റെനേ മഗ്രിതെ എന്ന പ്രശസ്ത ബെൽജിയൻ സർറിയൽ കലാകാരന് തന്റെ കലാപ്രവർത്തികളിലൂടെ പരിപ്രേക്ഷ്യം (perception) എന്ന പ്രതിഭാസത്തെക്കുറിച്ച് ആഴത്തിലുള്ള ചിന്തകൾ മുന്നോട്ടു വയ്ക്കാൻ സാധിച്ചു. വസ്തുക്കളുടെ ക്രമീകരണം തന്നെ സർറിയൽ ആണ്, അത് കാഴ്ച്ചയേയും അത് വഴി ബാഹ്യലോകത്തെ പറ്റിയുള്ള നമ്മുടെ അറിവിനെയും നേരിട്ട് സ്വാധീനിക്കുകയും ചെയ്യുന്നു. വസ്തുനിഷ്ടമായ പ്രതിനിധാനങ്ങൾ (objective representations) സർറിയൽ ആണെങ്കിലും വസ്തുക്കളുടെ അന്തസ്സത്തയിലെ യാഥാർഥ്യങ്ങളിലേക്കും അവയുടെ കാഴ്ച്ചാതലങ്ങളിലേക്കും അത് വെളിച്ചം വീശുന്നു. തന്റെ നൂതന ചിന്തകളിലൂടെ മഗ്രിതെ കലാലോകത്തെ തത്വചിന്തകനായി നില കൊള്ളുന്നു.

മായ, ചിഹ്നം, ചിത്രം

The famous pipe. How people reproached me for it! And yet, could you stuff my pipe? No, it’s just a representation, is it not? So if I had written on my picture “This is a pipe”, I’d have been lying!
— René Magritte

വസ്തുക്കളുടെ ക്രമീകരണം തന്നെ സർറിയൽ ആണ്, അത് കാഴ്ച്ചയേയും അത് വഴി ബാഹ്യലോകത്തെ പറ്റിയുള്ള നമ്മുടെ അറിവിനെയും നേരിട്ട് സ്വാധീനിക്കുകയും ചെയ്യുന്നു.

ഒരു വസ്തുവിന്റെ പ്രതിനിധാനം അതിന്റെ യാഥാർഥ്യത്തെ (the real) ഉൾക്കൊള്ളുന്നില്ല. ഒരു ചിത്രത്തെ എല്ലായ്പ്പോഴും ചിത്രമായി തന്നെ പരിഗണിക്കപ്പെടണം. ഒരു പൈപ്പിന്റെ ചിത്രത്തെ മുൻനിർത്തി “ഇതൊരു പൈപ്പ് അല്ല” എന്ന് മഗ്രിതെ പറയുമ്പോൾ, യാഥാർഥ്യത്തെ മനസ്സിലാക്കുക (perception) എന്ന ആശയത്തേയും ഒപ്പം വസ്തുക്കളെ വ്യാഖ്യാനിക്കാനുള്ള ഉത്തമ സ്ഥാനം (ideal position) എന്നതിനെയും നിഷേധിക്കുകയാണ് അദ്ദേഹം ചെയുന്നത്. പ്ലേറ്റോയുടെ “തിയറി ഓഫ് ഫോംസ്” എന്ന ആശയത്തെ മുൻനിർത്തി ഏതൊരു രൂപ പ്രകടനത്തിനും അതിന്റെ യാഥാർഥ്യത്തിന്റെ ആദർശ രൂപവുമായി പൊരുത്തപ്പെടാനാവുന്നില്ല എന്ന് മഗ്രിതെ സാധൂകരിക്കുന്നു. അതായത് ഒരു യഥാർഥ (real) പൈപ്പ് പോലും മാതൃകാപരമായ (ideal) ഒരു പൈപ്പിനെ ഒരിക്കലും പ്രതിനിധീകരിക്കുന്നില്ല. “ദിസ് ഈസ് നോട്ട് എ പൈപ്പ്” എന്ന കലാസൃഷ്ടിയുടെ പശ്ചാത്തലത്തിൽ ഉയർന്നു വരുന്ന ഒരു ദാർശനിക ചിന്തയാണിത്. ജ്ഞാനസിദ്ധാന്തം (rythm of episteme) ഇവിടെ മുഴുവനായും തുറന്നുകാട്ടപ്പെടുന്നു. ഇന്നും ഭൗതിക ചർചക്ക് കേന്ദ്ര സ്ഥാനം വഹിക്കുന്ന “ദിസ് ഈസ് നോട്ട് എ പൈപ്പ്” ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ദാർശനികമായ കലാസൃഷ്ടിയാണ്.

