കെട്ടിയിടലിന്റെയും കെട്ട് വിട്ട് പറക്കലിന്റേയും ഇടയ്ക്കുള്ള മധ്യനില(Middle path) ആർജിക്കാൻ വെമ്പുന്ന മനുഷ്യന്റെ ഉന്മാദപ്പെരുക്കലുകളാണ് ഷാജുവിന്റെ കവിതകൾ. മര്യാദക്കാരനായതിന്റെ കുറ്റബോധത്തെ തോന്ന്യാക്ഷരങ്ങൾ കൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന കവിയും കവിതയും തൊട്ടടുത്ത നിമിഷം വ്യവസ്ഥാവിധേയനായി തന്റെ ‘കർമകാണ്ഡത്തിൽ’ ബന്ധിതനാകുന്നു. ജയിൽ ഭേദനം തലയിൽ കൊണ്ട് നടക്കുന്ന ഒരു തടവു പുള്ളിയാണ് ഇവിടെ കവിത. ഉൺമയുടെ അസഹനീയമായ ഗുരുത്വത്തിന്റെയും (unbearable heaviness of being) അതുപോലെതന്നെ പിടിവിട്ട ലഘുത്വത്തിന്റെയും (Unbearable lightness of being) വിരുദ്ധ കാന്തികശക്തികൾക്ക് ഇടയ്ക്കുള്ള സ്വാസ്ഥ്യത്തിന്റെ മധ്യനില (ബുദ്ധമാർഗം) തേടിയുള്ള സർഗാത്മക സംഘർഷങ്ങൾ ഷാജുവിന്റെ എഴുത്തിൽ ഇടയ്ക്കിടെ വന്ന് പോകുന്നത് കാണാം.

‘ഒറ്റയ്ക്കിരിക്കുമ്പോൾ ചുവരറ്റത്ത് കിടന്നാൽ ഞാൻ തടവറയിൽപെട്ട ഫീൽ ആണ്. മറ്റേ അറ്റത്താവുമ്പോൾ ചെങ്കുത്തായ പർവതത്തിന്റെ ഉച്ചിയിൽ അഗാധ ഗർത്തത്തിലേക്ക് തുറക്കുന്ന പാറക്കെട്ടിൽ ഉറങ്ങുന്നത് പോലെയും’

വ്യവസ്ഥയുടെ വീർപ്പുമുട്ടലുകളും അതിരുകളില്ലാത്ത സ്വാതന്ത്രത്തിന്റെ നിരാലംബത്വവും ഒരുപോലെ എഴുത്തുകാരനെ വേട്ടയാടുന്നു. ഒരുവശത്ത് ‘കെട്ടുവിട്ട’ സ്കിസോഫ്രീനിക്ക് ഒഴുക്കും മറുവശത്ത് എന്തിനെയും വരുതിയിൽ നിർത്താനുള്ള ‘പാരനോയിക്ക്’ ഉൽക്കണ്ഠകളും ഇതിൽ കാണാം. സമഗ്രാധിപത്യം പോലെ അപരിമേയമായ സ്വാതന്ത്രവും നമ്മളെ തമോഗർത്തങ്ങളിലേക്ക് (black hole) വലിച്ചെറിഞ്ഞേക്കാം.

ഇത് ഷാജുവിന്റെ എഴുത്തിൽ കേവലം വന്നുപോകുന്ന സമസ്യയല്ല, മറിച്ച് എഴുത്ത് തന്നെ സാധ്യമാക്കുന്ന സന്നിഗ്ദതയായി മനസ്സിലാക്കണം.

