അൽ-നക്ബ എന്ന വാക്കിന്റെ അർഥം ദുരന്തമെന്ന് മാത്രമല്ല. ഒരു വാക്കിനുള്ളിൽ അനേകം വാക്കുകൾ ഗർഭം ധരിച്ചിരിക്കുന്ന ഭാഷയാണ് അറബി. ഒരുപക്ഷേ, മരുഭൂമിയുടെ പ്രവചനാതീതമായ സ്വഭാവ വൈരുധ്യങ്ങളും ആകസ്മികതകളും ആകുലതകളും ആശങ്കകളുമായിരിക്കണം ആ ഭാഷയെ ഇത യേറെ പ്രണയ മധുരവും ദർശന സമൃദ്ധവുമാക്കി മാറ്റിയത്. മനുഷ്യകുലം ജീവിതത്തിൽ നിന്നാണല്ലോ ഭാഷ രൂപവത്കരിക്കുന്നതും സമൃദ്ധമാക്കുന്നതും. 2008ൽ ഒരു മെയ് മാസമൊടുക്കമാണ് ഞാൻ സഫിയയെ കാണുന്നത്. ഹൂസണിലെ ഒരു ചെറിയ റെസ്റ്റോറൻറിൻറ ഏകാന്തപരിസരത്തിൽ സഫിയയെ കണ്ടില്ലായിരുന്നെങ്കിൽ ഈ കഥ ഞാനൊരിക്കലും എഴുതുമായിരുന്നില്ല. ഈ കഥ വിശ്വസിക്കാനും എന്റെ പ്രിയപ്പെട്ട വായനക്കാരുമായി പങ്കു വെക്കാനും എനിക്ക് കഴിയുമായിരുന്നില്ല. ആകാശത്തു നിന്നിറങ്ങിവരുന്ന അനേകായിരം താക്കോലുകൾ ആർക്കെങ്കിലും വിചാരിക്കാൻ പറ്റുമോ? തുരുമ്പിച്ച ഓരോ താക്കോലും പ്രതിരോധത്തിന്റെ ആയുധവും ആത്മവിശ്വാസവുമായി മാറുന്നത് ആ സായാഹ്നത്തിലാണ് ഞാനറിഞ്ഞത്. ദശകങ്ങളായി ഞാനറിഞ്ഞതും കേൾക്കുന്നതുമായ ഫലസ്തീൻ എന്റെ മനസ്സിൽ മൂർത്തമാവുന്നത് ആ നിമിഷം മുതലാണ്.
മുപ്പതു വർഷം മുമ്പ് സൗദി അറേബ്യയിലെ അൽക്കോ ബാറിൽ ഒരു ലബനാനി ലേബർ ക്യാമ്പിൽ ഞാൻ കഴിഞ്ഞു കൂടിയിട്ടുണ്ട്. കുറെക്കാലം നാടുവിട്ട് അഭയം തേടി നടക്കുന്ന ഫലസ്തീനികളും എവിടെയൊക്കെയോ വെച്ച് എന്റെ സൗഹൃദ വലയത്തിൽ വന്നു ഭവിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴൊന്നും ഇത്ര ആഴത്തിൽ ഫലസ്തീൻ എന്റെ ബോധ മണ്ഡലത്തിൽ തറഞ്ഞുകയറിയിട്ടില്ലെന്ന കുറ്റബോത്തോടെ ഞാനെഴുതട്ടെ. യാഥാർഥ്യത്തെ കൂടുതൽ യാഥാർഥ്യമായി അനുഭവിപ്പിക്കുന്നത് കലയാണെന്നു കൂടി എനിക്കിപ്പോൾ പറയേണ്ടിവരുന്നു. അതെന്താണെന്ന് പിന്നീട് വിശദീകരിക്കാം. ഫലസ്തീനികൾക്കൊപ്പം രാത്രി അത്താഴത്തിനിരിക്കുമ്പോൾ എന്റെ മനസ്സ് യാഥാർഥ്യത്തെ ലളിതവത്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവർ തീക്കൂനകൾക്ക് ചുറ്റുമിരുന്ന് നിശ്ശബ്ദരായി ഭക്ഷിക്കുന്നു. ചിലപ്പോഴൊക്കെ ആ ഭൂതകാലത്തിന്റെ തടവുകാർ അവരുടെ പഴയ രാജ്യത്തെക്കുറിച്ച് ഗൃഹാ തുരരാവുന്നു. അവർ ചെറുപ്പത്തിൽ പരിചയിച്ച ഭക്ഷ്യ പേയങ്ങൾ തന്നെ കഴിക്കുന്നു. ഇടയ്ക്കാരോ അവരുടെ പഴയ നാടൻ പാട്ടുകൾ പാടാൻ ശ്രമിച്ച് അക്ഷരങ്ങളും വാക്കുകളും കിട്ടാതെ കുഴങ്ങുന്നു. ഒരു നഷ്ടപ്പെട്ട