സാഹിത്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഭാവുകത്വം സാധാരണയായി വികാരത്തിന്റെ മേഖലയായും ബൗദ്ധികത യുക്തിയുടെയും വിശകലനത്തിന്റെയും മേഖലയായും വേർതിരിക്കപ്പെടുന്നു. ഈ വിഭജനം സാഹിത്യത്തെ മനസ്സിലാക്കാൻ പര്യാപ്തമല്ല. സാഹിത്യവായനയിൽ വികാരവും ചിന്തയും പരസ്പരം വിരുദ്ധമായ പ്രവർത്തനങ്ങളല്ല, അവ പരസ്പരം രൂപപ്പെടുത്തുന്ന പ്രക്രിയകളാണ്. അതുകൊണ്ട് ഭാവുകത്വത്തെ ബൗദ്ധികതയ്ക്ക് എതിരായ ഒരു മേഖലയായി കാണാനാവില്ല. മറിച്ച്, ഭാവുകത്വം തന്നെ ബൗദ്ധികമായോ ബൗദ്ധികവിരുദ്ധമായോ പ്രവർത്തിക്കാം.
വികാരം വായനക്കാരന്റെ ബൗദ്ധിക സ്വാതന്ത്ര്യത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നത് പ്രധാനമാണ്. ഒരു സാഹിത്യകൃതി വായിക്കുന്നയാളെ സ്പർശിക്കുന്നതുകൊണ്ടല്ല ബൗദ്ധികവിരുദ്ധമാകുന്നത്. ആ സ്പർശനം വ്യാഖ്യാന സ്വഭാവത്തെ ഇല്ലാതാക്കുകയും സങ്കീർണതയെ ലഘൂകരിക്കുകയും അനുഭവത്തെ അന്തിമസത്യമായി അവതരിപ്പിക്കുകയും താദാത്മ്യത്തെ വിശകലനത്തിന് പകരമാക്കുകയും മുൻധാരണകളെ സ്ഥിരീകരിക്കുകയും ചെയ്യുമ്പോഴാണ് അത് ബൗദ്ധികവിരുദ്ധ ഭാവുകത്വമായി പ്രവർത്തിക്കുന്നത്.
സാഹിത്യത്തെ ബൗദ്ധികവും ബൗദ്ധികവിരുദ്ധവും എന്നിങ്ങനെ വർഗീകരിക്കാൻ ശ്രമിക്കുകയല്ല. പകരം, സാഹിത്യാനുഭവത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക ഭാവുകത്വ യുക്തിയെ വിശകലനം ചെയ്യുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഒരു സാഹിത്യകൃതി വായനക്കാരനുമായി സ്ഥാപിക്കുന്ന വൈകാരികബന്ധം ഏത് സാഹചര്യത്തിലാണ് വ്യത്യസ്ത വ്യാഖ്യാനങ്ങൾ, സാധ്യതകൾ, സന്ദർഭങ്ങൾ എന്നിവ തമ്മിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ശേഷിയായ ബൗദ്ധിക സ്വാതന്ത്ര്യത്തെ വികസിപ്പിക്കുന്നത്, ഏത് സാഹചര്യത്തിലാണ് അതിനെ പരിമിതപ്പെടുത്തുന്നത് എന്ന ചോദ്യമാണ് അന്വേഷണമാക്കുന്നത്.
ഒരു സാഹിത്യകൃതി വായനക്കാരന്റെ അനുഭവത്തെയും വ്യാഖ്യാനത്തെയും അർഥനിർണയത്തെയും സങ്കൽപ്പശേഷിയെയും എങ്ങനെ സംഘടിപ്പിക്കുന്നു എന്നതിന്റെ സമഗ്രരൂപത്തെയാണ് ഭാവുകത്വം എന്നു വിളിക്കുന്നത്. അതിനാൽ ഭാവുകത്വം ഒരു സൗന്ദര്യാനുഭവം മാത്രമല്ല; ലോകത്തെ എങ്ങനെ അനുഭവിക്കണം, എങ്ങനെ മനസ്സിലാക്കണം, എങ്ങനെ വിലയിരുത്തണം എന്നതിനെ രൂപപ്പെടുത്തുന്ന ബൗദ്ധിക-സാംസ്കാരിക ഘടന കൂടിയാണ്.
വ്യാഖ്യാനത്തിന്റെ മുൻനിശ്ചയം
ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ ആദ്യരൂപം വ്യാഖ്യാനത്തോടുള്ള അതിന്റെ ബന്ധത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇവിടെ വ്യാഖ്യാനത്തെ എല്ലാം തുറന്നുപറഞ്ഞ് നിരാകരിക്കണമെന്നില്ല. അതിനുപകരം വ്യാഖ്യാനത്തിന്റെ ആവശ്യകതയെ ക്രമേണ അപ്രസക്തമാക്കുകയാണ് ചെയ്യുന്നത്. ഒരു സാഹിത്യകൃതി വായിക്കുമ്പോൾ മറ്റൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം വായനക്കാരന് അനുഭവപ്പെടുന്നില്ലെങ്കിൽ, ആഖ്യാനം വ്യാഖ്യാനത്തിന്റെ ഇടം ചുരുക്കിക്കഴിഞ്ഞിരിക്കുന്നു. അപ്പോൾ വായന അന്വേഷണം എന്ന നിലയിൽ നിന്ന് തിരിച്ചറിയലിന്റെ അനുഭവമായി മാറുന്നു.
