ഞാൻ ആദ്യമായി വിവർത്തനം ചെയ്ത ഫസലുർ റഹ്മാന്റെ മേജർ തീംസ് ഓഫ് ദ ഖുർആൻ എന്ന പുസ്തകം അദർ ബുക്സ് പ്രസിദ്ധീകരിച്ച കാലം. പുസ്തകം മലയാളികൾ വായിക്കണമെന്നും അതിൽ ചർച്ച ചെയ്യപ്പെട്ട പ്രശ്നങ്ങൾ സംവദിക്കണമെന്നും ആഗ്രഹിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ആക്ടിവിസ്റ്റ് മനോഭാവത്തോടെ ഞാൻ അപ്പോൾ സജീവമായിരുന്നു. പ്രചരിച്ച കാലഘട്ടം മുതൽ ആധുനികത വരെ നേർരേഖയിലൂടെ വികസിച്ചുവന്ന ഒരു ചരിത്രത്തിന് നാന്ദി കുറിച്ച പ്രസ്ഥാനമാണ് ഇസ്ലാം എന്നും അത് ചരിത്രത്തിലേക്ക് മടങ്ങിപ്പോകുകയില്ല എന്നും, വൈജാത്യങ്ങൾ പരിഹരിക്കപ്പെടുന്ന ഒരു ഹെഗലിയൻ ഭാവിയിലേക്കുള്ള പ്രവാഹമാണ് അത് വിഭാവനം ചെയ്യുന്നത് എന്നും, ആധുനികതയെക്കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം പൊതുവെ ഉന്നയിക്കപ്പെടുന്ന സന്ദേഹങ്ങളും വിമർശനങ്ങളും പങ്കുവെച്ചു കൊണ്ട് ഞാൻ വിശ്വസിച്ചു. കലർപ്പുകളില്ലാത്ത ആധുനികത, ലിബറൽ പ്ലൂരലിസം എന്നിവയാണ് ഇസ്ലാമിന്റെ സാമൂഹിക ലക്ഷ്യമെന്ന് ഞാൻ കരുതി. അക്കാലത്ത് പലരുമായും ഞാൻ നടത്തിയ സംവാദത്തിന്റെ വേളയിലാണ് അലസ്റ്റർ മക്കൻഡയർ എന്ന പേർ ഞാൻ ആദ്യമായി കേൾക്കുന്നത്. ആധുനികത തളംകെട്ടിക്കിടക്കുന്ന യൂറോപ്യൻ ആക്കദമിക ലോകത്ത് വ്യത്യസ്തമായ ചിന്തകൾക്ക് പ്രേരകമാകുന്ന അദ്ദേഹത്തിന്റെ ആഫ്റ്റർ വിർച്യു എന്ന പുസ്തകം സ്വന്തമാക്കലായി അടുത്ത പ്ലാൻ.
പുസ്തകത്തിന് ഓൺലെനിൽ (അമസോൺ പിച്ചവെച്ചകാലത്തെ വിസ്മയാവഹമായ ഡിസ്കൗണ്ട് റേറ്റിൽ പോലും) വലിയ വിലകൊടുക്കേണ്ടിവരുമെന്ന് മനസിലായി. ആ പുസ്തകവും അങ്ങനെയൊരാളും ആഴ്ചകൾക്കുള്ളിൽ ഓർമയിൽ നിന്ന് അപ്രത്യക്ഷമായി. എന്നാൽ നിങ്ങൾ തേടിനടക്കുന്നത് നിങ്ങളെ തേടിവരുമെന്ന ആധുനികവിരുദ്ധമായ ഒരാശയം ആ പുസ്തം എന്റെ കൈകളിലെത്തിച്ചു. കുടുംബവുമായി എറണാകുളം ബ്രോഡ്വേയിൽ സ്കൂൾ ബാഗ് വാങ്ങാനെത്തിയ ഒരു കനത്ത മഴക്കാലത്ത് ഞങ്ങൾ ലത്തീഫ് എന്ന സർഗാത്മതനായ പുസ്തക വിൽപനക്കാരൻ നടത്തുന്ന ബ്ലോസം യൂസ്ഡ് ബുക്ക് സ്റ്റോറിലെത്തി. അവിടെ ആഫ്റ്റർ വിർച്യു നാനൂറ് രൂപക്ക് വിൽപനക്കുണ്ടായിരുന്നു. ആദ്യത്തെ നൂറ് പേജോളം വായിച്ച് കുറിപ്പെഴുതി അലങ്കരിച്ച ഒരു കോപ്പി. ഒന്നുകിൽ ആ നൂറ് പേജിനു ശേഷം അദ്ദേഹം ഇനി ഒരു പുസ്തകവും മേലാൽ വായിക്കില്ലെന്ന് ശപഥം ചെയ്തിരിക്കാം ( no after after “After Virtue”). അല്ലെങ്കിൽ ഒരു പുസ്തകവും വായിക്കേണ്ടതില്ലാത്ത ഒരു ലോകത്തേക്ക് ആ പുസ്തകം അദ്ദേഹത്തെ കൈപിടിച്ച് കൊണ്ടുപോയിട്ടുണ്ടാകാം (Afterlife after After Virtue). അദ്ദേഹത്തിന് ഒരായിരം നന്ദി പറഞ്ഞ്, സ്കൂൾ ബാഗ് വാങ്ങാനും പുസ്തകം വാങ്ങാനുമുള്ള എന്റെ ശുഷ്കാന്തിയുടെ വ്യത്യസ്ത താപനില മനസ്കൊണ്ടളന്ന് തുറിച്ചുനോക്കുന്ന പ്രിയപത്നിയുടെ ഭാവികാല പരിഭവസാധ്യതകളെ തൃണവത്ഗണിച്ചുകൊണ്ട്, ഞാനാ പുസ്തകം സ്വന്തമാക്കി.
