നാഥാ
നിന്നോടുള്ള സ്നേഹം എന്നിൽ മാത്രമല്ല
എന്നാൽ
എന്നിലുള്ള സ്നേഹം നിന്നിൽ മാത്രമാണ്…..

-ഇബ്നു അറബി (റ)

പതിനേഴാം നൂറ്റാണ്ടോട് കൂടി നോവൽ സാഹിത്യങ്ങൾ അറേബ്യൻ ലോകം പരിചയിച്ചുവെങ്കിലും ആദ്യഘട്ടങ്ങളിൽ ഇവ വിവർത്തന കൃതികൾ മാത്രമായിരുന്നു. ഇസ്ലാമിക ജീവിത പരിസരത്തേക്കുള്ള സാഹിത്യത്തിന്റെ പുതുരൂപങ്ങളുടെ ആഗമനം അവരുടെ കൃതികളിൽ വ്യക്തമായ സ്വാധീനം ചെലുത്തി. ജോർജ് സൈദാൻ, നജീബ് കയ്ലാനി, മഅറൂഫ് അർനാത്വു പ്രഭൃതികൾ ഇസ്ലാമിക ചരിത്ര നോവലുകളെ സമർപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചവരാണ്. ജോർജ് സൈദാന്റെ നോവലുകളിൽ ഇസ്ലാമിലെ മഹത് വ്യക്ത്വങ്ങൾ അപകീർത്തകരമാം വിധം ആവിഷ്കരിക്കപ്പെട്ടപ്പോൾ നജീബ് കയ്ലാനി ഇക്കാര്യത്തിൽ സത്യസന്ധത പുലർത്തി. വ്യക്തി ചരിത്രങ്ങൾക്ക് പുറമെ അന്നത്തെ സാമൂഹിക വ്യവസ്ഥിതിയെ പരിചയപ്പെടുത്തുന്നതിനും ഇസ്ലാമിനെ ആവിഷ്കരിക്കുന്നതിനും അദ്ധേഹം തന്റെ കൃതികളിലൂടെ ശ്രമിച്ചു.

വ്യക്തി ചരിത്രങ്ങൾ സാമൂഹിക ചരിത്രത്തെ സമ്പുഷ്ടമാക്കുന്നു. പണ്ഡിതരുടെയും ആത്മജ്ഞാനികളുടെയും സ്മരണകളും അവരുടെ ജീവിതാവിഷകാരങ്ങളും മുസ്ലിം നിത്യ ജീവിതത്തിലെ പ്രധാന ഭാഗമാണ് എന്ന് കാണാം. ആത്മീയമായ അന്തരിക്ഷത്തെ രൂപപ്പെടുത്തുന്നതിൽ അദ്ധ്യാത്മിക ഗുരുക്കളുടെ ജീവചരിത്രങ്ങളുടെ കഥകളും കവിതകളും അടക്കമുള്ള വിവിധ രൂപത്തിലുള്ള അവതരണങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. റൂമിയും തിബ് രീസിയും നോവലുകളായി വായിക്കപ്പെട്ട ആധുനിക ലോകത്തിന് മുന്നിൽ ഇബ്നു അറബിയുടെ ജീവിത യാത്രകളെയും ഇലാഹീ പ്രണയത്തിന്റെ അഗാധതയെയും ആവിഷ്കരിക്കുകയാണ് കഴിഞ്ഞ വർഷത്തെ അറബി ബുക്കർ പ്രൈസ് കൃതിയായ മുഹമ്മദ് ഹസൻ അൽവാനിന്റെ ‘ലഘു മരണം‘. ഇലാഹീ (ദിവ്യ) പ്രണയത്തിന്റെ അവിസ്മരണീയ പ്രപഞ്ചത്തിൽ തീർത്ഥയാത്ര ചെയ്ത അദ്ധ്യാത്മിക ഗുരുക്കളിൽ പ്രധാനിയാണ് ഇബ്നു അറബി (റ). മലീമസമായ മനസ്സിന് ശാന്തിയേകാൻ യാത്രകളിലൂടെ ഇലാഹീ സ്നേഹത്തിന്റെ ദാഹം തീർക്കാൻ അദ്ധ്യാത്മിക ജ്ഞാനികൾ എന്നും അലഞ്ഞു നടന്ന കൊണ്ടിരിക്കു൦. തന്റെ ഹൃദയത്തിന് ശാന്തി ലഭിക്കാനും ഇലാഹീ പ്രണയത്തിന്റെ ആഴങ്ങളറിയാനും നാല് അദ്ധ്യാത്മിക ഗുരുക്കളെ തേടിയുള്ള യാത്രയാണ് ഈ നോവൽ. അറബി ബുക്കർ പ്രൈസ് ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ച ‘അൽ ഖുൻദുസ് ‘(2013) ഉൾപ്പെടെ അഞ്ചോളം നോവലുകൾ എഴുതിയ അൽവാൻ മുൻ കഴിഞ്ഞ കൃതികളിൽ നിന്നും വിത്യസ്തമായി റൊമാന്റിസിസത്തിൽ നിന്നും പ്രമാണ ബന്ധിതമായ നോവലിലേക്കുള്ള മാറ്റമാണ് ‘ലഘു മരണ’ത്തിലൂടെ സാധ്യമാക്കുന്നത്.