ജനതയായിട്ടാണ് അവരെന്നും എന്റെ മനസ്സിൽ ഇടം പിടിച്ചത്. പ്രതിരോധശേഷി ആരൊക്കെയോ ചേർന്ന് ചോർത്തിക്കളഞ്ഞ ഒരു പാവം ജനത. പഴയ നിയമത്തിൽ എവിടെയോ വെച്ച് നഷ്ടപ്പെട്ടുപോയവർ. അത്തരം ഒരു ധാരണയുണ്ടാവാനുള്ള കാരണവും വിചിത്രമാണ്. ഈ കുറിപ്പിന്റെ പരിധിയിൽ ഒതുങ്ങാത്ത ഒരു നിരീക്ഷണമാണ് അതെങ്കിലും പറയാതെ വയ്യ. അന്ന് പത്രങ്ങളിലൊക്കെ നിറഞ്ഞു നിന്നിരുന്നത് ഫലസ്തീനാണ്. വിവരങ്ങൾ ഒന്നിനു മീതെ ഒന്നായി വന്നുനിറയുന്നു. എന്നാലതിനൊരു കുഴപ്പമുണ്ട്. കൂടുതൽ വായിക്കുന്തോറും നമുക്ക് കിട്ടുന്ന വിവരങ്ങൾ കുറഞ്ഞുകുറഞ്ഞ് പോവുന്നു. വിവരങ്ങൾ അന്യോന്യം തേഞ്ഞു തേഞ്ഞ് തീരലാണത്. ഈ നിരീക്ഷണത്തിനെന്തെങ്കിലും പ്രസക്തിയുണ്ടോ എന്നെനിക്കറിയില്ല.
ഞാൻ വീണ്ടും സഫിയയിലേക്ക് തിരിച്ചുവരുകയാണ്. ലോകത്തിലെ വർത്തമാനകാല പ്രതിരോധ പ്രസ്ഥാനങ്ങളെക്കുറിച്ച് ഗാഢമായി ആലോചിക്കുമ്പോൾ പ്രതിരോധ പ്രസ്ഥാനങ്ങളുടെ മുഖ്യ പോരാളികൾ സ്ത്രീകളാണെന്ന് എനിക്ക് തോന്നുന്നു (ഈ ആഖ്യാനത്തിലും അവളാണ് ധീരനായിക). കാരണം അതിജീവനത്തെക്കുറിച്ച് അവരേക്കാൾ ഉത്കണ്ഠപ്പെടാൻ പുരുഷസമൂഹത്തിന് ആവില്ല. കാരണം, സ്ത്രീകളാണ് ജീവിതത്തിന്റെ നൈരന്തര്യത്തിന്റെ കർമ മണ്ഡലവും അടയാള വാക്യവും. അത് ഞാനറിയുന്നു, നിങ്ങളും അറിയുന്നു. അവരെ സ്നേഹിക്കുകയും ബഹു മാനിക്കുകയും ചെയ്യുന്ന സമൂഹത്തിനേ നിതാന്ത ജീവിതമുള്ളൂവെന്നും ഞാനറിയുന്നു. അതുകൊണ്ടായിരിക്കണം ഈ നൂറ്റാണ്ടിലെ മനുഷ്യ സമൂഹത്തെ മുന്നിൽനിന്ന് നയിക്കുന്നത് സ്ത്രീകളായിരിക്കുമെന്ന് മാർക്വിസ് പറഞ്ഞത്.
2008 മെയ് മാസത്തിലെ പ്രസന്ന മധുരമായ സായാഹ്നം. തലേന്ന് വരെ ഏതൊക്കെയോ കൊടുങ്കാറ്റുകളുടെ മുന്നറിയിപ്പുമായി ആകാശം കറുത്തിരുണ്ട് മേഘഭരിതമായിരുന്നു. ദിവസത്തിൽ പലതവണ കാറ്റടിക്കുകയും മഴ ധൂളിയിടുകയും ചെയ്തുകൊണ്ടിരുന്നു. വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് പൂമൂടി നിന്നിരുന്ന പാത മരങ്ങളൊക്കെ പൂകൊഴിച് നഗ്നമേനികളായി നിലകൊണ്ടു. മാനം തെളിഞ്ഞപ്പോഴാണ് ഞാനേകാന്ത സവാരിക്കിറങ്ങിയത്. ഒരു ഫലസ്തീനി ഭക്ഷണശാലയുടെ തണുത്ത അകത്തളത്തിൽ ഞാനൊറ്റക്കായിരുന്നു. അമേരിക്കയിലെ മിക്ക ഭക്ഷണ ശാലകളിലും നമ്മളിങ്ങനെ ഒറ്റപ്പെടുന്ന അനുഭവമുണ്ട്. ഉണ്ണുന്നവർ ഇല മടക്കുന്നതും കാത്ത് അക്ഷമരായി ഒഴിയുന്ന കസേര ചാടിപ്പിടിക്കാൻ കാത്തുനിൽക്കലാണ് നമ്മുടെ ഭക്ഷണശീലം.