ഇത് അർഥത്തിന്റെ ഏകതയെക്കുറിച്ചുള്ള പ്രശ്നമല്ല. മികച്ച സാഹിത്യത്തിനും വ്യക്തമായ നൈതിക നിലപാടുകളോ ആശയപരമായ ദിശകളോ ഉണ്ടായിരിക്കാം. എന്നാൽ അവ വായനക്കാരന്റെ അർഥനിർണയത്തെ മുൻകൂട്ടി നിർവചിക്കുന്നില്ല. അവ വായിക്കുന്നയാളെ അർഥനിർണയത്തിലേക്ക് നയിക്കുന്നു. ഈ വ്യത്യാസം പ്രധാനമാണ്. ഒരു ആഖ്യാനം വായനക്കാരന്റെ ചിന്തയെ നയിക്കുമ്പോൾ അത് ബൗദ്ധികമായി പ്രവർത്തിക്കുന്നു; എന്നാൽ ചിന്തയുടെ ഫലം മുൻകൂട്ടി നിശ്ചയിക്കുമ്പോൾ അത് ബൗദ്ധികവിരുദ്ധ ഭാവുകത്വമായി മാറുന്നു.
വ്യാഖ്യാനവിരുദ്ധ ഭാവുകത്വം വായിക്കുന്നയാൾക്ക് ഒരു പ്രത്യേക ബൗദ്ധിക ആശ്വാസവും നൽകുന്നു. കൃതിയെക്കുറിച്ച് സംശയിക്കേണ്ടതില്ല, സ്വന്തം പ്രതികരണങ്ങളെ പുനഃപരിശോധിക്കേണ്ടതില്ല, പരസ്പരം മത്സരിക്കുന്ന വ്യാഖ്യാനങ്ങൾക്കിടയിൽ സഞ്ചരിക്കേണ്ടതില്ല. വായനയുടെ അവസാനം എത്തിച്ചേരേണ്ട അർഥം ആഖ്യാനത്തിനുള്ളിൽ തന്നെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ വായനക്കാരന്റെ പങ്കാളിത്തം ആ അർഥാനുഭവം സൃഷ്ടിക്കുന്നതിലല്ല; അതിനെ തിരിച്ചറിയുന്നതിലാണ്.
വ്യാഖ്യാനത്തിന്റെ അഭാവമല്ല, വ്യാഖ്യാനത്തിന്റെ മുൻതീരുമാനമാണ് ഇവിടെ കാണുന്നത്. വായിക്കുന്ന ആൾ കൃതിയെ വ്യാഖ്യാനിക്കുന്നുവെന്ന് കരുതാം; പക്ഷേ ആ വ്യാഖ്യാനം ആഖ്യാനം അനുവദിച്ച പരിധിക്കുള്ളിൽ മാത്രമാണ് നടക്കുന്നത്. മറ്റു സാധ്യതകൾ അദൃശ്യമാകുന്നു. അങ്ങനെ വ്യാഖ്യാനം ഒരു തുറന്ന ബൗദ്ധിക പ്രക്രിയയിൽ നിന്ന് മുൻകൂട്ടി നിയന്ത്രിക്കപ്പെട്ട പ്രതികരണമായി ചുരുങ്ങുന്നു.
അതുകൊണ്ട് വ്യാഖ്യാനവിരുദ്ധതയുടെ ലക്ഷ്യം വായിക്കുന്നയാളെ അർഥശൂന്യതയിലേക്ക് തള്ളിവിടുകയല്ല. മറിച്ച്, അർഥത്തെ അത്രമേൽ സ്വാഭാവികവും അനിവാര്യവുമായി അവതരിപ്പിക്കുകയാണ്, അതിനെക്കുറിച്ച് മറ്റൊരു ചോദ്യം ഉയർത്തേണ്ട സാഹചര്യം തന്നെ ഇല്ലാതാകുന്നു. വായിക്കുന്നയാൾ കൃതിയെ മനസ്സിലാക്കിയെന്ന ഉറപ്പിലെത്തുന്ന നിമിഷം, കൃതി മറ്റെങ്ങനെ വായിക്കപ്പെടാമായിരുന്നു എന്ന ചോദ്യവും അവസാനിക്കുന്നു. ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ പ്രധാന ലക്ഷണം ഈ നിമിഷത്തിലാണ് വെളിപ്പെടുന്നത്.
