മാപ്പിളപ്പാട്ട് ഗവേഷണ രംഗത്ത് ശ്രദ്ധേയനായ പണ്ഡിതനും, ഗ്രന്ഥകാരനുമായിരുന്നു മാർച്ച് 7 ശനിയാഴ്‌ച്ച മരണപ്പെട്ട ബാലകൃഷ്ണന്‍ വള്ളിക്കുന്ന് (84). മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ 1936ലായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അധ്യാപകപരിശീലനം പൂര്‍ത്തിയാക്കി അധ്യാപന ജോലിയില്‍ പ്രവേശിച്ച വള്ളിക്കുന്ന് 1970 കളോടെയാണ് മാപ്പിള പഠനമേഖലയിലേക്ക് പ്രവേശിക്കുന്നത്. മാപ്പിള സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിലായി ധാരാളം ഗ്രന്ഥങ്ങള്‍ എഴുതുകയും, പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍, മാപ്പിളസാഹിത്യവും നവോത്ഥാനവും, മാപ്പിളപ്പാട്ട് പാഠവും പഠനവും (സഹരചന) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അദ്ദേഹവുമായി 2017ൽ ഡോ: മോയിൻ ഹുദവി മലയമ്മയും, ഡോ: സൈദാലി പട്ടാമ്പിയും ചേർന്ന് നടത്തിയ അഭിമുഖം:

അറബി മലയാളം എന്ന ഭാഷാ രൂപത്തിന്റെ തുടക്കം ഏതാണെന്നാണ് താങ്കളുടെ അഭിപ്രായം?

അറബി മലയാളം എന്നത് ആദ്യം ഒരു മിശ്ര സംസ്കാരമായിട്ട് വരുന്നതാണ്. എഡി 215 ൽ ഈജിപ്തിൽ നടന്ന കാരക്കല്ല വിപ്ലവത്തെ തുടർന്ന് വർത്തകരായ അറബികളുടെ ഗ്രീക്ക് റോമൻ വ്യാപാര ബന്ധം തകർന്നു. അതോടെ അറബ് വ്യാപാര ബന്ധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. അറബ് വ്യാപാരത്തിന്റെ ആദ്യഘട്ടം പേർഷ്യ വഴിക്കായിരുന്നു. പേർഷ്യ, കറാച്ചി വഴി ചാലിയത്തെത്തുന്നതായിരുന്നു ആദ്യഘട്ടം. അതു കഴിഞ്ഞ് രണ്ടാം ഘട്ടം നേരിട്ട് അദൻ വഴിക്കായിരുന്നു. അതും ഗ്രീക്കോ-റോമൻ വ്യാപാര ബന്ധവുമായി ബന്ധപ്പെട്ടതായിരുന്നു. ആ ബന്ധത്തിൽ തകർച്ച വരുന്നതായിരുന്നു എഡി 215ല് നടന്ന കാരക്കല വിപ്ലവം. ഈ വിപ്ലവത്തോടെ ഈജിപ്ത് വഴി വരുന്ന വ്യാപാരങ്ങൾക്ക് അറുതിയായി. പിന്നീട് ഗ്രീക്ക് റോമൻ ആധിപത്യത്തിന് കരമാർഗം മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ഇതോടെ വ്യാപാരത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായിരുന്നു.

ഇസ്‌ലാമിക സാമൂഹ്യ വ്യവസ്ഥ അറേബ്യയിൽ ശക്തിപ്പെട്ടപ്പോൾ ഈ വ്യാപാര ബന്ധത്തിന്റെ ഭാഗമായാണ് അറബികൾ ഇങ്ങോട്ട് കടന്നുവരികയും ഇവിടെ മിശ്ര സംസ്കാരം രൂപപ്പെട്ടുവരികയും ചെയ്യുന്നത്. ഈ മിശ്ര സംസ്ക്കാരത്തിൽ നിന്നാണ് തുറമുഖ നഗരങ്ങളിൽ ഇൻഡോ-അറബിക് സമൂഹം വളർന്നുവരുന്നത്. ആ ഇൻഡോ-അറബിക് സമൂഹത്തിലേക്കായി എട്ടാം നൂറ്റാണ്ടിൽ മുസ്‌ലിം മിഷണറിമാർ എത്തി.

