ഒരു ദിവസം, പ്രശസ്തമായ പാണ്ഡൂറിയ എന്ന രാഷ്ട്രത്തിൽ, ഉന്നത ഉദ്യോഗസ്ഥരുടെ മനസ്സിലേക്ക് ഒരു ആശങ്ക ഇരച്ചുകയറി. സൈനിക അന്തസ്സിനു നിരക്കാത്ത അഭിപ്രായങ്ങൾ പങ്കുവെക്കുന്ന പുസ്തകങ്ങളെ കുറിച്ചായിരുന്നു ആ ആശങ്ക. തെറ്റുകൾ വരുത്താനും ദുരന്തങ്ങളുണ്ടാക്കാനും സാധ്യതയുള്ള ആളുകളായി ജനറലുകളെ കണക്കാക്കുന്ന ഒരു പ്രവണത പൊതുവേയുണ്ടെന്നും, ഇപ്പോഴത് വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും വിചാരണകളും, അന്വേഷണങ്ങളും തെളിയിച്ചിട്ടുള്ളതാണ്. യുദ്ധങ്ങൾ എന്നത് എല്ലായ്‌പ്പോഴും ഉജ്ജ്വലരായ സൈനിക വൃന്ദത്തിന്റെ മഹത്തായ വിജയത്തിലേക്കുള്ള പ്രയാണമല്ല എന്ന ധാരണയും വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്. പുരാതനവും ആധുനികവും, വിദേശവും പാണ്ഡൂരിയനുമായ ധാരാളം പുസ്തകങ്ങളാണ് ഈ ആശയങ്ങളെ യഥാർത്ഥത്തിൽ പ്രചരിപ്പിക്കുന്നത്.

സ്ഥിതിഗതികൾ വിലയിരുത്താൻ പാണ്ഡൂറിയയിലെ ജനറൽ സ്റ്റാഫ് യോഗം ചേർന്നു. എന്നാൽ എവിടെ തുടങ്ങണമെന്ന് അവർക്ക് അറിയില്ലായിരുന്നു. കാരണം, ഗ്രന്ഥസൂചികാ വിഷയങ്ങളിൽ അവരാരും തന്നെ പ്രത്യേകിച്ച് അറിവുള്ളവരായിരുന്നില്ല. കർക്കശക്കാരനും സൂക്ഷ്മാലുവുമായ ജനറൽ ഫെദിനയുടെ കീഴിൽ ഒരു അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. പാണ്ഡൂറിയയിലെ ഏറ്റവും വലിയ ലൈബ്രറിയിലെ എല്ലാ പുസ്തകങ്ങളും പരിശോധിക്കാൻ വേണ്ടിയായിരുന്നു ആ കമ്മീഷൻ.

തൂണുകളും ഗോവണിപ്പടികളും നിറഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു ലൈബ്രറി. അതിന്റെ ചുമരുകൾ അടർന്നു വീഴാനും, അവിടെയിവിടെയായി പൊളിഞ്ഞു വീഴാനുമായിട്ടുണ്ടായിരുന്നു. തണുത്തുറഞ്ഞ അതിന്റെ മുറികൾ പുസ്തകങ്ങളാൽ പൊട്ടിത്തെറിക്കാൻ മാത്രം തിങ്ങിനിറഞ്ഞവയായിരുന്നു. ചില ഭാഗങ്ങളിലേക്ക് കടക്കാനാകുമായിരുന്നില്ല. പല മൂലകളും എലികൾക്കു മാത്രമേ പര്യവേക്ഷണം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. വൻ സൈനിക ചെലവുകളുടെ ഭാരം പേറി നടക്കുന്ന പാണ്ഡൂറിയയുടെ രാഷ്ട്ര ബജറ്റിന്, ലൈബ്രറിക്ക് വേണ്ടി യാതൊരു വിധ സഹായവും നൽകാൻ കഴിവുണ്ടായിരുന്നില്ല.