സങ്കീർണതയുടെ ലഘൂകരണം
സങ്കീർണതയോടുള്ള അതിന്റെ അസഹിഷ്ണുത ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ മറ്റൊരു ലക്ഷണമാണ്. മനുഷ്യജീവിതവും സമൂഹവും ചരിത്രവും ഒരിക്കലും ഏകകാരണങ്ങളാൽ വിശദീകരിക്കാനാവാത്ത യാഥാർഥ്യങ്ങളാണ്. സാഹിത്യം ഈ സങ്കീർതയെ ഇല്ലാതാക്കേണ്ടതല്ല; മറിച്ച് അതിനെ അനുഭവിക്കാനും മനസ്സിലാക്കാനും വായിക്കുന്നയാളുകളെ പ്രാപ്തരാക്കേണ്ടതാണ്. എന്നാൽ ചില ഭാവുകത്വരീതികൾ സങ്കീർണതയെ ഒരു ബൗദ്ധിക വെല്ലുവിളിയായി കാണുന്നില്ല, വൈകാരിക തടസ്സമായാണ് കാണുന്നത്. അതിനാൽ അവയുടെ ആദ്യ ലക്ഷ്യം സങ്കീർണതയെ ലളിതമാക്കുകയാണ്.
ഈ ലളിതമാക്കൽ യാഥാർഥ്യത്തെ വ്യക്തമാക്കാനുള്ള ശ്രമമല്ല. യാഥാർഥ്യത്തിലെ വൈരുധ്യങ്ങളെ നീക്കംചെയ്ത് വൈകാരികമായി എളുപ്പത്തിൽ സ്വീകരിക്കാവുന്ന ലോകം നിർമിക്കാനുള്ള ശ്രമമാണ്. കഥാപാത്രങ്ങൾ ധാർമിക വിഭാഗങ്ങളായി വിഭജിക്കപ്പെടുന്നു; സാമൂഹിക സംഘർഷങ്ങൾ വ്യക്തിപരമായ ഗുണദോഷങ്ങളുടെ പ്രശ്നങ്ങളായി ചുരുക്കപ്പെടുന്നു; ചരിത്രപരമായ പ്രക്രിയകൾ ചില വ്യക്തികളുടെ തീരുമാനങ്ങളായി അവതരിപ്പിക്കപ്പെടുന്നു. ലോകത്തെ മനസ്സിലാക്കാനുള്ള അധ്വാനത്തിന് പകരം ലോകത്തെ വിലയിരുത്താനുള്ള സൗകര്യമാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.
സങ്കീർണതാവിരുദ്ധത വൈരുധ്യങ്ങളെ സഹിക്കാൻ വിസമ്മതിക്കുന്നു. ഒരാൾക്ക് ഒരേസമയം ശരിയും തെറ്റും ആകാൻ കഴിയുമെന്നോ, ഒരു രാഷ്ട്രീയ നിലപാടിന് വിമോചനപരവും അടിച്ചമർത്തുന്നതുമായ ഘടകങ്ങൾ ഒരുമിച്ച് ഉണ്ടായിരിക്കാമെന്നോ, ഒരു ചരിത്രസംഭവം വ്യത്യസ്ത അനുഭവ ലോകങ്ങളിൽ വ്യത്യസ്ത അർഥങ്ങൾ സൃഷ്ടിക്കാമെന്നോ അംഗീകരിക്കാൻ അത് തയ്യാറല്ല. അതിനുപകരം, ഓരോ വൈരുധ്യവും അന്തിമ നൈതിക വിധികല്പനയിലൂടെ അവസാനിപ്പിക്കപ്പെടുന്നു. അങ്ങനെ ലോകം മനസ്സിലാക്കേണ്ട യാഥാർഥ്യത്തിൽനിന്ന് തിരിച്ചറിയേണ്ട ക്രമമായി മാറുന്നു.
ഇത് ഭാഷയുടെ ലാളിത്യവുമായി ചേർത്തുവെക്കേണ്ടതില്ല. ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ഒരു കൃതിക്ക് അതീവ സങ്കീർണമായ അനുഭവലോകം സൃഷ്ടിക്കാൻ കഴിയും. അതുപോലെ, അതിസങ്കീർണമായ ഭാഷ ഉപയോഗിക്കുന്ന ഒരു കൃതിക്ക് ലോകത്തെ അതീവ ലളിതമായ നൈതിക വിഭാഗങ്ങളാക്കി ചുരുക്കാനും കഴിയും. അതിനാൽ സങ്കീർണതയുടെ പ്രശ്നം അവതരണരീതിയുടേതല്ല. ആഖ്യാനം യാഥാർഥ്യത്തോട് സ്ഥാപിക്കുന്ന ബന്ധത്തിന്റേതാണ്.
