മനസ്സിനെയും ശരീരത്തെയും തളർത്തുന്നൊരു കാര്യം വീണ്ടും വീണ്ടും ചെയ്യാനുള്ള അവിരാമമായ അഭിനിവേശത്തെയാണ് അത്യാസക്തി എന്നു പറയുന്നത്—ഒരു ബാധപോലെ ഒഴിയാതെ മനസ്സിൽ കുടിയിരിക്കുന്ന കൊതി. വേതാളം തോളിൽക്കിടന്ന് വിക്രമാദിത്യനോട് കഥകൾ പറഞ്ഞുവെങ്കിൽ, ആസക്തിയുടെ ആത്മാവ് ( The addictive spirit) മനസ്സിന്റെ മൂലയിൽ ചിതറിക്കിടക്കുന്ന ഓർമപ്പുറ്റുകൾക്കിടയിൽ നിന്ന് തീരാക്കൊതിയുടെ ചുഴി ചുഴറ്റുന്നു.
1961—ലാണ് തൊഴിൽ ഒരാസക്തിയായി മനസ്സിലാക്കപ്പെടുന്നത്—വർകഹോളിക് എന്ന വാക്ക് ഇല്ലിനോയിസിലെ പാർക് റിഡ്ജിൽ മനശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ നെൽസൺ ബ്രാഡ്ലി ആദ്യമായി ഉപയോഗിച്ചത് അക്കൊല്ലമാണ്. തൊഴിലിന്റെ ബാഹ്യസ്വഭാവത്തെക്കുറിച്ചും അത് സൃഷ്ടിക്കുന്ന അന്യവൽക്കരണത്തെക്കുറിച്ചും കാൾ മാർക്സ് പറഞ്ഞത് 1844-ലായിരുന്നുവെങ്കിൽ തൊഴിൽ ഹാനികരമായ ഒരു ആസ്ക്തിയാകുന്ന അവസ്ഥയുണ്ടായിരുന്നില്ല എന്ന് അനുമാനിക്കാം.
വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞാൽ പണിയെടുക്കാൻ പൊയ്ക്കൊള്ളൂ എന്നൊരു വേദവിചാരമുണ്ട് ഖുർആനിൽ. എന്നാൽ അവിടെ തൊഴിലിൽ ഒരു സാമൂഹികതയുണ്ട്. മുതലാളിത്തത്തിന്റെ വളർച്ചാ വികാസത്തിൽ ഈ സാമൂഹികതയുടെ കനം പോകുകയും, തൊഴിൽ എന്ന ബഹുത്വത്തിന്റെ ആവിഷ്കാരം വ്യക്തി എന്ന ഒരു തുരുത്തിലേക്ക് ചുരുങ്ങിപ്പോകുകയും ചെയ്യുന്നു. കോവിഡ് 19, മുതലാളിത്തത്തിന് കൈവന്ന സുവർണ നിമിഷമാണ്. വ്യക്തിയെ എത്ര ചെറുതാക്കാമോ അത്രയും ചെറുതാക്കാനും തൊഴിലിനെ എത്രത്തോളം സാമൂഹികതയിൽ നിന്ന് വേർപെടുത്താമോ അത്രത്തോളം വേർപെടുത്താനും കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് കോവിഡിലൂടെയാണ്.
അലസത ഇഷ്ടപ്പെട്ടിരുന്ന എനിക്ക് പണിയെടുക്കാനുള്ള അഭിനിവേശമുണ്ടാകുന്നത് കോവിഡ് മുതൽക്കാണ്. അലസമായി പുസ്തകം വായിച്ചും സിനിമ കണ്ടും ‘നഷ്ടപ്പെട്ടിരുന്ന’ തീവണ്ടി യാത്രകൾ പണിയെടുക്കാനുള്ള ഇടവേളകളായി മാറി. ആളൊഴിഞ്ഞ കമ്പാർട്ടുമെന്റുകൾ ഒരു താൽക്കാലിക ഓഫീസിലേക്ക് പരിവർത്തനപ്പെട്ടു. തൊഴിൽ തടസ്സപ്പെടുന്ന തരത്തിൽ സഹയാത്രികരുണ്ടാവരുതേ എന്നൊരു പ്രാർഥനയുണ്ടായി (എല്ലാ യാത്രയിലും ജഗദീശ്വരനോട് ഒരു സഹയാത്രികനായി കൂടെയുണ്ടാകണേ—കുൻ ലനാ സാഹിബൻ ഫി സഫരിനാ—എന്ന പ്രാർഥനയുടെ തീവ്രമുതലാളിത്ത വേർഷൻ).