മഴ പെയ്തുകൊണ്ടിരുന്ന നവംബറിലെ ഒരു പ്രഭാതത്തിൽ സൈന്യം ലൈബ്രറി ഏറ്റെടുത്തു. ജനറൽ തന്റെ തടിച്ചു കൊഴുത്ത പരുക്കനായ കുതിരപ്പുറത്തു കയറി. അയാളുടെ കട്ടിയുള്ള കഴുത്ത് ഷേവ് ചെയ്തതും, മൂക്കിന്മേൽ വെക്കുന്ന കണ്ണടയുടെ മുകളിലൂടെ കാണുന്ന പുരികങ്ങൾ ചുളിഞ്ഞു കിടക്കുന്നവയുമായിരുന്നു. കൈയിൽ ഓരോ ബ്രീഫ്കേസുമായി താടികൾ ഉയർത്തിയും കൺപോളകൾ താഴ്ത്തിയും പിടിച്ച്, നാല് മെലിഞ്ഞ ലെഫ്റ്റനന്റുകൾ ഒരു കാറിൽ നിന്നുമിറങ്ങി. ശേഷം, കോവർ കഴുതകൾ, പുല്ല് ഭാണ്ഡങ്ങൾ, കൂടാരങ്ങൾ, പാചകോപകരണങ്ങൾ, ക്യാമ്പ് റേഡിയോ, സിഗ്നലിംഗ് പതാകകൾ തുടങ്ങിയവയുമായി പട്ടാളക്കാരുടെ ഒരു സൈന്യവ്യൂഹം ആ പഴയ മുറ്റത്ത് വന്ന് തമ്പടിച്ചു.

‘ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വലിയ തോതിലുള്ള സൈനികാഭ്യാസ പ്രകടനങ്ങൾ കാരണമായി പ്രവേശനം നിരോധിച്ചിരിക്കുന്നു’ എന്ന അറിയിപ്പോടു കൂടെ വാതിലുകൾക്കരികിൽ കാവൽ ഭടന്മാരെ നിയോഗിച്ചു. നടന്നുകൊണ്ടിരുന്ന അന്വേഷണത്തിന് തീവ്ര രഹസ്യ സ്വഭാവം ലഭിക്കാനുള്ള ഉപാധിയായിരുന്നുവത്. തണുത്ത് വിറങ്ങലിക്കാതിരിക്കാൻ വേണ്ടി ഭാരമേറിയ കോട്ടുകളും, സ്കാർഫുകളും ധരിച്ച് എന്നും രാവിലെ ഗ്രന്ഥശാലയിൽ പോയിരുന്ന പണ്ഡിതന്മാർക്ക് തിരികെ വീണ്ടും വീടുകളിലേക്ക് തന്നെ പോകേണ്ടിവന്നു. ലൈബ്രറിയിലെന്താണ് ഇത്ര വലിയ പട്ടാള പ്രകടനം? അവരീ സ്ഥലം മൊത്തം കുട്ടിച്ചോറാക്കില്ലേ? കുതിരപ്പടയൊക്കെ എന്തിനാ? അവർ വെടിവെപ്പും നടത്തുമോ? ആശയക്കുഴപ്പത്തിലായ അവർ പരസ്പരം ചോദിച്ചു.

പുസ്‌തകങ്ങൾ എങ്ങനെയാണ് ക്രമീകരിച്ചു വെച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു കൊടുക്കാനായി ലൈബ്രറി സ്റ്റാഫിൽ പെട്ട സിഗ്നർ ക്രിസ്പിനോ എന്ന ഒരു കുറിയ വൃദ്ധനെ മാത്രം അവർ അവരുടെ കൂടെ നിർത്തി. കഷണ്ടിയും, മുട്ട മാതിരിയുള്ള മൂർദ്ധാവും, കണ്ണടയുടെ പിന്നിൽ സൂചിമുന പോലെയുള്ള കണ്ണുകളുമുള്ള ഉയരം കുറഞ്ഞ ഒരാളായിരുന്നു അയാൾ.

