തിബാഖ് ഇന്റലക്ച്വൽ ഹിസ്റ്ററി സീരീസ്. അധ്യായം 4

അറബ് നോവലിസ്റ്റും സാഹിത്യ നിരൂപകനും ജേർണലിസ്റ്റുമായിരുന്ന സുഹൈൽ ഇദ്‌രീസാണ് അറബ് എക്‌സിസ്റ്റൻഷ്യലിസത്തെ സാർത്രിയൻ ആശയങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമകരമായ ദൗത്യങ്ങൾ നടത്തിയത്. ബെയ്‌റൂത്തിലെ ഒരു ഇടത്തരം സുന്നി കുടുംബത്തിലാണ് ഇദ്‌രീസ് ജനിക്കുന്നത്. കൊളോണിയൽ അന്തരീക്ഷത്തിൽ വളർന്നത് കൊണ്ട് തന്നെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഒരു തീവ്ര ദേശീയവാദിയായി അദ്ദേഹം മാറി. പാരീസിലെ സർബോൺ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുക എന്നത് അദ്ദേഹത്തിന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. അങ്ങനെ അവിടെ നിന്ന് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു. എക്സിസ്റ്റൻഷ്യലിസ്റ്റ് ആശയങ്ങൾ അതിന്റെ പാരമ്യതയിൽ എത്തി നിൽക്കുന്ന സമയത്താണ് ഇദ്‌രീസ് പാരീസിലെത്തുന്നത്. എക്സിസ്റ്റൻഷ്യലിസ്റ്റ് സാഹിത്യങ്ങളുടെയും ആശയങ്ങളുടെയും ബാഹുല്യം കൊണ്ട് പാരീസ് വീർപ്പുമുട്ടി നിൽക്കുന്ന സമയമായിരുന്നു അത്. “വാക്കുകളും ക്രിയകളു”മാണ് സമൂഹത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയുന്ന ഏറ്റവും വലിയ ഘടകങ്ങൾ എന്ന സാർത്രിന്റെ ആശയങ്ങളോട് കൂടുതൽ പ്രതിബദ്ധത കാണിക്കുന്ന ആ നഗരത്തിലെ യുവ ചിന്തകന്മാരും ഇദ്‌രീസിനെ വല്ലാതെ ആകർഷിച്ചു. അങ്ങനെ ആ സാഹചര്യങ്ങളിൽ നിന്ന് പ്രേരണയുൾക്കൊണ്ട് കൊണ്ട് ഇദ്‌രീസും സഹ അറബ് ധൈഷണിക ചിന്തകന്മാരും തങ്ങളുടെ സമൂഹത്തിനു വേണ്ടി സമാന്തരമായ ഒരു സാഹിത്യം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ഈജിപ്ഷ്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും, ആക്ടിവിസ്റ്റുമായ ഇസ്മാഈൽ സബ്‌രി അബ്ദുല്ല പറഞ്ഞത് പോലെ “1940കൾക്ക് ശേഷം അറബ് സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം തങ്ങളുടെ രാജ്യത്തെ സ്വതന്ത്രമാക്കുക എന്നത് മാത്രമായിരുന്നില്ല, മറിച്ച് അതിനെ പ്രാവർത്തികമാക്കാനുള്ള അറിവ് നേടുക എന്നതും കൂടെയായിരുന്നു.”

അറബ് രാജ്യങ്ങൾ അപകോളണീകരണ ഘട്ടത്തിലേക്ക് കടന്നതിന് ശേഷം തങ്ങളുടെ ആശയ വിപുലീകരണത്തിനു വേണ്ടി യുവ അറബ് ചിന്തകന്മാർ പാരീസിലേക്കും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും വലിയ തോതിൽ പലായനം നടത്തി. യൂറോപ്പിലെ കഫേകളും, കോഫീ ഷോപ്പുകളുമാണ് ഈ ചിന്തകന്മാർക്കിടയിലുള്ള ധൈഷണിക ചർച്ചകൾക്കും തത്വചിന്തയുടെ കൊടുക്കൽ വാങ്ങലുകൾക്കും ഏറ്റവും കൂടുതൽ സാക്ഷ്യം വഹിച്ചിട്ടുണ്ടാവുക. ‘മൂന്നാം ലോകം’ എന്ന ആശയത്തിന്റെ വളർച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടവും യൂറോപ്പിലെ ഇത്തരം പ്രാദേശിക കഫെകളായിരുന്നു. കോംഗോ, സെനഗൽ, കാമറൂൺ, ടോഗോ, അപ്പർ വോൾട, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിലെ തങ്ങളെപ്പോലെ ചിന്തിക്കുന്ന ആളുകളുമായി സംവദിക്കാനുള്ള ഒരു അന്താരാഷ്ട്ര വേദിയായി അവ മാറി.