വളരെ സുഗമമായി വായിച്ചു തീർക്കാനാവുന്ന പുസ്തകമല്ല അഫ്റ്റർ വിർച്യു. പുസ്തകം വായിച്ചുപോകുന്നതിന് പല തരത്തിലുള്ള ബാഹ്യപ്രേരണകൾ ആവശ്യമാണ്—പുസ്തകം സിലബസിന്റെ ഭാഗമാകുന്നത് പോലെയോ, ഒരു വലിയ തുകക്ക് വിവർത്തനം ചെയ്യാമെന്ന് ഒരു പ്രസാധകനോട് സമ്മതിച്ച് അഡ്വാൻസ് വാങ്ങിയ ശേഷം ആ പണം തിരികെ നൽകാൻ സാധ്യമാകാതെ വിവർത്തനം ചെയ്യേണ്ടിവരുന്നത് പോലയോ ഉള്ള പ്രരണകൾ. വിവർത്തനമാണ് വായന എന്ന് പറയാറുണ്ടല്ലോ. മറ്റൊരു സാഹചര്യത്തിലും ലോകവീക്ഷണത്തിലും എഴുതപ്പെട്ട പുസ്തകങ്ങൾ വായനക്കാരന്റെ ലോകത്ത് പറിച്ചു നടുന്നതു പോലെ ഒരു പ്രക്രിയ. ബാർതിന്റെ ആശയം കടമെടുത്താൻ ഇതൊരു രചനാക്ഷമതയുള്ള പുസ്തകമാണ്. അതായത് പുസ്തകങ്ങൾ രണ്ട് തരം. വായനാക്ഷമമായ, വായനക്കാരന് നിഷ്ക്രിയമായി വായിക്കാവുന്ന റീഡേർലി പുസ്തകങ്ങൾ. എന്നാൽ ഒരു പുസ്തകം എഴുതുവാൻ എഴുത്തുകാരൻ എങ്ങിനെയെല്ലാം കഷ്ടപ്പെട്ടുവോ, ആ കഷ്ടപ്പാടത്രയും വീണ്ടെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ രചനാ സന്ദർഭത്തെയും പ്രക്രിയകളെയും പുനർനിർമിക്കുവാൻ പ്രേരിപ്പിക്കുന്ന റൈറ്റേർലി പുസ്തകങ്ങൾ. കുറച്ചുകൂടി ലളിതമായി പറയുകയാണെങ്കിൽ നൂറ് പേജ് വരെ കഷ്ടപ്പെട്ട് വായിച്ച ശേഷം യൂസ്ഡ് ബുക്സ് സ്റ്റാളിൽ വിൽപനക്ക് കൊണ്ടുപോയി കൊടുക്കാൻ പ്രരിപ്പിക്കുന്ന പുസ്തകങ്ങൾ. ഒരു പത്തിരുപത് പേജ് വായിച്ച ശേഷം അതിന്റെ ആദ്യവായനക്കാരനെ ഏറെ ആദരിച്ച് ഞാൻ പുസ്തകം എന്റെ കണ്ണോ കയ്യോ എത്താത്തിടത്ത് ഭദ്രമായി തിരികെ വെച്ചു. പക്ഷെ ഞാൻ പറഞ്ഞില്ലേ, ഈ പുസ്തകം എന്റെ കയ്യിൽ വരുന്നത് ആധുനികേതരമായ ഒരു വഴിയിലൂടെ ആയിരുന്നുവെന്ന്. അതു കൊണ്ട് ആ പുസ്തകത്തിലെ ആശയങ്ങൾ പല ചരിത്ര സന്ദർഭത്തിലൂടെയും സ്നേഹ-വൈരാഗ്യ നിമിഷങ്ങളിലൂടെയും എന്റെ മനസിൽ കയറിപ്പറ്റി. അതായത് അദി-മധ്യാന്തത്തിലൂടെയുള്ള ലീനിയർ ആയ വായനയല്ല, പലപ്പോഴും തുറന്നുനോക്കി അപ്പോൾ കണ്ണെത്തുന്ന പാഠശകലം എന്റെ മനസിനോട് സംവദിക്കുന്നതും, ഒരു പ്രത്യക ആശയം മക്കൻഡയർ മനസിൽ സൃഷ്ടിക്കുന്നതും നിരീക്ഷിക്കുന്ന ഒരു പ്രക്രിയ. അതാണ് ഇവിടെ പങ്കു വെക്കുന്നത്.
