റ് മുന്നറിയിപ്പും സൈറൺ മുന്നറിയിപ്പുമുള്ളത്? അത്രേയുള്ളൂ! അതെന്താ?കാറുകാരായ സാഹിത്യകാരന്മാർക്കുള്ള ആനുകൂല്യമാണ്. ഈ സമയത്തു കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രി സി. അച്യുത് മേനാൻ സാഹിത്യകാരനാണ്. ഇന്ത്യ ഭരിക്കുന്ന ഇന്ദിരാഗാന്ധി സാഹിത്യകാരിയാണ്. അവർക്കു കാറുകാരായ സാഹിത്യകാരന്മാരെ ബഹുമാനവുമാണ്. അതുകൊണ്ട് സർച്ച് ലൈറ്റും സൈറണും അനു വദിച്ചു. ജനങ്ങൾ വേണമെങ്കിൽ രക്ഷപ്പെട്ടോളൂ എന്നുമാത്രം!നമ്മുടെ ഇന്ദിരാഗാന്ധി പുസ്തകങ്ങൾ എഴുതിയിട്ടുള്ളതായി കേട്ടിട്ടില്ല. പിന്നെ അവരെങ്ങനാ സാഹിത്യകാരിയായത്?ഗ്രാസേ, ഇന്ദിരാഗാന്ധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്! പോരെങ്കിൽ ഇന്ദിരാഗാന്ധിയുടെ അപ്പൻ ജവഹർലാൽ നെഹ്റു പുസ്തകങ്ങൾ ഒരുപാട് എഴുതിയിട്ടുണ്ട്. അപ്പഴോ?ഭാര്യ ഒന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞു: – നീ സാരിയും പറത്തി നിന്റെ കൂട്ടുകാരികളുടെ വീടുകൾ കയറിയിറങ്ങുമ്പോൾ സെറൺ കേൾക്കുകയാണെങ്കിൽ ചാടി തെങ്ങിൽ കയറിക്കോളണം.മരം കയറ്റം അറിഞ്ഞുകൂടാ!പിന്നെ സ്ത്രീസ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്നതിന്റെ രഹസ്യം എന്ത്? മരം കയറ്റം അറിഞ്ഞുകൂടെങ്കിൽ വെള്ളത്തിൽ ചാടി രക്ഷപ്പെടണം.നീന്തൽ വശമില്ല!എങ്കിൽ നീ വീടിനു വെളിയിൽ ഇറങ്ങരുത്. റോഡ് നിനക്കു നിഷിദ്ധം!വാതിലടച്ചു ലൈറ്റുകളെല്ലാം അണച്ചുകിടന്നപ്പോൾ അശരീരി മാതിരി ഭാര്യ പറഞ്ഞു:ധീരന്മാരായ ഭർത്താക്കന്മാർ മുന്നിൽ നടക്കും. അല്ലാതെ ഭാര്യയെ ഭയങ്കരന്മാരായ സ്റ്റേറ്റ് കുറുക്കന്മാരുടെ മുന്നിലേക്കു ഇട്ടുകൊടുക്കുകയല്ല ചെയ്യുന്നത്.ഒരശരീരിമാതിരി ഞാനും പറഞ്ഞു: ധീരതയുണ്ടാവണമെങ്കിൽ സുലഭമായി കോഴിമുട്ട തിന്നണം!കോഴിമുട്ട വിറ്റുകിട്ടുന്ന കാശ്?ഞാൻ ഉറങ്ങി, പൈശാചികമായ ഒരു സ്വപ്നം കണ്ടു. മൂന്നു ഹിന്ദുക്കൾ ക്രൂരമായ അട്ടഹാസങ്ങളോടെ എന്നെയിട്ടോടിക്കുന്നു. മൂന്നു കാറുകളിലാണ്. പ്രൊഫസർ സുകുമാർ അഴീക്കോട്, വൈക്കം ചന്ദ്രശേഖരൻ നായർ, കേശവദേവ്. എന്നെ അവർ രാജ്യമെല്ലാം ഇട്ടോടിച്ച് ഒരു മൈതാനിയിൽ നിർത്തിയിരിക്കുന്നു. മൂന്നു വശത്തും മൂന്നു കാറുകൾ. ഞാൻ നൈലോൺ കുടയുമായി നടുക്ക്. മൂന്നു പേരും ശറപറാ ഹോൺ മുഴക്കുന്നുണ്ട്. ജനം ഭയചകിതരായി വൃക്ഷങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നു. കാറുകാർ മൂവരും ക്രൂരതയോടെ ചിരിക്കുന്നുണ്ട്. അതിൽ പാറപ്പുറത്ത് ഉണങ്ങിയ ചിരട്ട ഉരയ്ക്കുന്ന മാതിരിയുള്ള ചിരി കേശവദേവിന്റേതാണ്.