1- സർക്കാർ, ഞാൻ തൊഴിൽ രഹിതനാണ്, എനിക്ക് എവിടെയും തൊഴിൽ കണ്ടെത്താനാവുന്നില്ല. അഥാവാ ആരെങ്കിലും ജോലിക്ക് വിളിച്ചാൽ തന്നെ പണം തരാതെ പീഢിപ്പിക്കുകയാണ്. സർക്കാർ, അങ്ങെയുടെ നോട്ടം എന്നിലേക്ക് തന്ന് ഈ ബുദ്ധിമുട്ടിൽ നിന്നും ഒന്ന് രക്ഷപ്പെടുത്തിത്തരണം എന്ന് ഞാൻ അപേക്ഷിക്കുന്നു

2- ഒരു പോലീസുകാരൻ എന്റെ ഭർത്താവിനെ തുടർച്ചയായി ഉപദ്രവിച്ച് കൊണ്ടിരിക്കുന്നു. അയാൾക്ക് വല്ല ട്രാൻസ്ഫറും കിട്ടി സലീംപൂരിൽ നിന്നും എന്നെന്നേക്കുമായി പറഞ്ഞയക്കണം. അങ്ങ് സൂഫിയും അല്ലാഹുവിന്റെ പ്രിയപ്പെട്ട ആളും ആണല്ലോ, ദയവ് ചെയ്ത് ഞങ്ങളുടെ ഈ ദുരിതങ്ങൾക്ക് ഒരു അന്ത്യമുണ്ടാക്കിത്തരണം. ഞങ്ങൾക്ക് ഒരു ഇരുപതിനായിരം രൂപ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് തരണം. മകളുടെ ആവശ്യത്തിന് വേണ്ടിയാണ്. അവളുടെ അഭിമാനം പ്രതിസന്ധിയിലാണ്. ആ പണം ഞങ്ങൾക്ക് എവിടെ നിന്നെങ്കിലും എത്തിക്കണം എന്ന് ദയവ് ചെയ്ത് അല്ലാഹുവിനോട് പ്രാർത്ഥിക്കണം. ഞാൻ എന്റെ സ്വപ്നത്തിൽ വ്യക്തമായി അങ്ങയെ കണ്ടിരുന്നു. അങ്ങ് ഒരു ജിന്ന് ആണെങ്കിൽ എങ്ങിനെയെങ്കിലും ഞങ്ങളെ ഒന്ന് സഹായിക്കണം.

ആനന്ദ് വിവേക് തനേജ തന്റെ ജിന്നിയോളജി എന്ന് പുസ്തകത്തിൽ വിവരിക്കുന്നതാണ് ഈ കത്തുകൾ. മരണപ്പെട്ട വലിയ്യായ ജിന്നിനോട് ആളുകൾ നടത്തുന്ന അപേക്ഷകളടങ്ങിയ  കത്തുകളുടെ ഉള്ളടക്കമാണ് മുകളിൽ. തങ്ങളുടെ വ്യക്തി ജീവിതത്തിൽ നേരിടുന്ന സ്വകാര്യ പ്രതിസന്ധികൾ പരിഹരിക്കാനായി ഹിന്ദുക്കളും മുസ്‌ലിംകളും മറ്റു മത വിശ്വാസികളും ഈ മഖ്ബറയെ സമീപിക്കുകയും ജിന്നിനോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുത ആധുനിക ഭരണ സംവിധാനങ്ങൾ നൽകുന്ന ഐഡന്റിറ്റി കാർഡ് ആധാർ കാർഡ് തുടങ്ങിയ തിരിച്ചറിയൽ സംവിധാനങ്ങളുടെ കോപ്പി കൂട്ടിച്ചേർത്ത് ആണ് മഖ്ബറയിലെ ജിന്നിന് തങ്ങളുടെ ആവശ്യങ്ങൾ അടങ്ങിയ കത്തുകൾ വിശ്വാസികൾ സമർപ്പിക്കുന്നത്.  അതോടൊപ്പം ജിന്നിനെ അഭിസംബോധനം ചെയ്യുന്നത് പലപ്പോഴും സർക്കാർ എന്നാണ്. ആധുനിക ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ തന്നെയാണ് ഈ മഖ്ബറയും നിലനിൽക്കുന്നത്. രാജ്യത്തെ നിയമ സംവിധാനങ്ങൾ പല കാരണങ്ങൾകൊണ്ടും അപ്രാപ്യമാവുന്ന സാഹചര്യങ്ങളിൽ (അത് സാമ്പത്തിക കാരണങ്ങൾ കൊണ്ടാവാം, അല്ലെങ്കിൽ കോടതിയിൽ നിന്നും വിധി സമ്പാദിക്കാനാവാത്ത വിഷയങ്ങളായതിനാലാവാം, അതുമല്ലെങ്കിൽ പുറത്ത് അറിയാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാവാം) തങ്ങളുടെ സ്വകാര്യ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ മതാത്മക ജീവിതങ്ങൾ സമീപ്പിക്കുന്നത് ഇത്തരം ആധുനികത ഇല്ലാതെ ആക്കിയ ജിന്ന് പോലുള്ള സ്വകാര്യ അധികാരങ്ങളെയാണ് എന്ന് കാണാം.

