[Book Plus പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തിന്റെ ആമുഖം]
പൂർവ നിശ്ചിതങ്ങളായ ചില സംവർഗങ്ങളിൽ ചിന്തയെ തളച്ചിടുമ്പോൾ ചിന്തയുടെ മൗലികതയും ‘മറുനിർമിതികളും’ അസാധ്യമാവുന്നു. വിഷയം(Subject), വിഷയി(Object), പ്രതിനിധാനം(Representation) തുടങ്ങിയ സാർവജനീന സംവർഗങ്ങളെ വിമർശനാത്മകമായി സമീപിക്കാതെ പുതിയ ചിന്താത്തുടക്കങ്ങൾ അസാധ്യമാണ്. അത്രമേൽ സ്വാഭാവികവും നിഷ്കളങ്കവുമായി ഈ സംവർഗങ്ങൾ നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവയ്ക്ക് തത്വചിന്തയിൽ നാം കാണാത്ത ആഴങ്ങളിൽ വേരോട്ടമുള്ളത്കൊണ്ടാകണം. പ്രമുഖമായ ചിന്താപാരമ്പര്യങ്ങൾക്ക് എതിരായ കലഹങ്ങൾക്കും തത്വചിന്താ പരമ്പര്യത്തോളം തന്നെ പഴക്കമുണ്ടെങ്കിലും വൈറ്റ്ഹെഡ് (Alfred North Whitehead), ബർഗസൻ (HenryBergson), സിമോന്തൻ (Gilbert Simondon), വില്യം ജയിംസ് (William James), ദല്യൂസ് (Gilles Deleuze), ഗൊത്താരി (Guattari) (ഇവയോട് കൂട്ടിച്ചേർക്കാവുന്ന പേരുകൾ നിരവധിയാണ്) ഇവരുടെ ചിന്തകൾ കേരളീയ അക്കാദമിക് പരിസരത്തും ചിന്താ വ്യവഹാരങ്ങളിലും കാലങ്ങളായി തമസ്കരിക്കപ്പെടുകയോ നാമമാത്രമായി മാത്രം പരാമർശ വിഷയമാകുകയോ ആയിരുന്നു.
പാശ്ചാത്യ- പൗരസ്ത്യ ഭേദമന്യേ മുൻകൂറായി ‘ഫലപ്രാപ്തി’ ഉറപ്പ്തരുന്ന ചില മാന്ത്രിക സംവർഗങ്ങൾക്ക് വെളിയിൽ, തത്വചിന്ത ‘സംഭവത്തിൽ’ (Event) ഊന്നുമ്പോൾ ചിന്തയുടെ ഭാഷയും മാറ്റൊന്നാകുന്നു. പലപ്പോഴും സംഭവങ്ങൾക്ക് പിന്നിൽ ഒരു കാരണക്കാരൻ/കാരണക്കാരി ഉണ്ടെന്ന നമ്മുടെ ഉറച്ച വിശ്വാസത്തിന് ഇളക്കം തട്ടുമ്പോൾ ചിന്ത തന്നെ ആദ്യം വിറങ്ങലിച്ചു പോകുന്നു. സംഭവം പലതുകളുടെ ചേർച്ചയിൽ നിന്നാകുമ്പോൾ മനുഷ്യേതരമായ വളവ് തിരിയാതെ ചിന്തയുടെ മുന്നോട്ട്പോക്ക് തന്നെ അസാധ്യമാകുന്നു. ‘Agency’ എന്ന വാക്കിന് പകരം എറിൻ മാനിങ്ങിനെ പോലുള്ള (Erin Manning) ചിന്തകർ മുന്നോട്ട് വയ്ക്കുന്ന ഫ്രഞ്ച് പദം ‘agencement’ എന്നതാണ്. (Massumi 2015, P-156,157) അതിന് ഏകദേശ തുല്യമായ ഇംഗ്ലീഷ് പദമാകട്ടെ ‘assamblage’ ആണ്. ഇത് പദവി നിശ്ചയിക്കാത്ത പലതുകളുടെ പരസ്പര മിശ്രിതമായ ക്രമീകരണമാണ്; മനുഷ്യൻ ആ പലതുകളിൽ ഒന്നുമാത്രമാണ്. മനുഷ്യൻ സംഭവത്താൽ ബാധിതനാണെന്നും അതിനുള്ള ഏക കാരണമല്ലെന്നും വരുമ്പോൾ മനുഷ്യന് എന്താണ് ചെയ്യാനുള്ളത്? പലപ്പോഴും എന്താണ് സംഭവിക്കുന്നത് എന്ന് നമ്മൾ തിരിച്ചറിയുന്നത് പോലും സംഭവത്തിന് ശേഷമുള്ള തിരിഞ്ഞുനോട്ടത്തോടെയാകും. സംഭവിക്കുന്നത് ‘എന്താകും’ എന്ന നമ്മുടെ പ്രവചനങ്ങൾ പലപ്പോഴും പാളിപ്പോകാനാണ് സാധ്യത. പലതുകളുടെ ചേർച്ചയിൽ ആണ് ‘സം-ഭവിക്കുന്നത്. സംഭവത്തിൽ, ‘ചേർച്ച’ (Relation) അതിപ്രധാനം ആണ്. എല്ലാം പരസ്പര ബന്ധിതവും ബാധിതവുമാകുമ്പോൾ ‘സംഭവം’ മനുഷ്യ സൃഷ്ടിക്കുമപ്പുറം ഒരു തൽക്ഷണമുള്ള കൂട്ട് രചനയാകുന്നു. പക്ഷെ സംഭവത്തിന്റെ ‘ ബന്ധഭൂമികയിൽ’ (Relationlscape) അപരങ്ങളോട് സമഭാവനയോടെ ഇടപെടാനുള്ള സാധ്യത മനുഷ്യന് മുന്നിൽ തുറന്ന് കിടക്കുന്നുണ്ട്. അനുകൂലമായ ചില ചെരിവുകൾ സൃഷ്ടിക്കാൻ സംഭവത്തിനകത്തെ മനുഷ്യന്റെ ‘ചില്ലറ'(Minor) ഇടപെടലുകളിലൂടെ കഴിഞ്ഞേക്കാം.
