തിബാഖ് ഇന്റലക്ച്വൽ ഹിസ്റ്ററി സീരിയസ്. ഭാഗം 1
രണ്ടാം ലോക മഹായുദ്ധാനന്തരമാണ് ലോക വ്യാപകമായി അപകോളനീകരണ ചിന്തകൾ ഉയർന്നു വരുന്നത്. തങ്ങൾക്കു മേൽ ആധിപത്യം സ്ഥാപിച്ചിരുന്ന കൊളോണിയൽ ഭരണകൂടങ്ങളുടെ കരങ്ങളിൽ നിന്നും പൂർണ്ണമായി മോചനം ലഭിക്കുക എന്നത് എല്ലാ കോളനീകൃത രാജ്യങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. അറബ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അപകോളനീകരണത്തിന്റെ ഭാഗമായി അറബ് രാജ്യങ്ങളിൽ ബൗദ്ധികമായ ഒരുപാട് മുന്നേറ്റങ്ങൾ നടന്നു. അങ്ങനെ, സ്വതന്ത്രവും, സ്വയം പര്യാപ്തവും, രാഷ്ട്രീയ സ്വാതന്ത്ര്യവും എല്ലാറ്റിലുമുപരി വൈദേശികാധിപത്യങ്ങളിൽ നിന്നും പൂർണ്ണ മോചിതവുമായ പുതിയ ഒരു ‘അറബ് സബ്ജെക്ടി’നെ രൂപപ്പെടുത്തുക എന്ന ചിന്തയിൽ നിന്നാണ് ആധുനിക അറബ് ഫിലോസഫി ഉയർന്നു വരുന്നത്. എന്നാൽ, ക്ലാസിക്ക് അറബ് തത്ത്വചിന്തയേക്കാൾ ആധുനിക അറബ് ഫിലോസഫിയെ രൂപപ്പെടുത്തിയത് ആധുനിക കോണ്ടിനെന്റൽ – പ്രധാനമായും ഫ്രഞ്ച്, ജർമൻ – തത്ത്വചിന്തയായിരുന്നു എന്ന കാണാം. അതിനാൽ തന്നെ ആധുനിക അറബ് ഫിലോസഫിക് ചിന്തയിൽ ഏറ്റവും ആദ്യം ലോകശ്രദ്ധ നേടിയത് അറബ് എക്സിസ്റ്റെൻഷ്യണലിസം ആയിരുന്നു. യൂറോപ്യൻ ഉത്ഭവവും, മദ്ധ്യേഷ്യൻ രൂപവുമുള്ള പുതിയൊരു തത്ത്വചിന്തക്കുള്ള ആധുനിക അറബ് ചിന്തകരുടെ ശ്രമമായിരുന്നു ‘വുജൂദിയ്യ’ (وجودية എക്സിസ്റ്റെൻഷ്യലിസ്റ്റ്) തത്വചിന്ത.
19, 20 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ രൂപം കൊണ്ട എക്സിസ്റ്റൻഷ്യലിസം എന്ന ആശയ പ്രസ്ഥാനത്തിന്റെ അറേബ്യൻ രൂപമായിരുന്നു അറബ് എക്സിസ്റ്റൻഷ്യലിസം. സാർത്രിയൻ എക്സിസ്റ്റൻഷ്യലിസം, ഹൈഡഗേറിയൻ എക്സിസ്റ്റൻഷ്യലിസം എന്നിവയായിയായിരുന്നു യൂറോപ്യൻ എക്സിസ്റ്റൻഷ്യലിസത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ പ്രധാനപ്പെട്ട രണ്ടു ശാഖകൾ. എന്നാൽ ആ യൂറോപ്യൻ ആശയങ്ങളുടെ തനിപ്പകർപ്പായിരുന്നില്ല അറബ് എക്സിസ്റ്റെൻഷ്യലിസം. മറിച്ച്, മിഡിലീസ്റ്റ് സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ട പുതിയ ഒരു ബൗദ്ധിക പാരമ്പര്യത്തിലേക്ക് എക്സിസ്റ്റെൻഷ്യലിസത്തെ അറബ് ചിന്തകർ പരിവർത്തിപ്പിച്ചു. അങ്ങനെ 1960കളുടെ തുടക്കത്തിൽ എക്സിസ്റ്റെൻഷ്യലിസത്തിന്റെ ഭാഷ, ചിന്ത, രാഷ്ട്രീയം എന്നിവക്ക് അറബ് ബൗദ്ധിക പരിസരങ്ങളിൽ ശ്രദ്ധേയമായ സ്വാധീനം ലഭിച്ചു തുടങ്ങി.