അങ്ങനെ പണിയെടുത്ത് തളർന്നുറങ്ങുന്ന ഒരു പാതിരാവിലാണ് കൂട്ടും സൂട്ടുമിട്ട ഒരാൾ എന്നെ സ്വപ്നത്തിൽ സന്ദർശിക്കുന്നത്. അറുപത് കഴിഞ്ഞ, എന്നാൽ ദൃഢഗാത്രനായ ഒരു മനുഷ്യൻ. ചുണ്ടിന്റെ അറ്റത്ത് ഒരു പൈപ്പിൽ നിന്ന് പുകച്ചുരുളുകൾ. മുടി ഒരു ഭാഗത്തേക്ക് ചീകി ഒതുക്കിവെച്ചിരിക്കുന്നു. ദൂരെ നിന്ന് കണ്ടപ്പോൾ വാച്ച്മെൻ ഗ്രാഫിക് നോവൽ എച്ച് ബി ഒ സീരീസാക്കിയപ്പോൾ ഒസിമാന്റിയാസിന്റെ വേഷമിട്ട ജെറിമി അയൺസിനെപ്പോലെ തോന്നിച്ചു. അടുത്തുവന്നപ്പോൾ ആ തോന്നൽ ശരിയല്ല എന്ന് മനസ്സിലായി. സൺഗ്ലാസ് വെച്ചിരുന്നതാണ് പ്രശ്നമായത്. ആളുകൾ എന്തിനാണ് ഈ പാതിരാത്രി സ്വപ്നത്തിൽ സൺഗ്ലാസ് വെച്ച് വരുന്നത്.
‘എന്നെ മനസ്സിലായോ.’
‘നോ. ഹൂ ആ യൂ.’
‘യോ സോനോ ഇറ്റാലോ കാൽവിനോ.’
അപ്പോഴാണ് കാൽവിനോക്ക് ഒരു ബയോപിക് ഉണ്ടാകുകയാണെങ്കിൽ ആ വേഷമിടാൻ പറ്റിയത് ഒരു ജെറമി അയൺസാണെന്ന് മനസ്സിലായത്.
‘ഉം. എന്തേ വന്നത്.’
‘ദാ. ഇത് തരാൻ.’
ഒരു പുസ്തകം കയ്യിൽ തന്ന് അദ്ദേഹം ഒന്ന് വിസിലൂതി. അപ്പോൾ നൗഫൽ തന്റെ പച്ച ഹാപ്പ ഓടിച്ച് അവിടെ വന്നു. അതിൽ കയറി അദ്ദേഹം സ്ഥലം വിട്ടു.
രണ്ടാമത്തെ “I” എന്ന ഇംഗ്ലീഷ് അക്ഷരം പെൻസിൽ പോലെ കൂർത്ത ഇൻവിസിബിൾ സിറ്റീസിന്റെ (അദൃശ്യ നഗരങ്ങൾ) ഒരു കോപ്പിയായിരുന്നു പുസ്തകം.
ഫോണ്ടു കൊണ്ട് നഗരത്തിന്റെ രൂപസാദൃശ്യം തീർത്ത നൈജീരിയൻ ഗ്രാഫിക് ഡിസൈനർ മൈക്കിൾ സാലുവിന്റെ വിശ്വവിഖ്യാതമായ കവർ—ഒരു പക്ഷേ ലോകത്തെ ഏറ്റവും കലാമേന്മയുള്ള പുസ്തകച്ചട്ട. പിറ്റേന്ന് രാവിലെ ഷെൽഫിൽ നിന്ന് പുസ്തകമെടുത്ത് മുത്തുവിന്റെ കടയിലേക്ക് പുറപ്പെട്ടു. ഏഴു മണിക്ക് ശേഷം കടയിൽ ആൾത്തിരക്കില്ലായിരിക്കുമെന്ന പ്രതീക്ഷയിലാണ് പോയത്. എന്നാൽ അവിടെ വല്ലാത്ത ബഹളം. എന്തിനാണ് സമൂഹത്തെ—ജനബാഹുല്യത്തെ—പേടിക്കുന്നത് എന്ന ചോദ്യമായി മനസ്സിൽ. കാൽവിനോയുടെ പുസ്തകത്തിൽ ജനബാഹുല്യമാണ്. ഒച്ചയാണ്. ഒച്ചയിട്ടലറി വരുന്ന കഥകളാണ്. ഇനി ചായക്കടയിലെ കഥയിലേക്ക് കാതോർക്കാം.
