‘ഉപയോഗ’ കേന്ദ്രീകൃതമായ മനുഷ്യന്റെ മൃഗങ്ങളോടുള്ള സമീപനത്തെക്കുറിച്ച് മൃഗങ്ങളുടെ കാഴ്ച്ചപ്പാട് എന്തായിരിക്കും എന്നതിനെക്കുറിച്ചുള്ള ഭാവനാത്മകമായ അന്വേഷണമാണ് പത്താം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഇഖ്‌വാനു സ്വഫാ എന്ന പേരിലറിയപ്പെട്ട ഒരു കൂട്ടം ചിന്തകർ രചിച്ച ‘മനുഷ്യനും മൃഗങ്ങളും: ഒരു പരാതി’. നാല് ഭാഗങ്ങളായി തിരിച്ച ഇഖ്‌വാനു സ്വഫയുടെ വിശാലമായ രചനകൾ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം, നിയമം, ദൈവശാസ്ത്രം, മതം എന്നിവയെക്കുറിച്ചുള്ള ചർച്ചകളിലായി അമ്പത്തി രണ്ട് ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന കേസ് അടങ്ങിയ രചന ഭൗതിക ശാസ്ത്രത്തെക്കുറിച്ചുള്ള രണ്ടാമത്തെ വിഭാഗത്തിലെ എട്ടാമത്തെ ലേഖനത്തിൽ ”മൃഗങ്ങളുടെ തലമുറയെയും അവയുടെ തരങ്ങളെയും കുറിച്ച്” എന്ന തലക്കെട്ടിൽ കാണാം.

മനുഷ്യനെക്കുറിച്ചുള്ള മറ്റു ജീവികളുടെ പരാതികളുടെ വിസ്താരമാണ് രചനയുടെ ഉള്ളടക്കം. വന്യമൃഗങ്ങളെയും ഇരപിടിയൻ ജീവികളെയും ഭയന്ന് ഒളിച്ചുകഴിഞ്ഞ ആദ്യകാലത്ത് എണ്ണത്തിൽ കുറവായിരുന്ന മനുഷ്യ വംശം ജനസംഖ്യ വർധിച്ചതോടെ നഗരങ്ങൾ പണിയുകയും, സമതലങ്ങളിൽ താമസമാക്കുകയും ചെയ്തു. അവർ കന്നുകാലികളെയും മൃഗങ്ങളെയും അടിമകളാക്കി, സവാരി, വലിക്കൽ, മെതിക്കൽ തുടങ്ങിയ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു; അവർ മൃഗങ്ങളെ പലതരത്തിലുള്ള സേവനങ്ങൾക്കുപയോഗിച്ച്‌ തളർത്തി. അവയുടെ കഴിവിനപ്പുറമുള്ള ജോലികൾ അടിച്ചേൽപ്പിക്കുകയും, സ്വന്തം ലക്ഷ്യങ്ങൾ തേടുന്നതിൽ നിന്ന് അവയെ തടയുകയും ചെയ്തു. മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മുന്നോട്ട് വന്ന കോവർകഴുതയുടെ അഭിപ്രായത്തിൽ മനുഷ്യർ ”ഞങ്ങളെ ഇത്തരം ജോലികൾ അടി തുടങ്ങിയ മർദ്ദനമുറകൾ അഴിച്ചുവിട്ട് നിർബന്ധിപ്പിക്കുകയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പീഢനത്തിന് വിധേയമാക്കുകയും ചെയ്യുകയാണ്”. കാട്ടുകഴുതകൾ, മാനുകൾ, ഇരപിടിയൻ മൃഗങ്ങൾ, വന്യജീവികൾ, പക്ഷികൾ അടക്കം ചില ജീവികൾ മരുഭൂമികളിലേക്കും വനങ്ങളിലേക്കും പലായനം ചെയ്തതിനാൽ ഈ അടിമത്വത്തിൽ നിന്ന് രക്ഷപ്പെട്ടു.