അങ്ങനെ ഞാൻ ഉണർന്നു. വിശേഷം ഒന്നുമില്ല. ലോകം പണ്ടേപ്പടി. ദിനകൃത്യങ്ങളെല്ലാം നടത്തി. കുളി കഴിഞ്ഞയുടനെ ദേഹമാസകലം യുടിക്ലോൺ പൂശി. പൗഡറിട്ട് മുടി ഭംഗിയായി ചീകിവച്ച് ഡ്രസ്സു ചെയ്തു. ആറു പുഴുങ്ങിയ കോഴിമുട്ട, തടിയനായ ഒരു കുറ്റി പുട്ട്, നെയ്യ്, പപ്പടം കാച്ചിയത്, കടല എന്നിത്യാദികളുമായി ചായ കുടിച്ച് ഒരു സിഗരറ്റ് പുകച്ചു. ഇതിൽ സിഗരറ്റ് പുകച്ചതുമാത്രമേ സത്യമുള്ളൂ. ബാക്കിയൊക്കെ ആഗ്രഹങ്ങളാണ്. വിലക്കയറ്റവും ദാരിദ്ര്യവുമാണ്. ഞാൻ കുളി കഴിഞ്ഞ് ഒരു സിംഗിൾ കടുംചായയും കഴിച്ച് സിഗരറ്റ് പുകച്ചതു ശരിയാണ്. കോഴിമുട്ടകൾ വിറ്റുകിട്ടുന്ന കാശിന് കരിഞ്ചന്തയിൽ നിന്ന് അരി വാങ്ങിച്ചു കഞ്ഞിവയ്ക്കുന്നു. അതിനു കൂട്ടാത്തിന് ഒരു വഴുതനങ്ങാ തരപ്പെടുമോ എന്നു നോക്കാനായി ഇമ്പാലാക്കാറിൽ സഞ്ചരിക്കുന്ന അനുഭൂതി ഉളവാക്കുന്ന നൈലോൺ കുടയും ചൂടി പുറത്തേക്കിറങ്ങി, കേരളീയത ഞാൻ പാലിച്ചില്ല. മറന്നുപോയി. അതായത്, കേരളീയ ഭർത്താവ് പുറത്തേക്കിറങ്ങുമ്പോൾ ചോദിക്കുമല്ലോ. രാത്രിയാണെങ്കിൽഎടീ സർച്ച് ലൈറ്റ് കണ്ടോ? പകലാണെങ്കിൽ- എടീ സൈറൺ കേട്ടോ? ഈ വക കുശലപ്രശ്നങ്ങൾ ഒന്നും കൂടാതെയാണ് ഞാൻ പുറത്തിറങ്ങിയത്.ഞാൻ റോഡിൽ കയറി. വാഹനങ്ങൾ ഒന്നുമില്ല. എന്തോ ലൊടുക്കുസ് ബന്തുമാതിരി ശൂന്യത. കടകളെല്ലാം അടച്ചിട്ടിരിക്കുന്നു. ജനങ്ങൾ എല്ലാവരും തെങ്ങുകളുടെ പകുതിക്കു കയറി ഇരിപ്പുണ്ട്. സ്ത്രീജനങ്ങളിൽ കുറെപ്പേർ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നു. റോഡിൽ പശുക്കളും കോഴികളും പട്ടികളും മാത്രം. ഞാൻ നടന്നു. അപ്പോൾ ഒരു തെങ്ങിന്റെ പകുതിക്കിരുന്ന് ലക്ഷ്മിക്കുട്ടി വിളിച്ചുപറഞ്ഞു.സാറേ, സൈറൺ കേട്ടില്ലേ? അവർ വരുന്നു! രക്ഷപ്പെട്ടോളൂ! അവർ വരുന്നു! സാഹിത്യകാരന്മാർ വരുന്നു.നോക്കുമ്പോൾ തെങ്ങുകളിലെല്ലാം ആളുണ്ട്. ഞാൻ കുട തെങ്ങിന്റെ ചുവട്ടിൽ നിവർത്തിത്തന്നെ വച്ചിട്ട് ലക്ഷ്മിക്കുട്ടിക്ക് ദീർഘസുമംഗലീഭവ! എന്നാശംസ കൊടുത്തിട്ട് തെങ്ങിൽ വലിഞ്ഞു കയറി. അപ്പോൾ ലക്ഷ്മിക്കുട്ടി പറഞ്ഞു:സാറേ, ഒരു രഹസ്യമറിയാമോ? എന്നെ ഇതുവരെ ആരും കല്യാണം കഴിച്ചിട്ടില്ല!