എട്ടാം നൂറ്റാണ്ടിലാണ് എന്നാണോ താങ്കളുടെ അഭിപ്രായം. പ്രവാചകന്റെ കാലത്തു തന്നെ ഇവിടെ ഇസ്‌ലാം എത്തിയെന്ന വാദവുമുണ്ടല്ലോ?

പ്രവാചകന്റെ കാലത്തിന്റെ അവസാനകാലം എന്നേ പറയാനാവൂ. അന്ന് ഇവിടെ എത്തിയ മിഷണറിമാർ ഇവിടെ മതപരിവർത്തനം നടത്തി ഒരു പുതിയ സമൂഹമുണ്ടാക്കിയിരുന്നു. മുത്അ വിവാഹത്തിലൂടെ നാട്ടിലെ സ്ത്രീകളും അറബികളും ചേർന്നുണ്ടായിരുന്ന സങ്കര സമൂഹത്തിൽ ഇസ്‌ലാമിക ഐഡന്റിറ്റി കൂടി കടന്നതോടെയാണ് ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥ ഇവിടെ ഉണ്ടാവുന്നത്. ആ ഇസ്‌ലാമിക സമൂഹത്തിനാണ് അറബി ഭാഷ അതിന്റെ മാധ്യമമായി വർത്തിക്കുന്നത്. അറേബ്യയിൽ തന്നെ പതിനെട്ട് ഗോത്ര ഭാഷകളുണ്ടായിരുന്നു. ഏഷ്യാ മൈനറിലുണ്ടായിരുന്ന പതിനെട്ട് ഭാഷകൾ കാലഹരണപ്പെട്ടു പോയതിന്റെ തുടർച്ചയായാണ് ഖുറൈഷികളുടെയും അവിടെയുണ്ടായിരുന്ന അറബി ഗോത്രങ്ങളുടെയും അറബി ഉണ്ടാവുന്നത്. പിന്നീട് അതിൽ മതത്തിനുമപ്പുറം രാഷ്ടീയം കൂടി വന്നു. അമവി ഭരണത്തോടു കൂടെ അതൊരു രാഷ്ടീയ ശക്തിയായി മാറി. അങ്ങനെ വ്യാപാര ശക്തിയും, രാഷ്ട്രീയ ശക്തിയും, സാമൂഹിക ശക്തിയും കൂടിക്കലർന്നു. അങ്ങനെ വരുമ്പോഴാണ് ഒരു ഭാഷക്ക് സ്വത്വം കെവന്നത്.

ബാലകൃഷ്‍ണൻ വള്ളിക്കുന്ന്

മലബാർ പശ്ചാത്തലത്തിൽ എങ്ങനെയാണ് സങ്കര ഭാഷ രൂപപ്പെടുന്നു എന്ന് പറയുക?

അത് സാധ്യമാണ്. ഉദാഹരണത്തിന് ‘അല്ലാന്റെ’ എന്ന പദം. അത് അറബി പദമല്ല. പക്ഷേ അതിൽ ‘അല്ലാഹ്’ എന്ന അറബി പദമുണ്ട്. പദത്തിന്റെ റൂട്ട് അറബി പദത്തിന്റെ വ്യാകരണം/പ്രയോഗം മലയാളവും. അപ്പോൾ അറബിയിൽ ക്രിയാ പദങ്ങൾ വളരെ കുറച്ചേ ലഭിക്കുകയുള്ളു. അതേസമയം, നാമപദങ്ങൾ ഇഷ്ടം പോലെ ലഭിക്കും. കാരണം അത് മതവുമായി ബന്ധപ്പെട്ടതാണ്. പദത്തിന്റെ ഘടനയൊന്ന് അർഥം മറ്റൊന്ന് എന്ന രീതിയിൽ ഇതിന് സമാനമായ പല ഉദാഹരണങ്ങളും പറയാനാവും. ഒരു ഭാഷാസമൂഹത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാവുമോ അതെല്ലാം ഭാഷയിലും പ്രതിഫലിക്കും.