ചില മൃഗങ്ങൾ പച്ചക്കടലിന്റെ നടുവിലുള്ള ഒരു ദ്വീപിലേക്ക് പിൻവാങ്ങി. ഒരു കപ്പൽ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട ചില മനുഷ്യർ അവിടെയും എത്തി. അവർ മൃഗങ്ങളെ തങ്ങളുടെ സേവനത്തിന് നിർബന്ധിതരാക്കുവാൻ തുടങ്ങിയതോടെ (മൃഗങ്ങൾ തങ്ങളുടെ അടിമകളാണെന്ന് അവർ വിശ്വസിച്ചിരുന്നു) മൃഗങ്ങൾ ജിന്നുകളുടെ രാജാവിനോട് മനുഷ്യർക്കെതിരായ അവരുടെ പരാതികൾ തീർപ്പാക്കാൻ സഹായമഭ്യർത്ഥിച്ചു. മനുഷ്യേതര ജീവജാലങ്ങളുമായുള്ള നമ്മുടെ ബന്ധത്തിൽ ഇന്ന് നിലനിക്കുന്ന ‘ഉപയോഗ’ കേന്ദ്രീകൃത മാതൃകയിൽ നിന്നും പരസ്പര സഹവർത്തിത്വത്തിന്റെ സഹകരണപരമായ ഒരു മാതൃക പുനർവിചിന്തനം ചെയ്യുന്നതിലേക്ക് മനുഷ്യേതര മൃഗങ്ങളുമായുള്ള സംഭാഷണം നമ്മെ എത്തിക്കും. അങ്ങനെ ചെയ്യുന്നത്, ചൂഷണപരവും കീഴ്‌പ്പെടുത്തുന്നതുമായ നമ്മുടെ ബന്ധങ്ങൾ ഉണ്ടാക്കുന്ന സ്വാധീനം കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ നമ്മെ അനുവദിക്കും.

എല്ലാ മൃഗങ്ങളും തങ്ങളുടെ അടിമകളാണെന്ന വാദത്തെ സാധൂകരിക്കുന്നതിന് രേഖയും, തെളിവും ആവശ്യപ്പെട്ട് ജിന്നുകളുടെ രാജാവ് മനുഷ്യരോട് അഭ്യർത്ഥിക്കുന്നതോടെയാണ് കേസുമായി ബന്ധപ്പെട്ട വാദങ്ങൾ ആരംഭിക്കുന്നത്. മനുഷ്യൻ തന്റെ അവകാശവാദത്തെ സാധൂകരിക്കാൻ മതഗ്രന്ഥങ്ങളും യുക്തിസഹമായ തെളിവുകളും മുന്നോട്ടുവെച്ചു. ഖുർആൻ, തോറ, സുവിശേഷങ്ങൾ എന്നിവയിലെ വാക്യങ്ങൾ അയാൾ പരാമർശിച്ചു. മൃഗങ്ങൾ മനുഷ്യരാശിയുടെ ഉപയോഗത്തിനായി സൃഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുന്ന വാചകങ്ങളായിരുന്നു അവ. ഈ സമയം മൃഗങ്ങളുടെ ഭാഗം അവതരിപ്പിക്കുന്നതിനായി കോവർകഴുത മുന്നോട്ടുവന്നു. ഏകനും അതുല്യനും സദാ വസിക്കുന്നവനും ശാശ്വതനുമായ ദൈവം തന്റെ ‘കുൻ’ (ഉണ്ടാകുക) എന്ന ദൈവിക കൽപ്പനയിലൂടെ സൃഷ്ടികർമം നടത്തി. തീയും, വെള്ളവും, നക്ഷത്ര സമൂഹങ്ങളും, ആകാശവും, ഭൂമിയും, പർവതങ്ങളും, മാലാഖമാരും, ജിന്നുകളും, മൃഗങ്ങളും, സസ്യങ്ങളും, മനുഷ്യരും അടക്കമുള്ളതെല്ലാം സൃഷ്ടിക്കപ്പെട്ടു. ഇവയെല്ലാം മനുഷ്യരാശിക്ക് ഒരു ദയയും അനുഗ്രഹവുമായാണ് നൽകപ്പെട്ടത്. കാരണം തീർച്ചയായും സൂര്യനെയും ചന്ദ്രനെയും കാറ്റിനെയും മേഘങ്ങളെയും മനുഷ്യർക്ക് അടിമകളായി കണക്കാക്കാനാവില്ല! അതുപോലെ, ദൈവം മനുഷ്യർ ഭൂമിയിൽ തലമുറകളായി ജീവിക്കാൻ ഉദ്ദേശിച്ചു, ”അതിൽ വസിക്കാൻ, മറിച്ച് പാഴാക്കാനല്ല. മൃഗങ്ങളെ പരിപാലിക്കുകയും അവയിൽ നിന്ന് ലാഭം നേടുകയും ചെയ്യുക, പക്ഷേ അവയോട് മോശമായി പെരുമാറുകയോ അടിച്ചമർത്തുകയോ ചെയ്യരുത്” കോവർകഴുത തന്റെ മറുപടിയിൽ വിശദീകരിച്ചുകൊണ്ട് തുടർന്നു. വേദഗ്രന്ഥങ്ങളിൽ നിന്നുള്ള വാക്യങ്ങൾ മനുഷ്യരെ യജമാനന്മാരായും മൃഗങ്ങളെ അടിമകളായും കണക്കാക്കുന്നില്ല. അവ മനുഷ്യരുടെ മേൽ ദൈവം വർഷിച്ച ദയയെയും അനുഗ്രഹങ്ങളെയും മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. തീർച്ചയായും, ഖുർആനിക ഉദ്ധരണികൾ പൂർണമായും പരിശോധിക്കുമ്പോൾ, ഇവയിലെല്ലാം ഉന്നയിക്കുന്ന കാര്യം ദൈവിക കൃപയുടെയും മനുഷ്യരാശിയോടുള്ള ഉദാരതയുടെയും ഭാഗമായി മനുഷ്യന്റെ ആവശ്യങ്ങൾക്കായി പ്രകൃതിയെ ദൈവം പൊരുത്തപ്പെടുത്തുന്നതാണെന്ന് മനസ്സിലാക്കാൻ കഴിയും.