ഓർഡർ ചെയ്ത് ഭക്ഷ്യപേയങ്ങൾ കാത്തിരിക്കുന്നതിനിടയിലാണ് കണ്ണാടി വാതിൽ പതുക്കെ തുറന്ന് അകത്തേക്കൊന്ന് പാളിനോക്കി ഒരു ചെറുചിരിയുമായി സഫിയ കടന്നുവന്നത്. കണ്ണാടി വാതിൽ പാതി തുറന്ന് അവളുടെ മുഖം മാത്രം വെളിവായപ്പോൾ എന്റെ മനസ്സ് അകാരണമായി തുടിച്ചു. അവളൊരു അറബി ഹൂറിയായിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്തത്ര വശ്യമധുരമായിരുന്നു പാതി തുറന്ന കണ്ണാടി വാതിലിലൂടെ വെളിവായ ആ മുഖം.അവൾ കണ്ണുകൾകൊണ്ട് മുറിയാകെ പരതി. ഒഴിഞ്ഞുകിടക്കുന്ന എല്ലാ തീൻമേശകളും ഒഴിവാക്കി അവൾ എന്റെ നേരേ നടന്നടുത്തു. ക്ഷമാപണപൂർവം എതിരെയുള്ള കസേരയിൽ ഇരുന്നോട്ടെയെന്ന് അനുവാദം ചോദിച്ചു. ഞാൻ സമ്മതപൂർവം പുഞ്ചിരിച്ചു. മനോഹരമായ ഒരു സായാഹ്നത്തിൽ ഒരു മനോഹരിക്കൊപ്പം അത്താഴം കഴിക്കുന്നതിനെ ഞാനെന്തിനെതിർക്കണം.’
അവൾക്കൊറ്റക്കിരിക്കാൻ ആവില്ലെന്നും അത്താഴത്തിനൊപ്പം ആരോടെങ്കിലും സംസാരിക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടെന്നും എനിക്ക് തോന്നി. അവൾ ഈ ലോകത്ത് അവളെ അടയാളപ്പെടുത്തുന്നതും, ലോകമില്ലാത്ത അവൾ ലോകത്തെ തേടുന്നതും ഇങ്ങനെയായിരിക്കണം. വരട്ടെ, പരിചയപ്പെടുന്നതിന് മുമ്പ് ഇങ്ങനെയൊക്കെ ആലോചിക്കാൻ എനിക്കൊരവകാശവുമില്ല. എങ്കിലും മനുഷ്യരുടെ ഹൃദയം അവരുടെ മുഖത്ത് പ്രസരിക്കുമെന്ന് ഞാനറിഞ്ഞുവശായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അവരുടെയൊക്കെ കഥ എന്റെ കഥയായി എനിക്കെഴുതേണ്ടിവരുന്നതും.
ഒരു നരച്ച താടിക്കാരനെ കൂട്ടുകിട്ടിയതിൽ അവൾ ആഹ്ലാദവതിയാണെന്ന് എനിക്കെന്തോ തോന്നി. ഒരു ദീർഘനിശ്വാസത്തോടെ അവൾ കസേരയിൽ ഇരുന്നു. കൈയിലെ നീളൻ കടലാസ് ചുരുൾ അവൾ മേശ പുറത്ത് വെച്ചു. അതെന്താണെന്നറിയാനുള്ള ആകാംക്ഷ മനസ്സിലുണർന്നെങ്കിലും ഞാനൊന്നും പറഞ്ഞില്ല. മടിയിൽ വെച്ചിരുന്ന ബാഗിൻറ കീശയിൽ പരതി ഒരു പാക്കറ്റ് പേപ്പർ ടവ്വലുകൾ അവൾ പുറത്തെടുത്തു. കഴുത്തും മുഖവുമൊക്കെ തുടച്ചിട്ട് അവൾ വിശദമായി എന്നെ നോക്കി ചിരിച്ചു.
‘ഇന്ത്യ ൻ?
“അതെ. ലബനാനി.”
“അല്ല ഫലസ്തീനി…”
പിന്നീട് ഒരു വിശദീകരണക്കുറിപ്പുപോലെ അവൾ തുടർന്നു.
“ഒരു ലബനാനി പോലും ആ പേരിൽ വിളി കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല. അവർ ലെവൻതുകളാണ്. ലെവൻടൈനുകൾ (Leventine). ബൈബിളിൽ പറയുന്ന ലെവന്തുകൾ. നൂറ്റാണ്ടുകളോളം നീണ്ട ഒട്ടോമൻ സാമ്രാജ്യ അധിനിവേശമാണ് അവരെ ലബനാനികളാക്കിയത്.”
പെണ്ണ് ഞാൻ വിചാരിച്ചതുപോലെയല്ലല്ലോ? ചരിത്രത്തെക്കുറിച്ചുള്ള കൃത്യമായ ദിശാബോധത്തോടെയാണവൾ എന്റെ അത്താഴമേശ പകു ക്കുന്നത്.