കടയിൽ ഹാപ്പ നൗഫലുണ്ട്. കാൽവിനോയെ എയർപ്പോർട്ടിലാക്കി എപ്പോഴാണ് തിരികെ വന്നത് എന്ന് ചോദിക്കാൻ തോന്നി. എന്നാൽ അദ്ദേഹം യു.ഡി.എഫ് അനുകൂലിയായ സമദിനും എൽ.ഡി.എഫ് അനുകൂലിയായ റഹീമിനുമിടയിൽ ഒരു മധ്യസ്ഥനെപ്പോലെ കുടുങ്ങിയിരിക്കുകയാണ്—എവിടെയും വോട്ടില്ലാത്ത പള്ളീലുസ്താദ് പറയുന്നവർക്കാണ് നൗഫൽ വോട്ടുചെയ്യുന്നത്. “കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് എന്തുലത്തിയെന്നാണ് നീ പറയുന്നത്.” “ഓ. നീയൊക്കെ ഒരുപാടുണ്ടാക്കിയതല്ലേ. സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെ കയ്യിട്ട് വാരാനിരിക്കേല്ല നിന്റെ പാർട്ടി.” പെട്ടന്ന് പത്രക്കാരൻ വന്നു. ഇറാൻ-അമേരിക്ക വെടിനിർത്തൽ. പെട്ടന്ന് യു.ഡി.എഫ്-എൽ.ഡി.ഫ് വെടിനിർത്തലുണ്ടാവുകയും എല്ലാരും ട്രംപിന്റെ പുറകെ സൈക്കിളെടുത്ത് പായാനും തുടങ്ങി. പെട്ടെന്ന് തകരപ്പാട്ടയിൽ ചായ ചാടുന്ന ഒച്ചയും തിളക്കുന്ന എണ്ണയിൽ മസാലപ്പത്തിരി വറുത്ത് പൊങ്ങുന്ന സീൽക്കാരവും പശ്ചാത്തലശബ്ദമായി, ഡോണാൾഡ് ട്രംപ് തെറിയഭിഷേകത്തിലേക്ക് സംസാരം വഴുതി വീണു.
‘കാര്യമൊക്കെ കൊള്ളാം. യുദ്ധം നിന്നില്ലെങ്കി ചായേം പത്തിരീം നിന്നു പോവുട്ടോ.’
ഇടതു കയ്യിലെ സ്റ്റീൽ കപ്പിലേക്ക് തലക്കു മുകളിൽ വലതുകയ്യിൽ പിടിച്ച തകരപ്പാട്ടയിൽ നിന്ന് ചായ വീശിയടിച്ച് മുത്തു പറഞ്ഞു.
‘മുത്തേ. അതൊന്നും പറയണ്ട. ഗ്യാസ് കിട്ടീലെങ്കി ചായ വെക്കാനുള്ള വിറക് എന്റെ വക,” പറ്റ് കാശ് ഇനിയും കൊടുത്ത് തീർക്കാത്ത മമ്മാലിയുടെ കിടിലൻ ഓഫർ.
താൻ ജനിക്കുന്നതിന് രണ്ട് നൂറ്റാണ്ട് മുമ്പ് ലണ്ടനിലെ കോഫി ഹൗസിൽ വന്നിരുന്ന് മധ്യവർഗബുദ്ധിജീവികൾ നടത്തിയെന്ന് അനുമാനിക്കപ്പെടുന്ന സംഭാഷണങ്ങളെ ആസ്പദിച്ച് ഈയടുത്ത് നിര്യാതനായ യൂർഗൻ ഹേബർമാസ് നിർമിച്ചെടുത്ത പൊതുവിടത്തെക്കുറിച്ചുള്ള അക്കാദമിക വിചാരങ്ങൾ അദ്ദേഹം ഒരതിർത്തിക്കപ്പുറത്ത് തുർക്കിയിലെ കോഫിഹൗസിൽ ചെന്നിരുന്ന് നടത്തിയിരുന്നെങ്കിൽ, കുറെച്ചെങ്കിലും യൂറോപ്യൻ മുൻവിധികളിൽ നിന്ന് മുക്തമാകുമായിരുന്നു എന്ന് തോന്നിപ്പോയി.