‘നിയന്ത്രിതമായ വീഴ്ചയാണ് നടത്തം’ (Walking is controlled falling) എന്ന പഴഞ്ചൊല്ല് ബ്രയൻ മസുമി (Brian Massumi) ഉദ്ധരിക്കുന്നുണ്ട്. ഇവിടെ നടത്തം സാധ്യമാക്കുന്നതിൽ ‘ഭൂഗുരുത്വത്തിന്റെ’ പങ്ക് ഒരു സഹായകമായ കടമ്പ (Enabling Constrain) ആയാണ് മസുമി വിലയിരുത്തുന്നത്. (Manning & Massumi 2014, P-92,93) സംഭവങ്ങൾക്ക് അനുഗുണമായ ചില സഹായകമായ കടമ്പകൾ തീർത്ത് അത് സഹ-സംവിധാനം ചെയ്യാൻ, അനുകൂലമായ ചില ചെരിവുകൾ തീർക്കാൻ നമുക്ക് കഴിഞ്ഞേക്കും.
സംഭവങ്ങൾ ഭാവശക്തി പ്രധാനങ്ങൾ ആണ്. സം-ഭവത്തിലെ ഊന്നൽ പലതുകളുടെ ചേർച്ചയിലും അത് സാധ്യമാക്കുന്ന ഉണ്മയിലും (Being) ആണ്. സ്പിനോസയുടെ (Spinoza) ചിന്തയിൽ ‘ബാധിക്കാനും ബാധിക്കപ്പെടാനുമുള്ള ശക്തി’യാണിത്. ‘പ്രണയബാധ’ ‘രോഗബാധ’ തുടങ്ങിയ വാക്കുകളിലെ ‘ബാധ’ ഒരു ആവേശ ശക്തിയെ കുറിക്കുന്നുണ്ടല്ലോ. Affect എന്നതിന്റെ കാതൽ അത് ‘ബന്ധങ്ങൾക്ക്’ (Relation) നല്കുന്ന പ്രാമുഖ്യമാണ്. ഇവിടെ ബന്ധത്തിനും മുന്നേയുള്ള പൂർവ പദങ്ങൾക്കപ്പുറം ബന്ധവും ഇടവേളകളും പ്രധാനമാകുന്നു. Affect നെപ്പറ്റി സർവ സ്വീകാര്യമായ ഒരു സിദ്ധാന്തമുണ്ടാക്കുക അസാധ്യമാണ്; അത് സാഹചര്യത്തിനും സംഭവത്തിനും അനുസൃതമായി അനുനിമിഷം ഉരുത്തിരിയുന്നതുമാണ്.
ഡാനിയൽ സ്റ്റേർൻ (Daniel Stern) അതിനെ ജീവൽശക്തി (Vitality affect) എന്നാണ് വിളിക്കുക. വസ്തുക്കൾ ഒരേസമയം ‘ബാധിക്കുകയും’ ‘ബാധിക്കപ്പെടുകയും’ ചെയ്യുന്നതിനാൽ ഇവിടെ വിഷയ-വിഷയീ വിഭജനം അസാധ്യമാണ്. സ്പിനോസയിൽ ബന്ധങ്ങൾ നമ്മുടെ ശക്തിയെ പോഷിപ്പിക്കുകയോ, ശോഷിപ്പിക്കുകയോ ചെയ്യുമ്പോൾ ശരീരം അവസ്ഥാപരിണാമങ്ങളിലൂടെ കടന്നുപോകുന്നു. ശരീരം തന്നെ ഭിന്ന പ്രവണതകളുടെ അതിവ്യാപനത്തിലൂടെയും അനുരണനങ്ങളിലൂടെയും രൂപമെടുക്കുന്ന ഒരു സജീവ മേഖലയായി തിരിച്ചറിയണം. അങ്ങനെ നോക്കിയാൽ എത്ര വിദൂരമായ മേഖലയിലേക്ക് അതിന്റെ ഓളങ്ങൾ ബഹിർഗമിപ്പിക്കാൻ ഒരു തുള്ളിക്ക് കഴിയുന്നുവോ അതാകും അതിൽ അന്തർഹിതമായ ശേഷിയുടെ ബഹിർസ്ഫുരണം.
വ്യക്തി രൂപമാർജിക്കുന്നതിന് മുമ്പ് എന്താണ്? പലതരം പ്രവണതകളുടെയും ചോദനകളുടെയും, വിഷയീ-വിഷയ വിഭജനം അസാധ്യമായ ഇടകലരലിനെ സിമോന്തൻ പൂർവ വ്യക്തി (Preinduvidul) എന്നാണ് വിളിക്കുന്നത്. ഓരോ വ്യക്തിയിലും ഇനിയും സാക്ഷാൽകൃത്യമാകാത്ത ഈ ആദിമ സംഘർഷത്തിന്റെ അവശേഷിപ്പികൾ ഉണ്ട്. വ്യക്തിപൂർവവും-വ്യക്തിയും തമ്മിലുള്ള ഈ പൊരുത്തക്കേടുകളും സംഘർഷങ്ങളും വ്യക്തീകരണം (Individuation) എന്ന ഇടമുറിയാതെ പ്രക്രിയയിലേക്ക് നയിക്കുന്നു. സഫലമാകാത്ത വ്യക്തിപൂർവ പ്രവണതകൾ ഒന്നിച്ച് വെളിപ്പെടാൻ വെമ്പിനിൽക്കുമ്പോൾ വ്യക്തി അനിവാര്യമായും വിഷാദത്തിന് (Anxiety) അടിമപ്പെടുന്നതായി സിമോന്തൻ വിലയിരുത്തുന്നു. (Combes 2013, Page 32) ഉള്ളിലേക്കല്ല, പകരം പുറത്തേക്ക്- സാമൂഹികതയിലേക്കും കൂട്ടായ്മകളിലേക്കും തുറന്നിടുമ്പോൾ ആണ് വ്യക്തി ‘സ്വയം’ എന്ന കുടുസിന്റെ ശ്വാസം മുട്ടലിൽ നിന്നും മോചിതനാകുന്നതും അന്തർവ്യക്തി (Trans Individual) ബന്ധങ്ങൾ ആർജിക്കുന്നതും. സർഗാത്മകമായ ഏകാന്തതയിലൂടെ കടന്ന് പോകുന്ന വ്യക്തി, അന്തർവ്യക്തി ബന്ധങ്ങളിലൂടെ വ്യക്തിപൂർവമായ പ്രവണതകൾ സാക്ഷാത്കരിക്കുമ്പോൾ അതുവഴി വിഷാദത്തെയും മറികടക്കുന്നു. ഇവിടെ ‘അന്തർവ്യക്തി’ എന്നത് ബഹളമയമായ സാമൂഹികതയ്ക്കും കേവലമായ വ്യക്തിബന്ധങ്ങൾക്കും അപ്പുറമാണ്.