വാദത്തിലെ എതിർകക്ഷികൾ വിശുദ്ധവചനങ്ങളെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നുവെന്നത് വേദഗ്രന്ഥങ്ങൾക്ക് പത്താം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന വ്യത്യസ്തമായ വായനകളെ സൂചിപ്പിക്കുന്നുണ്ട്. വാദത്തിൽ തുടർന്ന് കൃത്യമായ തെളിവുകളിൽ ഉറച്ചുനിൽക്കുന്ന അവകാശവാദങ്ങൾ മാത്രം തെളിവായി അംഗീകരിക്കാൻ ജിന്ന് രാജാവ് തീരുമാനിക്കുന്നു. ഈ നീക്കം നിർണായകമാകുന്നത് വിശുദ്ധ വചനങ്ങളെ തെളിവുകളുടെ ഗണത്തിൽ നിന്ന് നീക്കം ചെയ്യുന്നതിലല്ല, മറിച്ച്, അവ എങ്ങനെ മനസ്സിലാക്കണം എന്നതിനെക്കുറിച്ചുള്ള യുക്തിസഹമായ വ്യവഹാരങ്ങൾ ഉൾപ്പെടുത്തുന്നതിനാണ്. ഇസ്‌ലാമിക ലോകത്ത് ഒൻപത് മുതൽ പന്ത്രണ്ട് നൂറ്റാണ്ട് വരെയുള്ള കാലഘട്ടങ്ങളിൽ തത്വചിന്തയുടെ വ്യാപനം പ്രകടമാകുന്നത്തിൽ പ്രധാന പങ്ക് ഗ്രീക്ക്‌ ദാർശനിക കൃതികളുമായുള്ള വർധിച്ച ഇടപാടുകൾക്കുണ്ട്. ഇഖ്‌വാനു സ്വഫയെ നിയോപ്‌ളാറ്റോണിസ്റ്റുകളായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ, വിശുദ്ധ വചനങ്ങളുടെ അക്ഷര വായനയിൽ നിന്ന് മാറി, അക്കാലത്തെ മറ്റു വിജ്ഞാന ശാഖകൾ ഉൾപ്പെടുത്തിയുള്ള കൂടുതൽ വ്യാഖ്യാനാത്മകമായ രീതിയിലേക്കുള്ള മാറ്റം ഇവിടെ പ്രകടമാണ്.

