എൽ അനാത്സുയിയെയും, പെജു ആലാത്തിസേയെയും പോലുള്ള സമകാലിക ആഫ്രിക്കൻ പുരാതന ഫെറ്റിഷ്-സ്കൾപ്ചർ കലാകാരന്മാരുടെ കലാ ചരിത്രം നമുക്ക് എവിടെ നിന്നാണ് ചിന്തിച്ച് തുടങ്ങാൻ സാധിക്കുക? ആഫ്രിക്കൻ സംസ്കാരത്തെയും, കലയെയും നിർണ്ണയിച്ചിരുന്ന ഫെറ്റിഷുകളെയും, ഫെറ്റിഷാനന്തര കലകളെയും കുറിച്ച് നമുക്കെവിടെ മുതലാണ് ചിന്തിക്കാൻ സാധിക്കുക? ഈ രണ്ട് ചോദ്യങ്ങൾ സമകാലിക ആഫ്രിക്കൻ കലയുടെ ചരിത്രത്തെ കുറിച്ച് അന്വേഷിക്കുമ്പോൾ പ്രധാനമാണ്. കാരണം ആഫ്രിക്കൻ ആർട്ടിലെ ‘ഫെറ്റിഷ്’ എന്ന സങ്കൽപ്പത്തിന്റെ സ്വാധീനവും, അതിനെ കുറിച്ച് കോണ്ടിനെന്റൽ ഫിലോസഫിയിൽ നടന്ന സംവാദങ്ങളും, ആഫ്രിക്കൻ ആർട്ടിനെ യൂറോപ്യൻ ആർട്ടിന് മുകളിൽ സ്ഥാപിക്കാനുള്ള അതിന്റെ സാധ്യതകളുമാണ് ഇന്ന് ഡീ കൊളോണിയൽ ആഫ്രിക്കൻ അക്കാദമിക് ‘ഹിസ്റ്ററി ഓഫ് എയ്സ്തെറ്റിക്സിൽ’ ഏറ്റവും പ്രധാനമായി ചർച്ച ചെയ്‌തുകൊണ്ടിരിക്കുന്നത്.

മൂന്ന് ഘട്ടമായി ആഫ്രക്കൻ-യൂറോപ്യൻ കലാ ബന്ധത്തെ നമുക്ക് കാണാവുന്നതാണ്. ഒന്ന്, 1600 മുതൽ 1700 വരെ; രണ്ട്, 1700 മുതൽ 1900 വരെ; മൂന്ന്, 1900 മുതൽ വർത്തമാന കലാ ചിന്ത വരെ. 1600കളിൽ ആദ്യമായി യൂറോപ്യൻ സഞ്ചാരികൾ ആഫ്രിക്കയിൽ കാലുകുത്തിയപ്പോൾ അവർ പ്രകൃതിയെ ആരാധിക്കുന്ന – ഐഡൽസിനെ ആരാധിക്കുന്ന – ഒരു വ്യത്യസ്തമായ ജനതയെയാണ് അവിടെ കണ്ടുമുട്ടിയത്. റെനൈസ്സൻസ് കലാ ബോധം ഉൾകൊണ്ട ആ സഞ്ചാരികൾ ഫെറ്റിഷിനെ (ആരാധിച്ചിരുന്ന ബിംബങ്ങൾ) ഒരു സ്പിരിച്വൽ ഗുഡ് എന്നതിനോടൊപ്പം ആഫ്രിക്കൻ കലയുടെ ഒരു ക്വിന്റെസെൻഷ്യൽ മോഡൽ ആയും കണ്ടു. 1700 വരെയുള്ള യൂറോപ്യരുടെ – പിയെറ്റർ ഡി മാരീസിനെയും, പാലുദാനസിനെയും പോലുള്ളവരുടെ – ആഫ്രിക്കൻ സാഹിത്യങ്ങളിൽ അത്തരം പേഗൻ സംസ്കാരത്തെയും, ഫെറ്റിഷിനെയും കുറിച്ചുള്ള ആഖ്യാനങ്ങൾ വളരെ ഡിസ്ക്രിപ്റ്റീവ് ആയിട്ടാണ് – മാത്രമാണ് – കാണാൻ സാധിക്കുക. എന്നാൽ 1700കളോടെ കാത്തോലിക് മിഷനറിമാരുടെ ആഗമനത്തോട് കൂടെ ആഫ്രിക്കൻ കല എന്ന സങ്കല്പം കൂടുതൽ മതകീയമായി വിലയിരുത്തപ്പെടാൻ തുടങ്ങി. അവിടെ മുതൽ 1900 വരെ – ഫ്രാങ്സ്വാ വോൾട്ടയർ, ഡേവിഡ് ഹ്യൂം, വില്യം എഫ് ഹെഗൽ പോലുള്ള – യൂറോപ്യൻ തത്ത്വചിന്തകരുടെ ഇടയിൽ വലിയ സംവാദങ്ങൾ ആ വിഷയത്തിൽ നടന്നു – എല്ലാം യൂറോകേന്ദ്രിയകൃതമായിരുന്നെങ്കിൽ കൂടി. 1900 മുതൽ ആഫ്രിക്കൻ കല എന്ന ഒരു വ്യവസ്ഥാപിതമായ സങ്കല്പം യൂറോപ്യൻ ചിന്തയിൽ പുതുതായി ഇടം പിടിച്ചു. യൂറോപ്യരുടെ ആഫ്രിക്കൻ സംസ്കാര സങ്കൽപ്പത്തിൽ വന്ന വലിയൊരു മാറ്റമായി ആ ഒരു മൊമെന്റിനെ പല ചിന്തകരും വിലയിരുത്തിയിട്ടുണ്ടെങ്കിലും കാറൽ ആർനോട്ടിനെ പോലുള്ളവർ ആ മാറ്റത്തെ പഴയ കാത്തോലിക് ഫെറ്റിഷ് ചിന്തയുടെ ഒരു തുടർച്ച മാത്രമായിട്ടാണ് മനസ്സിലാക്കുന്നത്.

