തിബാഖ് ഇന്റലക്ച്വൽ ഹിസ്റ്ററി സീരിയസ്. അധ്യായം 2
ചിന്തകളുടെയും, ചിന്തകരുടെയും പലായനത്തിന്റെ കാലഘട്ടമായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടം. അങ്ങനെ, 1940 ജൂണിൽ നാസി ജർമൻ സേന ഫ്രാൻസിലെ പാരീസ് ലക്ഷ്യമാക്കി നീങ്ങുന്ന സമയത്താണ് റഷ്യൻ കുടിയേറ്റ തത്ത്വചിന്തകനായിരുന്ന അലക്സാണ്ടർ കൊയ്റെ ഫ്രാൻസിൽ നിന്നും മെഡിറ്ററേനിയൻ കടൽ കടന്ന് ഈജിപ്തിൽ എത്തിയത്. ഈജിപ്തിലെ ബ്രിട്ടീഷ് സൈന്യത്തിലോ അല്ലെങ്കിൽ പുതുതായി രൂപീകരിച്ച സ്വതന്ത്ര ഫ്രഞ്ച് സേനയിലോ ചേരുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം അവിടെ എത്തിയത്. എന്നാൽ, കെയ്റോയിലെ ഫുആദ് യൂണിവേഴ്സിറ്റിയിൽ ഫിലോസഫി വിഭാഗത്തിൽ പ്രൊഫസറാവാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ഈജിപ്തിലേക്ക് തന്നെ വരാനുള്ള മറ്റൊരു കാരണം, ലഭിച്ച ഡിഗ്രികൾ മുഴുവനും ജർമ്മനിയിൽ നിന്നായതിനാൽ, ഫ്രാൻസിലെ പ്രധാന യൂണിവേഴ്സിറ്റികളിലൊന്നും തന്നെ അധ്യാപക ജോലി ലഭിക്കാതെ വന്നപ്പോൾ 1930 കാലയളവിൽ ഈജിപ്തിൽ ആ യൂണിവേഴ്സിറ്റിയിൽ തന്നെ ധാരാളം കാലം അദ്ധേഹം അദ്ധ്യാപനം നടത്തിയിട്ടുണ്ടായിരുന്നു എന്നതായിരുന്നു. എന്നാൽ, പാരീസിലെ സർബോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് വിരമിച്ച, കൊയ്റെയുടെ മുൻ പ്രൊഫസർ കൂടിയായിരുന്ന ആന്ദ്രെ യയാന്ദേ ആ സമയത്ത് ഫുആദ് യൂണിവേഴ്സിറ്റിയുടെ ഫിലോസഫി ഫാക്കൽറ്റിയിലുണ്ടായിരുന്നു. അക്കാരണം കൊണ്ട് തന്നെ, ഫുആദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് പ്രഗത്ഭരായ പല വ്യക്തിത്വങ്ങളുമായി സംവദിക്കാനും അവരുമായി ക്ലാസുകൾ പങ്കിടാനും, അറിവന്വേഷണത്തിനായി ലോകത്തെവിടേക്കും യാത്ര ചെയ്യാനുമുള്ള അവസരവും ഉണ്ടായിരുന്നു.
