മോയിൻകുട്ടി വൈദ്യർ 1872ൽ രചിച്ച ‘ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും’ എന്ന കാല്പനിക കാവ്യത്തിന്റെ സാഹിതീയ-സാംസ്കാരിക വ്യതരിക്തതയെ മുൻനിർത്തി, അന്നത്തെ മലബാർ ജില്ലയിലെ പോലീസ് ഓഫീസറും എത്നോഗ്രാഫറുമായിരുന്ന ഫ്രെഡ് ഫൗസറ്റ് എഴുതിയത് ഇങ്ങനെയായിരുന്നു: “അദ്ദേഹത്തിന്റെ സങ്കല്പങ്ങൾ വ്യത്യസ്തമാണ്, അദ്ദേഹം കവിതാരചനയുടെ കലയും പഠിച്ചിട്ടുണ്ട്, അതും സംസ്കാരശൂന്യരായ മാപ്പിളകളുടെ ഇടയിൽ നിന്ന്! പക്ഷെ എവിടെ നിന്നാണ് അദ്ദേഹത്തിന് ആ ആശയങ്ങളൊക്കെ കിട്ടുന്നത്?” ‘ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും’ എന്നതിനെ ജിയോവാനി ബൊക്കാഷ്യോയുടെയും വില്യം ഷേക്സ്പിയറിന്റെയുമെല്ലാം ആവിഷ്കാരങ്ങൾ പോലെ പഴയ കഥകളെ പുതിയ ആഖ്യാനങ്ങളാക്കി മാറ്റുന്ന ഒരു സാഹിതീയ ഗണത്തിലാണ് ഫൗസറ്റ് പെടുത്തുകയും മനസ്സിലാക്കുകയും ചെയ്തത്. അതായത്, എഴുത്തുകളിൽ ‘വിചിത്രതകൾ’ (fantasy) ഉൾക്കൊള്ളിക്കുകയും, പൂർവ്വാധുനിക സാഹിത്യ ലോകത്തെ കൈമാറ്റ സംസ്കാരങ്ങളുടെ ഭാഗമാവുകയും ചെയ്തിരുന്ന അദ്ദേഹത്തിന് വായനാപരിചയമുള്ള ചില എഴുത്തുകാരോട് വൈദ്യരുടെ സാഹിത്യ ലോകത്തെ ഉപമിക്കുകയാണ് ഫൗസറ്റ് അതിലൂടെ ചെയ്യുന്നത്.
മലയാള സാഹിത്യചരിത്രത്തിൽ ‘ശുദ്ധവാദം’ ഉന്നയിക്കുന്ന പ്രാദേശിക ചരിത്രകാരന്മാർക്കും, പോസ്റ്റ് കൊളോണിയലിസം പോലുള്ള പാശ്ചാത്യമാതൃകകളിൽ ആകൃഷ്ടരായ ആളുകൾക്കും ഫൗസറ്റിന്റെ രീതിയിലുള്ളൊരു ചിന്ത കേവലം അതിശയോക്തിയും, അതി വ്യാഖ്യാനവും മാത്രമായി തോന്നാം. കാരണം, ക്ലാസ്സിക്കൽ ശുദ്ധസാഹിത്യ സംസ്കാരത്തിന്റെ ഔന്നിത്യത്തിൽ വിശ്വസിക്കുന്ന അവർ, സംസ്‌കൃത പാരമ്പര്യത്തിന് പുറത്തുള്ള വൈദ്യരുടെ എഴുത്തുകളെ പ്രാദേശികമായി രചിക്കപ്പെട്ട നാടൻപാട്ടുകളുടെ ഗണത്തിലാണ് പെടുത്തുന്നത്. എന്നാൽ, കൊളോണിയൽ സങ്കല്പത്തിലുള്ള ഫൗസറ്റിന്റെ വ്യാഖ്യാനത്തെ പൂർണ്ണമായി സ്വീകരിക്കാതിരിക്കുമ്പോൾ തന്നെ, ശുദ്ധവാദ-യൂറോപ്യൻ സങ്കല്പത്തിൽ നിന്ന് വ്യത്യസ്തമായി വൈദ്യരെ മനസ്സിലാക്കാനുള്ളൊരു സാധ്യത അദ്ദേഹത്തിന്റെ ഒരു ചോദ്യം തുറന്ന് വെക്കുന്നുണ്ട്. “എവിടെ നിന്നാണ് വൈദ്യർക്ക് ആ ആശയങ്ങളൊക്കെ കിട്ടുന്നത്?” എന്ന അദ്ദേഹത്തിന്റെ ചോദ്യമാണത്. ആശയങ്ങളുടെ ഉറവിട അന്വേഷണങ്ങൾക്ക്, വൈദ്യർ പഠനങ്ങളിൽ രണ്ട് പ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഒന്ന്, വ്യത്യസ്ത കാലങ്ങളിലും പ്രദേശങ്ങളിലും വൈദ്യരുടെ എഴുത്തുകൾ ഏതളവിൽ സ്വാധീനം ചെലുത്തി എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. രണ്ട്, വൈദ്യരുടെ കാലത്ത് മലബാറിന്റെ സാഹിതീയ ഭാവനകളെ രൂപപ്പെടുത്തിയ ചരിത്രപ്രക്രിയകളെ അടുത്ത് നിരീക്ഷിക്കാൻ സാധിക്കുന്നു. അതിനുപുറമെ, വൈദ്യരുടെ ‘കാവ്യലോകം’ (കാവ്യങ്ങൾ സ്വാധീനിച്ച പ്രദേശങ്ങളുടെ അതിർത്തി) എന്നതിന്റെ വ്യാപ്തിയെയും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ മലബാർ സാഹിത്യലോകത്തെ വ്യത്യസ്തമായി മനസ്സിലാക്കുന്നതിൽ നിന്ന് ചരിത്രകാരന്മാരെ തടയുന്ന രാഷ്ട്രീയ, ചരിത്രശാസ്ത്ര ബോധങ്ങളെയും മനസ്സിലാക്കാൻ ആ ചോദ്യം സാഹചര്യമൊരുക്കുന്നുണ്ട്.