ഈ ചുരുങ്ങിയ വാക്കുകൾക്കിടയിലൂടെ ഞങ്ങൾ രണ്ട് ലോകങ്ങളിൽ നിന്ന് ഒരു ലോകത്തിലെത്തി. അവൾ അവളെ പേര് പറഞ്ഞ് പരിചയപ്പെടുത്തിക്കഴിഞ്ഞിരുന്നില്ല, ഞാനവളെയും.
തല ചരിച്ചവളെ നോക്കുന്നതിനിടയിൽ എന്റെ മൂക്കിൽ നിന്ന് വഴുതി താഴേക്ക് വീഴാൻ പോയ എന്റെ കണ്ണട വലതുകരം നീട്ടി അവൾ യഥാ സ്ഥാനത്ത് ഉറപ്പിച്ചു. എന്നിട്ട് ചിരിച്ചു. എന്റെ ഓർമയിൽ എവിടെയോ സമാനമായ ഒരു നിമിഷം തെളിഞ്ഞു. താഴേക്കു വീഴുന്ന കണ്ണട കൈ നീട്ടി യഥാസ്ഥാനത്ത് ഉറപ്പിക്കുന്ന എന്റെ മകളുടെ ചിത്രം. അതോടെ അപരിചിതത്വത്തിൻറെ എല്ലാ അദൃശ്യ രേഖകളും മാഞ്ഞുപോയി.
“ഞാൻ സഫിയ. ആസ്മിൻ യൂനിവേഴ്സിറ്റിയിൽ സോഷ്യൽ ആന്ത്രാപ്പോളജി പഠിക്കുന്നു. Iam a victim of forced exile. രാജ്യം ഇല്ലാത്തവൾ. രാജ്യത്തു നിന്ന് ബലം പ്രയോഗിച്ച് പിടിച്ചിറക്കിവിടപ്പെട്ടവൾ. ഏതൊക്കെയോ രാജ്യങ്ങളിലലയുന്ന ഉമ്മയെയും ബാപ്പയെയും സഹോദരങ്ങളെയും ഓർത്ത് വിലപിക്കുന്നവൾ. ഇനി എപ്പോഴെങ്കിലും ഒത്തുചേരാൻ കഴിയുമോ എന്ന് വേവലാതിപ്പെടുന്നവൾ.”
ചുരുങ്ങിയ വാചകങ്ങളിൽ സഫിയ ഒരു ജനതയുടെ ചരിത്രം പറഞ്ഞു തീർത്തു. പിന്നെ എന്റെ മുഖഭാവം പഠിച്ചുകൊണ്ടവൾ ഇരുന്നു. അവളുടെ ചേഷ്ടകൾ എത്ര കൗതുകകരമാണെന്നാണ് ഞാൻ ആലോചിച്ചുകൊണ്ടിരുന്നത്. ഒരു പെൺകുട്ടിയുടെ എല്ലാ നിഷ്കളങ്കതയോടും കൂടെ അവൾ ചിരിക്കുകയും തന്റെ കൈകൾ എന്തുചെയ്യണമെന്നറിയാതെ ഇടക്കിടെ മേശമേൽ വെക്കുകയും പിന്നെ വിരലുകൾ കൊണ്ട് മേശമേൽ എന്തൊക്കെയോ കുത്തിവരക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിൽ പലതവണ അവളുടെ മുഖം അകാരണമായി തുടുത്തു. വെയിറ്റർ ഓർഡറെടുക്കാൻ വന്നപ്പോൾ അവൾ നിഷ്കളങ്കമായി എന്റെ മുഖത്തേക്ക് നോക്കി. ഞാൻ നേരത്തേ ഓർഡർ ചെയ്തു കഴിഞ്ഞതാണല്ലോ. അവളുമായി പങ്കുവെക്കാൻ മാത്രമുണ്ടാവുമോ എന്നെനിക്കറിയില്ല. പങ്കു വെക്കപ്പെടണമെന്ന് അവൾ ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാൽ പങ്കുവെക്കപ്പെടണമെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഒരു സൗഹൃദത്തിൻറ പേരിലല്ല, അവളുടെ വേവലാതികൾ എന്റേതു കൂടിയാണെന്ന് അവളെ ബോധ്യപ്പെടുത്താൻ. ഞാൻ ആവശ്യപ്പെട്ടത് എന്തൊക്കെയാണെന്ന് അവളെ അറിയിച്ചു. അവൾക്കിഷ്ടപ്പെട്ടത് എന്തും ആവശ്യപ്പെടാൻ പറഞ്ഞു: നമുക്കൊന്നിച്ച് ആഹാരം പകുത്ത് കഴിക്കാം. അവൾ ഹൃദ്യമായി ചിരിച്ചു. വെയിറ്റർ പോയിക്കഴിഞ്ഞപ്പോൾ മന്ത്രിക്കുന്ന സ്വരത്തിൽ അവൾ പറഞ്ഞു:
“ഒരുപാട് കാലമായി അപ്പം പകുത്തു തിന്നിട്ട്. മനുഷ്യർ അപ്പം പങ്കു വെക്കുമ്പോഴാണ് പുതിയ ലോകം ഉണ്ടാവുന്നത്. ഇസ്ലാം ഭക്ഷണം പങ്കുവെക്കുന്നവരുടെ വിശ്വാസമാണ്.”