ആഗോള തലത്തിൽ ആദ്യ തലമുറ ‘മൂന്നാം ലോക രാജ്യങ്ങൾ’ എന്ന ആശയം രൂപപ്പെടുകയും അപകോളനീകരണ പ്രവർത്തനങ്ങൾ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് അറബ് ചിന്തയുടെ പ്രധാന കേന്ദ്രമായി എക്സിസ്റ്റെൻഷ്യലിസം ഉയർന്നു വരുന്നത്. അതിനോടൊപ്പം രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിന്റെയും, 1967ലെ ഷഡ്ദിന യുദ്ധത്തിനും ഇടയിൽ സംഭവിച്ച കൊളോണിയൽ അനുഭാവം പുലർത്തിയിരുന്ന അറബ് മൊണാർക്കികളുടെയും, അവർക്കെതിരെ ഉയർന്നുവന്നിരുന്ന വിപ്ലവസ്വഭാവമുള്ള അറബ് രാഷ്ട്രങ്ങളുടെയും തകർച്ചകൾ തീർത്ത സാമൂഹിക ശൂന്യതയും അറബ് ചിന്തയിലെ ആ പ്രധാന വഴിത്തിരിവിന് ആക്കം കൂട്ടി. സമചിത്തതയില്ലാത്ത വികസനം, സാമൂഹിക അനീതി, സാംസ്കാരിക വൈരുധ്യങ്ങൾ തുടങ്ങിയ അപകോളനീകരണത്തെ തുടർന്നുണ്ടായ വെല്ലുവിളികളെ നേരിടുന്നതിനായി ആ കാലഘട്ടത്തിൽ യുവ അറബ് ചിന്തകന്മാർ എക്സിസ്റ്റെൻഷ്യലിസത്തിന്റെ വ്യത്യസ്തങ്ങളായ ആശയങ്ങളെ ഉപയോഗപ്പെടുത്തിത്തുടങ്ങി. എന്നാൽ അതേ സാഹചര്യത്തിൽ തന്നെ അറബ് സമൂഹത്തിനിടയിൽ പല ചോദ്യങ്ങളും ഉയർന്ന് വന്നിരുന്നു: “അറബുകൾക്ക് ആധികാരികമായ ഒരു അസ്ഥിത്വമുണ്ടോ? അറബുകൾക്ക് അവരുടേതായ രീതിയിൽ മോഡേൺ ആവാൻ കഴിയുമോ?” എന്നിവയായിരുന്നു അവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങൾ. ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ചിന്തകന്മാരും അതേ സമയത്ത് തന്നെ ആ ആശങ്കകൾ മുന്നോട്ട് വച്ചിരുന്നു. എന്നാൽ അത്തരം ആശങ്കകൾ അറബ് എക്സിസ്റ്റൻഷ്യലിസത്തെ കൂടുതൽ പ്രവർത്തന സജ്ജമാക്കുകയായിരുന്നു ചെയ്തത്. അത്ര പെട്ടെന്ന് തന്നെ അറബ് എക്സിസ്റ്റെൻഷ്യലിസം പ്രവർത്തനസജ്ജമാകാനുള്ള കാരണം, പാർത്ഥ ചാറ്റർജി നിരീക്ഷിക്കുന്നത് പോലെ അധീശത്വമില്ലാത്ത അധികാരം ഉപയോഗിച്ചായിരുന്നു (dominance without hagemony) – അക്രമോൽസുകതയെക്കാൾ ബൗദ്ധികപരമായിരുന്നു – അറബ് കോളനിവൽകൃത രാഷ്ട്രങ്ങളിൽ കോളനികൾ നിലനിന്നിരുന്നത് എന്നതിനാലായിരുന്നു. അതിനാൽ, കോളനിവൽക്കരണത്തിന് വിധേയമായിരുന്ന ഘട്ടങ്ങളിൽ പോലും സ്വന്തം സമൂഹം, രാഷ്ട്രീയം, സംസ്കാരം എന്ന ബോധം നിലനിർത്താൻ അറബ് ചിന്തകർക്ക് സാധിച്ചിരുന്നു.
