വിശുദ്ധ ഖുർആൻ അവതരിച്ചത് അറബി ഭാഷയിലായതിനാലും, ഭാഷാന്തരങ്ങൾ അതിന്റെ ഘടനാപരമായ പ്രത്യേകതകളെ ഇല്ലാതെയാക്കും എന്നതിനാലും ഇസ്‌ലാമിക പണ്ഡിതന്മാർ ഖുർആൻ വിവർത്തനത്തെ വ്യാപകമായി അംഗീകരിക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. പ്രവാചകന് വെളിപ്പെടുത്തപ്പെട്ട ഖുർആൻ അറബി ഭാഷയിലാകയാൽ അത് അവിവർത്തിതമായി തന്നെ അവശേഷിക്കണമെന്ന് അവർ വാദിച്ചു. വിവർത്തനം ചെയ്യുമ്പോൾ സോഴ്സ് ടെക്സ്റ്റിലെ ഒരു പദത്തിന് ടാർഗറ്റ് ടെക്സ്റ്റിലെ മറ്റൊരു പദം പകരം വെക്കാൻ സാധിക്കില്ല എന്ന ജർമ്മൻ പണ്ഡിതനായ സ്റ്റീഫൻ വൈൽഡിന്റെ നിരീക്ഷണം ഖുർആനിന്റെ വിഷയത്തിൽ, അതിന്റെ ദൈവിക ഉറവിടം, വെളിപാട്, പരിശുദ്ധത തുടങ്ങിയ അതിഭൗതിക വിശേഷണങ്ങളെയും, ആശയപരവും, റെട്ടോറിക്കലുമായ സൗന്ദര്യ ശാസ്ത്ര വശങ്ങളെയുമെല്ലാം പരിഗണിക്കുമ്പോൾ കൂടുതൽ സങ്കീർണമാവുന്നതായി മനസ്സിലാക്കാം. എന്നാൽ, സാർവ്വലൗകികമായ ഒരു മതത്തിന്റെ അടിസ്ഥാന പ്രമാണമെന്ന നിലക്ക് ഖുർആനിനെ മനസ്സിലാക്കുന്നതിന് ഭാഷ ഒരു തടസ്സമായി മാറരുത് എന്നതിനാൽ ഖുർആൻ വ്യാഖ്യാനങ്ങൾ എന്ന തരത്തിൽ ഖുർആൻ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം മതപരമായ ലക്ഷ്യത്തിലൂടെയുള്ള വിവർത്തന ശ്രമങ്ങളിൽ നിന്ന് അമേരിക്കൻ വിഷ്വൽ ആർട്ടിസ്റ്റായ സാൻഡോ ബിർക്കിന്റെ (Sandow Birk) അമേരിക്കൻ ഖുർആനിനെ (American Koran) അടിസ്ഥാനപരമായി വ്യത്യസ്തമാക്കുന്നത് അതിന്റെ ഓഡിയൻസ് സാംസ്കാരികമായും, ഭൂമിശാസ്ത്രപരമായും പരിമിതപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാണ്‌. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അമേരിക്കക്കാരനോട് ഖുർആൻ എന്തായിരിക്കും സംവദിക്കുന്നത് എന്ന ചോദ്യത്തെയാണ് തന്റെ ഖുർആനിലൂടെ (Koran) ബിർക്ക് പ്രധാനമായും അഭിമുഖീകരിക്കുന്നത്. ലോസ് ആഞ്ചലസ് സ്വദേശിയായ അദ്ദേഹം ഓറ്റിസ് കോളജ് ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ നിന്നുമാണ് പഠനം പൂർത്തിയാക്കിയത്‌. സമകാലിക ജീവിതത്തിൽ, പ്രത്യേകിച്ച് സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റ കലാസൃഷ്ടികൾ ആഭ്യന്തര അക്രമങ്ങൾ, യുദ്ധം, തടവറ, മറ്റു രാഷ്ട്രീയ സംഭവങ്ങൾ, യാത്ര തുടങ്ങിയവയിൽ വ്യാപരിക്കുന്നതാണ്.