ബാദവിയിൽ നിന്ന് വ്യത്യസ്തമായി,പാരീസിലെത്തിയ വിദേശിയായ ഇദ്‌രീസ്, എക്സിസ്റ്റൻഷ്യലിസത്തെ കേവലം ഒരു ആശയം, തത്ത്വചിന്ത എന്നതിലുപരി, ഡാൻസ്, ജാസ് എന്നിവയെപ്പോലെയുള്ള നിത്യ ജീവിതത്തിലെ ഒരു ഘടാകമായി കാണാനാണ് ആഗ്രഹിച്ചത്. അങ്ങനെ അറബ് രാജ്യങ്ങളിലെ സാമൂഹിക, സദാചാര ബോധങ്ങൾക്കകത്തും നിയമ ചട്ടക്കൂടുകൾക്കുമുള്ളിൽ ജീവിച്ച സാഹചര്യവും, പാരീസിലെ സ്വതന്ത്ര്യവും ലിബറലുമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന സാഹചര്യവും തമ്മിലുള്ള അന്തരം മനസ്സിലാക്കി അദ്ദേഹത്തിന്റെ സഹപാഠിയായ അൻവർ അൽ മഅദ്ദവിക്ക്‌ പാരീസിലെ സാഹചര്യങ്ങളെ വിശദീകരിച്ച്കൊണ്ട് അദ്ദേഹം ഒരു കത്ത് എഴുതി: ”ഇവിടെ നമ്മുടെ നാടുകളിൽ ലഭിക്കാത്ത സ്വാതന്ത്രമുണ്ട്, നമുക്കും ഇതുപോലെ സ്വതന്ത്രമായ ഒരു രാജ്യം വേണം. നമ്മുടെ നാട് സ്വാതന്ത്ര്യത്തിന് വേണ്ടി കിതക്കുകയാണ് […] ഇവിടെ പാരീസിൽ ജനങ്ങൾക്ക് ഇഷ്ടമുള്ള കാര്യം പറയാം, ഇഷ്ടമുള്ളത് ചെയ്യാം. എന്നാൽ നമ്മുടെ നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ ചിന്തകൾക്കുമേൽ കത്തിവെക്കപ്പെട്ടിരിക്കുകയാണ്. വാസ്തവത്തിൽ പാരമ്പര്യബോധത്തിന്റെ അതിരുകൾക്കപ്പുറത്തുള്ള ഒരു സ്വാതന്ത്ര്യം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നില്ല. പടിഞ്ഞാറ് നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.” ഇതായിരുന്നു അദ്ദേഹത്തിന്റെ കത്തിലെ ഉള്ളടക്കം.