വ്യക്തികളും വാക്കുകളും സംഭവങ്ങളും സാഹചര്യങ്ങൾ വരെ പ്രമാണ ബന്ധിതമായാണ് നോവൽ അവതരിപ്പിക്കുന്നത്. ഇസ്ലാമിക സ്വൂഫി-ബൗദ്ധിക വ്യവഹാരങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഇബ്നു അറബിയുടെ ആശയലോകത്തെയും അനാവരണം ചെയ്താണ് ഓരോ വരികളും മരുഭൂമികളും മരുപ്പച്ചകളും താണ്ടുന്നത്. ഇത്രയധികം ആശയ സംവാദങ്ങൾ ഇബ്നു അറബിയുമായി ബന്ധപ്പെട്ട് നടക്കുന്നുവെങ്കിലും ജീവചരിത്രം കുറിച്ചു വെക്കുന്ന ഒരു ഗ്രന്ഥവും പ്രസിദ്ധീകരിക്കപ്പെട്ടില്ലെന്നിടത്ത് നോവലിന്റെ പ്രമേയം പ്രസക്തമാവുന്നു. അതെ സമയം ഏറ്റവും പ്രസിദ്ധനായ അറബി ഫിലോസഫർ എന്ന നിലയിൽ ഇബ്നു അറബിയുടെ ആശയങ്ങളെയും ജീവിതത്തെയും സമഗ്രമായി അവതരിപ്പിക്കുന്നതിൽ നോവൽ പരിമിതികൾ നേരിടുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അക്കാദമിക ലോകം ഏറെ ചർച്ച ചെയ്യുന്നത് ഇബ്നു അറബിയെയാണ്. മത വിജ്ഞാനീയത്തിലും വിഷയീഭവിക്കുന്ന ഇബ്നു അറബിയെ സാഹിത്യ മണ്ഡലത്തിലേക്ക് ആനയിക്കുക വഴി സാഹിത്യ മണ്ഡലത്തിലെ ചർച്ചാ കേന്ദ്രമായി ആ നാമം മാറാനിടയില്ലെങ്കിലും, ഹസൻ അൽവാൻ ഉപയോഗിച്ച രീതി ശാസ്ത്രം അത്തരമൊരു സാധ്യതയെ മുന്നിൽ വെക്കുന്നുണ്ട്. ഇബ്നു അറബിയുടെ ജീവിതം പൂർണ്ണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല എങ്കിലും അദ്ധേഹത്തിന്റെ തന്നെ വിഖ്യാത രചനയായ ‘ഫുതൂഹാതുൽ മക്കിയ്യ ‘യിൽ സ്വയം കുറിച്ചു വെച്ച ജീവിത ഭാഗങ്ങളെ തനിമ നഷ്ടപ്പെടാതെ നോവലിൽ ഹസൻ അൽവാൻ കൊണ്ടു വന്നിട്ടുണ്ട്. വായനാ വിരസത നൽകാത്ത നോവലിന്റെ ഭാഷാവൈഭവത്തിൽ ഇബ്നു അറബിയുടെ തന്നെ ഭാഷാ മികവിന്റെ ഒരു പങ്കിനെ നമുക്ക് ചേർത്തു വായിക്കാം. മൂലഭാഷയിൽ നിന്നുള്ള മാറ്റം ഈയൊരു മൂല്യത്തെ ക്ഷയീഭവിപ്പിക്കുന്നതും ആയിരിക്കും.