തൊഴിൽപരമായി ഒരു കലാകാരനാണെന്നതിനാൽ ഖുർആനിന്റെ ടെക്സ്റ്റിനെ അമേരിക്കൻ ദൈനംദിന ജീവിതത്തോടും അതിലൂടെ അമേരിക്കൻ ചരിത്രത്തോടും ചേർത്തു നിർത്താനും അപഗ്രഥിക്കാനുമുള്ള അദ്ദേഹത്തിന്റെ ആലോചനകൾ ചിത്രകല എന്ന മാധ്യമത്തിന്റെ സാധ്യതകളെ പ്രായോഗികവത്കരിക്കുന്നതാണ്. ഖുർആനിന്റെ ശ്രവണ സൗന്ദര്യത്തിന്റെയും, അറബി കാലിഗ്രഫിയുടെ ദൃശ്യ ഭംഗിയുടെയും വികസിത രൂപങ്ങൾക്ക് പുറമെ, ഇംഗ്ലിഷ് കാലിഗ്രഫിയും, ടെക്സ്റ്റും ഇമേജും തമ്മിലുള്ള പരസ്പര ബന്ധത്തെ അവതരിപ്പിക്കുന്നതുമായ ഒരു പുതിയ സൗന്ദര്യ ശാസ്ത്ര പരീക്ഷണമാണ് അമേരിക്കൻ ഖുർആൻ. അറബിയിൽ നിന്നും ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽ നിന്നും ഇമേജിലേക്കും വിവർത്തിതമാവുന്ന ഖുർആനിന്റെ ഒരു നവീന രൂപം. ഈ ലക്ഷ്യ സാഫല്യത്തിനായി ദൈവിക വചനത്തിന്റെ അകപ്പൊരുളുകളെ അടുത്തറിയുന്നതിനു വേണ്ടി ഏഷ്യയിലേയും ആഫ്രിക്കയിലേയും മുസ്‌ലിം ജനവാസ മേഖലകളിൽ ഒരു പതിറ്റാണ്ടോളം യാത്രയും പര്യവേഷണങ്ങളുമായി ചിലവഴിച്ച ബിർക്ക് ഒമ്പത് വർഷങ്ങൾക്ക് ശേഷം 2015 നവംബറിലാണ് ഈ ഗ്രന്ഥത്തിന്റെ പൂർത്തീകരണം നടത്തുന്നത്.

വിശേഷണത്തിന്റെ സാംഗത്യം

അമേരിക്കൻ ഖുർആൻ എത്രത്തോളം അമേരിക്കനാണെന്ന് രണ്ടു തലത്തിലൂടെ മനസ്സിലാക്കാം. നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുർആൻ തയ്യാറാക്കപ്പെട്ടിരുന്നത് പോലെ സ്വന്തം കൈപ്പടയിലെഴുതിയാണ് ബിർക്ക് അമേരിക്കൽ ഖുർആൻ ട്രാൻസ്ക്രൈബ് ചെയ്ത് തയ്യാറാക്കിയിട്ടുള്ളത്. “ഒരു കലാകാരൻ എന്ന നിലക്ക്” അദ്ദേഹം പറയുന്നു, “മധ്യകാലഘട്ടത്തിൽ പുരോഹിതന്മാർ ചെയ്യാറുണ്ടായിരുന്നതു പോലെ ഖുർആൻ മുഴുക്കെ പകർത്തിയെഴുതുന്നതിൽ എന്നെ ഉത്സാഹിപ്പിച്ചത് സമകാലിക ലോകത്ത് ആളുകളിൽ നിന്നും ഈ കല അന്യം നിന്നു പോയിരിക്കുന്നു എന്നതാണ്.” സമകാലിക അമേരിക്കൻ എഴുത്തു രീതിയിൽ പ്രബലമായ അർബൻ ഗ്രാഫിറ്റിയുടെ സ്ട്രീറ്റ് ലെറ്റേഴ്സ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത് എന്നത് ഗ്രന്ഥത്തെ കൂടുതൽ അമേരിക്കനൈസ് ചെയ്യുന്നുണ്ട്. ബിർക്കിന്റെ സ്വദേശമായ ലോസ് ആഞ്ചൽസിന്റെ പരിസരങ്ങളിൽ കണ്ടു വരുന്ന എഴുത്തു രീതിയാണിത്. പാരമ്പര്യ അറേബ്യൻ, ഇസ്‌ലാമിക് സംസ്കാരങ്ങളിലെ കയ്യെഴുത്തു പ്രതികളിൽ സ്വീകരിച്ചിട്ടുള്ള അലങ്കാര രീതികളും അറബിക്, പേർഷ്യൻ ഛായാചിത്രങ്ങളിലെയും, ആൽബങ്ങളിലെയും കലാത്മകതയും അമേരിക്കൻ ഖുർആനിൽ തെളിഞ്ഞ് നിൽക്കുന്നുണ്ട്. മഷിയുടെ നിറത്തിലും, പേജ് ഫോർമാറ്റിംഗിലും, തലക്കെട്ടിലും മാർജിൻ സൈസിലുമെല്ലാം പരമ്പരാഗത ശൈലികളെ ബിർക്ക് അനുവർത്തിച്ചിട്ടുണ്ട്. തന്മൂലം ചരിത്രത്തെ വർത്തമാനത്തോടും കിഴക്കിനെ പടിഞ്ഞാറിനോടും കലാപരമായി ലയിച്ചു ചേർക്കുകയാണ് അമേരിക്കൻ ഖുർആനിന്റെ നിർമ്മിതിയിലൂടെ അദ്ദേഹം എന്ന് കണ്ടെത്താം.