സൂഫിസം പ്രചരിക്കുന്ന 11,12 നൂറ്റാണ്ടുകളിൽ മാറ്റം എങ്ങനെയാണ്?

ഗ്രീക്ക് ഭാഷയിൽ നിന്ന് വന്നിട്ടുള്ള സൂഫിസമാണ് അറേബിയയിൽ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിൽ തന്നെ ഗ്രീക്കുകാർക്കിടയിലുണ്ടായിരുന്ന മിസ്റ്റിക് ഫിലോസഫിയുടെ തുടർച്ചയായാണ് അറേബ്യൻ മിസ്റ്റിസിസമുണ്ടാവുന്നത്. അത് പ്രവാചകന്റെ കാലത്ത് ഭൗതികതയും ആത്മീയതയും കൂടിക്കലർന്നിട്ടുള്ള ഫിലോസഫിയായിരുന്നു. അതിൽനിന്ന് മാറി പ്രവാചകന്റെ കാലത്തു തന്നെ പ്രവാചക കുടുംബത്തെ ഉന്മൂലനം ചെയ്യുന്നുണ്ട്. ഹുസൈനിന്റെ മരണത്തോടെ പിന്തുടർച്ചാവകാശം പോയി. ഖുലഫാ ഉർറാഷിദുകളുടെ കാലം കഴിഞ്ഞതോടെ ഇസ്‍ലാമിക ഭരണകൂടത്തിൽ മതവും ഭരണവും വ്യത്യസ്തമായി തന്നെ നിന്നു. അതോടെ മത കേന്ദീകൃത ഭരണം എന്നതിൽ നിന്ന് മാറി അധികാര കേന്ദ്രീകൃത മതം എന്നായി മാറി. ആ മാറ്റം വന്നതോടെ അധികാരത്തോട് പുറം തിരിഞ്ഞു നിൽക്കാനുള്ള പ്രവണത ഏറി. ആ പ്രവണത വെറും ആത്മീയത എന്ന തലത്തിലേക്ക് മാറ്റി. ഭരണകൂടം ആത്മീയതയെ നിഷേധിക്കുമ്പോൾ സ്വാഭാവികമായും ആത്മീയത രാഷ്ട്രീയത്തോട് പുറംതിരിഞ്ഞു നിൽക്കും. ആ മാറ്റമാണ് നാം സൂഫി പുരോഗതിയായി എടുത്തത്. അത് അമവി ഭരണകൂടത്തിന്റെ പ്രത്യാഘാതമായിരുന്നു.

കേരളത്തിൽ അറബി മലയാളത്തിലെ ഉൽപത്തി വരുന്നത് സൂഫികൾ സാധാരണക്കാരെ മതം ആഭ്യസിപ്പിക്കാൻ സംവിധാനിച്ച രീതിയാണ് എന്ന അഭിപ്രായമുണ്ടല്ലോ?