സങ്കീർണതാവിരുദ്ധത ഒടുവിൽ വായനക്കാരന്റെ അർഥാനുഭവത്തെയും ബാധിക്കുന്നു. വൈരുധ്യങ്ങളെ പരിഗണിക്കേണ്ട ആവശ്യം ഇല്ലാതാകുമ്പോൾ അർഥനിർണയം താരതമ്യത്തിന്റെ ഫലമല്ലാതാകുന്നു; മുൻകൂട്ടി നൽകിയ നൈതിക പ്രതികരണമായി മാറുന്നു. വായിക്കുന്നയാൾ ലോകത്തെ മനസ്സിലാക്കുന്നതിനുമുമ്പ് അതിനെ വിധിക്കുന്നു. ഈ അർഥത്തിൽ സങ്കീർണതയുടെ ലഘൂകരണം യാഥാർഥ്യത്തെയല്ല, വായനക്കാരന്റെ ബൗദ്ധിക അനുഭവത്തെയാണ് ലളിതമാക്കുന്നത്. അതുകൊണ്ടുതന്നെ സങ്കീർണതാവിരുദ്ധത ബൗദ്ധികവിരുദ്ധതയുടെ ഏറ്റവും അടിസ്ഥാനപരമായ രൂപങ്ങളിലൊന്നായി കാണാം.
അനുഭവത്തെ അതിന്റെ തൽക്ഷണതയിൽ തന്നെ അന്തിമസത്യമായി ഉയർത്തുന്നതാണ് ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ മറ്റൊരു പ്രധാന രൂപം. സാഹിത്യത്തിന്റെ ആരംഭം അനുഭവത്തിലാണെന്നത് സംശയാതീതമാണ്. എന്നാൽ സാഹിത്യം അനുഭവത്തെ പുനരാവിഷ്കരിക്കുന്നതിൽ അവസാനിക്കുന്നില്ല; അതിനെ മനസ്സിലാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. അനുഭവത്തെ വ്യാഖ്യാനത്തിന്റെ ആരംഭബിന്ദുവിൽ നിന്ന് അന്തിമബിന്ദുവാക്കി മാറ്റുമ്പോഴാണ് ബൗദ്ധികവിരുദ്ധ ഭാവുകത്വം പ്രവർത്തിക്കുന്നത്.
ഇവിടെ അനുഭവത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നില്ല. ചോദ്യം ചെയ്യപ്പെടുന്നത് അനുഭവത്തിന്റെ സ്വയംപര്യാപ്തതയാണ്. ഒരു അനുഭവം അനുഭവിക്കപ്പെട്ടതുകൊണ്ട് മാത്രം അത് ലോകത്തെ വിശദീകരിക്കുകയില്ല. അത് എന്തുകൊണ്ടാണ് അങ്ങനെ രൂപപ്പെട്ടത്, അതിനുള്ളിൽ എന്തെല്ലാം ചരിത്രപരവും സാമൂഹികവും ഭാഷാപരവുമായ ശക്തികൾ പ്രവർത്തിക്കുന്നു, അതിന്റെ പരിധികൾ എന്തൊക്കെയാണ് എന്നീ ചോദ്യങ്ങളിലൂടെയാണ് അനുഭവം ബൗദ്ധികമായി വികസിക്കുന്നത്. ഈ ചോദ്യങ്ങൾ അപ്രസക്തമാകുമ്പോൾ അനുഭവം അറിവിലേക്കുള്ള വഴിയല്ല, അറിവിന് പകരമായി മാറുന്നു.
അനുഭവകേന്ദ്രീകൃത ഭാവുകത്വം വ്യക്തിപരമായ അനുഭവത്തെ അതിന്റെ സന്ദർഭങ്ങളിൽ നിന്ന് വേർപെടുത്തുന്നു. ചരിത്രം അനുഭവത്തിന്റെ പശ്ചാത്തലമായി ചുരുങ്ങുന്നു; സമൂഹം വ്യക്തിയുടെ വികാരങ്ങളുടെ വേദിയായി മാറുന്നു; അധികാര ബന്ധങ്ങൾ സ്വകാര്യ സംഘർഷങ്ങളായി പുനർനിർമിക്കപ്പെടുന്നു. അനുഭവം അപ്പോൾ വിശാലമായ യാഥാർഥ്യത്തിലേക്കുള്ള ജാലകമല്ല, സ്വയം അടഞ്ഞ ഒരു ലോകമാണ്. വായിക്കുന്നയാൾ അനുഭവത്തിന്റെ തീവ്രത അനുഭവിക്കുന്നു; പക്ഷേ അതിനെ സാധ്യമാക്കിയ ലോകത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കപ്പെടുന്നില്ല.