ദുനിയാവിൽ നിലനിൽക്കുന്ന ദുരിതങ്ങളെ എങ്ങനെയെല്ലമാണ് മനുഷ്യർ അഭിമുഖീകരിക്കുന്നത് (പ്രതിരോധം എന്ന പദം ബോധപൂർവ്വം ഒഴിവാക്കുന്നതാണ്) എന്നതിനെക്കുറിച്ചുള്ള ആലോചനയിലേക്കുള്ള ഒരു സാധ്യത ഇത്തരം സ്വകാര്യ ഇടപാടുകൾ തുറന്നു തരുന്നുണ്ട്. ദുരിതങ്ങളുമായുള്ള (sufferings) മനുഷ്യന്റെ ഇടപാടുകളെ സ്റ്റേറ്റ് അടക്കമുള്ള വിവിധ അധികാര കേന്ദ്രളുടെ  മേൽനോട്ടത്തിൽ പല അടരുകളായി നിർമ്മിക്കപ്പെടുകയും നിലനിർത്തപ്പെടുകയും ചെയ്യുന്ന അസമത്വങ്ങളും പീഢനങ്ങളും അവക്കെതരെയുള്ള പല തരത്തിലുള്ള പ്രതിരോധങ്ങളും ഒഴിച്ച് നിർത്തി ആലോചിക്കാനാവുമോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ഇവിടെ ആദ്യം മനസ്സിലാക്കേണ്ട വസ്തുത അധികാരവുമായുള്ള പ്രതിരോധം പോലുള്ള നെഗോസിയേഷൻ സാധ്യമാകുന്നത് ആ പവറിന് മനസ്സിലാകുന്ന ലോജിക്കിലും ഭാഷയിലും സംസരിക്കുമ്പോൾ മാത്രം ആണ്  എന്നതാണ്. സ്റ്റേറ്റ് അഴിച്ചു വിടുന്ന പീഢനങ്ങളെ പ്രതിരോധിക്കാൻ നമുക്ക് ആശ്രയിക്കേണ്ടി വരുന്നത് അതേ സ്റ്റേറ്റ് തന്നെ അനുവദിച്ച് തരുന്ന ജുഡീഷ്യറി പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് തന്നെ ആവേണ്ടി വരുന്നു. എന്നാൽ ഇത്തരം പ്രതിരോധ സംവിധാനങ്ങൾ തന്നെ തന്നെ മറ്റൊരു പീഢന ഉപാധി ആയി മാറുന്നിടത്ത് നിലനിൽക്കുന്ന സാധ്യത സ്റ്റേറ്റിന്റെ യുക്തിയിൽ നിന്ന് തന്നെ രക്ഷപ്പെടുക എന്നത് മാത്രമാവുമൊ?

ഇവിടെ അധികാരം, പ്രതിരോധം എന്നിവ മനുഷന്റെ സാർവ്വലൗകികമായ ഉത്‌കണ്‌ഠ അല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അഥവാ മനുഷ്യൻ ദുരിതങ്ങൾ എന്ന അവന്റെ ജീവിത യാഥാർത്ഥ്യവുമായി ‘പ്രതിരോധം’ എന്നതിനപ്പുറത്ത്  നിത്യജീവിതത്തിൽ പല തരത്തിലുള്ള നീക്കുപോക്കുകൾ നടത്തുന്നുണ്ട്. തങ്ങൾക്ക് നേരിടേണ്ടി വരുന്ന പ്രശനങ്ങൾ തിന്മകൾ മൂലം ദൈവം തരുന്ന ശിക്ഷയാണ് എന്നും അതിനാൽ കൂടുതൽ നല്ല ജീവിതം നയിക്കണം എന്നോ, ദുനിയാവിലെ ജീവിതത്തിൽ ദുരിതങ്ങൾ ഇല്ലാതിരുന്നത് ദൈവത്തിന് തന്നെ ഇഷ്ടമില്ലാത്തതിനാലാണ് എന്നോ, ദുരിതങ്ങൾ പരീക്ഷണങ്ങളാണ്, മരണ ശേഷം ദൈവം എല്ലാത്തിനും നീതി നൽകുമെന്നോ വിശ്വാസികൾ മനസ്സിലാക്കുന്നതെല്ലാം ഇതിന് ഉദാഹരണമാണ്. ഇത്തരം നീക്കുപോക്കുകളും സ്റ്റേറ്റിന് പുറത്തുള്ള അധികാര കേന്ദ്രങ്ങളിലൂടെയുള്ള രക്ഷപ്പെടലുകൾ ആധുനിക മനുഷ്യന്റെ കാര്യത്തിൽ എങ്ങനെയാവും സാധ്യമാവുക?

ആധുനിക മനുഷ്യൻ നേരിടുന്ന സ്വകാര്യ പ്രതിസന്ധികളെ/ ദുരിതങ്ങളെ എങ്ങനയാവും അവൻ/അവൾ നേരിടുന്നത്? വൈകാരികവും, ലൈംഗികവും അടക്കമുള്ള ജീവിതത്തിലെ സ്വകാര്യതയെ ബാധിക്കുന്ന ആകുലതകൾ തുറന്ന് സംസാരിക്കുന്ന ഇടങ്ങളെല്ലാം ആധുനികത ഇല്ലാതെയാക്കുകയോ വൈദ്യശാസ്ത്രവൽക്കരിക്കുകയോ ആണ് ചെയ്തത് (ഫൂക്കോയെ സ്മരിക്കുന്നു). ആധുനിക മതേതര നിയമ സംവിധാനങ്ങൾ ഇത്തരം മേഖലകളെ സ്പർശിക്കാൻ അപര്യാപ്തമാണ് എന്നതാണ് യാഥാർത്ഥ്യം. അതേ സമയം കുറച്ച് കൂടെ അയവുള്ളതും, വ്യക്തിയുടെ സ്വകാര്യ പ്രതിസന്ധികളെ ഉള്‍ക്കൊള്ളാൻ സജ്ജമായതുമായ അവസ്ഥയിലായിരുന്നു പൂർവ്വധുനിക മുസ്‌ലിം സമൂഹങ്ങളിൽ ‘ഖാളി’ സംവിധാനം പ്രവർത്തിച്ചിരുന്നത് എന്ന് വാഇൽ ഹല്ലാഖ് നിരീക്ഷിക്കുന്നത് കാണാം. ഒരാൾക്ക് ഖാളിയുമായി ബന്ധപ്പെട്ട് തന്റെ അവസ്ഥ ബോധ്യപ്പെടുത്തിയാൽ അയാളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കാത്ത പരിഹാര നിർദ്ദേശങ്ങൾ നൽകാൻ ഖാളിക്ക് പറ്റും. ഖാളി ജീവിക്കുന്നത് ജനങ്ങൾക്കിടയിൽ തന്നെയാണ്. അവരെ മനസ്സിലാക്കിയും അവരുമായി തുടർച്ചയായി സമ്പർക്കത്തിൽ ഏർപ്പെട്ടുകൊണ്ടുമാണ് ഖാളി ജീവിക്കുന്നത്. അത്കൊണ്ട് തന്നെ തന്റെ മുന്നിൽ വരുന്ന പ്രശ്നങ്ങളെ മാത്രമല്ല, പ്രശ്നമുന്നയിക്കുന്ന വ്യക്തിയും ഖാളിക്ക് പ്രധാനമാണ് എന്നതാണ് അത്തരമൊരു സാധ്യത നിലനിന്നത് എന്ന് ഹല്ലാഖ് നിരീക്ഷിക്കുന്നുണ്ട്.