“നമ്മളിരിക്കുന്നത് ഗോദോയെക്കാത്തല്ല, മറ്റൊരു സെന്റ് ബെനഡിക്ടിനു വേണ്ടിയാണ്.” [AV. 263]
സാമുവൽ ബെക്കറ്റിന്റെ പ്രതീകസമ്പന്നമായ നാടകം, ഗോദോയെക്കാത്ത്, ആധുനികതയുടെ വിമോചന സങ്കൽപങ്ങളെ ചോദ്യം ചെയ്യുന്ന ഒന്നാണെന്നതിൽ സംശയമില്ല. ഗോദോ എന്ന വിമോചകനെക്കാത്തിരിക്കുന്ന രണ്ട് ഭിക്ഷക്കാരുടെ അസംബന്ധ താത്വിക വിചാരമാണ് നാടകത്തിന്റെ ഇതിവൃത്തം. അവരുടെ അടുക്കലേക്ക് ഒരു കുട്ടി വന്നിട്ട് പറയുന്നു, ഗോദോ ഇന്നു വരില്ല എന്ന്. അർഥമെന്നത് നീട്ടിവെക്കപ്പെട്ടതും, ഇനിയും കാത്തിരിക്കേണ്ടതുമായ സാധ്യതയാണെന്ന ഉത്തരാധുനിക തത്വത്തിന്റെ വിളംബരമാണത്. ആധുനിക ദേശരാഷ്ട്രങ്ങളും, വിമോചന സങ്കൽപങ്ങളും, സ്വാതന്ത്ര്യത്തിന്റെ പുകമറയാണ് സൃഷ്ടിച്ചത്. വിമോചനം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നതാണ് പൂർണമായ സാരം. പലസ്തനിലെ ഒരു തിയറ്റർ ഗ്രൂപ്പ് ഈ നാടകം അവതരിപ്പിച്ചപ്പോൾ ജനങ്ങൾക്ക് പെട്ടന്ന് അതിന്റെ അർഥം ഗ്രഹിക്കാനായയി എന്നു പറയുന്നു. ഒലിവ് ബ്രാഞ്ചുകളിൽ സമാധാനമില്ലെന്ന് അവർക്കാണല്ലോ പെട്ടന്ന് മനസിലാക്കാനാവുക.
“നമ്മളിരിക്കുന്നത് ഗോദോയെക്കാത്തല്ല, മറ്റൊരു സെന്റ് ബെനഡിക്ടിനു വേണ്ടിയാണ്” എന്ന മക്കൻഡയറിന്റെ ആശയം മനസിലാക്കുന്നതിന് ഗോദോയെക്കാത്ത് എന്ന സാഹിത്യ, ദൃശ്യാവതരണ രൂപത്തെ മനസിലാക്കേണ്ടത് അനിവാര്യമാണ്. അതു കൊണ്ടാണ് ഇത്രയും പറഞ്ഞത്. മക്കൻഡയറിന്റെ സങ്കൽപത്തിൽ സമഗ്രാധിപത്യപരമായ അന്ധകാരയുഗത്തിന്റെ പരിഹാരമെന്നത് അശുഭാപ്തിയുടെയും നിഹിലസത്തിന്റെയും മൂകതയിലേക്ക് മടങ്ങുക എന്നതല്ല, മറിച്ച് ധാർമികതയെ അവലംബിക്കാനും അശ്രയിക്കാനുമാകുന്ന ഒരു സ്രോതസായി പരിവർത്തിപ്പിക്കുന്ന പാരമ്പര്യങ്ങളെ അവലംബിക്കുക എന്നതാണ്. നിത്ഷേയുടെ നിഹിലിസത്തേക്കാൾ സെന്റ് ബെനഡിക്ടിന്റെ പ്രവർത്തനങ്ങളെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കേണ്ടത്. പ്രാർഥന, പഠനം, തൊഴിൽ എന്നിവയിൽ കേന്ദ്രീകരിച്ചു കൊണ്ട്, എങ്ങും സാമൂഹികവും സാംസ്കാരികവുമായ ഇരുൾ മൂടിയ ഒരു ലോകത്ത് സമുദായങ്ങൾക്ക് അതിജയിക്കാനും അഭിവൃദ്ധിപ്പെടാനും സാധ്യമായ ആശ്രമമെന്ന സ്ഥാപനത്തെ സാധ്യമാക്കി എന്നിടത്താണ് സെന്റ് ബെനഡിക്ടിന്റെ മഹത്വം നിലനിൽക്കുന്നത്
Benedict’s greatness lay in making possible a quite new kind of institution, that of the monastery of prayer, learning, and labour, in which and around which communities could not only survive, but flourish in a period of social and cultural darkness. (AV XVI, Prologue)
സെന്റ് ബെനഡികിടിനെ ശ്രീനാരാണ ഗുരുവെന്നോ, നിസാമുദ്ദീൻ ഔലിയ എന്നോ വിവർത്തനം ചെയ്യാവുന്നതാണ്