ഇതിന്റെ ഏറ്റവും സൂക്ഷ്മമായ രൂപം അനുഭവത്തെ വിമർശനാതീതമാക്കുന്നതിലാണ്. ഒരു കഥാപാത്രത്തിന്റെ വേദന, അപമാനം, നഷ്ടം, സ്നേഹം, ഭയം എന്നിവ വായിക്കുന്നയാളിൽ വൈകാരിക പ്രതികരണം സൃഷ്ടിക്കുന്നു. എന്നാൽ ആ പ്രതികരണം അനുഭവത്തെ മനസ്സിലാക്കുന്നതിനു പകരം അനുഭവത്തെ സ്വയംസാധൂകരണമായി അംഗീകരിക്കുന്നിടത്ത് ഭാവുകത്വം ബൗദ്ധികവിരുദ്ധമായി പ്രവർത്തിക്കുന്നു. അനുഭവത്തോട് യോജിക്കുക എളുപ്പമാകുന്നു. അനുഭവത്തെ വിശദീകരിക്കുക അനാവശ്യമാകുന്നു.
അനുഭവത്തിന്റെ സാഹിത്യപ്രാധാന്യത്തെ നിഷേധിക്കുകയല്ല. സാഹിത്യം മനുഷ്യാനുഭവത്തിന്റെ ഏറ്റവും സങ്കീർണമായ രൂപങ്ങളെ ഭാഷയിലേക്ക് കൊണ്ടുവരുന്നു. പക്ഷേ ആ അനുഭവങ്ങളുടെ മൂല്യം അവയുടെ വൈകാരിക തീവ്രതയിൽ മാത്രമല്ല, അവയിലൂടെ ലോകത്തെ പുതിയ രീതിയിൽ മനസ്സിലാക്കാനുള്ള സാധ്യതയിലാണ്. അനുഭവം സ്വയം അടഞ്ഞ ഒരു സത്യമായി മാറുന്നിടത്ത് ആ സാധ്യത ഇല്ലാതാകുന്നു.
അതിനാൽ അനുഭവകേന്ദ്രീകൃത ഭാവുകത്വം അനുഭവത്തെ ചരിത്രത്തിൽ നിന്നും സമൂഹത്തിൽ നിന്നും വ്യാഖ്യാനത്തിൽ നിന്നും വിമുക്തമാക്കുന്നു. വായനക്കാരൻ അപ്പോൾ അനുഭവത്തെ വിശ്വസിക്കുന്നു; പക്ഷേ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ ഏറ്റവും ഫലപ്രദമായ പ്രവർത്തനങ്ങളിലൊന്നാണ് ഇത്. കാരണം അത് ചിന്തയെ തടയുന്നില്ല; അനുഭവത്തിന്റെ തീവ്രതയിലൂടെ ചിന്തയുടെ ആവശ്യകതയെ തന്നെ മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്.
താദാത്മ്യത്തിന്റെ ആധിപത്യം
താദാത്മ്യത്തെ സാഹിത്യത്തിന്റെ അന്തിമലക്ഷ്യമായി ഉയർത്തുന്നതും ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിൽ കാണാം. സാഹിത്യം വായിക്കുന്നയാളെ മറ്റൊരാളുടെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നുവെന്നത് അതിന്റെ അടിസ്ഥാന ശേഷികളിലൊന്നാണ്. എന്നാൽ ഈ പ്രവേശനം മറ്റൊരു മനുഷ്യനെ മനസ്സിലാക്കാനുള്ള അവസരമാകുന്നതിനുപകരം, അയാളുടെ വികാരങ്ങളിൽ പങ്കുചേരുന്നതിൽ മാത്രം അവസാനിക്കുമ്പോൾ താദാത്മ്യം ബൗദ്ധികവിരുദ്ധ ഭാവുകത്വമായി പ്രവർത്തിക്കാൻ തുടങ്ങുന്നു.
താദാത്മ്യത്തിന്റെ പ്രശ്നം അതിന്റെ സാന്നിധ്യമല്ല, അതിന്റെ ആധിപത്യമാണ്. ഒരു കഥാപാത്രത്തിന്റെ വേദനയിൽ പങ്കുചേരുകയോ സന്തോഷത്തിൽ ആഹ്ലാദിക്കുകയോ ചെയ്യുന്നത് സാഹിത്യാനുഭവത്തിന്റെ സ്വാഭാവിക ഘടകമാണ്. എന്നാൽ ആ വികാരങ്ങൾ രൂപപ്പെട്ട സാമൂഹികവും ചരിത്രപരവും രാഷ്ട്രീയപരവുമായ സാഹചര്യങ്ങൾ അപ്രസക്തമാകുമ്പോൾ, വൈകാരിക പങ്കാളിത്തം മനസ്സിലാക്കലിനെ മാറ്റിസ്ഥാപിക്കുന്നു. വായിക്കുന്നയാൾ കഥാപാത്രത്തോടൊപ്പം അനുഭവിക്കുന്നു; പക്ഷേ കഥാപാത്രത്തെ രൂപപ്പെടുത്തിയ ലോകത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.