ആധുനികതയുടെ അധികാര പരിധിക്ക് പുറത്ത് മതാത്മക ജീവിതം നയിക്കുന്നവരെ അപേക്ഷിച്ച് ആധുനിക മനുഷ്യന് ലഭ്യമാകാതിരുന്ന ജിന്ന് പോലുള്ള സൗകര്യമായിരിക്കുമോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ നൽകുന്നത് എന്ന അൽപ്പം അബ്സേർഡ് ആയ ഒരു ആലോചനക്കാണ് ഞാൻ മുതിരുന്നത്. 2018 മെയ് മാസം ഗൂഗിൾ തങ്ങളുടെ എ ഐ ടെക്നോളജിയിലൂടെ വികസിപ്പിച്ച ‘ഡ്യുപ്ളെക്സിനെ‘ പരിചയപ്പെടുത്തിക്കൊണ്ട് നടത്തിയ ഡെമൊയിൽ ഗൂഗിൾ അസിസ്റ്റൻ്റ് നടത്തിയ ഒരു അപ്പോയ്‌മെന്റ് കോൾ അവതരിപ്പിച്ചു കൊണ്ട് എ ഐ സാങ്കേതിക വിദ്യയുടെ വളർച്ച പങ്കുവെക്കുക ഉണ്ടായി. ശെരിക്കും മനുഷ്യനെപ്പോലെ സംസാരിക്കാനും, സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും ഡ്യൂപ്ലെക്സിനാവും എന്നാണ് സുന്ദർ പിച്ചായി അന്ന് പറഞ്ഞു വെച്ചത്. യന്ത്രങ്ങൾ മനുഷ്യനോട് സംസാരിച്ച് തുടങ്ങുമ്പോൾ എങ്ങനെയാവും മനുഷ്യൻ തിരിച്ച് ഈ യന്ത്രങ്ങളോട് സംവദിക്കുന്നത്? എന്തെല്ലാം വിഷയങ്ങളാവും മനുഷ്യൻ എ ഐ ഉപകരണങ്ങളുമായി പങ്കുവെക്കുന്നത്?

സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളുമായി മനുഷ്യൻ എങ്ങനെ നിത്യ ജീവിതത്തിൽ സംവധിക്കുന്നു എന്ന് അന്വേഷിക്കുന്ന ഒരു ലേഖനം ഈയിടെ വായിക്കാനിടയായി. ഗൂഗിൾ അസിസ്റ്റൻ്റ്, റഷ്യൻ യാൻഡക്സ്, ആമസൊൺ അലക്സ, ആപ്പിൾ സിരി തുടങ്ങിയവയോട് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്നത് അവരുടെ സ്വകാര്യ ദുഖങ്ങൾ, സംശയങ്ങൾ തുടങ്ങിയ കാര്യങ്ങൾ ആണ് എന്നതാണ് ലേഖനം കണ്ടെത്തുന്നത്. ഉദാഹരണത്തിന് ‘സിരി, ഭയങ്കര ഏകാന്തത അനുഭവപ്പെടുന്നു, എന്തെങ്കിലും പറയൂ’ തുടങ്ങിയ സംഭാഷണങ്ങൾ. ആമസോൺ സ്മാർട്ട് ഡിവൈസുമായി ആളുകൾ നടത്തുന്ന സംസാരങ്ങളിൽ ഭൂരിഭാഗവും യൂടിലിറ്റേറിയൻ സ്വഭാവമുള്ളതല്ല എന്നാണ് കമ്പനി പറയുന്നത്. അതായത് കൂടുതൽ ആളുകളും ഇത്തരം ഉപകരണങ്ങളോടും സംവിധാനങ്ങളോടും സംസാരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നത് തങ്ങളുടെ വൈകരികമായ പ്രതിസന്ധികൾ, സങ്കടം, സന്തോഷം, പ്രണയം, വേദനകൾ തുടങ്ങിയ കാര്യങ്ങളാണ്. ആധുനിക മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട  രസകരമായ ചില ആലോചനകൾ ഇത് വഴിവെക്കുന്നുണ്ട്.