ലിബറലിസത്തോടുള്ള എന്റെ വിമർശം സമകാലിക യാഥാസ്ഥിതികത്വത്തോടുള്ള എന്റെ അനുതാപത്തിന്റെ അടയാളമായി വ്യാഖ്യാനിച്ചു കൂടാ. സമകാലിക യാഥാസ്ഥിതികത്വമെന്നത്, ഏതൊരു ലിബറസത്തെ എതിർക്കുന്നുവെന്നാണോ അത് പുറത്ത് പറയുന്നത് ആ ലിബറലിസത്തിന്റെ കണ്ണാടിരൂപം തന്നെയാണ്. സ്വതന്ത്ര കമ്പോള സമ്പദ് വ്യവസ്ഥയാൽ രൂപപ്പെടുത്തപ്പെട്ട ജീവിതത്തോടുള്ള അതിന്റെ പലതരത്തിലുള്ള പ്രതിബദ്ധത, ലിബറലിസത്തെപ്പാലെ നാശോന്മുഖമായ വ്യക്തികേന്ദ്രവാദത്തോടുള്ള പ്രതിബദ്ധത തന്നെയാണ്. എല്ലാം അനുവദിച്ചു കൊണ്ടുള്ള നിയമനിർമാണത്തിലൂടെ ലിബറലിസം അധുനിക രാഷ്ട്രത്തിന്റെ ശക്തി ഉപയോഗിച്ചു കൊണ്ട് സാമൂഹിക ബന്ധങ്ങളെ പരിവർത്തിപ്പിക്കാൻ ശ്രമിക്കുമ്പോൾ, എല്ലാം നിരോധിച്ചു കൊണ്ടുള്ള നിയമനിർമാണത്തിലൂടെ യാഥാസ്ഥിതികത്വം അതേ അധികാരശക്തി ബലപ്രയോഗത്തിനു വേണ്ടി ഉപയോഗിക്കുന്നു. (AV, XV, Prologue)
സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ പ്രസ്ഥാനങ്ങളുടെയും സത്യാവസ്ഥ പ്രത്യക്ഷമായ വാദഗതികൾക്കപ്പുറത്ത് പരിശോധിക്കാനുള്ള ഒരു ഉരകല്ല്, നിലവിലെ സാമ്പത്തിക വ്യവസ്ഥയോടുള്ള അവയുടെ സമീപനമാണ്. തങ്ങൾ തന്നെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിഭവ സമാഹരണത്തിന് ആശ്രയിക്കുന്ന ഒരു വ്യവസ്ഥയെ തിരുത്താനും ബദലന്വേഷിക്കാനും അവ ശ്രമിക്കുന്നുണ്ടോ എന്ന പരിശോധനയാണത്. കേവലം സൈദ്ധാന്തികമായ വിമർശത്തിനപ്പുറം പ്രവർത്തനത്തിന്റെ തലത്തിൽ അത് പ്രതിഫലിക്കുന്നുണ്ടോ എന്നും ആലോചിക്കാവുന്നതാണ്.
രണ്ടാമത്തെ ഉരകല്ല് ദേശീയവും സാർവദേശീയവുമായ അധികാര രൂപങ്ങളോടുള്ള സമീപനവും ഇടപെടലുകളുമാണ്. പ്രത്യക്ഷമായ വാദഗതികളുടെ ചർമം വേർപെടുത്തിയാൽ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സിരകളിലൂടെ പ്രവഹിക്കുന്ന രക്തം അവർ വിമർശിക്കുന്ന അതേ വ്യവസ്ഥിതിയിൽ നിന്നും സംക്രമിക്കുന്നതാണെന്ന് മനസിലാക്കാൻ സാധിക്കും. അതുകൊണ്ടാണ് ലിബറലിസം, യാഥാസ്ഥിതികത്വം എന്നുള്ള ചിരകാലപ്രതിഷ്ഠ കൈവന്ന ദ്വന്ത സങ്കൽപങ്ങൾക്കപ്പുറം മക്കൻഡയർ വായിക്കപ്പെടേണ്ടത്. ഈ രണ്ട് സമീപനങ്ങൾക്കപ്പുറം മനുഷ്യ സമൂഹത്തിന്റെ നൈതികമായ ചോദനകളെ വ്യക്തികളും പ്രസ്ഥാനങ്ങളും എങ്ങനെയാണ് തൃപ്തിപ്പെടുത്തുന്നത് എന്ന ചോദ്യമാണ് അവരോടൊപ്പമുള്ള ആശയപരമായ സഹശയനത്തിന്റെ ഉപാധിയാകേണ്ടത്. ഇസ്ലാമിക് മെറ്റാഫിസിക്സിന്റെ തലത്തിൽ നമുക്ക് ഇപ്രകാരം ചോദിക്കാം—ഹൗ മച്ച് ദുൻയാ ഈ ദേർ ഇൻ യുവർ ആഖിറ (നിന്റെ അഖിറത്തിൽ എത്ര ദുൻയാവുണ്ട്)
സമകാലിക രാഷ്ട്രീയത്തെ മക്കൻഡയറിന്റെ കണ്ണട വെച്ച് നോക്കുമ്പോൾ ഇക്കാര്യം കുറേക്കൂടി വ്യക്തമാകും. ഡൊണാൾഡ് ട്രംപും, ജിൻപിങും, പുചിനും, ഖാംനെഈയും, സൽമാൻ രാജാവും, മോദിയും, യൂറോപ്യൻ യൂണിയനും അധികാരവികൽപത്തിന്റെ പാർക്കിലിരുന്ന് സീസോ കളിക്കുമ്പോൾ താഴുകയും പൊങ്ങുകയും ചെയ്യുന്ന രണ്ട് തട്ടുകൾ മാത്രമാണ് വിമോചന സങ്കൽപങ്ങൾ എന്ന് കാണാം.