ഈ ഭാവുകത്വം വായിക്കുന്നയാളും കഥാപാത്രത്തിനുമിടയിലെ വിമർശനാത്മക അകലം ക്രമേണ ഇല്ലാതാക്കുന്നു. മറ്റൊരാളുടെ അനുഭവത്തെ മനസ്സിലാക്കാൻ ഈ അകലം അനിവാര്യമാണ്. കാരണം മനസ്സിലാക്കൽ എന്നത് മറ്റൊരാളായി മാറുകയല്ല; അയാളുടെ അനുഭവം സാധ്യമാക്കിയ സാഹചര്യങ്ങളെ തിരിച്ചറിയുകയാണ്. താദാത്മ്യം ഈ അകലം പൂർണമായി ഇല്ലാതാക്കുമ്പോൾ, കഥാപാത്രം ഒരു സാമൂഹിക യാഥാർഥ്യത്തിന്റെ ഭാഗമല്ലാതെ വായനക്കാരന്റെ വൈകാരിക സ്വത്വത്തിന്റെ ഭാഗമായിത്തീരുന്നു. അപ്പോൾ അനുഭവം വികസിക്കുന്നില്ല; അത് ആത്മസ്ഥിരീകരണമായി മാറുന്നു.
താദാത്മ്യകേന്ദ്രീകൃത നില വ്യക്തിയെ ലോകത്തിന് പകരമാക്കുന്നു. കഥാപാത്രത്തിന്റെ ജീവിതം തന്നെ സമൂഹത്തിന്റെ വിശദീകരണമായി അവതരിപ്പിക്കപ്പെടുന്നു. വ്യക്തിപരമായ വേദന ചരിത്രത്തിന്റെ സ്ഥാനവും സ്വകാര്യ സംഘർഷം സാമൂഹിക വൈരുധ്യത്തിന്റെ സ്ഥാനവും കൈക്കൊള്ളുന്നു. ഈ സ്ഥാനമാറ്റത്തിലൂടെ സാമൂഹിക യാഥാർഥ്യത്തിന്റെ സങ്കീർണത അദൃശ്യമാകുകയും വൈകാരിക സാന്നിധ്യം മാത്രം ദൃശ്യമാവുകയും ചെയ്യുന്നു.
അതിനാൽ പ്രശ്നം താദാത്മ്യം സൃഷ്ടിക്കുന്നതിലല്ല; താദാത്മ്യത്തിൽ വായന അവസാനിക്കുന്നതിലാണ്. മികച്ച സാഹിത്യം വായനക്കാരനെ കഥാപാത്രത്തിലേക്ക് അടുപ്പിക്കുന്നു; എന്നാൽ അതേ സമയം കഥാപാത്രത്തിൽ നിന്ന് പുറത്തേക്കും നയിക്കുന്നു. വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്കും, വികാരത്തിൽ നിന്ന് ചരിത്രത്തിലേക്കും, അനുഭവത്തിൽ നിന്ന് അധികാരബന്ധങ്ങളിലേക്കും വായനയെ വികസിപ്പിക്കുന്നു. ബൗദ്ധികവിരുദ്ധ ഭാവുകത്വം ഈ ചലനത്തെ തടയുന്നു. കഥാപാത്രത്തെ മനസ്സിലാക്കുന്നതും ലോകത്തെ മനസ്സിലാക്കുന്നതും തമ്മിലുള്ള ബന്ധം വിച്ഛേദിച്ച് വൈകാരിക സംതൃപ്തിയെ തന്നെ വായനയുടെ അന്തിമഫലമാക്കി മാറ്റുന്നു.
ഈ അർഥത്തിൽ താദാത്മ്യകേന്ദ്രീകൃത നില വായനക്കാരന്റെ വികാരങ്ങളെ ദുർബലമാക്കുന്നില്ല; മറിച്ച് അവയെ സ്വയംപര്യാപ്തമാക്കുന്നു. വികാരങ്ങൾ പുതിയ ചോദ്യങ്ങളിലേക്ക് നയിക്കാതെ, ചോദ്യങ്ങളുടെ ആവശ്യകതയെ തന്നെ ഇല്ലാതാക്കുന്നു. ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ ഏറ്റവും സൂക്ഷ്മമായ രൂപങ്ങളിലൊന്നാണ് ഇത്. കാരണം അത് ചിന്തയെ നിഷേധിക്കുന്നില്ല; വികാരത്തിന്റെ പൂർണതയിലൂടെ ചിന്തയുടെ തുടർച്ചയെ അവസാനിപ്പിക്കുന്നു.