ആധുനികത വിഭാവനം ചെയ്ത ഡിസ്-എഞ്ചാന്റഡ് ആയ, അഥവാ ജിന്ന്, ആത്മാവുകൾ തുടങ്ങിയ അഭൗതിക ശക്തികളുടെ സാന്നിധ്യമില്ലാത്ത ഒരു ശൂന്യമായ, മനുഷ്യന് അവന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിയന്ത്രിക്കുകയും നിർമ്മിക്കുകയും, തകർക്കുകയും എല്ലാം ചെയ്യാവുന്ന ഒരു ലോകത്തേക്കുള്ള എഞ്ചാന്റ്മെന്റുകളുടെ, ബാഹ്യാധികാരങ്ങളുടെ (മറ്റൊരർത്ഥത്തിൽ നമുക്ക് അവയെ ഇൻ്റിമേറ്റ് അതോറിറ്റി/ സ്വകാര്യ അധികാരം എന്ന് വിളിക്കാം) തിരിച്ച് വരാവായിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് , വിർച്വൽ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകളിൽ നടക്കുന്ന വികാസങ്ങളും അവയുമായുള്ള മനുഷ്യന്റെ ബന്ധങ്ങളും വായിക്കാനാവുമോ? ഈ ആലോചനയിൽ ആദ്യം ആധുനികതക്ക് ഏതെങ്കിലും തരത്തിൽ എഞ്ചാന്റഡ് ആയ ലോകത്തെ ഉൾക്കൊള്ളാനാവുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

ആധുനികത, ജ്ഞാനോദയം, നവോത്ഥാനം, യുക്തി ചിന്ത, ഡിസ്-എഞ്ചാന്റ്മെന്റ് തുടങ്ങിയ പദങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെയും അവ കടന്നുപോയ ചരിത്ര സന്ധികളും, ഉൾക്കൊള്ളിക്കുന്ന അർത്ഥ തലങ്ങളും പരിഗണിച്ച് കൊണ്ട് അവയിലേക്ക് ആഴത്തിൽ പ്രവേശിക്കാതെ തൽകാലത്തേക്ക് നമുക്ക് ആവശ്യമുള്ള ചില കാര്യങ്ങൾ മാത്രം പറഞ്ഞ് മുന്നോട്ട് പോവാം എന്നാണ് കരുതുന്നത്. മാക്സ് വെബർ തന്റെ “disenchantment of the world”  മുന്നോട്ട് വെക്കുമ്പോൾ അദ്ദേഹം ഉദ്ധേശിച്ചത് ലളിതമായി പറഞ്ഞാൽ ലോകത്തെ ബാധകളിൽ നിന്ന് ഒഴിപ്പിക്കുക എന്നതായിരുന്നു. അഥവാ അത്രയും കാലം നില നിന്നിരുന്ന മതാത്മകമായ ദൈവം, ഭൂതം, പിശാച്, ജിന്ന് തുടങ്ങി മനുഷ്യന് പിടി തരാത്ത ശക്തികളുമായി ബന്ധപ്പെട്ടുള്ള ലോക ബോധത്തെ ഉപേക്ഷിച്ച് ലോകം ഇത്തരം ബാധകളൊന്നുമില്ലാത്ത മനുഷ്യന് വേണ്ട രീതിയിൽ തീരുമാനിക്കാവുന്ന ഇമ്മാനന്റ് ആയ ഒന്നായി വിഭാവനം ചെയ്യുക എന്നതായിരുന്നു. അതിന് യുക്തിവാദം, മതേതരത്വം, ബ്യൂറൊക്രാറ്റൈസേഷൻ എന്നീ മാർഗ്ഗങ്ങൾ അദ്ദേഹം മുന്നോട്ട് വെച്ചു. അതായത് ആധുനികത പ്രധാനമായും നിലനിൽക്കുന്നത് ലോകം പൂർണ്ണമായും കാര്യ കാരണ ബന്ധങ്ങൾക്ക് അനുസൃതമായി സ്വയം പര്യപതമായിട്ടാണ് എന്ന ആശയത്തിന് പുറത്താണ് എന്ന് കാണാം. അവിടെ ദൈവം, ബാധകൾ, പരലോകം എന്നിവക്കൊന്നും കാര്യമായിട്ട് എന്തെങ്കിലും ചെയ്യാനില്ല. അതോടെ ഈ ലോകത്തിനോ, മനുഷ്യനോ, അവന്റെ ജീവിതത്തിനോ അതിന് പുറത്ത് ഉള്ള അർത്ഥങ്ങളും ലക്ഷ്യങ്ങളും ഇല്ല എന്ന് വരുന്നു. ഇതിനെല്ലാം എന്തെങ്കിലും അർത്ഥങ്ങൾ വേണം എന്നുണ്ടെങ്കിൽ അത് അവൻ തന്നെ സ്വയം കണ്ടെത്തുകയോ രാജ്യം, സമൂഹം പോലുള്ള സ്ഥാപനങ്ങൾ അവന് നിർണ്ണയിച്ച് നൽകുകയോ വേണം.

ഇതിന്റെ തുടർച്ചയായിട്ടാണ് ആധുനിക ദേശ രാഷ്ട്രങ്ങളെ കാണേണ്ടത്. ദേശ രാഷ്ട്രങ്ങൾ പൗരന്റെ ജീവിതത്തിനും അവൻ ജീവിക്കുന്ന സമയത്തിനും സ്ഥലത്തിനും അർത്ഥം നൽകുന്ന ഏജ
ഏജൻ്റ്  കൂടെ ആയിട്ടാണ് സ്വയം മനസ്സിലാക്കുന്നത്. ഭരണകൂടെത്തെ സംബന്ധിച്ചിടത്തോളം പൗരന്മാരെല്ലാവരും ജീവിക്കുന്നത് ഒരുപേലെയുള്ള ശൂന്യമായ സമയത്തിലും സ്ഥലത്തിലുമാണ് . അത് കൊണ്ട് തന്നെ ഭരണകൂടത്തിന് വേണ്ട രീതിയിൽ നിയമങ്ങൾ കൊണ്ടു വരികയും പൗരന്റെ ജീവിതം നിയന്ത്രിക്കുകയും ചെയ്യാം. രാജ്യത്തിന്റെ പുരോഗതിക്കായി സ്ഥലം ഏറ്റടുക്കുകയും ഭരണകൂടത്തിന് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുകയുമെല്ലാം ആവാം.  കാരണം മനുഷ്യന്റെ ജീവിതത്തിൻ അർത്ഥം ഉണ്ടാകുകയും പുരോഗതി ഉണ്ടാകുകയും ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം നിർണ്ണയിക്കുന്നത് രാജ്യവും ഭരണകൂടവും തന്നെയാണ്. ഇത്തരം ആധുനിക ദേശ രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധി എന്നത് അതിനകത്ത് ജീവിക്കുന്ന മനുഷ്യർ തന്നെയാണ്. കാരണം ഭരണകൂടം നിർണ്ണയിച്ച് നൽകിയ സമയത്തിനകത്തോ, സ്ഥലത്തിനകത്തോ, അർത്ഥങ്ങൾക്കകത്തോ ഒതുങ്ങി ജീവിക്കൻ മനുഷ്യനെക്കൊണ്ട് പറ്റില്ല. അവിടെയാണ് ഭരണകൂടങ്ങൾക്ക് തുടർച്ചയായി തങ്ങളുടെ തന്നെ പൗരന്മാരെ നിരീക്ഷിക്കുകയും, ശിക്ഷിക്കുകയും അച്ചടക്കം പഠിപ്പിക്കുകയും ചെയ്യുന്ന പോലീസ് സംവിധാനങ്ങളെല്ലാം ആവശ്യമായി വരുന്നത്.