‘മനുഷ്യൻ ഉണ്ടായിരിക്കേയും മനുഷ്യവാസമില്ലായ്മയുടെ ലക്ഷണങ്ങൾ അന്തരീക്ഷത്തിൽ പോലും കാണാനാവുന്നു.
അവസാന വസ്ത്രമടക്കം മുഷിഞ്ഞു…തോർത്ത് മുണ്ട് മാത്രമുടുത്ത് അർദ്ധനഗ്നനായ ഫക്കീർ ആയി ചുരുണ്ടു കിടക്കുന്നു. അടുക്കള വരെ നടക്കാനുള്ള ജീവിതാഭിവാഞ്ച ഇല്ലാത്തത് കൊണ്ട് വെള്ളം കുടിക്കാതെ ചുണ്ട് വരണ്ടു കിടക്കുന്നത് ആത്‍മാരാധനയുടെ സുഖത്തോടെ നാവ്കൊണ്ട് സസൂക്ഷ്മം തലോടുന്നു’

‘ഞാൻ എന്തൊരു ഞാൻ ആണെന്ന് അന്തം വിടുന്ന’ എന്നിൽ പെട്ടെന്ന് ഒരു ദിവസം ‘കർമകാണ്ഡ ഊർജം നിറയുന്നു’. അനന്തരം ‘വീട് വെടിപ്പാക്കുന്നു. അടിക്കുന്നു. ലോഷനിട്ട് തറ തുടച്ചു തളിക്കുന്നു’

മടുപ്പിനും കർത്തവ്യ ബോധത്തിനും ഇടയ്ക്കുള്ള നിരന്തരമായ ചാഞ്ചാട്ടം ഇവിടെ കാണാം. സമഗ്രാധിപത്യത്തിൽ നിന്നും കുതറിമാറി തന്റെ സ്വതന്ത്രസങ്കല്പ റിപ്പബ്ലിക്കിൽ അഭയം പ്രാപിക്കുന്ന എഴുത്തുകാരൻ അപരിമേയമായ സ്വാതന്ത്ര്യത്തിന്റെ ഭാരമില്ലായ്മ അസഹനീയമാകുന്ന നിമിഷം തിരിച്ചു നടക്കുന്നു.

ഒന്നുകിൽ അങ്ങേയറ്റം ഡെമോക്രസി, കെട്ടു വിട്ടാൽ കൂതറ എന്നതാണ് എന്റെ ബൈപോളാർ രീതി‘ എന്ന് ഷാജു തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട്.

എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനും ‘ഉൽപാദനക്ഷമമാകാനുമുള്ള മുതലാളിത്തത്തിന്റെ നിരന്തരമായ വിളികളോട് മുഖം തിരിക്കാനുള്ള ആഹ്വാനമുണ്ട് ഈ എഴുത്തുകളിൽ. കോവിഡ് കാലത്തെ ഉൽപാദനമാന്ദ്യത്തെ മുതലാളിത്ത സമ്പദ്‌വ്യവസ്ഥ മറികടന്നത് വീടുകൾ പോലും തൊഴിലിടങ്ങൾ ആക്കി പരിവർത്തിപ്പിച്ചുകൊണ്ടാണല്ലോ (Work from Home). അതിനോടുള്ള ഷാജുവിന്റെ പരിഹാസം നിശിതമാണ്.

‘ചുമ്മാ വീട്ടിലിരിക്കാൻ പറ്റിയ കാലം. എന്നാൽ പണിയെടുത്ത് കണ്ടീഷൻ ചെയ്യപ്പെട്ട നമ്മൾ ഒരു സുവർണകാലത്തെ കർമ പദ്ധതികൾ കൊണ്ട് നിറച്ചു നശിപ്പിക്കുകയാണ്’
‘…വെറുതെയിരിക്കാനാണ് ഏറ്റവും വെളിവും കരുത്തും വേണ്ടത് എന്നറിയാതെ സങ്കീർണമായ കർമപന്ഥാവ് ആവശ്യപ്പെടുന്ന ചക്കവെട്ടൽ മഹാമഹം നടത്തുന്നു.’

സ്വഭാവികമെന്ന് തോന്നിക്കുന്ന ചില കണ്ണികളെ ഇളക്കി മാറ്റി ഇണക്കുമ്പോൾ ഷാജു അപരജീവിത സാധ്യതകൾ കൂടിയാണ് തുറന്നിടുന്നത്. അതിരുകൾ മാറ്റിവരയ്ക്കുന്ന ഇത്തരം കാവ്യഭാവനകൾ ലോകത്തിന്റെ കേവലമായ പുനരുല്പാദനത്തിന് അപ്പുറം പുതു നിർമ്മിതികൾ തന്നെയാണ്.