മാപ്പിള-വൈദ്യർ പഠനങ്ങളിലെ രീതിശാസ്ത്രങ്ങളും പരിമിതികളും
വളർന്ന് വരുന്ന മാപ്പിള പഠനങ്ങൾ, മലബാർ പഠനങ്ങൾ എന്നീ ഗവേഷണ ശാഖകളുടെ ഭാഗമായി മോയിൻകുട്ടി വൈദ്യരെ കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളിൽ നിന്നുള്ള പഠനങ്ങൾ ഇതിനോടകം രൂപപ്പെട്ടിട്ടുണ്ട്. വൈദ്യരെ കുറിച്ചുള്ള ആ പഠനങ്ങളിലെല്ലാം തന്നെ പ്രധാനമായും മൂന്ന് രീതിശാസ്ത്രങ്ങളാണ് നിരീക്ഷിക്കാൻ സാധിക്കുന്നത്. ഒന്ന്, മലബാറിലെ കൊളോണിയൽ വിരുദ്ധ ചരിത്ര ആഖ്യാനങ്ങളിൽ പ്രധാന പങ്കുള്ള ഒരു സാഹിതീയ-സാംസ്കാരിക ഘടകം എന്ന നിലയിൽ അദ്ദേഹത്തെ കണക്കാക്കുന്ന രീതി. രണ്ട്, മലബാറിലെ ‘മാപ്പിളപ്പാട്ട്’ പാരമ്പര്യത്തിന്റെ ഒരു പ്രധാന സ്രോതസ്സ് ആയും, ആ പാരമ്പര്യത്തിന്റെ രൂപീകരണ നാൾവഴികളെ മനസ്സിലാക്കാനുള്ള ഒരു അളവുകോലായും വൈദ്യരെയും, വൈദ്യർ സാഹിത്യത്തെയും മനസ്സിലാക്കുന്ന രീതി. കെ കെ എം അബ്ദുൽ കരീം, സി എൻ അഹ്മദ് മൗലവി, കെ അബൂബക്കർ, ബഷീർ ചുങ്കത്തറ, ബാവ പാലക്കുന്ന് എന്നിവരാണ് ആ രീതിശാസ്ത്രത്തിൽ പ്രധാന രചനകൾ നടത്തിയിട്ടുള്ളത്. ആ രീതിശാസ്ത്രത്തിൽ നിന്നാണ് വൈദ്യർ കൃതികളെ ഭാഷാശാസ്‌ത്രപരമായി അടയാളപ്പെടുത്തുന്ന രീതി രൂപപ്പെടുന്നത്. അതിന്റെ അടിസ്ഥാനത്തിൽ, വൈദ്യർ കൃതികൾ അറബി, ഹിന്ദുസ്ഥാനി, കന്നഡ സ്വാധീനമുള്ള, തമിഴ് (പഴയ മലയാളം) കലർന്ന മലയാളത്തിൽ എഴുതപ്പെട്ട സാഹിത്യങ്ങളായി നിർവ്വചിക്കപ്പെട്ടു. മൂന്ന്, വൈദ്യരുടെ എഴുത്തുകളെ ആ കാലഘട്ടത്തിലെ മലയാള സാഹിത്യങ്ങളുമായി താരതമ്യം ചെയ്യുകയോ അല്ലെങ്കിൽ ആഗോള സാഹിതീയ ശൃംഖലകളിൽ നിന്ന് വേർപെടുത്തി വൈദ്യർ സാഹിത്യത്തിന്റെ സ്വാധീനങ്ങളെ പ്രാദേശിക നാടൻ പാരമ്പര്യങ്ങളിൽ കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്യുന്ന രീതി. ആ രീതിയിൽ രണ്ട് പ്രധാന ഉപവിഭാഗങ്ങളെ നിരീക്ഷിക്കാൻ സാധിക്കും. ഒന്ന്, ശൂരനാട് കുഞ്ഞൻപിള്ള, എം എൻ കാരശ്ശേരി, എം എം ബഷീർ എന്നിവരെ പോലെ വൈദ്യർ സാഹിത്യങ്ങളെ ആധുനിക ദേശരാഷ്ട്ര സങ്കല്പത്തിന്റെ ഭാഗമായ ‘പ്രാദേശിക സാഹിത്യം’ എന്ന ഗണത്തിൽ പെടുത്തി മനസ്സിലാക്കാൻ ശ്രമിച്ചവരും, ബാലകൃഷ്‌ണൻ വള്ളിക്കുന്നിനെ പോലെ, വൈദ്യർ സാഹിത്യത്തിന്റെ ഭാഷാപരവും, വംശീയവുമായ സ്വാധീനങ്ങളും, അറബ് ബന്ധങ്ങളുമൊക്കെ വ്യക്തമാക്കാൻ ശ്രമിക്കുമ്പോൾ തന്നെയും പ്രാദേശിക-നാടൻ പാരമ്പര്യ രീതിശാസ്ത്രത്തിന്റെ സ്വാധീനത്താൽ അവ എങ്ങനെയാണ് പ്രാദേശികവൽക്കരിക്കപ്പെടുന്നതെന്ന് വ്യക്തമാക്കാതെ പോയവരും. അതായത്, ആ രണ്ട് ഉപരീതിശാസ്ത്രങ്ങളും മാപ്പിള സാഹിത്യങ്ങളെ ‘പ്രാദേശികം’ എന്ന ആഖ്യാന മാതൃകയായിട്ടാണ് ബന്ധപ്പെടുത്തിയിരുന്നത് എന്നതിനാൽ ‘കേരള ചരിത്ര’ത്തിന്റെ ഒരു ഭാഗം മാത്രമായിട്ടാണ് വൈദ്യർ കൃതികളെ അത് മനസ്സിലാക്കിയത്.
ആ രീതിശാസ്ത്രങ്ങൾക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. വൈദ്യരെ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നിലനിന്നിരുന്ന സവിശേഷമായ കാലിക സങ്കീർണ്ണതകളിൽ നിന്നും, അദ്ദേഹം ജീവിച്ചിരുന്ന പ്രദേശത്തെ രൂപപ്പെടുത്തിയിരുന്ന വ്യത്യസ്തമായ സാംസ്കാരിക സ്വാധീനങ്ങളിൽ നിന്നും വേർപെടുത്തി, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സാഹിത്യത്തെയും മുമ്പേ നിലനിന്നിരുന്ന ചില വാർപ്പുമാതൃകാ ചട്ടക്കൂടുകളിലേക്ക് ആ മാതൃകകൾ പരിമിതപ്പെടുത്തി. എന്നാൽ, ആ മാതൃകൾ രൂപപ്പെടുത്തിയ പരിമിതികൾ മാപ്പിള സാഹിത്യവും വൈദ്യർ കൃതികളുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന ചോദ്യങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്നുണ്ട്. ഒന്ന്, എന്തായിരുന്നു വ്യത്യസ്ത ഭാഷകളും, പാഠങ്ങളും, ക്രിയാത്മക സങ്കല്പങ്ങളുമെല്ലാം ഉപയോഗിച്ച് വൈദ്യർ രൂപപ്പെടുത്തിയ ആ സവിശേഷമായ സങ്കര ഭാഷാശാസ്ത്ര മാതൃകയുടെ ആവശ്യകതയും രീതിയും? രണ്ട്, എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം അദ്ദേഹത്തിന്റെ വ്യത്യസ്ത ആശയങ്ങളെയും, സങ്കല്പങ്ങളെയും, കഥാപാത്രങ്ങളെയുമെല്ലാം തിരഞ്ഞെടുത്തിരുന്നത്?
പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ആ രണ്ട് ചോദ്യങ്ങളെ അഭിസംബോധന ചെയ്യാനും, വൈദ്യർ-മാപ്പിള പഠനങ്ങളിൽ നിലനിൽക്കുന്ന പ്രധാന പരിമിതികളിൽ നിന്ന് വ്യത്യസ്തമായ പുതിയൊരു കാഴ്ചപ്പാട് രൂപപ്പെടുത്താനും സഹായിക്കുന്ന ഒരു രീതിയാണ് വൈദ്യർ സാഹിത്യത്തെ അതിന്റെ പേർഷ്യൻ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ കൂടെ മനസ്സിലാക്കുക എന്നത്. അതായത്, ‘പേർഷ്യൻ ബന്ധിത ലോകം’ (Persianate World) എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കുമ്പോൾ മാത്രമാണ്, വൈദ്യർ സാഹിത്യത്തെയും മാപ്പിള സാഹിത്യത്തെയും പത്തൊമ്പതാം നൂറ്റാണ്ടിലെ അവയുടെ ആഗോള ഇടപാടുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിക്കുകയുള്ളു. കാരണം, വൈദ്യർ കൃതികളിലെ അറബി, തമിഴ് സ്വാധീനങ്ങളും അവയുടെ സംസ്‌കൃത പാരമ്പര്യവുമായുള്ള സാദൃശ്യതയും, അറബ് സ്വാധീനമുള്ള ഉലമാക്കളുടെയും മാപ്പിള സാഹിത്യകാരന്മാരുടെയും തമിഴുവൽക്കരിക്കപ്പെട്ട സാഹിത്യങ്ങളുമായുള്ള ബന്ധങ്ങൾ ആ കൃതികളിൽ വരുത്തിയ സ്വാധീനവുമെല്ലാം പല രീതിയിൽ പഠിക്കപെട്ടിട്ടുണ്ട്. എന്നാൽ, ദക്ഷിണേന്ത്യയിലെ പ്രാദേശിക വൈദ്യപാരമ്പര്യവുമായും, അതിന്റെ ക്ലാസിക് ഭാഷാരീതികളുമായുമുള്ള വൈദ്യരുടെ കുടുംബത്തിന്റെ ബന്ധവും, വൈദ്യർ കൃതികളുടെ പേർഷ്യൻ സാധ്യതകളുമാണ് ഇനിയും അധികം ഗവേഷണം ചെയ്യപ്പെടാതെ നിലനിൽക്കുന്നത്. അറബി-മലയാള മാപ്പിള സാഹിത്യത്തിലെ പേർഷ്യൻ സ്വാധീനത്തെ കുറിച്ച് 1970കളിൽ തന്നെ ഓ അബുവിനെ പോലുള്ള ചരിത്രകാരന്മാർ പഠനം നടത്തിയിട്ടുണ്ട്. അതുപോലെ, മാപ്പിളപ്പാട്ടുകളുടെ ആലാപന രീതികളെ രൂപപ്പെടുത്തിയ ചരിത്രഘടകങ്ങളെ മുൻനിർത്തിയുള്ള പഠനത്തിൽ, കേരള മുസ്‌ലിങ്ങളുടെ സംഗീത സംസ്കാരം പേർഷ്യൻ, തമിഴ്, നാടൻ പാട്ട് രീതികളിൽ നിന്നാണ് രൂപപ്പെട്ടത് എന്ന് ഡോ. ഹുസൈൻ രണ്ടത്താണിയും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, അവ രണ്ടും മാപ്പിള സംസ്കാരത്തിന്റെ പേർഷ്യൻ ബന്ധങ്ങളെ സാംസ്കാരിക തലത്തിൽ മാത്രമാണ് മനസ്സിലാക്കുന്നത്, മറിച്ച് ‘പേർഷ്യനേറ്റ്’ എന്ന മാതൃക തുറന്ന് നൽകുന്ന അതിന്റെ ഭൂമിശാസ്ത്രപരവും, ആഗോള ചരിത്രപരവുമായ രീതിശാസ്ത്ര വശങ്ങൾക്ക് അവ പ്രാധാന്യം നൽകുന്നില്ല. അപ്പോൾ, പേർഷ്യനേറ്റ് എന്ന സങ്കല്പത്തിലൂടെ മോയിൻകുട്ടി വൈദ്യരെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, മാപ്പിള സാഹിത്യത്തെ മനസ്സിലാക്കുന്നതോടൊപ്പം കേരളത്തെ കുറിച്ചുള്ള പഠനങ്ങളിലെ പ്രബല ചരിത്രരചനാശാസ്ത്ര രീതികളിൽ നിന്ന് വ്യത്യസ്തമായി മലബാറിലെ പേർഷ്യൻ സ്വാധീനത്തെ കൂടെ അതിലൂടെ കണ്ടെത്താൻ സാധിക്കുന്നുണ്ട്.
പേർഷ്യനേറ്റും മാപ്പിള-മലബാർ സാഹിത്യത്തിന്റെ ഹിന്ദുസ്ഥാനി വംശാവലിയും
പത്തൊമ്പതാം നൂറ്റാണ്ടിന് മുമ്പുള്ള അറബി, തമിഴ്, സംസ്കൃതേതര തമിഴുവൽകൃത നാടൻ ‘പാട്ട്’ എന്നിവയുടെ സ്വാധീനമുള്ള മലബാർ മുസ്‌ലിങ്ങളുടെ സാഹിതീയ, പാഠ പാരമ്പര്യങ്ങളിൽ നിന്ന് മോയിൻകുട്ടി വൈദ്യരുടെ കൃതികൾ വ്യത്യസ്തമാവുന്നത് അവയുടെ പേർഷ്യൻ സ്വാധീനം കൊണ്ടാണ്. ആ അർത്ഥത്തിൽ, മുമ്പ് മലബാറിലുണ്ടായിരുന്ന സാഹിത്യ പാരമ്പര്യത്തിൽ നിന്ന് വിച്ഛേദിച്ച പുതിയൊരു മാപ്പിള സാഹിത്യഘട്ടത്തിനാണ് വൈദ്യരുടെ കാവ്യലോകം പ്രാരംഭം കുറിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ പുതിയൊരു കുലീന സംസ്കാരവും, സാഹിതീയ ഭാഷാ മാതൃകയുമായി സൗത്ത് ഏഷ്യയുടെ പല ഭാഗങ്ങളിലും പേർഷ്യൻ വളർന്ന് വരുന്നുണ്ടായിരുന്നു. ഇന്ത്യക്കകത്തുള്ള വ്യത്യസ്ത പ്രദേശങ്ങളെയും, ഹിന്ദുസ്ഥാനും അതിന് പുറത്തുള്ള വ്യത്യസ്ത പ്രവിശ്യകളെയും അത് പരസ്പരം ബന്ധപ്പെടുത്തി. എന്നാൽ, കേവലം പേർഷ്യൻ ഭാഷയുടെ ഉപയോഗത്തെ മാത്രമല്ല ‘പേർഷ്യനേറ്റ്’ എന്ന് വിശേഷിപ്പിക്കുന്നത്. മറിച്ച്, പേർഷ്യൻ ഭാഷയുടെ മധ്യസ്ഥതയിൽ വ്യത്യസ്ത പ്രദേശങ്ങൾക്കും, ജനവിഭാഗങ്ങൾക്കും ഇടയിൽ നടന്നിട്ടുള്ള എല്ലാ തലത്തിലുള്ള ചരിത്ര ഇടപാടുകളെയും ദിർഘകാല അടിസ്ഥാനത്തിലുള്ള ചരിത്രപ്രക്രിയകളാക്കി മനസ്സിലാക്കാനുള്ളൊരു മാതൃകയാണത്. പ്രധാനമായും മൂന്ന് രീതികളിലാണ് പേർഷ്യൻ ഭാഷ, അല്ലെങ്കിൽ പേർഷ്യനേറ്റ് എന്ന ചരിത്ര പ്രക്രിയ ആഗോള തലത്തിൽ വ്യാപിച്ചത്: ഒന്ന്, രാഷ്ട്രീയ ഭരണം (political administration); രണ്ട്, മതകീയ വ്യവഹാരം (religious polemics); മൂന്ന്, സാഹിതീയ അനുരൂപീകരണം (literary adaptation).
ആ മൂന്ന് രീതികളെ മുൻനിർത്തി മലബാറിനെ മനസ്സിലാക്കുമ്പോൾ മാപ്പിള സാഹിത്യത്തിന്റെയും കേരള ചരിത്രത്തിന്റെയും വ്യത്യസ്തമായൊരു ചിത്രമാണ് വ്യക്തമായി വരുന്നത്. മൈസൂർ സൽത്തനേറ്റിന്റെയും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും മലബാറിലേക്കുള്ള വ്യാപനത്തോട് കൂടെയാണ് രാഷ്ട്രീയ ഭരണത്തിന്റെ അടിസ്ഥാനത്തിലുള്ള പേർഷ്യൻ സ്വാധീനം കുറഞ്ഞ രീതിയിലാണെങ്കിൽ പോലും മാപ്പിളമാരുടെ ഇടയിൽ രൂപപ്പെടുന്നത്. ഭാഷാപരമായി പേർഷ്യനായിരുന്നു മൈസൂർ സൽത്തനേറ്റ് പിന്തുടർന്നിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷും, പേർഷ്യനും, ആവശ്യാനുസരണം മറ്റ് പ്രാദേശിക ഭാഷകളും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഭരണരീതിയായിരുന്നു ബ്രിട്ടീഷുകാരുടെതെങ്കിലും, അതിലൂടെയും ഹിന്ദുസ്ഥാനിയും/പേർഷ്യനും മലബാറിന്റെ ഭാഷാവ്യവഹാരത്തിലേക്ക് പ്രവേശിച്ചിരുന്നു. അതായത്, മലബാറിൽ അത്ര ജനകീയതയും പ്രചാരവും ലഭിച്ചില്ലെങ്കിലും, ഭരണഭാഷയായി മാത്രം നിലനിൽക്കേണ്ടി വന്നെങ്കിലും കൂടെ, പേർഷ്യൻ അവിടത്തെ കുലീനരും അഭ്യസ്തവിദ്യരുമായിട്ടുള്ള വിഭാഗങ്ങൾക്കിടയിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ക്രമേണ സ്വാധീനം ചെലുത്തി തുടങ്ങിയിരുന്നു.