ഇങ്ങനെ അർത്ഥങ്ങളില്ലാത്ത, അല്ലെങ്കിൽ മനുഷ്യൻ കല്പിച്ച് നൽകുന്ന അർത്ഥങ്ങൾ മാത്രമുള്ള ലോകത്ത്, ആധുനികതക്കകത്ത് എഞ്ചാന്റഡായ, മാജിക്കലായ ലോകത്തിന്റെ, ഒരു തരം ‘യുക്തിപരമായ ഇന്ദ്രജാലത്തിന്റെ’ നിലനിൽപ്പിന് സാധ്യതയുണ്ടോ? മികായെൽ സാലർ ഇങ്ങനെ ആധുനിക ലോകത്തെ ഡിസ്-എഞ്ചാന്റഡ് ഭാവനകളുടെ സാധ്യതകളെ അന്വേഷിക്കുന്നുണ്ട്. സൂപ്പർ ഹീറോ മൂവികൾ പോലെ അതി മാനുഷിക ഭാവനകൾ എങ്ങിനെയാണ് ആധുനിക ലോകത്ത് സാധ്യതമാകുന്നത് എന്ന് ആലോചിച്ച് നോക്കൂ. ഇവിടെ സാധ്യമായ ഒരു വഴി എന്നത് വൈരുധ്യ ഭാവന (ironic imagination) ആണ് എന്നാണ് സാലെർ പറയുന്നത്. അതായത് അമാനുഷികമായ ഭാവനകൾ നിങ്ങളുടെ യുക്തിയെ വഞ്ചിക്കാത്ത രീതിയിൽ അവ വാസ്തവത്തിൽ ഇല്ലാത്തതാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ അവയുടെ ഭവനാത്മകമായ ഘടകത്തെ ആസ്വദിക്കുക. അതായത് ഇതൊന്നും സംഭവിക്കുന്നതല്ല എന്ന് നിങ്ങളുടെ യുക്തിയെ ആദ്യം തന്നെ വിശ്വസിപ്പിക്കുന്നു. തുടർന്ന് സംഭവിക്കുന്നതായി ഭാവിക്കുന്നു. ഇവിടെ യുക്തിയെ ഉപേക്ഷിക്കാതെത്തന്നെ അയുക്തമായ കാര്യങ്ങളെ നിങ്ങൾ ആസ്വദിക്കാനാവുന്നു. വിശ്വസിക്കുന്നതായി നടിക്കുക മാത്രമെ നിങ്ങൾ ചെയ്യുന്നൊള്ളൂ. വിറ്റൻസ്റ്റൈന്റെ ഡിസ്-എഞ്ചാന്റഡ് എഞ്ചാന്റ്മെന്റും നീഷേയുടെ ബോധപൂർവ്വം നിയന്ത്രിതമായ ഇല്ല്യൂഷനും ഇത്തരം ഭാവനകളെയാണ് സ്പർശിക്കുന്നത്.      