ഇവിടെ ഇസ്‌ലാമിന്റെ കടന്നുവരവോടു കൂടെത്തന്നെ ഭാഷാവീക്ഷണം വന്നു. കാരണം, മതം പ്രചരിക്കുമ്പോൾ തന്നെ മതത്തിന്റെ കേന്ദ്രീകൃതമായ ആശയങ്ങൾ പ്രചരിപ്പിക്കണമല്ലോ. കേന്ദ്രീകൃതമായ ആശയങ്ങൾ പ്രചരിപ്പിക്കുമ്പോൾ അവയുടെ സാങ്കേതികമായ ശബ്ദങ്ങളും വേണമല്ലോ. ഉദാഹരണത്തിന് അറബിയിലെ ജുമുഅ എന്ന പദം തന്നെയെടുക്കാം. അതിന് പകരം വെക്കാൻ മലയാളത്തിൽ വേറെ പദങ്ങളില്ല. സംഘം എന്നോ മറ്റോ പറയുമ്പോൾ അതിന്റെ പൂർണ്ണത കൈവരിക്കാനാവില്ല. ഇസ്‌ലാമിക് തിയോളജിയുമായി ബന്ധപ്പെട്ടു വരുന്ന പദങ്ങൾക്ക് പകരം പദം കണ്ടെത്താനായെന്നു വരില്ല. അറബിയിലെ 28 വർണങ്ങളിൽ 14 വർണങ്ങൾക്ക് മലയാളത്തിന്റേതായ ഉച്ചാരണങ്ങളില്ല. അതിനാൽ സ്വാഭാവികമായും സമാന്തരീകരണങ്ങളുണ്ടാവും (മോഡിഫിക്കേഷൻ). ഈ മോഡിഫിക്കേഷനാണ് പിന്നീട് അറബിമലയാളമെന്ന ഭാഷയെ ഉരുത്തിരിക്കുന്നത്. മദ്രസകളിൽ മതം പഠിപ്പിക്കേണ്ടി വന്നപ്പോഴാണ് അത് അത്യാവശ്യമായി തോന്നിയത്. ആദ്യകാലത്ത് ഔപചാരികമായ മതമായിരുന്നെങ്കിൽ അതിൽനിന്ന് മാറി സിദ്ധാന്തവൽകൃതമായ രീതിയിൽ മതത്തെ പഠിപ്പിക്കേണ്ടി വന്നു. അങ്ങനെ പഠിപ്പിക്കേണ്ടി വന്നപ്പോൾ അറബിയുടെ സാങ്കേതിക പദങ്ങൾ കൂടെ വരുന്നു. അതാണെങ്കിൽ ആളുകൾക്ക് മനസ്സിലാവുന്നില്ലെന്നും വന്നു. അപ്പോൾ എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിൽ അതും ഇതും കൂടി കൂട്ടി.

‘മാപ്പിളപ്പാട്ടിന്റെ സാമൂഹ്യ പശ്ചാത്തലം’ എന്ന ഏറ്റവും അവസാനത്തെ കൃതിയിലടക്കം അറബി മലയാള സാഹിത്യത്തിലൂടെ സമൂഹത്തിലുണ്ടായ മാറ്റത്തെ വിശകലനം ചെയ്യാനുളള ശ്രമമായിരുന്നില്ലേ?

ഭാഷയുടെ വികാസമെന്നതിനേക്കാളേറെ അറബി മലയാള സാഹിത്യവുമായി ബന്ധപ്പെട്ട ചരിത്രപരമായി വിശകലനമാണ് മാപ്പിളപ്പാട്ടിന്റെ സാമൂഹ്യ പശ്ചാത്തലം എന്ന കൃതിയിൽ നടത്തിയിട്ടുള്ളത്.

മാലപ്പാട്ടിന്റെ, പൊതുവിൽ അറബി മലയാള സാഹിത്യത്തിന്റെ തന്നെ വികാസ പരിണാമങ്ങളിൽ ചില ഘട്ടങ്ങൾ കാണാം. കാലഗതിക്കനുസരിച്ച് ആധാര വിഷയങ്ങളിൽ മാറ്റം വരുന്നു. പ്രത്യേകിച്ചും നാൽപ്പതുകൾക്ക് ശേഷം മതകീയമായ വിഷയങ്ങളിൽ നിന്നും കൂടുതൽ സെക്കുലറായ തീമുകളിലേക്ക് മാറുന്നു എന്ന നിരീക്ഷണങ്ങൾ ആ പുസ്തകം പങ്കുവെക്കുന്നുണ്ടല്ലോ?

ശരിയാണ്. ഭാഷ മുൻനിർത്തിയുള്ള സാമൂഹി ചരിത്രം പറയുമ്പോൾ അവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നത് കൊണ്ടു കൂടിയാണ് അത്തരം മാറ്റങ്ങൾ പ്രകടമാവുന്നത്.