പ്രശസ്ത ഫ്രഞ്ച് തത്വചിന്തകൻ ഫൂക്കോ ഈ ചിത്രത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. മഗ്രിതെ ഒരു പൈപ്പിന്റെ ചിത്രം കാണിച്ചുകൊണ്ട് “ഇതൊരു പൈപ്പ് അല്ല” (Ceci n’est pas une pip) എന്ന അടിക്കുറിപ്പ് നൽകിയിരിക്കുന്നു. വസ്തുവും (പൈപ്പ്) അതിന്റെ പ്രതിച്ഛായയും (പൈപ്പിന്റെ ചിത്രം) തമ്മിലുള്ള അന്തരം പ്രബലമാക്കുന്നതോടൊപ്പം ഭാഷയും ചിത്രങ്ങളും യാഥാർഥ്യത്തെയല്ല, മറിച്ച് യാഥാർഥ്യത്തിന്റെ പ്രതിനിധീകരണം മാത്രമേ സാധ്യമാക്കുന്നുള്ളു എന്ന വസ്തുത മുന്നോട്ടുവെക്കുന്നു.

പ്രതിനിധാനത്തിന്റെ പരിധികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള ഒരു തുടക്കമായി ഫൂക്കോ ഇതിനെ ഉപയോഗിക്കുന്നുണ്ട്. ചിത്രങ്ങളും വാക്കുകളും ചിഹ്നങ്ങളും അവയുടെ പ്രതിച്ഛായകൾക്കുപരി അവ പ്രതിനിധീകരിക്കുന്ന വസ്തുക്കളായി തെറ്റിദ്ധരിക്കപ്പെടുന്നുവെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. പൈപ്പ് എന്ന വസ്തു ലോകത്ത് നിലനിൽക്കെ മഗ്രിതേയുടെ പെയിന്റിങ്ങിലടങ്ങിയ പൈപ്പിന്റെ ചിത്രം കേവലം ആ വസ്തുവിനെ പ്രതിനിധീകരിക്കുന്ന ഒരു “അടയാളം” (sign) മാത്രമാണ്. ‘അർഥം’ ഒരിക്കലും വസ്തുവുമായി നേരിട്ട് ബന്ധപ്പെടുന്നില്ല, മറിച്ച് യഥാക്രമം അവയുടെ വർഗീകരണത്തിലും (categorizaion) വ്യാഖ്യാനത്തിലുമാണ് (interpretation) നിലകൊള്ളുന്നത്. ഭാഷയും പ്രതിചിത്രങ്ങളും “യഥാർഥ” ലോകത്തിന്റെ നേർപകർപുകൾ അല്ല; മധ്യസ്ഥരാണ് (mediated).

യാഥാർഥ്യത്തെ കുറിച്ചുള്ള നമ്മുടെ ധാരണ അടയാളങ്ങളിലൂടെയും പ്രതിനിധാന സംവിധാനങ്ങളിലൂടെയും എങ്ങനെ രൂപപ്പെടുന്നു എന്നതിന്റെ ദാർശനിക പര്യവേക്ഷണമാണ് ഫൂക്കോയുടെ കാഴ്ചപ്പാട്. ഒരു കാര്യം “എന്താണ്” എന്നതിനെക്കുറിച്ചുള്ള നമ്മുടെ അനുമാനങ്ങൾ പലപ്പോഴും നമ്മൾ തിരിച്ചറിയുന്നതിലും സങ്കീർണമാണ് എന്ന ധാരണയുണർത്തി ആ വിടവിനെ നേരിടാൻ ഈ പെയിന്റിംഗ് നമ്മെ നിർബന്ധിക്കുന്നു.