എ ഐ സാങ്കേതികവിദ്യയെ ഈ തരത്തിൽ മനസ്സിലാക്കാനാവുമോ എന്ന് പരിശോധിക്കാം. ഡ്യൂപ്ളക്സ് പരിചയപ്പെടുത്തിക്കൊണ്ട് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചായി പറഞ്ഞത് ഒരു യഥാർത്ഥ മനുഷ്യനെപ്പോലെ സംസാരത്തിലെ സൂക്ഷ്‌മമായ വ്യതിയാനങ്ങൾ പോലും മനസ്സിലാക്കി അതിനനുസരിച്ച് മറുപടി പറയാൻ ഈ സംവിധാനത്തിനാവും എന്നാണ്. വിർച്വൽ, ഓഗ്മെൻ്റഡ് റിയാലിറ്റിയുടെ കാര്യത്തിൽ ശരിക്കുമുള്ള സ്ഥലങ്ങൾ പുതിയ മാനങ്ങൾ നൽകുകയാണ് സാങ്കേതിക വിദ്യ ചെയ്യുന്നത്. അതായത് നമുക്ക് കാണുകയും നിയന്ത്രിക്കുകയും ചെയ്യാവുന്ന സ്ഥലത്തിൽ നിന്നും വിഭിന്നമായ ഒരു പുതിയ ലോകം തന്നെ സൃഷ്ടിക്കാൻ വിർച്വൽ റിയാലിറ്റിക്കാവും. സ്ഥലം (space) എന്ന ആധുനിക ഭരണകൂടത്തിന്റെ അധികാരത്തിന് കീഴിൽ വരുന്ന ലോകത്തിനപ്പുറത്ത് പുതിയ അനുഭവങ്ങൾ നൽകാനും യഥാർത്ഥത്തിൽ ഇല്ലാത്ത, ഡിസ്-എഞ്ചാന്റഡ് ആയ ലോകത്ത് നിലനിൽപ്പില്ലാത്ത, സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കാത്ത അവസരത്തിൽ കാണാനോ അനുഭവിക്കാനൊ കഴിയാത്ത എന്നാൽ യഥാർത്ഥത്തിൽ തന്നെ ഉള്ള സ്ഥലവും, മനുഷ്യരുമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും, വിർച്വൽ/ഓഗ്മെന്റഡ് റിയാലിറ്റിയും അവതരിപ്പിക്കുന്നത്. ഇവിടെ  സാലെർ പറയുന്നത് പോലെ യഥാർത്ഥത്തിൽ ഇല്ലാത്ത ഒന്നിനെ നാം ഉണ്ട് എന്ന് ഭാവിക്കുക അല്ല ചെയ്യുന്നത്, മറിച്ച് യഥാർത്ഥത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെ മറുപേടി പറയേണ്ടിവരും ഇവയുടെ കാര്യത്തിൽ. എന്നാൽ ഡ്യൂപ്ലെക്സിൽ ഫോൺ വിളിക്കുന്നത് യഥാർത്ത മനുഷ്യനാണോ എന്ന് ചോദിച്ചാൽ അല്ല എന്നും മറുപടി പറയേണ്ടി വരും. ഒരേ സമയവും യാഥാർത്ഥവും അയഥാർത്ഥവുമായ ഒരു പാരഡോക്സിക്കൽ എന്റിറ്റിയെ ആണോ ആർട്ടിഫിഷ്യൽ ഇന്റലിജൻസും വിർച്വൽ റിയാലിറ്റിയും അവതരിപ്പിക്കുന്നത്?