ഇനി ആഫ്രിക്കൻ കലയുടെ പോസ്റ്റ് കാതോലിക് വ്യാഖ്യാനങ്ങളെ കുറിച്ച് നോക്കാം. ആഫ്രിക്കൻ കലയുടെ പ്രശ്നം – ഹെഗൽ, ഹ്യൂം പോലുള്ള – കാത്തോലിക് ചിന്തകരെ സംബന്ധിച്ചിടത്തോളം മതം എന്ന ഒരു ഓവറോൾ സിസ്റ്റം അവർക്കില്ലാത്തതായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ആഫ്രിക്കക്കാർക്ക് ദൈവത്തെയോ, ദൈവകല്പനയെയോ കുറിച്ച് ഒരു അറിവും ഇല്ലാത്ത കാരണം അവർക്കൊരു മതം അവകാശപ്പെടാൻ ഇല്ലായിരുന്നു. മതം ഇല്ലാത്തവർക്ക് സംസ്കാരവും ഇല്ല എന്നവർ തീരുമാനിച്ചു. അങ്ങനെ സംസ്കാരമില്ലാത്ത ഒരു ജനതക്ക് സാംസ്കാരിക അടയാളമായ ആർട് എന്ന ഒരു കഴിവ് ഉണ്ടാകാൻ പാടില്ല എന്ന് ഒരു കാന്റിയൻ ‘ട്രാൻസെന്റന്റൽ ചിന്ത’ കൊണ്ടവർ വിലയിരുത്തി. കാരണം ആഫ്രിക്കൻ യാത്രികരുടെ വിവരണങ്ങളിൽ നിന്ന് അവർ മനസ്സിലാക്കിയിരുന്നു ആഫ്രിക്കക്കാരുടെ വിശ്വാസത്തെ നിലനിർത്തുന്നത് ഒരുപാട് മിത്തുകളും, പ്രേതകഥകളും, അസുഖങ്ങളെയും, പട്ടിണിയേയും, യുദ്ധങ്ങളെയും കുറിച്ചുള്ള ചിന്തകളുമെല്ലാമാണെന്ന്. റെനൈസ്സൻസ് ചിന്തകരെ സംബന്ധിച്ചിടത്തോളം അത്തരം കാര്യങ്ങൾ അവർക്ക് ചിന്തിക്കാൻ സാധിക്കുന്നതിനും അപ്പുറമുള്ളവയായിരുന്നു. കാരണം ആബ്‌സലൂട്ട് റാഷണാലിറ്റിയുടെ ആന്റി തീസിസ് ആയിരുന്നു ആഫ്രിക്കൻ വിശ്വാസങ്ങൾ. അങ്ങനെ റുഡ്യാർഡ് കിപ്ലിംഗ് പോലുള്ളവർ ആഫ്രിക്കക്കാരെയും ആഫ്രിക്കൻ കലയെയും ഒരു ബാധ്യത ആയി കാണുകയും – മറ്റുള്ളവരെ കാണാൻ പഠിപ്പിക്കുകയും – അവരെ ശുദ്ധീകരിക്കുക യൂറോപ്യരുടെ കടമയാണെന്ന് സ്വയം രക്ഷാകർതൃത്വം കൽപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഒരു ഭൂഖണ്ഡം എന്നതിനപ്പുറം ആഫ്രിക്ക യൂറോപ്യന്റെ ഒരു ‘തിങ്കബിൾ യൂണിറ്റ്’ ആയി രൂപപ്പെട്ടതും ആ പഴയ അക്കാദമിക് ക്ലിഷേ ആയ ഓറിയന്റലിസം ആഫ്രിക്കൻ സംസ്കാരത്തെ വ്യാവഹാരികമായി പുനർ രുപകൽപ്പന ചെയ്യുന്നതും.

വോൾട്ടയറിനെ സംബന്ധിച്ചിടത്തോളം ആഫ്രിക്ക എന്നത് ബീയിംഗും , നോൺ ബീയിംഗും അല്ലാത്ത ഒന്നായിരുന്നു. കാരണം അവരെ സംബന്ധിച്ചിടത്തോളം ആഫ്രിക്ക എന്നത് ഈ പ്രപഞ്ചത്തിലേ പെട്ട ഒന്നല്ലായിരുന്നു. വോൾട്ടയർ പറയുന്നതിങ്ങനെയാണ് “They are incapable of concentrating [….] and it seems as though they are made neither for the advantages nor for disadvantages of our philosophy.” കാരണം വോൾട്ടയറിനെ സംബന്ധച്ചിടത്തോളം ആഫ്രിക്കയെ നിയന്ത്രിച്ചിരുന്ന ഒരു റാഷണൽ റൂൾ ഓഫ് ലോയോ, കോൺട്രാക്‌ടോ ഉണ്ടായിരുന്നില്ല. ആ അർത്ഥത്തിൽ ആഫ്രിക്ക അവർക്ക് പ്രപഞ്ചത്തിൽ പെട്ടതേ ആയിരുന്നില്ല എന്ന് അദ്ദേഹത്തിന് ചിന്തിക്കേണ്ടി വന്നു. മറിച്ച് ആഫ്രിക്കയെ അവർ ഒരു ‘ലോലെസ് വേൾഡ് ഇൻ നോൺ യൂണിവേഴ്‌സ്’ ആയിട്ടാണ് മനസ്സിലാക്കിയത്. 1900ത്തോടെ ഈ ചിന്ത രണ്ടു വ്യത്യസ്ത ചിന്തകളായി വളർന്നു വന്നു. ഒന്ന്, നിയമമില്ലായ്മ എന്നത് ഒരു ഇന്റർ-പേഴ്‌സണൽ സ്വഭാവമാണെന്നും അതിനാൽ അത് ആഫ്രിക്കയുടെ സാമൂഹ്യ ഘടനയാണെന്നും, രണ്ട്, ആഫ്രിക്കക്കാരന് പ്രപഞ്ചം പ്രകൃതി നിയമങ്ങളാൽ പ്രവർത്തിക്കുന്നതാണെന്ന് മനസ്സിലാക്കൽ അസാധ്യമായ കാര്യമാണെന്നും. ഇവിടെ നിന്നാണ് ഹെഗൽ ആഫ്രിക്കൻ സാമൂഹികതയെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ ചിന്തകൾ ഉയർത്തിക്കൊണ്ടുവരുന്നത്.