സാർത്ര് പ്രാഥമികമായി ഒരു തത്ത്വചിന്തകനാണെന്ന വ്യക്തമായ അവബോധം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും സാർത്രിന്റെ നോവലുകളും ഡ്രാമകളും മാത്രമാണ് അദ്ദേഹം വായിച്ചിരുന്നത്. 1953ൽ ഡോക്ടറേറ്റ് നേടി ബെയ്റൂത്തിൽ തിരിച്ചെത്തിയതിന് ശേഷം തന്റെ ഭാഗികമായ ജീവിതകഥ ഉൾക്കൊള്ളുന്ന ‘അൽ ഹയ്യ് അൽ ലാത്തീനി’ എന്ന നോവൽ അദ്ദേഹം പുറത്തിറക്കി. ആ നോവലിൽ അദ്ദേഹം ‘പാരമ്പര്യത്തിന്റെയും ആധുനികതയുടെയും’, ‘പടിഞ്ഞാറിന്റെയും കിഴക്കിന്റെയും’ ഇടയിൽ ജീവിക്കേണ്ടി വന്ന ഒരു അറബ് ചിന്തകന്റെ വ്യക്‌തിപരമായ ആശങ്കകളും മാനസികമായ സംഘർഷാവസ്ഥകളും വ്യക്തമായി അവതരിപ്പിച്ചു. അക്കാരണത്താൽ തന്നെ സാർത്രിന്റെ ‘നൗസ്യ’യെ (La nausée, 1938) പോലുള്ള ഒരു പുസ്തകമായിരുന്നു അത്. എന്നാൽ 1950-60കളിൽ ഇദ്‌രീസ് മാത്രമായിരുന്നില്ല, മറിച്ച് ഇദ്രീസിനെ പോലെ പുതിയ സാഹിത്യങ്ങളുടെ സാധ്യതകൾ അന്വേഷിച്ചിരുന്ന പലരും ബെയ്‌റൂത്തിൽ ഉണ്ടായിരുന്നു. അത്തരത്തിൽ, ഇദ്‌രീസിനെപ്പോലെ തന്നെ തന്റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ ഒരു സാഹിത്യത്തിന്റെ സാധ്യതകൾ തേടിയ മറ്റൊരു വ്യക്തിയായിരുന്നു അബ്ദുൽ റഹീം അൽ ശലബി. ഒരു ദശകത്തോളം ചെലവഴിച്ചാണ് ശലബി തന്റെ നോവൽ പൂർത്തീകരിച്ചത്.

സാർത്രിയൻ എക്സിസ്റ്റൻഷ്യലിസത്തിന്റെ മാതൃകയിൽ പുതിയ ഒരു സാഹിത്യ മാഗസിൻ പുറത്തിറക്കാൻ ഇദ്‌രീസ് തീരുമാനിച്ചു. “ഇൽതിസാം/ ഇൻഥ്വിവാ (committed literature ) എന്ന് ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്ന ഒരു സാഹിത്യത്തിന്റെ രൂപീകരണമാണ് ഇതിലൂടെ ഞങ്ങളുടെ ലക്ഷ്യം” എന്ന് ഇദ്‌രീസ് മഅദ്ദവിക്ക് എഴുതി. ഒരു വർഷത്തിന് ശേഷം ‘അൽ അദബ്’എന്ന പേരിൽ അതിന്റെ ആദ്യത്തെ പതിപ്പ് ഇദ്‌രീസ് പുറത്തിറക്കി. ‘അൽ അദബ്’ മാഗസിൻ കയ്‌റോയിലും ബാഗ്ദാദിലും മറ്റു അറബ് ധൈഷണിക തലസ്ഥാനങ്ങളിലും വേഗത്തിൽ പ്രചാരം നേടി. ‘അറബ് സംസ്കാരം പ്രതിസന്ധി ഘട്ടത്തിലാണെ’ന്ന ആശങ്ക പങ്കുവെക്കുന്നതോടൊപ്പം അതിനെ മറി കടക്കാൻ എഴുത്തുകാർ തങ്ങളുടെ എഴുത്തുകളിലൂടെ ശ്രമിക്കണമെന്നും മാഗസിൻ ആഹ്വാനം ചെയ്തു. ആ ആശങ്കകളെ തുടർന്നുണ്ടായ പ്രധാനപ്പെട്ട പ്രകടനങ്ങളിൽ ഒന്നായിരുന്നു യുവ ചിന്തകന്മാർ പഴയ കാല സാഹിത്യകാരന്മാരെ വിമർശിക്കുക എന്നത്. “ദന്ത ഗോപുരത്തിലായിരുന്നു [അവർ] ജീവിച്ചിരുന്നത്” എന്ന പേരിലാണ് അവർ പഴയ കാല സാഹിത്യകാരന്മാരെ (ഉദബാ) വിമർശിച്ചത്. താഹാ ഹുസ്സൈൻ ഏറ്റവും ഭയപ്പെട്ടിരുന്നതും ആ വിമർശനങ്ങളായിരുന്നു.