സത്യമെന്തെന്നാൽ ഒരാൾക്ക് ധാർമികയുക്തിയിൽ ആഴത്തിൽ ഇടപെടുന്നതിന് അയാൾ ചരിത്രപരമായി ഏതൊരു പാരമ്പര്യത്തിന്റെ ഭാഗമാണോ ആ പാരമ്പര്യത്തിൽ ഇടപെടേണ്ടതായി വരുന്നു
ആഫ്റ്റർ വിർച്യു കാഴ്ചപ്പാടുകളെ തിരുത്തുന്ന പുസ്തകമാണ് (a book meant for perception correction). മക്കൻഡയറിന്റെ ധൈഷണികലോകം വികസിച്ചു വരുന്നതിന് തിരുത്തപ്പെട്ട കാഴ്ചപ്പാടുകൾക്ക് വലിയ പങ്കുണ്ട്. സ്കോട്ലന്റിൽ മത്സ്യത്തൊഴിലിലേർപ്പെടുന്ന സമുദായങ്ങൾ തന്റെ ചിന്തയുടെ അടിത്തറയെ തിരുത്തിയതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ധാർമികത ഇഴചേർന്നു കിടക്കുന്ന പാരമ്പര്യത്തിൽ നിന്ന് വേർപെടുത്തിക്കൊണ്ട് പ്രായോഗിക തലത്തിൽ ധാർമികതയെ മനസിലാക്കുവാനാവില്ല. മത്സ്യബന്ധനമെന്ന കലയും, അതിനെ തൊഴിലെന്ന നിലയിൽ നിലനിർത്തുന്ന മൂല്യങ്ങളും, അനുഭവാധിഷ്ഠിതമായ വിലയിരുത്തലിന്റെ ആധികാരികതയും യുക്തിപരമായ പ്രയോഗങ്ങളെ രൂപപ്പെടുത്തുന്നതിൽ പാരമ്പര്യത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്നു.
മക്കൻഡയർ പറയുന്നു, “മൂല്യങ്ങളുടെ പാരമ്പര്യം പുനർജനിക്കുന്നത് എപ്പോഴും ദൈനം ദീന ജീവിതത്തിലായിരിക്കും. സാധാരണ മനുഷ്യർ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ—കുടുംബം, സ്കൂളുകൾ, ക്ലിനിക്കുകൾ, പ്രാദേശിക തലത്തിലെ രാഷ്ട്രീയ സംഘാടനം എന്നിവ നിലനിർത്താനും സാധ്യമാക്കാനും പ്രവർത്തിക്കുന്നതിലൂടെ—ദൈനംദിന ജീവിതത്തിൽ ഇടപെടുന്നതിലൂടെയാണ് അത് സംഭവിക്കുന്നത്.” (AV, XV, Preface) തോമിസ്റ്റ്—ഇറ്റാലിയൻ ക്രൈസ്ത ദൈവശാസ്ത്ര ചിന്തകനായ സെന്റ് തോമസ് അക്വീനാസിനേട് മക്കൻഡയറിയൻ ദാർശനിക വിചാരം കടപ്പെട്ടിരിക്കുന്നു—എഴുത്തുകാരും വിദ്യാർഥികളും ലൈബ്രറികൾക്കു പകരം പഠനത്തിന്റെ അരങ്ങായി സ്വീകരിക്കേണ്ടത് സാധാരണ മനുഷ്യർ തൊഴിലഭ്യസിക്കുന്ന ഇടങ്ങളായിരിക്കണം എന്ന് മക്കൻഡയർ വാശിപിടിച്ചത് അതുകൊണ്ടാണ്. മക്കൻഡയറിന്റെ സ്വാധീനമുള്ള തലാൽ അസദ് സുഡാനിലെ കബാബിഷ് നാടോടി ഗോത്രത്തിൽ നടത്തിയ നരവംശശാസ്ത്ര പഠനങ്ങൾ താരതമ്യാത്മകമായി വിലയിരുത്താവുന്നതാണ്.