1822-1831 കാലഘട്ടത്തിൽ നടന്ന ഹെഗലിന്റെ ‘ Lectures on the Philosophy of History‘ യിൽ രണ്ട് പ്രധാന സങ്കല്പങ്ങളാണ് ആഫ്രിക്കയെ കുറിച്ച് പ്രതിപാദിക്കുന്നത്. ഒന്ന് , നിയമങ്ങളില്ലായ്മ ഒരു ഇന്റർ സബ്ജക്റ്റീവ് ആക്ട് ആയത് കാരണം കൊണ്ട് തന്നെ ആഫ്രിക്കക്കാർക്കിടയിൽ ‘മൊറാലിറ്റി’ എന്നത് ഒരു പരിപൂർണ്ണ അസാന്നിദ്ധ്യമാണ് എന്നതാണ്. കാരണം ഹെഗലിനെ സംബന്ധിച്ചിടത്തോളം നിയമങ്ങളില്ലാതെ ഒരു ‘മൊറാലിറ്റി’യും പ്രവർത്തിക്കില്ല. അത് ഡയലറ്റിക്സിനെ പരിഹരിക്കുന്ന ‘ആബ്‌സലൂട്ട് ട്രൂത്’ ആയ സ്റ്റേറ്റ് നിയമങ്ങളുടെ, ഹെഗലിന്റെ ഒരു ആഫ്രിക്കൻ വേർഷൻ മാത്രമായിരുന്നു. രണ്ട്, ആഫ്രിക്കക്കാർക്ക് – ദൈവം, നീതി, നിയമം പോലുള്ള കാര്യങ്ങളിൽ – ഒരു സബ്സ്റ്റൻഷ്യൽ ഒബ്ജക്റ്റിവിറ്റി ഇല്ല എന്നതായിരുന്നു. അതനുസരിച്ച് ഹെഗലിനെ സംബന്ധിച്ചിടത്തോളം “ആഫ്രക്കിക്കക്കാർ ചരിത്ര ബോധമില്ലാത്തവരും, പ്രവചിക്കാൻ കഴിയാത്ത രൂപത്തിലുള്ള ‘റാൻഡം ആക്ടിവിറ്റികളിൽ’ മാത്രം ഏർപ്പെടുന്നവരും” ആയിരുന്നു. എന്നാൽ എന്തുകൊണ്ടായിരിക്കും ഹെഗൽ ആഫ്രിക്കക്കാരുടെ നിയമമില്ലാത്ത മൊറാലിറ്റിയെയും, റാൻഡം ആയ സെൽഫ് മേക്കിങിനെയും ഭയപ്പെടുന്നത്?

ഹെഗലിനെ കുഴക്കിയ ചോദ്യം ഇതായിരുന്നു. “എങ്ങനെയാണ് ആൺ പ്രെഡിക്റ്റബിൾ ആയ ഒരു കാര്യത്തെ പ്രെഡിക്ട് ചെയ്യുക? അൺ ഹിസ്റ്റോറിക്കൽ ആയ ഒരു യാഥാർത്ഥ്യത്തെ ഹിസ്റ്റോറിസൈസ് ചെയ്യുക? ഇമ്മോറൽ ആയ ഒന്നിനെ മോറൽ ആക്കുക?” ഇതിനെയെല്ലാം ചുരുക്കി ഇങ്ങനെ വായിക്കാം “എങ്ങനെയാണ് യുക്തിക്കനുസൃതമായി ചിന്തിക്കാൻ സാധിക്കാത്തതിനെ കുറിച്ച് ചിന്തിക്കുക?” കാരണം ഹെഗലിന് മുന്നിൽ ആഫ്രിക്കൻ സംസ്കാരം ഒരു അവ്യക്തതയാണ് തീർത്തത്. അവരുടെ റാഡിക്കൽ ഡിവൈനിറ്റിയിൽ ഹെഗലിന് അവർ ആരാധിച്ചിരുന്ന ദൈവത്തിനും, ആ ദൈവത്തിനെ ആരാധിക്കാൻ അവർ ഉപയോഗിച്ചിരുന്ന വസ്‌തുക്കളും തമ്മിൽ വേർതിരിക്കാൻ സാധിക്കുമായിരുന്നില്ല. കാരണം അത്രയും എംബോഡീഡ് ആയ ഒരു വിശ്വാസ സംസ്കാരമാണ് ആഫ്രിക്കൻ ഗോൾഡ് കോസ്റ്റിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഒരു നിർവചനത്തിന്റെയും, റാഷണൽ സ്പെക്കുലേറ്റീവ് ഫ്രെയിംവർക്കിന്റെയും ഉള്ളിൽ ഒതുക്കാൻ കഴിയാത്ത ആഫ്രിക്കൻ സംസ്കാരത്തെയും, വിശ്വാസത്തെയും ഹെഗൽ തന്റെ നെഗേഷൻ ഉപയോഗിച്ചാണ് ചിന്തിക്കാൻ ശ്രമിച്ചത്. അപ്പോൾ ഹെഗലിനെ സംബന്ധിച്ചിടത്തോളം ആഫ്രിക്കൻ സെൽഫ് മേക്കിങ് എന്നത് ഒരു ‘നോൺ റിലീജിയസ് റിലീജിയൻ’ അല്ലെങ്കിൽ ‘നോൺ കൾച്ചറൽ കൾച്ചർ’ ആയിരുന്നു. ഇവിടെ നിന്നാണ് ഹെഗൽ ആഫ്രിക്കൻ ആർട്ടിനെ കുറിച്ചുള്ള അദ്ദേഹത്തിൻറെ സിദ്ധാന്തങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്.

ഹെഗലിന്റെ ആഫ്രിക്കൻ കലാ സങ്കൽപ്പങ്ങളെ – പരിമിതികളെ – നമുക്ക് പത്ത് ആക്‌സിയങ്ങളായി ചുരുക്കാം (വാക്കുകളിൽ):

ഒന്ന്, ആഫ്രിക്കൻ കലയിൽ മനുഷ്യനും അവന്റെ ലോകവും തമ്മിൽ ‘ഡിസ്റ്റൻസ് ഓഫ് ഒബ്ജക്റ്റിവിറ്റി’ ഇല്ലാത്ത കാരണം കൊണ്ട് ആഫ്രിക്കൻ കലയിൽ, ആർട്ടിനെ ആസ്വാദകന് അവന് പുറത്തുള്ള ഒന്നായി കാണാൻ സാധിക്കുകയില്ല.

രണ്ട്, ആഫ്രിക്കൻ ആർട്ടുകൾ തെറ്റ്, ശരി, യുക്തിഭദ്രത എന്നീ നിയമങ്ങൾ ബാധിക്കാത്ത പ്യുവറായ ഇമാജിനേറ്റീവ്, കൺസപ്ച്വൽ ലോകത്താണ് നിലനിൽക്കുന്നത്. മറിച്ച് അതിൽ എമ്പരിക്കലായ ഒരംശവുമില്ല. അതിൽ കറക്ഷനും, വെരിഫിക്കേഷനും ഇല്ല. വെറുതെ ലക്ഷ്യമില്ലാത്ത ഒരു പ്രവർത്തനമാണത്.

മൂന്ന്, ആഫ്രിക്കൻ കലകൾ യുക്തിയനുസൃതമായി ‘നിർമ്മിക്ക’പ്പെട്ടവയല്ല. മറിച്ച് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തവയാണ്. ആഫ്രിക്കക്കാരുടെ അന്ധമായ വിശ്വാസം മാത്രമാണ് അതിനെ സാധ്യമാക്കുന്നത്. അതിനാൽ തന്നെ ആഫ്രിക്കൻ കലകൾ ‘റിയലിസത്തിന്’ എതിരാണ്.