പിന്നീടുള്ള രണ്ട് വർഷങ്ങളിൽ അറബ് ചിന്തകന്മാർക്കിടയിൽ ‘സമൂഹത്തിൽ നിന്നുള്ള വേറിട്ട് നിൽക്കൽ’ (detachment), ‘സമൂഹത്തിൽ പങ്കാളികളാവൽ’ (involvement), ‘സമൂഹത്തിൽ പ്രവർത്തന നിരതരാവൽ’ (engagement) എന്നിങ്ങനെയുള്ള എഴുത്തിന്റെയും സാഹിത്യത്തിന്റെയും വ്യത്യസ്തമായ ആശയങ്ങൾ തമ്മിലുള്ള സംവാദങ്ങൾ അരങ്ങേറി. അതിനിടെ “നാം എന്താണ് എഴുതേണ്ടത്?”, “ആർക്കുവേണ്ടി എഴുതണം?”, “എങ്ങിനെ എഴുതണം?” എന്ന സാർത്രിന്റെ പഴയ ചോദ്യങ്ങൾ യുവ അറബ് ചിന്തകന്മാർ ഏറ്റുപിടിച്ചു. 1954ൽ സുഹൈൽ ഇദ്‌രീസ് ആ ചോദ്യങ്ങൾക്കുള്ള മറുപടി നൽകാൻ താഹാ ഹുസ്സൈനിനെ പൊതു സംവാദത്തിന് വേണ്ടി ക്ഷണിച്ചു. അങ്ങനെ ക്ഷണം സ്വീകരിച്ച് ഹുസ്സൈൻ ബെയ്റൂത്തിൽ എത്തുകയും സാഹിത്യ നിരൂപകനായ റായിഫ് ഖുറിയുമായി പ്രസിദ്ധമായ ഒരു സംവാദത്തിലേർപ്പെടുകയും ചെയ്തു. ആ സംവാദത്തിൽ, ആദ്യം രണ്ട് പേരും തങ്ങളുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ലക്ച്ചറുകൾ നടത്തി.“The Man of Letters Writes to the Masses” എന്ന തലക്കെട്ടിൽ അവതരിപ്പിച്ച ലക്ച്ചറിൽ റായിഫ് ഖുറി ഇൽതിസാമിനെ അനുകൂലിക്കുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്തു. അതേസമയം “The Man of Letters Writes to the Elite” എന്ന ലക്ച്ചറിൽ താഹാ ഹുസ്സൈൻ ‘കുലീനത’ (elitism) എന്ന് താൻ വിളിച്ചിരുന്ന രാഷ്ട്രീയ നിഷ്പക്ഷതയെ അംഗീകരിച്ചു സംസാരിച്ചു. എന്നാൽ ആ സംവാദത്തിൽ താഹാ ഹുസ്സൈനിന് അവരുടെ ആശയങ്ങൾ അംഗീകരിച്ച് കൊടുക്കേണ്ടി വന്നു. തൽഫലമായി ‘ഇൽതിസാമി’നും ഇദ്രീസിന്റെ ജേണലിനും അറബ് സമൂഹത്തിൽ വലിയ രീതിയിൽ വേരോട്ടം ലഭിച്ചു. അതുപോലെ ആദ്യ കാല സാഹിത്യ ആശയങ്ങൾ അരികുവൽക്കരിക്കപ്പെടുന്നതിലേക്കും അവരുടെ പ്രധാനപ്പെട്ട രണ്ട് ജേണലുകളായിരുന്ന ‘അസ്സഖാഫ’ ‘അൽ രിസാല’ എന്നിവയുടെ പ്രസിദ്ധീകരണം നിർത്തിവെക്കേണ്ടിവരുന്നന്നതിലേക്കും അത് നയിക്കുകയും ചെയ്തു. ആ സമയത്ത്, തകർന്നടിഞ്ഞ ‘നഹ്‌ള’ യുടെ കേന്ദ്രമായിരുന്ന ബെയ്‌റൂത്തിൽ, അറബ് ചിന്തകളുടെ ആസ്ഥാന കേന്ദ്രമാക്കുന്നതിനെക്കുറിച്ചുള്ള സംസാരങ്ങൾ നടന്നു.