വെയിലിനിനിയും ഉഗ്രരൂപം കൈവരാത്തതിനാൽ ടെറസിലേക്ക് പുസ്തകവും നോട്ട്പാഡുമായി ചെന്നു. വർക്കിന്റെ ചെറിയ ഇടവേളകളിൽ ജേർണലിംഗ് എന്ന ആത്മാഭാഷണത്തിന്റെ ഒരേർപ്പാട് തുടങ്ങിയത് വെക്കേഷൻ മുതലാണ്. പെരിന്തൽമണ്ണയിലെ ഐ.എം.ടി ലോ കോളജിലും അൽ ജാമിയയിലും അധ്യാപനവൃത്തി നടത്തുമ്പോൾ കുട്ടികളോടും, സഹപ്രവർത്തകരോടും, സഹമുറിയൻമാരോടും (അബ്ദുൽ അഹദിനെയും റഈസ് മുഹമ്മദിനെയും ഓർക്കുന്നു) സംവദിക്കുന്ന വേളയിൽ കുറേയെല്ലാം പ്രവൃത്തിക്ക് ഒരു സാമുഹികമാനം ലഭിക്കുമായിരുന്നു. ഒപ്പം അദർ ബുക്സിലെ മീറ്റിംഗ് എന്ന സഭ്യധ്വനിയിൽ (euphemism) പറയുന്ന സൊറകൾ—ഇതാണ് ഇടവേളകളിലെ ജേർണലിംഗിലേക്ക് വഴിമാറിയത്. അന്ന് വെയിലേറും മുമ്പ് കാൽവിനോയുടെ ആമുഖം ഇപ്രകാരം വിവർത്തനം ചെയ്തു:
തന്റെ പര്യടനവേളയിൽ കണ്ട നഗരങ്ങളെക്കുറിച്ച് മാർക്കോ പോളോ വാചാലനാകുമ്പോൾ കുബ്ലൈ ഖാൻ അതെല്ലാം വിശ്വസിക്കുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടതില്ല. എന്നാൽ തന്റെ അടുക്കൽ വരുന്ന മറ്റേത് ദൂതനും സഞ്ചാരിക്കും നൽകുന്നതിനെക്കാളേറെ ജിജ്ഞാസയോടെ ആ താർത്താരി ചക്രവർത്തി വെനീസുകാരനായ ആ യുവാവിനെ കേട്ടിരുന്നു. എല്ലാ ചക്രവർത്തിമാരുടെയും ജീവിതത്തിൽ ഒരു നിമിഷമുണ്ടാവും — കീഴടക്കിയ ഭൂപ്രദേശങ്ങളുടെ അതിരുകളില്ലാത്ത വിശാലതയെക്കുറിച്ചുള്ള അഭിമാനത്തിനു പിറകെ ആ നിമിഷം കടന്നുവരും. ആ പ്രദേശങ്ങളെല്ലാം തനിക്കറിയാമെന്ന ദുഖ സാന്ദ്രമായ സാന്ത്വനത്തെത്തുടർന്ന് ആ അറിവും ധാരണയും ഉപേക്ഷിക്കേണ്ടി വരുന്ന നിമിഷം.