പ്രഥമവും പ്രധാനവുമായി സൈനിക മുന്നേറ്റത്തിലെ സൈനിക വിന്യാസ ശാസ്ത്രത്തിൽ ജനറൽ ഫെദിന ശ്രദ്ധാലുവായിരുന്നു. അവരുടെ അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് ലൈബ്രറിയിൽ നിന്നും കമ്മീഷൻ പുറത്ത് പോകരുതെന്ന് പറയുന്നവയായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവുകൾ. ഏകാഗ്രത ആവശ്യമായ ഒരു ജോലിയായിരുന്നു അത്. അശ്രദ്ധരാവാതിരിക്കാനും അവർ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. അതിനുവേണ്ടി സാമഗ്രികൾ ഓരോ ഇടത്തായി വെക്കേണ്ടതുമുണ്ടായിരുന്നു. പട്ടാളത്താവളത്തിലെ ചില അടുപ്പുകളും വിറകു കെട്ടും വിരസമെന്നു തോന്നിക്കുന്ന പഴയ ചില മാസികകളുടെ കൂടെ വെച്ചു. ശീതകാലത്ത് ലൈബ്രറിയിൽ അത്രയും ചൂട് മുമ്പുണ്ടായിട്ടില്ല. എലിക്കെണികളാൽ ചുറ്റപ്പെട്ട സുരക്ഷിതമായ സ്ഥലങ്ങളിൽ ജനറലിനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള വൈക്കോൽ കിടക്കകൾ സ്ഥാപിച്ചു.

തുടർന്ന് ചുമതലകൾ ഏൽപ്പിച്ചു കൊടുത്തു. ഓരോ ലെഫ്റ്റനന്റിനും ചരിത്രത്തിന്റെ ഒരു പ്രത്യേക നൂറ്റാണ്ടിലെ ഒരു പ്രത്യേക വിജ്ഞാന ശാഖ നിർണയിച്ചു നൽകി. വാള്യങ്ങൾ വേർതിരിക്കുന്നതിനും പുസ്തകങ്ങളിൽ അനുയോജ്യമായ റബർ സ്റ്റാമ്പുകൾ ഒട്ടിക്കുന്നതിനും ജനറലായിരുന്നു മേൽനോട്ടം വഹിക്കേണ്ടിയിരുന്നത്. ഒരു പുസ്തകം ഉദ്യോഗസ്ഥർക്കാണോ, എൻസിഓകൾക്കാണോ, സാധാരണ സൈനികർക്കാണോ അതോ സൈനിക കോടതിയിൽ റിപ്പോർട്ട് ചെയ്യാനാണോ യോജിച്ചത് എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാമ്പുകൾ ഒട്ടിച്ചിരുന്നത്.

കമ്മീഷൻ അവരുടെ നിയുക്ത ചുമതല ആരംഭിച്ചു. എല്ലാ വൈകുന്നേരവും ജനറൽ ഫെദിനയുടെ റിപ്പോർട്ട് ക്യാമ്പ് റേഡിയോ ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൈമാറി. ‘ഇത്രയും പുസ്തകങ്ങൾ പരിശോധിച്ചു. ഇത്രയും പുസ്തകങ്ങൾ സംശയാസ്പദമായി കണ്ടുകെട്ടി. ഈ പുസ്തകങ്ങൾ ഉദ്യോഗസ്ഥർക്കും പട്ടാളക്കാർക്കും അനുയോജ്യമെന്ന് പ്രഖ്യാപിച്ചു.’ ഇത്തരം തണുത്ത വാർത്തകളോടു കൂടെ അപൂർവ്വമായി മാത്രമേ അസ്വാഭാവികമായ വല്ലതും ഉണ്ടായിരുന്നുള്ളൂ: കാഴ്ചക്കുറവുള്ള ഒരു ഉദ്യോഗസ്ഥന്റെ കണ്ണട പൊട്ടിപ്പോയതിനാൽ അയാൾക്ക് പുതിയ ഒരു ജോടി കണ്ണട വേണമെന്ന അഭ്യർത്ഥനയും, സിസറോയുടെ ഒരു അപൂർവ കൈയെഴുത്തു പ്രതി ഒരു കോവർകഴുത തിന്ന വാർത്തയും ആരും ശ്രദ്ധിച്ചില്ല.