മുഹ്യുദ്ദീന്‍ മാലക്ക് മുമ്പ് അറബി മലയാള സാഹിത്യ രചനകൾ ഉണ്ടായിട്ടുണ്ടെന്ന് പറയാനാവുമോ?

മുഹ്യുദ്ദീന്‍ മാലക്ക് മുമ്പ് മറ്റൊരു അറബി മലയാള കൃതി ഉണ്ടായിട്ടുണ്ടെന്ന് പറയാനാവില്ല. കാരണം, പതിനാലാം നൂറ്റാണ്ടിന് മൂന്ന് കൊല്ലം മുമ്പാണ് അറബ് ബംഗാളിയിൽ സയ്യിദ് സുൽത്താന്റെ നബി വംശകാവ്യം വരുന്നത്. അറബ് ബംഗാളിയും അറബി മലയാളവുമായി ആശയപരമായി ഒട്ടേറെ സാദൃശ്യങ്ങൾ കാണുന്നുണ്ട്. അതിലെ ബിംബങ്ങൾ അറബി മലയാള സാഹിത്യത്തിലും കാണാവുന്നതാണ്. സമാനമായ സാമൂഹിക അടിത്തറയിൽ നിന്ന് വരുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്. ഈ ഒരു സാമൂഹിക അടിത്തറ സജീവമാവുന്നത് എഡി. പതിനാല്, പതിനഞ്ച് നൂറ്റാണ്ടുകളിലാണ്. ഇതിന് ശേഷം പതിനേഴാം നൂറ്റാണ്ടുകളിലാണല്ലോ മുഹ്യുദ്ദീന്‍ മാല വരുന്നത്. അപ്പോൾ അതിന് മുമ്പുള്ള കാലം സാമൂഹികമായി ഒരു അടിത്തറ ഒരുക്കുകയായിരുന്നു എന്നേ കരുതാനാവൂ.

മുഹ്യുദ്ദീന്‍ മാല വരുന്നത് മുസ്‌ലിം വിദ്യ അഭ്യസിപ്പിക്കാൻ വേണ്ടിയായിരുന്നോ അതോ വേറെ വല്ലതിനും വേണ്ടി ആയിരിക്കുമോ?

മുഹ്യിദ്ദീൻ മാല കേവലം ഒരു കാവ്യം എന്ന നിലക്ക് വന്നതല്ലല്ലോ. മതപഠനത്തിനാണെങ്കിൽ പൊന്നാനി കുടുംബം സജീവമായി ഇവിടെ ഉണ്ടായിരുന്നല്ലോ. ഒരു വിമോചനത്തിന് വേണ്ടി സമൂഹത്തെ ബോധ്യപ്പെടുത്താനാണ് തുഹ്ഫത്തുൽ മുജാഹിദീൻ ഇവിടെ വരുന്നത്. ഒരുപാട് കേന്ദ്രങ്ങളിലേക്ക് ഇതിന്റെ കയ്യെഴുത്ത് പ്രതി അയച്ചുകൊടുത്തിരുന്നു. അപ്പോഴും പൂർണ്ണമായും അതുൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അത്തരമൊരു ഘട്ടത്തിലാണ് മലയാളിക്ക് മനസ്സിലാവുന്ന അറബി രുപത്തിൽ അവതരിപ്പിക്കാമെന്നായത്. അങ്ങനെ വന്ന കാവ്യമാണ് മുഹ്യുദ്ദീന്‍ മാല.

അപ്പോൾ മുഹ്യുദ്ദീന്‍ മാലക്ക് ഒരു സമരധ്വനി ഉണ്ടെന്നാണോ പറഞ്ഞു വരുന്നത്?