മനുഷ്യന്റെ തുടർന്നുള്ള വാദം ഇപ്രകാരമാണ്. “ഞങ്ങളുടെ രൂപസൗന്ദര്യം, ശരീരത്തിന്റെ നിവർന്നുനിൽക്കാനുള്ള ശേഷി, തീക്ഷ്ണമായ ഇന്ദ്രിയങ്ങൾ, വിവേചനത്തിലെ സൂക്ഷ്മത, കുശാഗ്രമായ മനസ്സ്, ഉന്നതമായ ബുദ്ധി എന്നിവയെല്ലാം സൂചിപ്പിക്കുന്നത് ഞങ്ങൾ യജമാനന്മാരാണെന്നും അവർ അടിമകളാണെന്നുമാണ്”. പ്രകൃതിയുടെ വീക്ഷണത്തിൽ മനുഷ്യന് അവന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ അനുയോജ്യമായത് അവന്റെ രൂപമാണ്. അതേസമയം ഓരോ ജീവിക്കും അവയുടേതായ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഏറ്റവും ഇണങ്ങുന്ന രൂപമാണ് ഉള്ളത്. അതായത്, രൂപം പ്രവർത്തനവുമായി ആപേക്ഷികമാണ്, ഓരോ ജീവിവർഗത്തിനും അതിന്റെ പാരിസ്ഥിതിക ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ഒരു രൂപമുണ്ട് എന്ന മറുവാദത്തിലൂടെ മൃഗങ്ങൾ മനുഷ്യന്റെ രൂപത്തെക്കുറിച്ചുള്ള അവകാശവാദങ്ങളുടെ മുനയൊടിച്ചു.

ഇവിടെ മനുഷ്യൻ ശരിയായ രൂപം എന്നതിന്റെ കൂടുതൽ പ്രതീകാത്മക അർത്ഥങ്ങളിലേക്കാണ് തുടർന്ന് നീങ്ങുന്നത്. ആദം സൃഷ്ടിക്കപ്പെട്ട നാളിൽ എല്ലാ ഗ്രഹനിലകളെയും ദൈവം പരിപൂർണ്ണമാക്കിയിരുന്നു. ഏറ്റവും മികച്ചതും തികഞ്ഞ ഘടനയുള്ളതുമായ ഒരു രൂപത്തിലാണ് മനുഷ്യനുള്ളത്. മൃഗങ്ങളുടെ രൂപങ്ങളാകട്ടെ, ചെറിയ ശരീരമുള്ള മുയലുകൾക്ക് വലിയ ചെവികൾ, കൂറ്റൻ ആനയുടെ ചെറിയ കണ്ണുകൾ, തുടങ്ങിയ ക്രമക്കേടുകൾ നിറഞ്ഞതായി മനുഷ്യൻ ചൂണ്ടിക്കാണിച്ചു. മൃഗങ്ങളുടെ സൃഷ്ടിയിൽ അന്തർലീനമായ സൗന്ദര്യവും ജ്ഞാനവും മനുഷ്യർക്ക് അറിയാത്തതാണ് പ്രശ്‌നമെന്നും, സർവ്വ ജ്ഞാനിയായ സ്രഷ്ടാവിനാൽ അവയ്ക്ക് നൽകിയ രൂപങ്ങളുടെ കാരണവും ലക്ഷ്യവും അവൻ അറിയാമെന്നും മൃഗങ്ങൾ തിരിച്ചടിക്കുന്നു.