ഫുആദ് യൂണിവേഴ്സിറ്റിയിലെത്തിയ കൊയ്റെ, അവിടെ ഫിലോസഫി ഡിപ്പാർട്മെന്റിലെ ഗ്രാജുവേറ്റ് വിദ്യാർത്ഥിയായിരുന്ന അബ്ദുർറഹ്മാൻ അൽ ബാദവിയുമായി പ്രവർത്തിക്കാൻ തുടങ്ങി. അന്ന് ഡിപ്പാർട്മെന്റിൽ ഉണ്ടായിരുന്ന ഏറ്റവും കഴിവുള്ള വിദ്യാർത്ഥിയായിരുന്നു ബാദവി. അവരുടെ തത്ത്വചിന്താ പ്രവർത്തനങ്ങൾ പിന്നീട് ഉയർന്നു വന്ന അറബ് എക്സിസ്റ്റ്യൻഷലിസത്തെ മിഡിലീസ്റ്റിൽ രൂപപ്പെടുത്തുന്നതിലും അതിനെ പുനരാവിഷ്കരിക്കുന്നതിലും ശക്തമായ സ്വാധീനം ചെലുത്തി. പ്രാദേശിക പാരമ്പര്യത്തിൽ നിന്നുകൊണ്ട് തന്നെ എക്സിസ്റ്റ്യൻഷലിസത്തെ സ്വീകരിക്കുന്നതിലൂടെ യൂറോപ്യൻ തത്ത്വചിന്തയിലുണ്ടായിരുന്ന – നിന്നുള്ള – നിർണ്ണായക മാറ്റങ്ങൾ അവരുടെ ആ പുതിയ ആലോചനകളിൽ പ്രതിഫലിച്ചു.
1930 വരെ ജ്ഞാനശാസ്ത്രമായിരുന്നു (epistemology) തത്ത്വചിന്തയുടെ പ്രധാന ശാഖയായി പരിഗണിക്കപ്പെട്ടിരുന്നത്. ഫ്രാൻസിൽ ഹെൻറി ബെർഗ്സൺ ആയിരുന്നു ജ്ഞാനശാസ്ത്ര അഭിവിന്യാസമുള്ള തത്ത്വചിന്താ ധാരയെ പ്രതിനിധീകരിച്ചിരുന്നത്. അറിവിന്റെ മാർഗ്ഗങ്ങളെക്കുറിച്ചും അതിന്റെ ദൃഢതയെക്കുറിച്ചുമെല്ലാമുള്ള ചിന്തകളായിരുന്നു ജ്ഞാനശാസ്ത്രത്തിൽ കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, ദൈനം ദിന ജീവിതത്തിലെ പ്രതിസന്ധികൾ അഭിസംബോധന ചെയ്യാൻ സാധിക്കാത്ത, ജ്ഞാനത്തെ താത്ത്വികമായി മാത്രം കണ്ടിരുന്ന ഫിനോമിനോളജിയുടെ (എപിസ്‌റ്റമോളജി അതിന്റെ ഒരു ഭാഗമായിരുന്നു) പരിമിതി മനസ്സിലാക്കിയ മൗറിസ് മെർള്യൂ പോണ്ടി, റെയ്മൺ ആരോൺ മുതലായ 1930കളിലെ ഫ്രഞ്ച് ചിന്തകരായിരുന്നു ഫ്രഞ്ച് സമൂഹത്തിലുണ്ടായിരുന്ന ദൈനം ദിന ജീവിതത്തിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര വിള്ളലുകളെ അഭിസംബോധന ചെയ്യാനായി ഫിനോമിനോളജിയിൽ നിന്ന് ജർമ്മൻ സ്വാധീനമുള്ള എക്‌സിസ്റ്റൻഷ്യലിസത്തിലേക്കുള്ള ഗതിമാറ്റത്തെ സാധ്യമാക്കിയത്. പിന്നീട് 1930കൾക്ക് ശേഷം ഫ്രാൻസിൽ എക്സിസ്റ്റ്യൻഷലിസം തത്ത്വചിന്തയുടെ ഒരു പ്രധാന ശാഖയായി മാറി. അതിൽ ഉൺമാപരമായ ഉത്കണ്ഠകൾക്കായിരുന്നു പ്രാമുഖ്യം നൽകപ്പെട്ടിരുന്നത്.