എന്നാൽ കൂടുതൽ വലിയ ഇറക്കുമതികൾ നടന്നുകൊണ്ടിരുന്നു. അതിനെക്കുറിച്ച് ക്യാമ്പ് റേഡിയോ ഒരു വാർത്തയും അയച്ചില്ല. മെലിയുന്നതിനുപകരം, പുസ്തകങ്ങളുടെ കാട് കൂടുതൽ വഞ്ചകമായും സങ്കീർണമായും വളരുന്നതായി തോന്നിച്ചു. സിഗ്നർ ക്രിസ്പിനോയുടെ സഹായം ഇല്ലായിരുന്നുവെങ്കിൽ ഉദ്യോഗസ്ഥർക്ക് അവരുടെ വഴി തെറ്റിയേനെ. ഉദാഹരണത്തിന്, ലെഫ്റ്റനന്റ് അബോഗാട്ടി ചാടിയെഴുന്നേറ്റ്, താൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു: ‘എന്ത് വൃത്തികേടാണിത്! പ്യൂണിക് യുദ്ധങ്ങളെക്കുറിച്ചുള്ള പുസ്തകത്തിൽ കാർത്തജീനിയക്കാരെ നന്നാക്കുകയും റോമാക്കാരെ വിമർശിക്കുകയും ചെയ്യുന്നു! ഇത് റിപ്പോർട്ട് ചെയ്തിട്ടു തന്നെ കാര്യം!’ (ശരിയോ തെറ്റോ ആകട്ടെ, ഇവിടെയിത് പറയാതിരിക്കാനാവില്ല. പാണ്ഡൂറിയക്കാർ തങ്ങളെത്തന്നെ പരിഗണിക്കുന്നത് റോമാക്കാരുടെ പിൻഗാമികളായിട്ടാണ്.) മൃദുവായ ചെരിപ്പുകളിൽ നിശബ്ദമായി നടന്നുകൊണ്ട് പഴയ ലൈബ്രേറിയൻ അവന്റെ അടുത്തേക്ക് ചെന്നു. ‘അത് ഒന്നുമല്ല,’ അയാൾ പറഞ്ഞു, ‘അതിലെന്താണ് പറയുന്നതെന്ന് വായിക്കൂ ഇവിടെ. റോമാക്കാരെ കുറിച്ച് പറഞ്ഞതും വായിക്കൂ. നിങ്ങളുടെ റിപ്പോർട്ടിലും ഇത് ഉൾപ്പെടുത്താം. ദാ ഇതും ഇതുമൊക്കെ വായിക്ക്.’ അയാൾ അവന് ഒരു കൂട്ടം പുസ്തകങ്ങൾ സമ്മാനിച്ചു. ലെഫ്റ്റനന്റ് പരിഭ്രാന്തനായി അവയിലൂടെ കടന്നുപോയി. ശേഷം, താൽപ്പര്യം തോന്നി അവൻ പലതും വായിക്കാനും കുറിപ്പുകൾ എഴുതിയെടുക്കാനും തുടങ്ങി. അവൻ തല ചൊറിഞ്ഞുകൊണ്ട് പിറുപിറുത്തു: ‘പണ്ടാരം! നിങ്ങളീ വായിക്കുന്ന കാര്യങ്ങൾ! ആരാണ് എപ്പോഴെങ്കിലും ഇതൊക്കെ ചിന്തിച്ചിട്ടുണ്ടാവുക!’ സിഗ്നർ ക്രിസ്പിനോ ലെഫ്റ്റനന്റ് ലുച്ചെറ്റിയെ സൂക്ഷ്മമായി ശ്രദ്ധിച്ചു. അയാൾ രോഷത്തോടെ ഒരു ഗ്രന്ഥം അടച്ചു വെച്ചുകൊണ്ട് പ്രഖ്യാപിച്ചു: ‘ഇത് നല്ല കാര്യമാണ്! കുരിശു യുദ്ധങ്ങളെ പ്രചോദിപ്പിച്ച ആദർശങ്ങളുടെ പരിശുദ്ധിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കാൻ ഈ ആളുകൾക്ക് ധൈര്യമുണ്ട്! അതെ, കുരിശു യുദ്ധങ്ങൾ!’ സിഗ്നർ ക്രിസ്പിനോ ഒരു പുഞ്ചിരിയോടെ പറഞ്ഞു: ‘ഓ. ആ വിഷയത്തിൽ നിങ്ങൾക്കൊരു റിപ്പോർട്ട് തയാറാക്കണമെങ്കിൽ, കുറച്ചു കൂടി വിശദാംശങ്ങൾ നൽകാൻ കഴിയുന്ന മറ്റ് ചില പുസ്തകങ്ങൾ കൂടെ ഞാൻ നിർദേശിക്കാം.’ അയാൾ പകുതി നിറഞ്ഞ ഒരു ഷെൽഫ് പുറത്തേക്കു വലിച്ചു. മുന്നോട്ട് കുനിഞ്ഞു നിന്ന് ലെഫ്റ്റനന്റ് ലുച്ചെറ്റി എന്തിലോ ഒന്ന് ഉടക്കി നിന്നു. ഒരാഴ്ചയോളം അയാൾ പേജുകളിലൂടെ മിന്നിമറയുന്നതും പിറുപിറുക്കുന്നതും നിങ്ങൾക്ക് കേൾക്കാമായിരുന്നു: ‘ഞാൻ പറയുമ്പോൾ, ഈ കുരിശു യുദ്ധങ്ങൾ വളരെ നല്ലതാണ്!’