ശാരീരിക രൂപഘടനയെക്കുറിച്ചുള്ള മനുഷ്യന്റെ വാദത്തെ മൃഗങ്ങൾ സമർത്ഥമായി സ്രഷ്ടാവിന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ഇയ്യോബ് 39, 40ൽ ദൈവം നൽകുന്ന മറുപടിയിലേക്ക് (നിന്റെ വിവേകത്താലോ പരുന്തു പറക്കുകയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു?. ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ.) തിരിച്ചുവിടുന്നതോടൊപ്പം സൗന്ദര്യം ആപേക്ഷികമാണെന്ന വാദവും മുന്നോട്ട് വയ്ക്കുന്നു. ഓരോ ജീവിവർഗത്തിനും കൃത്യമായ അനുപാതങ്ങളും കൈകാലുകളും ഉണ്ട്, അത് പ്രയോജനപ്രദമായത് തേടാനും ദോഷകരമായത് ഒഴിവാക്കാനും അത് കാര്യക്ഷമമായി പ്രാപ്തമാക്കുകയും, അതുവഴി ദൈവം എല്ലാ കാര്യങ്ങളെയും നയിക്കുന്നുവെന്ന് ഖുർആനിൽ ദൈവം വിശദീകരിക്കുന്നുണ്ട് (20:52)

മൃഗങ്ങളുമായുള്ള അടിമ-ഉടമ ബന്ധത്തെ ന്യായീകരിക്കാൻ മനുഷ്യർ ഉന്നയിക്കുന്ന വാദങ്ങൾ തുടർന്ന് സ്വത്തിന്റെ കാര്യത്തിലേക്ക് നീങ്ങുന്നു. മൃഗങ്ങളെ വാങ്ങുകയും വിൽക്കുകയും അവയെ മേയ്ക്കുകയും വെള്ളം നൽകുകയും പാർപ്പിടം നൽകുകയും വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും രോഗങ്ങളെ ചികിത്സിക്കുകയും പരിശീലിപ്പിക്കുകയും പ്രായമാകുമ്പോൾ അവയെ മേച്ചിൽപ്പുറത്ത് വിടുകയും എല്ലാം മനുഷ്യന്റെ അഭിപ്രായത്തിൽ യജമാനന്മാരും ഉടമകളും തങ്ങളുടെ ദാസന്മാർക്കും സ്വത്തിനും വേണ്ടി ചെയ്യുന്നതുപോലെ, ദയയും അനുകമ്പയും കൊണ്ടാണ്.

യജമാനന്മാരുടെയും ഉടമകളുടെയും ദയയും അനുകമ്പയും പ്രോത്സാഹനീയമായ ആദർശമായിരിക്കാമെങ്കിലും യാഥാർഥ്യം മറിച്ചാണ് എന്ന് മൃഗങ്ങൾ രാജാവിന് വിവരിക്കുന്നുണ്ട്. ഗ്രീക്കുകാരും പേർഷ്യക്കാരും യുദ്ധം ചെയ്യുമ്പോൾ പരസ്പരം അടിമകളാക്കുന്നു, അവർ രാജാവിനോട് കയർക്കുന്നു; അപ്പോൾ ആരാണ് യജമാനൻ, ആരാണ് അടിമ? അടിമത്തം തീർച്ചയായും ഭാഗ്യദൗർഭാഗ്യങ്ങളുടെ മാറിമറിയലല്ലാതെ മറ്റെന്താണ്? പിടിക്കപ്പെട്ട മൃഗങ്ങൾക്ക് വേണ്ടി മനുഷ്യർ നടത്തുന്ന ഉപജീവനവും, പാർപ്പിടവും, ശുശ്രൂഷയും കണ്ടെത്തലെല്ലാം ലാഭനഷ്ടത്തെക്കുറിച്ചുള്ള ഭയത്തിലും, മൃഗങ്ങളുടെ ഉപയോഗത്തിൽ നിന്ന് മനുഷ്യർക്ക് ലഭിക്കുന്ന നിരവധി നേട്ടങ്ങളിൽ കണ്ണുള്ളതിനാലുമാണ്. അത് യഥാർത്ഥ ദയയോ അനുകമ്പയോ അല്ല. ക്രൂരമായ മർദനങ്ങൾ, കനത്ത ഭാരം ചുമപ്പിക്കൽ, കുഞ്ഞുങ്ങളെ ജനിച്ചയുടനെ അമ്മമാരിൽ നിന്ന് വേർപെടുത്തൽ, ഭക്ഷണത്തിനായി ഇവയെ അറുക്കൽ, ഇവയിലെല്ലാം മനുഷ്യരുടെ കരുണയും അനുകമ്പയും എവിടെയാണ്? മൃഗങ്ങളോട് കരുണയും അനുകമ്പയും കാണിക്കാനുള്ള ഖുർആനിന്റെ നിർദ്ദേശത്തിന് നേർവിരുദ്ധമാണ് ഇവയെല്ലാം. മൃഗങ്ങൾ മറുപടി നൽകി.