1912ൽ ജർമ്മനിയിൽ നിന്ന് ഫ്രാൻസിലേക്ക് വരുന്നതിന് മുമ്പ് എഡ്മണ്ട് ഹുസേളിന്റെ ഫിനോമിനോളജിക്കൽ സർക്കിളിലെ അംഗമായിരുന്നു കൊയ്റെ. അതുകൊണ്ട് തന്നെ, ജർമ്മനിക്കും ഫ്രാൻസിനുമിടയിലെയും, ഹുസേളിനും ബെർഗ്സണുമിടയിലെയും ഒരു രാഷ്ട്രീയപരവും ചിന്താപരവുമായ ലിങ്ക് ആയിരുന്നു കൊയ്റെ. അതേ സമയം, ജർമ്മൻ തത്ത്വചിന്തകർക്കിടയിൽ ജീവിച്ചിരുന്നതിന്റെ സ്വാധീനഫലമായി ഫ്രാൻസിൽ ഹൈഡഗേറിയൻ എക്സിസ്റ്റ്യൻഷലിസത്തിന്റെ വക്താവ് കൂടിയായിരുന്നു അദ്ദേഹം. ഹൈഡഗറിന്റെ എക്‌സിസ്റ്റൻഷ്യലിസം പാശ്ചാത്യ തത്ത്വചിന്തയുടെ വികാസത്തിന്റെ പുതിയ ഒരു ഘട്ടമാണെന്ന് 1930കളിലെ മറ്റു ജർമ്മൻ ചിന്തകരെ പോലെ വിശ്വസിച്ചിരുന്നതിന് പുറമെ ഹെയ്‌ഡഗറിന്റെ ചിന്ത തത്ത്വചിന്തയുടെ തന്നെ പുതിയൊരു ഗതിമാറ്റമാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അങ്ങനെ ഫ്രഞ്ച് ചിന്തകരെ സമകാലിക ജർമ്മൻ തത്ത്വശാസ്ത്രവുമായി പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായി ‘Recherches Philosophiques’ എന്ന പേരിൽ പാരീസിൽ അദ്ദേഹം ഒരു ജേണൽ ആരംഭിക്കുകയും സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തു.
അലക്സാണ്ടർ കോയവ്, ഹെൻറി കോർബിൻ (ഹെയ്‌ഡഗേറിയൻസ്), ഴാങ് ഹെറിങ്, എമിലി ബ്രെയർ, റെയ്മൺ ആരോൺ (ഹുസേളിയൻസ്), ഹോർഹെ ബാറ്റായിൽ, ഴാക്ക് ലാക്കാൻ, റെയ്മൺ കവിന്യൂ, മൗറിസ് മെർള്യൂ പോണ്ടി, എറിക് വെയിൽ, ആന്ദ്രേ ബ്രെട്ടൺ, ഇമ്മാനുവൽ ലെവിനാസ് എന്നിവരെല്ലാം അദ്ദേഹത്തിന്റെ ആ ഫോറത്തിലെ പങ്കാളികളായിരുന്നു. ഫോറത്തിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി റഷ്യൻ കുടിയേറ്റക്കാരനായിരുന്നു കോയവ് ഹെഗലിനേയും ഹൈഡഗറിനെയും ഫ്രഞ്ച് ചിന്തകർക്ക് പരിചയപ്പെടുത്തുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. അതേസമയം ഓറിയന്റലിസ്റ്റ് ആയിരുന്ന കോർബിൻ ആ ഫോറത്തിന്റെ സ്വാധീനഫലമായി ഹൈഡഗറിന്റെ ‘ബീയിങ് ആൻഡ് ടൈം’ എന്ന മൗലികഗ്രന്ഥത്തിന്റെ ആദ്യ ഫ്രഞ്ച് പരിഭാഷ തയ്യാറാക്കുകയും ചെയ്തു. അതിന് ശേഷം ഹെയ്‌ഡഗറുടെ മറ്റു പുസ്തകങ്ങളും ഫ്രഞ്ച് ധൈഷണികർക്ക് വേണ്ടി അദ്ദേഹത്താൽ വിവർത്തനം ചെയ്യപ്പെട്ടു (കോർബിന്റെ ഹെയ്‌ഡഗ്ഗറുമായുള്ള ബന്ധം അദ്ദേഹത്തിന്റെ പിൽക്കാല പഠനമേഖലയായ ഇബ്നു അറബി, ഇസ്‌ലാമിക തത്ത്വചിന്ത, മിസ്റ്റിസിസം, ശീഈ നിഗൂഢസങ്കല്പങ്ങൾ എന്നിവയിൽ വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്ന് വേണം കരുതാൻ).1933ൽ കൊയ്റെ താൻ നടത്തിവന്നിരുന്ന സെമിനാർ കോയവിനെ ഏൽപ്പിച്ച് കൊണ്ട് പാരീസിൽ നിന്നും ഈജിപ്തിലേക്ക് സഞ്ചരിച്ചു. അതിനാൽ തന്നെ നൂതനവും, ആധുനികവുമായ തത്ത്വചിന്തകളുടെ പരിചയസമ്പത്തുമായിട്ടായിരുന്നു അദ്ദേഹം ഈജിപ്തിൽ എത്തിയത്.
