ലാൻഡ് സ്കേപ്‌സ് ഓഫ് കമ്മ്യൂണിസം എന്ന തന്റെ പുസ്തകത്തിൽ ഔവൻ ഹാഥർലി ഉന്നയിക്കുന്ന ചില ചോദ്യങ്ങളെ മുസ്‌ലിം പരിസരത്തിൽ ഉന്നയിച്ച് തുടങ്ങാമെന്നു തോന്നുന്നു. “എന്തു തരം കെട്ടിടങ്ങളാണ് കമ്മ്യൂണിസ്റ്റുകൾ നിർമ്മിച്ചത്? ജനങ്ങൾ താമസിക്കേണ്ടത് ഏതുതരം കെട്ടിടങ്ങലാണ് എന്നാണ് അവർ ആഗ്രഹിച്ചത്? എങ്ങനെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യണമെന്നാണ്? ഏതു സ്ഥലത്ത് ഒത്തുചേരണം? മുതലാളിത്ത വ്യവസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി എന്താണ് കമ്മ്യൂണിസ്റ്റുകൾ ചെയ്തത്? അവസാന മുപ്പതു വർഷത്തെ നിയോ – ലിബറൽ ഘട്ടത്തോടോ, സോഷ്യൽ ഡമോക്രസി ഘട്ടത്തോടോ താരതമ്യപ്പെടുത്തിയാൽ ക്യാപിറ്റലസിത്തനപ്പുറം എന്തെങ്കിലും നിർമ്മിക്കപ്പെട്ടിട്ടുണ്ടോ?” (p.p: 7)

ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നത് വ്യത്യസ്തമായ ഒരു സാഹചര്യത്തിലും സ്ഥലത്തിലും ആണെങ്കിലും ഇക്കാര്യങ്ങൾ ഇസ്‌ലാമിന്റെ പരിസരത്തിലും ചോദിക്കപ്പെടാവുന്നത് തന്നെയാണ്. അതേ സമയം ‘ഇസ്‌ലാമിന്റെ സഹജമായ ആയ പ്രകൃതം കാരണം ഈ ചോദ്യങ്ങൾ അപ്പടി ഉന്നയിക്കാവതുമല്ല. സ്വകാര്യ സ്വത്തിന്റെയും അതുവഴി കാപിറ്റലിസത്തിന്റെയും വിമർശമായാണ് മാർക്സ് തന്റെ തത്വചിന്ത വികസിപ്പിക്കുന്നത്. അവ യു.എസ്.എസ്.ആറിൽ നടപ്പിൽ വരുത്തുമ്പോൾ, രാജ്യത്തിലെ എല്ലാം സ്റ്റേറ്റിന്റെ പരമാധികാരത്തിലാക്കിയാണ് സ്വകാര്യ സ്വത്ത് നിർത്തലാക്കുന്നത്. അങ്ങനെയാണ് കെട്ടിടങ്ങളും സർക്കാർ നിർമ്മിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത്. ഇസ്‌ലാമിന്റെ ലോക വീക്ഷണം സ്വകാര്യ സ്വത്തിന്റെ വിമർശമല്ല ലക്ഷ്യമാക്കുന്നത് എന്നതിനാൽ രാഷട്രം വീടുകൾ നിർമ്മിക്കേണ്ട സാഹചര്യമില്ല. അപ്പോൾ ചോദ്യങ്ങൾ ചില മാറ്റങ്ങൾക്കു വിധേയമാവും. അവ ഇങ്ങനെയാകും: ഏതു തരം കെട്ടിടങ്ങളിൽ താമസിക്കാനാണ് മുസ്‌ലിംകൾ ആഗ്രഹിച്ചത്? എങ്ങനെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യണമെന്നാണ് ? എങ്ങനെയുള്ള സ്ഥലങ്ങളാണ് ഒത്തു ചേരലിന് വേണ്ടത്?

