മുസ്‌ലിം ജീവിത പരിസരത്തിൽ ഏറ്റവും പ്രാധാന്യമുള്ള ശബ്ദ സാന്നിധ്യങ്ങളിലൊന്നാണ് ബാങ്ക്. അദാൻ എന്ന അറബിക് പദത്തിന് വിളംബരം ചെയ്യുക, അറിയിക്കുക എന്നെല്ലാമാണ്  അര്‍ത്ഥം. നമസ്ക്കാര സമയം അറിയിക്കുന്നതിനാണ് ബാങ്ക് പ്രധാനമായും ഉപയോഗിക്കുന്നത്. മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത് രണ്ട് വർഷം കഴിഞ്ഞാണ് ബാങ്ക് വിളിച്ച് നമസ്‌കാരസമയം അറിയിക്കുന്ന സമ്പ്രദായം ആരംഭിച്ചത്.

 

ബാങ്കിന്റെ പാദങ്ങളും അര്‍ത്ഥവും

അല്ലാഹു അക്ബർ അല്ലാഹു അക്ബർ : അല്ലാഹുവാണ് ഏറ്റവും വലിയവൻ
അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്:  അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു
അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്:  മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു
ഹയ്യ അലസ്സലാത്ത്: നമസ്ക്കാരത്തിലേക്കു വരൂ
ഹയ്യ അലൽ ഫലാഹ്: വിജയത്തിലേക്ക് വരൂ
അല്ലാഹു അക്ബർ അല്ലാഹു അക്ബർ: അല്ലാഹുവാണ് ഏറ്റവും വലിയവൻ അല്ലാഹുവാണ് ഏറ്റവും വലിയവൻ
ലാ ഇലാഹ ഇല്ലല്ലാ: അല്ലാഹു അല്ലാതെ ഒരു ദൈവമില്ല

ഇതോടൊപ്പം സുബ്ഹി (പ്രഭാതം) ബാങ്കിൽ അസ്സലാത്തു ഖയ്റും മിനനൗം: ഉറക്കത്തേക്കാൾ ശ്രേഷ്ഠമാണ് നമസ്ക്കാരം  എന്നും ചേർക്കാറുണ്ട്.

സ്ഥലങ്ങൾക്കും സമയങ്ങൾക്കും അനുസരിച്ച് ബാങ്കിന്റെ ശബ്ദ വിന്യാസത്തിൽ വൈവിധ്യങ്ങൾ നിലനിൽക്കുന്നുണ്ട്

 

അതോടൊപ്പം മാലികി കർമ്മ ശാസ്ത്രപ്രകാരം ബാങ്കിൽ ചെറിയ വ്യത്യാസങ്ങളുണ്ട്

 

ശിയാക്കളുടെ ബാങ്കിൽ അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ് എന്നതിൻ ശേഷം അശ്ഹദു അന്ന അലിയ്യൻ വലിയ്യുല്ല എന്ന് ചേർക്കാറുണ്ട്.

ലോകത്തെല്ലായിടത്തും ബാങ്ക് വിളിക്കുന്നത് പൊതുവെ അറബിയിലാണ്. മുസ്തഫ കമാൽ പാഷ തുർക്കിയിൽ  ബാങ്ക് വിളിക്കുന്ന പ്രാദേശിക ഭാഷയിലായിരിക്കണം എന്ന തീരുമാനം കൊണ്ടുവന്നിരുന്നു. ഇത് 1932 മുതൽ 1950 വരെ തുടർന്നു.  ബാങ്കിലെ അല്ലാഹു അക്ബർ എന്ന തക്ബീറിലെ അല്ലാഹ് എന്നതിന് പകരം തുർക്കിഷ് ഭാഷയിൽ ദൈവം എന്നർത്ഥം വരുന്ന തൻർ (Tanrı) എന്നാക്കി മാറ്റുകയാണ് അത്താതുർക്ക് ചെയ്തത്.

 

Write A Comment