അങ്ങനെ 1937ൽ ജർമ്മനിയിലേക്കുള്ള സന്ദർശനത്തെ തുടർന്ന് ബാദവി “മരണം; എക്‌സിസ്റ്റൻഷ്യലിസ്റ്റ് ഫിലോസഫിയിൽ” (Death in Existential Philosophy) എന്ന വിഷയത്തിൽ യയാന്ദേക്ക് കീഴിൽ ഗവേഷണ പഠനം നടത്താൻ തയ്യാറായി (എങ്കിലും, അപ്പോഴും ബെർഗ്സന്റെ സ്വാധീനത്തിലായിരുന്ന യയാന്ദേ ബാദവിയെ ഹെയ്‌ഡഗറുടെയും, യാസ്‌പേഴ്‌സിന്റെയും എക്‌സിസ്റ്റൻഷ്യലിസത്തിൽ നിന്ന് പിന്തിരിയാനും, അൽപം കൂടെ മൗലികമായ വിഷയങ്ങളിൽ ഗവേഷണം നടത്താനും പ്രേരിപ്പിച്ചിരുന്നു). കൊയ്റെക്ക് ആ വിഷയസംബന്ധിയായി അദ്ദേഹത്തിന് ഒരുപാട് വ്യത്യസ്ത കാഴ്ചപ്പാടുകൾ നൽകാൻ സാധിക്കുകയും ചെയ്തിരുന്നു. കൊയ്‌റെയിൽ നിന്ന് അങ്ങനെ ബാദവിക്ക് പുതിയ തത്ത്വചിന്താ റഫറൻസുകൾ ലഭിച്ചു. അതുവഴി മാക്സ് ഷെല്ലർ, കാൾ യാസ്പേഴ്സ്, മാർട്ടിൻ ഹൈഡഗർ, ഗബ്രിയേൽ മാഴ്‌സൽ, യീൻ വാൽ, ഇമ്മാനുവൽ ലെവിനാസ് എന്നീ ചിന്തകന്മാരുമായി ധൈഷണികവും വിമർശനാത്മകവുമായി ഇടപെടാൻ ബാദവിക്ക് ലഭിച്ച അവസരം – അതേ കാലത്ത് തന്നെ ചെറിയ രീതിയിൽ നിലനിന്നിരുന്ന – അറബ് ഫിനോമിനോളജിയുടെ ഉയർച്ചയെ പ്രോത്സാഹിപ്പിച്ചു. മരണം ഒരു വ്യക്തിയുടെ ജീവിതാന്ത്യത്തിൽ സംഭവിക്കുന്ന കേവലം ഒരു സംഭവമല്ലെന്നും മറിച്ച് ഒരാളുടെ ജീവിതരീതിയെ മുഴുവൻ അടയാളപെടുത്തുന്ന അനുഭവമാണെന്നും ആ ചിന്തകരിലൂടെ ബാദവി മനസ്സിലാക്കി. അതിനുപുറമെ സമയത്തിൽ (time) നിന്ന് മാറി ഹെൻറി ബെർഗ്സന്റെ ‘duree’ (കാലാവധി, duration) എന്ന ചിന്തയിൽ ഊന്നി അസ്തിത്വത്തെ (existence) ‘കാലാവധി’യുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാനും, ചരിത്രപരമോ രേഖീയമോ തുടർച്ചയുള്ളതോ അല്ലാത്ത എന്നാൽ ചിതറിയതും (fragmented) അചരിത്രപരവും സാഹചര്യപരവുമായ ഒന്നായി ഗണിക്കുന്ന വീക്ഷണകോണിൽ നിന്ന് അസ്തിത്വത്തെ മനസിലാക്കാനും അദ്ദേഹം ശ്രമിച്ചു. മറ്റൊരു രീതിയിൽ പറഞ്ഞാൽ എക്സിസ്റ്റൻഷ്യലിസത്തിന്റെ പ്രധാനപ്പെട്ട രണ്ട് ആശയങ്ങളെ ബാദവി സ്വീകരിച്ചു:
ഒന്ന്: “existence precedes essence” ( ഒരു വ്യക്തി ആരാകണം എന്നത് അയാളുടെ തിരഞ്ഞെടുപ്പുകളുടെ ഫലമാണ്).
രണ്ട്: “time is of the essence” (മനുഷ്യ ജീവിതം സമയ ബന്ധിതമാണ്. മനുഷ്യൻ അനുഭവിക്കുന്ന അവന്റെ ജീവിതകാലവും (lived time) ഘടികാര സമയവും (measured clock time) വ്യത്യാസമുണ്ട്).
എന്നാൽ ബാദവി അത്തരം ചിന്തകളിലേക്ക് കടന്നുവരുമ്പോഴേക്കും കൊയ്റെ ഈജിപ്തിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്രയായിരുന്നു. അങ്ങനെ അവിടെയെത്തിയ കൊയ്റെ ഈജിപ്തിൽ ജീവിച്ചിരുന്ന ഒരു തത്ത്വചിന്താ ജീവിതത്തിൽ നിന്ന് മാറി ഒരു ശാസ്ത്ര ചരിത്രകാരനായി സ്വയം മാറി. ഫ്രഞ്ച്-ജർമ്മൻ തത്ത്വചിന്തയെ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞ വ്യക്തി എന്ന നിലക്ക് വലിയ മാറ്റങ്ങങ്ങളായിരുന്നു കൊയ്റെ കെയ്റോയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹവും ബാദവിയും തമ്മിലുള്ള താത്ത്വികമായ വ്യക്തി-സംഭാഷണങ്ങളിലൂടെയാണ് അദ്ദേഹം തന്റെ ആശയങ്ങൾ അറബ് ചിന്തകർക്കിടയിൽ കൈമാറിയിരുന്നത്. ബാദവിയുടെ രീതിശാസ്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും, അദ്ദേഹത്തിന് ആധുനിക തത്ത്വശാസ്ത്ര രീതികൾ പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും കൊയ്‌റെ വലിയ പങ്ക് വഹിച്ചിരുന്നു. മാത്രമല്ല, അറബ് ലോകത്തിന് പരിചിതമല്ലാതിരുന്ന ഫിനോമിനോളജിയെ കുറിച്ച് ബാദവിക്ക് അവബോധം നൽകിയതും അദ്ദേഹമായിരുന്നു. അറബ് ലോകത്ത് ആ തത്ത്വചിന്താ ശാഖ പിന്നീട് ഇൽമു ള്വാഹിരിയ്യ് (العلم الظاهري) എന്ന പേരിൽ അറിയപ്പെട്ടു. എല്ലാത്തിലുമുപരി എക്‌സിസ്റ്റൻഷ്യലിസവും സൂഫിസവും തമ്മിലുള്ള സംയോജിത പഠനത്തിന് ബാദവിക്ക് പ്രചോദനം നൽകിയതും കൊയ്റെയായിരുന്നു. കൊയ്റെ ഈജിപ്തിൽ നിന്നും ന്യൂയോർക്കിലേക്ക് മാറിയതിന് നാല് മാസങ്ങൾക്ക് ശേഷമായിരുന്നു ബാദവി തന്റെ ബിരുദാനന്തര ബിരുദത്തിന് വേണ്ടിയുള തിസീസ് സമർപ്പിച്ചത്.