അപ്പോൾ ഈ ചോദ്യങ്ങൾക്ക് കമ്മ്യൂണിസ്റ്റ് മണ്ഡലങ്ങളിൽ ഇല്ലാത്ത മാനങ്ങൾ കൈവരുന്നു. പ്രാഥമികമായി, ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെടാവുന്ന ‘മുസ്‌ലിം’ ഉണ്ടോ എന്നതാണ് ഞാന്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. സൂഫികളായ ചിലർ എവിടെയും താമസിക്കാതെ “കുൻ ഫിദ്ദുൻയാ കഅന്നക ഗരീബ്” (كن في الدنيا كأنك غريب) (ദുൻയാവിൽ നീ യാത്രികനെപ്പോലാവുക) എന്ന ഹദീഥിനെ അതിന്റെ ഇരു തലാർത്ഥത്തിലും സ്വീകരിച്ച്, അലയുന്നവരാണ്. അവർ എവിടെയെങ്കിലും താമസിക്കണമെന്ന് കരുതുന്നില്ല. വേറെ ചിലർ വലിയ കൊട്ടാരങ്ങളുണ്ടെങ്കിലും മാനസികമായ ഒരടുപ്പവും അതിനോടില്ലാത്തവർ ആണ്. അപ്പോഴും ഈ ചോദ്യത്തിന് സാധുത ഉണ്ട് എന്ന് തോന്നുന്നു. പിന്നെ, ഇവരൊന്നുമല്ലാത്ത, കെട്ടിടങ്ങളിൽ താമസിക്കണമെന്ന് കരുതുന്ന മുസ്‌ലിംകൾ, അവരിൽ തന്നെ ദൈവീകാഭിമുഖ്യം ഉള്ളവരെക്കുറിച്ചാണ് ഈ ചോദ്യം അർത്ഥമുള്ളതാവുക. (അരക്കാവയും ഗിൻസും പറയുന്ന പ്രൊസീജ്വറൽ ആർക്കിടെക്ച്ചർ എന്ന തലത്തിലല്ല ഈ എഴുത്ത് പോവുന്നത്.)

ഒത്തുചേരലിന്റെ കാര്യത്തിൽ ഇസ്‌ലാമിന് വളരെ വ്യതിരിക്തമായ ഒരു വീക്ഷണമാണ് ഉള്ളത്. അങ്ങാടികളെക്കുറിച്ച് അത് പറയുന്നത് ഡെമനിക് (പൈശാചികം/ അവനിഷ്ടപ്പെട്ടയിടം) എന്നാണ്. പള്ളികൾ ഡിവൈൻ ആണെന്നും. പരദൂഷണം തുടങ്ങിയ ഡെമനിക് ആയ കാര്യങ്ങളെ സംബന്ധിച്ച ഇസ്‌ലാമിന്റെ നൈതിക താൽപ്പര്യങ്ങൾ തകരാൻ സാധ്യത കൂടുതലാണ് എന്നതാണ് മാർക്കിറ്റുകളെ ഡെമനിക് ആക്കുന്നത്. അല്ലാഹുവിനെ സ്മരിക്കാനുള്ളതാണ് പള്ളി എന്നത് അതിനെ ഡിവൈൻ ആക്കുന്നു. അപ്പോൾ ഒത്തുചേരണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നത് പള്ളികളിലാണ്.

ഇവിടെയുണ്ടാകുന്ന പ്രശ്നം പള്ളി എന്നതിന് കെട്ടിടം എന്ന ഒരു ടൂളിന്റെ ആവശ്യമുണ്ടോ? അവയ്ക്ക് നിയതമായ ഒരു രൂപം ഉണ്ടോ എന്നതൊക്കെയാണ്. ഒരു ഹദീഥിൽ പറയുന്നത് ഈ ‘ഉമ്മത്തിന്റെ’ പ്രത്യേകതയായി ഭൂമി മുഴുവൻ പള്ളിയാക്കിക്കൊടുത്തു എന്നു പറയുന്നുണ്ട്. ഫിഖ്ഹിൽ പ്രതിപാദിച്ചിട്ടുള്ള ശുദ്ധി ഉണ്ടാവുക എന്നതു മാത്രമാണ് നിബന്ധന. അപ്പോൾ പള്ളി എന്നതിന് കെട്ടിടത്തിന്റെ ആവശ്യകതയില്ല. പിന്നെ, കെട്ടിടാത്മകമായ പള്ളികൾക്കും ഒരു ഏകീകൃതമായ രൂപം ഇല്ല. ഇംപീരിയൽ ആർക്കിടെക്ച്റിൽ നിർമ്മിതമായ പള്ളികൾ വിശാലവും, ഭീമാകാരവും, വെളിച്ചവും തണുപ്പും യഥേഷ്ടം ലഭിക്കുന്നതുമാണ്. എന്നാൽ നാറ്റീവ് ആയവ വീണ്ടും വീണ്ടും വ്യത്യസ്തമാണ്. മലബാറിലെ പള്ളികൾക്കു സമാനമല്ല തിമ്പുക്തുവിലേത്. ഈ നാനാതരമായ ഒരു ആർക്കിടെക്ച്വറൽ ഫോമിനെ മനസിലാക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