നാല്, ആഫ്രിക്കക്കാരെ സംബന്ധിച്ചിടത്തോളം – കലയടക്കമുള്ള – അവരുടെ ലോകം (മാർട്ടിൻ ഹെഡ്ഗറുടെ ‘ലോകം’ എന്ന അർത്ഥത്തിൽ) അവരിൽ തന്നെ ഇമ്മാനന്റ് ആയ ഒന്നാണ്. അവർക്കിടയിൽ സബ്ജക്ട്-ഒബ്ജക്ട് ബൈനറി നിലനിൽക്കുന്നില്ല.

അഞ്ച്, ആഫ്രിക്കൻ വേൾഡ് വ്യൂ ഇമ്മാനന്റ് ആയതിനാൽ തന്നെ അവരെ സംബന്ധിച്ചിടത്തോളം കോസിനും എഫക്ടിനുമിടയിൽ, ഇന്റൻഷനും ആക്ഷനുമിടയിൽ, കൺസപ്റ്റിനും റിയാലിറ്റിക്കുമിടയിൽ വ്യത്യാസങ്ങളില്ല.

ആറ്, ആഫ്രിക്കൻ ആർട് ഒന്നിനെയും ‘പ്രതിനിധാനം’ ചെയ്യുന്നില്ല. മറിച്ച് അത് അതിൽ തന്നെ അവസാനിക്കുന്ന സ്വയം ഒരു ബീയിംഗ് ആണ്.

ഏഴ്, ആഫ്രിക്കൻ ആർട് നോൺ ഹിസ്റ്റോറിക്കൽ ആണ്. കാരണം അതിന്റെ ഉള്ളടക്കങ്ങൾക്ക് ചരിത്രമായി റിയൽ ആയ ഒരു ബന്ധമില്ല. മറിച്ച് ഭാവിയിൽ ഉണ്ടാകാൻ സാധ്യത മാത്രമുള്ള കാര്യങ്ങളാണ് ആഫ്രിക്കൻ ആർടിന്റെ മുഖമുദ്ര. ആഫ്രിക്കൻ ആർട് ഒരു യുട്ടോപ്യൻ ലോകത്തെയാണ് സങ്കൽപ്പിക്കുന്നത്.

എട്ട്, ആഫ്രിക്കൻ ആർട്ടുകൾ ഐഡിയോസിൻക്രാറ്റിക് (ഉള്ളിൽ ഒരു അർത്ഥമുള്ളവ) ആയ ഒന്നല്ല. മറിച്ച് ഉപരിതലം മാത്രമുള്ളവയാണ് അവ.

ഒമ്പത്, ആഫ്രിക്കൻ ആർട് യൂണിവേഴ്സൽ ആയ ഒരു സങ്കല്പത്തെയും ആവിഷ്കരിച്ചിരുന്നില്ല. മറിച്ച് അവരുടെ ചെറിയൊരു കൂട്ടത്തിന്റെ ‘നിലവാരം കുറഞ്ഞ’ സ്വപ്നങ്ങളെ മാത്രമാണ് അവ പ്രധിനിതീകരിച്ചിരുന്നത്.

പത്ത്, ആഫ്രിക്കൻ കലക്ക് ഒരു എയ്സ്തറ്റിക് ആറ്റിറ്റ്യൂഡ് ഉണ്ടായിരുന്നില്ല. റിഫ്ളക്ഷൻ, മൂഡ്, ഇമിറ്റേഷൻ, ഇന്റൻഷനാലിറ്റി മുതലായ കാര്യങ്ങളൊന്നും ആഫ്രിക്കൻ കലക്ക് ഇല്ലാത്തതിനാൽ അതിന് ഒരു സൗന്ദര്യാത്മക മൂല്യവും ഇല്ല.

ഇത്രയുമാണ് ഹെഗൽ ആഫ്രിക്കൻ ആർട്ടിനെ കുറിച്ച് സൈദ്ധാന്തിച്ചിട്ടുള്ളത്. ഹെഗൽ ഈ ചിന്തകൾ രൂപീകരിക്കുന്നത് ജർമനിയിൽ റെനൈസ്സൻസ്-റൊമാന്റിക് എയ്സ്തറ്റിക്സ് കൊടികുത്തി വാണിരുന്ന 18ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 19ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ്. റെനൈസ്സൻസ് ആർട്ടുകൾ ഒരു അർത്ഥത്തെ സൂചിപ്പിച്ചുകൊണ്ടുള്ളവയായിരുന്നു. അതിനാൽ തന്നെ അതിന് അകം/പുറം, കോസ്-എഫക്ട്, ഇമിറ്റേഷൻ, പ്രധിനിതീകരണം, യൂണിവേഴ്സലിറ്റി തുടങ്ങിയ ആഫ്രിക്കൻ ആർട്ടിന്റെ നേർ വിപരീതമായ എല്ലാ ഗുണങ്ങളും ഉണ്ടായിരുന്നു. അല്ലെങ്കിൽ റെനൈസ്സൻസ് ആർട്ടിന്റെ ഗുണങ്ങളുടെ ‘ഇല്ലായ്മയാണ്’ ആഫ്രിക്കൻ ആർട്ടിനെ ഒരു നോൺ ആർട്ടോ, ആന്റി ആർട്ടോ, മെറ്റാ ആർട്ടോ ആയി കാണാൻ ഹെഗലിനെ പ്രേരിപ്പിച്ചത്.

എന്നാൽ 20ആം നൂറ്റാണ്ടിലെ പോസ്റ്റ് ഹെഗലിയൻ യൂറോപ്യൻ ഫിലോസഫിയിലും, എയ്സ്തറ്റിക്സിലും വന്ന എല്ലാ മാറ്റങ്ങളും നമുക്ക് ഹെഗലിന്റെ ആ പഴയ നോൺ ആർട്ടിസ്റ്റിക് ആഫ്രിക്കൻ ആർട്ടിൽ കാണാൻ സാധിക്കുമെങ്കിലോ? ബെനഡിക്‌ടോ ക്രോഷേക്കും, ജിൽസ് ദിൽയൂസിനും ശേഷമുള്ള യൂറോപ്യൻ കോണ്ടിനെന്റൽ എയ്സ്തറ്റിക്സിന്റെയും, മെറ്റാ ഫിസിക്സിന്റെയും എല്ലാ ഗുണങ്ങളും നമുക്ക് ആഫ്രിക്കൻ ആർട്ടിൽ കണ്ടെത്താൻ സാധിക്കും. ഹെഗലിന്റെ ആ പത്ത് ആക്‌സിയങ്ങളെ തന്നെ ക്രമത്തിൽ നമുക്ക് ഇങ്ങനെ അതിനായി പുനർവായന നടത്താം.