മറ്റൊന്ന്, ബിർക്കിന്റെ ഖുർആനിന്റെ അടിസ്ഥാനപരമായ പ്രത്യേകത അതിനെ ‘ഇല്ലുമിനേറ്റ്’ ചെയ്യുന്ന ഇമേജുകളുടെ പശ്ചാത്തലമാണ്. ഓരോ പേജുകളിലും ലിഖിതമായ സൂറത്തുകളുടെ പ്രതിപാദ്യ വിഷയത്തിൽ നിന്നും നിശ്ചിത പ്രമേയത്തെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുളളത്. തീർത്തും വൈയക്തികമായ ഇടപെടലാണ് തെരഞ്ഞെടുപ്പിലും ചിത്രീകരണത്തിലും ബിർക്ക് നടത്തിയിട്ടുള്ളത്. അമേരിക്കാനയെയും, അമേരിക്കൻ ആധുനിക സംസ്കാര രീതികളെയും, ജ്യോഗ്രഫിയെയും വ്യക്തമായോ അവ്യക്തമായോ അതിലെ ഓരോ ചിത്രങ്ങളും അടയാളപ്പെടുത്തുന്നുണ്ട്. യു.എസ്സിലെ ഓരോ അൻപത് സ്റ്റേറ്റുകളിൽ നിന്നുമുള്ള ചിത്രങ്ങളെ ഉൾക്കൊള്ളിക്കപ്പെട്ടതിലൂടെ ഒരു പാൻ അമേരിക്കൻ പുസ്തകമായി അതു മാറുന്നു. തൊഴിൽ മാർഗ്ഗങ്ങൾ, രാഷ്ട്രീയം, വിനോദം, ദുരന്തങ്ങൾ, ലൈഫ് സ്റ്റൈൽ തുടങ്ങി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അമേരിക്കൻ വാർത്തമാനത്തിന്റെയോ അമേരിക്കയുടെ ചരിത്രത്തിലെയോ ഒരു പ്രത്യേക അധ്യായത്തെ സൂചിപ്പിക്കുന്ന ഓരോ ചിത്രങ്ങളും അതേ പേജിൽ തന്നെ പരാമർശിക്കുന്ന ഖുർആനിലെ നിശ്ചിത വചനത്തോട് ബന്ധപ്പെട്ടു കിടക്കുന്നതാണ്.