ദി സൺ ഓഫ് മാനും ആപ്പിളും

കാഴ്ച്ചാസാഗരത്തിൽ മുങ്ങി, ദർശനരേഖയിൽ ആപ്പിൾ കുടുങ്ങി അവ്യക്തമായ കാഴ്ചകൾക്ക് പിറകിൽ നിൽക്കുന്ന മഗ്രിതെയുടെ മനുഷ്യനെ പോലെ. ദി സൺ ഓഫ് മാൻ എന്ന പെയിന്റിങ്ങിൽ നിവർന്നു നിൽക്കുന്ന മനുഷ്യന്റെ കണ്ണിനു നേരെ ഒരു ആപ്പിൾ വച്ചിരിക്കുന്നത് വഴി അത് ഒരു അവ്യക്തത സൃഷ്ടിക്കുന്നു. ഇത് കാഴ്ചയും മനസ്സിലാക്കലും, അതിന്റെ പ്രക്രിയയും മങ്ങിയതോ വികലമായതോ ആണെന്ന് സൂചിപ്പിക്കുന്നുണ്ട്. മഗ്രിതെയുടെ കൃതികളിലെ ആവർത്തിച്ചുള്ള പ്രമേയമായ കാഴ്ചയും യാഥാർഥ്യവും തമ്മിലുള്ള വൈരുധ്യത്തിലേക്ക് ചിത്രത്തിന്റെ സർറിയൽ സ്വഭാവം ശ്രദ്ധയാകർഷിക്കുന്നു.

ആപ്പിൾ കൊണ്ട് മനുഷ്യന്റെ കണ്ണുകൾ മൂടിവയ്ക്കുന്നതോടെ മഗ്രിതെ കാഴ്ചകളുടെ പരിമിതികളെ ഊന്നികാണിക്കുന്നു – നാം കാണുന്നത് എല്ലായ്പോഴും യഥാർഥമല്ലെന്നും നമ്മുടെ ഇന്ദ്രിയാനുഭവങ്ങൾ നമ്മെ എങ്ങനെ വഞ്ചിക്കുമെന്നും. കാലങ്ങളായി പ്രലോഭനമായും അറിവുമായും ബന്ധപ്പെട്ടു കിടക്കുന്ന ആപ്പിൾ (ആദമിന്റെയും ഹവ്വയുടെയും ബൈബിൾ കഥയിൽ നിന്ന്) ഈ പെയിന്റിങ്ങിന്റെ വ്യാഖ്യാനതലത്തെ കൂടുതൽ സങ്കീർണമാക്കുന്നു. ഇത് ഒരു ചോദ്യം ഉയർത്തുന്നുണ്ട്: നമ്മുടെ കാഴ്ചകളെ വിശ്വാസിക്കണോ അതോ യാഥാർഥ്യത്തെക്കുറിച്ചുള്ള ആഴമേറിയ സത്യങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് നമ്മെ തടയുന്ന ഒരു തരം “മൂടുപടം” പോലെയാണോ അവ പ്രവർത്തിക്കുന്നത്?

യാഥാർഥ്യത്തെ കുറിച്ചുള്ള നമ്മുടെ ധാരണ അടയാളങ്ങളിലൂടെയും പ്രതിനിധാന സംവിധാനങ്ങളിലൂടെയും എങ്ങനെ രൂപപ്പെടുന്നു എന്നതിന്റെ ദാർശനിക പര്യവേക്ഷണമാണ് ഫൂക്കോയുടെ കാഴ്ചപ്പാട്.