‘അ എന്ന യുവാവ് ഏതാണ്ട് രണ്ടു വയസ്സ് പ്രായമുള്ള കുഞ്ഞുമായി ആ ബസ്സിൽ കയറി…’അമ്മയും കുഞ്ഞും’ എന്ന സീറ്റ് വാസ്തവത്തിൽ എത്ര സ്ത്രീവിരുദ്ധമാണ്!’

സ്വാഭാവികമായ ചേർച്ചകൾ ഇല്ലാത്ത വരുമ്പോൾ മറ്റൊരു രാഷ്ട്രീയവും ജീവിതവും സാധ്യമാകുന്നു.

‘അതിനിടെ നിദ്രയിലായിരുന്ന ഒരു മനുഷ്യൻ ഞെട്ടിയുണരുകയും കുഞ്ഞുമായി നിൽക്കുന്ന പുരുഷനെ കണ്ട് ചാടി എഴുന്നേറ്റ് യുവാവിന് ഇരിപ്പിടം കൈമാറുകയും ചെയ്തു

‘അപ്പോൾ അയാൾക്ക് സെക്കുലറായ ഒരുതരം സീൽക്കാര രോമാഞ്ചമുണ്ടായി. അന്നേരം കുഞ്ഞ് ബസ്സിലെ മുഴുവൻ ആളുകളെയും പുണ്യാഹം തെളിക്കാൻ തന്റെ മൂത്രസഞ്ചിയിൽ മൂത്രമില്ലാത്തതി നാലും തന്റെ അച്ഛന്റെ മോക്ഷം പ്രഥമ പരിഗണനീയമായതിനാലും അയാളുടെ നെഞ്ചിലേക്ക് ചൂടോടെ മൂത്രമൊഴിച്ചു’

ഇരുന്ന് സ്വാസ്ഥ്യത്തിലെത്തിയ യുവാവ് നൊടിയിടയിൽ ഒരു തിയറിയെ പ്രസവിച്ചു. കരുണ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതൽ’.
എന്നാൽ ഇത്തരം തീർപ്പുകൾക്ക് വഴങ്ങുന്നതല്ല ഷാജുവിന്റെ എഴുത്ത്. തൊട്ടടുത്ത നിമിഷം അത് മറ്റൊന്നായി പരിണമിക്കാം.

‘സാഹിത്യത്തിന്റെ ലോജിക്കിൽ സിനിമയെ വിലയിരുത്തുന്ന രോഗം നമ്മുടെ നാട്ടിൽ കലശലാണ്. നമ്മുടെ സിനിമാ നിരൂപണം ഒരുതരം ഉള്ളടക്കവിശകലനമാണ്
ഷാജുവിന്റെ എഴുത്തുകളെ വിലയിരുത്തുമ്പോഴും ഈ നിരീക്ഷണം പ്രസക്തമാണെന്ന് തോന്നുന്നു.

ഷാജുവിന്റെ എഴുത്തുകൾ മറ്റൊരു ബന്ധഭൂമിക (Relationscape) തുറന്നു തരുന്നുണ്ട്. അതിൽ അനന്തമായ വിപുലനം സാധ്യമായ പലവിധ ലൈംഗികതകളുടെ കൊണ്ടാടൽ കൂടിയാണ്. ‘രണ്ട് പുരുഷൻമാർ ഒരു സ്ത്രീയെ പ്രേമിക്കുന്ന ത്രികോണപ്രണയമാണ് മൂവർക്കിടയിലുമെന്ന് തെറ്റിദ്ധരിക്കരുത്‘ എന്ന് ഓർമിപ്പിക്കുന്ന എഴുത്തുകാരൻ സാറയ്ക്കും, വറീതിനും, പൊന്നപ്പനും ഇടയ്ക്കുള്ള ബന്ധനിർദ്ധാരണം നടത്തി വർഗീകരിക്കുന്നത് ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും. ചില രാഷ്ട്രീയനോട്ടങ്ങളിൽ വിട്ടുപോയ ഒഴിവിടങ്ങൾ ഇവിടെ പൂരിപ്പിക്കുന്നു.
വെൻെറിലേറ്ററിൽനിന്നുപോലും പ്രാണ ശ്വാസം കിട്ടാത്ത പ്രാണങ്ങളുടെ നിസ്സഹായത എന്തൊരു ദുരന്തമാണ്! മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ വിട്ടുപോയ ഒരു ദുരിത മേഖല ഇതാണ്‘ എന്ന് ഷാജു നിരീക്ഷിക്കുന്നു.