ചിലപ്പോൾ ഏകാന്തതയിൽ ആകും ഒരാൾക്ക് പലതുകളിലേക്ക് വ്യപിപ്പിച്ചു സ്വാതന്ത്രമാകാൻ കഴിയുക. ഇനിയും രൂപമെടുത്തിട്ടില്ലാത്തതിനാൽ വ്യക്തിപൂർവമായതിനെ വിഷയികളുടെ പാരസ്പര്യമായി കരുതാൻ നിവർത്തിയില്ല. നമ്മുടെ സ്പർശിനികൾക്ക് വെളിയിൽ അതിസൂഷ്മമായ ഇടവേളകളിൽ എന്തോ നടക്കുന്നതിനെ വില്യം ജയിംസ് ‘bare activity’ എന്നാണ് വിളിക്കുന്നത്, സിമോന്തൻ ‘വ്യക്തിപൂർവം’ എന്നും. ഭാവശക്തി (Affect) വിഷയിയുടെയോ മനസ്സിന്റെയോ സവിശേഷ സിദ്ധിയായല്ല കണക്കാക്കുന്നത് എന്നതുകൊണ്ട് തന്നെ അതിനെ ‘വികാരം’ (Emotion) എന്ന് ലളിതമായി മനസ്സിലാക്കാൻ കഴിയില്ല. ബന്ധങ്ങൾ അന്യോന്യം ഇണക്കുന്ന വിജാഗിരികൾ അല്ല, പകരം അവയ്ക്ക് ഉൺമയുടെ പദവി തന്നെയാണ് സിമോന്തൻ നൽകുന്നത്.
പ്രവൃത്തിയുണ്ട്, ആരില്ല’ എന്ന നാരായണ ഗുരുവിന്റെ വാക്കുകൾ ‘ something’s doing’ എന്ന വില്യം ജയിംസിന്റെ ചിന്തയോട് ചേർത്തു വായിക്കാവുന്നതാണ്. തത്വചിന്താപരമായ ആലോചനകൾ സംഭവങ്ങളുടെ ഒത്ത നടുക്കാണ് തുടങ്ങേണ്ടത് എന്നാണ് ദെല്യൂസിന്റെ പക്ഷം. വൈറ്റ്ഹെഡിനാകട്ടെ മൗലികമായത് പ്രവൃത്തിത്തിയും പ്രക്രിയയുമാണ്. സിമോന്തനാകട്ടെ ചിന്തയിൽ ‘വ്യക്തിപൂർവമായതിലും’ ‘വ്യക്തീകരണത്തിലുമാണ്’ ഊന്നുന്നത്. പക്ഷെ സാമ്പ്രദായിക തത്വചിന്ത ഇപ്പോഴും വിഷയം, വിഷയി തുടങ്ങിയ ചില സംവർഗങ്ങളുടെ ഊരാക്കുടുക്കിൽ ആണ്. സംഭവങ്ങൾ അതിൽത്തന്നെ ആനന്ദനിർഭരവും (self enjoyment) അനന്തരം കൊഴിഞ്ഞു പോവുകയും (Perishing) ചെയ്യുമ്പോഴും അനന്തമായ പുനഃരാവൃത്തികൾക്ക് (Objectiveimmortality) വഴിവയ്ക്കുന്ന വിത്തുകൾ അവശേഷിപ്പിക്കുന്നുണ്ട്. സംഭവത്തിൽതന്നെ അതിന്റെ മൂല്യവിചാരവും അന്തർഹിതമായതിനാൽ തന്നെ ബാഹ്യമായ മൂല്യവിചാരങ്ങൾ ഇവിടെ അപ്രസക്തമാണ്. കാന്റിയൻ (Emmanuel Kant) ചിന്തയിൽ വിഷയിയിൽ നിന്ന് ഉരുവം കൊള്ളുന്ന ലോകം ആണെങ്കിൽ വൈറ്റ്ഹെഡിൽ അത് തിരിച്ച് ലോകത്തിൽ നിന്ന് ഉരുവംകൊള്ളുന്ന വിഷയി ആണ്; കടൽ വെള്ളം കുറുകി ഉപ്പുണ്ടാകും പോലെയാണത്. വിഷയിയെയും (Subject) കവിഞ്ഞ് അത് അതിവിഷയിയാണ് (Superject).
‘സംഭവത്തിന്’ ശാരീരിക, മാനസിക തലങ്ങൾ (Physical and Mental Pole) ഉള്ളതായി വൈറ്റ്ഹെഡ് വിഭാവനം ചെയ്യുന്നു. ഭൂതം വർത്തമാനത്തിൽ സാക്ഷാൽകൃതമാകുന്നത് അതിന്റെ ‘ഭാവശക്തി’ (Affect) നിമിത്തമാണെങ്കിൽ അതിൽ ‘പുതുമ’ (Novelty) ഉടലെടുക്കുന്നതാകട്ടെ മാനസിക തലത്തിന്റെ പ്രവർത്തനം വഴിക്കാണ്. ബേസ്ബാൾ മാതൃകയിൽ, ഒന്നിനൊന്ന് എന്ന ക്രമത്തിൽ ഭൂതം അതുപടി വർത്തമാനമായി പരിവർത്തിച്ചു സാക്ഷാൽകൃതമാകുന്നതാണ് ‘ശാരീരിക’ തലമെങ്കിൽ മാനസിക തലത്തിൽ ഈ നേർവഴിവിട്ട് ബന്ധമണ്ഡലത്തിലെ സങ്കീർണതകളും അതിവ്യപനങ്ങളും അനുരണനങ്ങളും ഇഴകുന്നതിലൂടെ പുതുമയുടെ സാധ്യത തുറന്നിടുകയാണ് ചെയ്യുന്നത്. (Massumi 2015, P-155,156)
ഓരോ സംഭവത്തിലും, തൊട്ട് മുമ്പുള്ളതിൽ നിന്നും ഇടനിലയില്ലാതെ കൈമാറി കിട്ടുന്ന ‘ഓർമ’ അതിന്റെ നിർമിത രഹസ്യം കൂടിയാണ്. തൊട്ട് മുമ്പുള്ളതിൽ നിന്നും കൈമാറികിട്ടിയ സജീവമായ ഓർമ വിഷയിയുടെ വിദൂരമായ ഓർമയിൽ-ഓർത്തെടുക്കുന്നതിൽ (Recollection Memmory) നിന്നും ഭിന്നമാണ്. വിഷയിയുടെ ഓർമ ബോധമണ്ഡലത്തിൽ നടക്കുമ്പോൾ സംഭവത്തിൽ തൽക്ഷണം പ്രവർത്തന സജ്ജമാകുന്ന ഓർമ തികച്ചും അബോധ തലത്തിൽ നടക്കുന്നതാണ്. ഒപ്പം പരിസമാപ്തി കൊതിക്കുന്ന ഓരോ സംഭവത്തിലും അതിന്റെ ലക്ഷ്യത്തിൽ ഊന്നിയ, കീർക്കഗാർഡ് പറയുന്ന ‘ഭാവിയുടെ ഓർമയും’ (Memory of Future) സന്നിഹിതമാണ്.(Massumi 2015,P 61-62).