അറബ് എക്സിസ്റ്റൻഷ്യലിസം മദ്ധ്യേഷ്യൻ അപകോളനീകരണ പ്രവർത്തനങ്ങളെ മൗലികമായി സ്വാധീനിച്ചിട്ടുണ്ടെങ്കിലും, അറബ് എക്സിസ്റ്റൻഷ്യൽ ചിന്തകരുടെ ആ ബൗദ്ധിക തലമുറയെയും, അവരുടെ പ്രവർത്തനങ്ങളെയും ‘അറബ് എക്സിസ്റ്റെൻഷ്യലിസം’ എന്ന നിലയിൽ അടയാളപ്പെടുത്തുന്ന സാഹിത്യങ്ങൾ രചിക്കപ്പെട്ടിരുന്നില്ല. കാരണം, ആ കാലഘട്ടത്തിലെ അപ-കോളനീകരണം ഉത്തര-കോളനീകരണം എന്നീ ബൃഹദ്ആഖ്യാനത്തിന്റെ അകത്ത് പെട്ട്, അവ രണ്ടിനെയും സാധ്യമാക്കിയ വ്യത്യസ്തമായ രീതികളിൽ ഒന്ന് മാത്രമായി അറബ് എക്സിസ്റ്റൻഷ്യലിസം എന്ന സങ്കീർണ്ണ ആശയം സാമാന്യവൽക്കരിക്കപ്പെട്ടു. പോസ്റ്റ് കോളോണിയലിസത്തെക്കുറിച്ചും അപകോളനീകരണത്തെക്കുറിച്ചും ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും മൂന്നാം ലോക ചിന്തകന്മാരും അവരുടെ ആശയങ്ങളും എങ്ങനെയാണ് അപകോളനീകരണത്തെ രൂപപ്പെടുത്തിയത് എന്ന വളരെ സുപ്രധാനമായ ഒരു ചോദ്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു ചരിത്ര പഠനം ഉയർന്നുവന്നിട്ടില്ല. നിലനിൽക്കുന്ന ചരിത്ര രചനകൾ (historiography) അത്തരം ചോദ്യങ്ങളെ പാടെ അവഗണിച്ചതായി കാണാം. കാരണം, അപകോളനീകരണത്തെക്കുറിച്ചുള്ള ആദ്യ കാല പഠനങ്ങൾ, കേന്ദ്രത്തിൽ നിന്നും (metropole) പ്രാന്തങ്ങളിലേക്കുള്ള (periphery) ‘അധികാര കൈമാറ്റ’ത്തിന്റെ കേവലം ഏകദിശയിലുള്ള പ്രക്രിയയായിരുന്നു എന്ന നിഗമനത്തിലേക്കായിരുന്നു എത്തിച്ചേർന്നത്. ബ്രിട്ടീഷ് ഓറിയന്റലിസ്റ്റുകളിൽ നിന്നും തത്ത്വചിന്തകരിൽ നിന്നുമാണ് അത്തരം പഠനങ്ങൾ വന്നത് എന്നതായിരുന്നു അതിന്റെ പ്രധാന കാരണം. എന്നാൽ ആ മേഖലയിൽ പിന്നീട് നടന്ന പഠനങ്ങൾ, അധികാരം കേവലം കൈമാറപ്പെടുകയല്ല ഉണ്ടായതെന്നും, മറിച്ച് ബലപ്രയോഗത്തിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെയും ഓരോ ജനതയും അധികാരം ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും വ്യക്തമാക്കുകയുണ്ടായി. കോളനിവിരുദ്ധ സമരങ്ങളും “പാൻ അറബ്”, “പാൻ ഏഷ്യ” തുടങ്ങിയ പ്രസ്ഥാനങ്ങളും അത്തരത്തിലുള്ള അധികാര കൈമാറ്റങ്ങളാണ് നടന്നിരുന്നത് എന്നതിനെ സാധൂകരിക്കുന്നുണ്ട്. എന്നിരുന്നാലും, രണ്ടു ഘട്ടങ്ങളിലും ഐക്യദാർഢ്യം (solidarity), പ്രതിരോധം (resistance) എന്നീ സങ്കൽപങ്ങൾ വസ്തുതാപരമായ തെളിവുകളുടെ അഭാവത്തിൽ കേവലം അമൂർത്തമായ സിദ്ധാന്തങ്ങൾ മാത്രമായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. കാരണം, അപകോളനീകരണ ചിന്തകരെ സംബന്ധിച്ചിടത്തോളം ‘കൊളോണിയൽ വിരുദ്ധ ദേശീയത’ (anti-colonial nationalism) മാത്രമായിരുന്നു ഐക്യത്തിന്റെയും, പ്രതിരോധത്തിന്റെയും; അതിനാൽ തന്നെ അപകോളനീകരണ സമരങ്ങളുടെയും അടിത്തറ എന്ന് റോബർട്ട് യങ്ങും, ഡെയ്‌ത്മാർ റോദർമുണ്ടും, പ്രസൻജിത്ത് ദുവാരയും വ്യക്തമാക്കുന്നുണ്ട്. എത്രത്തോളമെന്നാൽ ‘മൂന്നാം ലോക സിദ്ധാന്ത’ത്തിന്റെ വക്താക്കൾ തന്നെ, സങ്കീർണ്ണമായ അവരുടെ അപകോളനീകരണ സമരങ്ങളെ കേവലം അധികാര സംഘർഷങ്ങളാക്കി (power struggle) ചുരുക്കുന്ന അവസ്ഥയിലേക്ക് എത്തുകയുണ്ടായി എന്ന് വിജയ് പ്രസാദ് അദ്ദേഹത്തിന്റെ ‘ദ ഡാർക്കർ നേഷൻസ്’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. മറിച്ച്, കൊളോണിയൽ വിരുദ്ധ ദേശീയതക്കപ്പുറമുള്ള അപകോളനീകരണ സമരങ്ങളുടെ സങ്കീർണ്ണമായ – അസ്തിത്വപരമായ – സ്വഭാവത്തെ ആ ചിന്തകരെല്ലാം തന്നെ തഴഞ്ഞു. യഥാർത്ഥത്തിൽ, അറബ് അപകോളനീകരണ സമരങ്ങളുടെ ബൗദ്ധിക സ്രോദസ്സുകളായ തത്ത്വചിന്തകരെയും, എഴുത്തുകാരെയും അവരുടെ പ്രാദേശിക സമൂഹത്തിന്റെ വർഗ്ഗ ഘടനയിലും, സാംസ്കാരിക സാഹചര്യങ്ങളിലും പ്രതിഷ്ഠിച്ചുകൊണ്ട് മനസ്സിലാക്കുന്നതിന് പകരം ഏകശിലാത്മകമായ ഒരു യൂറോ-കേന്ദ്രീകൃത മാനദണ്ഡത്തിന്റെ (ദേശീയത) അടിസ്ഥാനത്തിൽ അവരുടെ വിമോചന സമരങ്ങളെ ചുരുക്കുകയായിരുന്നു അവർ ചെയ്തത്.