‘പൊന്നാനി-കൊണ്ടോട്ടി കൈതർക്ക’ത്തിലൂടെയാണ് മതകീയ വ്യവഹാരത്തിന്റെ ഭാഗമായുള്ള പേർഷ്യൻ പാരമ്പര്യത്തിന്റെ മലബാറിലേക്കുള്ള പ്രവേശനം പ്രധാനമായും കണ്ടെത്താൻ സാധിക്കുന്നത്. പൊന്നാനി കേന്ദ്രീകരിച്ചുള്ള പരമ്പരാഗത സുന്നിശ്രേണിയിലുള്ള മതപണ്ഡിതന്മാരും, കൊണ്ടോട്ടി കേന്ദ്രീകരിച്ചുള്ള ചിശ്തി-ഖാദിരി വിഭാഗവും തമ്മിൽ ദീർഘകാലം നടന്ന ദൈവശാസ്ത്ര സംവാദങ്ങളെയാണ് പൊന്നാനി-കൊണ്ടോട്ടി കൈതർക്കം എന്ന് വിശേഷിപ്പിക്കുന്നത്. ഹിന്ദുസ്ഥാനി ശൃംഖലയുടെ ഭാഗമായിരുന്ന ബോംബെയിൽ നിന്ന് വന്ന സയ്യിദ് മുഹമ്മദ് ശാഹ് ആയിരുന്നു കൊണ്ടോട്ടി കയ്യിന്റെ (വിഭാഗത്തിന്റെ) നേതാവ്. അറബിയിലും, ഉറുദുവിലും, സൂഫിസത്തിന്റെ ഫാർസി പാഠങ്ങളിലും, പേർഷ്യൻ ക്ലാസിക് കാവ്യങ്ങളിലുമെല്ലാം പഠനം നടത്തിയ വ്യക്തിയായിരുന്നു സയ്യിദ് മുഹമ്മദ് ശാഹ്. അതിനാൽ തന്നെ, തങ്ങളുടെ എഴുത്തുകളും, സ്രോതസ്സുകളുമെല്ലാം അധികവും പേർഷ്യനിലായിരുന്നു. അതുപോലെ, സാമ്പത്തികവും സാമൂഹികവുമായ സഹായങ്ങൾ നൽകി ടിപ്പു സുൽത്താനും, ശേഷം തങ്ങളുടെ കേന്ദ്രത്തിന്റെ രക്ഷാകർതൃത്തം ഏറ്റെടുത്ത് പിന്നീട് ബ്രിട്ടീഷ് ഭരണക്കൂടവും തങ്ങൾക്ക് സഹായങ്ങൾ നൽകിയിരുന്നു. ഈ ഘടകങ്ങളെല്ലാം കൂടെയാണ് പിന്നീട് മോയിൻകുട്ടി വൈദ്യർ വളർന്ന കൊണ്ടോട്ടി എന്ന ചെറിയ പ്രദേശത്തെ ദക്ഷിണ മലബാറിലെ ഒരു പേർഷ്യൻ സ്വാധീന കേന്ദ്രമാക്കി മാറ്റിയത്.
ഈ രണ്ട് രീതിയിലുള്ള വ്യാപനങ്ങളാണ്, അധികം നിരീക്ഷിക്കപ്പെടാത്ത മൂന്നാമത്തെ രീതിയായ പേർഷ്യൻ സാഹിതീയ അനുരൂപീകരണത്തിന് പിന്നീട് മലബാറിൽ പരിസരം ഒരുക്കിക്കൊടുത്തത്. അതായത്, രാഷ്ട്രീയ-മതകീയ മണ്ഡലങ്ങളിലൂടെ മലബാറിലേക്ക് വ്യാപിച്ച പേർഷ്യനേറ്റ് ലോകം, മാപ്പിള സാഹിത്യത്തിലെ പേർഷ്യൻ/ഹിന്ദുസ്ഥാനി സ്വാധീനത്തിന്റെ വ്യാപനത്തിന് കാരണമായി. അതിനാൽ തന്നെ, മാപ്പിള സാഹിത്യങ്ങളിൽ പല രീതികളിലായി പേർഷ്യൻ സങ്കല്പങ്ങൾ ഉടലെടുക്കാൻ തുടങ്ങിയ കാലഘട്ടമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്.
മുഗൾ കാലഘട്ടത്തിൽ മതകീയ, സാംസ്കാരിക, രാഷ്ട്രീയ, ഭരണകാര്യ വ്യവഹാരങ്ങളിലെല്ലാം തന്നെ പേർഷ്യൻ ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്. ഒരു പൊതുഭരണ ഭാഷ എന്ന നിലയിൽ മുഗൾ ഭരണ ശേഷം ബ്രിട്ടീഷ് ഭരണകാലത്തും പേർഷ്യൻ നിലനിൽക്കുകയും, അതിലൂടെ വ്യത്യസ്തങ്ങളായ പുതിയ കൊളോണിയൽ ഭരണപ്രദേശങ്ങളിലേക്ക് അത് വ്യാപിക്കുകയും ചെയ്തു. ഭരണഭാഷ എന്ന നിലയിലുള്ള പേർഷ്യൻ ഭാഷയുടെ സാന്നിദ്ധ്യം, ‘പേർഷ്യൻ ബഹുസ്വരലോകം’ (Persian Cosmopolis) എന്ന അന്തർ പ്രാദേശികമായ(Trans regional) ഒരു സാംസ്കാരിക പ്രതിഭാസത്തിന്റെ വളർച്ചക്കും കാരണമായിരുന്നു. സൗത്ത് ഏഷ്യൻ ചരിത്രകാരനായ റിച്ചാർഡ് ഈറ്റൺ പേർഷ്യൻ കോസ്മോപോളിസിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ഏഷ്യയുടെ പല ഭാഗങ്ങളിലായി ഉപയോഗിക്കപ്പെട്ടിരുന്ന പേർഷ്യൻ ഭാഷയിലെഴുതപ്പെട്ട പല പാഠങ്ങളിലൂടെയും രൂപപ്പെട്ട, വ്യത്യസ്ത പ്രാദേശിക സംസ്കാരങ്ങളെ തമ്മിൽ പരസ്പരം ബന്ധപ്പെടുത്തിയ ഒരു അന്തർ പ്രാദേശിക സാംസ്കാരിക, സാങ്കല്പിക ലോകമാണ് പേർഷ്യൻ കോസ്മോപോളിസ്.” മലബാറിനെ മുൻനിർത്തി അതിനെ മനസ്സിലാക്കുമ്പോൾ, പൊന്നാനി-കൊണ്ടോട്ടി കൈതർക്കം പോലുള്ള ഇടപാടുകളിലൂടെ പേർഷ്യൻ കോസ്മോപോളിസിന്റെ ഭാഗമായിത്തീരുകയായിരുന്നു മാപ്പിള ലോകം. കാരണം, ദീർഘകാലം നടന്ന ആ ദൈവശാസ്ത്ര ചർച്ചകളിലൂടെ മലബാറിലെ അറബിയും, മലയാളവുമായി പേർഷ്യൻ ഭാഷ ഇടപാടുകൾ നടത്തുകയും, അതുവഴി പ്രാദേശിക ഇസ്‌ലാമിക സാഹിത്യരൂപീകരണത്തിന്റെ ഭാഗമായി ഒരുപാട് പേർഷ്യൻ കൃതികളും ആശയങ്ങളും അറബി, തമിഴുവൽക്കരിക്കപ്പെടുകയും ചെയ്തു.