എന്നാൽ കേവലം ഒരു ഗ്രൂപ്പിന്റെ ഭാഗമാകുന്നതു കൊണ്ടോ, അവരുടെ ദൈനംദിന ജീവിത പ്രക്രിയയിൽ തൊഴിലഭ്യസനം (apprenticeship) സിദ്ധിക്കുന്നതു കൊണ്ടോ കേവലാർഥത്തിൽ ഒരു പാരമ്പര്യത്തിന്റെ മൂല്യങ്ങളെ തിരിച്ചറിയാനുള്ള സാധ്യതയുണ്ടാകണമെന്നില്ല. ഉദാഹരണമായി പറഞ്ഞാൽ പരസ്പരം പോരടിക്കുന്ന രണ്ട് മാഫിയ സംഘങ്ങളെ എടുക്കാം. ഓരോ സംഘത്തിനും വ്യത്യസ്തമായ ധാർമിക മൂല്യങ്ങളുണ്ട്. അനുഭവാധിഷ്ഠിതമായ ആധികാരികതയും, സമാനമെങ്കിലും അവരെ പരസ്പരം പ്രതിയോഗികളാക്കുന്ന തൊഴിൽ സമീപനങ്ങളും അഭിപ്രരണകളുമുണ്ട്. എന്നാൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് മാഫിയ സംഘടനകളെ വേർതിരിക്കുന്നത്, ബാഹ്യമായ നന്മ (പണം, പദവി) മാഫിയ സംഘങ്ങൾ ലക്ഷ്യമാക്കുന്നുണ്ടെങ്കിലും ആന്തരിക നന്മ (പാരസ്പര്യം, അപരജീവിതത്തോടുള്ള ആദരവ്) തുടങ്ങിയ ഘടകങ്ങൾ അവർക്കിടയിൽ അസന്നിഹിതമാണ് എന്നതാണ് (നന്മയുടെ ഈ വിഭജനം മക്കൻഡയറിന്റെ ചിന്തകളിൽ പ്രസക്തമാണ്). രണ്ട്, രണ്ട് തരം സമൂഹങ്ങളുയെയും വ്യത്യസ്തമായ ലക്ഷ്യങ്ങൾ (telos) അവരുടെ വ്യത്യസ്തമായ നന്മകളുടെ പ്രചോദനത്താൽ പ്രേരിതമാണ്. മനുഷ്യ നന്മ എന്നതിനെയും, അപരജീവൻ നിലനിർത്തുന്നതിനെയും, വ്യത്യസ്ത പാരമ്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലനിൽക്കുമ്പോഴും പരസ്പരം നിലനിൽക്കാനുള്ള ഇരുവിഭാഗത്തിന്റെയും അവകാശങ്ങളെയും, അഭിലാഷങ്ങളെയും, യുക്തികളെയും അംഗീകരിക്കുന്നതിനെയും ഇരു വിഭാഗങ്ങളും സ്വാഭാവികമായും വ്യത്യസ്തമായാണ് നോക്കിക്കാണുന്നത്.
ഈ ഉദാഹരണം മക്കൻഡയയിറിന്റെ ചിന്തയ്ക്ക് അഭിമുഖമായി നിർത്തുന്നത് ഇന്നത്തെ ജീവിത പരിതസ്ഥിതിയിൽ പ്രസക്തമാണെന്ന് കരുതുന്നു. മൂല്യവും മൂല്യവിരുദ്ധതയും കുഴഞ്ഞുമറിഞ്ഞ ലോകത്ത് തങ്ങൾ ഭാഗമായി നിൽക്കുന്ന രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പ്രസ്ഥാനങ്ങളുടെ ആന്തരികമായ നന്മയും (സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ബാഹ്യമായ നന്മകൾക്കുപരിയായ ഒന്ന്) അവയുടെ സമുന്നതമായ ലക്ഷ്യവും (telos) വിലയിരുത്തേണ്ടത് ധാർമികവും നൈതികവുമായ ബോധ്യവും അഭിപ്രേരണയുമുള്ള വ്യക്തികൾക്കൊക്കെയും അനിവാര്യമാണ്. പ്രത്യേകിച്ചും മക്കൻഡയർ ധാർമികത പ്രസക്തമായ സ്ഥാപനങ്ങളായി എണ്ണിപ്പറഞ്ഞ കുടുംബം, സ്കൂളുകൾ, ക്ലിനിക്കുകൾ, പ്രാദേശിക തലത്തിലെ രാഷ്ട്രീയ സംഘാടനം, മതസംഘടനകൾ തുടങ്ങിയവയെല്ലാം ഒരർഥത്തിലല്ലെങ്കിൽ മറ്റൊരർഥത്തിൽ മാഫിയ സംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്ന കാലത്ത്.