എക്സിസ്റ്റൻഷ്യലിസത്തെ ‘ഇൽതിസാം’ എന്ന ആശയത്തിലേക്ക് ചുരുക്കുക എന്നത് മാർക്സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അതിനെ അവരുടെ രാഷ്ട്രീയപരമായ അർത്ഥങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള പ്രേരകമായിത്തീർന്നു. അറബ് രാജ്യങ്ങളിൽ വളരെക്കാലം കർഷക വിഭാഗം ഭൂവുടമകളാൽ ചൂഷണം ചെയ്യപ്പെട്ടിരുന്നു. ആ സമയത്തെല്ലാം മാർക്സിസവും കമ്മ്യൂണിസവും വലിയ അറബ് നാടുകളിലെ ശക്തികളായിരുന്നു. ഈജിപ്ത്, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ രാഷ്ട്രീയപരമായി മാർക്സിസം നിയമ വിരുദ്ധമായിരുന്നെങ്കിലും ആ രാജ്യങ്ങളിലെ സാഹിത്യകാരന്മാർക്കിടയിൽ അതിന് വ്യക്തമായ പിന്തുണയുണ്ടായിരുന്നു. മാർക്സിസ്റ്റ് അനുഭാവമുള്ള ആ ചിന്തകന്മാർ ‘അൽ അദബി’ന്റെ എക്സിസിസ്റ്റൻഷ്യലിസത്തോട് പ്രതികരിക്കുന്നത് വരെ അതൊരു പ്രശ്നമായി തുടർന്നു. എക്സിസ്റ്റൻഷ്യലിസത്തിന്റെ അർത്ഥതലങ്ങൾ മാറ്റം വരുത്തി ‘ചുവപ്പു പൂശുക’എന്നതായിരുന്നു അത്തരം മാർക്സിസ്റ്റ് പ്രതികരണങ്ങളുടെ ലക്ഷ്യം.1955ൽ മാർക്സിസ്റ്റ് സാഹിത്യ നിരൂപകനായിരുന്ന മഹ്മൂദ് അമീനും മറ്റൊരു സാഹിത്യ വിമർശകനായ അബ്ദുൽ നാസിം ആനിസും ചേർന്ന് ഈജിപ്തിലെ വ്യവസ്ഥാപിത ‘ലിറ്റററി ക്ലാസ്സി’നെതിരെ ‘ഫി സഖാഫത്തിൽ മിസ്‌രിയ്യ’ എന്ന പുസ്തകത്തിലൂടെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. എന്നാൽ, പിന്നീട് ഈജിപ്തിൽ വിപ്ലവങ്ങളിലൂടെ പുതിയ ഭരണകൂടം ഭരണം കയ്യാളിയതിനെത്തുടർന്ന് നടത്തിയ യൂണിവേഴ്സിറ്റി പ്രൊഫസ്സർമാർക്കിടയിലെ ശുദ്ധികലശ പ്രവർത്തനങ്ങളുടെ ഭാഗമായി അവർ പുറത്താക്കപ്പെടുകയും ചെയ്തു.

‘ഫി സഖാഫത്തിൽ മിസ്‌രിയ്യ’ എന്ന ഗ്രന്ഥത്തിലൂടെ പ്രധാനമായും രണ്ടു കാര്യങ്ങളാണ് അവർ ലക്ഷ്യം വെച്ചത്. ഒന്നാമത്തേത്, നിലവിലുള്ള commitment രീതികളെ സാമൂഹിക കാരണങ്ങളിലും (social cause) ഉപയോഗപ്പെടുത്തുകയും സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പുതിയ ഭാഷയിലേക്ക് അതിനെ വിവർത്തനം ചെയ്യുകയും ചെയ്യുക. രണ്ടാമത്തേത്, commitmentനെ റാഡിക്കൽ ഇൻഡ്യുവിജലിസത്തിൽ നിന്ന് വേർപ്പെടുത്തി, classന്റെ അടിസ്ഥാനത്തിൽ അതിനെ പുനഃപ്രതിഷ്ഠിക്കുക. അങ്ങനെ ആ തലമുറയുടെ ചർച്ചകൾ പുതിയ രാഷ്ട്രീയ നിലപാടുകൾ പ്രഖ്യാപിക്കാൻ സാഹിത്യത്തെ ഉപയോഗപ്പെടുത്തി. ഹുസ്സൈന്റെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും ‘ആധുനിക സാർവത്രികത’ (modern universalism) നിഷ്കളങ്കവും വരേണ്യവുമാണെന്നും, സാംസ്കാരിക സവിശേഷതകളില്ലാത്തതാണെന്നും അറബ് സമൂഹത്തിന്റെ ചരിത്രാനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ‘ഫി സ്സഖാഫത്തിൽ മിസ്‌രിയ്യ’യിലൂടെ അവർ വാദിച്ചു. പഴയ ഉദബയുടെ നിഷ്ക്രിയത്വത്തെയും പ്രതിബദ്ധ രാഹിത്യത്തെയുമാണ് മഹ്മൂദ് അമീനും അബ്ദുൽ നാസിം ആനിസും വിമർശിച്ചത്. ഈജിപ്ഷ്യൻ ധൈഷണിക വ്യക്തിത്വങ്ങളെ കേന്ദ്രീകരിച്ചാണ് ആ ഗ്രന്ഥം എഴുതപ്പെട്ടതെങ്കിലും, പൗരസ്ത്യ അറബ് ദേശങ്ങളിലും ദമസ്കസ്, ബഗ്‌ദാദ്‌, ബെയ്റൂത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അത് ഗൗരവമേറിയ ചർച്ചകൾക്ക് വിധേയമായി.