അപ്പോൾ, മുഹമ്മദ് ശാഹ് തങ്ങളും അവരുടെ സൂഫി ത്വരീഖതുമായുള്ള മോയിൻകുട്ടി വൈദ്യരുടെ ആത്മീയ ബന്ധവും, ‘കറാമത് മാല’ എന്ന പേരിൽ വൈദ്യരുടെ ഖാദിരിയ്യ ത്വരീഖതിലെ ശൈഖും, തങ്ങളുടെ മകനുമായ ഇശ്തിയാഖ് ശായെ കുറിച്ചെഴുതിയ പ്രകീർത്തന കാവ്യവും, കൊണ്ടോട്ടി തങ്ങന്മാരുമായും അതുവഴി വ്യത്യസ്തമായ സാഹിതീയ-ഭാവനാലോകം നിലനിൽക്കുന്ന പേർഷ്യൻ കോസ്മോപോളിസുമായും വൈദ്യർ നടത്തിയിരുന്ന നേരിട്ടുള്ള ഇടപാടുകളെ അടയാളപ്പെടുത്തുന്നുണ്ട്.
1825കൾ മുതലാണ് ദ്രവീഡിയൻ അറബി-മലയാള ഭാവനാപരിസരത്ത് പേർഷ്യൻ സാംസ്കാരിക ശൃംഖല സ്വാതന്ത്രമായൊരു മണ്ഡലമായി പ്രവർത്തിക്കാൻ ആരംഭിച്ചത്. പിന്നീട്, മോയിൻകുട്ടി വൈദ്യരുടെ പ്രധാന രചനാ കാലഘട്ടമെത്തുമ്പോഴേക്ക് ആ രീതി ശക്തമായൊരു സാന്നിദ്ധ്യമായി മാപ്പിള സാഹിത്യമണ്ഡലത്തിൽ മാറിയിരുന്നു. വൈദ്യരുടെ പല കൃതികളുടെയും നിർമ്മാണ ഘടനയിലും, പദപ്രയോഗങ്ങളിലും, കഥാവസ്തുവിലും, കഥാപാത്രങ്ങളിലും, ഭാവനകളിലും, ഉപമകളിലും, ധാർമ്മികോപദേശങ്ങളിലുമെല്ലാം പേർഷ്യൻ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഉപയോഗിച്ചിരുന്ന പല രീതികളും, ആശയങ്ങളുമായുള്ള സാദൃശ്യത അതിനാൽ കണ്ടെത്താൻ സാധിക്കും. ആ സാഹിത്യ മാറ്റങ്ങളെയും, അതിനകത്തെ മോയിൻകുട്ടി വൈദ്യരുടെ ഇടപാടുകളെയും അടയാളപ്പെടുത്തുന്ന പ്രധാന കൃതിയാണ് ‘ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും’ എന്ന കാവ്യം.
ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ: കൊളോണിയൽ മലബാറിലെ അജാഇബ് ഭാവനകൾ
കമിതാക്കളുടെ വിചിത്രവും വ്യത്യസ്തവുമായ രീതിയിലുള്ള ഒന്നിക്കൽ എന്നൊരു ഘടകം ഒഴിച്ചുനിർത്തിയാൽ, ഒരു പ്രണയകാവ്യം എന്ന നിലയിൽ മറ്റൊരു പ്രത്യേകതയും വൈദ്യരുടെ ‘ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും’ എന്ന കൃതിയിലെ കഥാതന്തുവിന് ഇല്ല. ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും എന്നതിന്റെ ഇതിവൃത്തം ഇങ്ങനെയാണ്: ഹിന്ദുസ്ഥാനിലെ അസ്മീർ എന്ന ദേശത്തെ രാജാവ് മഹാസിന്റെ പുത്രി ഹുസ്‌നുൽ ജമാലും, അവിടത്തെ മന്ത്രി മസാമീറിന്റെ പുത്രൻ ബദ്‌റുൽ മുനീറും പ്രണയത്തിലാവുന്നു. അതവരുടെ മാതാപിതാക്കൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അനന്തരമായി, അവർ രണ്ടാളും പല അത്ഭുതങ്ങളും, അത്ഭുതസൃഷ്ടികളുമെല്ലാം നിറഞ്ഞ പ്രപഞ്ചത്തിന്റെ രണ്ട് ഭാഗങ്ങളിൽ വേർപെട്ട് ജീവിക്കാൻ നിർബന്ധിതരാവുന്നു. അവസാനം, മായികമായ ചില ഇടപാടുകളിലൂടെ അവർ വീണ്ടും ഒന്നിക്കുന്നു.
ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും എന്ന കാവ്യത്തെ സാഹിതീയമായി വ്യത്യസ്തമാക്കുന്നത്, അത് മുന്നോട്ട് വെക്കുന്ന അത്ഭുത ലോകങ്ങളും, കഥാപാത്രങ്ങളും (അജാഇബ്), ‘യുക്തിഭദ്രത’യെ തള്ളിക്കളയുന്ന ആസ്വാദനരീതിയും, അത് എഴുതപ്പെട്ട കാലത്തിലും സംസ്കാരത്തിലും ജീവിച്ചിരുന്ന ജനങ്ങൾക്ക് മുമ്പിൽ അത് മുന്നോട്ട് വെക്കുന്ന ബദൽ യുക്തികളുമാണ്. മലക്ക് (മാലാഖ), ജിന്ന്, ഭൂതം, കാവ്യം മുന്നോട്ട് വെക്കുന്ന മറ്റ് വിചിത്ര ജീവികളൊന്നും തന്നെ ആ കാലഘട്ടത്തിലെ മലബാറിനെ സംബന്ധിച്ചിടത്തോളം അന്യമായ സങ്കല്പങ്ങളായിരുന്നില്ല. അതിനാൽ തന്നെ, മലബാറിലെ പ്രാദേശികമായ നാടൻ കഥകളും, പേർഷ്യ വരെ വ്യാപിച്ചു കിടക്കുന്ന അന്തർ പ്രാദേശികമായൊരു സാഹിതീയ ഭൂപടത്തിൽ പ്രചാരത്തിലുള്ള കെട്ടുകഥകളും, ഐതിഹ്യങ്ങളുമെല്ലാം ചേർന്നൊരു ഭാവനാലോകം വൈദ്യരെ സംബന്ധിച്ചിടത്തോളം ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും രചിക്കുമ്പോൾ തന്നെ ലഭ്യമായൊരു ചിന്താപരിസരമായിരുന്നു. ആ ഭാവനാലോകത്തെ അടിസ്ഥാനപ്പെടുത്തി, പ്രധാനമായും മലബാർ മുസ്‌ലിങ്ങളുടെ മനസ്സുകളിൽ ചിതറിക്കിടന്നിരുന്ന പല അജാഇബുകളെയും കോർത്തിണക്കുകയും അവക്ക് പുതിയൊരു സ്വത്വം നൽകുകയും ചെയ്തുകൊണ്ടാണ് വൈദ്യർ തന്റെ കാവ്യത്തിലെ കഥ രൂപപ്പെടുത്തുന്നത്. ആ അർത്ഥത്തിൽ മലബാറിലെ കൊളോണിയൽ കാലഘട്ടം, ബ്രിട്ടീഷ് ശക്തികൾക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെയും പുതിയ ഭൗതിക സാഹചര്യങ്ങളോടുള്ള സമരസപ്പെടലിന്റെയും കാലഘട്ടം പോലെ തന്നെ, മാപ്പിളമാരെ സംബന്ധിച്ചിടത്തോളം ഒരുപാട് അജാഇബുകളുടെയും, വിചിത്ര ശക്തികളുടെയും, യുക്തിക്ക് പുറത്തുള്ള അതിന്ത്രീയ ഭാവനകളുടെയും കാലഘട്ടം കൂടെയായിരുന്നു.