കമ്മീഷൻ്റെ സായാഹ്ന റിപ്പോർട്ടിൽ, പരിശോധിച്ച പുസ്തകങ്ങളുടെ എണ്ണം വലുതായി വലുതായി വന്നു. പക്ഷേ, അവ അനുകൂലമായവയാണോ പ്രതികൂലമായവയാണോ എന്ന് വിധിച്ചു കൊണ്ടുള്ള കണക്കുകൾ അവർ പിന്നീട് നൽകിയില്ല. ജനറൽ ഫെദിനയുടെ റബ്ബർ സ്റ്റാമ്പുകൾ വെറുതെ കിടന്നു. ഒരു ലെഫ്റ്റനന്റിൻ്റെ ജോലി എങ്ങനെയുണ്ടെന്ന് പരിശോധിക്കാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു, “ഈ നോവൽ എന്തടിസ്ഥാനത്തിലാണ് നിങ്ങൾ പാസാക്കിയത്? ഉദ്യോഗസ്ഥരേക്കാൾ വലിയ ആൾക്കാരാവുകയാണല്ലോ സൈനികർ! ഈ രചയിതാവിന് ഹയറാർക്കിയോട് യാതൊരു ബഹുമാനവുമില്ല!” ചരിത്രപരവും ദാർശനികവും സാമ്പത്തികവുമായ കാര്യങ്ങൾ കൂട്ടിക്കുഴച്ച് മറ്റ് രചയിതാക്കളെ ഉദ്ധരിച്ചുകൊണ്ട് ആ ലെഫ്റ്റനന്റിന് ഉത്തരം നൽകാമായിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന തുറന്ന ചർച്ചകൾക്ക് അത് വഴിവെച്ചു. ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയത്തെക്കുറിച്ച് രസകരമായ വിവരങ്ങൾ പങ്കുവെക്കുന്ന ചില പുസ്തകങ്ങളും പൊക്കിപ്പിടിച്ച്, എല്ലായ്പ്പോഴും കൃത്യ സമയത്താണ് സിഗ്നർ ക്രിസ്പിനോ പ്രത്യക്ഷപ്പെടുക. അവകളെപ്പോഴും ജനറൽ ഫെദിനയുടെ ദൃഢവിശ്വാസങ്ങളെ പൂർണ്ണമായും അട്ടിമറിക്കുന്നവയായിരിക്കും. അയാൾ ചെരിപ്പിട്ട് നിശബ്ദമായാണ് നടക്കുക. ചാരനിറത്തിലുള്ള ഷർട്ട് ധരിക്കുമ്പോൾ അയാൾ ഏതാണ്ട് അദൃശ്യനായിരുന്നു.