സംഭവത്തിന്റെ മറ്റൊരു സവിശേഷത ‘നിർമാധ്യമത്വം'(Immediation) ആണ്. അത് മാധ്യസ്ഥത (mediation) ഇല്ലാതെ തൽക്ഷണം (Immediate) നടക്കുന്ന ഒന്നാണ്. മസുമി ദുരന്തങ്ങളെയും അപകടങ്ങളെയും പ്രതിപാദിക്കുമ്പോൾ അതൊരിക്കലും തിരിഞ്ഞു നോക്കാനും ചിന്തിക്കാനുമുള്ള ഇടതരാറില്ല എന്ന് സൂചിപ്പിക്കുന്നുണ്ട്. സംഭവമാകുമ്പോൾ ചിന്ത തൊട്ടറിവ് (Thinking-feeling) കൂടിയാകുന്നു. സംഭവഗതി നിയന്ത്രിക്കാനും ചരിത്രത്തിന്റെ ചാലക ശക്തി ആയിമാറാനും മനുഷ്യൻ അശക്തനാണ് എന്ന് തിരിച്ചറിയുമ്പോൾ ചിന്ത സംഭവഗതി മാറ്റിയേക്കാവുന്ന വിദ്യകളും (Technique) രീതികളും (Procedure) വികസിപ്പിക്കുന്നതിൽ ഊന്നേണ്ടിയിരിക്കുന്നു.
ബർഗ്സൻ പറയുക ചലനം നിശ്ചലബിന്ദുക്കൾ നിരന്നുനിൽക്കുമ്പോൾ ഉള്ളതല്ലെന്നാണ്. അത് തൊട്ട്മുമ്പുള്ളതിൽ നിന്ന് പിന്നീടുള്ളതിലേക്കുള്ള കുതിപ്പാണ്. (Massumi 2015, P 119) സംഭവിച്ചു കഴിഞ്ഞതിനും, സംഭവിക്കാനിരിക്കുന്നതിനും ഇടയിൽ ഇനിയും വാസ്തവികമാകാത്ത (NotYet) ബന്ധമണ്ഡലത്തിൽ ഇടപെടുമ്പോൾ വരാനിരിക്കുന്നതിന്റെ തുമ്പ് നമുക്ക് മുൻകൂർ കിട്ടിയേക്കാം. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും, സംഭവിക്കാനിരിക്കുന്നതെന്നും സംഭവത്തിന് ഒത്തനടുക്കിരുന്ന് പ്രായോഗിക-സൈദ്ധാന്തികമായി മുൻധാരണ ചെയ്യാനും അതിന്റെ ഗതിയിലിടപെടാനും കഴിയുന്നത് ഒരു രാഷ്ട്രീയസാധ്യത കൂടിയാണ്. ഇവിടെ ചിന്തയും പ്രവൃത്തിയും പരസ്പരപൂരകങ്ങൾ ആകുന്നു. ഉത്തരം താങ്ങുന്ന പല്ലിയെ പ്പോലെ, സംഭവിക്കുന്നത് ഞാൻ കാരണമാണെന്ന് കരുതുന്ന മനുഷ്യൻ സ്വത്വത്തിന്റെ ഉള്ളുറപ്പിലും ശേഷിയിലും അഭിമാനം കൊള്ളുകയും അനിവാര്യമായും ‘വിഷാദത്തിന്’ അടിപെടുകയും ചെയ്യുന്നു. എന്റേത് എന്ന് കരുതിയത് മുഴുവൻ ഒരു ബന്ധമണ്ഡലത്തിന്റെ ശക്തി ആണെന്ന് തിരിച്ചറിയാതെ പോകുന്നു.
ശുദ്ധാനുഭവത്തിലേക്ക്..
ഇനിയും എഴുതിത്തുടങ്ങിയിട്ടില്ലാത്ത ഒരു ‘ക്ലീൻ സ്ലേറ്റ്’ ഏതിനും ഒരു മുന്നുപാദി ആയി കണക്കാക്കിയാൽ ‘വിഷയിയും’ ‘വിഷയവുമായി’ ലോകം വേർതിരിയും മുമ്പുള്ള’ശുദ്ധാനുഭവത്തിന്റെ’ (Pure experience) ഒരു പ്രതലം ഉണ്ടെന്ന് കാണാം. എല്ലാ നിർമിതികൾക്കും അടിസ്ഥാനമായ ശുദ്ധാനുഭവത്തെ, അവ്യക്തമായ അദ്വൈതവാദത്തെ ( Vague Monism) വിസ്മരിക്കുന്ന ചിന്തകർ വൈകിമാത്രം ഉണരുന്നവരാണ്. ഇവിടെ ശുദ്ധം എന്നതിനെ ജാതിബോധവുമായി കൂട്ടിക്കെട്ടാതെ നോക്കണം. (Massumi 2013,P-10) പ്രകൃതി/സംസ്കാര ദ്വൈതത്തിന്റെ മാതൃകയിൽ സംസ്കാരം മലിനമാക്കുന്നതിന് മുമ്പുള്ള നിഷ്കളങ്കമായ ആദിപ്രകൃതിയായും കാണരുത്. (Massumi 2013,P-11) അത് വിഷയിയും വിഷയവുമായി വിഭജിതമാകും മുമ്പുള്ള സംഭവത്തിന്റെ തന്നെ ആദിപ്രകൃതിയായി കരുതണം മനഃശാസ്ത്രത്തിന്റെ തുടക്കംതന്നെ തിരിഞ്ഞു നോട്ടത്തോടെയാണല്ലോ; അപ്പോഴേക്കും എല്ലാം സംഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും. ലോകം വിഷയിയും വിഷയവുമായി വേർ തിരിയും മുമ്പുള്ള ഘട്ടമെത്തുമ്പോൾ മനഃശാസ്ത്രം ഇരുട്ടിൽ തപ്പുന്നു. അനുഭവത്തിന്റെ/അനുഭവ രാഹിത്യത്തിന്റെ ഈ ഘട്ടം ഒരുപക്ഷേ മനുഷ്യചിന്തക്ക് അപ്രാപ്യമായ ഒരു തലം കൂടിയാണ്.