‘ദി സൺ ഓഫ് മാൻ’ പോലുള്ള മഗ്രിതെയുടെ കൃതികളിൽ സർറിയലിസം ധാരണാപ്രക്രിയകളെയും കാണപ്പെടുന്നതും ഉൾക്കൊള്ളപ്പെടുന്നതും തമ്മിലുള്ള അതിരുകളെയും പുനർവിചിന്തനം ചെയ്യാൻ ആസ്വാദകരെ വെല്ലുവിളിക്കുന്നു. വിലക്കപ്പെട്ട ജ്ഞാനത്തിന്റെ അടയാളമായി ആപ്പിളിൻറെ സാന്നിധ്യം വ്യാഖ്യാനിക്കാവുന്നതാണ്. അത് കാഴ്ചക്കാരനെ കാഴ്ചയുടെയും ഗ്രാഹ്യത്തിന്റെയും നിഗൂഢതകളിലേക്ക് കൂടുതൽ ആഴത്തിൽ നോക്കാൻ പ്രേരിപ്പിക്കുന്നു. അതേസമയം സത്യാന്വേഷണങ്ങൾ പലപ്പോഴും തടസ്സപ്പെടുകയോ അപൂർണമാവുകയോ ചെയ്യുന്നുവെന്ന് ഓർമപ്പെടുത്തുന്നുമുണ്ട്.

കാഴ്ചയുടെ കല

തീർച്ചയായും! റെനേ മഗ്രിതെയുടെ ‘ദി ബ്ലാങ്ക് സിഗ്നേച്ചർ’ എന്ന പെയിന്റിംഗ് നമ്മുടെ ഗ്രഹണശേഷിയെ ചോദ്യത്തിലാഴ്ത്തുന്ന മറ്റൊരു ശക്തമായ കൃതിയാണ്. അദ്ദേഹത്തിന്റെ മറ്റു സൃഷ്‌ടികൾ പോലെത്തന്നെ ഈ ചിത്രത്തിന്റെ സർറിയൽ സ്വഭാവവും വികലതയും, കാഴ്ചയും ഉൾക്കൊള്ളലും തമ്മിലുള്ള വിടവിനെ നേരിടാൻ ആസ്വാദകരെ ക്ഷണിക്കുന്നു. കാട്ടിലൂടെ കുതിര സവാരി ചെയ്യുന്ന സ്ത്രീ ആദ്യ നോട്ടത്തിൽ പരിചിതമാണെന്നു തോന്നുമെങ്കിലും, പൂർവതലവും (foreground) പശ്ചാത്തലവും (background) വിന്യസിച്ചതിലെ പൊരുത്തക്കേട് കാഴ്ചയെ വഴിതിരിക്കുന്ന അനുഭവം സൃഷ്ടിക്കുന്നു. പരമ്പരാഗതവും യാഥാർഥ്യബോധമുള്ളതുമായ പെയിന്റിംഗിൽ പ്രതീക്ഷിക്കപ്പെടുന്ന “ഔചിത്യം” ഈ രംഗത്തിലില്ല. കാഴ്ചയെക്കുറിച്ചുള്ള മഗ്രിതെയുടെ പര്യവേക്ഷണത്തിന്റെ കേന്ദ്രബിന്ദു ഈ അസ്വസ്ഥമായ വികാരമാണ്.

നമ്മുടെ മനസ്സ് യാഥാർഥ്യവുമായി എങ്ങനെ ഇടപെഴകുന്നുവെന്നും അടയാളങ്ങളെയും ചിഹ്നങ്ങളെയും നാം എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നും ഉള്ള അദ്ദേഹത്തിന്റെ താല്പര്യം അദ്ദേഹത്തിന്റെ കൃതികളിൽ സ്പഷ്ടമാണ്.