മതാത്മകമായ, എഞ്ചാന്റഡ് ആയ ലോകത്ത് ജിന്ന്, ആത്മാക്കാൾ തുടങ്ങിയ സാധ്യതകൾ മനുഷ്യന് നൽകുന്ന ‘സ്വകാര്യ അധികാരം’ എന്ന സാധ്യത ആവാം ആധുനിക മനുഷ്യന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്നത്. തങ്ങളുടെ സ്വകാര്യതകൾ പങ്ക് വെക്കാൻ മനുഷ്യൻ കൂടുതലായി ഇത്തരം സംവിധാനങ്ങളിലേക്ക് തിരിയുന്നത് ഈ ഒരു സാധ്യതയിലേക്കാണ് സൂചന നൽകുന്നത്. ആധുനിക നിയമ സംവിധാനങ്ങൾക്ക് അപ്രാപ്യമായ രീതിയിൽ കൂടുതൽ വ്യക്തിനിഷ്ഠമായ മറുപടികൾ നൽകുന്ന അയഞ്ഞ സംവിധാനം എന്ന സൗകര്യം കൂടി എ ഐ നൽകുന്നു എന്ന് കാണാം. ഓരോ സമയത്തിനനുസരിച്ചും, വ്യക്തികൾക്കനുസരിച്ചും അനുയോജ്യമായ മറുപടികൾ നൽകാൻ ഇത്തരം സംവിധാനങ്ങൾക്കാവുന്നുണ്ട്. ഇവിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളെ എങ്ങനെയാവും ഭരണകൂടം നിയന്ത്രിക്കുക എന്ന ചോദ്യം ബക്കിയുണ്ട്. ഭരണകൂടത്തിന്റെയും നിർമ്മിക്കുന്ന കമ്പനികളുടെയും ശക്തമായ നിരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇത്തരം സംവിധാനങ്ങൾക്ക് എങ്ങനെയാണ് ആധുനിക അധികാര സംവിധാനങ്ങളിൽ നിന്ന് കുതറി മാറാനാവുക? കഴിഞ്ഞ വർഷം ഫേസ്ബുക്കുമായി ബന്ധപ്പെട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്ത് നിന്നും വന്ന ഒരു വാർത്തയിലേക്ക് പോവാം. ഫേസ്ബുക്ക് തങ്ങളുടെ എ ഐ പ്രൊജക്റ്റിന്റെ ഭാഗമായ റോബോട്ടുകളുടെ പ്രവർത്തനം നിർത്തിവെച്ചു എന്നായിരുന്നു അത്. അവ സ്വന്തമായി ഭാഷ രൂപപ്പെടുത്തുകയും മനുഷ്യർക്ക് മനസ്സിലാവാത്ത രീതിയിൽ ആശയ കൈമാറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ്  അതിന് ഫേസ്‌ബുക്ക് പറഞ്ഞ കാരണം. ഈ വാർത്ത ചില രസകരമായ ആലോചനകൾക്ക് വഴിവെക്കുന്നുണ്ട്. എഞ്ചാന്റഡായ ലോകം ആധുനിക മനുഷ്യന് മുന്നിൽ ഉയർത്തിയ ഏറ്റവും വലിയ പ്രതിസന്ധി എന്നത് ആത്മാക്കളും, ജിന്നുകളും, ദൈവം തന്നെയും മനുഷ്യന്റെ അധികാരത്തെ വെല്ലുവിളിക്കുന്നു എന്നതാണ്. മനുഷ്യന് കീഴൊതുങ്ങാത്ത ഒരു അധികാര ശക്തി ആത്യന്തികമായി മനുഷ്യന്റെ സ്വയം നിർണ്ണയിക്കാനുള്ള അധികാരത്തിന് കൂടി വെല്ലുവിളിയാണ്. അത് കൊണ്ട് ആധുനിക മനുഷ്യന്റെ നിലനിൽപ്പിന് ഇത്തെരം എല്ലാ ശക്തികളുടെയും ഇല്ലായ്മ ഒഴിച്ചുകൂടാനാവാത്തതാണ്. ഫേസ്ബുക്ക് എ ഐ വാർത്ത പ്രസക്തമാവുന്നത് ഈ ഒരു സാഹചര്യത്തിൽ കൂടിയാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച മനുഷ്യന്റെ തന്നെ അന്ത്യമായേക്കും എന്നാണ് സ്റ്റീഫൻ ഹോക്കിൻസ് പറഞ്ഞത്. മനുഷ്യന്റെ കഴിവിനും നിയന്ത്രണാധികാരത്തിനും അപ്പുറത്തേക്ക് വളരാൻ സാധ്യതയുള്ള ഈ സാങ്കേതിക വിദ്യ ആധുനിക മനുഷ്യൻ എന്ന ആശയത്തിന് തന്നെ  പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ആധുനിക ഭരണകൂടങ്ങളുടെ അധികാര പരിതിയിൽ നിന്നും കുതറി മാറുന്ന മറ്റൊരു എഞ്ചാന്റഡായ ലോകത്തിലേക്കാവുമോ ആർട്ടിഫിഷൽ ഇൻ്റലിജൻസും, വിര്‍ച്ച്വല്‍ റിയാലിറ്റിയുമെല്ലാം നമ്മെ എത്തിക്കുക? ഈ ഓരു ചോദ്യത്തിലേക്ക് കടക്കാൻ നമുക്ക് മറ്റൊരു സാധ്യത കൂടെ പരിഗണിക്കാം. ഗൂഗിൾ ഡ്യൂപ്ളക്സ് വ്യാപകമാവുന്ന ഒരു സമയത്തെക്കുറിച്ച് സങ്കലിപിച്ച് നോക്കാം. നിങ്ങൾ സംസാരിക്കുന്നത്, സംസാരിച്ച് വെച്ചത് ഒരു യഥാർത്ഥ മനുഷ്യനോടാണൊ അതോ അങ്ങനെ ഒരു അസ്‌തിത്വം ഇല്ലാത്ത മെഷീനോടാണൊ എന്ന് സംശയിക്കേണ്ട അവസ്ഥ വന്നാൽ എന്തായിരിക്കും സ്ഥിതി? അത് പോലെ നിങ്ങളുടെ തൊട്ടടുത്ത് ഇരിക്കുന്ന ഒരാൾക്ക് അനുഭവിക്കാനാവാത്ത ഒരു സ്ഥലത്തെ അനുഭവങ്ങളാണ് വിര്‍ച്ച്വല്‍/ഓഗ്മെൻ്റഡ് റിയാലിറ്റിയിലൂടെ നിങ്ങൾക്കുണ്ടായത് എന്ന് വെക്കൂ. യാഥാർത്ഥ്യവും ഭാവനയും കുഴഞ്ഞ് മറിഞ്ഞ ആ ഒരു ‘എഞ്ചാൻ്റഡ് ആയ യാഥർത്ഥ്യത്തെ’ എങ്ങനെയാവും നമ്മൾ മനസ്സിലാക്കുക? ഇപ്പോൾ ആലോചിക്കുമ്പോൾ ഫാന്റസി ആയും ഒന്നിനെക്കുറിച്ചും ഉറച്ച് വിശ്വസിക്കാൻ പറ്റാത്ത തികച്ചും ഭ്രാന്തമായ ഒരവസ്ഥ ആയും തോന്നുന്നില്ലേ. എഞ്ചാന്റ്മെന്റിനെക്കുറിച്ചും ഫാന്റസിയെക്കുറിച്ചുമുള്ള ആധുനികമായ എല്ലാ ആലോചനകളിലും ഡിലൈറ്റിൽ (ആനന്ദം നൽകുന്നത്) മാത്രം ഊന്നാനും ഡെല്യൂഷണൽ ആയതിനെ വേർതിരിച്ച് നിർത്താനും ശ്രമങൾ നടത്തുന്നുണ്ട്. എന്നൽ അത്തരം ഡെല്യൂഷണൽ ആയ ഒരു അവസ്ഥയിലേക്ക് തന്നെ അല്ലെ ഈ സംവിധാനങ്ങൾ നയിക്കുക? അങ്ങനെ വന്നാൽ മനുഷ്യന്റെ തന്നെ ഉന്മൂലനം നടന്നില്ല എങ്കിലും ആധുനിക മനുഷ്യൻ എന്ന നിർമ്മിതിക്ക് വെല്ലുവിളി ആവും എന്നതിൽ സംശയമില്ല.