ഇസ്‌ലാമിക ആർക്കിടെക്ച്ചർ; പ്രാഗ് രൂപങ്ങൾ

ഇസലാമിക് ആർക്കിടെക്ച്ചർ എന്നത് മൗലികമായി സ്വതന്ത്രമായ ഒന്നല്ല. അതിന് വ്യത്യസ്തമായ സ്രോതസുകളുണ്ട്. ബൈസാന്റിയൻ, ഗോഥിക് പോലെ പലതും. വില്യം ഹെഗൽ ഇസലാമിക് ആർക്കിടെക്ച്ചറിനെ കാൽപനിക സൗന്ദര്യാത്മകത (romantic aesthetics) യോട് ബന്ധപ്പെടുത്തുന്നുണ്ട്. താരിഖ് അമീൻ അക്കാദ് പറയുന്നത്, അതുകൊണ്ട് ഹെഗൽ ചെയ്തത് ഇസലാമിക് ആർക്കിടെക്ച്ചറിന് സ്പെയിനിൽ, ഗാൽഷിയ, അസ്റ്റുറിയ എന്നിവിടങ്ങളിൽ നിലവിലുണ്ടായിരുന്ന ഗോഥിക് രീതിയോട് ശക്തമായ ഒരു കണക്ഷൻ ഉണ്ടാക്കി എന്നതാണ്. ഇസ്‌ലാമിന്റെ ആർക്കിടെക്ച്ചർ, ആർട്ട്, മ്യൂസിക് തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്ന ഒരു പാട് ഗ്രന്ഥങ്ങളുണ്ടായിട്ടും അവയെക്കുറിച്ച് നടന്നത് അപൂർവ്വം പഠനങ്ങളാണ്. മധ്യകാല രേഖകളുടെ ഒരു ഉദാഹരണമാണ് തോപ് കാപി ചുരുളുകൾ. ഡെക്കറേറ്റീവ് പാറ്റേണുകളുടെയും അവയുടെ ഡിസൈൻ പ്രിൻസിപ്ൾസുമാണ് ആ രേഖ ചർച്ച ചെയ്യുന്നത്.

അക്കാദിന്റെ ഒരു പഠനത്തിൽ മംലൂക് കാലത്ത് ജ്യാമിതീയ ശ്രേണികൾക്കു വന്ന പ്രാധാന്യം വിശകലനം ചെയ്യുന്നുണ്ട്. അവ സൂചകാത്മകമായി ദ്യോതിപ്പിക്കുന്നത് ഒരു ഹൈറാർക്കിക്കുള്ളിൽ തന്നെയുള്ള നിരന്തരമായ മാറ്റങ്ങളെയാണ്. ജനലുകൾക് വ്യത്യസ്ത ഗണിത പാറ്റേണുകളിലുള്ള ഗ്രില്ലുകൾ, പുറത്തു നിന്നും അകത്തേക്ക് കാണരുത് എന്ന് കരുതി വർണ്ണാത്മകമായ ഗ്ലാസുകൾ എന്നിവ ഉണ്ടായിരുന്നു. ജേൽ എർസൻ  പറയുന്നത് ഇവ ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട മൂന്ന് പ്രിൻസിപ്പിൾസുമായി ബന്ധപ്പെട്ട കാര്യമാണ്. ഒന്ന്: പെർമനൻസിലായിരിക്കെ (permanence) നിരന്തരമായ മാറ്റങ്ങൾ (constant changes). രണ്ട്: മനുഷ്യന്റെ അറിവിന്റെ (cognition) ഉറപ്പില്ലായ്ക (uncertainty), മൂന്ന്: ഹൃദയം കൊണ്ടുള്ള സ്നേഹം (love) അല്ലെങ്കിൽ അറിയൽ (understanding).