വിധികൾ വഴിതെളിച്ച ജീവിതം

ഒരു വ്യക്തിയെയും അദ്ധേഹം രൂപപ്പെട്ട സാമൂഹിക സാംസ്കാരിക വ്യവസ്ഥിതികളെയും ചരിത്ര പുസ്തകത്തിൽ നിന്ന് വായിക്കുന്നതിനേക്കാൾ മനോഹരമായ അനുഭവമാണ് ഒരു നോവലിൽ നിന്നുണ്ടാകുന്നത്. നോവലിസ്റ്റ് ഈ അനുഭവത്തെ വിവര്‍ത്തനം ചെയ്യുന്നത് ഇബ്നു അറബിയെ ആത്മ ഭാഷണ രൂപത്തിൽ അവതരിപ്പിച്ചു കൊണ്ടാണ്. മാതാവിന്റെ ഉദരം മുതൽ ആറടി മണ്ണിലേക്കുള്ള അവസാന ശബ്ദം വരെയും അതിനിടയിലെ ദീർഘമായ യാത്രകളും പതിനൊന്ന് അധ്യായങ്ങളിലായി ഇബ്നു അറബി വിവരിക്കുകയാണ്. നോവലിന്റെ തന്നെ ഭാഗമായി ഇബ്നു അറബിയുടെ ഗ്രന്ഥശേഖരങ്ങളും ജീവിത രേഖകളും കൈമാറി വന്നതിന്റെ ഹി .610 മുതൽ ഹി. 1433(1212 AD – 2012 AD) വരെയുളള കലുഷിതവും തീക്ഷ്ണവുമായ ചരിത്രകഥ വിവരിക്കുന്ന ഭാഗവും ഈ പതിനൊന്ന് അധ്യായങ്ങൾക്ക് ആമുഖമായുണ്ട്.