അവൾ നിശ്ശബ്ദയായി. അന്യമനസ്കയായി. അവൾ ഏതോ ഓർമകളിൽ സ്വയം നഷ്ടപ്പെട്ടു. ഓർമയിൽ നഷ്ടപ്പെട്ടിരിക്കുന്ന പെൺകുട്ടിയാണ് ഏറ്റവും കൗതുകകരമായ കാഴ്ചയെന്ന് എനിക്ക് തോന്നാൻ തുടങ്ങിയിരുന്നു. എന്തോ അബദ്ധം കാണിച്ചതുപോലെ അവൾ പെട്ടെന്ന് ഞെട്ടിയുണർന്ന് എന്നെ നോക്കി പുഞ്ചിരിച്ചു:
“എന്റെ ഉമ്മയുടെ ഓർമകളിലേക്ക് ഞാൻ ചേക്കേറിപ്പോയതാണ്. ഉമ്മയുടെ ഓർമകളിൽനിന്നാണ് ഞാനെന്റെ വീടും രാജ്യവും അറിയുന്നതും അനുഭവിക്കുന്നതും. ഒരുപക്ഷേ, എന്റെ തലമുറയിലെ എല്ലാ ഫലസ്തീനികളും അവരൊരിക്കലും കാണാത്ത സ്വന്തം നാടറിയുന്നത ഒരിക്കലും അവരുടെ സ്വന്തമല്ലാത്ത ഈ ഓർമകളിലൂടെയായിരിക്കണം.”
“ഞാനെൻറെ ഉമ്മയെ സ്വന്തമാക്കുന്നത് ഉമ്മയുടെ ഡയറിക്കുറിപ്പുകളിലൂടെയാണ്. ചെറുപ്പത്തിൽ അഭയം തേടിയുള്ള എന്റെ സഞ്ചാരം ആരംഭിച്ചപ്പോൾ ഉമ്മ എന്നെ ഏൽപിച്ചതാണ്. ഞങ്ങൾക്ക് മാതളത്തോപ്പിനിടയിൽ മറഞ്ഞിരിക്കുന്ന ഒരു വീടുണ്ട്. ഫലസ്തീനിലെ ഏതോ ഗ്രാമത്തിൽ.
ഇന്നാ ഗ്രാമം ഇസായേലിലാണ്. ഇത്തരം സായാഹ്നങ്ങളിൽ മുറ്റത്തൊരു നെരിപ്പോട് നീറിക്കത്തും. അതിനരികിൽ ഒട്ടകത്തോല് കൊണ്ടുണ്ടാക്കിയ പരവതാനി വിരിച്ചിരിക്കും. ധൂമ പാനത്തിനായി ഹുക്കുകൾ വെച്ചിരിക്കും. പെൺമക്കൾ അബ്ദമാർക്കായി ഹുക്കകൾ നിറച്ചു കൊളുത്തിക്കൊടുക്കും.”
ഏതോ ലോകത്തുനിന്ന് വരുന്ന മുഴക്കം പോലെ അവളുടെ വാക്കുകൾ. പുകയിലധൂമം സുരഭിലമാക്കിയ അതീതകാല നിമിഷങ്ങൾ. അവളുടെ മനസ്സ് സുതാര്യമായ ചിറകുകൾ വിടർത്തി പറക്കുന്നത് എനിക്ക് കാണാമായിരുന്നു. “മുറ്റത്ത് സന്ധ്യ വെളിച്ചത്തിലായിരുന്നു അത്താഴം. സ്ത്രീകൾ ചോള റൊട്ടികൾ ചൂടോടെ ചുട്ടെടുത്ത് കിണ്ണങ്ങളിൽ ഇടും. ചോള റൊട്ടിക്കൊപ്പം പാൽക്കട്ടിയും ഒലിവ് പഴങ്ങളും ഈത്തപ്പഴങ്ങളും. എനിക്കൊരിക്കലും അതൊന്നും അനുഭവിക്കാനായിട്ടില്ല. എന്നാലും എന്റെ ബോധതലത്തിൽ ആ ചരിത്രവും ആ നിമിഷങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു.”