വായനക്കാരന്റെ മുൻധാരണകളെ സ്ഥിരീകരിക്കുന്ന പ്രവണതയാണ് മറ്റൊരു ലക്ഷണം. സാഹിത്യത്തിന്റെ ബൗദ്ധിക പ്രാധാന്യം വായനക്കാരന് മുമ്പ് അറിയാത്ത വിവരങ്ങൾ നൽകുന്നതിൽ ഒതുങ്ങുന്നില്ല. ലോകത്തെക്കുറിച്ചുള്ള സ്വന്തം ഉറപ്പുകളെ പുനഃപരിശോധിക്കാൻ അയാളെ പ്രേരിപ്പിക്കുന്നതിലേക്ക് അത് വ്യാപിക്കുന്നു. ഈ സാധ്യത ഇല്ലാതാകുമ്പോൾ ഭാവുകത്വം അന്വേഷണത്തിന്റെ മാധ്യമമല്ലാതെ ആത്മസ്ഥിരീകരണത്തിന്റെ മാധ്യമമായി മാറുന്നു.
സ്ഥിരീകരണാത്മകത വായിക്കുന്നയാളെ അയാൾ ഇതിനകം വിശ്വസിച്ചിരുന്നതും അനുഭവിച്ചിരുന്നതും ശരിയായിരുന്നുവെന്ന ബോധമാണ് ശക്തിപ്പെടുത്തുന്നത്. ആഖ്യാനത്തിന്റെ പുരോഗതി ഒരു കണ്ടെത്തലിലേക്കല്ല, ഒരു തിരിച്ചറിയലിലേക്കാണ് നയിക്കുന്നത്. ഓരോ സംഭവവും ഓരോ കഥാപാത്രവും ഓരോ വൈകാരിക പ്രതികരണവും വായനക്കാരന്റെ നിലവിലുള്ള ലോകബോധത്തെ വീണ്ടും ഉറപ്പിക്കുന്ന രീതിയിലാണ് ക്രമീകരിക്കപ്പെടുന്നത്. വായനയ്ക്കുശേഷം പുതിയൊരു ചോദ്യം ജനിക്കുന്നില്ല. പകരം പഴയ ഉത്തരങ്ങൾ കൂടുതൽ ഉറപ്പിക്കപ്പെടുന്നു.
ഇത് ആശയപരമായ യോജിപ്പിന്റെ പ്രശ്നം മാത്രമല്ല. ഒരു കൃതിയോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ ബൗദ്ധികമായി പ്രസക്തമായ സാഹിത്യം യോജിപ്പിനുള്ളിലും അസ്വസ്ഥത സൃഷ്ടിക്കുന്നു. സ്വന്തം നിലപാടുകളെക്കുറിച്ച് വീണ്ടും ചിന്തിക്കാനും അവയുടെ പരിധികളെ തിരിച്ചറിയാനും അത് വായനക്കാരനെ നിർബന്ധിക്കുന്നു. സ്ഥിരീകരണാത്മകത ഈ അസ്വസ്ഥതയെ ഒഴിവാക്കുന്നു. യോജിപ്പ് തന്നെ വായനയുടെ അന്തിമലക്ഷ്യമായി മാറുന്നു.
ഈ പ്രവണതയുടെ ഫലം ലോകത്തെക്കുറിച്ചുള്ള ബോധം വികസിക്കാതിരിക്കുന്നതാണ്. വായിക്കുന്നയാൾ കൃതിയിൽ നിന്ന് വൈകാരിക സംതൃപ്തി നേടിയേക്കാം. പക്ഷേ ആ സംതൃപ്തി സ്വന്തം ബോധത്തിന്റെ പുനഃസംഘാടനത്തിലേക്ക് നയിക്കുന്നില്ല. പുതിയ അനുഭവങ്ങൾ പോലും നിലവിലുള്ള മാനസികഘടനകളിലേക്ക് ലയിച്ചുചേരുന്നു. സാഹിത്യം അപ്പോൾ വ്യത്യാസത്തെ അനുഭവിക്കാനുള്ള ഇടമല്ല. സ്വത്വബോധത്തെ വീണ്ടും ഉറപ്പിക്കുന്ന ഇടമായി മാറുന്നു.
സ്ഥിരീകരണാത്മകത യാഥാസ്ഥിതിക ആശയധാരകളുടെ മാത്രം സ്വഭാവമല്ല. പുരോഗമനപരമായ രാഷ്ട്രീയവാദങ്ങൾക്കും ഇതേ ഭാവുകത്വം സ്വീകരിക്കാൻ കഴിയും. വായിക്കുന്നയാളെ പുതിയ ചിന്തകളിലേക്ക് നയിക്കുന്നതിനുപകരം, മുമ്പേ അംഗീകരിച്ച രാഷ്ട്രീയ-ധാർമിക നിലപാടുകളെ വീണ്ടും വൈകാരികമായി സാധൂകരിക്കുകയാണെങ്കിൽ, അത് ബൗദ്ധികമായി വിമോചനപരമായി പ്രവർത്തിക്കുന്നില്ല. ആശയത്തിന്റെ സ്വഭാവമല്ല ഇവിടെ നിർണായകം; ആ ആശയം വായിക്കുന്നയാളിൽ സൃഷ്ടിക്കുന്ന ഭാവുകത്വയുക്തിയാണ്.