പൂർവതലവും പശ്ചാത്തലവും തമ്മിലുള്ള വിഭജനം -യാഥാർഥ്യത്തിന്റെയും മിഥ്യയുടേയും സർറിയൽ സംയോജനം- മഗ്രിതെയുടെ ഇനിയും അവസാനിച്ചിട്ടില്ലാത്ത ദാർശനിക അന്വേഷണം തന്നെയാണ് നടത്തുന്നത്: നാം കാണുന്നതിനെ നമുക്ക് എങ്ങനെ വിശ്വസിക്കാനാവും? ഈ കലാസൃഷ്ടിയിലെ ദൃശ്യവികലത, പലപ്പോഴും യാഥാർഥ്യം എങ്ങനെ വിഭജിക്കപ്പെടുന്നുവെന്നും ലോകത്തെക്കുറിച്ചുള്ള നമ്മുടെ വ്യാഖ്യാനം എങ്ങനെ വളച്ചൊടിക്കപ്പെടുകയോ അപൂർണമാകുകയോ ചെയ്യാമെന്നും വ്യക്തമാക്കുന്നു. വ്യക്തിപരവും കൂട്ടായതുമായ അനുഭവം എന്ന നിലയിൽ കാഴ്ചയുടെ ഈ പ്രമേയം മഗ്രിതെയുടെ കൃതികളിൽ വ്യാപിച്ചു കിടക്കുന്നു.

‘ദി ബ്ലാങ്ക് സിഗ്നേച്ചറി’ന്റെ തലക്കെട്ടും പ്രത്യേക ശ്രദ്ധയർഹിക്കുന്നു. സാധാരണഗതിയിൽ ഒരു ഒപ്പ് വ്യക്തിത്വം (identity), കർതൃത്വം (authorship) അല്ലെങ്കിൽ പൂർതീകരണം (completion) എന്നിവയുടെ സൂചകമാണ്. എന്നാൽ ഇവിടെ കയ്യൊപ്പിലെ “ശൂന്യത” ചിത്രത്തിന്റെ തന്നെ സ്വരൂപത്തെ (identity) പറ്റിയുള്ള അനിശ്ചിതത്വമോ അഭാവമോ സൂചിപ്പിക്കുന്നുണ്ട്. ഇത് നമ്മുടെ കാഴ്ചയിലെ അപൂർണതയെയോ അല്ലെങ്കിൽ നിർമിത യാഥാർഥ്യത്തെയോ മുൻനിർത്തി, അതിനെ നാം സൂചിത രീതിയിൽ വ്യാഖ്യാനിക്കുയാണോ അതോ മുഖവിലക്കെടുക്കുയാണോ എന്ന ചോദ്യം ഉയർത്താൻ നമ്മെ നിർബന്ധിതരാക്കുന്നു.

ദാർശനികവും മനഃശാസ്ത്രപരവുമായ ആശയങ്ങൾ മഗ്രിതെയെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. നമ്മുടെ മനസ്സ് യാഥാർഥ്യവുമായി എങ്ങനെ ഇടപെഴകുന്നുവെന്നും അടയാളങ്ങളെയും ചിഹ്നങ്ങളെയും നാം എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നും ഉള്ള അദ്ദേഹത്തിന്റെ താല്പര്യം അദ്ദേഹത്തിന്റെ കൃതികളിൽ സ്പഷ്ടമാണ്. ‘ദി ബ്ലാങ്ക് സിഗ്നേച്ചർ’ എന്ന സൃഷ്ടിയിൽ ക്രമത്തെയും അർഥത്തേയും ചുറ്റിപ്പറ്റിയുള്ള നമ്മുടെ ധാരണകളുമായി ഇടപെടുന്ന അദ്ദേഹം ലോകത്തെ മനസ്സിലാക്കാനുള്ള മനസ്സിന്റെ പോരാട്ടത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു ദൃശ്യ വിരോധാഭാസം സൃഷ്ടിക്കുന്നു. മഗ്രിതെ കേവലം ചിത്രങ്ങൾ വരയ്ക്കുക മാത്രമല്ല ചെയ്യുന്നത് – മറിച്ച് നാം കാണുന്നതും മനസ്സിലാക്കുന്നതും വ്യാഖ്യാനിക്കുന്നതുമായ ലോകത്തെ കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങങ്ങൾക്ക് കൂടെ അദ്ദേഹം ചായം നൽകുന്നു. മനുഷ്യന്റെ കാഴ്ചയുടെ പരിമിതികളുടെയും, അറിയുക എന്ന പ്രക്രിയയുടെ സങ്കീർണതയുടെയും ധ്യാനരൂപമാണ് അദ്ദേഹത്തിന്റെ കൃതികൾ. ഇത് യാഥാർഥ്യത്തിന്റെ സ്വഭാവത്തെ തന്നെ വെല്ലുവിളിക്കാനുള്ള ഒരു നിരന്തരമായ ക്ഷണമായി അദ്ധേഹത്തിന്റെ കൃതികളെ മാറ്റുന്നു.