വാസ്തവത്തിൽ കൊളോണിയലാനന്തര പഠനങ്ങൾ പ്രാദേശിക ചിന്തകളെയും അതിന്റെ ആഗോള പശ്ചാലത്തെയും പുനരധിവസിപ്പിക്കുന്നതിന് കാര്യമായ പങ്ക് വഹിച്ചിട്ടില്ല എന്ന് യോവാ ദി കാപ്വാ വ്യക്തമാക്കുന്നുണ്ട്. സാമ്രാജ്യത്വത്തെക്കുറിച്ചുള്ള യൂറോ കേന്ദ്രീകൃത പഠനങ്ങൾക്കും, ദേശരാഷ്ട്രത്തിന്റെ പ്രവർത്തനങ്ങളുടെ വിമർശനപഠനങ്ങൾക്കും ഒരു പ്രധാന തിരുത്തായി അത്തരം പഠനങ്ങൾ മാറിയിട്ടുണ്ടെങ്കിലും, കോളനിവൽകൃത സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങൾ കേവലം ‘കൊളോണിയൽ യൂറോപ്പിന്റെ ജ്ഞാനശാസ്ത്രത്തിനെതിരായ ഒന്ന്’ മാത്രമാണ് എന്ന നിലയിലായിരുന്നു അവതരിപ്പിക്കപ്പെപ്പെട്ടിരുന്നത്. മറിച്ച്, അതിനുമപ്പുറം കോളനികൾക്കകത്തെ തന്നെ സങ്കീർണ്ണമായ ബൗദ്ധിക-അസ്തിത്വ ഇടപെടലുകളെയും – ആളുകൾ എങ്ങനെയാണ് അവരുടെ ആശയങ്ങൾ പരസ്പരം സമന്വയിപ്പിച്ചിരുന്നത് എന്നതിനെക്കുറിച്ച് – അപകോളനീകരണ സമരങ്ങളുടെ മറ്റു അറബ് രാജ്യങ്ങൾക്കകത്തെ പ്രതിസന്ധികളെ മറികടക്കാനായുള്ള – ലക്ഷ്യങ്ങളെയും സംബന്ധിച്ചുള്ള സമഗ്രമായൊരു വിശദീകരണം നൽകാൻ ആ ചരിത്ര രചനകൾക്ക് സാധിച്ചില്ല. അതിനാൽ തന്നെ, അപകോളനീകരണ സമരങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങളെയും സാധ്യമാക്കിയിരുന്നത് ദ്വന്ദ്വങ്ങൾക്കകത്ത് പ്രവർത്തിക്കുന്ന കൊളോണിയൽ ചിന്തകൾ തന്നെയായിരുന്നു. ചരിത്ര രചനയിലുള്ള ആ വിടവുകൾ നികത്താനായി, അറബ് ചിന്തകന്മാർ കോളനി വിരുദ്ധ ദേശീയതയുടെ സങ്കുചിതമായ പരിധികൾ മറികടക്കുന്ന രൂപത്തിലുള്ള ഒരു പ്രാദേശിക വിമർശനാത്മ തത്ത്വചിന്തക്ക് രൂപം നൽകാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു 1960കളിലെ അറബ് എക്‌സിസ്റ്റൻഷ്യലിസത്തിന്റെ ഉയർന്നുവരവ്. വിദേശ ഭരണത്തിൽ നിന്നുള്ള ശാരീരികമായ വിമോചനത്തോട് കൂടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയുള്ള ഒരു ‘ഏകതാബോധ’ നിർമ്മിതി കൂടെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു സാമ്പ്രദായിക അപകോളനീകരണ ചിന്തകളിൽ നിന്ന് വ്യത്യസ്തമായി അറബ് എക്‌സിസ്റ്റൻഷ്യലിസ്റ്റ് അപകോളനീകരണ ചിന്ത രൂപപ്പെട്ടത്.