ഒരു സമൂഹത്തിന്റെ പ്രതികരണം രണ്ടു വിധത്തിലാണുണ്ടാവുക. ഒന്നുകിൽ അവയെ ചെറുക്കുക. അല്ലെങ്കിൽ അവയെ ഉൾക്കൊള്ളുക. വൈദേശികാധിപത്യത്തെ സമീപിക്കുന്നതിലും ഈ രണ്ടു സമീപനങ്ങൾ പ്രകടമാണ്. ശാരീരികമായ ചെറുത്തു നിൽപ്പാണ് കുഞ്ഞി മരക്കാരെപ്പോലുള്ളവർ കൈക്കൊണ്ടത്. അതേസമയം മതം തങ്ങളുടെ സ്വത്വമാണെന്നും ഈ മതത്തിൽ അടിയുറച്ചു നിൽക്കുമ്പോഴേ തനിക്ക് നിലനിൽപ്പുള്ളൂ എന്ന് ഓരോരുത്തർക്കും ബോധ്യം വരേണ്ടെ? അതിനുള്ള ശ്രമമാണ് മുഹ്യുദ്ദീന്‍ മാല കൊണ്ട് സാധ്യമായത്.

ഇന്നത്തെ മുഹ്യുദ്ദീന്‍ മാല വായിക്കുമ്പോൾ സരളമായ മലയാള ഭാഷയാണെന്ന് തിരിച്ചറിയുന്നു. അതിന് ശേഷമാണല്ലോ തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണമൊക്കെ വരുന്നത്?

രണ്ടും രണ്ട് ശ്രേണിയാണ്. എഴുത്തച്ഛൻ വരുന്നത് ഹിന്ദുക്കൾക്കിടയിൽ നിന്നാണ്. ബ്രാഹ്മണ്യത്തിന്റെ ഭാഷയായിരുന്നു മണിപ്രവാളം. മണിപ്രവാളത്തെ ജനകീയവൽക്കരിക്കാനായിരുന്നു എഴുത്തച്ഛന്റെ ശ്രമം. ആ എഴുത്തച്ഛന് പ്രാദേശിക മലയാളവുമായാണ് ബന്ധം. എഴുത്തച്ഛന്റെ കാലഘട്ടത്തിന് മുമ്പാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ വരുന്നത്. കൃഷ്ണഗാഥ എഴുത്തച്ഛന്റെ രാമായണത്തെക്കാൾ ലളിതമാണ്. വെട്ടത്തുനാട്ടിൽ ജീവിച്ചിരുന്നതിനാൽ തന്നെ വെട്ടത്തുനാട്ടിലെ നമ്പൂതിരിമാരുടെ ആഢ്യ ഭാഷയിലാണ് എഴുത്തച്ഛനും എഴുതിയത്. എഴുത്തച്ഛൻ ജനിക്കുന്നതിന്റെ 400 വർഷം മുമ്പാണ് ചീരാമന്റെ രാമചരിതം വിരചിതമായത്. തമിഴ് കലർന്ന ഭാഷയാണ് രാമ ചരിതത്തിലേത്. ഇതും എഴുത്തച്ഛന്റെ ഭാഷയേക്കാൾ ലളിതമാണെന്ന് പറയാവുന്നതാണ്. കാലഘട്ടത്തിന്റെ ഭാഷയെന്ന നിലയേക്കാൾ താൻ ജീവിക്കുന്ന പരിസരത്തിന്റെ ഭാഷയാണ് എഴുത്തച്ചൻ ഉപയോഗിച്ചത് എന്നതിനാലാണ് എഴുത്തച്ഛൻ ആഘോഷിക്കപ്പെട്ടത്.

എഴുത്തച്ഛൻ തിരൂരിലെ നമ്പൂതിരിമാർക്കിടയിലാണ് ജീവിച്ചത്. അതേ നമ്പൂതിരിമാർ എഴുത്തച്ചനെ പാലക്കാട്ടേക്ക് നാടുകടത്തിയെന്നത് വിധി വൈപരീത്യം. താനൂർ സ്വരൂപവും വെട്ടത്തുനാടും അടക്കിവരുന്ന നമ്പൂതിരിമാർക്കെതിരെ തിരിഞ്ഞതോടെയാണ് എഴുത്തച്ഛനെ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന തീർപ്പിലെത്തിയത്. ബ്രാഹ്മണ്യത്തിന്റെ അധികാരത്ത ചോദ്യം ചെയ്ത് തീണ്ടാരിയായ പെണ്ണിനും, എരപ്പാളികൾക്കും, ശവം ദഹിപ്പിക്കുന്നവനും ഭക്തി ആവാമെന്ന് പറഞ്ഞതോടെയാണ് നമ്പൂതിരിമാർക്ക് എഴുത്തച്ഛൻ അനഭിമതനായത്. അങ്ങനെയാണ് പാലക്കാട്ടേക്ക് നാടുകടത്തുന്നത്.