ഒന്ന്, ഡിസ്റ്റൻസ് ഓഫ് ഒബ്ജക്റ്റിവിറ്റി ഇല്ല എന്നതാണ് ഹെഗലിന്റെ ആദ്യത്തെ പ്രശനം. എന്നാൽ ഹോളിവുഡ്-യൂറോപ്യൻ സിനിമകളിൽ നിന്ന് അറബ് സിനിമകൾ വ്യത്യസ്തമാകുന്നത് നിരീക്ഷിക്കുന്ന ഭാഗത്ത് ലോറ മാർക്സ് നിരീക്ഷിക്കുന്ന ഒരു കാര്യം, അറബ് സിനിമകൾ സബ്ജക്ട്-ഒബ്ജക്ട് (വിഷയം-വിഷയി) ബൈനറികൾക്കപ്പുറം സബ്ജക്ടും ഒബ്ജക്ടും തമ്മിലുള്ള ഒരു എംബോഡീഡ് ആയ തലത്തെയാണ് സാധ്യമാക്കുന്നത് എന്നതാണ്. അതായത് അതെ സബ്ജക്ട്-ഒബ്ജക്ട് ബൈനറിയുടെ തിരസ്കരണം തന്നെയാണ് ആഫ്രിക്കൻ കല ‘ഡിസ്റ്റൻസ് ഓഫ് ഒബ്ജക്റ്റിവിറ്റി’യെ ഇല്ലാതാക്കുന്നതിലൂടെ സാധ്യമാക്കുന്നത്. കാരണം സബ്ജക്ട്-ഒബ്ജക്ട് ബൈനറി ലോകത്തിലെ എല്ലാ വസ്തുക്കളെയും പരസ്പരം വേർപെടുത്തുന്നു. എന്നാൽ അൻസെം കെയ്‌ഫർ എല്ലാം പറയുന്നത് പോലെ വിഭജിച്ച് കിടക്കുന്ന ലോകത്തിനകത്തെ ഡിവൈൻ ആയ യൂണിറ്റിയെ കണ്ടെത്താനാണ് കല ശ്രമിക്കുന്നത്. ഒരു എംബോഡീഡ് എയ്സ്തറ്റിക്സിനെ സാധ്യമാക്കുന്നതിലൂടെ ആ യൂണിറ്റിയെ ആണ് ആഫ്രിക്കൻ ആർട് കണ്ടെത്താൻ ശ്രമിക്കുന്നത്.

രണ്ട്, സമ്പൂർണ്ണമായ സങ്കല്‍പ ലോകത്താണ് ആഫ്രിക്കൻ ആർട്ടിന്റെ സ്ഥാനം എന്നാണ് ഹെഗൽ പറയുന്നത്. എന്നാൽ ദിൽയൂസ് എല്ലാം പറയുന്നതനുസരിച്ച് നോക്കുകയാണെങ്കിൽ ‘ഇൻഫിനിറ്റി’യിലേക്കുള്ള ഒരു യാത്രയാണ് സങ്കല്‍പ ലോകത്തെ കലയാക്കി രൂപപ്പെടുത്തുന്നതിലൂടെ ആഫ്രിക്കൻ ആർട് ചെയ്യുന്നത്. കാരണം എമ്പരിക്കൽ യാഥാർഥ്യങ്ങളെക്കാൾ അനന്തമായത് ഇമാജിനൽ തലമാണ്. ഫ്രിഡാ കാലോയുടെ മെക്സിക്കൻ സർ റിയലിസവും, സാൽവദോർ ദാലിയുടെ വർക്കുകളെല്ലാം അതിനുദാഹരണമാണ്. കാരണം കല എന്നാൽ, മുല്ലാ സദ്രയെല്ലാം പറയുന്നത് പോലെ പരിമിതികളുടെ ഒരു മറികടക്കലാണ്.

മൂന്ന്, ആഫ്രിക്കൻ ആർട് യുക്തിസഹമായി ‘നിർമ്മിക്കപ്പെട്ട’വയല്ല എന്നതും അത് നോൺ റിയലിസ്റ്റിക് ആണ് എന്നതുമാണ് ഹെഗലിന്റെ വിമർശനം. എന്നാൽ ഇവിടെ കല ഒരു ‘ഡൂയിങ്’ ആണ് മറിച്ച് ‘പ്രൊഡക്ഷന’ല്ല. കാരണം കല ഒരു പ്രോഡക്ട് ആകുമ്പോൾ അതിന്റെ ഔട്പുട്ടാണ് കലയെ സാധ്യമാക്കുന്നത്. മറിച്ച് കല എന്നൊരു പ്രവർത്തനമല്ല. ഇതൊരു തരം ‘ടെലോസി’നെ നിർമ്മിക്കുന്നു. അതായത് കലയെ സാധ്യമാക്കുന്നത് അതിന്റെ ബാഹ്യമായ ഒന്നാണ് – അതായത് ടെലോസ് ആണ്. അത് കല മറ്റൊന്നിലേക്ക് എപ്പോഴും ആവശ്യമുള്ള ഒരു സ്വയം സമ്പൂർണ്ണമല്ലാത്ത ഒന്നാണെന്ന് വരുത്തുന്നു. ഹെഗലിന്റെ കലയെ കുറിച്ചുള്ള ആ ഡബിൾ നെഗേറ്റീവ് ഡയലക്ടിക്കൽ ചിന്ത ഒരു തരം സോവിയറ്റ് റിയലിസത്തിന്റെ പ്രിമിറ്റീവ് രൂപമാണ്. മറ്റൊന്ന്, റിയലിസവുമായി ബന്ധപ്പെട്ടതാണ്. നോൺ റിയൽ ആകുന്നതിലൂടെ ആഫ്രിക്കൻ കല യാഥാർഥ്യങ്ങൾക്ക് കൂടുതൽ ബിക്കമിങ്ങിനുള്ള (പുതിയ ആയിത്തീരലുകൾക്ക്) സാധ്യതകൾ ഒരുക്കുകയാണ് ചെയ്യുന്നത്. കാരണം റിയലിസം എന്നത് ടിപ്പിക്കലായി ഒരു പ്രധിനിതീകരണമായതിനാൽ അത് യാഥാർത്ഥ്യങ്ങളെ കുറിച്ച് സ്റ്റീരിയോടൈപ്പുകൾ നിർമ്മിക്കുകയും, ആരോപിക്കപ്പെട്ട ഐഡന്റിന്റി എന്ന ഒന്നിൽ നിന്ന് യാഥാർത്ഥ്യങ്ങളെ രക്ഷപ്പെടാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ റിയലിസം എന്ന ഒരു വയലൻസിൽ നിന്നു മോചിതമായ പുതിയൊരു പസിഫിക് കലാ സങ്കൽപ്പമായി നോൺ റിയലിസ്റ്റിക് ആഫ്രിക്കൻ കലയെ നമുക്ക് വീക്ഷിക്കാനാവും.