ആധുനികതയുടെ യുക്തിയിൽ നിന്നും അധികാരത്തിൽ നിന്നും  പുറത്ത് കടക്കാൻ ഫൂക്കൊ കണ്ടെത്തുന്ന ഒരു സാധ്യത ഉന്മാദാവസ്ഥയാണ് എന്ന് കാണാം. അത്കൊണ്ട് കൊണ്ട് തന്നെ ഉന്മാദത്തെ ആധുനിക അധികാര സംവിധാനങ്ങൾ പല രീതിയിൽ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്ന് ഫൂക്കോ നിരീക്ഷിച്ചു. ആനന്ദ് തഹേജ ജിന്നിയോളജിയിൽ മറ്റൊരു സാധ്യതയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. അതായത് എഞ്ചാന്റഡായ ലോകത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ആളുകളെ പല രീതിയിൽ ആധുനിക ഭരണകൂടത്തിന്റെ അധികാര സംവിധാനങ്ങളെ അതിലംഘിക്കാനും വ്യത്യസ്തമായ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ജീവിതങ്ങൾ സാധ്യമാക്കാനും പ്രാപ്തരാക്കുന്നു എന്ന് ഡെൽഹിയിലെ ഫിറോസ് ഷാ കോട്ട്ലയിലെ ജിന്ന് മഖ്ബറക്ക് ചുറ്റും ജീവിക്കുന്ന മനുഷ്യരുമായുള്ള സമ്പർക്കം അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രകൃതിയിലെ പാമ്പ്, പക്ഷികൾ തുടങ്ങിയ ജീവികളെല്ലാം അവയുടെ രൂപത്തിൽ വരുന്ന ജിന്നുകളാവാം എന്നും അത്കൊണ്ട് തന്നെ അവയെ ഉപദ്രവിക്കാൻ പാടില്ല എന്നും അവിടെയുള്ള മനുഷ്യർ വിശ്വസിക്കുന്നുണ്ട്. ജീവനില്ലാത്തതും, അർത്ഥമില്ലാത്തതും എന്ന് ആധുനികത കാണുന്ന വസ്തുക്കളെ അർത്ഥങ്ങൾ നിറഞ്ഞതും സജീവവും ആയിട്ടാണ് ഈ മനുഷ്യർ കാണുന്നതും അവയോട് പെരുമാറുന്നതും എന്ന് താനേജ നിരീക്ഷിക്കുന്നു. അത് കൊണ്ട് തന്നെ എഞ്ചാൻ്റഡ് ആയ ലോകത്തിലേക്ക് ജിന്നുകളും ആത്മാക്കളും നിറഞ്ഞ ലോകത്തെ തിരിച്ചു വിളിക്കുന്നത് ഫുക്കോ തേടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമായേക്കാം. ഇവിടെ ഞാൻ ആലോചിക്കുന്നത് മതാത്മക മനുഷ്യന്റെ പല സാധ്യതകളും നഷ്ടമായ ആധുനിക മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ജിന്നുകളാവുമൊ ആർട്ടിഫിഷ്യൽ ഇന്റലിജൻസും വിർച്വൽ റിയാലിറ്റിയുമെല്ലാം എന്നാണ്. അങ്ങനെ എങ്കിൽ ഇവിയെ മനസ്സിലാക്കാൻ ആധുനിക സംവിധാനങ്ങൾക്ക് മതങ്ങളുടെ സഹായം തന്നെ വേണ്ടി വരില്ലെ?
   
ഇങ്ങനെ ഓരോന്ന് ആലോചിച്ച് അന്തം വിട്ടിരിക്കുന്നതിനിടയിലാണ് മഅദിൻ അക്കാദമിക്ക് കീഴിൽ കോഴിക്കോട് വെച്ച് അന്താരാഷ്ട്ര ഇബ്ന് ബത്തൂത്ത കോൺഫറൻസ് വരുന്നത്. കോൺഫറൻസിലെ കീനോട്ട് സ്പീക്കേസിൽ ഒരാളായ ഇറ്റലിയിലെ പർമ യൂണിവേഴ്സിറ്റിയിലെ അസിസ്റ്ററ്റ് പ്രൊഫസർ മാർക്കോ വെന്തൂരയുടെ ഗവേഷണം ആർട്ടിഫിഷൽ ഇന്റലിജൻസും എത്തിക്സുമാണ്. യൂറോപ്യൻ യൂണിയനുമായി ചേർന്ന് ആർട്ടിഫിഷൽ ഇന്റലിജൻസും മനുഷ്യനുമായുള്ള ഇടപാടുകളെ എങ്ങനെ നിയന്ത്രിക്കാം, അതിന്റെ എത്തിക്സ് എങ്ങനെ രൂപപ്പെടുത്താം എന്ന ആലോചനയിൽ മതങ്ങൾക്ക് ഏതെല്ലാം രീതിയിൽ സഹായിക്കാനാവും എന്ന അന്വേഷണമാണ് അദ്ദേഹം കാര്യമായിട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് കോൺഫറൻസ് കഴിഞ്ഞ ശേഷം മഅദിനിൽ വെച്ച് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ ഒരിക്കൽ കൂടെ അദ്ദേഹം തന്റെ ഗവേഷണം വിവരിക്കുകയും സാധ്യമായ ആലോചനകൾ ക്ഷണിക്കുകയും ചെയ്തു. സദസ്സിലുണ്ടായിരുന്ന ഡോക്റ്റർ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട് ഉസ്താദിന്റെ പ്രതികരണം ഈ ആലോചനയിൽ രസകരമായി തോന്നുന്നതാണ്. തിരുനബിയോട് നടന്ന് പോകുമ്പോൾ കല്ലുകളും മരങ്ങളും സലാം ചൊല്ലിയതും, സുലൈമാൻ നബിക്ക് ഉറുമ്പുകളുടെ സംസാരം മനസ്സിലായ കാര്യവുമെല്ലാമാണ് ഉസ്ഥാദ് വിശദീകരിച്ചത്. ആധുനിക മനുഷ്യന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള എഞ്ചാന്റഡ് ആയ ലോകത്തെക്കുറിച്ചുള്ള വിശേഷങ്ങളായി അവയെല്ലാം തന്നെയും. ആർട്ടിഫിഷൽ ഇന്റലിജൻസ് മനുഷ്യനോട് സംസാരിക്കുന്ന ലോകത്തെക്കുറിച്ചുള്ള ആകുലതയിലിരിക്കുന്ന പ്രൊഫസറോട് ഇങ്ങനെ ജിന്നുകളും, കല്ലുകളും ആത്മാക്കാളും ഒക്കെ സംസരിക്കുന്ന ലോകത്ത് ജീവിക്കുന്ന മതവിശ്വാസികൾക്ക് ഗൂഗിൾ ഡ്യുപ്ളെക്സ് മനുഷ്യനോട് സംസാരിക്കുന്നത് പുതുമയുള്ള കാര്യമല്ല എന്നാവുമോ ഉസ്താദ് പറയാൻ ശ്രമിച്ചത്?!


Featured Image: Eddie Kopp
Location: Bonita Springs, United States

Comments are closed.