പ്രാദേശിക സാംസ്കാരിക ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ഭാവനകളുടെ അന്തർ പ്രാദേശികമായ വിസ്തൃത ബന്ധങ്ങളുടെ ചരിത്രമാണ് ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും വ്യക്തമാക്കുന്നത്. അതിലെ കഥാതന്തു, എങ്ങനെയാണ് വൈദ്യർ ആ കാലഘട്ടത്തിൽ ആഗോളതലത്തിൽ നടന്നുകൊണ്ടിരുന്ന ഒരു സാഹിതീയ കൊടുക്കൽ-വാങ്ങൽ ശൃംഖലയുടെ ഭാഗമായത് എന്ന് അടയാളപ്പെടുത്തുന്നുണ്ട്. കാരണം, ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും എന്നതിലെ കഥാതന്തു വ്യത്യസ്ത പ്രദേശങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുകയും, ഓരോ പ്രദേശങ്ങൾക്കും അവരുടേതായ രീതിയിൽ ആഖ്യാനിക്കാനും വ്യാഖ്യാനിക്കാനും സാധിക്കുകയും ചെയ്തിരുന്ന പേർഷ്യനേറ്റ് എന്ന വിശാലമായൊരു സംസ്കൃതിയിൽ നിന്നാണ് രൂപം കൊള്ളുന്നത്. അതിനാൽ തന്നെ സാമ്പ്രദായിക ചരിത്രബോധത്തിൽ നിന്ന് വ്യത്യസ്തമായി, കൊളോണിയൽ മലബാറിലെ ബ്രിട്ടീഷ് വഴിയുള്ള പേർഷ്യൻ ബന്ധം എന്നതിനപ്പുറം, മലബാറിന്റെ ഭാവനാ-സാഹിതീയ-അജാഇബ് സംസ്കാരത്തിന്റെ ഭാഗമായിരുന്ന പേർഷ്യന്റെ ചരിത്രമാണ് വൈദ്യരുടെ ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും വ്യക്തമാക്കുന്നത്.
ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും എന്നതിലെ തൊങ്ങൽ ഇശലിൽ രചിക്കപ്പെട്ട നാലാം ഭാഗത്ത്, അതിലെ ഇതിവൃത്തം ‘ഹനഫി പ്രദേശങ്ങളിൽ’ (പേർഷ്യൻ മണ്ഡലം) പ്രസിദ്ധനായ നിസാമുദ്ദീൻ എന്നൊരാളാണ് തനിക്ക് വിവരിച്ചുതന്നത് എന്ന് വൈദ്യർ വ്യക്തമാക്കുന്നുണ്ട്. ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യ’ത്തിന്റെ രചയിതാക്കളായ കെ കെ മുഹമ്മദ് അബ്ദുൽ കരീമും, സി എൻ അഹ്മദ് മൗലവിയും ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും എന്നതിന്റെ മൂലകൃതി ഖ്വാജാ മുഈനുദ്ദീൻ ശീറാസി എന്ന വ്യക്തി മുന്നൂറ് വർഷങ്ങൾക്ക് മുമ്പ് പേർഷ്യൻ ഭാഷയിലാണ് രചിച്ചത് എന്ന ചരിത്രപിന്തുണയില്ലാത്തൊരു വാദം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ, അതിൽ നിന്ന് വ്യത്യസ്തമായൊരു ചരിത്രമാണ് ഫ്രെഡ് ഫൗസറ്റ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഒരുപാട് പേർഷ്യൻ കൃതികൾ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ പുത്തൻമാളിയേക്കൽ നിളാമുദ്ദീൻ മിയ എന്ന വ്യക്തിയിലൂടെയാണ് വൈദ്യർ പേർഷ്യൻ സാഹിത്യങ്ങളുമായി ഇടപെടുന്നത്. അതുപോലെ തന്നെ, കിഴക്കിൽ പ്രചാരത്തിലുണ്ടായിരുന്ന ‘നസ്റീ ബെ നസീർ’ എന്ന കൃതിയിൽ നിന്നാണ് വൈദ്യർ തന്റെ ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും എന്നതിന്റെ കഥാ ഇതിവൃത്തം കടമെടുക്കുന്നത്.
ഫൗസറ്റിന്റെ ആ നിരീക്ഷണങ്ങൾ മാപ്പിള സാഹിത്യത്തിന്റെ രണ്ട് പ്രധാന പ്രവണതകൾ അടയാളപ്പെടുത്തുന്നുണ്ട്. ഒന്ന്, എങ്ങനെയാണ് ‘സംസ്കാരമില്ലാത്ത മാപ്പിളകൾ’ ആ കാലഘട്ടത്തിലെ കുലീന സംസ്കാര ശൃംഖലയായിരുന്ന പേർഷ്യനുമായി നിരന്തരം ഇടപാടുകൾ നടത്തിയിരുന്നതെന്ന് അതടയാളപ്പെടുത്തുന്നുണ്ട്. അതായത്, മാപ്പിളമാരെ നിരക്ഷരരായ മതാന്ധതയും മതഭ്രാന്തും ബാധിച്ച മനുഷ്യരായി ചിത്രീകരിക്കുമ്പോൾ പോലും, സാഹിത്യ രൂപീകരണത്തിലൂടെയും, ക്രിയാത്മക ഭാവനകളിലൂടെയും പുറം ലോകങ്ങളുമായി അവർ നടത്തിയ ധൈഷണിക ഇടപാടുകളെ അദൃശ്യമാക്കാൻ കൊളോണിയൽ ചരിത്രങ്ങൾക്ക് സാധിച്ചിരുന്നില്ല എന്നും ഫൗസറ്റിന്റെ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്. മറ്റൊന്ന്, മാപ്പിള സാഹിത്യത്തിന്റെ സമകാലിക സ്വഭാവമാണ്. മിർ ഹുസൈനിയുടെ (ബഹദൂർ അലി) ‘നസ്റീ ബെ നസീർ’ എന്ന ഉറുദു കൃതിയുടെ ബൗൾഡർ ബെൽ നടത്തിയ ഇംഗ്ലീഷ് വിവർത്തനം 1871ലാണ് പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിൽ, അതിൽ നിന്ന് ഇതിവൃത്തം ഉൾക്കൊണ്ട വൈദ്യരുടെ ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും തൊട്ടടുത്ത വർഷം 1872ൽ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1802ലാണ് ഹുസൈനി തന്റെ നസ്റീ ബെ നസീർ എന്ന കൃതി അതിന്റെ പേർഷ്യൻ മൂലകൃതിയിൽ നിന്ന് വിവർത്തനം ചെയ്യുന്നത്. ഇംഗ്ലീഷ് വിവർത്തനവും ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും എന്നതിന്റെ പ്രസിദ്ധീകരണവും തമ്മിലുള്ള കാലപരമായ അടുപ്പം (കേവലം ഒരു വർഷം), നിസാമുദ്ദീൻ മിയയെ പോലുള്ള മധ്യസ്ഥരിലൂടെ വൈദ്യരും മാപ്പിള ലോകവും നിരന്തരമായി ഹിന്ദുസ്ഥാനി പ്രവിശ്യകളുമായി നടത്തിയിരുന്ന ഇടപാടുകളാണ് വ്യക്തമാവുന്നത്.