ജന്മത്തിന് മുമ്പും മരണത്തിന് ശേഷവുമായി രണ്ട് അലൗകിക ജീവിതങ്ങൾ അള്ളാഹു എനിക്ക് നൽകി. ആദ്യത്തേതിൽ മാതാവെന്നെ പ്രസവിക്കുന്നതും രണ്ടാമത്തേതിൽ മകനെന്നെ ഖബ്‌റിലേക്കിറക്കി വെക്കുന്നതും ഞാൻ കണ്ടു” മാതാവിന്റെ ഗർഭപാത്രത്തിൽ നിന്നുള്ള ഇബ്നു അറബിയുടെ ഈ ആത്മഗതം കൊണ്ടാണ് നോവലിന്റെ ആരംഭം. ഇബ്നു അറബിയുടെ പിതാവ് വലിയ പണ്ഡിതനും അന്നത്തെ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്നവരുമായിരുന്നു. ഇബ്നു അറബി മതപരമായ അന്തരീക്ഷത്തിൽ വളരുകയും മത വിധികളിൽ സൂക്ഷമത പുലർത്തുകയും ചെയ്തു. ഇലാഹിയ്യായ ‘കശ്ഫി’ന്റെ മാർഗദർശനങ്ങളനുസരിച്ച് അവർ ജീവിത വഴികൾ താണ്ടി. അർദ്ധരാത്രിയിൽ ഖുർആൻ പാരായണം ചെയ്യുകയും ദിക്റുകളിൽ മുഴുകി പ്രാർത്ഥന നിർഭരമായ മനസ്സോടെ ഇലാഹി ദിപ്തം തെളിയിക്കുകയും ചെയ്തു. അദ്ധ്യാത്മിതയുടെ ഔന്നിത്യ വേളയിൽ രാത്രി സംഗമങ്ങളിൽ കൂട്ടുകാർക്കിടയിൽ നിന്നും ഇലാഹീ ഭയം പൂണ്ട് ഖബർസ്ഥാനിലൂടെ ഓടി ഏകാന്തമായി ഖബ്റിലിരുന്ന് ഖുർആൻ ഓതുന്ന ഇബ്നു അറബിയുടെ ആദ്യകാലങ്ങളെയാണ് നോവലിന്റെ ആദ്യ ഭാഗങ്ങൾ വരച്ചിടുന്നത്.

ശരീഅത്തനെതിരെയുള്ള പ്രവർത്തനങ്ങൾ തടയുകയും മദ്യ ചഷകങ്ങൾ ഉടക്കുകയും പോലോത്ത പ്രവർത്തനങ്ങളും പ്രബോധനവുമായി മുഴുകിയിരുന്ന, ഇമാം ഗസാലിയുടെ ശിഷ്യനുമായിരുന്ന ഇബ്നു തൂമർത്ത് പ്രാരംഭം കുറിച്ച മുവഹിദീൻ ഭരണകൂടത്തിന്റെ അവസാന കാലത്ത് ഹി. 560 ലാണ് ഇബ്നു അറബി ജനിക്കുന്നത്. മത പണ്ഡിതരെയും മത ചിഹ്നങ്ങളെയും ബഹുമാനിച്ച ഇവർക്ക് ഏറ്റവും വലിയ ഭീഷണി ഫ്രഞ്ച് അധിനിവേശമായിരുന്നു. മുവഹിദീങ്ങളുടെ നിലനിൽപ്പിന് വിഘാതമാകുന്ന ശക്തികളെ തോൽപ്പിക്കാനുള്ള ശ്രമങ്ങൾ മുവഹിദീൻ ഭരണകൂടത്തിന് ഭീഷണിയായി. ഹി.567 ൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ഇബ്നു അറബിയുടെ രക്ഷിതാക്കളും കുടുംബവും മുർസിയയിൽ നിന്നും ഇശ്ബീലിയ്യ (സെവിയ്യ) യിലേക്കു മാറിത്താമസിക്കുകയാണ്. ഈയൊരു ഗൃഹാതുരത്വ വേദന ഇബ്നു അറബിയിൽ നോവലിലുടനീളം കാണാനാകും.

ആത്മീയ ചൈതന്യവും സംരക്ഷണവുമേകുന്ന നാല് ഗുരുക്കളെ തേടിയുള്ള യാത്രയാണ് പിന്നീട്. മാറി മറിയുന്ന വിശ്വാസിയുടെ ജീവിത നിമിഷങ്ങളും, പ്രയാസങ്ങളും പ്രാരാബ്ധങ്ങളും ഈ യാത്രയിലുടനീളം ഇബ്നു അറബിയോടൊപ്പമുണ്ട്. മിസ്വ്‌ർ, ഹിജാസ്, ഷാം, ഇറാഖ്, തുർക്കി തുടങ്ങിയ ദേശങ്ങളിലൂടെയുള്ള അദ്ധേഹത്തിന്റെ പ്രയാണം അവസാനിക്കുന്നത് ഡമസ്കസിൽ വെച്ചാണ്. ഈയൊരു ദീർഘമായ യാത്രക്കിടയിൽ സന്തോഷങ്ങളിലും സങ്കടങ്ങളിലും അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നത് പ്രധാന ശിഷ്യനും മുരീദുമായ ബദ്റുൽ ഹബ്ശി ആയിരുന്നു. യാത്രാവസാനം ഡമസ്കസിനു ചാരെയെത്തവേ കുഷ്ഠരോഗം കാരണം ഇബ്നു അറബിയെ പിരിയേണ്ടിവന്നു. ഇബ്നു അറബി ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു കണ്ണീർക്കടൽ ഒഴുക്കിയാണ് തന്റെ ശിഷ്യനെ വേർപിരിയുന്നത്.