ഞാനീ ലേഖനം തുടങ്ങിയടത്തേക്ക് തിരികെ വരാം. ഫസ്ലുറഹ്മാന്റേയോ പരിഷ്കരണോന്മുഖമായി പ്രവർത്തിക്കുകയും എഴുതുകയും ചിന്തിക്കുരയും ചെയ്യുന്ന മറ്റ് ബുദ്ധിജീവികളുടെയോ എതിർസ്ഥാനത്ത് മക്കൻഡയറിന്റെ ചിന്തയെ സ്ഥാപിക്കുന്നത് ശരിയല്ല. അദ്യകാലത്ത് എനിക്ക് അത്തരമൊരു മുൻവിധിയും തെറ്റായ കാഴ്ചപ്പാടും ഉണ്ടായിരുന്നു, മക്കൻഡയറിനെ വായിക്കുന്നതിന് മുമ്പായി. പ്രത്യേകിച്ചും സമകാലിക മുസ്ലിം ബുദ്ധിജീവികളെ ആരെയും അദ്ദേഹം പരാമർശിക്കാതിരിക്കുകയും ക്രൈസ്തവ ദൈവശാസ്ത്രം, യുക്തിയുടെ തിരഞ്ഞെടുപ്പ്, നവ അരിസ്റ്റോറ്റിലിസം, വിശ്വാസം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ചിന്ത മുഖ്യധാരാ മുസ്ലിം പാരമ്പര്യം അകൽച്ച പാലിക്കുന്ന യുക്തികേന്ദ്രീകൃതമായ ഒരു സരണിയുമായി (ഇബ്നു റുഷ്ദിനെ അദ്ദേഹം അഫ്റ്റർ വിർച്യുവിൽ ഉദ്ധരിക്കുന്നുണ്ട് AV.53) ചേർന്നു പോകുകയും ചെയ്യുന്നത് കൊണ്ട് കേവലമായ സമീകരണങ്ങൾ അക്കാദമികമല്ല എന്ന് ഞാൻ കരുതുന്നു.
പക്ഷേ ഉന്മത്ത സൂഫിസത്തെക്കുറിച്ചുള്ള റഹ്മാന്റെ വിമർശനങ്ങളോ, പാശ്ചാത്യ ലിബറൽ പാരമ്പര്യത്തെ ഇസ്ലാമിക ലോകവീക്ഷണവുമായി സമരസപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ന്യായവാദങ്ങളോ മക്കൻഡയറിന്റെ സജീവ പാരമ്പര്യം എന്ന സങ്കൽപവുമായി ചേർന്നുപോകുന്നതല്ല എന്ന് ഞാൻ കരുതുന്നു. മക്കൻഡയർ ഈ ലോകത്ത് നിന്ന് വിടവാങ്ങിയ ദിവസം മൗറിത്താനിയിലെ വിവാഹമോചിതകളുടെ കമ്പോളം എന്ന സ്ഥാപനത്തെക്കുറിച്ച് ഞാൻ വായിച്ച ഒരു ഫീച്ചർ സന്ദർഭവശാൽ ഇവിടെ പറയട്ടെ. വിവാഹ മോചിതകൾക്ക് തങ്ങൾക്ക് ജീവനാംശമായി ലഭിക്കുന്ന സാധനങ്ങൾ വിൽക്കുവാനും അതുവഴി അവർക്ക് സാശ്രയരാകുവാനും സാധിക്കുന്ന വിധമാണ് ഈ മാർക്കറ്റ് പ്രവർത്തിക്കുന്നത് എന്ന് പറയപ്പെടുന്നു. “മൗറിത്താനിയൻ സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന ആദരണീയമായ സ്ഥാനത്തിന്റെ പ്രതിഫലനമാണ് ഈ മാർക്ക്റ്റ്. കുടുംബങ്ങൾ പ്രവർത്തിക്കുന്നതിന്റെയും സാമ്പത്തിക വ്യവസ്ഥകൾ സ്ഥാപിക്കപ്പെടുന്നതിന്റെയും അടിത്തറ സ്ത്രീകളാണ്. വിവാഹ മോചിതകളുടെ മാർക്കറ്റ് മൗറിത്താനിയയുടെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നു.” ഫീച്ചർ പറയുന്നു. (medium)
പാരമ്പര്യം നൈതികതയോട് പുറന്തിരിഞ്ഞ് നിൽക്കുന്ന വികാസക്ഷമതയില്ലാത്ത ഒരു മണ്ഡലമാണെന്ന മുൻവിധിയെ തിരുത്തുന്നതാണ് ഈ വാർത്തയെല്ലാം. ഇപ്പോൾ ഒരു പാരമ്പര്യം എന്താണ് എന്നതിനെക്കുറിച്ചുള്ള അനിവാര്യമായ വിമർശനങ്ങൾ പാരമ്പര്യം എന്തായിത്തീരുമോ ആ സാധ്യതയെ അടച്ചുകളയുന്ന വിധം മുൻവിധി നിറഞ്ഞതാകരുത് എന്നാണ് ഇതിൽ നിന്ന് ഞാൻ മനസിലാക്കുന്നത്. മക്കൻഡയർ പറയുന്നത് പോലെ, “സജീവ പാരമ്പര്യങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലാത്ത ഒരു ആഖ്യാനം തുടർന്നു കൊണ്ടിരിക്കുമ്പോളും, അതിന്റെ പൂർവകാലത്ത് നിന്ന് നേടിയെടുക്കുന്ന നിയതവും സുനിശ്ചിതവുമായ ഒരു ഭാവിയെ നേരിൽ കാണുന്നുണ്ട്.” (AV.223) കാരണം സജീവപാരമ്പര്യങ്ങളെല്ലാം ചരിത്രപരമായി തുടർന്നു കൊണ്ടിരിക്കുന്ന പല തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വാദങ്ങളാണ്, ആ പാരമ്പര്യത്തിലെ നന്മയെന്താണ് എന്നതിനെക്കുറിച്ചുള്ള വാദങ്ങൾ (AV.222)