1785ൽ മിർ ഹസൻ ദിഹ്ലവി എന്ന വ്യക്തിയാണ് നസ്റീ ബെ നസീറിന്റെ പേർഷ്യൻ മൂലകൃതി രചിക്കുന്നത്. ‘ബദ്ർ ഈ മുനീർ വേ ബെ നസീർ’ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേർഷ്യൻ പ്രണയകാവ്യത്തിന്റെ തലക്കെട്ട്. അദ്ദേഹം അത് തന്റെ ‘മസ്നവിയെ സിഹ്റുൽ ബയാനിലാണ് (മസ്നവിയെ മിർ ഹസൻ) പ്രസിദ്ധീകരിച്ചത്. ഫൗസറ്റിനെ സംബന്ധിച്ചിടത്തോളം മിർ ഹസൻ അദ്ദേഹത്തിന്റെ കാവ്യത്തിനുള്ള ഇതിവൃത്തം കണ്ടെത്തിയത്, ആ കാലഘട്ടത്തിൽ സൗത്ത് ഏഷ്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ വലിയ രീതിയിൽ പ്രചാരത്തിലുണ്ടായിരുന്ന ‘ആയിരത്തൊന്ന് രാവുകൾ’ എന്ന കഥകളിൽ നിന്നാണ്. ഇനി, മിർ ഹസന്റെ ബദ്ർ ഈ മുനീർ വേ ബെ നസീറിൽ നിന്ന് ഇതിവൃത്തം സ്വീകരിച്ച മിർ ഹുസൈനിയുടെ നസ്റീ ബെ നസീറിൽ, അതിന്റെ പേർഷ്യൻ കൃതിയിൽ നിന്ന് നേരെ വിപരീതമായിട്ടാണ് ബദ്‌റുൽ മുനീർ, ഹുസ്‌നുൽ ജമാൽ എന്നീ പേരുകൾ കഥാപാത്രങ്ങൾക്ക് നൽകിയിട്ടുള്ളത്. എന്നാൽ, വൈദ്യരുടെ കൃതിയിലെ കഥാപാത്രങ്ങളുടെ പേരുകൾ അതിന്റെ പേർഷ്യൻ മൂലകൃതിയോട് യോജിച്ച രീതിയിലാണ് ചേർക്കപ്പെട്ടിട്ടുള്ളത്. ചുരുക്കത്തിൽ, അറബി-പേർഷ്യൻ സാംസ്കാരിക മണ്ഡലങ്ങളിൽ നിലനിന്നിരുന്ന ഒരു കൃതിയെ ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും എന്ന ശീർഷകത്തിൽ അറബി-മലയാള ഭാഷയിൽ പുനരാവിഷ്കരിക്കുന്നതിലൂടെ ഒരേ സമയം “കുലീനവും പ്രാദേശികവുമായ ഭാഷകൾ ഉപയോഗിച്ച് സാഹിത്യ പ്രക്രിയ നടത്തുക”യാണ് മോയിൻകുട്ടി വൈദ്യർ ചെയ്യുന്നത്.
ബോംബെ പ്രിന്റിങും പേർഷ്യന്റെ ദക്ഷിണ സഞ്ചാരവും
ബദ്‌റുൽ മുനീറിന്റെയും ഹുസ്‌നുൽ ജമാലിന്റെയും കഥയുടെ ഉറുദു വിവർത്തനപതിപ്പ് ബ്രിട്ടീഷ് ഉത്തരേന്ത്യയിൽ പ്രചരിക്കുകയും, അത് ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കൊളോണിയൽ ഭരണകൂടത്തിന്റെ സാംസ്കാരിക വിഭാഗം താല്പര്യപ്പെടുകയും ചെയ്തപ്പോൾ തന്നെ, പേർഷ്യൻ മണ്ഡലത്തിന് പുറത്തുള്ള ദക്ഷിണേന്ത്യയിൽ മോയിൻകുട്ടി വൈദ്യരിലൂടെ ആ കഥ പ്രാദേശിക വായനക്കാർക്ക് വേണ്ടി രൂപപ്പെടുന്നുണ്ടായിരുന്നു. പാഠങ്ങളുടെയും, കഥകളുടെയും ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള സഞ്ചാരത്തെയും വ്യാപനത്തെയുമാണ് ഇത് അടയാളപ്പെടുത്തുന്നത്. പാഠങ്ങളുടെയും കഥകളുടെയും വ്യാപനങ്ങൾക്ക് പല കാരണങ്ങളും കണ്ടെത്താമെങ്കിലും, ബദ്‌റുൽ മുനീറും ഹുസ്‌നുൽ ജമാലും എന്നതിന്റെ മലബാറിലേക്കുള്ള വ്യാപനചരിത്രം (‘സാഹിതീയ ദക്ഷിണപാത’യുടെ ഭാഗമായി) ബ്രിട്ടീഷ് ഇന്ത്യയിലെ ആധുനികതയുടെ വളർച്ചയുമായിട്ടാണ് ബന്ധപ്പെട്ടുകിടക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ബോംബെ നഗരത്തിലെ പ്രിന്റിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളിലൂടെയാണ് ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ പ്രധാനമായും മലബാറിൽ എത്തുന്നത്. ആ കാലഘട്ടത്തിൽ പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊളോണിയൽ ഭരണ കേന്ദ്രമായിരുന്നു ബോംബെ. ഭരണ, വാണിജ്യ കേന്ദ്രമായിരുന്നതുകൊണ്ട് തന്നെ സൗത്ത് ഏഷ്യയിലെ പ്രധാനപ്പെട്ട സാമ്പത്തിക, രാഷ്ട്രീയ, മതകീയ, സാംസ്കാരിക കൈമാറ്റങ്ങളെല്ലാം തന്നെ അവിടെ നടന്നിരുന്നു. ആധുനികതയുടെ ഭാഗമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബോംബെയിൽ ഉയർന്ന് വന്ന പ്രിന്റിങ് പ്രെസ്സുകൾ, അവയുടെ സാങ്കേതിക ദൗത്യങ്ങൾക്ക് പുറമെ മറ്റ് പല മേഖലകളിലും പ്രവർത്തിച്ചിരുന്നു. പ്രിന്റിങ് സൗകര്യം മിഷനറിമാർ, പുരോഗമനവാദികൾ, കച്ചവടക്കാർ, സാഹിത്യ കച്ചവടക്കാർ പോലുള്ള വിവിധ വിഭാഗക്കാരെ അവരുടെ ആശയങ്ങൾ പുനരുൽപാദിപ്പിക്കുന്നതിന് വേണ്ടി ബോംബെയിലേക്ക് ആകർഷിച്ചിരുന്നു. അത് പുതിയ ആശയങ്ങളുടെയും ആളുകളുടെയും കൈമാറ്റ കേന്ദ്രമാക്കി ബോംബെ നഗരത്തെ മാറ്റി.