‘സ്നേഹം ലഘു മരണമാണ് ‘ എന്ന ഇബ്നു അറബിയുടെ വാക്കിൽ നിന്നും സ്വീകരിച്ച ലഘു മരണം എന്ന നോവൽ നാമത്തെ പൂർണ്ണാർത്ഥത്തിൽ യാതാർത്ഥ്യ വത്കരക്കുന്നുണ്ട് കൃതി. ജീവിതാന്ത്യം വരെ സ്നേഹത്തിന്റെ ഭിന്ന മുഖങ്ങൾ നോവലിലുടനീളം ആവിഷ്കരിക്കപ്പെടുന്നു. ജന്മമേകിയ മാതാപിതാക്കളോടുള്ള സ്നേഹം അവരുടെ വേർപാടിലും, പിറന്നു വീണ് കുട്ടിക്കാലത്തെ രൂപപ്പെടുത്തിയ ജന്മനാടായ മുർസിയ്യയോടുള്ള സ്നേഹം അതിനോടുള്ള വിട പറച്ചിലിലും, ഗുരു ശിഷ്യ സ്നേഹ ബന്ധത്തിന്റെ ആത്മാർത്ഥ മുഖങ്ങളെ യാത്രകളായും അറിവനുഭവങ്ങളായും നോവൽ ചിത്രീകരിക്കുന്നു. അതിലുപരി നോവൽ രൂപീകരിക്കപ്പെടുന്നത് തന്നെ ഇലാഹി പ്രണയത്തിന്റെ ദാഹശമനി തേടിയുള്ള അന്വേഷണങ്ങളിലൂടെയാണ്.

ആശയലോകവും സാംസ്കാരിക ചിത്രങ്ങളും

സമഗ്രമായൊരു ജീവിത രേഖയല്ല നോവൽ എന്ന പരിമിതിക്കകത്തു നിന്നു കൊണ്ടാണ് ഇബ്നു അറബിയുടെ ആശയലോകത്തെ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കേണ്ടത്. അദ്ധ്യാത്മികത ഒരു സ്വഭാവമാണെന്നും, ആ സ്വഭാവം നീങ്ങിയവനിൽ നിന്നും അദ്ധ്യാത്മിത അന്യമാവുന്നുവെന്ന ഇബ്നു അറബിയുടെ വാക്കിനെ വായിക്കേണ്ടതും നോവലിന്റെ പരിമിതിക്ക് പുറത്ത് വെച്ചു കൊണ്ടാണ്. കാരണം, നോവലിനകത്തെ ഇബ്നു അറബി വായിക്കപ്പെടുന്നത് അദ്ധേഹത്തിന്റെ യാത്രകളിലൂടെയാണ്, ആശയങ്ങളിലൂടെയല്ല. ജനങ്ങളുമായി അകന്ന് ആരാധന ലോകത്ത് വിവരിക്കുന്നതിന് വിഭിന്നമായി വിജ്ഞാനം നുകർന്നും പകർന്നും നീങ്ങുന്ന അദ്ധ്യാത്മിക ജീവിതമായിരുന്നു ഇബ്നു അറബിയുടേത്. അതിനാൽ തന്നെ അവരുടെ വിജ്ഞാന സദസ്സുകളിലെത്തുന്ന സാധാരണക്കാർക്ക് അദ്ധേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളാൻ ആവുമായിരുന്നില്ല.