താങ്കൾ എങ്ങനെയാണ് മാപ്പിളപ്പാട്ട്, മാപ്പിള സംസ്കാരം തുടങ്ങിയ പഠന മേഖലകളിലേക്ക് കടന്നുവരുന്നത്?

ചെറുപ്പത്തിൽ തന്നെ നാടൻ പാട്ട്, കാർഷികവൃത്തിയുമായി ബന്ധപ്പെട്ട പാട്ടുകൾ എന്നിവയിൽ വലിയ കമ്പമായിരുന്നു. സ്കൂൾ പഠനകാലത്ത് മലയാളത്തോടും പ്രത്യേകമായ ഒരടുപ്പം തോന്നിയിരുന്നു. എസ്എസ്എൽസി കാലത്ത് കവിത കുറിക്കുന്ന അസ്കിതയും ഉണ്ടായിരുന്നു. പിന്നീട് കവിത വിട്ട് ഗദ്യ സാഹിത്യ മേഖലയിലേക്ക് തിരിയുകയായിരുന്നു. ബി.എക്ക് പഠിക്കുമ്പോൾ മലയാളം ഐച്ഛിക വിഷയമായിരുന്നു. അന്നത്തെ പാഠ്യപദ്ധതിയിൽ ബദ്‌റുൽ മുനീറും, ഹുസ്നുൽ ജമാലുമൊക്കെ ഉൾപെട്ടിരുന്നു. പക്ഷേ അറബി മലയാളത്തിലായിരുന്നതിനാൽ വായിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. ആ കാലത്താണ് തിരൂരങ്ങാടിയിൽ അറബി മലയാള സമേളനം നടക്കുന്നത്. സമ്മേളനത്തിന് ക്ഷണിക്കപ്പെടാത്ത അതിഥിയായി പങ്കെടുത്ത എനിക്ക് അവിടെ പറയുന്നതെല്ലാം അപ്പടി ദഹിച്ചതുമില്ല. മടുപ്പ് മാറാനായി ഒരു ബീഡിക്ക് തീ കൊടുത്ത് മാറി നില്ക്കുമ്പോൾ ഒരാൾ വന്ന് ബീഡി ചോദിച്ച് പരിചയപ്പെട്ടു. കെ.കെ മുഹമ്മദ് അബ്ദുൽ കരീം എന്നായിരുന്നു ആ മനുഷ്യന്റെ പേര്. അങ്ങനെ മഹാനായ ചരിത്രകാരനുമായി അടുപ്പമായി. മാപ്പിളപ്പാട്ടിനെക്കുറിച്ച് പറയപ്പെടുന്നത് കേൾക്കുകയും തുടർന്ന് തങ്ങളുടേതായ രീതിയിൽ പഠനം നടത്തുകയുമാണ് വേണ്ടതെന്ന് കരീം മാഷാണ് എന്നെ പഠിപ്പിച്ചത്.