അത്താഴത്തിന്റെ വിഭവ രുചികളിലേക്ക് അവളുടെ മനസ്സ് പറന്നിറങ്ങി. പ്രവാസികൾക്ക് അത്താഴത്തിന്റെ ഓർമകൾ അതിജീവനത്തിന്റെ ഓർമകളാണ്. നാവുകൊണ്ടല്ല അവർ രുചിക്കുന്നത്, മനസ്സുകൊണ്ടാണ്. ചോളറൊട്ടി മൊരിയുന്നതിന്റെ ശബ്ദ ഗന്ധങ്ങളിലേക്ക് ഞാനും പറന്നിറങ്ങി. അൽ ഹസ്സയുടെ ഗ്രാമഗന്ധങ്ങളിൽ മൊരിഞ്ഞ റൊട്ടിയുടെ ഗന്ധം പരക്കുന്നത് അനുഭവിച്ച ഒരുപാട് സായാഹ്നങ്ങൾ എന്റെ മനസ്സി ലുണ്ട്. അവൾ മേശപ്പുറത്തെ കടലാസ് ചുരുളിൽ വീണ്ടും കൈവെച്ചപ്പോൾ അതെന്താണെന്ന ചോദ്യം എന്റെ കണ്ണുകളിൽ നിറഞ്ഞു. കടലാസ് ചുരുൾ മേശപ്പുറത്ത് അവൾ തടവി നിവർത്തി. എന്നിട്ടവൾ എന്റെ മുഖത്തേക്ക് നോക്കി. അതൊരു പോസ്റ്ററായിരുന്നു.
“അൽ-നക്ബ. അറുപതു കൊല്ലമായി ബലം പ്രയോഗിച്ച് നാടുകടത്തപ്പെട്ട ഫലസ്തീനികളുടെ ഇനിയും മരിച്ചിട്ടില്ലാത്ത ഇച്ഛാശക്തിയുടെ പ്രകടനപത്രികയാണിത്…” ഞാൻ കൗതുകത്തോടെ ആ പോസ്റ്റർ നോക്കിയിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. നൂറുകണക്കിന് പാരചൂട്ടുകൾ പറന്നിറങ്ങുന്ന ഒരു ചിത്രം. ഓരോ പാരചൂട്ടിനും അറബിയുടെ സ്വത്വബോധത്തെ പ്രസരിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. ആദ്യം അതെന്താണെന്ന് മനസ്സിലായില്ല. പെട്ടെന്നാണ് ബോധോദയം ഉണ്ടായത്. ഈ പാർക്യൂട്ടുകളെല്ലാം അറബി കളുടെ ശിരോവസ്ത്രമായ “കുഫിയ്യ’കൾ ആണ്. കറുപ്പും വെളുപ്പും ചതുര ങ്ങൾ നിറഞ്ഞ ഫലസ്തീനിയൻ ‘കുഫിയ്യ’കൾ. “കുഫിയ്യകൾ’ പാരച്യൂട്ടുകളായി വിടർത്തി അതിന്റെ അറ്റത്ത് മനുഷ്യർക്ക് പകരം താക്കോലുകൾ. നൂറുകണക്കിന് താക്കോലുകൾ ജെറൂസലമിലേക്ക് മാനത്തിൽ നിന്നിറങ്ങിവരുന്നു. താഴെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും നഷ്ടാവശിഷ്ടങ്ങൾക്കുമേൽ എന്തൊക്കെയോ എഴുതിവെച്ചിരിക്കുന്നു.
“1948ൽ ഇസായേൽ അധിനിവേശത്തിൽ തകർന്ന ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേരുകളാണതൊക്കെ. അതിലൊന്ന് എന്റെ പൂർവ പിതാക്കളുടെ ഗ്രാമമാണ്. അതിലൊരു താക്കോൽ എന്റേതാണ്.” അവൾ ബാഗിന്റെ ഉള്ളറകളിൽ നിന്നൊരു തുരുമ്പിച്ച താക്കോൽ പുറത്തെടുത്തു. ചുകന്ന പട്ടുതുണികൊണ്ടുണ്ടാക്കിയ ഒരു ചെറിയ തുണി ബാഗിന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന താക്കോൽ. “ഈ പോസറിന് കദനം നിറഞ്ഞ ഒരു പ്രണയ കഥകൂടി പറയാനുണ്ട്. ഇത് വരച്ചത് ഒരു അറബിയല്ല, ഇൽദിക്കോ-ടോത്ത് എന്ന ഹംഗറിക്കാരിയാണ്. ഹംഗറിയിൽ നിന്ന് അമേരിക്കയിൽ കുടിയേറിയ ഒരു പെണ്ണ്. 34 വയസ്സുകാരിയായ ടോത്ത് ഇൻറർനെറ്റിലൂടെ സമീർ എന്നൊരു ഫലസ്തീൻ അമേരിക്കൻ വിദ്യാർഥിയുമായി പ്രണയത്തിലാവുന്നു. എന്നെപ്പോലെതന്നെ ഒരു അമേരിക്കൻ ഫലസ്തീൻ വിദ്യാർഥിയാണവനും. കഴിഞ്ഞ കൊല്ലം മെയ് മാസമാദ്യം ഈജിപ്തിൽ കെയറോവിൽ വെച്ചവർ വിവാഹിതരാവുന്നു. നൈൽ നദിയിലുടെ നൗകാഗൃഹത്തിൽ ഹണി മൂൺ സഞ്ചാരം. അതുകഴിഞ്ഞ് ഹംഗറിയിലെ കുടുംബജീവിതം. വീണ്ടും ഒത്തുചേരാനായി അവർ രണ്ടുവഴിക്ക് പിരിയുന്നു. ടോത്ത് അമേരിക്കയിലേക്കും സമീർ ഫലസ്തീനിലേക്കും. സമീർ മാതാപിതാക്കളെ കാണാനാണ് പോയത്. എന്നാൽ സമീറിന് അമേരിക്കയിലേക്ക് തിരിച്ചുവരാൻ പറ്റിയില്ല. അമേരിക്കയുടെ ഭീകരവാദ നിയമത്തിന്റെ പുതിയ വകുപ്പുകൾ സമീറിന്റെ ‘നക്ബ’ ആയി മാറി. അതുകൊണ്ടുതന്നെ കോത്തിന്റെയും “നക്ബ’ ആയി. വിരഹത്തിന്റെ ഉഷ്ണമേഖലയുടെ കനൽചൂടിലിരുന്നാണ് ടോത്ത് ഈ പോസർ വരച്ചത്.