ആദ്യ ഘട്ടത്തിൽ ഇസലാമിക് ആർക്കിടെക്ച്ചർ പ്രധാനമായും ആശ്രയിച്ചിട്ടുള്ളത് റോമൻ-ബൈസിന്റയൻ ആർക്കിടെക്ച്ചറിനെയാണ്. പ്രത്യേകിച്ചും ആദ്യകാല ഉമയ്യദ് നിർമ്മിതികളിൽ. യെരുശലേമിലെ ഡോം ഓഫ് ദ റോക്ക് അത്തരത്തിലൊന്നാണ്. റാവന്നയിലെ സെയ്ന്റ് വെറ്റലിന്റെ  മാതൃകയിലാണ് അതിന്റെ നിർമ്മാണം. പബ്ലിക് ബാഥുകൾ (public bath) റോമൻ മാതൃകയിലാണ് ഉള്ളത്. അതേ സമയം, അത് ശുചിയായിരിക്കുക എന്ന ഇസ്‌ലാമിന്റെ ആശയത്തിന്റെ പ്രകരണമാണ്. സ്പെയിന്റെ കൃസ്തീയ വീണ്ടെടുപ്പിന് (la reconquista) ശേഷം ഇത്തരം അനേകം പബ്ലിക് ബാഥുകൾ അവ ഇസ്‌ലാമിക ഭരണ ഘട്ടത്തിന്റെ ചിഹ്നമാണെന്ന് പറഞ്ഞ് തകർത്തിരുന്നു. അക്കാദ് വളരെ രസകരവും ആഴത്തിലുമുള്ള ഒരു അനുഭവം പറയുന്നുണ്ട്. “ യു.എസിലെ ചില ആർക്കിടെക്ച്ച്വറൽ രൂപങ്ങൾ സ്പാനിഷ് ആർക്കിടെക്ച്ചർ എന്നോ കാലിഫോർണിയൻ സ്റ്റൈൽ എന്നോ വിശേഷിപ്പിക്കപ്പെടാറുണ്ട്. അവ അങ്ങനെത്തന്നെ ആണെന്ന് വിശ്വസിച്ചിരിക്കയായിരുന്നു സ്പെയിനിൽ പോകുന്നത് വരെ. പക്ഷെ, അവിടെ സെവിയ്യയിലെ മുദെഹാർ (mudéjar), എൽ എസ്തിലൊ സെവിയ്യാനോ (el Estilo sevillano) തുടങ്ങിയവ കണ്ടപ്പോൾ കാലിഫോർണിയൻ സ്റ്റൈലിനെക്കുറിച്ച് എനിക്ക് സംശയങ്ങളുണ്ടായി”. ഇതേ തുടർന്ന് അക്കാദ് നിരീക്ഷിക്കുന്നത് ഇസ്‌ലാമിക് ആർക്കിടെക്ച്ച്വറിനെ ഇതര സ്രോതസുകൾ സ്വാധീനിച്ചതു പോലെ, 19-ാം നൂറ്റാണ്ടിലെ യൂറോപ്യൻ റൊമാന്റിസിസത്തിന്റെ പശ്ചാത്തലത്തിൽ വർദ്ധമാനമായ അളവിൽ, വെസ്റ്റേൺ ആർക്കിടെക്ച്ച്വറിനെ തിരിച്ചും സ്വാധീനിച്ചിട്ടുണ്ട്. അതായത് ഒരു മ്യൂച്വൽ ഇന്റർകോഴ്സാണുണ്ടായിട്ടുള്ളത്. ബാഴ്സലോണയും അലക്സാണ്ട്രിയയും തമ്മിലുണ്ടായിരുന്ന പുരാതന ബന്ധം മംലൂക് ആർക്കിടെക്ച്ച്വറിനെ സ്വാധീനിച്ചതിനെ കുറിച്ച് ക്രെസ് വെല്ലിന്റെ ഗംഭീരമായ നിരീക്ഷണങ്ങളുണ്ട്.