അതുകൊണ്ട് തന്നെ അറബ് എക്സിസ്റ്റൻഷ്യലിസം ഒരേ സമയം രണ്ട് ധർമങ്ങൾ നിർവ്വഹിച്ചിരുന്നു: ഒന്ന്, ആധുനിക അറബ് സബ്ജെക്ടിവിറ്റിയുടെ ഒണ്ടോളജിയും, പ്രാദേശിക-ആഗോള സംസ്കാരങ്ങളുടെ സന്തുലിതാവസ്ഥയും മുതൽ രാഷ്ട്രീയവും സംസ്കാരവും തമ്മിലുള്ള ബന്ധവും, ഭരണകൂടവും സമൂഹവും തമ്മിലുള്ള കരാറുകളും വരെ ഉൾപ്പെടുന്ന ഒരു വിശാലമായ ബൗദ്ധിക സാംസ്കാരിക പ്രക്രിയയാക്കി അപകോളനീകരണത്തെ അത് പരിവർത്തനപ്പെടുത്തി. രണ്ട്, ആഗോള മൂന്നാം ലോകത്ത് നിന്ന് വിഭിന്നമായി അറബ് ചിന്തകന്മാരുടെ ഉയർച്ചക്ക് കാരണമായ പുതിയ ഒരു മൂന്നാം ലോക ബൗദ്ധിക ഇടം അത് സൃഷ്ടിച്ച് നൽകി. അങ്ങനെ അറബ് എക്സിസ്റ്റൻഷ്യലിസം ഒരേസമയം സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ആത്മവിമർശനത്തിനുള്ള ശക്തമായ ഒരു ഉപകരണമായി പ്രവർത്തിക്കുകയും സാമ്രാജ്യത്വത്തിനെതിരായി പൊരുതുന്ന ആഗോള മുന്നണിയുമായി സഖ്യങ്ങൾ ഉണ്ടാക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായിത്തീരുകയും ചെയ്തു. എല്ലാറ്റിലുമുപരി ഒരു ഫിലോസഫിക്കൽ ചട്ടക്കൂടിനുള്ളിൽ ‘പുതിയ ഒരു അറബ് അസ്തിത്വത്തെ’ രൂപപ്പെടുത്താനുള്ള അടിത്തറ കൂടിയായിരുന്നു അറബ് എക്സിസ്റ്റൻഷ്യലിസം. എന്നാൽ, ഏകീകൃതമായ ഒരു പ്രതിഭാസമായിട്ടല്ല മറിച്ച് യൂറോപ്പിൽ നിന്ന് വിഭിന്നമായി (യൂറോപ്പിൽ സാവധാനമായിരുന്നു എക്സിസ്റ്റൻഷ്യലിസം അതിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് വളർന്നത്) വളരെ പെട്ടെന്ന് തന്നെ ബഹുമുഖ മാനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരു ക്രോസ്സ്-കൾച്ചറൽ പ്രക്രിയയായിട്ടാണ് അറബ് അസ്തിത്വവാദം രൂപപ്പെട്ടു വന്നത്. അങ്ങനെ മദ്ധ്യേഷ്യയിലേക്ക് പ്രവേശിച്ച എക്സിസ്റ്റൻഷ്യലിസത്തിന് അതിന്റെ യൂറോപ്യൻ അർത്ഥം നഷ്ടപ്പെടുകയും പ്രദേശിക അറബ് ചിന്തകളുമായി സംയോജിച്ച് കൊണ്ട് സൂക്ഷ്മവും സങ്കീർണ്ണവും എന്നാൽ ചില സമയങ്ങളിൽ പരസ്പര വിരുദ്ധവുമായ പുതിയ ഒരു അറബ് എക്സിസ്റ്റൻഷ്യലിസം രൂപപ്പെടുകയും ചെയ്തു.