ടെക്സ്റ്റും ഇമേജും തമ്മിലുള്ള ബന്ധം പലപ്പോഴും പെട്ടെന്ന് മനസ്സിലാക്കാവുന്നതല്ല. കാരണം, ബിർക്ക് പറയുന്നത്, ഖുർആൻ പറയുന്നതെന്തോ അതല്ല തന്റെ ചിത്രങ്ങളെന്നും മറിച്ച് അവയുടെ മെറ്റഫറുകളാണ് അവയെന്നുമാണ്. അമേരിക്കയിലേക്ക് മിഴി തുറക്കുന്ന മാൻഹാട്ടൻ കെട്ടിടങ്ങളുടെ ആകാശദൃത്തിന്റെ പശ്ചാത്തലത്തിലെ പ്രാരംഭ അധ്യായവും, വെസ്റ്റ് വിർജീനിയ ഘനി തൊഴിലാളികളോട് കൂടെ നിൽക്കുന്നവരുടെ പശ്ചാത്തലത്തിലെ സൂറത്തുൽ കഹ്ഫും, ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേഷണത്തെ സൂചിപ്പിക്കുന്ന ദൃശ്യത്തിലെ സൂറത്തുൽ ഖമറുമെല്ലാം ആലങ്കാരികമായി പരസ്പരം ചേർന്ന് നിൽക്കുന്നവയാണ്. മിയാമിയിലെ ചുഴലിക്കാറ്റിന്റെ ചിത്രം മനുഷ്യന്റെ ധാർമ്മച്യുതി അവന്റെ നാശത്തിലേക്ക് എത്തിക്കുമെന്നതിലേക്കും, പസഫിക് നോർത്ത് വെസ്റ്റിലെ കാറപകടത്തിലൂടെ ജീവിതത്തിന്റെ നശ്വരതയിലേക്കും, സാറ്റ്ലൈറ്റ്, കമ്പ്യൂട്ടർ സാങ്കേതിവിദ്യകൾ ഉപയോഗിച്ചുള്ള മനുഷ്യന്റെ പരിമിതമായ വാർത്താവിനിമയ സൗകര്യങ്ങളെ ദൈവത്തിന്റെ അപരിമേയമായ കഴിവിനു മുന്നിലെ ശാസ്ത്രത്തിന്റെ അശക്തതയിലേക്കും അദ്ദേഹം സൂചിപ്പിക്കുന്നു. എങ്കിലും, കലയുടെ ജനിതക സ്വഭാവമായ വൈയക്തികാധിഷ്ഠിതത്വത്തിൽ നിന്നും മുക്തി നേടുന്നതിനുള്ള അസാധ്യതയും, അമേരിക്കൻ ഓഡിയൻസിന്റെ താൽപര്യത്തെ കുറിച്ചുള്ള ബിർക്കിന്റെ ബോധ്യവുമെല്ലാം ഖുർആനിന്റെ വിശാലമായ ലോകത്തിനു മുന്നിൽ സ്വാഭാവികമായും അമേരിക്കൻ ഖുർആനിനെ പരിമിതപ്പെടുത്തുന്നുണ്ടാവാം.

നൈതിക സാധ്യതകൾ

വ്യക്തിയുടെ തെരഞ്ഞെടുപ്പിനെയും, താൽപര്യത്തെയും അവലംബിക്കുന്ന കലയെയും ദൈവിക വചനങ്ങളേയും ചേർത്ത് നിർത്തുന്നത് കൊണ്ട് (സാമ്പത്തികമായ ലക്ഷ്യങ്ങൾക്കപ്പുറം) ധാർമ്മികമായ എന്ത് സാധ്യതയായിരിക്കും സാന്റോ ബിർക്കിന്റെ അമേരിക്കൻ ഖുർആൻ മുന്നോട്ട് വെക്കുന്നത്? ഇത്തരമൊരു പരീക്ഷണത്തിലേക്ക് കൊണ്ടെത്തിക്കുന്നതിൽ ബിർക്കിനെ സ്വാധീനിച്ച ചരിത്ര മുഹൂർത്തം ഏതാവും? ഈ ചോദ്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് സാന്റോ ബിർക്ക് എന്ന കാലിഫോർണിയൻ കലാകാരന്റെ നൈതിക ബോധത്തെ ഉദാഹരിക്കുന്ന രസകരവും ഒപ്പം ചിന്തനീയമായ ഒരു സംഭവം വിവരിക്കാം. പുസ്തകരൂപത്തിലാവുന്നതിനു മുമ്പേ ഓറഞ്ച് കൗണ്ടി ആർട്ട് മ്യൂസിയം, ജോർദാൻ ഷ്നിറ്റ്സർ ആർട്ട് മ്യൂസിയം, കാതറിൻ ക്ലാർക്ക് ഗാലറി തുടങ്ങിയ ഇടങ്ങളിലെല്ലാം ഒട്ടുമിക്ക പേജുകളും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. സെറാമിസ്റ്റായ തന്റെ ഭാര്യ എലിസെ പിഗ്നാലെയുടെ സഹായത്തോടെ, ചുറ്റിലും ഖുർആനിലെ വാക്യങ്ങൾ മനോഹരമായ കാലിഗ്രാഫിയിൽ കൊത്തിവെച്ച ഒരു സെറാമിക് മിഹ്റാബ് നിർമ്മിക്കുകയും ഈ സ്ഥലങ്ങളിലെല്ലാം അദ്ദേഹം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മിഹ്റാബിന്റെ ഉൾഭാഗം ഒരു എ.ടി.എം മെഷീനിന്റെ ആകൃതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. പ്രഥമ ദൃഷ്ട്യാ ഇത്തരമൊരു മോഡൽ വിരോധാഭാസകരമായി തോന്നുമെങ്കിലും, ലിബറൽ ലൈംഗികതയും ക്യാപിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥിതിയും ചാലകശക്തികളായ ഒരു സാമൂഹിക ക്രമത്തിനകത്ത് ജീവിക്കുന്ന ഒരു അമേരിക്കക്കാരന്റെ ജീവിതത്തിന്റെ നിലവിലെ ‘ഖിബ് ല’ ഏതാണെന്ന് സ്വയം തിരിച്ചറിയേണ്ടതിന്റെയും അതിൽ നിന്നും ദൈവികമായ, ധാർമ്മികമായ മൂല്യങ്ങളിലേക്ക് വ്യതിചലിക്കേണ്ടതിന്റെയും ആവശ്യകതയെയാണ് പ്രതീകാത്മകമായി ബിർക്ക് അതിൽ അവതരിപ്പിച്ചത്. ഉല്ലേഖിതമായ ഓരോ വാക്യങ്ങളും ഈ ആവശ്യകതക്ക് ഊന്നൽ നൽകുന്നതും മാർഗ്ഗദർശകവുമാണ്.