ഇസ്‌ലാമിക് ആർക്കിടെക്ച്ചർ; അമൂർത്തതയുടെ സാക്ഷാത്കാരം

ഇസ്‌ലാമിക് ആർട്ട് എന്നത് മുസ്‌ലിംകൾ അവർക്കു വേണ്ടി നിർമ്മിച്ചതു തന്നെയാണ്. എന്നാൽ ഇതിനപ്പുറം, എന്താണ് ഇസ്‌ലാമിക് ആർക്കിടെക്ച്ചർ എന്ന ചോദ്യത്തിൽ നമ്മൾ പല വിശേഷണങ്ങളും, സാധ്യതകളും അഭിമുഖീകരിക്കുന്നു. പ്രൊഫസർ ഒലിഗ് ഗ്രാബർ പറയുന്നത്, ഇതിന്റെ കാരണം, ഇസ്‌ലാമിക് ആർക്കിടെക്ച്ചറിന്റെ മാനദണ്ഡം (criterion) നിർണ്ണയിച്ചത് വെസ്റ്റേൺ നോൺ-മുസ്‌ലിം സ്കോളേഴ്സാണ് എന്നതിനാലാണ്. 1970-80 കളിലാണ് അവ ഉണ്ടാവുന്നത്. പൊളിറ്റിക്കലി ഒന്നല്ലാത്ത, അറബിക് ഹെജേമനിയുമായി (hegemony) ബന്ധമില്ലാത്ത, ഇസ്‌ലാമിന്റെ യൂണിറ്ററി കാരക്ടറിനെക്കുറിച്ചും സ്ഥല-കാലാതീതത്വത്തെക്കുറിച്ചുമുള്ള സിദ്ധാന്തങ്ങൾ. നേരെ മറിച്ച് അവരാശ്രയിച്ചത് 19-ാം നൂറ്റാണ്ടിലെ യൂറോപ്യൻ ദേശ രാഷ്ട്ര മാതൃകയാണ്. വർഷങ്ങൾക്കു മുമ്പ് ഇസ്‌ലാമിന്റെ രാഷ്ട്രീയ ശക്തി തകർന്നെങ്കിലും ഒരു സാർവലൗകികത ഈ ആർക്കിടെക്ച്ചറൽ രൂപത്തിന് നൽകുക എന്നത് അവർ അനിവാര്യമായി കണ്ടു. അങ്ങനെയാവുമ്പോൾ അതിനെ നിയന്ത്രിക്കുക സുഖകരമാകും. ഗ്രാബർ ഒന്നുകൂടെ പറയുന്നു: ഇവ്വിഷയകമായി ആദ്യമായി പഠിച്ചിട്ടുള്ളത് സെമിറ്റിസ്റ്റുകളാണ്. തങ്ങളുടെ പഠനത്തിന് ആദ്യകാല ഇസ്‌ലാമിനെയാണ് അവർ ആശ്രയിക്കുന്നത്. അക്കാലത്ത് ഇസ്‌ലാം പൊളിറ്റിക്കലി ഒന്നായിരുന്നു. അപ്പോൾ സ്വാഭാവികമായും ഒരു സർവലൗകികത ഉണ്ടായിരിക്കും. എന്നാൽ ആ പഠനങ്ങൾ മാത്രമാശ്രയിക്കുന്നത് അബദ്ധമാകും. ഇക്കാര്യങ്ങൾ പറഞ്ഞ ശേഷം ജയിംസ് മക്വില്ലൻ പറയുന്നു: ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്‌ലാമിക് ആർട്ട് പൊതുവായി പങ്കിട്ട മൂല്യങ്ങൾ എന്തായിരിക്കുമെന്നത് പ്രധാനപ്പെട്ടതു തന്നെയാണ്. ഏറ്റവും ചുരുങ്ങിയത് ആർക്കിടെക്ച്ചറെങ്കിലും. അനേകം സവിശേഷതകളെ പണ്ഡിതർ പറഞ്ഞിട്ടുണ്ടെങ്കിലും മൂന്ന് പ്രധാന സവിശേഷതകൾ ആണ് മക്വില്ലൻ ഉദ്ധരിക്കുന്നത്. അതിന്റെ ആത്മീയ പ്രകരണം (dimension), അദൃശ്യ ലോകം, അതിന്റെ ബാൾഡക്കനോ ഫോം. ഒപ്പം, എലിയാഡ്, ഗഡമർ പോലോത്ത ചിന്തകർ ആഘോഷിച്ച, എല്ലാ ട്രഡീഷണൽ ആർട്ടുകൾക്കും ബാധകമായ “തിയറി ഓഫ് കോസ്മിക് മെമസിസ്”നോട് അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നു.

അഭൗതിക (transcendent) മതങ്ങളുടെ സവിശേഷതയായ ആത്മീയതയും മതാത്മകതയുമാണ് ഇസ്‌ലാമിക് ആർക്കിടെക്ച്ചറിന്റെ പ്രധാന സവിശേഷത. ഇസ്‌ലാമിക കലയുടെ ആത്മീയ അമൂർത്തത (spiritual abstraction of Islamic art) എന്ന് പറയാവുന്ന ഒന്ന്. “അല്ലാഹു സുന്ദരനാണ്, അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു” എന്ന ഹദീഥിന് ഇതുമായി ബന്ധപ്പെട്ട് സവിശേഷ പ്രാധാന്യം ഉണ്ട്. ഹുസൈൻ നസ്ർ പറയുന്നുണ്ട്; .കലയുടെ സത്ത സൗന്ദര്യമാണ്; ഇസ്‌ലാമിക സാങ്കേതികത്തിൽ ഇത് ദൈവികമാണ്. ആയതിനാൽ അത് ദ്വിമാനാത്മകമാണ്: ഈ ലോകത്തിൽ, അത് പ്രകാശനങ്ങളും, സുന്ദരമായ വസ്ത്രങ്ങളും കെട്ടിടങ്ങളും മറ്റു ഭംഗിയുള്ള കാര്യങ്ങളുമാണ്; ദൈവത്തിൽ, നേരേമറിച്ച്, അല്ലെങ്കിൽ സ്വന്തത്തിൽ തന്നെ, അത് ശുദ്ധ ആന്തരിക സൗന്ദര്യമാണ്; ഭൂമിയിൽ വെളിപെട്ടിട്ടുള്ള ദൈവിക ഗുണങ്ങളിൽ ബീയിംഗ് എന്നതിനെ ഏറ്റവും ഡിറക്റ്റായി വ്യക്തമാക്കുന്നത് ഇതാണ്.’