ഈജിപ്ഷ്യൻ തത്വചിന്തകനായിരുന്ന അബ്ദുറഹ്മാൻ അൽ ബാദവിയാണ് അറബ് എക്സിസ്റ്റൻഷ്യലിസം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. അതേ സമയം ഈജിപ്ഷ്യൻ മാർക്സിസ്റ്റ് നിരൂപകനായിരുന്ന മഹ്മൂദ് അമീൻ അൽ ആലിം, പത്ര പ്രവർത്തകനായിരുന്ന ലുത്ഫീ അൽ ഖൂലി, ലബനീസ് സാഹിത്യകാരനായിരുന്ന സുഹൈൽ ഇദ്‌രീസ്, ഇറാഖി കവിയായിരുന്ന അബ്ദുൽ വഹാബ് അൽ ബയാത്തി എന്നീ ചിന്തകന്മാരും ബദാവിയുടെ ആ ബൗദ്ധിക മുന്നേറ്റത്തിന് ദാർശനിക-സാഹിത്യ പിന്തുണ നൽകി. യൂറോപ്യൻ എക്സിസ്റ്റൻഷ്യലിസത്തെ ഇസ്‌ലാമിക തത്വചിന്തയുമായി സംയോജിപ്പിച്ച് കൊളോണിയൽ സംസ്കാരത്തിന്റെ പരിമിതികളിൽ നിന്ന് അറബ് ശരീരത്തെയും, ബോധത്തെയും മോചിപ്പിക്കുകയെന്ന ബാദവിയുടെ പ്രഖ്യാപനത്തോട് കൂടെയാണ് അറബ് എക്സിസ്റ്റൻഷ്യലിസത്തിന്റെ മൗലികമായ ചരിത്രം ആരംഭിക്കുന്നത്. എക്സിസ്റ്റൻഷ്യലിസത്തെക്കുറിച്ചുള്ള ഒരു വിപ്ലവകരവും രാഷ്ട്രീയവൽകൃതവുമായ ധാരണ ഉണ്ടാക്കാനും, പഴയ അറബ് ചിന്തകന്മാരെ പാർശ്വവൽക്കരിക്കാനുമുള്ള സുഹൈൽ ഇദ്‌രീസിന്റെയും മഹ്മൂദ് അൽ അമീന്റെയും ശ്രമങ്ങളോട് കൂടെ അതിന് ഒരു താത്ത്വികവും സാമൂഹികവുമായ തുടർച്ച ലഭിക്കുകയും ചെയ്തു.1960കളിൽ അറബ് ചിന്തകന്മാർ എക്സിസ്റ്റൻഷ്യലിസത്തെ അവരുടെ പ്രാദേശിക പ്രിതിരോധങ്ങളെ ആഗോള മാതൃകകളുമായി ബന്ധപ്പെടാനുള്ള ഒരു മാർഗ്ഗവും സാധ്യതയുമായിട്ടാണ് കണ്ടിരുന്നത്. എന്നാൽ, അറബ് സമൂഹത്തെ ഒരുമിച്ച് നിർത്തുന്ന ഒരു ഐക്യരൂപമായാണ് എക്സിസ്റ്റൻഷ്യലിസത്തെ അവർ കണ്ടിരുന്നതെങ്കിൽ അതേ ആശയത്തെ അറബ് ന്യൂനപക്ഷങ്ങളായ സ്ത്രീകൾ, ഫലസ്തീൻ ജനത, ഇറാഖിലെ വിമതർ എന്നിവരെല്ലാം തന്നെ അറബ് തത്ത്വചിന്തകർ ഉയർത്തിപ്പിടിച്ചിരുന്ന ‘ഏകീകൃതമായ ഒരു വിമോചന സങ്കൽപ്പത്തി’നെതിരെയായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്.