ഇതിനിടയിൽ, പട്ടാളക്കാർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവർക്കാകെ മടുത്തിരുന്നു. അവരിലൊരാളും വിദ്യാസമ്പന്നനുമായ ബരാബസ്സോ, ഓഫീസർമാരോട് വായിക്കാൻ ഒരു പുസ്തകം ആവശ്യപ്പെട്ടു. സൈന്യത്തിന് അനുയോജ്യമെന്ന് അതിനകം പ്രഖ്യാപിച്ചിരുന്ന ഏതാനും ചില ബുക്കുകളിൽ നിന്നും ഒന്ന് അദ്ദേഹത്തിന് നൽകാൻ അവർ ആദ്യം ആഗ്രഹിച്ചു. പക്ഷേ, ഇനിയും പരിശോധിക്കാനുണ്ടായിരുന്ന ആയിരക്കണക്കിന് വാല്യങ്ങളെ കുറിച്ചോർത്തിട്ട്, സാധാരണ സൈനികനായ ബരാബസ്സോയുടെ വായനാ സമയം ഡ്യൂട്ടിയുടെ കാരണത്താൽ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ജനറലിന് ചിന്തിക്കാൻ മനസ്സില്ലായിരുന്നു. ഒടുവിൽ, സിഗ്നർ ക്രിസ്പിനോ നിർദ്ദേശിച്ച വളരെ എളുപ്പമുള്ള പരിശോധിച്ചിട്ടില്ലായിരുന്ന ഒരു നോവൽ അദ്ദേഹം അയാൾക്ക് നൽകി. പുസ്തകം വായിച്ച ശേഷം ബരാബസ്സോ ജനറലിന് റിപ്പോർട്ട് സമർപ്പിക്കണമായിരുന്നു. മറ്റു സൈനികരും സമാനമായ ചുമതല നിർവഹിക്കാൻ ആവശ്യപ്പെട്ടിരുന്നു. വായിക്കാനറിയാത്ത ഒരു സൈനികനെ സൈനികൻ ടോമസോൺ ഉറക്കെ വായിച്ചു കേൾപ്പിക്കുകയും ആ മനുഷ്യൻ അയാളുടെ അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. തുറന്ന ചർച്ചകൾക്കിടയിൽ സൈനികരും ഉദ്യോഗസ്ഥർക്കൊപ്പം പങ്കെടുക്കാൻ തുടങ്ങി.

കമ്മീഷന്റെ പ്രവർത്തനത്തിന്റെ പുരോഗതിയെക്കുറിച്ച് കൂടുതലൊന്നും അറിയപ്പെട്ടില്ല. നീണ്ട ശൈത്യകാല വാരങ്ങളിൽ ലൈബ്രറിയിലെന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ജനറൽ സ്റ്റാഫ് ഹെഡ്ക്വാർട്ടേഴ്സിലേക്കുള്ള ജനറൽ ഫെദിനയുടെ റേഡിയോ റിപ്പോർട്ടുകൾ കൂടുതൽ അപൂർവ്വമായിത്തീരുകയും പിന്നീടവ പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു എന്നു മാത്രമേ ഞങ്ങൾക്കറിയാമായിരുന്നുള്ളൂ. ചീഫ് സ്റ്റാഫിന് ഒരുങ്ങിത്തയ്യാറാകാനുള്ള കൽപ്പന വന്നു. തുടർന്ന്, അന്വേഷണം എത്രയും വേഗം അവസാനിപ്പിക്കാനും പൂർണ്ണവും വിശദവുമായ റിപ്പോർട്ട് സമർപ്പിക്കുവാനും അദ്ദേഹം ഉത്തരവിട്ടു.