യാദൃശ്ചികത സ്റ്റാറ്ററ്റിക്സിന്റെ അന്തകൻ ആണെന്ന് കരുതുന്ന ഷാജു എഴുത്തിൽ സന്നിഗ്ദതകളെ ആഘോഷമാക്കുന്നു.

മാഷിതെന്താ ഇങ്ങനെ? രണ്ട് ദിക്കുകളി ലുള്ള ഏതോ അപരിചിതരായ രണ്ട് പേർക്ക് അഞ്ചു മിനുട്ടിന്റെ വ്യതാസത്തിൽ അറ്റാക്കുണ്ടായീന്നു പറഞ്ഞാൽ മാഷ് വിശ്വസിക്കൂല്ലേ
മുൻനിശ്ചയങ്ങളെയും ഗണങ്ങളെയും യാദൃശ്ചികത അട്ടിമറിക്കുന്നു. ചിലപ്പോൾ അത് ശുഭപര്യവസായി ആയേക്കുമെന്ന് ഈ കെട്ട കാലത്തും അത്രമേൽ പ്രതീക്ഷപുലർത്തുന്നു.

...വിമാനം ചെങ്കടലിൽ പതിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി തന്റെ അവസാന സന്ദേശം ഫോണിൽ ആഭ്യന്തരമന്ത്രിക്ക് അയച്ചു കൊടുക്കുകയാണ്: പൗരത്വഭേദഗതി നിയമം പിൻ വലിച്ചിരിക്കുന്നതായി ജനതയെ അറിയിക്കുക!

‘തുല്യത’ ഒരു മിത്ത് ആണെന്നും ‘മെറിറ്റിനു’ വേണ്ടിയുള്ള മുറവിളികൾ പൊള്ളയാണെന്നും വാദിക്കുന്ന എഴുത്തുകാരൻ സംവരണാനുകൂലിയാണ്.

വെള്ളക്കരുവിന് യുദ്ധം തുടങ്ങാനുള്ള സ്ഥിരാധികാരം ഈ കളിയിൽ വകവെച്ചു കൊടുത്തതിനു പിന്നിൽ വെള്ളക്കാരന്റെ വംശീയാധിനിവേശ സാംസ്കാരിക ചരിത്രം അബോധമായി പ്രവർത്തിക്കുന്നുണ്ട്. ആദ്യ നീക്കം നടത്തുന്നയാളാണ് യുദ്ധഭൂമിയിലെ അജണ്ടകൾ നിശ്ചയിക്കുന്നത്. കറുപ്പ് കരുവുമായി കളിക്കുന്നയാൾ മിക്കപ്പോഴും പ്രതിരോധത്തിൽ ആണ്‘.

എഴുത്തിന്റെ ഇത്തരം മുഹൂർത്തങ്ങളിൽ രാഷ്ട്രീയം കണിശമാകുന്നു. കുഞ്ചിയമ്മയുടെ കവിതയിൽ പരാമർശവിഷയമാകാത്ത മറ്റ് നാല് മക്കളെ തേടി എഴുത്തുകാരൻ യാത്രപുറപ്പെടുന്നു.

കുഞ്ചുവൊഴിച്ചുള്ള കുഞ്ചിയമ്മയുടെ നാലുമക്കളെകുറിച്ചു ആർക്കെങ്കിലും അറിയുമോ?
‘തന്ത നിരാസത്തിന്റെയും തള്ളപ്രാമാണ്യത്വത്തിന്റെയും രാഷ്ട്രീയമാണോ ഈ കവിത മുന്നോട്ട് വയ്ക്കുന്നത്‘.

എന്റെ മകൾ ഉണ്ടാക്കാനിരിക്കുന്ന മാജിക്കൽ ചലച്ചിത്രങ്ങൾക്കുള്ള ക്യാമറയാണോ എന്റെ നെഞ്ചിലെ തുള?’