നാല്, ആഫ്രിക്കൻ കല ആഫ്രിക്കൻ ശരീരങ്ങളിൽ തന്നെ ഇമ്മാനന്റ് ആയ ഒന്നാണ് എന്നതാണ് ഹെഗലിന്റെ വിമർശനം. എന്നാൽ ട്രാൻസെന്റന്റൽ ആയ കല അതിനെ അഭിമുഖീകരിക്കുന്ന ആളെ ഒരു ആസ്വാദകനാക്കുന്നു. കാരണം ആസ്വാദനം എന്നത്, തനിക്ക് പുറത്തുള്ള ഒന്നിനെ കുറിച്ചുള്ള സിമ്പതെറ്റിക് ആയ ഒരു വികാരമാണ്. അല്ലെങ്കിൽ തനിക്ക് പുറത്ത് നിൽക്കുന്ന ഒരു വസ്തു തന്നിൽ നിർമ്മിക്കുന്ന ഫ്ലക്ച്വേഷനുകളാണ്. എന്നാൽ ഇമ്മാനന്റ് ആയ കല അതിനെ അഭിമുഖീകരിക്കുന്ന ആളെ ഒരു അനുഭവിക്കുന്നവൻ ആക്കുന്നു. കാരണം അനുഭവം അതിന്റെ ഏറ്റവും റാഡിക്കലായ അർത്ഥത്തിൽ സ്വന്തം ബോഡിയിലുള്ള – സെൽഫിലുള്ള – മാറ്റങ്ങളുടെ എയ്സ്തറ്റിക്സ് ആണ്. അതിനുപുറമെ അലൈൻ ബാദിയാവോ എല്ലാം പറയുന്നത് പോലെ ‘ഇമ്മാനാൻസ്’ എന്നാൽ ഐഡന്റിറ്റി എന്ന സ്റ്റാറ്റിക് ആയ സങ്കൽപ്പത്തെ നിരന്തരം തകർത്തുകൊണ്ടിരിക്കുന്ന ഇവന്റുകളുടെ ബോഡിയിലുള്ള ഇടപെടലുകളാണ്. ഇവിടെ ഇമ്മാനന്റ് ആകുന്നതിലൂടെ കല അതിനെ അനുഭവിക്കുന്നവരുടെ സെൽഫിനെ നിരന്തരം റാഡിക്കലായി പുനർനിർമ്മിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ സെൽഫ് എന്ന ഒരു ‘തിയളോജിക്കൽ ആന്ത്രോപോസെന്ററിക് വൺനെസ്’ ഇല്ല എന്നതിന്റെയും, ഒഴുകുന്ന ശരീരത്തിന്റെയും ഒരു പ്രഖ്യാപനം കൂടിയാണ് ആഫ്രിക്കൻ ആർട് സാധ്യമാക്കുന്നത്.

അഞ്ച്, കോസിനും എഫക്റ്റിനുമിടയിൽ, ഇന്റൻഷനും ആക്ഷനുമിടയിൽ, കൺസെപ്റ്റിനും റിയാലിറ്റിക്കുമിടയിൽ ആഫ്രിക്കൻ ആർട് വ്യത്യാസം കൽപ്പിക്കുന്നില്ല. കാരണം ആഫ്രിക്കൻ ആർട്ടിനെ സംബന്ധിച്ചിടത്തോളം ആക്ടിന് മുൻപ് ഒരു തോട്ട് ഇല്ല. ഒരു മോമെന്ററി ഡിവിഷൻ ആഫ്രിക്കൻ ആർട് നിർമ്മിക്കുന്നില്ല. പ്രവർത്തി ചിന്തയെ പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്നു. ആ അർത്ഥത്തിൽ മൗറിസ് മെർള്യൂ പോണ്ടിയെല്ലാം പറയുന്നത് പോലെ ആക്ടിന് മുൻപ് തോട്ട് നിലനിൽക്കുന്ന റെനൈസ്സൻസ് ആർട്ടിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിയും, ചിന്തയും ഒന്നാകുന്ന ഒരു സൗന്ദര്യാത്മക സങ്കൽപ്പമാണ് ആഫ്രിക്കൻ കലയുടേത്. അതിനാൽ തന്നെ പ്ലാറ്റോ മുതൽ നിലനിന്നിരുന്ന ആക്ടിന് മുകളിൽ തോട്ട് എന്ന ഹയറാർക്കിക്കൽ മെറ്റാ ഫിസിക്സിനെ ആഫ്രിക്കൻ കലാ സങ്കൽപം തിരസ്കരിക്കുന്നുണ്ട്.

ആറ്, ആഫ്രിക്കൻ ആർട് ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല. മറിച്ച് അത് അതിൽ തന്നെ നിലനിൽക്കുന്ന ഒന്നാണ്. കാരണം ജിൽസ് ദിൽയൂസ് ‘ഡിഫറൻസ് ആൻഡ് റിപിറ്റെഷനി’ൽ പറയുന്നത് പോലെ ഒന്നും മറ്റൊന്നിനെ പ്രതിനിധാനം ചെയ്യുന്നില്ല. മറിച്ച് ഓരോ റിയാലിറ്റിയും അതിനെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഇവന്റുകളാൽ വ്യത്യസ്തമാണ്. അതിനപ്പുറം ലെവിനാസും, ദെറിദയും എല്ലാം പറയുന്നത് പോലെ ഒരു ആർട്ടിനും ഒരു മെറ്റീരിയൽ റിയാലിറ്റിയെ പൂർണ്ണമായി റെപ്രസന്റ് ചെയ്യാൻ സാധിക്കില്ല. മറിച്ച് അത്തരം ശ്രമങ്ങൾ റിയാലിറ്റികൾക്കു നേരെയുള്ള വയലൻസ് ആണ്. കാരണം റിയാലിറ്റി എന്നാൽ നിരന്തരം എസ്കെയപ് ആയിക്കൊണ്ടിരിക്കുന്ന ഒരു ‘സബ്‍ലൈം ഒബ്ജക്ട്’ ആണ്. ഈ ഒരർത്ഥത്തിൽ ആഫ്രിക്കൻ ആർട് റെനൈസ്സൻസ് ആർട് തീർക്കുന്ന വയലൻസിന്റെ പരിസരത്തു നിന്ന് മാറി ഇൻഫിനിറ്റ് ആയ പുതിയ ക്രിയേഷനുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന രീതിയിലും നമുക്ക് അതിനെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കും.