മഴകഴിഞ്ഞൊരാനച്ചൂരും; ധൂപക്കുറ്റിയിൽ തണുത്തുറഞ്ഞു പോയ ചന്ദനച്ചാരത്തിന്റെ ഗന്ധവും; തവിട്ടുനിറത്തിലുള്ള വിടവുകളിലായി മാപ്പുകളിൽ ഉല്ലേഖനം ചെയ്യപ്പെട്ട് കിടക്കുന്ന നദികളെയും മലകളെയും വിറപ്പിക്കുന്ന തലകറക്കവും; അവസാനത്തെ ശത്രുസേനയും പരാജയപ്പെട്ടുവെന്ന വൃത്താന്തങ്ങൾ വിടർത്തിയുള്ള വായനയും; വിലമതിക്കാനാവാത്ത ലോഹവും, ഊറക്കിട്ട തോലും, ആമത്തോടും വാഗ്ദാനം ചെയ്ത് പകരം സ്വന്തം സൈന്യത്തിന്റെ സംരക്ഷണം തേടുന്ന രാജാക്കൻമാരുടെ സന്ദേശത്തിന്റെ മെഴുകു മുദ്രയുടെ പൊളിയലും എല്ലാമെല്ലാം കഴിഞ്ഞ് ചക്രവർത്തിമാരിലേക്ക് സായാഹ്ന വേളയിൽ അലയടിച്ച് വരുന്നൊരു ശൂന്യതാബോധമുണ്ട്. ദുഖം മൂടിക്കിടക്കുന്ന ആ ഭ്രമയുഗസന്ധ്യയിലാണ് അതിശയങ്ങളുടെ ആകത്തുകയെന്ന് നമുക്ക് തോന്നിയ ഈ മഹാസാമ്രാജ്യം അറ്റമില്ലാത്ത, രൂപമില്ലാത്ത ഒരു മഹാനാശമായിരുന്നു എന്ന് നാം കണ്ടെത്തുക. അഴിമതിയുടെയും ദൂഷ്യങ്ങളുടെയും ചലം നിറഞ്ഞ് തിടം വെച്ച ഈ സാമ്രാജ്യത്തിൽ തങ്ങളുടെ ചെങ്കോൽ കൊണ്ടൊന്നും യാതൊരു ഫലപ്രാപ്തിയുണ്ടാവില്ലെന്ന തിരിച്ചറിവ്. സത്യത്തിൽ യുദ്ധം ചെയ്ത് നേടിയെടുത്ത ശത്രുരാജ്യങ്ങൾ എത്രയോ കാലങ്ങളായി അവിടെയുണ്ടായിരുന്ന പതനങ്ങളുടെ അവകാശികളാക്കി നമ്മെ മാറ്റുകയാണുണ്ടായത് എന്ന ബോധ്യം. നുറുങ്ങിയൊടിഞ്ഞ് പോകാൻ വിധിക്കപ്പെട്ട കൽഭിത്തികളിലൂടെയും മണിമാളികകളിലൂടെയും ചിതലെരിയാത്ത വണ്ണം സൂക്ഷ്മമായൊരു മാതൃകയുടെ ശീലുകൾ കുബ്ലൈ ഖാൻ വേർതിരിച്ചറിയുന്നത് മാർക്കോ പോളോയുടെ വിവരണങ്ങളിലാണ്.
(ഇൻവിസിബിൾ സിറ്റീസ്, ആമുഖം)
കേൾക്കുന്ന കഥകളൊന്നും സത്യമാവണമെന്നില്ല. കഥകൾ ആലങ്കാരിക സത്യങ്ങളാണ്. പക്ഷെ നാഗരികതയുടെ പൊരിവെയിൽ തിളക്കത്തിൽ കണ്ണ് വെട്ടുമ്പോൾ, മെല്ലെ അദൃശ്യമായിക്കൊണ്ടിരിക്കുന്ന ചിതലെരിയാത്ത കൂട്ടായ്മയുടെ ശേഖരങ്ങൾ കഥകളിലുണ്ട്. മനസ്സിൽ കുടിയിരിക്കുന്ന ആസക്തി പിശാചിനെ ഓടിച്ച് ചുമലിൽ കനം തൂങ്ങുന്ന വേതാള കാഥികന് കാതോർത്ത് തൊഴിലിടങ്ങളെ കഥകളാൽ ധന്യമാക്കാം. ചായക്കടകളിലെ തകരപ്പാട്ടയിൽ ചായ നിറുത്താതെ നൃത്തം വെക്കട്ടെ; തിളക്കുന്ന എണ്ണയിലേക്ക് മാവിൽ മുങ്ങിയ നേന്ത്രക്കായ എടുത്ത് ചാടട്ടെ. ഗ്യാസ് നിന്നാലും വിറകെത്തുമെന്ന വീരവാദം വെറുതെയാകാതിരിക്കട്ടെ.


Comments are closed.