ഈ അടിസ്ഥാന താൽപര്യം തന്നെയാണ് അമേരിക്കൻ ഖുർആനിന്റെ നിർമ്മിതിയിലൂടെയും ബിർക്ക് വെച്ചു പുലർത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ഇന്തോനേഷ്യ മുതലായ ഇസ്‌ലാമിക രാജ്യങ്ങളിലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മിൻഡനാവോ ദ്വീപിലുമെല്ലാം ചിലവഴിച്ച ബിർക്ക്, 9/11 നു ശേഷവും അമേരിക്കയുടെ അഫ്ഗാൻ അധിനിവേശത്തിനു ശേഷവുമെല്ലാം മാധ്യമങ്ങളിലും രാഷ്ട്രീയ വ്യവഹാരളിലുമൊക്കെ ഇസ്‌ലാം ഇരവൽകരിക്കപ്പെട്ടതിന്റെയും ഭീകരവാദത്തിന്റെ ഈറ്റില്ലമായി മുദ്ര കുത്തപ്പെട്ടതിന്റെയും പൊരുത്തക്കേടുകളെ തന്റെ യാത്രാനുഭവങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കിയിരുന്നു. തുടർന്ന് ഇസ്‌ലാമിനെ പ്രാമാണികമായി അടുത്തറിയാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തുകയുണ്ടായി. യേശുവിന്റെ ജീവിതത്തിലൂടെ ലോകാരംഭം മുതൽക്കുള്ള ഒരു നരേറ്റീവാണ് ബൈബിളെങ്കിൽ, ഓരോ വ്യക്തിയോടും നേരിട്ടുള്ള ദൈവിക വചനങ്ങളാണ് ഖുർആനെന്ന് ബിർക്ക് മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ആറാം നൂറ്റാണ്ടിലെ അറബിക്കും ഇരുപത്തൊന്നും നൂറ്റാണ്ടിലെ അമേരിക്കക്കാരനും അതിൽ നിന്നും സന്ദേശമുൾക്കൊള്ളാനാവും. ഈ യാഥാർത്ഥ്യത്തെ ഖുർആനിൽ നിന്നും അമേരിക്കൻ ജീവിതത്തിലേക്കുള്ള അന്തർധാരയെ വ്യക്തമാക്കിക്കൊണ്ട് മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുകയാണ് അമേരിക്കൻ ഖുർആൻ. തന്മൂലം തന്റെ ജീവിത രീതികളെയും, സാമൂഹ്യ ബന്ധങ്ങളെയും, രാഷ്ട്രീയ വ്യവസ്ഥകളെയും പുനരാലോചിക്കേണ്ടതിന്റെയും പുനർ നിർവ്വചിക്കേണ്ടതിന്റെയും ആവശ്യകത കൂടി അമേരിക്കൻ ഖുർആൻ വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. അങ്ങനെ അതിലൂടെ ടെക്സ്റ്റിൽ നിന്നും ഇമേജിലേക്കും ഇമേജിൽ നിന്നും ജീവിതത്തിലേക്കും ഖുർആനിനെ പകർത്തി വരക്കുകയാണ് സാൻഡോ ബിർക്ക്.

Comments are closed.