കഷ്ടമായിപ്പോയി. ഞാനിപ്പോൾ എന്തു ചെയ്യും? ഞാൻ കല്യാണം കഴിച്ചുകൊള്ളാമെന്നു പറയേണ്ടതാണ്. പക്ഷേ, പ്രായം! ഒന്നുണ്ട്. നാട്ടിലുള്ള ചെറുപ്പക്കാരൊക്കെ എന്തു ചെയ്യുന്നു? മുടിയും നീട്ടി കൃതാവും വച്ചു കുളിക്കാതെയും പല്ലുതേക്കാതെയും നടക്കുകയാണ്. അടേ , ആരെങ്കിലും വന്നു ലക്ഷ്മിക്കുട്ടിയെ കെട്ടു! ഇത്രയും മനസ്സിൽ പറഞ്ഞിട്ട് ലക്ഷ്മിക്കുട്ടിയോടു ചോദിച്ചു: ആരാണു വരുന്നത്?അറിഞ്ഞുകൂടാ, സാർ.സൈറൺ റിലേ ചെയ്തതാണോ? അതും അറിഞ്ഞുകൂടാ. അപ്പോൾ ഉഗ്രമായ ഒരു ഹോൺ കേട്ടു. മൂന്നു പശുക്കൾ, രണ്ടു പട്ടികൾ, ഒമ്പതു കോഴികൾ ഇത്രയും എണ്ണത്തിനെ കൊന്നുകൊണ്ട് ഒരു കാർ ഇരച്ചുവന്നു. അത് റോഡുവിട്ടു തെങ്ങിൻചുവട്ടിലൂടെ വന്ന് എൻ നെലോൺ കുട തകർത്തിട്ട് ഷ്റഫുൾട്ടോഭൂം ! എന്നുള്ള അട്ടഹാസത്തോടെ പാഞ്ഞുപോയി!ഇങ്ങനെ കുട തകർന്നു തരിപ്പണമായപ്പോൾ ലക്ഷ്മിക്കുട്ടി പറഞ്ഞു:അതു ദേവു സാറാ! അല്ല! അടുത്ത തെങ്ങിൽ ഇരുന്ന നാണുക്കുട്ടൻ പറഞ്ഞു, അത് വൈക്കം ചന്ദ്രശേഖരൻ സാറാ.അതൊന്നുമല്ല. തെങ്ങിൽ നിന്നിറങ്ങി തകർന്നുകിടക്കുന്ന കുടയെ നോക്കിക്കൊണ്ട് പത്മനാഭൻ പറഞ്ഞു:അത് പ്രൊഫസർ സുകുമാർ അഴീക്കോടു സാറാണ്.ആരാണെങ്കിലും കുട നശിച്ചു. ഇനി മഴ നനഞ്ഞു പനി പിടിച്ചു മരിക്കേണ്ടിവരും! ഹിന്ദുക്കളേ! നിങ്ങളെന്തിനീ കടുംകൈ ചെയ്തു – മുസ്ലിം സമുദായത്തോടു നിങ്ങൾ കാണിച്ച ഈ കൊടിയ അനീതിക്ക് എന്തു പ്രതിവിധി? നിങ്ങൾ മൂന്നു പേരും ചേർന്ന് അമൂല്യമായ കുട വാങ്ങിച്ചുതരാൻ ഒക്കുകില്ല! അതുകൊണ്ടു നിങ്ങൾ മൂന്നു പേരും ചേർന്ന് എനിക്കൊരു കാറു വാങ്ങിച്ചുതരിക. ഒരു ജീപ്പു മതി. അങ്ങനെ ഹൈന്ദവജനതയുടെ മാനം സംരക്ഷിക്കുക. അതിനു സാധ്യമല്ലെങ്കിൽ എനിക്കു പത്തോ അമ്പതോ നൂറോ രൂപ വീതം അയച്ചു തന്നു സഹായിക്കാൻ ജനങ്ങളോടഭ്യർത്ഥിക്കുക. നിങ്ങൾക്കും ചിത്രകാർത്തികയ്ക്കും മറ്റു പത്രാധിപന്മാർക്കും വിജയം നേരുന്നു. സർവ മാനപേർക്കും മംഗളം.വൈക്കം മുഹമ്മദ് ബഷീർN.B.: പെൺഹിന്ദുക്കളെല്ലാം ദീർഘസുമംഗലികളായി ഭവിക്കട്ടെ! പെൺ ക്രിസ്ത്യാനികളും പെൺ മുസ്ലിങ്ങളും!.
From: ബഷീര്‍ എഴുതിയ കത്തുകൾ DC Books
Featured Image : Craig WhiteheadLocation: Barcelona, Spain
Comments are closed.