മതപരവും മതേതരവുമായ പാരമ്പര്യങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഇവ തമ്മിൽ വൈജാത്യങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്നു. ഒരു പാരമ്പര്യവും മറ്റൊന്നിനെക്കുറിച്ചുള്ള മുൻവിധികളെ ഒരു ഫോബിയയായി വികസിപ്പിക്കാത്ത വിധം ക്രിയാത്മകമായ സംവാദങ്ങളിലൂടെ മറികടക്കേണ്ടതുണ്ട്. ആഫ്റ്റർ വിർച്യുവിൽ അതിനുള്ള മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. അതിൽ രണ്ട് കാര്യങ്ങൾ പ്രസക്തമാണ്. ഒരു പാരമ്പര്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ തങ്ങൾ എതിർ പാരമ്പര്യത്തിന്റെ പ്രതിബദ്ധരായ അനുയായികളാണെങ്കിൽ എപ്രകാരമാണ് ചിന്തിക്കുക എന്ന് അഭ്യസിക്കലാണ് ഒന്നാമത്തേത്. പലപ്പോഴും അങ്ങിനെ ചിന്തിക്കാനുള്ള ദാർശനികമായ സങ്കൽപം വിശ്വാസികൾക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനുള്ള ക്ഷമത കൈവരേണ്ടതുണ്ട്. രണ്ടാമത്തെ പടിയായി എതിർ പാരമ്പര്യത്തിലെ അനുയായികളുടെ വീക്ഷണകോണിൽ നിന്നു കൊണ്ട് ആ പാരമ്പര്യത്തിലെ അപരിഹാര്യമായ—ആ പാരമ്പര്യത്തിലെ മാനദണ്ഡങ്ങൾ അനുസരിച്ച് പാരമ്പര്യത്തിനകത്തെ പ്രശ്നങ്ങൾക്ക് പരിഹാര്യമാകാത്ത മാനദണ്ഡങ്ങളെ മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കുകയാണ്, പലപ്പോഴും ഭരണകൂടങ്ങളുടെ സഹായത്തോടെ. ഇത് മറികടക്കുന്നതിന് ക്രിയാത്മകമായ സംവാദങ്ങൾ അനിവാര്യമാണ്.
1929-ൽ സ്കോട്ലന്റിൽ ജനിച്ച് കഴിഞ്ഞമാസം വിടപറഞ്ഞ അലസ്റ്റർ മക്കൻഡയർ ഈ നൂറ്റാണ്ട് ദർശിച്ച ധാർമിക ചിന്തകൻമാരിൽ പ്രമുഖനായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. സമൂദായങ്ങൾ അപ്രസക്തമാണെന്ന മിഥ്യാധാരണ സൃഷ്ടിക്കും വിധം വലതു പക്ഷത്തിന്റെ വികൃതമായ പാരമ്പര്യവാദങ്ങളും, പരമ്പരാഗതമായ തൊഴിലിടങ്ങളും തൊഴിലുകളും അപ്രത്യക്ഷമാക്കുന്ന വിധം കൃത്രിമ ബുദ്ധിയുടെ വളർച്ചയും സൃഷ്ടിക്കുന്ന ധാർമിക പ്രതിസന്ധിയുടേതായ പുതിയ ലോകത്ത്, കഴിഞ്ഞ മാസം മക്കൻഡയർ ജനിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അത് വ്യക്തികേന്ദ്രീകൃതമായ ഒരു ആന്റി-മക്കൻഡയറിയൻ ശുഭപ്രതീക്ഷ മാത്രമാണ്. പാരമ്പര്യങ്ങൾ എപ്പോഴും സജീവമായിരിക്കുമെന്ന ശുഭപ്രതീക്ഷ അദ്ദേഹം ബാക്കിയാക്കി പോയ ചിന്തകളിൽ പ്രതിഫലിച്ച് കിടക്കുന്നു. നന്ദി മക്കൻഡയർ. ശാന്തനായി മടങ്ങുക.
അവലംബം
- MacIntyre, Alasdair C. 1990. Three Rival Versions of Moral Enquiry: Encyclopaedia, Genealogy, and Tradition: Being Gifford Lectures Delivered in the University of Edinburgh in 1988. Notre Dame, Ind: University of Notre Dame Press.
- ———. 2007. After Virtue: A Study in Moral Theory. 3rd ed. Notre Dame, Ind: University of Notre Dame Press. [Abbreviated in the article as “AV”]
- Diallo, Saadia. 2023. “Inside the Divorced Women’s Market in Mauritania.” Lessons from History (Medium). June 27, 2023. https://medium.com/lessons-from-history/inside-the-divorced-womens-market-in-mauritania-a7f62363fa6f.


Comments are closed.