ഇത്തരത്തിൽ, ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ വളർന്ന് വന്നുകൊണ്ടിരുന്ന പുതിയ അച്ചടി സംസ്കാരവുമായി ബന്ധപ്പെട്ടുകൊണ്ട് തന്നെയാണ് മാപ്പിളമാരുടെ അച്ചടി ചരിത്രവും രൂപം കൊള്ളുന്നത്. 1868ലെ തലശ്ശേരിയിലെ ആദ്യ അറബി-മലയാള ഭാഷയിലുള്ള അച്ചടി പ്രസ്സിനും, അതിന് ശേഷമുള്ള ദക്ഷിണ, ഉത്തര മലബാറുകളിലെ മലബാരി അറബി അച്ചടിക്കാൻ സാധിക്കുന്ന ലിത്തോ പ്രസ്സുകളുടെ വ്യാപനത്തിനും മുമ്പ് മാപ്പിളമാർ അവരുടെ കൃതികൾ ബോംബെയെ ആശ്രയിച്ചായിരുന്നു അച്ചടിച്ചിരുന്നത്. പ്രധാനമായും, മുസ്ഹഫുകൾ, വൈദ്യ ഗ്രന്ഥങ്ങൾ, കവിതകൾ, മത കയ്യേടുകൾ മുതലായവയായിരുന്നു മാപ്പിളമാർ അച്ചടിച്ചിരുന്നത്. അച്ചടി, ആ സാഹിത്യങ്ങളെ മുമ്പുള്ളതിനേക്കാൾ ജനകീയമാക്കി മാറ്റി. അത് കൂടുതൽ ആളുകളെ അവരുടെ കൃതികളെ അച്ചടിക്കാൻ പ്രേരിപ്പിച്ചു. കൃതികൾ അച്ചടിക്കാൻ ബോംബെയിലേക്കും, പഞ്ചാബ് പോലുള്ള മറ്റ് പ്രദേശങ്ങളിലേക്കുമായുള്ള മാപ്പിളമാരുടെ സഞ്ചാരങ്ങൾ അവരെ പുതിയ സാംസ്കാരിക-സാഹിതീയ-ധൈഷണിക ശൃംഖലകളുടെ ഭാഗമാക്കി മാറ്റി. അതിനാൽ, അറബ് സ്വാധീനമുള്ള ഇന്ത്യൻ മഹാസമുദ്രം മാത്രമായിരുന്നില്ല, മറിച്ച് പേർഷ്യൻ സ്വാധീനമുള്ള കരമാർഗ്ഗമുള്ള അത്തരം പാതകളും മലബാറിനെ പത്തൊമ്പതാം നൂറ്റാണ്ടിലെ അന്തർ പ്രാദേശിക ശൃംഖലകളുടെ ഭാഗമാക്കി നിർത്തിയിരുന്നു. അച്ചടിയോട് രൂപപ്പെട്ട ആഭിമുഖ്യം, കേവലം വ്യക്തികളുടെ സഞ്ചാരവും വ്യാപനവും മാത്രമല്ല സാധ്യമാക്കിയിരുന്നത്, മറിച്ച് അതിന്റെ ഭാഗമായി എഴുത്തുകളും, കഥകളും, ഭാവനകളുമെല്ലാം ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണപാതയിലൂടെ മലബാറിലേക്ക് സഞ്ചരിച്ചിരുന്നു. തീർത്ഥാടനങ്ങൾ പോലെ, പുതിയ യാത്രാ ബന്ധങ്ങൾ രൂപപ്പെടുന്നതിനും, പേർഷ്യൻ സംസ്കാരം ഉൾനാടൻ മലബാറിലേക്ക് പ്രവേശിക്കുന്നതിനും, അതിന്റെ ഭാഗമായി വടക്കിനെയും തെക്കിനേയും ബന്ധപ്പെടുത്തുന്ന പൊതു ഭാവനകൾ രൂപപ്പെടുത്തുന്നതിനും അച്ചടി യാത്രകൾ സാഹചര്യമൊരുക്കി.
ചാർ ദർവേശും മലബാറിലെ അജാഇബ് ഭാവനകളുടെ വ്യാപനവും
ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാലിന്റെ മലബാറിലേക്കുള്ള വ്യാപനത്തോട് സാദൃശ്യതയുള്ളതാണ്, പ്രശസ്ത ദസ്താൻ കൃതി ആയിരുന്ന ‘ചാർ ദർവേശി’ന്റെ അറബി-മലയാള വിവർത്തനം. അറബി-മലയാള ഭാഷയിൽ ലഭ്യമായ ആദ്യ നോവലായി അറിയപ്പെടുന്ന ആ കൃതിയുടെ ആദ്യ വാള്യം 1880-81ലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ സൂഫി കവിയായിരുന്ന അമീർ ഖുസ്രു തന്റെ ശെയ്ഖ് ആയ നിസാമുദ്ദീൻ ഔലിയക്ക് അസ്വസ്ഥ അനുഭവപ്പെട്ട നേരത്ത് അവരെ സമാധാനിപ്പിക്കാനായി ബഹുമാനത്തോടെ പറഞ്ഞുകൊടുത്ത കഥകളാണ് ആ കൃതിയുടെ ഉള്ളടക്കം എന്നാണ് അറിയപ്പെടുന്നത്. ആദ്യമായി 1775ലും, പിന്നീട് ‘ബാഗോ ബാഹർ’ എന്ന പേരിൽ മിർ അമ്മാനിലൂടെ 1803ലും അതിന് ഉറുദു വിവർത്തനങ്ങൾ രൂപപ്പെട്ടു. പിന്നീട്, 1901ൽ ബാഗോ ബാഹറിനെ മുൻനിർത്തി നാലകത്ത് കുഞ്ഞി മൊയ്‌ദീൻ കുട്ടി എന്ന വ്യക്തിയാണ് അത് അറബി-മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്. ചാർ ദർവേശിന്റെ പ്രസിദ്ധീകരണത്തിന് ശേഷം ഒരുപാട് പേർഷ്യൻ, ദസ്താൻ, അജാഇബ് സാഹിത്യങ്ങൾ അറബി-മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അലാവുദ്ദീൻ, ഖമർ സമാൻ, ശംസ് സമാൻ, അമീർ ഹംസ, ഗുൽ സനോബാർ മുതലായവ അവയിൽ ചിലതാണ്. വൈദ്യരുടെ ബദ്‌റുൽ മുനീർ ഹുസ്‌നുൽ ജമാൽ പോലെ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമുള്ള അറബി-മലയാള സാഹിത്യങ്ങൾ മാപ്പിള സമൂഹത്തിന്റെ വിശാലവും പരസ്പരബന്ധിതവുമായ സാംസ്കാരിക മണ്ഡലങ്ങളെയും, അവരുടെ സാമൂഹിക-ഭാഷാ വ്യാപ്തിയെയും അടയാളപ്പെടുത്തുന്നുണ്ട്. അതായത് സൗത്ത് ഏഷ്യൻ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും, ഉറുദുവിലൂടെയും ഹിന്ദുസ്ഥാനിയിലൂടെയുമെല്ലാം വിശാലമായ പേർഷ്യനേറ്റ് സാംസ്കാരിക നിർമ്മിതിയിൽ ആ കാലത്തെ മലബാർ അതിന്റേതായ ഇടപെടലുകൾ നടത്തിയിരുന്നു.
ഇനി, മോയിൻകുട്ടി വൈദ്യരുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ് ‘ബദർ പടപ്പാട്ട്’ എന്ന പേരിൽ പ്രശസ്തമായിട്ടുള്ള ‘ഗസ്വതു ബദ്‌റുൽ കുബ്റ’. 1882ൽ രചിക്കപ്പെട്ട ആ കൃതിയുടെ ഉള്ളടക്കം 1832ൽ കൈപറ്റ മുഹ്യിദ്ദീൻ മൗലവി രചിച്ച ‘അൻവാഉൽ ബസ്വർ വാ അക്ബാറുൽ ബദ്ർ’ എന്നൊരു അറബി-മലയാള കൃതിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് അദ്ദേഹം രൂപപ്പെടുത്തുന്നത്. പല മാപ്പിള ചരിത്രകാരന്മാരും, ഗസ്വതു ബദ്‌റുൽ കുബ്റയെ വൈദ്യരുടെ പേർഷ്യൻ സ്വാധീനത്തിൽ നിന്നുള്ള വിച്ഛേദമായിട്ടാണ് കണക്കാക്കുന്നത്. കാരണം, ബദ്ർ പടപ്പാട്ടിലൂടെ അതിന് മുമ്പുണ്ടായിരുന്ന വിചിത്ര സാഹിത്യത്തിൽ നിന്ന് വൈദ്യർ ചരിത്ര സാഹിത്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. അങ്ങനെയൊക്കെയാണെങ്കിൽ കൂടെ, വൈദ്യർ കൃതികളുടെ മൊത്തത്തിലുള്ള ഭാവനാ പശ്ചാത്തലം രൂപപ്പെടുത്തുന്നതിൽ, അദ്ദേഹത്തിന്റെ ആദ്യകാല പേർഷ്യൻ, അജാഇബ് സ്വാധീനം വളരെ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
ഇശൽ പൈതൃകം ജേർണലിൽ പ്രസിദ്ധീകരിച്ച ‘Circulation of the Fantastic: Literary Networks, Persianate Sphere and Moyinkutty Vaidyar in Colonial Malabar’ എന്ന പഠനത്തിന്റെ സ്വതന്ത്ര വിവർത്തനമാണ് ഈ ലേഖനം. യഥാർത്ഥ ലേഖനം ഈ ലിങ്കിൽ വായിക്കാം.
Featured Image: ‘
Comments are closed.