ഉദബാഇന്റെ ‘കല കലക്ക് വേണ്ടി’ എന്ന ആശയത്തിനു പകരം കലയും സാഹിത്യവും സമൂഹത്തിന്റെ ആധികാരികമായ പ്രതിഫലങ്ങളായിരിക്കണമെന്ന് അമീനും ആനിസും വീക്ഷിച്ചു. അവരുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ: “സമൂഹം എന്നത് കേവലം ഒരു ഒരു പ്രസ്ഥാനത്തിന്റെയോ സ്ഥാപനത്തിന്റെയോ അടിസ്ഥാനത്തിൽ രൂപപ്പെട്ടതല്ല. മറിച്ച് സമൂഹം ‘മൊത്തത്തിൽ ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ പരസ്പര ഇടപാടുകളു’ടെ അനന്തരമായി രൂപപ്പെടുന്നതാണ്”. അതുകൊണ്ടു തന്നെ ആദ്യകാല കവിതാ രീതികളിൽ നിന്ന് വിഭിന്നമായി സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങൾ അവതരിപ്പിക്കാൻ അബ്ദുൽ വഹാബ് അൽ ബയാത്തിയുടെ ശ്രമങ്ങൾ പോലെ പുതിയ രീതികൾ നടപ്പിലാക്കാൻ ആഹ്വാനം ചെയ്യുക എന്നതായിരുന്നു ആ ഗ്രന്ഥത്തിന്റെ മറ്റൊരു ലക്ഷ്യം. അതിനെ തുടർന്ന് ‘സാമൂഹിക പ്രതിബദ്ധതയുള്ള സാഹിത്യങ്ങൾക്ക് സ്വതന്ത്ര സ്വഭാവവും, പ്രതിബദ്ധതാരഹിതവുമായ സാഹിത്യങ്ങളെ മറികടന്ന് അവതരണത്തിന്റെ പുതിയ രീതികൾ പരീക്ഷിക്കലും അനിവാര്യമായിത്തീർത്തു. “അതാണ് [തങ്ങൾ ഉദ്ദേശിച്ച] സോഷ്യൽ റിയലിസം” എന്ന് വാദിക്കുന്നതിലേക്കും അതിന് പിന്തുണ നൽകുന്നതിലേക്കും എത്തിച്ചേരാൻ മാർക്സിസ്റ്റുകാരെ അത് പ്രേരിപ്പിച്ചു. അതിനാൽ, 1950കളിലെ അൽ അദബിന്റെ സാർത്രിയൻ എക്സിസ്റ്റെൻഷ്യലിസത്തിനും മാർക്സിസ്റ്റ് ഇൽതിസാമിനുമിടയിൽ ആശയപരമായ സാമീപ്യം ഉണ്ടായിരുന്നു.