ഏഴ്, റെനൈസ്സൻസ് ആർട് റിയാലിറ്റികളെ ആവിഷ്കരിക്കുമ്പോൾ ആഫ്രിക്കൻ ആർട് ഒരു യുട്ടോപ്യൻ സങ്കൽപ്പമാണ് നിർമ്മിക്കുന്നത് എന്നാണ് ഹെഗലിന്റെ സിദ്ധാന്തം. എന്നാൽ ആ യൂട്ടോപിയയെ എങ്ങനെയാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക? തോമസ് മൂറിനെ സംബന്ധിച്ചിടത്തോളം യുട്ടോപ്യ എന്നത് നിലനിൽക്കുന്ന ഒന്നാണ്. എന്നാൽ മനുഷ്യർ ഒരിക്കലും അതിലേക്ക് എത്തിയിട്ടുമില്ല. എന്നാൽ ഒരു ഏർണസ്റ് ബ്ലോക്കിയൻ ചിന്തയിൽ നോക്കുകയാണെങ്കിൽ യുട്ടോപ്യ എന്നത് നിലവിൽവരാത്ത ഒന്നാണ്. എന്നാൽ അതിലേക്കുള്ള പ്രതീക്ഷയാണ് സകല ആക്ടുകളെയും സാധ്യമാക്കുന്നത്. ആ അർത്ഥത്തിൽ പുതിയൊരു ലോകത്തെ പ്രതീക്ഷിച്ചുള്ള ഏതൊരു ആക്ടും ഒരു യുട്ടോപ്യയാൽ സ്വാധീനിക്കപ്പെട്ടതായിരിക്കും. അതിനു പുറമെ യുട്ടോപ്യ എന്നാൽ ‘ഓർമ്മ’ ‘നൊസ്റ്റാൾജിയ’ ‘ഭയം’ എന്നിവയോടുള്ള കലഹമാണ്. കാരണം അവയെ ഒക്കെ നിർമ്മിക്കുന്നത് ചരിത്രമാണ്. ചരിത്രം നമ്മുടെ മനസ്സിൽ തീർക്കുന്ന യുക്തിയുടെ സാധ്യതാ-അസാധ്യതകളാണ്. ആ യുക്തിബദ്ധമായ റിയാലിറ്റികളെ നിഷേധിച്ച് അവക്ക് പുറത്തുള്ള പുതിയ സങ്കല്പങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നതിലൂടെ ആഫ്രിക്കൻ കല, ചരിത്രം മനുഷ്യന് മുകളിൽ തീർക്കുന്ന റാഷണൽ ഡൊമിനൻസിനെയാണ് തകർത്തെറിയുന്നത്.

എട്ട്, ആഫ്രിക്കൻ ആർട് ഉള്ളിൽ അർത്ഥമില്ലാത്ത – ശൂന്യമായ – ഉപരിതലം മാത്രമുള്ളതാണ്. എന്നാൽ ഇതിലൂടെ ആഫ്രിക്കൻ കല ഒരു അർത്ഥത്തിന്റെ ഒരു മിസ്റ്റിഫിക്കേഷനെയാണ് ഇല്ലാതാക്കുന്നത്. ബറോക്കിനെ കുറിച്ച് ദിൽയൂസ് പറയുന്നതും, വില്യം ലെബനീസിന്റെ ഫോൾഡ് എന്ന ഐഡിയയും കൂടി ചേർത്തു വായിച്ചാൽ നമുക്ക് ആഫ്രിക്കൻ കല അർത്ഥം എന്ന സങ്കൽപ്പത്തെ ഉള്ളിൽ മറഞ്ഞു കിടക്കുന്ന മിസ്റ്റിഫൈഡ് ആയ, എക്സ്പ്ലിസിറ്റ്-ഇമ്പ്ലിസിറ്റ് ബൈനറിയിൽ നിന്ന് വേർപെടുത്തി സർഫേസ് ഇൻഫിനിറ്റി എന്ന സങ്കൽപ്പത്തിലേക്ക് പുനർസ്ഥാപിക്കുന്നത് കാണാൻ സാധിക്കും. അതായത് ആർട്ടിന്റെ അർത്ഥം, ചിലർക്ക് മാത്രം എത്തിപ്പിടിക്കാവുന്ന ഒരു ഹിഡൻ ബാക്ഗ്രൗണ്ടിൽ അല്ല മറിച്ച് എല്ലാവർക്കും ആക്സസിബിൾ ആയ അതിന്റെ ഉപരിതലത്തിൽ തന്നെയാണെന്ന് ഉറപ്പിക്കുകയാണ് ആഫ്രിക്കൻ ആർട് ചെയ്യുന്നത്. അതായത് ഒരു എയ്സ്തറ്റിക്കൽ ഹയറാർക്കിയെയാണ് ആഫ്രിക്കൻ കല അതിന്റെ ഫിലോസഫിക്കൽ ഡീ കൊളോണിയൽ എയ്സ്തറ്റിക്സ് കൊണ്ട് മറികടക്കുന്നത്.

ഒമ്പത്, ആഫ്രിക്കൻ ആർട് യൂണിവേഴ്സൽ ആയ ഒന്നിനെയും ആവിഷ്കരിക്കുന്നില്ല. മറിച്ച് ചെറിയ സംസ്കാരങ്ങളെയാണ് ആവിഷ്കരിക്കുന്നത്. ഇത് ഒരർത്ഥത്തിൽ യൂണിവേഴ്സൽ എന്ന പോസ്റ്റ് എൻലൈറ്റൻമെന്റ് സങ്കല്പത്തോടുള്ള വിമർശനമായി നമുക്ക് മനസ്സിലാക്കാം. അതായത് കൗണ്ടർ കൾച്ചറൽ എക്‌സ്‌പോസിഷനാണ് ആഫ്രിക്കൻ ആർട് യൂണിവേഴ്സൽ ഐഡിയകൾക്ക് പകരം ‘കളക്ടീവ് ഐഡിയ’കൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ ചെയ്യുന്നത്. അതിനുമപ്പുറം ‘മീനിങ്’ എന്ന സങ്കൽപ്പത്തിന്റെ യൂണിവേഴ്‌സാലിറ്റിയെ തകർത്ത് മീനിങ് ഏതൊരു സംസ്കാരത്തിനും അതിന്റെ സ്ഥല-കാല (spatio-temporal) ഘടനക്കനുസരിച്ച് ബഹുമുഖമായി രൂപപ്പെടുത്താവുന്ന ഒന്നാണ് എന്നുള്ള ഒരു ആശയം കൂടി ആഫ്രിക്കൻ ആർട് അത്തരം ആക്ട് കൊണ്ട് കൈമാറുന്നുണ്ട്. ഒരു ആർട്ടിസ്റ്റിക് ഡീകൺസ്ട്രക്ഷനാണ് ആഫ്രിക്കൻ ആർട് നടത്തുന്നത്. അതിനാൽ തന്നെ അധീശ എയ്സ്തറ്റിക് സെമാന്റിക്‌സിനെതിരെയുള്ള ഒരു മൈനർ ആർട്ടിസ്റ്റിക് വയലൻസായും നമുക്കിതിനെ ഒരു ഫെലിക്സ് ഗുത്താരി ഭാഷയിൽ വായിക്കാം.