എന്താണ് അല്ലാഹുവിന്റെ സൗന്ദര്യം എന്ന ചോദ്യം പ്രധാനമാണെന്ന് തോന്നുന്നു. അശ്അരീ അഖീദയിൽ അല്ലാഹുവിന്റെ ഒരു സ്വിഫത്താണ് മുഖാലഫഃ ലിൽ ഹവാദിഥ് (radical uniqueness of allah) എന്നത്. അതായത് അല്ലാഹുവിന്റെ ഒന്നും സൃഷ്ടികളോട് തുല്യമല്ല. അപ്പോൾ അല്ലാഹുവിന്റെ ബ്യൂട്ടി എന്നതിനെ എങ്ങനെയാണ് ഉൾക്കൊള്ളുക എന്ന ചോദ്യം വരുന്നു. ഇമാം ഖാളി മുബാറക് പറഞ്ഞ, അല്ലാഹുവിനെയും, അവന്റെ സ്വിഫാത്തിനെയും, അവയുടെ പ്രകരണങ്ങളെയും അറിയാൻ കഴിയില്ല എന്ന തത്വാടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ഗസ്സാലി ഇമാമിന്റെ “അല്ലാഹുവിന്റെ സൃഷ്ടികളായി ഇപ്പോള്‍ ഉള്ളതിനേക്കാൾ സുന്ദരമായത് ഇനിയുണ്ടാവില്ല” എന്ന വാചകത്തിന് പുതിയ മാനങ്ങളുണ്ടാവുന്നുണ്ട്. അല്ലാഹുവിന്റെ സൃഷ്ടി മുഴുവൻ സുന്ദരമാണെന്ന്. അപ്പോൾ അതെങ്ങനെയാണ് ഉൾക്കൊള്ളുക? ഇവിടെ ഇസ്‌ലാമിക് ആർട്ടിന്റെ അടിസ്ഥാന ആശയമായ ഏകവും ബഹുവും ( one and the many) എന്ന സംഭവവും പരാമർശമർഹിക്കുന്നു. ഈ ഉൾക്കൊള്ളായ്മയെയാണ് ആത്മീയ അമൂർത്തത (spiritual abstraction) എന്ന് ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. മക്വില്ലൻ അത് വേറൊരു നിലക്കാണ് കൊണ്ടു പോകുന്നതെങ്കിലും.

മറ്റൊന്ന് “മറഞ്ഞ ലോകം‌” അഥവാ അദൃശ്യ ലോകം എന്നതാണ്. കഅബയെ മൂടാൻ ഉപയോഗിക്കുന്ന കിസവ  യുമായി ബന്ധപ്പെട്ടാണ് ഇത് വികസിക്കുന്നത്. കാർപറ്റുകൾ, ജ്യോമട്രിക്കൽ പറ്റേണുകൾ, കാലിഗ്രഫി, കളർഫുളായ ജനലുകൾ തുടങ്ങിയവ ഇതുമായി ബന്ധപ്പെടുന്നുണ്ട്. ഗോട്ട്ഫ്രീഡ് സിംപറുടെയും ഓട്ടോ വാഗ്നറ്റുടെയും തിയറികളിൽ ഇതിന് പ്രാധാന്യം ഉള്ളതായി മക്വില്ലൻ പറയുന്നുണ്ട്. എനിക്ക് തോന്നുന്നത് അതിനെ റെപ്രസന്റേഷൻ (പ്രതിനിധീകരണം) എന്ന സൂഫി ആശയവുമായി ബന്ധപ്പെട്ട് കൊണ്ടാണ് വായിക്കേണ്ടത് എന്നാണ്. ഈ ലോകം (ഇബ്നു അറബി (റ)വിന്റെ ഭാഷയിൽ lower world, അഥവാ ആലമു ദുൻയാ) ഒരു ഉയർന്ന ലോകത്തിന്റെ (upper world) രൂപകമാണ് എന്നാണ് അവർ പറയുന്നത്. അതായത് ഇത് യഥാർത്ഥമല്ല. “മനുഷ്യർ എല്ലാം ഉറങ്ങുകയാണ്, മരിക്കുമ്പോൾ ആണ് അവർ ഉണരുന്നത്” എന്ന ഹദീഥാണ് ഇബ്ൻ അറബി (റ) തെളിവായിപ്പറയുന്നത്. അപ്പോൾ ആർക്കിടെക്ച്ച്വർ, പ്രത്യേകിച്ചും പള്ളികളുടെ, പരലോകത്തെ ദ്യോതിപ്പിക്കുന്നുണ്ട്.