തത്വചിന്തയിൽ കാന്റ്, ഹുസ്സേൾ തുടങ്ങിയവർ അനുഭവത്തിന്റെ ഒരതീന്ദ്രിയതലം തുറക്കാൻ ശ്രമിച്ചവരാണല്ലോ. ഈ അതീന്ദ്രിയ പ്രതലത്തിന് പിറകിൽ വിഷയി ഒളിച്ചിരിക്കുന്നുണ്ട്. ദക്കാർത്തിന് പറ്റിയ അപകടത്തിൽ നിന്നും ഇവിടെ കാന്റ്, ഹുസ്സേൾ (EdmundHusserl) തുടങ്ങിയവരും മുക്തരാകുന്നില്ല. വിഷയിയിലെത്തും വരെ മാത്രമേ ഉള്ളൂ, അതിന് ശേഷം ഇവർ ‘ചിന്ത’ മറന്നുപോകുന്നു. സകല അനുഭവങ്ങളുടെയും കേന്ദ്രമായി വിഷയിയെ സ്ഥാപിച്ചു കൊണ്ടാടുന്നു. ഏത് നിർമിതിക്കും അപ്പുറമാണ് നിർമാണ പ്രക്രിയ. യാഥാർഥ്യത്തെ ആ പ്രക്രിയയിൽതന്നെ അനുഗമിക്കുകയാണ് ജയിംസിയൻ ചിന്ത ചെയ്യുന്നത്. അനുഭവത്തെ സംവേദക വസ്തുക്കളിലേക്കോ, പൂർവ നിശ്ചിതങ്ങളായ ശുദ്ധ വിഷയീരൂപങ്ങൾ സാധ്യമാക്കുന്ന ഒന്നിലേക്കോ ചുരുക്കാതെ, മനശാസ്ത്രത്തിൽ നിന്നും അതീന്ദ്രിയ തത്വചിന്തകളിൽ നിന്നും ഭിന്നമായ ‘ശുദ്ധാനുഭവത്തിന്റെ’ മൂന്നാം വഴി തുറന്നു എന്നതാണ് വില്യം ജയിംസിന്റെ ചിന്തയുടെ പ്രാധാന്യം.
വിഷയി, വിഷയം, ബോധം തുടങ്ങിയവയെ മുൻനിർത്തി ശുദ്ധാനുഭവത്തെ അറിയുന്നതിന് പകരം ശുദ്ധാനുഭവത്തിൽ ഊന്നി വിഷയം വിഷയി തുടങ്ങിയവ മനസിലാക്കുന്ന മറുവഴിതേടലാണ് വില്യം ജയിംസിന്റെ ചിന്തകൾ. എന്നാൽ മലയാള മുഖ്യധാരാചിന്ത അതിന്റെ കേന്ദ്രസ്ഥാനത്ത് ഇന്നും ഇളക്കം തട്ടാതെ ‘വിഷയിയെ’ പ്രതിഷ്ഠിച്ചു പരിപാലിച്ചു പോരുന്നുണ്ട്. ഇവിടെ ചിന്ത ലോകത്തിന്റെ പ്രതിഫലനവും പ്രതിനിധാനവും മാത്രമായി ചുരുങ്ങുകയും ‘ഉണ്മയ്ക്കും’ ‘ചിന്തയ്ക്കും’ അന്യോന്യ പൊരുത്തം കല്പിക്കുകയും ചെയ്യുന്നു. എന്നാൽ ചിന്തയുടെയും ലോകത്തിന്റെയും യുക്തി ഒന്നുതന്നെയാകുമ്പോൾ, ലോകത്തോടൊപ്പം ചിന്തിക്കുമ്പോൾ ചിന്തയുടെ നിർമാധ്യമിത്വം സാധ്യമാകുന്നു. സ്ഥാപനവൽക്കരിക്കപെട്ട മനശാസ്ത്ര സങ്കല്പനങ്ങൾക്കും, അതിലൂന്നിയ തത്വചിന്തക്കും അടിയിലൂടെയുള്ള അനക്കങ്ങളിലും ഒഴുക്കുകളിലും ശ്രദ്ധയൂന്നുമ്പോൾ അത് ചിന്തയുടെ തന്നെ പുതിയ വഴിതുറക്കലാകുന്നു. അത്തരം അന്വേഷണങ്ങൾ ഒരിക്കലും ദ്വന്ദ്വയുക്തി യിൽ അഭയം തേടുന്നില്ല. വിഭജിതമാകും മുമ്പുള്ള ബന്ധങ്ങളുടെ ഒരു ശുദ്ധ നിലയായി ഇതിനെ കരുതിയാൽ എന്തും ശുദ്ധാനുഭവത്തിന്റെ പരിധിയിൽ വരും. തീ ആളുന്നതും സൂര്യൻ ഉദിക്കുന്നതും മറ്റും. ഇവിടെ അനുഭവത്തെ അല്ലാതെ മറ്റൊന്നും വസ്തുതയായി അംഗീകരിക്കുന്നില്ല.
ജയിംസ് പറയുന്ന ‘വസ്തു’, മാനസിക-വസ്തു തലങ്ങൾ ചേർന്നതാണ്. വസ്തുപ്രപഞ്ചത്തിനെതിരെ സ്ഥാപിതമായ ഒരു മനോലോകവും അതിൽ നിന്ന് ഉരുവം കൊള്ളുന്ന ചിന്തയും എന്ന ലളിതസാമാന്യ യുക്തിയെ ജെയിംസ് നിരാകരിക്കുന്നു. മനസ്സിനേയും വസ്തുവിനും പിണച്ചു നിർത്തുന്ന ഇടനിലകളും, അവ പരസ്പരം അലിഞ്ഞു ചേർന്നിരിക്കുമ്പോഴും വ്യതിരിക്തമായും കാണാൻ കഴിയുന്ന ചിന്താസൂഷ്മതയുമാണ് ഇവിടെയുള്ളത്. ജെയിംസ് മുന്നോട്ടവയ്ക്കുന്ന റാഡിക്കൽ എംപിരിസിസത്തിൽ ‘ബന്ധങ്ങൾ’ വസ്തുക്കളെ പോലെത്തന്നെ യഥാർഥവും അനുഭവവേദ്യവുമാണ്. (Lapoujade,2015) സിമോന്തൻ ‘ബന്ധങ്ങൾക്ക്’ ഉണ്മയുടെ പദവികൊടുക്കുകയും ‘ഉണ്മ’ തന്നെ ഒരു ബന്ധസമുച്ചയമായി വിഭാവനം ചെയ്യുമ്പോൾ സാധ്യമാക്കുന്നതും പാശ്ചാത്യ തത്വചിന്തയിൽ ആഴത്തിൽ വേരൂന്നിയ സത്താവാദത്തിന്റെ നിരാസം തന്നെയാണ്. ലോകത്തിലെ സകലതും നിർമിതമായ ആദിമവസ്തു ‘ശുദ്ധാനുഭവം’ ആണ്. ശുദ്ധം എന്നാൽ ഇവിടെ അനുഭവരഹിതമായതല്ല, അനുഭവം മാത്രമാണ്. അത് അതിനുവേണ്ടിയല്ലാതെ മറ്റൊന്നിനായും നിലകൊള്ളുന്നില്ല.