പത്ത്, ആഫ്രിക്കൻ ആർട്ടിന് എയ്സ്തറ്റിക് ആറ്റിറ്റ്യൂഡ് ഇല്ല എന്നാണ് ഹെഗലിന്റെ വാദം. കാരണം റിഫ്‌ളക്‌ഷൻ, ഇമിറ്റേഷൻ, മൂഡ് എന്നിവയൊന്നും അത് ക്രിയേറ്റ് ചെയ്യുന്നില്ല എന്നതാണ് അതിനു കാരണം. എന്നാൽ അത്തരം ഗുണങ്ങളെല്ലാം എയ്സ്തറ്റിക്സിനെ നിർണ്ണയിക്കാൻ തുടങ്ങിയത് ഇമ്മാനുവേൽ കാന്റിന്റെ എയ്സ്തറ്റിക്കൽ ചിന്തയുടെ ഉയർന്നുവരവോടെയാണ്. അവിടം മുതൽ എയ്സ്തറ്റിക്സ് എന്നത് ഒരു ബോഡിലി അല്ലെങ്കിൽ ഇന്റയൂഷണൽ എക്സ്പീരിയൻസ് എന്നതിൽ നിന്ന് വേർപെട്ട് പെഡഗോഗിക്കലായി മനസ്സിലാക്കാവുന്ന ഒരു അക്കാദമിക് ഡിസിപ്ലിൻ ആയി മാറി. ആ അക്കാദമിക് എയ്സ്തറ്റിക്സിനാണ് ഒരുപാട് ഘടകങ്ങൾ പൂർത്തിയാകേണ്ടത്. അത് എയ്സ്തറ്റിക്സിന്റെ മാസ് മാനിഫെസ്റ്റേഷനെ തടഞ്ഞു എയ്സ്തറ്റിക്സിനെ മോണോപോളൈസ് ചെയ്തു. ഹകീം മുറാദിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ ആധുനിക സെൽഫ്ഹുഡിന്റെ മേൽ പടുത്തുയർത്തപ്പെട്ട ആ എയ്സ്തറ്റിക് സങ്കല്പം മനുഷ്യന്റെ അനുഭവത്തിന്റെ ഒരു മെക്കാനൈസേഷനാണ്. സൂസൻ ബക്ക് മൊർസിന്റെ ഭാഷയിൽ ഇതിനെതിരെയുള്ള മാസ് എയ്സ്തറ്റിക്സിന്റെ ഒരു റീ അപ്രോപ്രിയേഷനാണ് ആഫ്രിക്കൻ ആർട് കാന്റിയൻ മാനദണ്ഡങ്ങളെ പൂർത്തീകരിക്കാത്ത പുതിയ അനുഭവം, എംബോഡിമെൻറ് തലങ്ങൾ നിർമ്മിക്കുന്നതിലൂടെ സാധ്യമാക്കുന്നത്.

ചുരുക്കത്തിൽ ആഫ്രിക്കൻ ആർട്ടിന്റെ ‘ഫെറ്റിഷ്’ സാധ്യതകൾ അതിനെ സമകാലിക എയ്സ്തറ്റിക്കിൽ യൂറോപ്യൻ റെനൈസ്സൻസ് ആർട്ടിന്റെ മുകളിൽ ലൊക്കേറ്റ് ചെയ്യാൻ കഴിവുള്ളവയാണ്. എന്നാൽ ആ പൊട്ടൻഷ്യൽ ഞാനൊരു വ്യക്തി പുതിയതായി വ്യാഖ്യാനിച്ചത് കൊണ്ടുണ്ടായതല്ല. മറിച്ച് അബൂ ഇഷാഖ് ഇബ്രാഹീം അൽ നസ്സാമും, മുല്ലാ സദ്രയും, വില്യം ലെബനീസും, എല്ലാം പറയുന്നത് പോലെ ആഫ്രിക്കൻ ആർട്ടിനകത്ത് തന്നെ ലാറ്റന്റ്‌ ആയി കിടന്നിരുന്നതാണ്. അല്ലെങ്കിൽ യൂറോപ്യൻ മെറ്റാ നരേറ്റീവുകളുടെ ആധിക്യത്താൽ ലാറ്റന്റ് ആക്കി തീർത്തതാണ്. അതിനെ ഒരു ഹെൻറി ബെർഗ്സൺ ‘ബ്രേക്ക്’ നടത്തുമ്പോഴാണ് നമുക്ക് കാലങ്ങൾക്കിപ്പുറമെങ്കിലും അതിനെ കണ്ടെത്താൻ സാധിക്കുന്നത്. അതിന് ആദ്യമായി നാം ചെയ്യേണ്ടത് വോൾട്ടയറിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ ചിന്തയുടെ മാപ്പിൽ ആഫ്രിക്കയെ അടയാളപ്പെടുത്തുക – യൂണിവേഴ്സിന്റെ ഭാഗമായി കാണുക – എന്നതാണ്. എന്നിട്ട് ‘നോൺ ഈസ്റ്’ എന്ന ജെനറിൽ, മനുഷ്യർ എന്ന ജെനറിൽ ആഫ്രിക്കക്കാരെ കൂടി ഉൾപ്പെടുത്തുകയും, ആഫ്രിക്കൻ ആർട്ടിലേക്കും, ആഫ്രിക്കൻ സാഹിത്യങ്ങളിലേക്കും ഒന്ന് ചിന്തയെ തിരിക്കുകയും ചെയ്യുക എന്നതുമാണ്. എങ്കിൽ മാത്രമാണ് സിമ്പതെറ്റിക്കായ എമ്പരിക്കൽ അക്കാദമിക് സാഹിത്യങ്ങളിൽ എഴുതുന്നതിനപ്പുറം ആഫ്രിക്ക എന്ന ഒന്നിനെ ഒരു യൂണിവേഴ്സൽ എംബോഡിമെന്റായി നമുക്ക് ഉൾക്കൊള്ളാൻ സാധിക്കുക.


Featured Image: Work by Peju Alatise-Al Jazeera

Photographed by: Adeola Olagunju

Comments are closed.