സ്വർഗം, മനുഷ്യൻ, പള്ളി

മനുഷ്യൻ എന്നതിന് അറബിയിൽ ഇൻസാൻ എന്നു പറയും. ആ പദം “ഉൻസ്” എന്ന ദാതുവിൽ നിന്നാണ് വരുന്നതെന്ന ഒരു അഭിപ്രായമുണ്ട്. അഥവാ ആ പദത്തിന്റെ അർത്ഥമായ ഇണക്കം (cohesibility) ഇൻസാനിലുണ്ട് എന്ന്. അതിന്റെ വിപരീത പദം ആണ് “വഹ്ശിയ്യത്ത്” എന്നത്. തൽഖീസുൽ മിഫ്താഹ് എന്ന ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം തഫ്താസാനി (റ) വഹ്ശീയ്യത്തിനെ വിശദീകരിച്ചത് അവ്യക്തവും. (غير ظاهرة) മെരുങ്ങായ്കയുള്ളതും (لا مؤنوسة). ഖാളി മുബാറകിന്റെ (റ) ചിന്ത പ്രകാരം മനുഷ്യനെ (എന്നല്ല, ഒന്നിനെയും) മനസിലാക്കാൻ കഴിയില്ല. അപ്പോൾ മനുഷ്യനിൽ അവ്യക്തതയും മെരുങ്ങായ്കയുമുണ്ട്. അഥവാ അവൻ വഹ്ശീയ്യുമാണ്, അവൻ ഇണങ്ങുന്നതായിരിക്കേത്തന്നെ. (ഉൻസീയ്) സ്വർഗത്തെ സംബന്ധിച്ച് ഒരു ഹദീഥുള്ളത് നിങ്ങൾ സങ്കൽപ്പിക്കുന്നതിന് അപ്പുറത്താണ് സ്വർഗമുള്ളത് എന്നാണ്. അഥവാ അതിൽ ഒരു വഹ്ശീയ്യത്തുണ്ട്. എന്നാൽ അതേ സമയം സ്വർഗം എന്നത് നമ്മൾക്കേറ്റവും ഇണക്കമുള്ള ഒന്നാണ്. ഇസ്ലാമിക വിശ്വാസ പ്രകാരം അതാണ് മനുഷ്യന്റെ തറവാട്. ഞാൻ പറയാൻ ശ്രമിക്കുന്നത് സ്വർഗത്തിന്റെ ഒരു എംബഡീമെന്റ് ആണ് മനുഷ്യൻ എന്നാണ്. അതായത് ഇവ പാരഡോക്സിക്കൽ (തിബാഖ് എന്നു വിളിക്കാവുന്ന ഒന്ന്) ആണ്.

സ്വർഗം എന്നത് അനന്തമാണ് . അത് വരാനുള്ളതാണ്. എന്നാൽ അതിപ്പോൾ തന്നെ ഉണ്ട്. ഭൂതത്തിലെ പ്രവൃത്തനങ്ങൾക്കുള്ള ഭാവിയിലെ പ്രതിഫലമാണ് അത്. അപ്പോൾ അത് രേഖീയമായ കാലഗണനയെ മറികടക്കുന്ന ഒന്നാണ്. ജ്യോർജിയോ അഗമ്പൻ എന്ന ഇറ്റാലിയൻ ഫിലോസഫർ ഇൻസ്റ്റാന്റ് എന്നു വിളിക്കുന്ന സംഭവം. സ്വർഗം ഹെഗലിന്റെ കാലഗണനയെ നെഗേറ്റ് ചെയ്യുന്നുണ്ട്. ഇതാണ് മനുഷ്യന്റെ പ്രകൃതവും. മുസ്‌ലിം എവിടെയാണ് ഒരുമിക്കാനാഗ്രഹിക്കുന്നത്, എവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഈ ആർട്ടിക്കിളിന്റെ തുടക്കത്തിൽ ചോദിച്ചിരുന്നു. സ്വാഭാവികമായും അത് സ്വർഗമാണ്. അപ്പോൾ, എങ്ങനെയാണ് സ്വർഗം എന്നത് മുസ്‌ലിം ആർക്കിടെക്ച്ച്വറിൽ പ്രധാന പങ്കു വഹിച്ചത് എന്നു ചിന്തിക്കുന്നത് പ്രധാനമാകും.