ആ കാലത്താണ് ഞാൻ മാപ്പിളപ്പാട്ടിനെക്കുറിച്ച് ആദ്യമായി ഒരു പ്രബന്ധമെഴുതുന്നത്. അവഗണിക്കപ്പെട്ട ഒരു സാഹിത്യശാഖ എന്ന പേരിൽ ആ പ്രബന്ധം അതേപടി ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചു വന്നു. സി.എച്ചായിരുന്നു അന്ന് എഡിറ്റർ. 1972 ലാണ് അതെന്നാണ് എന്റെ ഓർമ്മ. മലയാളത്തിലെ തന്നെ ഒരു സാഹിത്യശാഖ അതർഹിക്കുന്ന രീതിയിൽ അംഗീകരിക്കപ്പെടുന്നില്ല എന്ന പരിഭവമായിരുന്നു പ്രബന്ധത്തിന്റെ കാതൽ. അറബി മലയാളത്തിൽ വിരചിതമായെങ്കിലും അവ സുഗ്രാഹ്യമല്ലാത്തതിനാലാണ് അർഹിച്ച പരിഗണന ലഭിക്കാതെ പോയത്. അതിനാൽ ജനങ്ങൾക്ക് ആസ്വദിക്കാനാവണം ഈ സാഹിത്യ രചനകളുമെന്ന് ആ പ്രബന്ധത്തിലൂടെ ഞാൻ വാദിച്ചു. സി.എച്ചിന് ഇത് നന്നേ ബോധിച്ചു. പിന്നീട് 1974ൽ രണ്ടാമത്തെ പഠനം പുറത്തുവന്നു. ‘സ്തോത്ര കാവ്യങ്ങൾ മാപ്പിളപ്പാട്ടിൽ’ എന്നായിരുന്നു ആ ലേഖനത്തിന്റെ തലവാചകം. എന്താണ് മാലപ്പാട്ട്, മാലപ്പാട്ടിന്റെ ജനകീയ ശൈലി, മലയാള സ്തോത്ര കാവ്യങ്ങളുമായി ഇവ എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു തുടങ്ങിയ വിവിധ മേഖലകളെ പുരസ്കരിച്ചായിരുന്നു ആ പഠനം. ആറു ലക്കങ്ങളിലായി ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച പഠനത്തിന് മുപ്പത് രൂപയായിരുന്നു പ്രതിഫിലം. എന്റെ ഒരു മാസത്തെ ശമ്പളത്തിന്റെ അഞ്ചിലൊന്നായിരുന്നു ആ പ്രതിഫലത്തിന്റെ മൂല്യം. കൂടാതെ പഠനം മികച്ചതാണെന്നും ഗവേഷണം ഇനിയും തുടരുകയെന്നും പറഞ്ഞ് എസ്.കെ പൊറ്റക്കാട്ടിന്റെ അനുമോദനക്കത്തും എന്നെത്തേടിയെത്തി.

1974-ൽ ഉബൈദിന്റെ നിര്യാണ ശേഷം ഉബൈദ് സ്മാരക മാപ്പിളപ്പാട്ട് ഉത്സവം കാസർകോട്ട് നടത്തിയപ്പോൾ അതിൽ പ്രസംഗിക്കാനായി ഞാൻ ക്ഷണിക്കപ്പെട്ടു. പഠിക്കപ്പെടാതെ കിടന്ന മാപ്പിളപ്പാട്ട് സാഹിത്യത്തിൽ ഗവേഷണം നടത്തുക എന്നത് അങ്ങനെ ഒരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു. അതിന് ശേഷം ഒട്ടേറെ ലേഖനങ്ങളെഴുതി. അവ മുഴുവനും ഇപ്പോൾ ലഭ്യവുമല്ല. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാമെന്നേറ്റ് എന്റെ പക്കൽ നിന്ന് കൈപറ്റിയ കാപിറ്റൽ ബുക്സ് പ്രസിദ്ധികരിച്ചില്ല എന്ന് മാത്രമല്ല, അവ തിരിച്ചേൽപ്പിച്ചതുമില്ല. മാപ്പിളപ്പാട്ടിന് ഒരാമുഖം എന്ന പുസ്തകം പൂങ്കാവനം പ്രസിദ്ധീകരിച്ചു. അതാണ് പുസ്തക രൂപത്തിലെഴുതിയ ആദ്യ കൃതി. മാപ്പിള സാഹിത്യത്തിന്റെ കാണാപ്പുറങ്ങൾ എന്ന പുസ്തകം കാപിറ്റൽ ബുക്സ് പ്രസിദ്ധീകരിച്ചു.


കടപ്പാട്: റമളാൻ ചന്ദ്രിക 2017
Featured Image : mohammad alashri

Comments are closed.