സ്ഥിരീകരണാത്മകതയുടെ ഏറ്റവും വലിയ നേട്ടമായി മാറുന്നത് വായിക്കുന്നയാൾക്ക് മാറ്റത്തിന്റെ അനുഭവം നൽകിക്കൊണ്ട് മാറ്റത്തെ തന്നെ അസാധ്യമാക്കുന്നതിലാണ്. കൃതി വായിച്ചുതീർന്നപ്പോൾ അയാൾക്ക് ആഴത്തിൽ സ്പർശിക്കപ്പെട്ടുവെന്ന തോന്നലുണ്ടാകാം, എന്നാൽ ലോകത്തെക്കുറിച്ചുള്ള അയാളുടെ അടിസ്ഥാനബോധം വീണ്ടും ചോദ്യം ചെയ്യപ്പെടാതെയോ മാറ്റമില്ലാതെയോ തുടരുന്നു.
ഉറപ്പിന്റെ ഉൽപ്പാദനം
ബൗദ്ധികവിരുദ്ധ ഭാവുകത്വത്തിന്റെ ഏറ്റവും ആഴത്തിലുള്ള പ്രവർത്തനരീതി ഉറപ്പിന്റെ ഉൽപ്പാദനമാണെന്നു ഇവയിൽ നിന്നെല്ലാം വ്യക്തമാകുന്നു. പ്രശ്നം ഒരു കൃതി വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്നതല്ല. എല്ലാ സാഹിത്യകൃതികൾക്കും ഏതെങ്കിലും തരത്തിലുള്ള നൈതികവും സൗന്ദര്യപരവും രാഷ്ട്രീയപരവുമായ ദിശകളുണ്ടാകും. എന്നാൽ ബൗദ്ധികവിരുദ്ധ ഭാവുകത്വം ഈ ദിശകളെ അന്വേഷണത്തിന്റെ ഫലമായല്ല, മുൻകൂട്ടി അംഗീകരിക്കപ്പെടേണ്ട സത്യങ്ങളായാണ് അവതരിപ്പിക്കുന്നത്. വായനയുടെ അവസാനം വായിക്കുന്നയാൾ എത്തിച്ചേരേണ്ട നിഗമനം ആഖ്യാനത്തിനുള്ളിൽ തന്നെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു.
ബൗദ്ധികവിരുദ്ധ ഭാവുകത്വം അനിശ്ചിതത്വത്തെ ഒരു ബൗദ്ധിക സാധ്യതയായി കാണുന്നില്ല. അത് അനിശ്ചിതത്വത്തെ പരിഹരിക്കേണ്ട പ്രശ്നമായി കാണുന്നു. അതുകൊണ്ട് എല്ലാ വൈരുധ്യങ്ങളും ഒടുവിൽ ഒരു അന്തിമവിധിയിലേക്ക് ചുരുക്കപ്പെടുന്നു. മനുഷ്യരുടെ സങ്കീർണത ധാർമിക ഉറപ്പുകളായി, ചരിത്രത്തിന്റെ അനിശ്ചിതത്വം വ്യക്തമായ കാരണബന്ധങ്ങളായി, സാമൂഹിക സംഘർഷങ്ങൾ ലളിതമായ ന്യായ-അന്യായ വിഭജനങ്ങളായി രൂപാന്തരപ്പെടുന്നു. ലോകം ക്രമേണ വായിക്കേണ്ട യാഥാർഥ്യമല്ല, അംഗീകരിക്കേണ്ട ക്രമമായി മാറുന്നു.
നിശ്ചയാത്മകത വായനക്കാരന് ബൗദ്ധിക സുരക്ഷിതത്വം നൽകുന്നു. ലോകത്തെക്കുറിച്ച് വിധിനിർണയം നടത്തുന്നതിനുമുമ്പ് അതിനെക്കുറിച്ച് ദീർഘമായി ചിന്തിക്കേണ്ട ആവശ്യമില്ലെന്ന തോന്നലാണ് അത് സൃഷ്ടിക്കുന്നത്. ഓരോ ചോദ്യത്തിനും മതിയായ ഉത്തരമുണ്ടെന്നും ഓരോ പ്രശ്നത്തിനും വ്യക്തമായ വിശദീകരണമുണ്ടെന്നും ഓരോ അനുഭവത്തിനും സ്വാഭാവികമായ അർഥമുണ്ടെന്നും ആഖ്യാനം നിരന്തരം സൂചിപ്പിക്കുന്നു. അപ്പോൾ വായന ബൗദ്ധിക അന്വേഷണത്തിന്റെ അനുഭവമല്ല, ഉറപ്പിന്റെ അനുഭവമായി മാറുന്നു.
തുടരും
Featured Image: Héctor J. Rivas


Comments are closed.