1948 മെയ് 14നാണ് ഇസ്രായേൽ എന്ന രാഷ്ട്രം സൃഷ്ടിക്കപ്പെടുന്നത്. അതോടെ ഫലസ്തീനികൾക്ക് സ്വന്തം നാട് നഷ്ടമായി. സയണിസ്റ്റുകൾ 2008 മെയ് മാസത്തിൽ അറുപതാം വാർഷികം “ഒരു പുരാതന സ്വപ്നത്തിന്റെ സാക്ഷാത്കാരം’ എന്ന പേരിൽ കൊണ്ടാടി. അതിനെതിരെയുള്ള ഫലസ്തീനികളുടെ പ്രതിരോധത്തിന്റെ പാരചൂട്ട് ആക്രമണമാണ് ടോത്തിന്റെ പോസ്റ്റർ.
ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ വഞ്ചനകളിലൊന്നാണ് ഫലസ്തീൻ ചരിത്രം. ഫലസ്തീൻ എന്ന ബിബ്ലിക്കൽ വാക്കിന്റെ അർഥം തന്നെ “അപരിചിതർ’ വസിക്കുന്ന ഇടമെന്നാണ്. ഒരിക്കൽ ആ നാട് അപരിചിതരുടെ നാടാകുമെന്ന് ദീർഘദർശനമായിരിക്കണം ബൈബിളിലേത്.
ഈ കൊടുംവഞ്ചനയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒരു അറബിക്കും കൈകഴുകി രക്ഷപ്പെടാനാവില്ല. നിസ്സഹായതകൊണ്ടാണ് അങ്ങനെ സംഭ വിച്ചതെന്ന് പറഞ്ഞാൽ പോലും അതൊരു ന്യായീകരണമാവുന്നില്ല.
1948ലെ ആ മെയ് മാസം ഫലസ്തീനികൾക്ക് ഒരിക്കലും മറക്കാനാവില്ല. വീടുകൾ നഷ്ടപ്പെടുകയും താക്കോലുകൾ മാത്രം ബാക്കിയാവുകയും ചെയ്ത ക്രൂരമായ ഒരു മെയ് മാസമാണത്. ഇസ്രായേൽ രൂപവത്കരണത്തിനെതിരെ ഉയർന്ന സമരമുന്നണിയായിരുന്നു അറബ് വിമോചന സേന. വിമോചന സേന ഫലസ്തീൻ ഗ്രാമീണരോട് ലബനാനിലും ജോർദാനിലും സിറിയയിലും ഒരുക്കിയ അഭയാർഥി ക്യാമ്പുകളിലേക്ക് നീങ്ങാൻ അഭ്യർഥിക്കുന്നു. മുഴുവൻ ഫലസ്തീനികളെയും സയണിസ്റ്റുകൾ കൊന്നൊടുക്കുന്നത് തടയാനായിരുന്നു ഇത്. രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷം തിരിച്ചുവരാനുള്ള ഒരു പലായനം. മോസസും മോസസിന്റെ ജനതയും ഒരിക്കലും തിരിച്ചുവരാത്ത പുറപ്പാടുകളിലേക്കാണ് ഇറങ്ങിപ്പുറപ്പെട്ടത്. ആയിരത്താണ്ടുകൾക്കുശേഷം ഫലസ്തീനികൾ തിരിച്ചുവരാമെന്ന് പ്രതീക്ഷയിൽ ജന്മദേശം ഉപേക്ഷിക്കുന്നു. ചില അല്ലറ ചില്ലറ സാധനങ്ങൾ മാത്രം ഭാണ്ഡം കെട്ടി വീടുകൾ ഭദ്രമായി താഴിട്ട് പൂട്ടി ഒരു ജനത ഒന്നിച്ച് താക്കോലുകളുമായി ഇറങ്ങുന്നു. ഇനി ഒരിക്കലും തിരിച്ചുവരാത്ത ഒരു യാത്രക്കാണ് തങ്ങൾ ഇറങ്ങിപ്പുറപ്പെട്ടതെന്ന് അപ്പോൾ അവർ നിനച്ചിരുന്നില്ല. വിമോചനസേനയുടെ അഭ്യർഥന മാനിച്ചതാണ് ഫലസ്തീനികൾ ചെയ്ത ഏറ്റവും വലിയ “ചരിത്രപരമായ മണ്ടത്തരം.’