ദി ഫോൾസ് മിററും മറ്റു കൃതികളും

മഗ്രിതെ, അദ്ധേഹത്തിന്റെ കൃതികളിലെ സർറിയൽ സമീപനത്തിലൂടെ, പലപ്പോഴും നമ്മുടെ യാഥാർഥ്യത്തെക്കുറിച്ചുള്ള ധാരണയെയും ചിത്രങ്ങളെ വ്യാഖ്യാനിക്കുന്ന രീതിയെയും വെല്ലുവിളിക്കുന്നുണ്ട്. ‘ദി ഫോൾസ് മിറർ’ എന്ന ചിത്രം ഇതിന് ഉചിതമായ ഉദാഹരണമാണ്. ചിത്രത്തിലെ പ്രധാന ഘടകം ഒരു വലിയ കണ്ണ് ആണ്. എന്നാൽ അപ്രതീക്ഷിതമായി ആ കണ്ണിലെ കാഴ്ച നമ്മെ അത്ഭുതപ്പെടുത്തുന്നു. ബാഹ്യലോക പ്രതിഫലനങ്ങൾക്കപ്പുറം മേഘാവൃതമായ ആകാശമാണ് ആ കൺനിറയെ. ഈ ദൃശ്യ വിരോധാഭാസം കണ്ണുകൾ കാണുന്നതിനെ പറ്റി മാത്രമല്ല, ഉൾക്കൊള്ളപ്പെടുന്ന കാഴ്ചയുടെ യാഥാർഥ്യത്തെയും പറ്റി പുതിയ ചിന്തകൾക്ക് രൂപം നൽകുന്നു.

കാഴ്ച, ശബ്‍ദം, സ്പർശം തുടങ്ങിയ ഇന്ദ്രിയങ്ങളോടുള്ള മഗ്രിതെയുടെ ആകർഷണം, ലോകത്തെകുറിച്ചുള്ള കാഴ്ചക്കാരുടെ അനുമാനങ്ങൾ ചോദ്യം ചെയ്യും വിധം വളരെ സാധാരണമായ വസ്തുക്കളെ കൈകാര്യം ചെയാൻ പലപ്പോഴും അദ്ദേഹത്തെ പ്രേരിപ്പിച്ചു. കാഴ്ച ഒരു നിഷ്ക്രിയ പ്രവൃത്തിയല്ല, മറിച്ച് സജീവവും ആത്മനിഷ്ഠവും ചിലപ്പോൾ അവിശ്വസിനീയവുമായ ഒന്നാണ് എന്ന വീക്ഷണം അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. “എന്താണ് യഥാർഥം” എന്ന ചോദ്യമുയർത്താനും കാണുന്നതെല്ലാം വിശ്വസിക്കപ്പെടണമെന്ന ആശയത്തെ വെല്ലുവിളിക്കാനും അദ്ദേഹത്തിന്റെ സൃഷ്ടികൾ ആസ്വാദകരെ പ്രേരിപ്പിക്കുന്നു.


വിവർത്തനം: ഹന്നാ അമീൻ

Comments are closed.