ലോകത്തിന്റെ ‘വിശാലതയിൽ’ പിന്നണിയിൽ (Back grounding) അവ്യക്തമായി നടക്കുന്നതിൽ നിന്നുമാണ് സംഭവത്തിന്റെ ‘സ്പഷ്ടത’ കൈവരിച്ച് മുന്നണിയിലെത്തുന്നത് (Foregrounding). ഈ സവിശേഷാനുഭവത്തിന് രണ്ട് മാനങ്ങൾ ഉണ്ടെന്ന് കാണാം. പിന്നണിയിൽ നടക്കുന്നത് അനേകതകളുടെ ചേർച്ചയാണ്. അതിൽ നിന്നും ഏകമായ ആവിഷ്കാരവും. പലതുകൾ ചേർന്ന് ഒന്നാകുന്നു, ആ ഒന്ന് പലതിൽ ഒന്നാകുന്നു എന്ന് വൈറ്റ് ഹെഡ്പറയും. ഇവിടെ ലോകം എന്നിലൂടെ ഇരട്ടിക്കുകയാണ്. ലോകത്തിൽ ‘പൊതുവായത്’ ‘തന്റേതാക്കി’ മാറ്റുന്ന നിമിഷമാണ് ഓരോ സംഭവവും. അപ്പോൾ ആദ്യമെത്തുന്നത് വരാനിരിക്കുന്നതിനായി കാത്തിരിക്കുന്നുണ്ട്, നിലമൊരുക്കുന്നുണ്ട്. ഇനി എത്രതന്നെ ചിട്ടപ്പെടുത്തിയാലും ഓരോ സംഭവവും ആർക്കും പിടികൊടുക്കാതെ അതിലൊരു അത്ഭുതം ഒളിപ്പിച്ചിട്ടുണ്ടാകും. ഇതിൽ ഓരോ നീക്കവും പരീക്ഷണമാണ്, മുൻനിശ്ചയത്തിൽ നിന്നുള്ള തൽക്ഷണ വ്യതിയാനം. അനേകതകളുടെ ചേർച്ചയിൽ ആണ് സംഭവത്തിന്റെ രാഷ്ട്രീയം എങ്കിൽ അതിന്റെ ആവിഷ്കാരം തികച്ചും സൗന്ദര്യാത്മകമാണ്. സംഭവങ്ങങ്ങൾ സ്വകാരണങ്ങളും സ്വയാശ്രയങ്ങളും ആണ്. സംഭവങ്ങൾ അതിലേക്ക് തന്നെ തിരിഞ്ഞു നോക്കുന്നത് ‘ഒരേസമയം ആത്മ പ്രതിഫലനവും ഒപ്പം ആത്മ നിർമിതിയും കൂടിയാണ്. ‘ബന്ധങ്ങൾ’ ‘ആവിഷ്കാരം’ ‘സംഭവം’ ‘മാറ്റം’ ഇവയൊക്കെയാണ് ഇവിടെ പ്രക്രിയാചിന്തയുടെ താക്കോൽ വാക്യങ്ങൾ. (Massumi 2013).
ആയിക്കൊണ്ടിരിക്കലിന് തുടർച്ചയില്ല, വൈറ്റ് ഹെഡിന്റെ ഭാഷയിൽ തുടർച്ചയുടെ ആയിക്കൊണ്ടിരിക്കൽ മാത്രമേയുള്ളൂ. ഈ തുടർച്ചയുടെ കെട്ടുകൾ വില്യം ജയിംസിന് സംയോജക ബന്ധവും എന്നാൽ തുടർച്ചയോടൊപ്പമുള്ള ‘വേറിട്ടുനില്പ്’ വിച്ഛേദകബന്ധത്തിലൂടെ സാധ്യമാകുന്നതാണ്. ഏകവും അനേകവും ഇവിടെ വൈരുധ്യങ്ങൾ അല്ല, പകരം പരസ്പര പൂരകങ്ങൾ ആണ്.
പല കടമ്പകൾ പിന്നിട്ട് കുറുകെയുള്ള ഒഴുക്കിൽ തടസ്സവും വിടുതലും മുറുക്കവും അയച്ചിലുമെല്ലാം നിർമാണാത്മകമായ സഹായക കടമ്പകളായി കരുതണം. ഓരോ നിമിഷവും വേറിട്ടതും പുതിയതും ഒപ്പം പഴയതിന്റെ തുടർച്ചയുമാകുമ്പോൾ തുടർച്ച ഒരിക്കലും ‘പുതുമയ്ക്ക്’ വിലങ്ങുതടിയാകുന്നില്ല. ഇവിടെ മാറ്റം അനുഭവവേദ്യമാണ്, അത് സാധ്യമാകുന്നതാകട്ടെ ബന്ധങ്ങളിലൂടെയാണ്. യാഥാർഥ്യം അനുഭവവേദ്യമാണ്, ആനുഭവികമായതൊക്കെ യാഥാർഥ്യവും എന്നതാണ് വില്യം ജയിംസിന്റെ ‘അത്യനുഭവവാദ’ (Radical Empiricism)ത്തിന്റെ പൊരുൾ.