കുറച്ചുദിവസത്തേക്കുള്ള ദേശാടനം അറുപത് വർഷത്തിലേറെക്കാലമായി ഫലസ്തീൻ ജനത ഇന്നും തുടരുന്നു അവരിന്നും താൽക്കാലിക വസതികളിൽ അപരിചിത ദേശങ്ങളിൽ അവയോടൊന്നും ഇണങ്ങാതെ തിരിച്ചുപോക്കിനായി കാത്തിരിക്കുന്നു. ഒരുപാട് ആയുസ്സുകളുടെ കാത്തിരിപ്പായിരിക്കാമത്. ഒരുപക്ഷേ, ഒരിക്കലും ഒടുങ്ങാത്ത ഒരു കാത്തിരിപ്പ്.
ഫലസ്തീനികൾ അറുപത് വർഷത്തിനു ശേഷവും ആ തുരുമ്പിച്ച താക്കോലുകൾ സൂക്ഷിച്ചുവെച്ചിരിക്കുന്നു. തിരിച്ചുവരാനായി വീടുകൾ ഭദ്രമായി പൂട്ടി കൈയിലെടുത്ത അതേ താക്കോലുകൾ, കാല ഭേദങ്ങളില്ലാതെ അഭയാർഥി ക്യാമ്പുകളിൽനിന്ന് മറ്റേതെങ്കിലും അഭയാർഥി ക്യാമ്പു കളിലേക്ക് പലായനം ചെയ്യുമ്പോഴും അവരാ താക്കോലുകൾ ഹൃദയങ്ങളിൽ കൊളുത്തിയിട്ടിരിക്കുന്നു. ഇനി ഒരിക്കലും ആ പഴയ താക്കോലുകൾ കൊണ്ട് അവരുടെ പുരാതന ഭവനങ്ങൾ തുറക്കാനാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ആ തുരുമ്പിച്ച താക്കോലുകൾ അവർ സൂക്ഷിക്കുന്നു.
ഒരു വാഗ്ദാനത്തിന്റെയും വാഗ്ദത്ത ലംഘനത്തിന്റെയും സ്മാരകങ്ങളാണ് ആ താക്കോലുകൾ.
സഫിയയെ കാണുന്നതിനു മുമ്പ് എന്റെ മനസ്സിൽ താക്കോൽ ഒരു അധികാരചിഹ്നമായിരുന്നു. ഇന്നത് അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ചിഹ്നമായി മാറി. ഒരു ചിഹ്നം എങ്ങനെയാണ് വ്യത്യസ്ത പരിതഃസ്ഥിതികളിൽ മാറിമറിയുന്നതെന്ന് ഞാനറിയുന്നു. ഒരു പക്ഷേ, പ്രതിലോമമെന്ന് കരുതുന്ന പലതും പ്രതിരോധത്തിന്റെ കൊടിയടയാളമായി മാറിയേക്കാം.
ആ താക്കോലുകളാണ് ടോത്തിന്റെ ചിത്രത്തിൽ “കുഫിയ്യ’കളിൽ പറന്നിറങ്ങുന്നത്.
ഭക്ഷണം പകുത്തുകഴിച്ച് പിരിയുമ്പോൾ സഫിയ ചുവന്ന ചെറുതുണി സഞ്ചിയിൽ നിന്ന് ആ താക്കോലെടുത്ത് എന്റെ കൈയിൽ തന്നു. ആ താക്കോൽ എന്റെ കൈവെള്ളയിൽക്കിടന്ന് പൊള്ളുന്നതു പോലെ എനിക്ക് തോന്നി. ആ താക്കോലിനു മാനവ ചരിത്രത്തിന്റെ മുഴുവൻ ഭാരവും ഉണ്ടായിരുന്നു. അവൾ വിരലുകൾ കൊണ്ട് എന്റെ കൈയിൽ നിന്നാ താക്കോൽ നുള്ളിയെടുത്ത് ചുവന്ന തുണിസഞ്ചിക്കുള്ളിലാക്കി. പിന്നെ വിഷാദം നിറഞ്ഞ ഒരു പുഞ്ചിരിയോടെ തെരുവിലെ ഇരുളിലേക്കിറങ്ങിപ്പോയി. ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ അവൾ നടന്നുനീങ്ങി. നഷ്ടപ്പെട്ട താക്കോലുകൾ ഒരുപാട് തവണ എന്നെ വേവലാതിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ നഷ്ടപ്പെടാത്ത ഈ താക്കോലുകളാണ് എന്നെ വേദനിപ്പിക്കുന്നത്.

Featured Image: Poster designed by Ildiko Toth
Chapter taken from: പ്രവാസിയുടെ വഴിയമ്പലങ്ങൾ
പ്രതീക്ഷ ബുക്ക്സ്
Comments are closed.