അത്തരം വിഭജനങ്ങളും അതിനെതിരെ ഉയർന്നുവന്ന കീഴാള-ന്യൂനപക്ഷ അറബ് തത്വചിന്തകരിൽ നിന്നുള്ള വിമർശനങ്ങളും അറബ് എക്സിസ്റ്റൻഷ്യലിസത്തിന്റെ ജനകീയ-ബൗദ്ധിക പിന്തുണ നഷ്ടപ്പെടുന്നതിന് ആക്കം കൂട്ടി. എന്നാൽ, അതിനെ അതിന്റെ ആത്യന്തികമായ പതനത്തിലേക്കു നയിച്ചത് എക്സിസ്റ്റെൻഷ്യലിസത്തെ അറബ് ബോധത്തിലേക്ക് വ്യാപിപ്പിച്ച ഴാങ് പോൾ സാർത്ര് തന്നെയായിരുന്നു. 1967ൽ അറബ് രാജ്യങ്ങൾക്കിടയിൽ നടന്ന ആറ് ദിവസം നീണ്ട് നിന്ന യുദ്ധത്തിനൊടുവിൽ അറബ് അസ്തിത്വവാദത്തിന് അതിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലുമുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടു. ആ യുദ്ധ കാലയളവിൽ സാർത്രും സിമൺ ഡി ബുവയും ഈജിപ്തിലേക്ക് നടത്തിയ സന്ദർശനത്തിന് ശേഷം സാർത്ര് പെട്ടന്ന് തന്നെ അതുവരെയുണ്ടായിരുന്ന അറബ് ജനതയോടുള്ള തന്റെ പിന്തുണ പിൻവലിക്കുകയും ഇസ്രായേലിനൊപ്പം ചേരുകയും ചെയ്‌തു. അത് സാർത്രിനെ “വഞ്ചന”യുടെ ഒരു പ്രതിരൂപമായി പരിവർത്തനപ്പെടുത്തുന്നതിലേക്കും, എക്സിസ്റ്റെൻഷ്യലിസം എന്ന ആശയത്തോട് അതുവരെ അനുകൂല മനോഭാവം പുലർത്തിയിരുന്ന വലിയൊരു ശതമാനം ചിന്തകരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും, അതിനെതിരിൽ ദാർശനിക കലഹം നടത്തുന്നതിലേക്ക് നയിക്കുകയും, അതിനാൽ തന്നെ പുതിയൊരു തത്ത്വചിന്താ പദ്ധതിക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ വ്യാപൃതമാവുന്നതിലേക്കും നയിച്ചു. അതോടെ, അറബ് എക്സിസ്റ്റെൻഷ്യലിസത്തിൽ നിന്ന് പുതിയൊരു ചിന്തയിലേക്കുള്ള പാതയിൽ അറബ് ചിന്തകർ പ്രവേശിച്ചു.
ചുരുക്കത്തിൽ എല്ലാ പരിമിതികളോട് കൂടെയും അസ്തിത്വവാദത്തിന്റെ ഈ വ്യത്യസ്തമായ ആശയങ്ങൾ അറബ് അപകോളനീകരണം എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ കുറിച്ചും അറബ് അപകോളനീകരണ പ്രക്രിയയിൽ എങ്ങനെ ഇടപെടണം, എങ്ങനെ പ്രതികരിക്കണം എന്നതിനെ കുറിച്ചെല്ലാമുള്ള വ്യത്യസ്തമായ രീതികൾ അതിന്റെ ചെറിയ കാലദൈർഘ്യത്തിനുള്ളിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ കൊളോണിയൽ വിരുദ്ധ ദേശീയതക്കും, മാർക്സിസം, ലിബറലിസം, സോഷ്യലിസം മുതലായ പ്രത്യയശാസ്ത്രങ്ങളുടെ കടന്നു കയറ്റത്തിനുമപ്പുറം അറബ് അപകോളനീകരണത്തിന് അർത്ഥവത്തായ മറ്റൊരു ധൈഷണിക ചരിത്രമുണ്ട് എന്നാണ് അറബ് അസ്തിത്വവാദത്തിന്റെ ആ മറക്കപ്പെട്ട ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്.
അധ്യായം 2: അലക്‌സാണ്ടർ കൊയ്റെയും ആധുനിക അറബ് ചിന്തയുടെ ആഗോള നെറ്റ്-വർക്കും
Featured Image: Jean-Paul Sartre, Simone de Beauvoir and Claude Lanzmann at Tel Aviv.
Comments are closed.