കൈറോയിൽ ദർസ് നടത്തുന്ന സന്ദർഭത്തിൽ സദസ്സിൽ നിന്നൊരാൾ എഴുന്നേറ്റ് ഇബ്നു അറബിയെ ആക്ഷേപിക്കൻ തുടങ്ങി. വഹ്ദത്തുൽ വുജൂദ് എന്ന ആശയം ഏക ദൈവ വിശ്വാസത്തെ നിരാകരിക്കുന്നതാണെന്നും താങ്കൾ അവിശ്വാസിയാണ് എന്നുമായിരുന്നു അവരുടെ വാദം. വിഷയം ഖാളിയുടെ മുന്നിലെത്തുകയും ഇബ്നു അറബിയുടെ ദർസുകൾ തടയപ്പെടുകയും അദ്ധേഹത്തെ ജയിലിലടക്കപ്പെടുകയും ചെയ്തു. കാര്യങ്ങൾ ഖാളിയെ ബോധ്യപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ അദ്ധേഹത്തെ വിട്ടയക്കുകയാണുണ്ടായത്. മറ്റൊരിടത്തായിരിക്കെ അന്നാട്ടിലെ ഖാളി ഇബ്നു സക്കി ഇബ്നു അറബിയുടെ ദർസിൽ വന്നിരിക്കുകയും ചെയ്തു. ദർസിന് ശേഷം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അദ്ധേഹം ചോദിച്ചു: അലി (റ) ആണ് ഖിലാഫത്തിൽ ഒന്നാമനാവേണ്ടിയിരുന്നതെന്ന് ശിയാക്കൾ വാദിക്കുന്നുണ്ടല്ലോ? ഇതിനോടുള്ള നിങ്ങളുടെ പ്രതികരണമെന്താണ്?” “അള്ളാഹുവിന്റെ ഉദ്ധേശ്യങ്ങക്ക് അനുസരിച്ചാണ് ഓരോ നിമിഷങ്ങളും കഴിഞ്ഞു കടക്കുന്നത്. അബൂബക്കർ (റ)വിന്റെ മരണത്തെ അള്ളാഹു ആദ്യം നിശ്ചയിച്ചു. തുടർന്ന് ഉമർ, ഉസ്മാൻ ,അലി എന്നിവരും.അവർക്ക് അധികാരം നൽകിയതും ആ ക്രമത്തിനനുസൃതമായാണ്.” ഇതരരിൽ നിന്നും വിഭിന്നമായി തന്റെ ഗ്രന്ഥങ്ങളിലൊക്കെയും തസ്വവ്വുഫിന്റെ ഭാഷയിൽ സംസാരിച്ച ഇബ്നു അറബിയുടെ ഈ വാക്യങ്ങൾ കാലങ്ങളായി ഇസ്ലാം അഭിമുഖീകരിക്കുന്ന ശിയാ വാദങ്ങൾക്കുള്ള മറുപടിയാണ്. അൽവാന്റെ രാഷ്ട്രീയ നിലപാടിനെയും നോവലിന്റെ ഈ ഭാഗം പറഞ്ഞു തരുന്നു.