ലൈബ്രറിയിൽ, ഫെദിനയുടെയും കൂട്ടരുടെയും മനസ്സ് പരസ്പര വിരുദ്ധമായ വികാരങ്ങൾക്ക് ഇരയാകുന്നുണ്ടായിരുന്നു: ഒരു വശത്ത്, അവർ സന്തോഷം കണ്ടെത്താനുള്ള പുതിയ താൽപര്യങ്ങളെ നിരന്തരം കണ്ടെത്തുകയും, സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രൂപത്തിൽ അവരുടെ വായനയും പഠനവും അവർ ആസ്വദിക്കുകയും ചെയ്തു. മറുവശത്ത്, ജീവിതം വീണ്ടും കെട്ടിപ്പടുക്കാൻ അവർക്ക് വീണ്ടും ലോകത്തിലേക്ക് തന്നെ മടങ്ങിവരാൻ തിടുക്കമുണ്ടായിരുന്നു. അവരുടെ കൺമുമ്പിൽ പുതുക്കപ്പെട്ടതുപോലെ ആണെങ്കിൽ കൂടിയും, ഇപ്പോൾ ആ ലോകവും ജീവിതവും വളരെ സങ്കീർണ്ണമായിട്ടാണ് കാണപ്പെടുന്നത്. മറ്റൊരു വശത്ത്, ലൈബ്രറിയിൽ നിന്നും പുറത്തു പോകേണ്ട ദിവസം അതിവേഗം ആസന്നമായത് അവരെ ആശങ്കയിലാഴ്ത്തി. കാരണം അവരുടെ ദൗത്യത്തെക്കുറിച്ച് അവർക്ക് വിശദീകരണം നൽകേണ്ടി വരും. അവരുടെ തലയിൽ ഓരോ കാര്യങ്ങൾ കിടന്ന് എരിപിരി കൊള്ളാൻ തുടങ്ങി. ആ ഇടുങ്ങിയ മൂലയിൽ നിന്നും എങ്ങനെയാണ് രക്ഷപ്പെടേണ്ടതെന്ന് അവർക്കറിയില്ലായിരുന്നു.

സൂര്യാസ്തമയത്തിൽ തിളങ്ങുന്ന ചില്ലകളിലെ ആദ്യ മുകുളങ്ങളിലേക്കും നഗരത്തിലെ വിളക്കുകളിലേക്കും വൈകുന്നേരങ്ങളിൽ അവർ ജനാലകളിലൂടെ പുറത്തേക്കു നോക്കും. അപ്പോൾ അവരിലൊരാൾ ഉറക്കെ കവിതകൾ വായിക്കുന്നുണ്ടാകും. അവർക്കൊപ്പമായിരുന്നില്ല, ഫെദിന ഉണ്ടായിരുന്നത്. തൻ്റെ മേശപ്പുറത്ത് തനിച്ചിരുന്ന് അന്തിമ രേഖ തയ്യാറാക്കാൻ അയാൾ കല്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇടയ്ക്കിടെ ബെൽ മുഴങ്ങിക്കൊണ്ടിരുന്നു. “ക്രിസ്പിനോ! ക്രിസ്പിനോ!” എന്നയാൾ വിളിക്കുന്നത് മറ്റുള്ളവർക്ക് കേൾക്കാമായിരുന്നു. പഴയ ലൈബ്രേറിയന്റെ സഹായമില്ലാതെ അയാൾക്ക് എവിടെയുമെത്താൻ കഴിയുമായിരുന്നില്ല. ഒടുവിൽ, അവർ ഒരേ മേശയിലിരുന്ന് റിപ്പോർട്ട് തയ്യാറാക്കാൻ ആരംഭിച്ചു.