അങ്ങനെ 1944 മെയ് മാസത്തിലാണ് ബാദവി ‘അസ്തിത്വ സമയം’ (existential time, الزمان الوجودي) എന്ന വിഷയത്തെ അധികരിച്ചുള്ള തന്റെ പി.എച്ച്.ഡി തിസീസ് സമർപ്പിക്കുന്നത്. എന്നാൽ, ആ പരിപാടി മറ്റു പി.എച്ച്.ഡി സമർപ്പണ ചടങ്ങുകളിൽ നിന്നെല്ലാം വ്യത്യസ്‍തമായി ദേശീയ പ്രാധാന്യമുള്ള ഒന്നായിരുന്നു. ബാദവിയുടെ തിസീസ് സമർപ്പിക്കുന്ന ആ ചടങ്ങ്, വിദ്യാർത്ഥികളും, പത്രപ്രവർത്തകരും, മറ്റു പ്രധാന അറബ് ചിന്തകരും പങ്കെടുത്ത ഒരു ദേശീയ പ്രോഗ്രാമായി ആഘോഷിക്കപ്പെട്ടു. കാരണം, അറബ് ലോകത്തെ ആദ്യ ഔദ്യോഗിക ആധുനിക ഫിലോസഫറുടെ പിറവിക്കായിരുന്നു അന്ന് അവിടെക്കൂടിയവരും, അറബ് അക്കാദമിയയും സാക്ഷ്യം വഹിച്ചത്. അദ്ദേഹത്തിന്റെ പി.എച്ച്.ഡി ഓറൽ എക്സാം 6 മണിക്കൂറോളം നീണ്ട് നിന്നു. ഈജിപ്തിലെ പ്രമുഖ പത്രമായ ‘അൽ അഹ്റം’ ആ വാർത്ത വളരെ പ്രാധാന്യത്തോട് കൂടെ തന്നെ റിപ്പോർട്ട് ചെയ്തു. യുവാ ദി കപ്വയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരാളുടെ പി.എച്ച്.ഡി തിസീസ് സമർപ്പിക്കുന്ന ചടങ്ങ് അത്രയധികം ആഘോഷിക്കപ്പെട്ടത്. ബാദവിയുടെ ആ തിസീസ് സമർപ്പണത്തെ തുടർന്ന്, ആധുനിക അറബ് സാഹിത്യത്തിലെ പ്രധാനിയായിരുന്ന ത്വാഹ ഹുസൈൻ, “ആധുനിക അറബ് തത്ത്വചിന്തയുടെ പ്രാരംഭമാണിത്” എന്ന് പ്രഖ്യാപിച്ചു. “സമയം/കാലം എങ്ങനെയാണ് വൈയക്തിക അസ്തിത്വത്തെ (individual existence) നിർണ്ണയിക്കുന്നത്” എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനായിരുന്നു എക്സിസ്റ്റൻഷ്യൽ ടൈം എന്ന തിസീസിൽ അദ്ദേഹം ശ്രമിച്ചത്. യഥാർത്ഥ അസ്തിത്വം വ്യക്തികളുടെ അസ്തിത്വമാണെന്നും വ്യക്തി എന്ന സബ്ജക്ട് സ്വാതന്ത്ര്യം ആവശ്യമുള്ള ഒന്നാണെന്നും അദ്ദേഹം ആ പഠനത്തിലൂടെ വാദിച്ചു. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം കൊണ്ടുള്ള വിവക്ഷ “സാധ്യതയുടെ നിലനിൽപ്” (existence of possibility) എന്നതായിരുന്നു. പിന്നീട് അദ്ദേഹം ‘ആത്മനിഷ്ഠത’യെക്കുറിച്ചുള്ള ഹൈഡഗറിന്റെ ക്ലാസ്സിക് നിരീക്ഷണങ്ങൾ പിന്തുടരുകയും ഹൈഡഗറിന്റെ തന്നെ ‘Dasein’ (ബോധവാനായ മനുഷ്യന് പകരം, ബോധത്തിനുമപ്പുറം പ്രപഞ്ചത്തിലെ മറ്റു വസ്തുക്കളുമായി, അവയിൽ ഒന്നായി – അതിൽ ലയിച്ച് – ജീവിക്കുന്ന മനുഷ്യന്റെ ഉണ്മയാണ് ഹെയ്‌ഡഗർ Dasein എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്) എന്ന ആശയത്തിൽ ആകൃഷ്ടനാവുകയും ചെയ്തു. അങ്ങനെ ഹെയ്‌ഡഗറിന്റെ Dasein എന്ന പദത്തിന് പകരം ബാദവി തന്റെ ചിന്തയിൽ ‘ആനിയ’ എന്ന അറബി പദം പ്രയോഗിച്ചു തുടങ്ങി. അതിലൂടെ, എക്‌സിസ്റ്റൻഷ്യൽ ഫിലോസഫിയുടെ പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായ ‘റാഡിക്കൽ ഇൻഡിവിജ്വലിസം’ (സ്വത്വത്തിന് വേണ്ടിയുള്ള ഒരു വ്യക്തിയുടെ അന്വേഷണമാണ്), ‘ഫ്രീഡം’ എന്നീ ആശയങ്ങളേയും അദ്ദേഹം തന്റെ ചിന്തകളിലേക്ക് സ്വാംശീകരിച്ചു.
എന്നാൽ, ബാദവിക്ക് ഡോക്ടറേറ്റ് നൽകപ്പെടുന്നതിന് മുൻപ് തന്നെ ഈജിപ്തിലെ ആദ്യ ആധുനിക തത്ത്വചിന്തകൻ എന്ന പേരിൽ അദ്ദേഹം ആഘോഷിക്കപ്പെട്ട് കഴിഞ്ഞിരുന്നു. കൊയ്റെയെപ്പോലെ തന്നെ എക്സിസ്റ്റൻഷ്യലിസമാണ് രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള തത്ത്വചിന്തയുടെ ഭാവി എന്ന് മനസിലാക്കിയ ബാദവി അതിന്റെ അടിസ്ഥാനത്തിലാണ് അറബ് സമൂഹത്തിന് പുതിയ ഒരു തത്ത്വചിന്ത ആവിഷ്കരിക്കാൻ തയ്യാറായത്. അതിനായി, 1944ൽ തിസീസ് സമർപ്പിച്ചതിന് ശേഷം യാത്രകൾ, ക്ലാസ്സുകൾ എന്നിവയുമായി അദ്ദേഹം അറബ് സമൂഹത്തിനിടയിലും, അറബ് നാടുകൾക്കും യൂറോപ്പിനും, അമേരിക്കക്കും ഇടയിലുമായി തന്റെ കാലം ചിലവഴിച്ചു.
അധ്യായം 3: എക്‌സിസ്റ്റൻഷ്യൽ-സൂഫിസവും പൊളിറ്റിക്കൽ എക്‌സിസ്റ്റൻഷ്യലിസവും
അധ്യായം 1: അപകോളനീകരണവും അറബ് എക്‌സിസ്റ്റൻഷ്യലിസവും: ആധുനിക അറബ് ഫിലോസഫിക്ക് ഒരാമുഖം
Comments are closed.