ആ കാലഘട്ടത്തിന്റെ നാഗരികതയെയും സാംസ്കാരിക പ്രതിച്ഛായകളെയും കൃത്യമായി വരച്ചിടുന്നുണ്ട് നോവൽ. ആ കാലഘട്ടത്തിന്റെ ഭക്ഷണ രീതികളെയും വസ്ത്രധാരണകളെയും അദ്ധേഹം കുറിച്ചിടുന്നു. അസാസിനുകളെ (ശിയാക്കളിലെ ഇസ്മാഈലീ വിഭാഗത്തിൽപ്പെട്ട രഹസ്യപ്പോരാളികൾ) ഭയന്ന് മുസ്ലിം വേഷം ധരിച്ച് യാത്ര ചെയ്യുന്ന നസ്രാണികളെയും മദ്‌റസകൾ പണിത് പണ്ഡിതരെ ഏൽപ്പിക്കുന്ന പ്രമാണിമാരെയും ഹസൻ അൽവാൻ ആവിഷ്കരിക്കുന്നത് അന്നത്തെ രാഷ്ട്രീയ സ്ഥിതിയെ വിളിച്ചോതുന്നു. ഭരണകൂടവു രാഷ്ട്രീയവുമായി പൂർവ കാലത്ത് പണ്ഡിത സമൂഹത്തിന് നേരിട്ടുള്ള ബന്ധങ്ങളുണ്ടായിരുന്നു. ഇസ്ലാമിക ഭരണകൂടമാണ് നിലനിൽക്കുന്നതെന്നു കൊണ്ടു മതവിധികൾ കൽപ്പിക്കാൻ രാഷ്ട്ര നേതൃത്വത്തിന് ഇവരുമായുള്ള ബന്ധം അനിവാര്യയുമായരുന്നു. ഇബ്നു അറബിയുടെ കാലത്ത് മുവഹിദീൻ ഭരണകൂടം മതവിധികൾ കർശനമാക്കുകയും പണ്ഡിതർക്ക് രാജസദസ്സിൽ വിശിഷ്ട സ്ഥാനങ്ങൾ നൽകുകയും ചെയ്തു. ജനങ്ങളുടെ വിശ്വാസത്തെ ദോശകരമായി ബാധിക്കും എന്ന കാരണം കാണിച്ച് പല ഗ്രന്ഥങ്ങളെയും ഇവർ കച്ചവടം ചെയ്യുന്നത് വിലക്കുകയുമുണ്ടായി. ഇബ്നു റുഷ്ദിന്റെ ഗ്രന്ഥങ്ങൾ ഇത്തരത്തിൽ നിരോധിക്കപെടുകയും അദ്ധേഹത്തെ ജയിലിലടക്കുകയും ചെയ്ത സമയത്തെ ഇബ്നു അറബിയുടെ ദു:ഖവും വേദനയും നോവലിൽ അനുഭവ ഭേദ്യമാണ്.

തന്റെ നാല് അദ്ധ്യാത്മിക ഗുരുക്കളെ തേടിയുള്ള യാത്രയിൽ നിമിത്തമെന്നോണമാണ് അദ്ധേഹം മക്കയിലേക്ക് സഞ്ചരിക്കുന്നത്. തന്റെ കൂടെയും കൂട്ടത്തിലുമായുണ്ടായിരുന്ന തന്റെ അദ്ധ്യാത്മിക ഗുരുക്കളെ അദ്ധേഹത്തിന് അത്ര പെട്ടെന്ന് തിരിച്ചറിയാനാവുന്നില്ല. ക്ഷമയും ത്യാഗവും തേടുന്ന ഓരോ നിമിഷങ്ങളും അദ്ധേഹത്തെ സ്വാഗതം ചെയ്തു കൊണ്ടിരുന്നു. മക്കയിലായിരിക്കെ, അവിടുത്തെ ഖാളിയായിരുന്ന അസ്വ്ഫഹാനിയുടെ സന്നിധിയിൽ അറിവന്വേഷണത്തിന് പോവുകയും അവരുടെ മകളായ ‘നളാമി’ന്റെ പക്കൽ ജ്ഞാനസമ്പാദനം നടത്തുകയും ചെയ്തിട്ടുണ്ട്. നളാം എന്ന ഈ മഹതിയുമായുളള അദ്ധ്യാത്മിക ബന്ധത്തെ ‘തർജുമാനുൽ അശ് വാഖ്’എന്ന കൃതിയിലൂടെ ഇബ്നു അറബി പറഞ്ഞെങ്കിലും യതാർത്ഥത്തിൽ അത് അള്ളാഹുവിനോടുള്ള പ്രണയമായിരുന്നു. ഇബ്നു അറബിയുടെ വഹ്ദതുൽ വുജൂദെന്ന ആശയതലത്തെ ഈ സംഭവത്തോട് ചേർത്തു വായിച്ചില്ലെങ്കിൽ യാതാർത്ഥ്യം നാം മനസ്സിലാക്കപ്പെടാതെ പോകും.