ഇന്ന് നമ്മെ അസ്വസ്ഥമാക്കുന്ന ഇത്തരം ചോദ്യങ്ങൾ പത്താം നൂറ്റാണ്ടിൽ ആവിഷ്‌കരിക്കപ്പെടുന്നത് ആശ്ചര്യകരമായ കാഴ്ചയാണ്. ശാരീരിക പീഡനം പോരാത്തതിന്, കഴുതയുടെയും സ്ത്രീയുടെയും ലൈംഗികാവയവത്തെ പരാമർശിച്ച് അസഭ്യമായ പദപ്രയോഗങ്ങളിലൂടെ സഹോദരിമാരെ പരിഹസിച്ച് മനുഷ്യരും പരസ്പരം അപമാനിക്കാറുണ്ടെന്ന കഴുതയുടെ വിലാപം അതിലും ആശ്ചര്യകരമാണ്. ലിംഗഭേദത്തെയും വംശത്തെയും കുറിച്ചുള്ള അനുമാനങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഇന്നത്തെ ഭാഷാപരമായ സംവാദങ്ങളുടെ ആശയങ്ങളിൽ ഇവിടെ പ്രതിഫലിക്കുന്നുണ്ട്. തുടർന്ന് പന്നി തന്റെ പ്രത്യേക പരാതി നൽകാൻ മുന്നോട്ടുവരുന്നു. ചിലർ അതിനെ ശകാരിക്കുന്നു, ചിലർ അതിന്റെ മാംസം ആഘോഷത്തിൽ ഉപയോഗിക്കുന്നു, ചിലർ അതിന്റെ സന്താനോല്പാദനം ഒരു അനുഗ്രഹമായി കണക്കാക്കുന്നു, ചിലർ പന്നി ഉൽപ്പന്നങ്ങൾ ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇതുമൂലമുണ്ടാകുന്ന ആശയക്കുഴപ്പത്തിന് പരിഹാരം കണ്ടെത്താനാണ് പന്നി പരാതിയുമായി വന്നത്. പന്നിയുടെ മാംസം നിയമവിരുദ്ധമായി കണക്കാക്കുന്ന മുസ്‌ലിം പ്രേക്ഷകർക്ക് മുന്നിൽ പന്നിയുടെ വളർച്ചയെക്കുറിച്ചുള്ള വിശാലമായ ധാരണ അവതരിപ്പിക്കുന്നത് ശ്രദ്ധേയമായ ഒരു ശ്രമമാണ്.

ഇത്രയുമായതോടെ വാദവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ നിർത്തിവെച്ച് രാജാവ് തന്റെ സഹ ജിന്നുകളുടെ ഉപദേശം തേടുന്നു. മൃഗങ്ങൾക്ക് അനുകൂലമായി കേസ് വിധിച്ചാൽ എന്താണ് ചെയ്യേണ്ടത്? അവരുടെ സ്വാതന്ത്ര്യം ആരാണ് വാങ്ങുക? മൃഗങ്ങളുടെ അധ്വാനത്തെയും ഉൽപന്നങ്ങളെയും വളരെയധികം ആശ്രയിക്കുന്ന മനുഷ്യർ എങ്ങനെ തുടർന്ന് ജീവിക്കും? അത് മനുഷ്യരും ജിന്നുകളും തമ്മിൽ കൂടുതൽ ശത്രുതയുണ്ടാക്കില്ലേ? പിന്നെ സ്വതവേ വാചാലരായ മനുഷ്യരുടെ വാദങ്ങൾ മൃഗങ്ങളുടെ എതിർപ്പുകളെ മറികടന്നാലോ? മൃഗങ്ങളുടെ ഗതി എന്തായിരിക്കും?

തുടരും.


Featured Image: Matt Nelson

പുസ്തക പരിചയം :

The Case of the Animals versus Man Before the King of the Jinn: An Arabic Critical Edition and English Translation of Epistle 22

Comments are closed.