മഹ്മൂദ് അമീന്റെയും ആനിസിന്റെയും അടുത്ത ലക്ഷ്യം റാഡിക്കൽ ഇൻഡ്യുവിജലിസത്തിന്റെ ഉന്നതമായ രൂപമായി കരുതപ്പെട്ടിരുന്ന അബ്ദുറഹ്മാൻ അൽ ബാദവിയുടെ ഹെയ്ഡഗ്ഗേറിയൻ എക്സിസ്റ്റൻഷ്യലിസത്തെ വിമർശനാത്മകമായി നേരിടുക എന്നതായിരുന്നു. അതേ സമയം, സാർത്രിന്റെയും ആൽബർട്ട് കമുവിന്റെയും ഇൻഡ്യുവിജലിസത്തിനെ നെഞ്ചേറ്റിയ ബദർ ശാക്കിർ സയ്യാബിനെയും ഖലീൽ അൽ ഖുറിയെയും പോലുള്ള കവികളെയും എഴുത്തുകാരെയും അവർ അവഗണിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക് മിസ്റ്റിസിസത്തിൽ തദ്ദേശീയമായ അടിത്തറയുള്ള ഒരു ചിന്ത പ്രസ്ഥാനമായിട്ടാണ് അവർ അതിനെ കണ്ടിരുന്നത്. സാമൂഹ്യ ഉത്തരവാദിത്വബോധമില്ലാത്ത സ്വയം കേന്ദ്രീകൃതവും സാമൂഹികമായി അന്യവൽക്കരിക്കപ്പെട്ടതുമായ ഒരു മനുഷ്യനെ അത് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവർ കണ്ടെത്തി. ഇൻഡ്യുവിജലിസം സ്വതന്ത്രമായ, വേറിട്ട് നിൽക്കുന്ന ഒരു ഘടകമല്ലെന്നും സാമൂഹിക- സാമ്പത്തിക യാഥാർത്ഥ്യങ്ങളുടെ ഒരു ഘടകമാണെന്നും അവർ പ്രസ്താവിച്ചു. അവരെ സംബന്ധിച്ചിടത്തോളം മനുഷ്യ യാഥാർത്ഥ്യത്തിന്റെ വസ്തുനിഷ്ഠമായ സത്യസന്ധതയെ നിഷേധിക്കുന്ന വ്യക്തിഗത തത്ത്വചിന്തയായിരുന്നു ബാദവിയുടെ എക്‌സിസ്റ്റൻഷ്യലിസം.

എക്സിസ്റ്റൻഷ്യലിസത്തെക്കുറിച്ച് നിരന്തരമായി എഴുതിയിരുന്ന ഒരേയൊരു അറബ് ചിന്തകൻ എന്നാൽ ബാദവി തന്നെയായിരുന്നു. അത് കൊണ്ട് എക്സിസ്റ്റൻഷ്യലിസ്റ്റ് ചിന്താധാരയുടെ ഔദ്യോഗിക പ്രതിനിധികളായി അമീനും ആനിസും ബാദവിയും തന്നെയായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ, അത് യഥാർത്ഥത്തിൽ ഹെയ്ഡഗ്ഗേറിയൻ എക്സിസ്റ്റൻഷ്യലിസവും സാർത്രിയൻ എക്സിസ്റ്റൻഷ്യലിസവും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുന്നതിലെ വ്യക്തതയില്ലായ്മ മൂലം സംഭവിച്ചതായിരുന്നു. ആ തെറ്റിദ്ധാരണക്കുള്ള കാരണം സാർത്രിനെ സംബന്ധിച്ചിടത്തോളം ‘Dasein’ എന്നത് ബോധപൂർവ്വമായ ഒരു ആശയമായിരുന്നു. എന്നാൽ, ബാദവിക്ക്‌ (ഹെയ്‌ഡഗ്ഗറിന്) അതൊരു അബോധ പൂർവ്വമായ ആശയവുമായിരുന്നു.


അധ്യായം 3: എക്‌സിസ്റ്റൻഷ്യൽ-സൂഫിസവും പൊളിറ്റിക്കൽ എക്‌സിസ്റ്റൻഷ്യലിസവും
അധ്യായം 5: മൂന്നാം ലോകവും ബദൽ ലോകത്തെക്കുറിച്ചുള്ള അറബ് ആലോചനകളും

Featured Image: La Pira with Taha Hussein during the Second Congress for Peace and Christian Civilization

Comments are closed.