ഷാജു തന്റെ എഴുത്തുകളിലൂടെ സൃഷ്‌ടിച്ച ഈ തുളയിലൂടെ മലയാളിവായനക്കാർ ലോകം കണ്ടുതുടങ്ങും എന്ന പ്രതീക്ഷ എനിക്കുണ്ട്. അവിടെ
വടക്കോട്ടും തെക്കോട്ടും ഒരേസമയം സഞ്ചരിക്കുന്ന തീവണ്ടിപോലെ രണ്ട് വശത്തേക്കും മാറിമാറി ഒഴുകുന്ന പുഴ!’ കാണാം. അതിന്റെ കരയിൽ ‘പുഴയ്ക്കകത്തെ ഏതോ അദൃശ്യനായ ചൂണ്ടൽ കാരന്റെ ചൂണ്ടലിൽ കുരുങ്ങിയ ചെമ്മീനെപ്പോലെ തോന്നിപ്പിക്കുന്ന പുഴക്കരയിൽ മണിക്കൂറുകൾ ചൂണ്ടലിട്ടി രിക്കുന്ന വൃദ്ധനുണ്ടാകും.
‘സന്ധ്യ പോലത്തെ ഉച്ചയുണ്ട്’
‘നിശ്ചലതയെ കുറിച്ചുള്ള ഹ്രസ്വചിത്രമെടുക്കാൻ വേണ്ടിമാത്രം സ്വയമടക്കിപ്പിടിച്ചു നിൽക്കുന്ന കാഴ്ചയിൽ ഇല്ലാത്ത കാറ്റിന്റെ ഉണ്മ’.

ഷാജുവിന്റെ എഴുത്തിൽ ഇന്നിന്റെ നിഷേധവും എല്ലാത്തരം നിർണയനങ്ങളിൽ നിന്നുമുള്ളകുതറിമാറലും ദൃശ്യമാണ്, അത് മരണത്തിന് മുന്നിൽ പോലും കീഴടങ്ങാതെ പോരാളി ആണ്.

…..അക്കാലത്ത് മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ , കോൺസെൻ ട്രേഷൻ ക്യാമ്പുകളിൽ നിന്നും ഗ്യാസ് ചേംബറിലേക്കുള്ള നടപ്പാതയിൽ വച്ച് ആളുകൾ എടുത്ത അസംഖ്യം സെൽഫികൾ നമുക്ക് ലഭിക്കുമായിരുന്നു. നിമിഷങ്ങളെ അനശ്വരമാക്കി ചില്ലിട്ട് സൂക്ഷിക്കാനുള്ള നിത്യാഭിലാഷം കൊണ്ട് മാത്രമല്ല അത്’

മുകളിൽനിന്നും സൈനികർ ജെസിബി കൊണ്ട് മണ്ണ് മൂടിത്തുടങ്ങിയിരുന്നു.

അന്നേരം കൂട്ടുകാരൻ കുപ്പിയിലെ അവശേഷിക്കുന്ന തുള്ളി നൊട്ടി നുണഞ്ഞു എന്റെ നേരെ നീട്ടി പറഞ്ഞു
ഈ കിടന്ന കിടപ്പിൽ JCB യുടെ വായിന്റെ ആംഗിൾ നോക്കടാ ഷാ..കിടിലമായിരിക്കുന്നു’

‘ആയിരിക്കുന്ന അവസ്ഥയോട് രാജി ആകാനുള്ള മനുഷ്യപ്രകൃതത്തിന്റെ അപാരമായ ശേഷിക്കപ്പുറം ആത്മപ്രകാശനത്തിനുള്ള അടങ്ങാത്ത അഭിവാഞ്ച ആണ്.

‘കൊല്ലാം, തോൽപ്പിക്കാം, കുഴിച്ചുമൂടാം.
കല ഉൽപ്പാദിപ്പിക്കുന്നതിൽ നിന്നും വിലക്കാൻ ആകില്ല’


Publisher: പ്രോഗ്രസ് പുബ്ലിഷേഴ്സ്
Author: ഷാജു വി വി
Book Released on : 06 നവംബർ 2022

Comments are closed.