മുസ്‌ലിം പള്ളികളുടെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഒപ്പമുണ്ടാവുന്ന കുളം എന്നത്. പ്രത്യേകിച്ചും കേരളത്തിൽ പഴയ കാല പള്ളിയുടെ താഴെയുണ്ടാവാറുള്ളത്. ഞാൻ മനസിലാക്കുന്നത് സ്വർഗത്തെ അനുകരിക്കുകയാണ് അത് എന്നാണ്. സ്വർഗത്തെ പരാമർശിക്കുമ്പോൾ ഒപ്പം തന്നെ താഴെയൊഴുകുന്ന പുഴകളെയും പറയാറുണ്ട്. അതിന്റെ ഒരു “പ്രതിനിധാന രൂപം” എന്ന അർത്ഥത്തിൽ ആകാം ആ കുളങ്ങൾ. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ ഒരു ഉറ്റ സുഹൃത്ത് ഒരു താൽപര്യജനകമായ കാര്യം പറയുകയുണ്ടായി. മിനാരങ്ങളിൽ ഉണ്ടാവാറുള്ള ചന്ദ്രക്കല എന്താണ്? അവ എപ്പോൾ വന്നു? സുൽത്താൻ സലാഹുദ്ധീൻ അയ്യൂബിയാണ് അതിന്റെ വക്താവ്. ഖുർആനിലെ സൂറത്തുന്നൂൻ എന്നതിനോട് സുൽത്താന് അഭേദ്യമായ ബന്ധമാണുണ്ടായിരുന്നത്. നൂൻ എന്ന അറബി അക്ഷരം (ن) പള്ളികളിലും മറ്റും രേഖപ്പെടുത്താറുണ്ടായിരുന്നു അവർ. അതാണ് പിന്നീട് ചന്ദ്രക്കലയും നക്ഷത്രവുമായി പരിണമിച്ചത്. എന്നാൽ എനിക്ക് ഇൻട്രസ്റ്റിംഗ് ആയി തോന്നിയത് വേറൊരു കാര്യമാണ്. സൂറത്തു നൂൻ ചർച്ച ചെയ്യുന്നത് അറിവിനെ സംബന്ധിച്ചും മറ്റുമാണ്‌. ഇസ്‌ലാമിന്റെ ജ്ഞാന ശാസ്ത്ര വ്യവസ്ഥിതിയിൽ പ്രധാനമാണ് പള്ളി എന്നത്. അറിവിന്റെ സദസ്സുകളെ കുറിച്ച് സ്വർഗമാണ് എന്നാണ് ഹദീഥുള്ളത്. പള്ളിയുടെ സ്വർഗീയതയെക്കുറിക്കുന്ന ചിഹ്നമായിട്ടാണ് നൂൻ എന്നത് എനിക്ക് തോന്നുന്നത്. അപ്പോൾ ഇസ്‌ലാമിക് ആർക്കിടെക്ച്ച്വർ എന്നത് സ്വർഗത്തിന്റെ എംബഡിമെൻറാണ്.

സ്വർഗം അനന്തം ആണെന്നു വരുമ്പോൾ തന്നെ അതിന് ഒരു ഒരു ഫോമുണ്ട്. എന്നാൽ അത് മനസിലാക്കാൻ കഴിയുകയുമില്ല. അത് പള്ളിയുടെ കാര്യത്തിലുമുണ്ടാവുന്നുണ്ട്. അതിന് മുഖത്തെക്കുറിച്ച് (face) ഇമ്മാന്വൽ ലെവിനാസ് പറഞ്ഞ ചില കാര്യങ്ങളുമായി ബന്ധമുണ്ടെന്ന് തോന്നുന്നു. “ അപരന്റെ മുഖം ഓരോ നിമിഷവും അതുപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഇമേജിനെ തകർക്കുകയും അതിർ ലംഘിക്കുകയും ചെയ്യുന്നു, ആ ആശയം നിലനിൽക്കുന്നത് എന്റെ മാത്രം അളവുകോലിലാണ് . . . അത് സ്വയം തന്നെ എക്സ്പ്രെസ് ചെയ്യുന്നു.” (Totality and Infinity: 50-51) ഇതാണ് പള്ളിയുടെ ഫോമിന്റെയും ഒരു കാര്യം. അതിന് ഫോമുണ്ട്, പക്ഷെ ആ പ്ലാസ്റ്റിക് ഫോം അല്ല പള്ളി എന്ന് നമുക്കറിയാം. നമുക്കത് പൊസെസ് ചെയ്യാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ലെവിനാസ് മുഖത്തെക്കുറിച്ച് പറയുന്നു: “മുഖം എന്നത് പൊസെഷനെ പ്രതിരോധിക്കുന്നു, എന്റെ അധികാരങ്ങളെയും.” (Totality and Infinity: 197). ഇതാണ് സ്പിരിച്ച്വൽ അബ്സ്ട്രാക്ഷൻ എന്നാണ് ഞാൻ വാദിക്കുന്നത്.


Featured Image : Ghadeer 

Comments are closed.