തർജമാനുൽ അശ് വാഖിന്റെ പ്രസിദ്ധീകരണത്തോടെ ഇബ്നു അറബിയെ ജനങ്ങൾ തെറ്റിദ്ധരിച്ചു. ഫുതൂഹാതുൽ മക്കിയയെന്ന തന്റെ ഗ്രന്ഥരചന കുപ്രചരണങ്ങളിലെ വേപഥു കാരണം അദ്ധേഹത്തിന്ന് പൂർത്തീകരിക്കാനാവാത്ത അവസ്ഥയുണ്ടായി. അദ്ധേഹം മക്ക വിട്ടു ഡമസ്കസിലേക്ക് യാത്രയായി. നളാം ആയിരുന്നു തന്റെ അദ്ധ്യാത്മിക ഗുരുക്കളിൽ മൂന്നാമത്തേതെന്ന് ഡമസ്കസിൽ വെച്ചാണ് ഇബ്നു അറബി തിരിച്ചറിയുന്നത്. ഡമസ്കസിലെ പള്ളിയിലിരിക്കെ നളാമിന്റെ പിതാവ് അസ്ഫഹാനിയുടെ വിയോഗ വാർത്തയുമായി വന്ന ശിഷ്യൻ ബദ്ർ അവരുടെ അന്തിമ കർമ്മങ്ങളിൽ പങ്കെടുക്കുകയും മൂന്ന് വർഷത്തോളം നളാം തന്റെ ചാരത്ത് തന്നെയുണ്ടായിരുന്നുവെന്ന സത്യത്തെ തിരിച്ചറിയുന്ന ഇബ്നു അറബിയുടെ മാനസികാവസ്ഥ വായനക്കാരന്റെ വൈകാരികതയായി മാറുന്നുണ്ട്. ഡമസ്കസിൽ വെച്ച് തന്നെ തന്റെ നാലാമത്തെ ശൈഖിനെയും കണ്ടുമുട്ടിയതോടെ തസ്വവ്വുഫിലെ തന്റെ മശാഇഖുമാരുടെ ആശീർവാദ പൂർത്തീകരണമാണ്. ശേഷിച്ച കാലം  തന്റെ കുടുംബത്തോടൊപ്പം ജീവിക്കുന്ന അദ്ധേഹം തൊഴിലായി തോട്ടം നട്ടു നനക്കുന്ന ജോലി ഏറ്റെടുക്കുകയാണ്.

സമഗ്രമല്ലെങ്കിൽ കൂടി അന്യമായിരുന്ന ഇബ്നു അറബിയുടെ ജീവിതത്തെ പരിചയപ്പെടുത്തുന്നതിൽ നോവൽ വിജയിച്ചിട്ടുണ്ട്. എങ്കിലും ഇബ്നു അറബിയുടെ ചിന്തകളുടെ ആഴവും അവയെക്കുറിച്ചുള്ള ചർച്ചകളിൽ പണ്ഡിത മഹത്തുക്കൾ പാലിച്ച സൂക്ഷ്മതയും ഈ നോവൽ വായനക്കാരന്റെ ജാഗൃതയും ഗൗരവ പൂർണ്ണമായ വായനയും ആവശ്യപെടുന്നുണ്ട്


Mout Sageer 

Reviewed Book: A Small Death/Mout Sageer
Published : 2016
Author : Mohammed Hasan Alwan
Featured Image: Nicola Fioravanti

Comments are closed.