ഒടുവിലൊരു സുപ്രഭാതത്തിൽ കമ്മീഷൻ ലൈബ്രറി ഒഴിഞ്ഞ്, റിപ്പോർട്ട് സമർപ്പിക്കാനായി ചീഫ് സ്റ്റാഫിനടുത്തേക്ക് പോയി. ജനറൽ സ്റ്റാഫിന്റെ ഒരു അസംബ്ലി മുമ്പാകെ ഫെദിന അന്വേഷണ കണ്ടെത്തലുകൾ സ്പഷ്ടമായി വിവരിച്ചു കൊടുത്തു. അയാളുടെ പ്രസംഗം മനുഷ്യ ചരിത്രത്തിന്റെ ഉത്ഭവം മുതൽ ഇന്നുവരെയുള്ളതിൻ്റെ ഒരു സംഗ്രഹമായിരുന്നു. പാണ്ഡൂറിയയിലെ വലതുപക്ഷ ചിന്താഗതിക്കാരായ സമൂഹം ഒരു ചർച്ചകൾക്കതീതമായി പരിഗണിച്ചു വന്നിരുന്ന ആശയങ്ങളെയെല്ലാം വിമർശിച്ചുകൊണ്ടുള്ള ഒരു സംഗ്രഹമായിരുന്നവത്. അതിൽ, രാജ്യത്തിന്റെ ദൗർഭാഗ്യങ്ങളുടെ ഉത്തരവാദികളായി ഭരണവർഗങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. തെറ്റായ നയങ്ങളുടെയും അനാവശ്യ യുദ്ധങ്ങളുടെയും വീരരായ ഇരകളായി ജനങ്ങൾ ഉയർത്തപ്പെടുകയും ചെയ്തു. ലളിതവും പരസ്പര വിരുദ്ധവുമായ പല പ്രഖ്യാപനങ്ങളും ഉൾക്കൊണ്ടുള്ള ആശയക്കുഴപ്പത്തിലായ ഒരു അവതരണമായിരുന്നുവത്. ഈയിടെയായി മാത്രം നവീനമായ ആശയങ്ങൾ സ്വീകരിച്ച മനുഷ്യർക്ക് സംഭവിക്കാവുന്നതാണത്. എന്നാൽ, മൊത്തത്തിലുള്ള അർത്ഥം നോക്കുമ്പോൾ യാതൊരു വിധ സംശയങ്ങളുമുണ്ടായിരുന്നില്ല താനും. ജനറലുകളുടെ സമ്മേളനം സ്തംഭിച്ചു നിന്നു. അവരുടെ കണ്ണു തള്ളിപ്പോയി. തുടർന്ന് അവർ ആർത്ത് നിലവിളിക്കാൻ തുടങ്ങി. ജനറൽ ഫെദിനയെ പൂർത്തിയാക്കാൻ പോലും അവരനുവദിച്ചില്ല. പട്ടാളനിയമങ്ങൾ ലംഘിച്ച സൈനികന്റെ മേലുള്ള വിചാരണയെ കുറിച്ച്, അദ്ദേഹത്തെ റാങ്കിലേക്ക് ചുരുക്കിയതിനെക്കുറിച്ചായിരുന്നു അവിടെ സംസാരം. തുടർന്ന്, കൂടുതൽ ഗുരുതരമായ ഒരു മാനഹാനി ഉണ്ടാകുമെന്ന് ഭയന്ന്, ‘ഡ്യൂട്ടിക്കിടെ ഉണ്ടായ ഗുരുതരമായ നാഡീ തകരാറിന്റെ’ ഭാഗമായി, ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് ജനറലിനേയും നാല് ലെഫ്റ്റനന്റുകളേയും പെൻഷൻ നൽകി ജോലിയിൽ നിന്നും പിരിച്ചു വിട്ടു. തണുത്ത് മരവിക്കുന്നതിനെ ഭയന്ന്, ഭാരമേറിയ കോട്ടുകളും കട്ടിയേറിയ സ്വെറ്ററുകളുമടങ്ങുന്ന സിവിലിയൻ വസ്ത്രങ്ങൾ ധരിച്ച് അവർ പലപ്പോഴും പഴയ ലൈബ്രറിയിലേക്ക് പോകുന്നത് കാണാമായിരുന്നു. അവിടെ സിഗ്നർ ക്രിസ്പിനോ തന്റെ പുസ്തകങ്ങളുമായി അവരെ കാത്തിരിക്കുമായിരുന്നു.


വിവർത്തനം: ശിബിലി അബ്ദുസ്സലാം
Featured Image : Aris Sfakianakis

Comments are closed.