ഒരു സംഭവത്തെ, സംഭവങ്ങളെ തമ്മിൽ വിളക്കി നിർത്തുന്നത് സംഭവത്തിന് വെളിയിലുള്ള ഒന്നും അല്ല, സ്വയം പൊതിഞ്ഞാണ് അതിന്റെ നില്പ്. നാം എപ്പോഴും ഒരു തിരയുടെ അറ്റത്താണ് (Edge of a crest). അവിടെ എപ്പോഴും തൊട്ടടുത്തത് സമാഗതമാണ്. ഈ തിരയിളക്കത്തിന്റെ അവശേഷിപ്പാണ് മാറിമറിയുന്ന വിഷയവും വിഷയിയും. അപ്പോൾ സർവതിനെയും ചലിപ്പിക്കുന്ന, സ്വയം ചലിക്കാത്ത ഒരാദിമ സഞ്ചാലകൻ ഇല്ലെന്നാണോ? സംഭവങ്ങൾ സ്വയാശ്രിതവും സ്വകാരണങ്ങളുമാകുമ്പോൾ സർവചലനങ്ങളേയും നിയന്ത്രിക്കുന്ന ഒരു എൻജിനീയർ ആവശ്യമില്ലല്ലോ
പരോക്ഷം (Virtual)
പലതുകൾ ചേർന്ന് ഒന്നാവുകയും ഒന്ന് പലതിൽ ഒന്നാവുകയും ചെയ്യുന്ന പ്രക്രിയാപ്രപഞ്ചമാണ് വൈറ്റ്ഹെഡ് വിഭാവനം ചെയ്യുന്നത്. അതിൽ ഓരോ വാസ്തവിക വസ്തുവും (Actual) ഭൂതത്തിൽ നിന്ന് ഡാറ്റകൾ ഉൾച്ചേർത്ത് (Prehending) പുനരാവർത്തി (Reenactation) സാധ്യമാക്കുന്നുത് സംഭവത്തിന്റെ ശരീരികതലം ആണെന്ന് മേൽ സൂചിപ്പിച്ചിട്ടുണ്ട്. ദെല്യൂസിയൻ Actual, Virtual ഇവയ്ക്ക് സമാനമായ വൈറ്റ്ഹെഡിയൻ സങ്കല്പനങ്ങളാണ് വാസ്തവിക വസ്തു (Actual Object) അനശ്വര വസ്തു (Eternal Objects) തുടങ്ങിയവയാണ്. വൈറ്റ് ഹെഡിന്റെ തന്നെ വാക്കുകളിൽ യഥാർഥത്തിൽ ചുകപ്പ് നിറമായ ഒരു പൂവിന് അതുപോലെത്തന്നെ വയലറ്റോ മഞ്ഞയോ ആകാമായിരുന്നു. പക്ഷേ അനശ്വര വസ്തുവായ ‘ചുകപ്പിന്’ സ്വയം യാഥാർഥ്യമാകാനുള്ള കാരണശേഷിയില്ല. അനശ്വരവസ്തു അനിശ്ചിതത്വത്തിന്റെയും തീരുമാനമില്ലായ്മയുടെയും ഒരു മണ്ഡലമാണെങ്കിൽ വാസ്തവിക വസ്തു അനശ്വര വസ്തുവിന്റെ തിരഞ്ഞെടുപ്പിലൂടെയും അതിനെ യാഥാർഥ്യമാക്കുന്നതിലൂടെയും ‘നിശ്ചിതമാകുന്നു’;’തീരുമാനിക്കപെടുന്നു’.
ഈ ലോകം തനിയാവർത്തനങ്ങളുടേയും നിശ്ചലതയുടെയും ആകാതെ എന്ത് കൊണ്ട് എപ്പോഴും വ്യത്യസ്തവും പുതുമായുള്ളതുമായ ഒന്നാകുന്നു എന്നാണ് വൈറ്റ്ഹെഡും ദെല്യൂസും ഒരുപോലെ അന്വേഷിച്ചത്. സർഗാത്മകതയാണ് (creativity) ഇവിടെ ചിന്തയുടെ അടയാളവാക്യം. കാന്റിയൻ കേവല സാദ്ധ്യതകളിൽ (Possibility) നിന്ന് ഭിന്നമായി അത് യാഥാർഥ്യത്തെ അതുപടി പകർത്തുകയോ മുൻകൂർ തയ്യാർ ചെയ്യുകയോ ചെയ്യുന്നില്ല എന്നിടത്താണ് അത് അതീന്ദ്രിയമായ ആശയവാദത്തിൽ നിന്നും വിടുതി നേടി ‘അതീന്ദ്രിയാനുഭവവാദമായി’ മാറുന്നത്.
ദെല്യൂസിന് യാഥാർഥം (real) എന്നത് അനുഭവവേദ്യമാകുന്നത് മാത്രമാണ്. ഒരുപക്ഷേ ദെല്യൂസിന് ‘വെർച്വൽ’ എന്നതിനെ ഭൂമിയിൽ തറച്ചു നിർത്താനുള്ള നാട്ടയാണ് ‘ആക്ച്വൽ’. ദല്യൂസിയൻ അനുഭവവാദ യുക്തിയിൽ ഫലമുള്ളതോ അതുളവാക്കുന്നതോ ആയതോക്കെ (അനുഭവവേദ്യമാകുന്നത്) യാഥാർഥം(Real) ആണ്. Virtual എന്നതിന്റെ ഫലവും യാഥാർഥ്യവും അതുളവാക്കുന്ന ‘മാറ്റത്തിൽ’ ആണ്. ഇത് അവഗണച്ച്, ദല്യൂസിയൻ വെർച്വൽ പ്ലാറ്റോയുടെ ആശയലോകത്തിന്റെ മാതൃകയിൽ വേറിട്ട ഒന്നായി മനസ്സിലാക്കിയ പലചിന്തകർക്കും പറ്റിയ അപകടം ‘വെർച്വൽ’ എന്നതിനെ ‘പരലോകത്തുള്ള’ ഒന്നായി തെറ്റിദ്ധരിച്ചു എന്നതാണ്.
വാസ്തവികമാകുന്നതോടെ virtual തീർന്നുപോകുന്നില്ല, പക്ഷെ തിരിച്ചു പോകുന്നു. പോകാൻ മറ്റൊരു ഇടമില്ലാതെ കാലക്രമത്തിന്റെ വിടവിൽ, ഇപ്പൊക്കഴിഞ്ഞതിലും വരാനിരിക്കുന്നതിലും ഒളിച്ചിരിക്കുന്നു. പുനരാവർത്തികളാൽ സാധ്യമാകുന്ന മാറ്റത്തിലൂടെ അത് നമുക്ക് അനുഭവവേദ്യമാകുന്നു. മാറ്റം മാത്രമാണ് സ്ഥിരമായത് എന്ന ഹെരാക്ലിറ്റസിന്റെ നിരീക്ഷണത്തിന് ഇത് അടിവരയിടുന്നു. ഏതൊരു സംഭവത്തിനും വാസ്തവികമാകാതെ പോകുന്നത് ഒഴിവാക്കപ്പെടുന്നതിലൂടെ വസ്തുവിൽ ഉൾച്ചേർക്കപെടുകയും (Negative Prehension) അതുവഴി യാഥാർഥ്യത്തിന്റെ വക്കിൽ മാത്രമായി നിലനിൽക്കുകയും ചെയ്യുന്നു. ഇവിടെ ഭൂതത്തിൽ നിന്നും പ്രക്ഷേപിക്കുന്ന ‘ഡാറ്റകൾ’ വസ്തുവല്ല പകരം ഒരു ബന്ധമണ്ഡലമാണ് (RelationalField). ഈ ബന്ധമണ്ഡലത്തിന്റെ സങ്കീർണതകൾ വാസ്തവികമാകുന്നതോടെ പരിഹൃതമാകുകയും ‘വസ്തു’ ജനിക്കുകകയും (Concrescence) അനന്തരം കൊഴിഞ്ഞുപോവുകയും (Perishing) ചെയ്യുന്നു. രൂപത്തിന്റെ ശക്തി (Force of form) ഇവിടെ രൂപം മാറികൊണ്ടിരിക്കാനുള്ളതാണ് (Form taking-deforming). ഓരോ നിമിഷവും- സംഭവവും ശേഷികളുടെ (Potential) സാക്ഷാത്കാരമാണ് (Real). ‘ശേഷികളുടെ’ (Potentials) കലവറ എവിടെയാണ്? അത് സ്ഥലത്തിൽ തിരഞ്ഞാൽ നമുക്ക് കണ്ടുകിട്ടില്ല, മറിച്ച് കാലത്തിലേക്ക് തിരിയണം. അപ്പോഴും സാധ്യതകൾ മുഴുവൻ സിദ്ധമായ ഒരു വസ്തുവും ലോകവും ഇല്ല.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ, അവിടെ വ്യത്യാസങ്ങളുടെ ചേർച്ചയിൽ ഒരു മേഖല രൂപപ്പെടുന്നത് കാണാം (Massumi2013, P-19). അത് വരാനിരിക്കുന്നതിന്റെ കളമൊരുക്കൽ ആണ്. അതിൽ നിന്നാകട്ടെ അതിനോട് ഒട്ടും സമാനതയില്ലാത്ത മിന്നൽപിണർ ഉണ്ടാകുന്നു.നമ്മുടെ റെറ്റിനയിൽ പതിക്കുന്ന പ്രകാശകണങ്ങൾക്കും അത് സാധ്യമാക്കുന്ന കാഴ്ചഅനുഭവത്തിനും എന്ത് പൊരുത്തമാണുള്ളത്. പിയായാനോവിൽ നിന്നും സംഗീതം പുറപ്പെടുവിക്കുന്നത് ശ്രദ്ധിച്ചാലും അതെങ്ങനെ അമൂർത്തമായ സാക്ഷാത്കാരത്തിലേക്ക് നയിക്കുന്നു എന്ന് മനസ്സിലാകും. അമൂർത്തത മാത്രമാണ് ജീവിത സാധ്യവും അനുഭവവേദ്യവുമായുള്ളത്. അനുയോജ്യമായ അമൂർത്തതയുടെ ആവിഷ്കാരമാണ് കല (വില്യം ജയിംസ്). ഇവിടെ വ്യത്യാസങ്ങളുടെ ചേർച്ചയിലൂടെ സാധ്യമാകുന്ന ഒരു പരോക്ഷ മണ്ഡലമാണ് (Virtual) മിന്നൽ പിണറിന് വഴിയൊരുക്കുന്നത്.
പരിസ്ഥിതി ചിന്ത
വൈകി, തിരക്കേറിയ പാതയിലൂടെ വേഗത്തിൽ ഓഫീസിലേക്ക് നടന്നു പോകുന്നു. ചുറ്റിലും പല ശരീരങ്ങൾ, വേഗത്തിലും പതുക്കയും സങ്കീർണമെങ്കിലും ഒരു തിരയുടെ കയറ്റിറക്കം പോലെ ഒപ്പം ചലിക്കുന്നുണ്ട്. എന്റെ കാൽ ചുവടുകൾ അനുനിമിഷം ആൾക്കൂട്ടത്തിൽ വിടവുകളും മുന്നോട്ട് പോക്കിന് ആവശ്യമായ ‘തുറവിയും’ സൃഷ്ടിക്കുന്നു. ചുറ്റുമുള്ള ശരീരങ്ങളുടെ ചലനക്രമവും വേഗവും എന്റെ കാൽവയ്പ്പുകളെ ക്രമപ്പെടുത്തുന്നുണ്ട്. ആലോചിച്ചു നിൽക്കാൻ ആൾക്കൂട്ടത്തിൽ ഇടവും സമയവുമില്ല, എന്നാൽ ഓരോ കാൽവയ്പ്പിലും ചിന്തിക്കുന്നുണ്ട്. ചിന്തയും ചലനവും ഇവിടെ ആൾക്കൂട്ടത്തിന്റെ ഒപ്പം തന്നെയാണെന്ന് കാണാം. (Manning & Massumi 2014, P-10) പക്ഷെ നമ്മൾ എത്തേണ്ടിടത്ത് എത്തിയാൽ വന്ന വഴി മറക്കുന്നു, പ്രക്രിയ വിസ്മൃതമാകുന്നു.
പുഴക്കരയിലെ മരങ്ങൾ, മലനിരകളിൽ നിന്നുള്ള ഒഴുക്ക് വെള്ളത്തെ സ്വീകരിക്കുമ്പോഴും, മലകളെ മറയാക്കി കാറ്റിൽ കടപുഴകാതെ നിലകൊള്ളുമ്പോഴും, നിഴലുകളോട് ഇടപെട്ട് വളരുമ്പോഴും മണ്ണും മലകളും സൂര്യനും ഒക്കെ ഓരോ സംഭവങ്ങളായി മരത്തിന്റെ ജീവിതത്തെ തന്നെ പരുവപ്പെടുത്തുകയാണ്……ഇങ്ങനെ മരം ജീവിച്ച ജീവിതത്തിന്റെ അമൂർത്ത വൃത്തങ്ങൾ ആണ് മരത്തിന്റെ കാതൽ (Massumi 2013,P-26). ഈ പരസ്പരാശ്രിതത്വവും പരിഗണനയും, പ്രാധാന്യവും ജീവിതത്തിലും ചിന്തയിലും ഒഴിച്ചു കൂടാൻ കഴിയാത്തതാണ്. പ്രപഞ്ചം തന്നെ പരസ്പരാശ്രിതമാണ്. അന്യോന്യം ആണ് അതിന്റെ ഉള്ളടക്കം.ലോകത്തോടൊപ്പം ചിന്തിക്കാൻ മാത്രമേ നമുക്ക് കഴിയൂ. ലോകത്തെ കവിഞ്ഞ ജീവിതവും ചിന്തയും മനുഷ്യനില്ല.
Featured Image: Steven Lelham
Ref:
1.Massumi, Brian: Semblance and event; Activist Philosophy and the Occurrent Arts, MIT Press paper back edition 2013
2.Massumi,Brian: Politics of Affect,Polity press 2015
3.Manning, Erin and Massumi Brian: Thought in the Act, Passages in the ecology of experience, University of Minnesota Press 2014
4.Combes, Muriel: Gilbert Simondon and the Philosophy of the Transindividual. The MIT press 2013
5.Lapoujade,David: William James, Empiricism and Pragmatism, Duke University Press 2020.


Comments are closed.